Showing posts with label സുധീഷ്‌ കോട്ടേമ്പ്രം. Show all posts
Showing posts with label സുധീഷ്‌ കോട്ടേമ്പ്രം. Show all posts

Saturday, October 18, 2014

ബാബിലോണ്‍ / സുധീഷ് കോട്ടേമ്പ്രം


വാട്ടര്‍ക്കളറില്‍ തീര്‍ത്ത വീട്ടിലായിരുന്നു 
ഞങ്ങളുടെ വേനല്‍ക്കാല പൊറുതി.
അനാവശ്യമരങ്ങളോ
ചെടികളോ ഇല്ലാത്ത
പല ആകൃതികളില്‍ വരക്കപ്പെട്ട
കെട്ടിടങ്ങളായിരുന്നു ചുറ്റിലും.

അധികമാരും കടന്നുവരാത്ത
ഞങ്ങളുടെ വേനല്‍ക്കാലഗ്രാമത്തില്‍
ചായക്കടകളോ പാര്‍ക്കുകളോ
സിനിമാശാലകളോ ഉണ്ടായിരുന്നില്ല.
ആളുകള്‍ എവിടെ നിന്നാണ്
ആഹാരം കഴിക്കുന്നതെന്ന്  കാണാറില്ല.

മരപ്പലകകള്‍ കൊണ്ട് അഴിതീര്‍ത്ത മുറിക്കുള്ളില്‍
ഞങ്ങള്‍ രാത്രിയും പകലും കഴിച്ചുകൂട്ടും
ചിലപ്പോള്‍ മുറിക്കുള്ളില്‍ അവശേഷിക്കുന്ന
പച്ചപ്പുള്ളികളുള്ള ട്രങ്കുപെട്ടി
അങ്ങോട്ടും ഇങ്ങോട്ടും
ഉന്തിക്കളിക്കും.
അതിന്റെ മുകളില്‍ കയറിയിരുന്ന്
ചൂണ്ടുവിരലുകള്‍ കൊണ്ട്
ടിഷ്യൂം ടിഷ്യൂം കളിക്കും.
കളി തീരുമ്പോള്‍
ട്രങ്കുപെട്ടിയിലെ ആക്രിസാധനങ്ങള്‍
കുടല്‍മാലപോലെ പുറത്താവും.

ദിവസത്തില്‍ ഒന്നോ രണ്ടോ തവണ
നീളന്‍ കുപ്പായം ധരിച്ച ഒരപ്പൂപ്പനാണ്
ഞങ്ങള്‍ക്ക് റൊട്ടിയും കരിമ്പിന്‍ ജ്യൂസും
കൊണ്ടുതരുന്നത്.
അപ്പൂപ്പന്റെ വീടെവിടെയാണെന്ന്
ഞങ്ങള്‍ക്കറിയില്ല.
കൊള്ളിമീന്‍കുഞ്ഞുങ്ങളെ വളര്‍ത്തുന്ന
ഫാക്ടറിയിലാണ് പണി
എന്നുമാത്രം അറിയാം.

എല്ലാ ദിവസവുമുള്ള
ഒരേ കളി മടുത്ത് ഞങ്ങള്‍
പെട്ടെന്ന്  പ്രതിമകളാവുന്ന കളി പരീക്ഷിക്കും.
ഉടനെയൊന്നും പുറത്തുവരേണ്ടതില്ലാത്തതിനാല്‍
ദിവസങ്ങളോളം ആ കളി തുടരും.
അപ്പോള്‍ ഞങ്ങള്‍ വിശപ്പ് മറന്നുപോകും.

പക്ഷേ മുറ തെറ്റാതെ അപ്പോഴും
റൊട്ടിയുമായി ആ അപ്പൂപ്പന്‍ വരും.
ഇത്തവണ ഞങ്ങള്‍ എല്ലാവരും
ഒറ്റക്കെട്ടായിത്തന്നെ ചോദിച്ചു.
'ആരാ നിങ്ങള്‍?
എന്തിനാ ഞങ്ങള്‍ക്കീ
അടച്ചിട്ട മുറിയില്‍ ഭക്ഷണം തരുന്നത്?'

അപ്പൂപ്പനപ്പോള്‍
എന്തോ പറയാന്‍ മുഖത്തേക്ക് വീണ
ശിരോവസ്ത്രം നീക്കി.
പക്ഷേ
അയാള്‍ക്ക്
വായ
ഇല്ലായിരുന്നു.

ഞങ്ങള്‍ വീണ്ടും
ട്രങ്കുപെട്ടി ഉന്തിക്കളിക്കുന്ന
കളിയില്‍ മുഴുകി.

NH 47 /സുധീഷ് കോട്ടേമ്പ്രം


സിഗ്നലില്‍ പെട്ടതുകൊണ്ടാണ്
വൈകിയതെന്ന്
കാറോട്ടക്കാരായ നിങ്ങള്‍ പറയാറില്ലേ?
പക്ഷേ, നോക്കൂ
സിഗ്നലുകളുള്ളതുകൊണ്ടാണ്
എത്രയും തിരക്കുള്ള നിങ്ങളെ
നൊടിനേരമെങ്കിലും കാണാനാവുന്നത്
അറിയുമോ?
നാഷണല്‍ ഹൈവേകളില്‍
ചുവപ്പിനും പച്ചക്കും കുറുകെ
ഞങ്ങള്‍ക്കൊരു നടപ്പാതയുണ്ട്.
അറുപത് സെക്കന്റ് ആയുസ്സുള്ള
ആ നടപ്പാതയാണ് ഞങ്ങളുടെ ദേശീയത.

ആലവട്ടമോ വര്‍ണബലൂണോ
ആര്‍ക്കും പ്രയോജനമില്ലാത്ത
വെള്ളപ്രതിമകളോ
നിങ്ങളൂതിയാല്‍ ഒരിക്കലും
ഊത്ത് വരാത്ത ഓടക്കുഴലുകളോ ആണ്
ഞങ്ങളുടെ സമയംകൊല്ലി സാധനങ്ങള്‍.
നിങ്ങള്‍ക്കിതൊന്നും വേണ്ടതില്ലെന്നറിയാം
ഞങ്ങള്‍ക്ക് പക്ഷേ,
ഇങ്ങനെയൊക്കെ വെളിപ്പെട്ടേ മതിയാവൂ.
അറുപത് സെക്കന്റായുസ്സുള്ള
ഈ മുറിച്ചുകടക്കലിലാണ്
ഞങ്ങളുടെ ജനാധിപത്യവും സ്വാതന്ത്ര്യവും.

കണ്ടിട്ടില്ലേ ഞങ്ങളുടെ കുട്ടികളെ?
ചക്രങ്ങള്‍ക്കിടയിലൂടെയുള്ള
അവരുടെ അഭ്യാസങ്ങള്‍?
പിടിച്ചുപറിക്കാരെന്ന് നിങ്ങള്‍ വിളിക്കുന്ന
അവരുടെ ചിരിയാണ് ഞങ്ങളുടെ ദേശീയഭാഷ.
നിങ്ങളുടെ ക്യാമറകളില്‍ അവരെത്ര സുന്ദരര്‍.
അവരുടെ തോളെല്ലുകളിലാണ്
ഞങ്ങളുടെ വംശചരിത്രം എഴുതപ്പെട്ടിരിക്കുന്നത്
കൈനീട്ടുന്ന ആ പോസാണ്
ഞങ്ങളുടെ അടയാളവാക്യം.

പകലേറെക്കഴിയുമ്പോള്‍
അവരുടെ അപ്പനാങ്ങളമാര്‍
പാനിപ്പൂരിവണ്ടികളുമായി തിരിച്ചെത്തും.
രാത്രിയില്‍ ഉഴവുകാളയെപ്പോലെ
വണ്ടികള്‍ മഞ്ഞവെളിച്ചത്തില്‍ കെട്ടിയിടും
അപ്പോളതിന്റെ നിഴല്‍വീട്ടില്‍ ഞങ്ങളുറങ്ങും.

താറിട്ട റോഡ് ഉരുകിയുരുകി
ഇരുട്ടുനദിയാവും.
കാലുകള്‍ താറില്‍ പുതഞ്ഞുപോകും
അറുപതുസെക്കന്റിന്റെ ഇടവേള
അപ്പോള്‍ അറുപതുവര്‍ഷങ്ങളുടെ
ജീവിതം പോലെ പരന്നുകിടക്കും.
പര്‍ദേശീ പര്‍ദേശീ ജാനാ നഹീ
എന്ന പാട്ടിന്റെ ഓടക്കുഴലൂത്ത്
അവിടങ്ങളില്‍ തങ്ങിനില്‍ക്കും.
ആ പാട്ടില്‍ ഞങ്ങളെല്ലാരും ചിരിക്കും
ചിരിച്ച് ചിരിച്ച് ചിരിച്ച്
ഉറക്കം മുറിച്ചുകടക്കാന്‍ ശ്രമിക്കും.

വെളുക്കുമ്പോള്‍
എല്ലാം പതിവുപോലെ.
താറിട്ട റോഡ്
ഇരുതലയുള്ള കുരുടന്‍പാമ്പിനെപ്പോല്‍
ഇഴഞ്ഞുതുടങ്ങും.
അതില്‍ കാറോട്ടക്കാരവരുടെ
ചക്രഭാഷയെഴുതിത്തുടങ്ങും
എല്ലായിടത്തും ഉദിക്കുന്ന സൂര്യന്‍
ഞങ്ങളുടെ ജംഗ്ഷനിലുമെത്തും
ചുവന്ന സിഗ്നലായി.

Saturday, October 11, 2014

ഉടലുകള്‍ക്കുള്ളില്‍ സുരക്ഷിതര്‍ എത്ര? / സുധീഷ്‌ കോട്ടേമ്പ്രം


ശരീരത്തെ വരയ്ക്കുക
അത്ര ലളിതമല്ല
ഉടലിന്‍റെ അതിര്‍ത്തികള്‍
ഒരു രേഖയിലും ഒതുങ്ങില്ല.

കാക്കയുടെതോ
കുരുവിയുടെതോ
ചലനത്താല്‍ വരയ്ക്കാം
പറന്നു പോകാതെ.

കുതിരയുടെത്
കുതിപ്പില്‍
ആമയുടേത്
ഏറ്റവും അടക്കത്തില്‍.

പാമ്പുകളെ
ഇഴച്ചിലില്‍
കുഴമറിയാതെ.

മനുഷ്യനെ വരയ്ക്കുമ്പോള്‍
വര വഴങ്ങുകയേ ഇല്ല.
ഒരതിര്‍ത്തിയിലും
കൈകള്‍ക്ക്
അതിന്‍റെ കരുത്തോ
കരുത്തില്ലായ്മയോ
കൊടുക്കാനാവില്ല.

കഴുത്തറ്റത്തു നിന്നും
തല
തെറിച്ചു പോകാതെ
വരച്ചു വെയ്ക്കുക
ശ്രമകരം.

കണ്ണ് മൂക്ക് ചെവി ചുണ്ട്
ഒരു ഇന്ദ്രിയത്തിലും
അതാതിന്‍റെ കര്‍മങ്ങള്‍
അടങ്ങി നില്‍ക്കില്ല.
നെഞ്ചിനെ
അരക്കെട്ടിനെ
ഒരു കട്ടി രേഖയിലും
തളച്ചിടുക അസാധ്യം.

ഈ വെള്ളപ്രതലം
എടുക്കുക.
അതിലുണ്ട്
പലതായ് പെരുകിയ
ഒരുടലിന്‍റെ ചിത്രം.