Showing posts with label ഗിരിജ പതേക്കര. Show all posts
Showing posts with label ഗിരിജ പതേക്കര. Show all posts

Monday, May 22, 2017

പരിണാമം / ഗിരിജ പതേക്കര


കാട്ടിലാണു വേരുകളെന്ന്
കേട്ടിരിക്കാനിടയില്ല.
സഹ്യന്റെ പുത്രരാണു
പിതാമഹരെന്നും.
സ്വപ്നത്തിൽ പോലും
അതറിഞ്ഞിട്ടുണ്ടാവില്ല.
കൊടും മരങ്ങൾക്കിടയിലൂടെ
തെളിയുമാകാശത്തെ
കരിയിലകളുടെ സ്വകാര്യങ്ങളെ
കാട്ടരുവികളുടെ കിന്നാരങ്ങളെ
കാടിന്റെ ഗീതങ്ങളെ
ഇണയുടെ മദഗന്ധങ്ങളെ
ഇളമുളന്തണ്ടിന്റെ മധുരങ്ങളെ
മാനം മുട്ടും മരനിരകളെ
ഉടലിന്റെ വന്യതയെ
കരുത്തിന്റെ സാധ്യതയെ.
ഉണ്ടെങ്കിലെങ്ങിനെയാണു
ഒരിടുങ്ങിയ തൊഴുത്തിന്റെ
ഇരുണ്ട മൂലയിലേക്ക്‌
സ്വയം മായിച്ചുകളയാൻ
അതിനാവുക?
ഇപ്പോളത്‌
ചിന്നം വിളിക്കാറില്ല
മസ്തകമുയർത്തി
കൊമ്പുകുലുക്കാറുമില്ല.
കുനിഞ്ഞു നിന്ന് പുല്ലുതിന്നും
വല്ലപ്പോഴും
ദുർബലമായൊന്ന് മുക്രയിടും
മൂക്കുകയറിനു മെരുങ്ങിനിൽക്കും.
'എത്ര വലിയ പോത്ത്‌' എന്ന്
കാണുന്നവരൊക്കെ
അത്ഭുതപ്പെടാറുണ്ടിപ്പോൾ.
----------------------------------------------------

Monday, April 25, 2016

പ്രണയമഴ / ഗിരിജ പതേക്കര


കണ്ണിലെ വെളിച്ചത്തിൽ
മഴവില്ലുതിരവേ,
കവിളിലെ തിളക്കത്തിൽ
മുത്തുപൊഴിയവേ,
ചുണ്ടിലൊരു രാഗം
ചേക്കേറാനെത്തവേ,
മാറിൽ കുഞ്ഞോളങ്ങളിളകവേ,
അന്നൊരുനാൾ
ഞാൻ വയസ്സറിയിച്ചു.
കണ്ണിലുറങ്ങുന്നു
കറുത്ത വാവെന്നും
കവിളിൽ വീണടിയുന്നു
കാർമേഘങ്ങളെന്നും
ഉടലിൽ കൂടണയാൻ
വെമ്പുന്നു വേനലെന്നും
വറ്റുന്നു പുഴയെന്നും
എപ്പോഴുമോർമ്മിപ്പിച്ച്
ഇന്ന് നിങ്ങളെന്നെ
എന്റെ വയസ്സറിയിക്കുന്നു.
പ്രണയത്തിന്റെ പെരുമഴയിൽ
കുതിരുന്നവളുടെ ഉള്ളിൽനിന്നും
വസന്തമൊരിക്കലും
പടിയിറങ്ങില്ലെന്ന്
നിങ്ങൾക്കറിയില്ലല്ലോ,
അല്ലെ?

------------------------------

Thursday, February 11, 2016

ടച്ച് മി നോട്ട് / ഗിരിജ പതേക്കര



തൊട്ടാല്‍വാടിയെന്നെന്നെ
വിവര്‍ത്തനം ചെയ്തതാരാണ്?
ലജ്ജാവതി*യെന്ന
എന്‍റെയാ പഴയ പേരിനെ
തൊട്ടാല്‍വാടിയെന്ന്
വിവര്‍ത്തനം ചെയ്തതെന്തിനാണ്?
ഒന്നു തൊടുമ്പോഴേക്കും
ലജ്ജയാല്‍ കൂമ്പുന്നവളെന്ന്
തെറ്റിദ്ധരിച്ചിട്ടാവുമോ?
'ലജ്ജ'യെന്ന വാക്കിന്
ആ ഒരര്‍ത്ഥം മാത്രം
കല്പിച്ചിട്ടാവുമോ?
പൂജയ്ക്കെടുക്കാനോ
മുടിയില്‍ ചൂടാനോ
മുറ്റത്തു പടര്‍ത്താനോ
ആര്‍ക്കും വേണ്ടാത്ത
എന്‍റെയീ പൂക്കളെ
വെറുതെയിറുക്കാന്‍ നീളുന്ന
കൈകളെയോര്‍ത്ത്
ഞാന്‍ ലജ്ജിക്കുന്നു
എന്നാണെന്‍റെ പേരിനര്‍ത്ഥം.
'ടച്ച് മി നോട്ട്' എന്നത്
തൊട്ടാല്‍വാടിയായതെങ്ങനെയെന്നും
ഒരെത്തും പിടിയും കിട്ടുന്നില്ല.
'എന്നെ തൊടരുതേ'യെന്ന
ഒരപേക്ഷയാണതെന്ന്
ആരെങ്കിലും കരുതിക്കാണുമോ?
എങ്കിലതും തെറ്റാണ്.
അതൊരാജ്ഞയാണ്!
'തൊടരുതെന്നെ'യെന്ന
ആയിരം മുള്ളുകളുള്ള
ഒരാജ്ഞ!
തൊടുന്നവനെ
മുറിപ്പെടുത്തുമെന്ന
ഒരു മുന്നറിയിപ്പ്!
ഒരു പേരിലെന്തിരിക്കുന്നു എന്നാണോ?
ആയിരം വട്ടം പറഞ്ഞാല്‍
ആനയും പടിയുമെന്നല്ലേ ചൊല്ല്?
പഴഞ്ചൊല്ലില്‍
പതിരില്ലെന്നുമല്ലേ?
--------------------------------------------
*തൊട്ടാല്‍വാടിക്ക് സംസ്കൃതത്തിലുള്ള പേരാണ് ലജ്ജാവതി.

Sunday, May 31, 2015

 ചങ്ങലകള്‍ / ഗിരിജ പതേക്കര

കെട്ടിയിട്ടിരുന്ന കാലത്ത്
കാര്യങ്ങളേറെ എളുപ്പമായിരുന്നു
സംശയങ്ങളേ ഇല്ലായിരുന്നു.
കെട്ടുപൊട്ടിക്കണമെന്ന ചിന്തമാത്രം
വിദൂരങ്ങളിലലയാനുള്ള മോഹം മാത്രം
കുതിരയെ മനസ്സില്‍ ധ്യാനിച്ച്
ഒന്നുകുതറുകയേ വേണ്ടൂ.
പൊട്ടിയ ചങ്ങല വലിച്ചുള്ള പാച്ചിലില്‍
തിരിഞ്ഞുനോക്കാറേയില്ലായിരുന്നു.
കെട്ടറുത്തിട്ടതാണ്
പുലിവാലായത്
മുടിഞ്ഞ സംശയങ്ങളാണിപ്പോള്‍
അന്യനെക്കണ്ടാല്‍ കുരയ്ക്കയും
കള്ളനെ കടിക്കയുമല്ലേ വേണ്ടത്?
നാട്ടിലലയാതെ വീടുകാക്കലും
കൂറുകാട്ടലുമല്ലേ ചെയ്യേണ്ടത്?
വീട്ടിന്നലങ്കാരമാവാതെയും
വാലാട്ടാതേയുമെങ്ങനെയാണ്?
ഉയിരിനെപ്പൂട്ടിയ ഈ ചങ്ങലകള്‍
എങ്ങനെയാണറുത്തു മാറ്റേണ്ടത്?
--------------------------------------------

Sunday, January 25, 2015

ചിറകുള്ള വീടുകള്‍ / ഗിരിജ പതേക്കര


കുട്ടിക്കാലത്ത്
അവളെല്ലായ്പ്പോഴും
ചിത്രം വരക്കുമായിരുന്നു-
ഉറക്കെച്ചിരിക്കുന്ന മുത്തശ്ശന്‍െറ.
മുത്തശ്ശന്‍ പറഞ്ഞുകേട്ട മുത്തശ്ശിയുടെ.
പറക്കുന്ന കിളിയുടെ.
തുഴയുന്ന മീനിന്‍െറ.
ഒഴുകുന്ന പുഴയുടെ.
ഉദിക്കുന്ന സൂര്യന്‍െറ.
ഏതോ മലയുടെ തോളില്‍,
ചാഞ്ഞിറങ്ങുന്ന പച്ചപ്പിനിടയില്‍,
ചിറകുനീര്‍ത്തി
ചരിഞ്ഞുനില്‍ക്കുന്ന വീടിന്‍െറ.
വീടുവരക്കുമ്പോഴെല്ലാം
വീഴാന്‍ പോകുന്ന വീടെന്ന്
മുത്തശ്ശനവളെ കളിയാക്കും.
ഓടാന്‍ വെമ്പുമാറുള്ള
ചന്തമേറിയ വീടുകള്‍
മുത്തശ്ശിപണ്ട്
അടുക്കളച്ചുമരില്‍
കോറിയിടാറുള്ളത്
ഓര്‍ത്തെടുക്കും.
പിന്നെപ്പിന്നെ
ചിത്രം വരക്കാന്‍
മുത്തശ്ശി മറന്നുപോയെന്ന്
നെടുവീര്‍പ്പിടും.
ചിറകുള്ളോരൊക്കെയും
വീടുവിട്ടകലുമ്പോള്‍
വീടൊറ്റക്കാവുമെന്നും
അപ്പോള്‍
മലമുകളില്‍നിന്ന് മാനത്തേക്കും
കാറ്റിനോടൊപ്പം താഴത്തേക്കും
കുതികുതിക്കുന്ന
വീടാണെന്‍െറ വീടെന്നും
അവള്‍ വാചാലയാകുമ്പോള്‍
മുത്തശ്ശനവളെ ചേര്‍ത്തണയ്ക്കും.
വീടിന്‍െറ വിചാരങ്ങള്‍
ഇത്രചെറുപ്പത്തിലേ വായിച്ചെടുക്കാന്‍
അവള്‍ക്കല്ലാതെ
മറ്റാര്‍ക്കാണാവുക?
--------------------------------

Tuesday, January 6, 2015

കൊണ്ടാട്ടം / ഗിരിജ പതേക്കര



വയലിന്‍ മടിത്തുമ്പില്‍
സ്വപ്നങ്ങളാല്‍ വലകള്‍ നെയ്ത്
കാറ്റിനോട് കളിപറഞ്ഞ്
ചെടിയോടു ചേര്‍ന്ന് നിന്ന കാലം
എന്റെ മെയ്യും മനവും മൃദുവായിരുന്നു
ഇളംപച്ചപ്പിന്റെ തുടുപ്പ്
തിളങ്ങുന്ന മിനുപ്പ്
നനവിന്റെ മിടിപ്പ് .
ചെടിയില്‍ നിന്നടര്‍ന്നു
എങ്ങോ ചെന്നെത്തിയപ്പോഴേക്കും
കാറ്റ് എന്റെ ജീവജലമേറെയും
വറ്റിച്ചു കളഞ്ഞിരുന്നു
പിന്നീടെന്നെ കൊത്തിനുറുക്കി
വേവിച്ചൂറ്റിയപ്പോഴും
ആത്മാവുമാത്രം നുറുങ്ങിയില്ല ,
വെന്തതുമില്ല.
ബാക്കിവന്ന ചോരയും നീരും
കത്തുന്ന വെയിലും ഊറ്റിയെടുത്തു
അങ്ങനെ ഞാന്‍
കറുത്ത് ഉണങ്ങി
കൊണ്ടാട്ടമായി മാറി ....
ഇപ്പോള്‍ ഞാന്‍
അടുത്ത ഊഴവുംകാത്ത്
ഒരു ഭരണിക്കുള്ളില്‍
അടങ്ങിയിരിപ്പാണ്
തിളയ്ക്കുന്ന എണ്ണയിലേക്ക്
എന്നെയൊന്നെറിഞ്ഞു നോക്കൂ
അപ്പോള്‍ കാണാം
ആത്മവീര്യത്തോടെ
തലയുയര്‍ത്തി
ഞാന്‍ പൊങ്ങിപ്പൊങ്ങി വരുന്നത്
കടിച്ചാല്‍ പൊട്ടാത്തവണ്ണം
മൊരിയുന്നത്
-------------------------------------

Monday, October 27, 2014

ആകാശത്തിന്റെ പ്രണയികൾ / ഗിരിജ പതേക്കര


പല പറവകള്‍ക്കും
മരക്കൊമ്പുകളില്‍ കൂടുകൂട്ടാനാണിഷ്ടം
ഉയര്‍ന്ന ചില്ലകളിലേക്ക്
അവയെപ്പോഴും
കാഴ്ചയെ കൂര്‍പ്പിച്ചു വെയ്ക്കും
ആരവത്തോടെ ചിറകടിച്ചു പറന്നുയരും
പുല്‍ക്കൊടിയും പൂവും
എത്ര താഴെയെന്നു പരിതപിക്കും
എന്നാല്‍
അതിരില്ലാത്ത ആകാശത്തില്‍
ഉടല്‍ തളരുവോളം
കാറ്റ് പോലലയാനാണ്
മേഘത്തിന്റെ ഭാഷയറിയുന്ന
അപൂര്‍വം പക്ഷികള്‍ക്കിഷ്ട്ടം
അവ,
മഴവില്ലില്‍നിന്ന്
നിറങ്ങള്‍ തൊട്ട് ചിറകുകളാല്‍
ചിത്രമെഴുതുന്നു
ഹൃദയത്തിന്റെ ചുവപ്പ്
സന്ധ്യകള്‍ക്ക് പകര്‍ന്നേകുന്നു
പകലറുതിക!ളില്‍
ചേക്കേറാതെ
നിലാവില്‍ നൃത്തമാടുന്നു ....
അവര്‍ ആകാശത്തിന്റെ പ്രണയികള്‍

Friday, October 24, 2014

അടിവരകൾ / ഗിരിജ പതേക്കര


ഇഷ്ട്ടപ്പെട്ട വരികള്‍ക്ക് താഴെ
അടിവരയിടുന്ന പതിവുണ്ടായിരുന്നു
അവള്‍ക്ക്
എന്നാല്‍
ഒരിക്കലുമവ
നേര്‍വരകളാവാറില്ല
താഴോട്ടിറങ്ങിയും
മേലോട്ട് കയറിയും
വളഞ്ഞുപുളഞ്ഞും
അത് വാക്കുകളുടെ
നെഞ്ച് പിളര്‍ക്കും
അക്ഷരങ്ങളെ മറയ്ക്കും
അതില്‍പ്പിന്നെയാണ്
പ്രിയപ്പെട്ടവയൊന്നും,
പ്രധാനപ്പെട്ടവയൊന്നും
അടിവരയിടാതെ
വിട്ടുകളയാന്‍
അവള്‍ തീരുമാനിച്ചത് -