Showing posts with label എം.ആര്‍.രേണുകുമാര്‍. Show all posts
Showing posts with label എം.ആര്‍.രേണുകുമാര്‍. Show all posts

Friday, October 6, 2017

എഴുതുമ്പോള്‍ മായുന്നു / എം.ആര്‍.രേണുകുമാര്‍


തിരമാലകളില്‍
തകിടം മറിയുന്ന
പിണ്ടിച്ചങ്ങാടത്തില്‍
പുനഞ്ഞുകിടക്കുന്ന നമ്മളെ
പ്രണയത്തിന്‍റെ കറചേര്‍ത്ത
നീല കളിമണ്ണുകൊണ്ട് പൊത്തിപൊതിയണം
ഉപ്പുവെള്ളത്തിന്‍റെ നാവുകള്‍
കാര്‍ന്നുതിന്നുന്നതറിഞ്ഞ്
ഒട്ടിക്കിടന്ന് കൊത്തിമരിക്കുന്ന
കളിമണ്ണോട് ചേര്‍ന്ന നമ്മളെ
കരിനീലകൊണ്ടുതന്നെ
കടല്‍ എഴുതിമായ്ക്കട്ടെ
കടലെടുത്ത് ഒടുക്കം
ഉടലാകെ നീലിച്ച്
ഉടലേത് കടലേത്
എന്നറിയാത്ത മട്ടിലാവട്ടെ
ഒടുവിലലിഞ്ഞ് തീരുവത്
നമ്മുടെ ചൊടികളാവട്ടെ
എവിടെയും അലിയാത്ത നിന്‍റെ
ചുരുള്‍മുടിക്കാടിനെ
തിരകള്‍ മാറോട് ചേര്‍ക്കട്ടെ
ചുണ്ടുനനയ്ക്കാനെത്തുന്ന
മേഘങ്ങളുടെ അടിവയറ്റില്‍
നമ്മള്‍ ചേര്‍ന്നുകൊത്തിയ രഹസ്യലിപികള്‍
അവ ആര്‍ത്തിപൂണ്ട് വായിക്കട്ടെ
കടല്‍ക്കാറ്റിന്‍റെ
ചുരും ചൂളവുമായി
എന്‍റെ ഒടുങ്ങാകൊതികള്‍
അലഞ്ഞുതിരിയട്ടെ
തമ്മില്‍ കലര്‍ന്ന് കല്ലിച്ച
നമ്മുടെ ഉടല്‍ നീലയെ
കടല്‍ നീലയില്‍ നിന്ന്
ദൈവത്തിനുപോലും
വേര്‍തിരിക്കാന്‍ കഴിയാതിരിക്കട്ടെ
എനിക്കുമാത്രം നീന്തിയെത്താനും
അകപ്പെടാനും പാകത്തില്‍
ജലച്ചുഴികള്‍ക്കിടയില്‍
നിന്‍റെ പൊക്കിള്‍ച്ചുഴി മാത്രം
വേണമെങ്കില്‍
ഒരിത്തിരികൂടി
ഇരുണ്ട് കിടന്നോട്ടെ.
----------------------------------------------------------

Saturday, August 27, 2016

കുഞ്ഞെറുക്കൻ / എം.ആര്‍.രേണുകുമാര്‍


മേലിലെന്നെ
കുഞ്ഞെറുക്കാന്ന്
വിളിച്ചു പോകരുത്‌.
ഞാനിപ്പോ മോഹൻ ദാസാണു.

കുഞ്ഞെറുക്കാ....ന്ന്
പുറകീന്നാരു വിളിച്ചാലും
ഞാനിനിമേൽ
തിരിഞ്ഞു നോക്കുകേല
നേരേ വന്നു വിളിച്ചാലും
കണ്ടഭാവം നടിക്കില്ല ഞാൻ
പറഞ്ഞില്ലെന്നു വേണ്ട.
കുഞ്ഞെറുക്കനിപ്പോ
ജീവിച്ചിരിപ്പില്ല
എന്നാ മോഹൻ ദാസ്‌
ജീവിച്ചിരിക്കുന്നു.
മറ്റുള്ളോരുടെ
കണ്ണിലെ കരടെടുക്കൽ
കുലത്തൊഴിലാക്കിയവർക്ക്‌
ഉറക്കം തിരികെകിട്ടാൻ
സർക്കാരുഗെസറ്റ്‌
പരിശോധിക്കാവുന്നതാണു.
എന്റെ ചാച്ചൻ
കുഴിത്തറ പൈ ലിയും
അമ്മച്ചി ഏലിയും
മണ്ണോടു മണ്ണായിട്ട്‌
കാലമെത്രയായ്‌,
തോട്ടുചെറേലെ
ഓലപ്പെരപോയിട്ട്‌
ഇപ്പോഴവിടെ
ഒരുതരി മണ്ണുപോലുമില്ല.
പിന്നല്ലേ
അവിടെ പണ്ടെങ്ങോ
തെങ്കരകൊട്ടി നടന്ന
ഒരു കുഞ്ഞെറുക്കൻ.
----------------------------

Thursday, November 6, 2014

അപ്പോഴായിരുന്നു / എം.ആര്‍.രേണുകുമാര്‍


നനഞ്ഞ
കൈയുകള്‍
പാവാടയില്‍
തുടച്ചിട്ട് വാസന്തി
പകര്‍ത്തുബുക്ക്
തുറക്കുകയായിരുന്നു.

രാഹുലന്‍
മീനയുടെ ചെവിയില്‍
ഒരു കുഞ്ഞുരഹസ്യത്തിന്‍റെ
ചുരുള്‍ നിവര്‍ത്തുകയായിരുന്നു.

നിഖില്‍ നബീസുവിന്‍റെ
പട്ടുകുപ്പായത്തിന്‍റെ
പളപളപ്പില്‍ കണ്ണുമഞ്ചി
ഇരിക്കുകയായിരുന്നു.

കാര്‍ത്തിക്‌
പൊട്ടിപ്പോയ
വള്ളിച്ചെരുപ്പ്
ശരിയാക്കുകയായിരുന്നു.

അമ്മിണിടീച്ചര്‍
തലേദിവസത്തെ
എഴുത്തുകള്‍ ബോര്‍ഡേന്ന്
തുടച്ചുകളയുകയായിരുന്നു.

അപ്പോഴായിരുന്നു
മാനമിരുണ്ടതും
മഴ പെയ്‌തതും
കാറ്റിന്‍റെ ചങ്ങലയറ്റതും
ഒരു മരം പൊടുന്നനെ....
------------------------