Showing posts with label സാവിത്രി രാജീവന്‍. Show all posts
Showing posts with label സാവിത്രി രാജീവന്‍. Show all posts

Sunday, May 10, 2015

അമ്മയെ കുളിപ്പിക്കുമ്പോള്‍ / സാവിത്രി രാജീവന്‍



അമ്മയെ കുളിപ്പിക്കുമ്പോള്‍
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്നപോലെ
കരുതല്‍ ‍വേണം.
ഉടല്‍ കയ്യില്‍ നിന്ന് വഴുതരുത്.
ഇളം ചൂടായിരിക്കണം വെള്ളത്തിന്.
കാലം നേര്‍പ്പിച്ച
ആ ഉടല്‍
കഠിന മണങ്ങള്‍ പരത്തുന്ന
സോപ്പുലായനികൊണ്ട് പതയ്ക്കരുത്.
കണ്ണുകള്‍ നീറ്റരുത്.
ഒരിക്കല്‍
നിന്നെ കുളിപ്പിച്ചൊരുക്കിയ
അമ്മയുടെ കൈകളില്‍
അന്ന് നീ കിലുക്കിക്കളിച്ച വളകള്‍ കാണില്ല.
അവയുടെ ചിരിയൊച്ചയും.
നിന്റെ ഇളം കടിയേറ്റ പഴയ മോതിരം
ആ വിരലില്‍ നിന്ന് എന്നേ വീണുപോയിരിക്കും.
എന്നാല്‍
ഇപ്പോള്‍ അമ്മയുടെ കൈകളിലുണ്ട്
ചുളിവിന്റെ എണ്ണമില്ലാത്ത ഞൊറിവളകള്‍!
ഓര്‍മ്മകള്‍ കൊണ്ട് തിളങ്ങുന്നവ
ഏഴോ,എഴുപതോ, എഴായിരമോ
അതില് നിറഭേദങ്ങള്‍?
എണ്ണാന്‍ മിനക്കെടേണ്ട
കണ്ണടച്ച്
ഇളം ചൂടുവെള്ളം വീണ്
പതുപതുത്ത ആ മൃദുശരീരം
തൊട്ടുതലോടിയിരിക്കുക
അപ്പോള്‍
ഓര്‍മ്മകള്‍ തിങ്ങി ഞെരുങ്ങിയ
ആ ചുളിവുകള്‍ നിവര്‍ന്നു തുടങ്ങും
അമ്മ പതുക്കെ കൈകള്‍ നീട്ടി
നിന്നെ വീണ്ടും കുളിപ്പിച്ച് തുടങ്ങും
എണ്ണയിലും താളിയിലും മുങ്ങി
നീ കുളിച്ചു സ്ഫുടമായി
തെളിഞ്ഞു വീണുകൊണ്ടേയിരിക്കും.
അപ്പോള്‍
അമ്മ നിനക്ക് തന്ന ഉമ്മകളിലൊന്ന്
അമ്മയ്ക്ക് പകരം നല്കുക.
അമ്മയെ കുളിപ്പിക്കുമ്പോള്‍
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്നപോലെ....
---------------------------------------------

Monday, September 29, 2014

വാമനന്‍ / സാവിത്രി രാജീവന്‍



സ്‌നേഹിക്കുന്ന പുരുഷനോട്‌
ഞാന്‍ പറഞ്ഞു
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
പക്ഷെ
ഒരടി ഭൂമിക്കുമേല്‍ വച്ച്
അയാള്‍ ചോദിച്ചു
എന്താണിതിനര്‍ത്ഥം?
നീ
വേശ്യയെപ്പോലെ സംസാരിക്കുന്നതെന്ത്‌
കുടയും മറയുമില്ലാതെ?

സ്നേഹിക്കുന്ന പുരുഷനോട്‌
ഞാന്‍ പറഞ്ഞു
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
പക്ഷെ
രണ്ടാം ചുവട്‌ ആകാശത്തേക്കു വച്ച്
അയാള്‍ ചോദിച്ചു
എന്താണിതിനര്‍ത്ഥം?
നീ വേട്ടക്കിറങ്ങിയ
യക്ഷിയെപ്പോലെ സംസാരിക്കുന്നതെന്ത്
മറയും കുടയുമില്ലാതെ?

സ്‌നേഹിക്കുന്ന പുരുഷനോട്‌
ഞാന്‍ പറഞ്ഞു
സ്‌നേഹമാണ്‌ എനിക്കു നിന്നെ
പക്ഷെ
മൂന്നാം ചുവട്‌ എന്‍റെ മൂര്‍ദ്ധാവിലാഴ്ത്തി
അയാള്‍ ചോദിച്ചു കൊണ്ടിരിക്കുന്നു
എന്താണിതിനര്‍ത്ഥം?

അവസാനിക്കാത്ത ആ വിചാരണയ്‌ക്കും
കാല്‍ക്കീഴില്‍ നിന്നും മറഞ്ഞ ഭൂമിക്കും
തലയ്‌ക്കു മുകളില്‍ നിന്നും മാഞ്ഞ ആകാശത്തിനും മീതെ
ഞാന്‍ പറഞ്ഞു
സ്‌നേഹമാണ്‌ നിന്നോടെനിക്ക്
കുടയും മറയുമില്ലാതെ
ഭയകൌടില്യങ്ങളില്ലാതെ.