Showing posts with label ആര്യാഗോപി. Show all posts
Showing posts with label ആര്യാഗോപി. Show all posts

Saturday, July 29, 2017

മരച്ചക്രം/ ആര്യാഗോപി


മഴമുടിയഴിച്ചിടം
തെളിവെയിലൊളിച്ചിടം
കരിയില തുവര്‍ത്തിയി-
ട്ടകംപുറം വകഞ്ഞിടം .
ചിരിത്തെന്നല്‍ പടര്‍ന്നിടം
വഴിത്തെയ്യം വരും മുമ്പേ
വെളിച്ചവുമിരുട്ടും ചേര്‍-
ന്നൊളിച്ചോട്ടം പഠിച്ചിടം .
മണല്‍ചിത്രം വരച്ചിടം
മുകില്‍ചോര തെറിച്ചിടം
മരംകോച്ചും തണുപ്പത്തു
വിരല്‍പത്തും വിറച്ചിടം .
ഉടല്‍കൊത്തി വലിച്ചിടം
ഉളിപ്പല്ലാല്‍ മുറിച്ചിടം
നിറംതേച്ച നിരത്തിന്മേല്‍
കരിങ്കോലം നിരന്നിടം .
കടിച്ചൂറ്റിക്കളഞ്ഞിടം
വിഴുപ്പെല്ലാമെറിഞ്ഞിടം
വിളക്കിന്മേല്‍ കുടം താഴ്ത്തി
കുലം പാടിപ്പൊലിച്ചിടം .
തലത്തൂവല്‍ വിരിഞ്ഞിടം
കഴുത്താഴം മുറിഞ്ഞിടം
കലക്കപ്പെയ്ത്തിരച്ചേറി
കിടക്കാടം മറഞ്ഞിടം .
മരച്ചക്രം ചിലന്തിക്കായ്
വലനെയ്തു പുലര്‍ന്നിടം
മരിച്ചില്ലെന്നുറപ്പിക്കാ-
നുറക്കപ്പിച്ചുരച്ചിടം !
എനിക്കും താ വിരല്‍തുമ്പി-
ലൊരു നൂല്‍ത്തുമ്പിഴ ചേര്‍ത്തു
കറക്കട്ടെ മരച്ചക്രം
മരിച്ചിട്ടില്ലിതേവരെ !
-------------------------------------------------

Friday, January 27, 2017

മുറിയാത്ത യാത്രകള്‍ / ആര്യാഗോപി


കരിഞ്ചാത്തിക്കൊടുങ്കാറ്റ്
കരള്‍ക്കൊത്തിപ്പറിക്കുന്ന
കരിക്കാലത്തുടയോന്റെ
കരിനാക്കില്‍ വിറകൊള്ളു-
ന്നുടയാത്ത പാപവാക്യം.
കരിന്തേളിന്‍ വിഷക്കുത്തി-
ലുണരാത്ത വേദപാഠം
കരിങ്കണ്ണാലുഴിയാത്തൊ-
രുയിരാര്‍ന്ന ഭേദമന്ത്രം.
കരിങ്കാട്ടിലലഞ്ഞേറെ-
ക്കടമ്പകള്‍ കടക്കാതെ
തലവരച്ചുരുള്‍ നീക്കി
പരമാര്‍ത്ഥം തെരയാതെ
കരിമണ്ണിന്‍ കലത്തിലെ
ചുഴിനീന്തി കടക്കാതെ
അടിമപ്പൊയ്മുഖം കോട്ടി
ചിരിതുപ്പിച്ചോരയൊപ്പി
കരിങ്കാലിന്‍ പെരുംമന്തിന്‍
പഴുത്തിറ്റും വ്രണപ്പാട്
പലവട്ടം പൊതിഞ്ഞേറെ-
പ്പരിമളം തളിച്ചിട്ടും
പരിഭ്രമപ്പാമരന്റെ
പുറംപൂച്ചിന്‍ മിനുക്കത്തില്‍
കടംകൊണ്ട പടവാളിന്‍
തിളക്കത്തില്‍,
 നിലപാടിന്‍ പ്രവചനം
പിഴച്ചുവോ? ഫലിച്ചുവോ?
വഴിതെറ്റിപ്പലവട്ടം
മുറിഞ്ഞയാത്രകള്‍ക്കിനി
കുഴല്‍വിളിപ്പെരുമ്പറയ്ക്ക-
കമ്പടി ക്ഷണിയ്ക്കായ്ക !!
--------------------------------------------

Saturday, September 3, 2016

മരിച്ചവന്‍റെ മതം / ആര്യാഗോപി



മരിച്ചവന് മതത്തിന്‍റെ
വേദപുസ്തകം വേണ്ട
ഓത്തും ഓശാനയും വേണ്ട
കുര്‍ബാനയും
കുമ്പസാരവും വേണ്ട
കൂത്തും കുരവയും വേണ്ട
കരിനാവുകളുടെ
സാരോപദേശങ്ങള്‍
എന്തായാലും
മരിച്ചവന് കേള്‍ക്കാനാകില്ല
അത്യാഹിതത്തെ
പ്രദക്ഷിണം ചെയ്യാന്‍
മരിച്ചവന്‍ ഏതായാലും
മടങ്ങിവരാന്‍ പോകുന്നില്ല
വിചിത്രമായ ആചാരങ്ങളും
വികലമായ മുദ്രാവാക്യങ്ങളും
മരിച്ചവന്‍
ഉപേക്ഷിച്ചതാണ്
അവതാരങ്ങളും
ആള്‍ദൈവങ്ങളും
മരിച്ചവന്‍റെ
ദേശത്തിന്
അതിരുകള്‍ നിശ്ചയിക്കില്ല
ഭജനം പാര്‍ക്കാനോ
പാപനാശിനിയില്‍
മുങ്ങിനിവരാനോ
മരിച്ചവന്‍
വരികയില്ല
കവടിയും കാവടിയുമെടുത്ത്
കൊന്തയും കുരിശുമേന്തി
വാളും ശൂലവുമോങ്ങി
ചോര കുടിക്കാന്‍ തുടങ്ങിയിട്ട്
എത്ര കാലമായി?
അതിനാല്‍
അന്ത്യാഭിലാഷം ഇത്രമാത്രം
മരിച്ചവന്‍റെ മരിക്കാത്ത
പുസ്തകത്തിന്
മതത്തിന്‍റെ പുറംചട്ടയിടരുത്
കണ്ണുകളില്‍
കരിമ്പടം പുതയ്ക്കരുത്.
----------------------------------