Showing posts with label റീമ അജോയ്‌. Show all posts
Showing posts with label റീമ അജോയ്‌. Show all posts

Tuesday, March 29, 2016

ഒരു നാലുവരി കവിത / റീമ അജോയ്‌


ക്ഷമിക്കണം,
ആദ്യത്തെ വരിക്ക്
മറ്റുള്ളവയെ അപേക്ഷിച്ച്
നീളമല്‍പ്പം കൂടുതലാണ്.
അതിൽ,
ഒറ്റപ്പെട്ടയൊരു കുന്നിൽമേൽ
ഒറ്റയ്ക്ക് നിന്ന്
നിന്റെ പേര്
നീട്ടി വിളിക്കയാണ് ഞാൻ,
നീയപ്പോൾ ഏതോ നാട്ടിലിരുന്നു
കാറ്റിനെ കേൾക്കുകയും
ഇലയോടൊപ്പം അനങ്ങുകയുമാണ്,
എന്റെ വിളി
നിന്റെ കാതിൽ എത്തിയാൽ ,
കാറ്റ് മൂളൽ നിർത്തുകയും
ഇല അനക്കം നിർത്തുകയും ചെയ്തേക്കാം,
നീ പക്ഷേ അനങ്ങി കൊണ്ടേയിരിക്കണം,
എന്റെ വിളിയ്ക്ക്-
കനം വെച്ചു തുടങ്ങുമ്പോൾ
നീയനക്കം നിർത്തി
ഈ വരിയിൽ നിന്നിറങ്ങി
കുന്നിൻമുകളിലേക്കെത്തണം,
രണ്ടാമത്തെ വരിയിൽ
ഞാനാ കാറ്റിന്റെ കയ്യും കോർത്ത്‌
ഇലയ്ക്കൊപ്പം പറന്നു തുടങ്ങാം.
കാറ്റുമില്ല ഇലയുമില്ല,
കടൽ കണ്ടു
തിരയെണ്ണി നീ തിന്നുന്ന
കപ്പലണ്ടി തോലുകൾ
മാത്രമുള്ള മൂന്നാമത്തെ വരി,
അവിടെയ്ക്കെന്റെ വിളി
ഒരൊറ്റ തിരയുടെ തടവലായി
കടന്നു വരട്ടെ
പിടുത്തം കൊടുക്കാതെ
കരയിലേക്ക് ഓടി കയറുന്ന
കുട്ടിയെ പോലെ നീ
നാലാമത്തെ വരിയിലേക്ക് ഓടി കേറണം ,
അവിടെ നിങ്ങൾ നോക്കി നിൽക്കേ
കാറ്റും ഇലയും കടലുമില്ലാതെ
"എന്റെയാ വിളി"
അവസാനത്തെ വരിയിലെ ഒടുക്കത്തെ ട്വിസ്റ്റിൽ
മരിച്ചു വിറങ്ങലിച്ചു കിടക്കും.
ഒരു കവിതയും സന്തോഷകരമായി
അവസാനിക്കരുതെന്ന്
ഞങ്ങളപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ടേയിരിക്കും ...
-------------------------------------------------------

Tuesday, July 21, 2015

പണ്ട് താമസിച്ച വീട് / റീമ അജോയ്‌

പണ്ട് താമസിച്ച
വീട്ടിലിപ്പോള്‍ മുറികളെല്ലാം
സ്ഥാനം തെറ്റി കിടക്കുന്നു,

ഊണ് മുറിയില്‍
കട്ടിലിന്റെ
ഞെരക്കം കേള്‍ക്കുന്നു,
കിടപ്പ് മുറിയില്‍
വറുത്ത മീന്‍ മണം ഒഴുകുന്നു
കുളിമുറി കോണില്‍
വിറകൂത്തുകുഴലിന്റെ
പാട്ടൊഴുകുന്നു,
അത് കേട്ടു ഇരിപ്പുമുറി
കരിപ്പിടിച്ചുറങ്ങുന്നു,
കയറിയിറങ്ങിയ
മാവും, ചാമ്പയും, പേരയും
മണ്ണിനടിയില്‍ നിന്നെന്റെ
പേര് പറഞ്ഞു കരയുന്നു,
മുന്‍ഭാഗത്തെ പഞ്ചാരമരത്തിന്‍റെ
തുഞ്ചത്തിരുന്നു കൂട്ടുകാരി
പഴം പൊട്ടിച്ച് തിന്നുന്നു
കേറിവായെന്ന് കൈ കാണിക്കുന്നു,
മതിലിനപ്പുറം
ചൂളമടികള്‍ പെരുകുന്നു,
അമ്മ നട്ട ബോഗണ്‍ വില്ല
ആകാശത്തേക്ക്
കണ്ണുയര്‍ത്തി നില്ക്കുന്നു,
ക്രിസ്മസിന്
അപ്പനുണ്ടാക്കിയ പുല്‍ക്കൂട്
പ്പെടുന്നനെ മുന്നില്‍ ഉയര്‍ന്നു വരുന്നു ,
അവിടെയുയര്‍ന്ന കെട്ടിടത്തിന്റെ
മുകളില്‍ എന്നെയും തോളിലെന്തി
എന്റെ വീട് തൊണ്ട പൊട്ടി കൂവുന്നു,
പണ്ട് താമസിച്ച വീട്ടിലിപ്പോള്‍
മുറികള്‍ക്കൊപ്പം ഞാനും
സ്ഥാനം തെറ്റി കിടക്കുന്നു.
-------------------------------------------

Sunday, January 25, 2015

സൈക്കിള്‍ / റീമ അജോയ്‌



അപ്പനൊരു സൈക്കിള്‍ ഉണ്ടായിരുന്നു
എന്നും എണ്ണയിട്ടു മയക്കി,
തൂത്തു തുടച്ചു,
മിനുമിനാന്നു
മിനുക്കി വെച്ചിരുന്നു,
എന്നുമപ്പന്‍ സൈക്കിളും ചവിട്ടി
പണിക്കു പോകുമ്പോള്‍,
സൈക്കിള്‍ ചിറകുള്ള
ഒരു കുതിരയാണെന്ന്,
അപ്പനൊരു പുണ്യാളനാണെന്ന് ,
ഞങ്ങളൊക്കെ രാജാക്കന്മാരാണെന്ന് ,
വെറുതെ
വെറുതെ
കുളിര് കൊണ്ടിരുന്നു.
എന്നും ,
പരിപ്പ് കറി മണവും,
ഉപ്പുമാങ്ങ കനപ്പും,
കുത്തരി ചോറിന്റെ ആവിപ്പും
ഉയര്‍ന്നിരുന്ന കുരിശുവരനേരങ്ങള്‍
കഴിഞ്ഞു കിട്ടാന്‍ ഞങ്ങള്‍ക്കൊരു
കാത്തിരിപ്പുണ്ട്,
ആ നേരങ്ങളിലാണ്,
കള്ളനെ ഓടിച്ചതും ,
അഞ്ചു കണ്ണനെ
രണ്ടു കണ്ണുരുട്ടി പേടിപ്പിച്ചതും ,
കാല് നിലത്തുറയ്ക്കാത്ത
യക്ഷിയെ കണ്ടപ്പോള്‍
ചക്രം നിലത്തു തൊടാതെ പറന്നതുമായ
സൈക്കിള്‍ കഥകളും,
അപ്പനും, ഞങ്ങളും കൂടെ
ഉരുണ്ടു പിരളുക.
പിന്നെയൊരു ദിവസം
സൈക്കിള്‍ ആണോ പെണ്ണോ
എന്നു സംശയപ്പെട്ടിരുന്ന
ഒരു നേരത്താണ്
അതിന്റെ വല്യസീറ്റ്
ഒരു ഉണ്ണി സീറ്റിനെ പെറ്റിട്ടത്,
തീര്‍ന്നൂ....
അതോടെ സൈക്കിള്‍
വളര്‍ന്ന്
വളര്‍ന്ന്
വളര്‍ന്ന്
മാനം മുട്ടുന്ന
രാക്ഷസസൈക്കിള്‍ ആയി,
ഉണ്ണി സീറ്റില്‍ ആദ്യമിരിക്കാന്‍
ഞങ്ങള്‍ തമ്മില്‍ പിച്ചും മാന്തുമായി,
പിച്ചിനും മാന്തിനുമിടെ
ഞങ്ങളും
വളര്‍ന്ന്
വളര്‍ന്ന്
വളര്‍ന്ന്
മാനം മുട്ടുന്ന ഞങ്ങളായി,
അപ്പനിതിനിടെ
പിണങ്ങി ഒരു പോക്ക് പോയി,
പരിപ്പ് കറി മണം ഇല്ലാതായി,
ഉപ്പുമാങ്ങ ഭരണി പൊട്ടി പ്പോയി,
സൈക്കിള്‍ തുരുമ്പിച്ച് മൂലയ്ക്ക് ഇരുപ്പുമായി,
എന്നാലും ഞങ്ങളിപ്പോഴും
കുരിശു വരനേരങ്ങളും
കാത്തു സൈക്കിള്‍ കഥകള്‍ക്ക്
കാതും കൂര്‍പ്പിച്ചിരിപ്പാണ്,
അപ്പോഴൊക്കെ ആകാശത്തൂന്നു
സൈക്കിള്‍ മണി കേള്‍ക്കാറുണ്ട്,
ഞങ്ങളെ ഉണ്ണി സീറ്റില്‍
ഇരുത്തി കൊണ്ട് പോകാന്‍
ചിറകുള്ള കുതിരപ്പുറത്ത്
ഒരു കൊട്ടകഥകളുമായി
പുണ്യാളന്‍ വരുന്നതാണ്,
ഉറക്കത്തിലെന്നെ പിച്ചല്ലേ ചെക്കാ ....
നമ്മടപ്പന്‍ സത്യമായും ഒരു പുണ്യാളനാണ് ..
--------------------------------------------