Showing posts with label എ.അയ്യപ്പന്‍. Show all posts
Showing posts with label എ.അയ്യപ്പന്‍. Show all posts

Friday, March 24, 2017

വാൻഗോഗിന് ഒരു ബലിപ്പാട്ട് / എ.അയ്യപ്പന്‍


കാതു മുറിച്ചു പ്രേമഭാജനത്തിനു കൊടുത്തിട്ട്
കോമാളിയെപ്പോലെ
ചോരയിൽ കുളിച്ചുനിന്ന വാൻഗോഗ് ,
എന്റെ ലില്ലിച്ചെടിയിൽ പൂത്ത പൂവ്
നിന്റെ ഓർമ്മയ്ക്കു ഞാനിന്നിറുക്കുന്നില്ല

നീ സ്നേഹിച്ച ചായം
നിനക്കു ദുഃസ്വപ്നമായിരുന്നു
പ്രേമത്തിനർപ്പിച്ച ബലി
നിന്റെ കേൾവിയായിരുന്നു .

നിന്റെ ചോരതെറിച്ച ക്യാൻവാസ് ;
നിന്നെക്കുറിച്ചുള്ള സ്വപ്നത്തിൽ
ഞാനതു കാണും , നിന്നെ സ്പർശിക്കും ,
നിന്റെ രക്തത്തിന്റെ വിളി കേൾക്കും .

കുഷ്ഠരോഗി വച്ചുനീട്ടുന്ന അപ്പത്തിന്റെ പങ്കിലേക്ക്
വിശപ്പുള്ളവന്റെ കണ്ണ് ,
കല്ലും ശില്പവും തിരിച്ചറിഞ്ഞ കുരുടൻ ,
ബധിരന്റെ സിംഫണി ,
തല ചൊറിയുന്നതിനിടയ്ക്ക് മുടിനാരുകളെണ്ണി
കണക്കുപിഴയ്ക്കുന്ന കിറുക്കൻ.

ദൃശ്യവും ശബ്ദവും ചിലപ്പോൾ വേദനതന്നെയാണ്
കുരുത്തംകെട്ട പെണ്ണ് നിന്റെ കൈവിരലുകൾ ചോദിച്ചില്ലല്ലോ .

ഭ്രാന്തൻകേൾവികളുടെ ചെവിയിറച്ചി
നീയവൾക്കു സമ്മാനിച്ചപ്പോൾ
മഞ്ഞയുടെ സൂര്യഗർത്തത്തിലേക്കവൾ കുതിച്ചില്ലല്ലോ .

വാൻഗോഗ് ,
വേനലിനെ സൂര്യകാന്തിയെപ്പോലെ സ്നേഹിച്ചവനെ
കാതില്ലാത്ത ചരിത്രത്തിന്
നീയൊരു നോക്കുകുത്തിയാവാം ,
കണ്ണ് സൂര്യനും മനസ്സ് ഭൂമിയുമാക്കിയ
അസ്വസ്ഥമായ സ്വപ്നങ്ങളുടെ
ഏണിയും പാമ്പും കളിക്ക്
പിന്നീടവളുണ്ടായിരുന്നോ
ആ സ്നേഹിത , കീറച്ചെവിയെ സ്നേഹിച്ചവൾ .

നീ സിംഹത്തിന്റെ ചിരിയായിരുന്നു
ഉന്മാദത്തിന്റെ ദർപ്പമായിരുന്നു
ദമത്തിന്റെ പീഡനമായിരുന്നു .

മൃത്യുവിലൂടെ സൂര്യനെ ലഭിച്ചവൻ .

കുമ്പസ്സാരിക്കുന്ന പാപിയാവാതെ
ഞാൻ നിന്റെ ഭ്രാന്തുപിടിച്ച നന്മകളുടെ
മഴകൊള്ളുന്നു
കൊടുംവേനലിൽ
ഒരു മഞ്ഞപ്പൂവും ഒരു മനുഷ്യനും വെന്തുനീറുന്നു
അസ്ഥിയുടെയും മാംസത്തിന്റെയും മകുടികളിലൂടെ
ബലിപ്പാട്ടുത്ഭവിക്കുന്നു.

നിറങ്ങൾ തന്ന ജ്ഞാനം
നിലവിളിയാകുന്നു
ഒരു ഫലിതം
ഫണം വിടർത്തുന്നു.

മുറിച്ച കാത്
ഒരു ശംഖുപോലെ
ശബ്ദം സംഭരിക്കുന്നു
ഒറ്റച്ചെവിയൻ കോമാളിയുടെ തമാശ
ചങ്കിനെ
രണ്ടായി -
മുറിക്കുന്നു .
-------------------------------------------------

Monday, March 20, 2017

കണ്ണട / എ.അയ്യപ്പന്‍


എന്റെ കണ്ണട
നിലത്തുടഞ്ഞുകിടക്കുന്നു
ഇന്നു പുലർച്ചയ്‌ക്ക്‌
ഒരു കുരുടന്റെ ശവംപോലെ
ഞാനതു കണ്ടുനിന്നു ,

ഇന്നു വിരിഞ്ഞ പൂക്കളെയും
കുട്ടികളുടെ വാത്സല്യം നിറഞ്ഞ മുഖങ്ങളെയും
എനിക്കു വിളമ്പുന്ന ചോറിനെയും
അമ്മയുടെ ഛായാപടത്തെയും
എല്ലാ സൗഹൃദങ്ങളെയും
ഒരു മനോരോഗിയുടെ മനസ്സുപോലെ
ഇരുട്ടു കലർന്ന വെളുപ്പിലൂടെ മാത്രം
ഇന്നെനിക്കു കാണേണ്ടിവരും .

എന്റെ കണ്ണട
നിലത്തുടഞ്ഞുകിടക്കുന്നു
ഇന്നു പുലർച്ചയ്‌ക്ക്‌
ഒരു കുരുടന്റെ ശവംപോലെ
ഞാനതു കണ്ടുനിന്നു .

കാഴ്ചയ്ക്കും ബോധത്തിനും ഒരാജ്ഞയായിരുന്നു
എന്റെ കണ്ണട
കാഴ്ചയില്ലാത്തവനു മാർഗ്ഗം കൊടുത്ത കണ്ണുകളായിരുന്നു
കാഴ്ചയുടെ മൂർത്തമായ ഒരു ബിംബമായിരുന്നു
കാഴ്ചയിലൂടെ
പ്രജ്ഞയിലേക്കുള്ള പഥികന്റെ വഴിയായിരുന്നു
കാഴ്ചയുടെ കിഴവൻ കണ്ണുകൾക്കു യുവതയായിരുന്നു
കാഴ്ചയിലെ കരടു മാറ്റിയ സ്നേഹിതനായിരുന്നു .

കാഴ്ചയെനിക്കു കശാപ്പുപുരയായിരിക്കുന്നു
കാഴ്ചയിലൂടെ പ്രകാശത്തിന് ,
പ്രകാശത്തിലൂടെ വികാരങ്ങളുടെ ,വർഗ്ഗസമരത്തിന്റെ
സമരാത്രങ്ങൾക്ക്
കണ്ണടച്ചിലുകൾ ഒരു വെല്ലുവിളിയായിരിക്കുന്നു
എന്റെ കണ്ണുനീരിന്റെ മറ നഷ്ടപ്പെട്ടിരിക്കുന്നു
നുറുങ്ങിപ്പോയ ഓരോ ചില്ലിലൂടെ
ഓരോന്നും കാണേണ്ടിയിരിക്കുന്നു .

വസ്തുവും വാഗർത്ഥവുമാണ് കാഴ്ച .

എന്റെ കണ്ണട നിലത്തുടഞ്ഞുകിടക്കുന്നു
ഒരു കുരുടന്റെ ശവംപോലെ-

ചില്ലുകളില്ലാത്ത ഈ ചട്ടയുടെ പൊള്ളകളിലൂടെ
എല്ലാം കോമാളികളായ മൃഗതൃഷ്ണകളാണ് .

ഈ വേനലിൽ
എന്റെ കുട്ടിയുടെ പൊള്ളുന്ന മൂർദ്ധാവിൽ കൈവെച്ച്
തെരുവിന്റെ മരുപ്പച്ചകളിലൂടെ
കാഴ്ചയുടെ യാചനയ്ക്കു ഞാൻ നടക്കുന്നു .

കണ്ണടയ്ക്കു ചില്ലുകൾ വാങ്ങണം .
----------------------------------------------------------------------------------



Sunday, April 3, 2016

പുഴയുടെ കാലം / എ.അയ്യപ്പന്‍


സ്നേഹിക്കുന്നതിനുമുമ്പ്
നീ കാറ്റും
ഞാനിലയുമായിരുന്നു.
കൊടുംവേനലില്‍
പൊള്ളിയ കാലം
നിനക്കു കരയാനും
ഒരു മഴയാകാനും കഴിഞ്ഞിരുന്നു.
തപ്തമായ എന്റെ നെഞ്ചില്‍തൊട്ടുകൊണ്ട്
നിന്റെ വിരലുകള്‍ക്ക്
ഉഷ്ണമാപിനിയാകാനും കഴിഞ്ഞിരുന്നു.
ഞാന്‍ തടാകമായിരുന്നു
എനിക്കു മുകളില്‍
നീയൊരു മഴവില്ലായിരുന്നു.
ഒരു കര്‍ക്കിടകത്തില്‍
നമ്മള്‍ മാത്രം
മഴത്തുള്ളികളായിരുന്നു.
ഒരു ഋതുവിലൂടെ
നിന്റെ ചിരിക്ക്
വസന്തമാകാന്‍ കഴിഞ്ഞിരുന്നു.
ഒരു മഞ്ഞത്ത്
നമ്മള്‍ മാത്രം
പുല്‍ക്കൊടികളായിരുന്നു.
ഒഴിവുകാലത്ത് നമ്മളും
ഒരു ഋതുവില്‍നിന്ന്
ആള്‍ക്കൂട്ടവും പിരിഞ്ഞു.
ഒരു ശൈത്യത്തില്‍
മരപ്പൊത്തിലൂടെ
വലംകൈയിലെ
ചൂണ്ടുവിരലിലൂടെ
നിനക്കു നീലയാകാന്‍ കഴിഞ്ഞു.
-------------------------------------

Tuesday, October 27, 2015

രീതി / എ.അയ്യപ്പന്‍


ദൈവമേയെന്നു നിലവിളിക്കരുത്
ദൈവത്തിനു കേള്‍വിയില്ല
കോടാനുകോടികളെക്കാണാന്‍
കണ്ണുകളില്ല
നാവില്‍
ഒരിറ്റ് ഉമിനീരില്ല
ഒരു നീചന്‍
ദാഹത്തിന്റെ തൊണ്ടവറ്റിച്ചു
ചുണ്ടുനനച്ചത്
ഒരു മാലാഖയുടെ കണ്ണുനീര്‍ത്തുള്ളിയാണ്
വിലകൊടുത്ത് ലഹരിയരുത്
വിലകൊടുക്കാതെ കിട്ടുന്ന
ഭ്രാന്താണ് ലഹരി
എനിക്ക്
നിര്‍വചനമില്ല
ഭാഷയില്ല
ലഹരി
അഗ്നിയില്‍ സൂക്ഷിക്കുന്ന
രത്നദ്രവം
എന്റെ പ്രേമലേഖനത്തിന്
കലാപത്തിന്റെറ ഭാഷയാണ്
കുട്ടിയെക്കൊണ്ടുപോകൂ
ഭ്രാന്ത് പകരുന്ന രോഗമാണ്
ധവളാണുക്കളാണ്
എന്റെ ഞരമ്പുകളില്‍
എന്റെ മനസ്സളക്കാന്‍
ഭ്രാന്തമാപിനിയില്ല
എന്റെ കഴുത്തിന്‌
ഊഞ്ഞാലാടാനാഗ്രഹം
ഞാന്‍ കിണറ്റുവെള്ളം കോരാനുള്ള
കയര്‍ മുറിക്കുന്നു. 

--------------------------------------

Friday, September 18, 2015

ആലില / എ.അയ്യപ്പന്‍

നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം
എനിയ്ക്കു പ്രേമകാവ്യമായിരുന്നു
പുസ്തകത്തിൽ അന്ന് സൂക്ഷിച്ചിരുന്ന ആലില
നിന്റെ പച്ച ഞരമ്പുകളെ ഓർമ്മിപ്പിയ്ക്കുന്നു
അതിന്റെ സുതാര്യതയിൽ
ഇന്നും നിന്റെ മുഖം കാണാം...
സത്ത മുഴുവൻ ചോർന്നു പോയ
പച്ചിലയുടെ ഓർമ്മയ്ക്ക്
ഓരോ താളിലും ഓരോ ഇല
സൂക്ഷിച്ച ഗ്രന്ഥം
പ്രേമത്തിന്റെ ജഠരാഗ്നിയ്ക്കു
ഞാനിന്ന് ദാനം കൊടുത്തു
ഇലകളായ് നാമിനി പുനർജ്ജനിയ്ക്കുമെങ്കിൽ
ഒരേ വൃക്ഷത്തിൽ പിറക്കണം
എനിയ്ക്കൊരു കാമിനിയല്ല
ആനന്ദത്താലും, ദുഃഖത്താലും
കണ്ണു നിറഞ്ഞൊരു
പെങ്ങളില വേണം..
എല്ലാ ഋതുക്കളെയും
അതിജീവിയ്ക്കാനുള്ള ശക്തിയ്ക്കായ്
കൊഴിഞ്ഞ ഇലകൾ പെറുക്കുന്ന
കുട്ടികളെ കാണുമ്പോൾ
വസന്തത്തിന്റെ ഹൃദയത്തിൽ
മൃത്യു ഗന്ധം
ഉള്ളിലെ ചിരിയിൽ ഇലപൊഴിയും
കാലത്തിന്റെ ഒരു കാറ്റു വീശുന്നു
ക്ഷീരം നിറച്ച കിണ്ണത്തിൽ
നഞ്ചുവീഴ്ത്തിയതാരാണ്
നീ തന്ന വിഷം എനിയ്ക്കൗഷധമായ്
തീർന്നുവെന്ന് പാടിയതാരാണ് ..

-------------------------------------------

Saturday, September 12, 2015

ദൂരം / എ.അയ്യപ്പന്‍


പാറയുടെ ശൃംഗത്തില്‍
ഞാനവളുടെ പേരെഴുതി.

പാറയുടെ പരുഷമായ ദു:ഖമറിഞ്ഞു.
അവളുടെ ഓര്‍മ്മയ്ക്ക്‌
കയ്ക്കുവോളം കാട്ടുതേന്‍ കുടിച്ചു.
ഗിരിസാമീപ്യത്തില്‍ നിന്ന്
സമുദ്രത്തിലേക്കൊഴുകിയ നദിയില്‍
ആനവാലിന്‍റെ മോതിരമെറിഞ്ഞു.
അവളന്നു വിരല്‍ചൂണ്ടിയ ദൃശ്യങ്ങളോര്‍ത്തു.
നോക്കൂ ഒരു കുരുടന്‍മൂങ്ങ
വഴി തെറ്റുന്ന ആടുകള്‍
അവള്‍ കാതോര്‍ത്തു:
കേള്‍ക്കൂ, എവിടെ നിന്നാവാം രമണവിലാപം?
-------------------------------------------------

Sunday, February 8, 2015

മരം മുറിക്കുന്ന ദൈവം / എ അയ്യപ്പന്‍


ഉല്‍പ്പതിഷ്ണുവിന്റെ ഗന്ധമുള്ള
കാറ്റ്
കല്‍വിളക്കിലെ
തീനാളത്തെ കെടുത്തി.

കുളം വറ്റി
സംഭാരത്തിന്റെ
കുടം വരണ്ടു.
ഇരുട്ടില്‍ ഒരു പ്രതിമ.
അമ്പലത്തില്‍ ഇപ്പോള്‍
ആരും വരാറില്ല
അങ്കണത്തിലെ ആല്‍ത്തറയില്‍
പഥികര്‍ തണല്‍കൊണ്ടിട്ടു പോകുന്നു.
ഒരു രാത്രിയില്‍
ഇരുട്ടില്‍
മഴുവിന്‍റെ മുറിവേറ്റ്
ആല്‍മരത്തിന്‍റെ കട മുറിയുന്ന ശബ്ദം
ആരും കേട്ടില്ല.
തച്ചുശാസ്ത്രം പഠിക്കാത്ത
ഒരു മരംകൊത്തി
ഈ മരത്തിലൊരു
കൂടു കൊത്തി
അറിവു കൊണ്ട്
മരം മുറിയും മുന്‍പേ
പറന്നു പോയ്‌.
പുലര്‍ച്ചക്ക്
അമ്പലത്തിന്‍റെ നെറുകയില്‍
ആല്‍മരം വീണു.
കാറ്റു കിട്ടാതെ
ഇലകളെല്ലാം കുളത്തില്‍.
തകര്‍ച്ചയുടെ ഒച്ച കേട്ട്
അയലത്തെ കുട്ടികളും മുത്തശ്ശിമാരും
കണ്ണുകള്‍ തുറന്നു.
മഴയുണ്ടാകുമെന്നു കരുതി
വീണ്ടുമുറങ്ങി.
പിറ്റേന്ന്
അമ്പലത്തിന്‍റെ തെക്കോട്ട്‌ പോകുന്ന പാതനിറയെ
മെതിയടിയുടെ
അടയാളങ്ങള്‍.
--------------------------------

Tuesday, October 21, 2014

മദ്ധ്യാഹ്നമെരിയുമ്പോള്‍ /എ.അയ്യപ്പന്‍

കുറച്ചുംകൂടി വെയിലാറട്ടെ വേനല്‍ നാള
വര്‍ഷമൊന്നൊടുങ്ങട്ടെ പോകുവാനെന്തേ ധൃതി.
ഉണക്കച്ചുള്ളികളാണീ വൃക്ഷക്കൊമ്പിന്‍
നിഴല്‍ വിരിക്കും തണലില്‍
ഞാനൊട്ടു നിന്നോട്ടെ
ദാഹം വളരും ചുണ്ടാല്‍ജലം നുകരാനില്ലെങ്കിലും
തരുമോ തണ്ണീര്‍പ്പന്തല്‍ കിനാവിലാണെങ്കിലും
ഇതുപോലെത്ര വൃക്ഷച്ചോട്ടിലെ തണല്‍കൊണ്ടാ-
ലെത്തുവാനൊക്കുമെന്റെ അഭയസ്ഥാനത്തിങ്കല്‍!
അകലെ ജ്വലിക്കുമാ മൃഗതൃഷ്ണയെക്കണ്ടേന്‍
ഇളകിത്രസിച്ചീല അന്നത്തെപ്പോലെന്മനം
മരുപ്പച്ചയായി മാടിവിളിപ്പൂ വെറുംമണല്‍-
പ്പരപ്പില്‍ തിളയ്ക്കുമാ കനല്‍ക്കട്ടതന്‍ ഭൂമി.
എത്രനാളെന്നെ വൃഥാ തളര്‍ത്തിവിഡ്ഢിയാക്കി
ഇന്നും നിന്‍ വഞ്ചനയില്‍ കുടുങ്ങാനറയ്ക്കവേ,
സത്യമെന്നിപ്പോള്‍ തോന്നിപ്പോകുന്നു വഞ്ചനയെ
ഒറ്റ നോട്ടത്തില്‍ക്കണ്ടാല്‍ മിഥ്യയെന്നറിയാതെ.

Thursday, September 25, 2014

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് / എ .അയ്യപ്പന്‍



എന്റെ  ശവപ്പെട്ടി  ചുമക്കുന്നവരോട്
ഒസ്സ്യത്തിലില്ലാത്ത ഒരു  രഹസ്യം  പറയാനുണ്ട്

എന്റെ  ഹൃദയത്തിന്റെ  സ്ഥാനത്ത്
ഒരു  പൂവുണ്ടായിരിക്കും ; ജിജ്ഞാസയുടെ  ദിവസങ്ങളില്‍
പ്രേമത്തിന്റെ  ആത്മതത്ത്വം  പറഞ്ഞുതന്നവളുടെ
ഉപഹാരം .

മണ്ണു മൂടുന്നതിനു മുമ്പ്
ഹൃദയത്തില്‍ നിന്ന്
ആ  പൂ  പറിക്കണം
ദലങ്ങള്‍ കൊണ്ട്
മുഖം  മൂടണം
രേഖകള്‍  മാഞ്ഞ  കൈവെള്ളയിലും
ഒരു  ദലം

പൂവിലൂടെ
എനിക്ക്  തിരിച്ചു പോകണം
മരണത്തിന്റെ  തൊട്ടുമുമ്പുള്ള  നിമിഷം
ഈ  സത്യം  പറയാന്‍ സമയമില്ലായിരുന്നു
ഒഴിച്ചു തന്ന  തണുത്ത  വെള്ളത്തിലൂടെ
അത്  മൃതിയിലേയ്ക്കൊലിച്ചു പോയ്‌

ഇല്ലെങ്കില്‍
ഈ  ശവപ്പെട്ടി  മൂടാതെ  പോകൂ
ഇനിയെന്റെ  ചങ്ങാതികള്‍
മരിച്ചവരാണല്ലോ .