Showing posts with label റഫീക്ക് അഹമ്മദ്. Show all posts
Showing posts with label റഫീക്ക് അഹമ്മദ്. Show all posts

Friday, June 3, 2016

കാറ്റ്‌ തിടുക്കം / റഫീക്ക് അഹമ്മദ്


ഏകാന്തതയെ വലിച്ചു കൊണ്ടോടുന്ന
തീവണ്ടിയെന്നപോൽ
കാറ്റിനെ വ്യർത്ഥമായ്‌ നിന്നു കടയുന്ന
വൈദ്യുതപ്പങ്ക പോൽ
എത്ര വിചിത്രം തിടുക്കം
എന്തുപലബ്ധിയൊടുക്കം...

എങ്കിലും,
പങ്കകളൊക്കെ നിലയ്ക്കുന്ന നേരത്ത്‌
പാളങ്ങൾ തീരുന്നിടത്ത്‌
വേരുകളെല്ലാം പുറത്തിട്ടു നിൽക്കുന്നൊ-
രേതോ മരത്തിൻ ചുവട്ടിൽ
കണ്ടു ഞാൻ കാറ്റും തിടുക്കവും
കൈകോർത്തനങ്ങാതിരിക്കുന്നതായി.
--------------------------------------------

Tuesday, January 26, 2016

അത്രയും /റഫീക്ക് അഹമ്മദ്



നിന്നോളം നീറിയിട്ടില്ലൊരു വേദന
നിന്നിലും ഉന്മത്തമല്ലൊരാനന്ദവും
നിന്നോളമിത്രയ്ക്കനാഥമാക്കുന്നില്ല
മറ്റൊരസാന്നിധ്യമായുസ്ഥലികളെ...

നിന്നോളമെന്നാല്‍ നിറഞ്ഞിരിക്കുന്നില്ല
മറ്റൊരു ജീവദ്രവം കോശതന്തുവില്‍..
നിന്നോളമത്രയ്ക്കടുത്തല്ല നാഡികള്‍..
നിന്നിലും ദൂരെയല്ലൊറ്റ നക്ഷത്രവും..
നിന്നോളമത്ര പരിചിതമല്ലെനി
ക്കെന്നും കുടിക്കുന്ന തണ്ണീര് കൂടിയും.
നിന്നോളമുള്ളൊരു ദാഹമെരിഞ്ഞതി-
ല്ലന്നനാളത്തിന്റെ ആഗ്നേയ വീഥിയില്‍..
നിന്നിലും വേഗത്തില്‍ നീരാവിയാക്കുന്ന-
തില്ലൊരു സൂര്യനുമെന്റെ ശൃംഗങ്ങളെ
നിന്നിലും മീതെ ഉണര്‍ത്തുന്നതില്ലൊരു
പൌര്‍ണമി ചന്ദ്രനുമെന്‍ സമുദ്രങ്ങളെ..
നിന്നിലുമാഴത്തിലെത്തുന്നതില്ലെന്റെ
മണ്ണില്‍ മഴത്തുള്ളിയൊന്നുമെന്നാകിലും
നിന്നോളമുള്ളം കരിയിക്കുമാറെങ്ങു-
മിന്നോളമെത്തിയിട്ടില്ലൊരു വേനലും.
------------------------------------------

Thursday, July 23, 2015

നാമാവശേഷം / റഫീക്ക് അഹമ്മദ്


ഉണ്ടായിരുന്നു പണ്ടെന്‍റെ നാട്ടില്‍
പുലികേശവന്‍,പയറുമണിവേലായുധന്‍
മൈനക്കുഞ്ഞാമിന,കുറുക്കനവറാന്‍.

സസ്യപ്പെടുകയോ മൃഗപ്പെടുകയോ
ചെയ്‌ത മനുഷ്യര്‍.
പിന്നെയുണ്ടായിരുന്നു
മണിയെന്നൊരാട്‌,കുട്ടിശ്ശങ്കരനാന,
ടോമി എന്ന നായ.
മനുഷ്യപ്പെട്ട മൃഗങ്ങള്‍.
പിന്നെയുമുണ്ടായിരുന്നു
നെടുവരമ്പത്തമ്മ,പാലമൂട്ടില്‍ മുത്തപ്പന്‍
കല്ലറയ്‌ക്കല്‍ ഉപ്പാപ്പ,മുളങ്കാവ്‌ കരിങ്കുട്ടി
മനുഷ്യപ്പെടേണ്ടിവന്ന
ദൈവങ്ങളും പിശാചുക്കളും.
എല്ലാമോര്‍ത്ത് ഊറിച്ചിരിക്കും
സൈബര്‍ സന്തോഷ്‌ പോളും
സെല്ലുലാര്‍ രമ്യാ കെ വാര്യരും .
------------------------------------

Tuesday, May 19, 2015

വില്‍ക്കാനുണ്ട് വെയില്‍ / റഫീക്ക് അഹമ്മദ്

കൂരാട്ട് കുന്നുംകരത്താഴത്ത് ഏഴാം വാര്‍ഡില്‍
മുന്നൂറ്റിപ്പതിനാറാം നമ്പറു വീട്ടില്‍ പാര്‍ക്കും
കുഞ്ഞപ്പനാശാരിക്ക് പെട്ടെന്നു പിരാന്തായി.
ടിയാന്‍െറ മുഴക്കോലാല്‍ അളക്കപ്പെടാതുള്ള
വീടില്ല, കടയില്ല, കോഴിക്കൂടില്ലാ നാട്ടില്‍.
വീതുളി തൊടാത്തൊരു കഴുക്കോല്‍ത്തറിയില്ല
വീതി നീളങ്ങള്‍ വെളിപ്പെടാത്ത മരമില്ല.
മൂപ്പന്‍െറ കണക്കുകളില്ലാതെ പിറന്നില്ല
ഭാവനകളില്‍ നാട്ടാര്‍ പണിഞ്ഞ വെണ്‍മാടങ്ങള്‍.
അക്കൈകളെടുത്തതാ, ണിപ്പഴമണ്ണിന്നുള്ളില്‍
കാല്‍വിരലുണ്ടും കൊണ്ടുകിടന്ന വെള്ളങ്ങളെ.
അങ്ങനെക്കഴിഞ്ഞൊരു കണക്കിന്‍ പെരുന്തച്ച-
നാണിപ്പോള്‍ നട്ടപ്രാന്തിന്‍ നട്ടുച്ചയെന്നോര്‍ക്കണം.
പറയും മുറങ്ങളും നാഴിയുമായിട്ടയാള്‍
കാലത്തു വെയില്‍ മൂക്കും നേരത്തു പുറപ്പെടും.
പതുക്കെപ്പതയ്ക്കുവാന്‍ തുടങ്ങും വെയില്‍ കോരി
പ്പറയില്‍ മുറങ്ങളില്‍ നാഴിയില്‍ നിറച്ചിടും.
വില നിശ്ചയിച്ചിട്ടു വിളിച്ചു കൂവിപ്പാടും.
വര്‍ഷകാലത്താണെങ്കില്‍ മഴയെ, അതല്ലെങ്കില്‍
കാറ്റിനെ വാരിക്കൂട്ടി, വന്നു വാങ്ങുവിന്‍ വേഗ-
മെന്നൊരു വായ്ത്താരിയിലങ്ങനെ നടന്നയാള്‍.
മേക്കര വളപ്പിലെ ഹാജിയാര്‍, മനയ്ക്കലെ
നമ്പൂരി, റിയലെസ്റ്റേറ്റ് ദല്ലാളര്‍, പൊരുത്തുകാര്‍
പാറപൊട്ടിക്കുന്നവര്‍, മണ്ണുമാന്തികള്‍, ഫ്ളാറ്റു
പൊന്തിച്ചു കെട്ടുന്നവര്‍, കുന്നുകള്‍ വില്‍ക്കുന്നവര്‍
ആരാന്‍െറ പ്രാന്തും കണ്ട് വളിച്ച  ചിരിയോടെ
ആല്‍ത്തറ നിരങ്ങുന്ന തൊഴിലുറപ്പുള്ളവര്‍...
എല്ലാര്‍ക്കും വെയില്‍ വില്‍ക്കും കുഞ്ഞപ്പനാശാരീടെ
ചുണ്ടത്തു പൊള്ളും ചിരിക്കായിരത്തഞ്ഞൂറര്‍ഥം.
---------------------------------------------------

Tuesday, January 6, 2015

എന്‍ട്രന്‍സ് / റഫീക്ക്‌ അഹമ്മദ്


പരീക്ഷാഹാള്‍വരെ സോക്രട്ടീസ് ഉണ്ടായിരുന്നു
പിന്നെ കണ്ടില്ല.
അടിസ്ഥാനയോഗ്യത ഇല്ലാത്തതിനാല്‍
പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കാം.
അരിസ്റ്റോട്ടില്‍ പിറകിലെ ബഞ്ചില്‍ ഉണ്ടായിരുന്നു.
കാലഹരണപ്പെട്ട ഒരു പരീക്ഷാസഹായിയാണ്
ആ പാവം പഠിച്ചിരുന്നത്.
ഹാള്‍ടിക്കറ്റ് കത്തിപ്പോയതിനാല്‍
ഡയോജിനസിന് പരീക്ഷ എഴുതാനായില്ല.
ഫോട്ടോ പതിക്കായ്കയാല്‍ അവ്വയാറിനും
അവസരം നഷ്ടമായി.
അപേക്ഷാഫോറത്തില്‍ ഒപ്പു വയ്ക്കാന്‍ മറന്ന്
ഫരീദുദ്ദീന്‍ അക്താര്‍ അയോഗ്യനായി.
രമണമഹര്‍ഷി പരീഷാത്തീയതി മറന്നു.
തോമസ് ആല്‍വാ എഡിസണ്‍ പേരു തെറ്റി എഴുതി.
ഉത്തരങ്ങള്‍ക്കു പകരം ചോദ്യങ്ങളെഴുതി
മാര്‍ക്‌സ് വളരെ നേരത്തെ പരീക്ഷാമുറി വിട്ടു.
പരീക്ഷകനെ ഭയന്ന് ഫ്രാന്‍സ് കാഫ്ക സ്ഥലംവിട്ടു.
കുളിച്ചൊരുങ്ങി പ്രതിജ്ഞയോടെ പുറപ്പെട്ടെങ്കിലും
ദസ്തയേവ്‌സ്‌കി
പതിവു ചൂതാട്ടകേന്ദ്രത്തിലേക്കുതന്നെ കയറി.
മതിയായ രേഖകളുടെ അഭാവത്തില്‍
നാരായണഗുരുവിന്റെ അപേക്ഷ തള്ളപ്പെട്ടു.
ബസുകൂലിക്കു കാശ് തരപ്പെടായ്കയാല്‍
പൂന്താനത്തിനു സ്ഥലത്തെത്താനായില്ല.
പരീക്ഷാഫീസ് എവിടെയോ തുലച്ചു കുഞ്ഞിരാമന്‍നായര്‍
കാവ്യദേവതയെ നോക്കിനിന്ന ചങ്ങമ്പുഴക്ക്
സമയത്തിനെത്താന്‍ കഴിഞ്ഞില്ല.
ഇറങ്ങാന്‍ നേരത്ത് സന്ദര്‍ശകര്‍ വന്നുകയറിയതിനാല്‍
ബഷീര്‍ പരീക്ഷ വേണ്ടന്നുവച്ചു.
എല്ലാം നല്ലതിന്
അതുകൊണ്ടാണ് ഞങ്ങളൊക്കെ കടന്നുകൂടിയത്.
മേല്‍പ്പറഞ്ഞവരാകട്ടെ
പരീക്ഷാര്‍ഥികള്‍ക്ക് തീരാത്ത സൊല്ലയായി
ചോദ്യക്കടലാസുകളില്‍ കുടിപാര്‍ത്തു.

----------------------------------------------

Wednesday, October 1, 2014

ചക്രം / റഫീക്ക് അഹമ്മദ്‌


ഭൂമിയില്‍നിന്നൊരു വിത്തുമുളച്ചി-
ട്ടോരിലയീരില നീണ്ടുവളര്‍ന്നി-
ട്ടാകാശത്തില്‍ ചില്ലകള്‍ വീശി-
യുയര്‍ന്നു മുതിര്‍ന്ന മഹാവൃക്ഷത്തെ
വെട്ടിമുറിച്ചു ചെറുതുണ്ടുകളായ്‌-
ച്ചെത്തിയെടുത്തു ചതച്ചു പുഴുങ്ങി-
ക്കടലാസെന്നൊരു സാധനമാക്കീ-
ട്ടതിലൊരു തുണ്ടില്‍ പലപല ഭ്രാന്തന്‍-
മുദ്രകള്‍ കുത്തി,പണമെന്നെണ്ണി,
അതുകൊണ്ടങ്ങനെ ഞാന്‍ വാങ്ങുന്നു
കാടും കടലും മലയും പുഴയും.

Saturday, September 27, 2014

സത്രം /റഫീക്ക് അഹമ്മദ്




ഒരു രാത്രി നീ വന്നുറങ്ങിയിട്ടുള്ളൊരു
വഴിയോരസത്രമാവാം ഞാന്‍ .
മഴയുടെ കണ്ണീരൊലിപ്പാടു പടരുന്ന
ചുമരുകള്‍ വീണുപോകാതെ ,
ചിതലുകള്‍ , കൊത്തിയ ശില്പങ്ങള്‍ പോലുള്ള
ചെറു കഴുക്കോലുകള്‍ ചൂടി
വെളിവറ്റ ഭ്രാന്തന്‍ ചിരിപോലെ മുകളിലെ
കരിയോട് പലതുമടര്‍ന്ന് ,
ഇമയറ്റ് പ്രിയതരമായൊരു കാഴ്ച്ചതന്‍
സ്മരണയില്‍ ജനലടയാതെ
ഇരുകൈകളത്യന്തവിവശമായ് നീട്ടിയ
നിലയിലാം വാതിലുമായി
ചെറു നരിച്ചീറുകള്‍ ഇരുളുമായെത്തുന്ന
ചിറകടി മാത്രം ശ്രവിച്ച്
പെരുമഴക്കാലങ്ങള്‍ , കൊടുവേനലറുതികള്‍
പലത് പിന്നിട്ടടിയാതെ .
ഒരു രാത്രി നീ വന്നുറങ്ങിയിട്ടുള്ളൊരു
പഴയൊരീ സത്രമാവാം ഞാന്‍ .
അതുകൊണ്ടു മാത്രം നിലംപൊത്തിടാത്തൊരു
നിലയതു തുടരുകയാവാം .

Thursday, September 25, 2014

തോരാമഴ / റഫീക്ക് അഹമ്മദ്




ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയില്‍
ഉമ്മ തനിച്ചു പുറത്തുനിന്നു .
ഉറ്റവരൊക്കെയും പോയിരുന്നു
മുറ്റമോ ശൂന്യമായ് തീര്‍ന്നിരുന്നു .
വാടകയ്ക്കായെടുത്തുള്ള കസേരകള്‍
ഗ്യാസ് ലൈറ്റ് , പായകള്‍ കൊണ്ടുപോയി .
വേലിക്കല്‍ പണ്ടവള്‍ നട്ടൊരു ചമ്പക -
ച്ചോടോളമപ്പോളിരുട്ടുവന്നു ,
ചിമ്മിനിക്കൊച്ചുവിളക്കിന്റെ നേരിയ
കണ്ണീര്‍ വെളിച്ചം തുടച്ചു നിന്നു .
ഉമ്മറയ്ക്കല്‍പ്പടിച്ചോട്ടി
ലവളഴി -
ച്ചിട്ട ചെരിപ്പൊന്നുരുമ്മി നോക്കി
പുള്ളിക്കുറിഞ്ഞി നിസ്സംഗയായ് പിന്നിലെ
കല്ലുവെട്ടാംകുഴിക്കുള്ളിലേറി .
തെക്കേപ്പുറത്തയക്കോലിലവളുടെ
ഇത്തിരിപ്പിഞ്ഞിയ കുഞ്ഞുടുപ്പില്‍
ചുറ്റിക്കറങ്ങി നടക്കുന്ന കാറ്റൊന്നു
തട്ടിനോക്കി , മരക്കൊമ്പിലേറി .

ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയില്‍
ഉമ്മ പുറത്തു തനിച്ചു നില്‍ക്കെ
പെട്ടെന്നു വന്നു പെരുമഴ , ഉമ്മയോ
ചിക്കെന്നകത്തു തിരഞ്ഞുചെന്നു
വില്ലൊടിഞെന്നു ചിണുങ്ങിടാറുള്ളൊരാ
പുള്ളിക്കുട ചെന്നെടുത്തു പാഞ്ഞു .
പള്ളിപ്പറമ്പില്‍ പുതുതായ് കുമിച്ചിട്ട
മണ്ണട്ടിമേലെ നിവര്‍ത്തിവെച്ചു .
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിതൊ -
ട്ടിന്നോളമാ മഴ തോര്‍ന്നുമില്ല .

വിവര്‍ത്തനം / റഫീക്ക് അഹമ്മദ്


വെളിച്ചത്തിന്‍ ജല
വിവര്‍ത്തനം മഴ,
മഴയുടെ സൂര്യ
വിവര്‍ത്തനം മയില്‍.

ഉറക്കം മൃത്യുവിന്‍
സ്വതന്ത്ര തര്‍ജ്ജമ.
വിവര്‍ത്തനങ്ങളി
ലിരിപ്പുറയ്‌ക്കാതെ
അലയുന്നൂ കാറ്റിന്‍
ദുരൂഹമാമര്‍ഥം.

മരങ്ങള്‍, പൂവുകള്‍,
ശലഭങ്ങള്‍, ഏതോ
പിടികിട്ടായ്‌മതന്‍
വിദൂര തര്‍ജ്ജമ.

പരിഭാഷപ്പെട്ട്‌
ഭയം നിലാവായി
ചിലതു നേര്‍ക്കുനേര്‍
വിപരീതാര്‍ഥമായ്‌

വെളിച്ചത്തിന്‍ ഭാഷ
ശരിക്കറിയാതെ
ഇരുട്ടിനെ അതില്‍
വിവര്‍ത്തനം ചെയ്ത്
പരാജയപ്പെട്ട
കവിത, ജീവിതം.

സൂര്യപുത്രി / റഫീക്ക് അഹമ്മദ്‌



ഒറ്റ നിമിഷത്തിലീ പ്രപഞ്ചം
പെട്ടന്നസുന്ദരമായി മാറും
അത്രയേ സംഭവിക്കുന്നതുള്ളൂ,
അത്രയേ സംഭവിച്ചിട്ടുമുള്ളൂ.

തുമ്പികള്‍ കൊമ്പുള്ള ലിംഗങ്ങളായ്
ചെമ്പകപ്പൂവില്‍ കവച്ചിരിക്കും
പൂമ്പാറ്റ പട്ടുകുപ്പായമിട്ട
ചെറ്റയാം കേവലകീടമാവും.

മെയ്യില്‍ നിന്നല്‍പ്പമുദിച്ചു പൊങ്ങും
മൊട്ടുകള്‍ ഒറ്റുകാരായി മാറും
എണ്ണമിനുപ്പും മുഖക്കുരുവും
പെണ്ണെന്നു നിന്നെയസാധുവാക്കും.

നോട്ടങ്ങള്‍ തന്നുടെ മഞ്ഞളിപ്പും
വാക്കിന്റെ മുള്ളും വളിപ്പുമെല്ലാം
എത്രയ്ക്കറക്കുന്നതാണ്‌ ലോകം
എന്ന മട്ടപ്പോള്‍ തിരിഞ്ഞുനില്‍ക്കും.

പത്രങ്ങളാക്രിക്കടയില്‍ പോകും
ചാനല്‍ കഴുകും പറന്നുപോകും
പിന്നെ നീ പിന്നാമ്പുറത്ത് നില്‍ക്കും
അമ്മ തുണികളടിച്ചലക്കും.

നാറി മുഷിഞ്ഞ വിഴുപ്പില്‍നിന്നും
ചേറും ചെളിയുമൊഴിഞ്ഞുപോകും
സൂര്യവെളിച്ചത്തിലാത്തുണികള്‍
നേരും വെളുപ്പും തിരിച്ചെടുക്കും.

അത്രയേ സംഭവിക്കുന്നതുള്ളൂ,
അത്രയേ സംഭവിക്കാവതുള്ളൂ.