Showing posts with label ജി. ശങ്കരക്കുറുപ്പ്‌. Show all posts
Showing posts with label ജി. ശങ്കരക്കുറുപ്പ്‌. Show all posts

Sunday, October 23, 2016

ആരാമത്തിൽ / ജി. ശങ്കരക്കുറുപ്പ്‌


ചെന്നു ഞാനാരാമത്തിൽ
നവ്യമാം പ്രഭാതത്തിൻ
പൊന്നു വാഗ്ദാനം കൊണ്ടു
ദിങ്‌ മുഖം തുടുത്തപ്പോൾ

ചിത്രമാം ചിലന്തി തൻ
വലയൊന്നാകാശത്തി-
ലെത്രയും വിശാലമായ്‌
ഉല്ലസിപ്പതു കാണാൻ
സ്വീയമാം സാമ്രാജ്യത്തിൻ
ബലവും വൈപുല്യവു-
മായത ഗർവ്വം നോക്കി-
ക്കേടുപാടെല്ലാം നീക്കി
വലയിൽ കുടുങ്ങിത്തൻ
ചിറകൊന്നനക്കുവാൻ
വലയും പൂമ്പാറ്റ തൻ
ധിക്കാരം സഹിക്കാതെ
കാലുകൾക്കിടയിലാ-
ണെട്ടു ദിക്കുകൾ, നാശ-
മേലുകില്ലൊരുനാളു-
മെന്ന ഭാവനയോടെ
അന്തരീക്ഷത്തിൻ കണ്ണീർ-
കൊണ്ടു മുത്തുകൾ ചാർത്തും
തൻ തലസ്ഥാനത്തിങ്ക-
ലേകശാസനമായി
വാനിനെ മറച്ചു കൊ-
ണ്ടങ്ങനെ വാണൂ വീര-
മാനിയാം തൻ നിർമ്മാതാ-
വുഗ്രരൂപമാം കീടം.
ഒന്നനങ്ങിയാലപ്പോ-
ളറിയാം വഞ്ചിച്ചിടാ-
വുന്നതോ നിരാലസ്യ-
ക്രൂരമാം കണ്ണാർക്കാനും!
നിദ്രയെ ത്യജിച്ചിടു-
മന്തരീക്ഷത്തിന്നന്നാ-
ക്ഷുദ്രജീവി തൻ ദർപ്പം
സഹിപ്പാൻ സാധിക്കാതായ്‌.
കേവലമതിൻ നെടു-
വീർപ്പിനാൽ നൂറായ്‌ ചീന്തീ
പാഴ്‌വല, ചിലന്തി തൻ
അഭിമാനത്തോടൊപ്പം.
ഞാനനുസ്മരിച്ചു പോയ്‌
കാലത്തിന്നാരാമത്തിൽ
മാനവൻ വിരചിച്ച
സാമ്രാജ്യമോരോന്നപ്പോൾ.
----------------------------------

Saturday, May 28, 2016

മണ്‍ചെരാത് / ജി. ശങ്കരക്കുറുപ്പ്‌



ഉടഞ്ഞാലുടഞ്ഞോട്ടെ,-
യെന്‍റെ മണ്‍ചെരാതിതു
തുടച്ചു തിരിവെയ്ക്കും
കനിവിന്‍റെ കൈതട്ടി.
കരി പറ്റിയിട്ടുണ്ട്
പാടു വീണിട്ടുണ്ടിതി-
ലെരിനിശ്വാസങ്ങളാല്‍
പുകയും ജാഢ്യങ്ങളാല്‍
നടുങ്ങിത്തെറിക്കുന്ന
സന്നിഗ്ദ്ധസന്ദര്‍ഭങ്ങള്‍
പടര്‍ന്നു കത്തിക്കെടാന്‍
പോകുന്ന നിമേഷങ്ങള്‍.
എണ്ണിയാലറുതിയി-
ല്ലെന്നാലുമപ്പോള്‍ വ-
ന്നെണ്ണ പാര്‍ന്നുമെന്‍
കരി തട്ടിയും തിരി നീട്ടി
മുന്‍പിലത്തേക്കാള്‍ വെട്ടം
മുന്‍പിലത്തേക്കാള്‍ നോട്ട-
മന്‍പില്‍ത്തന്നരുളുന്നു-
ണ്ടൊരനുഗ്രഹഹസ്തം.
ഉടഞ്ഞാലുടഞ്ഞോട്ടെ,-
യെന്‍റെ മണ്‍ചെരാതിതു
തുടച്ചു കൊളുത്തുന്ന
കനിവിന്‍റെ കൈ തട്ടി.
വരുന്നു പ്രാതസ്സായം-
സന്ധ്യകള്‍,എന്താശ്ചര്യം
ഒരു മണ്‍വിളക്കിന്‍റെ-
യഭിവാദനം തേടി!
ആരലങ്കരിക്കുന്നു
തന്‍ സൗധമൊരായിരം
താരകമണിക്കതിര്‍-
വിളക്കാല്‍,ആ സ്വൈരിണി
കരിപറ്റിയെണ്ണയ്ക്കു
ദാഹിക്കുമീ മണ്‍ചുണ്ടി-
ലെരിയും തിരികൂടി-
യെന്തിനു കൊളുത്തുന്നു!
ഒരു കൗതുകത്തിന്നു മാത്രമായേക്കാം.,
ഗര്‍വ്വിക്കരുതാത്ത ഞാന്‍
ഗര്‍വ്വിക്കുന്നിതീദ്ദയാവായ്പാല്‍.
------------------------------------------

Monday, February 29, 2016

അന്വേഷണം / ജി. ശങ്കരക്കുറുപ്പ്‌


പാഴിരുൾ മൂടട്ടെ,കുന്നും കുഴിയുമാം
പാതയിൽ ഞാൻ തനിച്ചായിടട്ടെ

പ്രേമമേ, നീയെൻ തുടിക്കും കരളിലും
നാമമെൻ ചുണ്ടിലും കത്തി നിൽക്കെ
കൂരിരുൾ പോലും തളിർക്കും വെളിച്ചത്തിൽ
പാരിലില്ലൊന്നുമസുന്ദരമായ്‌.
പേടിയില്ലങ്ങു, ഹാ ദൂരത്തോ ചാരത്തോ
തേടിയലയും കണ്ടെത്തുവോളം
ലക്ഷം കുരു ചേർത്തു കെട്ടിച്ചൊരാ ജപ-
നക്ഷത്രമാലയനങ്ങീടവേ
പ്രേമമേ നിന്റെ അമൃതമധുരമാം
നാമമുരുവിട്ടു നിശ്ശബ്ദയായ്‌
പോരുന്നു രാവുമെൻ കൂടെ, തനിച്ചായി-
പ്പോവുകയില്ല ഞാനീ യാത്രയിൽ.
തേടും ഞാനങ്ങയെ, നേടിയില്ലെങ്കിലും
തേടുവതെന്നുമെനിക്കാനന്ദം.
-----------------------------------------

Sunday, October 26, 2014

ജി.ശങ്കരക്കുറുപ്പ് / നക്ഷത്രഗീതം


എരിയും സ്നേഹാര്‍ദ്രമാമെന്‍റെ ജീവിതത്തിന്‍റെ
തിരിയില്‍ ജ്വലിക്കട്ടെ ദിവ്യമാം ദുഃഖജ്വാല.

എങ്കിലും നെടുവീര്‍പ്പിന്‍ ധൂമരേഖയാല്‍ നൂനം
പങ്കിലമാക്കില്ലെന്നും ദേവമാര്‍ഗമാം വാനം.
എങ്കിലും മദീയാത്മവ്യാപിയാമൂഷ്മാവാര്‍ക്കും
പങ്കിടില്ലാജന്മാന്തം, ഞാനതിലെരിഞ്ഞാലും.
എന്‍ ചിതയിങ്കല്‍ത്തന്നെയാണുഞാ,നെന്നാലേതോ
പുഞ്ചിരിത്തിളക്കത്തെ പഥികന്‍ ദര്‍ശിക്കുന്നു.
വീണു ഞാനാകാശത്തിന്നത്യഗാധതയിങ്കല്‍
താണു പോയേക്കാം മൂര്‍ച്ഛാധീനമാ,യല്ലെന്നാകില്‍
ഭസ്മമായേക്കാം തീരെ ക്ഷുദ്രനാമെന്നെപ്പിന്നെ
വിസ്മരിച്ചേക്കാം കാലം,എന്നാലുമിതു സത്യം
ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോള്‍
ഭൂവിനാ വെളിച്ചത്താല്‍ വെണ്മ ഞാനുളവാക്കി.

Thursday, September 18, 2014

സൂര്യകാന്തി / ജി. ശങ്കരക്കുറുപ്പ്‌


മന്ദമന്ദമെന്‍ താഴും മുഗ്ദമാം മുഖം പൊക്കി-
സ്സുന്ദരദിവാകരന്‍ ചോദിച്ചൂ മധുരമായ്‌:
"ആരു നീയനുജത്തീ? നിര്‍ന്നിമേഷയായെന്തെന്‍
തേരുപോകവെ നേരെ നോക്കിനില്‍ക്കുന്നൂ ദൂരേ?

സൗമ്യമായ്‌ പിന്നെപ്പിന്നെ വിടരും കണ്ണാല്‍ സ്നേഹ-
രമ്യമായ്‌ വീക്ഷിയ്ക്കുന്നൂ തിരിഞ്ഞു തിരിഞ്ഞെന്നെ;
വല്ലതും പറയുവാനാഗ്രഹിയ്ക്കുന്നുണ്ടാവാ-
മില്ലയോ? തെറ്റാണൂഹമെങ്കിൽ, ഞാന്‍ ചോദിച്ചീല."

ഒന്നുമുത്തരം തോന്നീലെങ്ങനെ തോന്നും? സര്‍വ്വ-
സന്നുതന്‍ സവിതാവെങ്ങു നിര്‍ഗന്ധം പുഷ്പം!
അര്യമാവിനെ സ്നേഹിക്കുന്ന ധിക്കാരത്തിന്നു
സൂര്യകാന്തിയെന്നെന്നെ പ്പുച്ഛിച്ചതാണീ ലോകം!

പരനിന്ദ വീശുന്നവാളിനാല്‍ ചൂളിപ്പോകാ,
പരകോടിയില്‍ച്ചെന്ന പാവനദിവ്യസ്നേഹം.

ധീരമാമുഖംതന്നെ നോക്കിനിന്നൂ ഞാന്‍; ഗുണോ-
ദാരനാമവിടത്തേക്കെന്തു തോന്നിയോ ഹൃത്തിൽ!
ഭാവപാരവശ്യത്തെ മറയ്ക്കാന്‍ ചിരിപ്പതി-
നാവതും ശ്രമിച്ചാലും ചിരിയായ്ത്തീര്‍ന്നീലല്ലോ.

മഞ്ഞുതുള്ളിയാണെന്നു ഭാവിച്ചേനാനന്ദാശ്രു,
മാഞ്ഞുപോം കവിള്‍ത്തുടുപ്പിളവെയ്‌ലിലെന്നൊര്‍ത്തേന്‍;
വേപമുണ്ടായംഗതിൽ, ക്കുളിര്‍കാറ്റിനാല്‍, ലജ്ജാ-
ചാപലതാലല്ലെന്നു നടിച്ചേനധീര ഞാന്‍.

ക്ഷുദ്രമാമിപ്പുഷ്പ്പത്തിന്‍ പ്രേമത്തെഗ്ഗണിച്ചാലോ
ഭദ്രനാദ്ദേവന്‍ നിന്ദനീയമായഗണ്യമായ്‌!
മാമകപ്രേമം നിത്യമൂകമായിരിക്കട്ടെ,
കോമളനവിടുന്നതൂഹിച്ചാലൂഹിയ്ക്കട്ടെ.

സ്നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാന്‍;
സ്നേഹത്തിന്‍ഫലം സ്നേഹം, ജ്ഞാനത്തിന്‍ ഫലം ജ്ഞാനം.
സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം,
സ്നേഹം മേ ദിക്കാലാതിവര്‍ത്തിയായ്‌ ജ്വലിച്ചാവൂ!

ദേഹമിന്നതിന്‍ ചൂടില്‍ ദ്ദഹിച്ചാല്‍ ദഹിയ്ക്കട്ടെ,
മോഹനപ്രകാശമെന്നാത്മാവു ചുംബിച്ചല്ലോ.
മാമകമനോഗതമവിടന്നറിഞ്ഞെന്നോ;
പോമവളദ്ദേഹത്തിന്‍മുഖവും വിവര്‍ണ്ണമായ്‌,

വളരെ പണിപ്പെട്ടാണെന്റെ മേല്‍നിന്നും ദേവന്‍
തളരും സുരക്ത്തമാം കയ്യെടുത്തതു നൂനം.
അക്ഷരം പുറപ്പെട്ടില്ലന്യോന്യം നോക്കീ ഞങ്ങള്‍;
തല്‍ക്ഷണം കറമ്പി രാവെന്തിനങ്ങോട്ടേയ്ക്കെത്തീ!

നന്ദികാണിപ്പാനെന്റെ ശിരസ്സു കുനഞ്ഞതു
മന്ദിതോത്സാഹന്‍ പോകെ ക്കണ്ടിരിയ്ക്കില്ലാ ദേവന്‍!
നിദ്രയില്ലാഞ്ഞാരക്ത്തനേത്രനായ്‌ പുലര്‍ച്ചയ്ക്കു
ഹ്ര്ദ്രമനെത്തും, നോക്കുമിപ്പുരമുറ്റത്തെന്നെ;

വിളറും മുഖം വേഗം, തെക്കെന്‍ കാറ്റടിച്ചട-
ര്‍ന്നിളമേല്‍ കിടക്കുമെന്‍ ജീര്‍ണ്ണമംഗകം കാണ്‍കെ.
ക്ഷണമാമുഖം നീലക്കാറുറുമാലാലൊപ്പി-
പ്രണയാകുലന്‍ നാഥനിങ്ങനെ വിഷാദിക്കാം:

"ആ വിശുദ്ധമാം മുഗ്ദ്ധപുഷ്പ്പത്തെക്കണ്ടില്ലെങ്കിൽ!
ആവിധം പരസ്പരം സ്നേഹിയ്ക്കാതിരുന്നെങ്കിൽ!"

ഇന്നു ഞാന്‍, നാളെ നീ / ജി. ശങ്കരക്കുറുപ്പ്‌



"ഇന്നു ഞാന്‍, നാളെ നീ; ഇന്നു ഞാന്‍,നാളെ നീ"
ഇന്നും പ്രതിദ്ധ്വനിക്കുന്നിതെന്നോര്‍മ്മയില്‍!

പാതവക്കത്തെ മരത്തിന്‍ കരിനിഴല്‍
പ്രേതം കണക്കെ ക്ഷണത്താല്‍ വളരവേ,
എത്രയും പേടിച്ചരണ്ട ചില ശുഷ്ക-
പത്രങ്ങള്‍ മോഹം കലര്‍ന്നു പതിക്കവേ,
ആസന്നമൃത്യുവാം നിശ്ചേഷ്ടമാരുതന്‍
ശ്വാസമിടയ്ക്കിടയ്ക്കാഞ്ഞു വലിക്കവേ,
താരകരത്നഖചിതമാം പട്ടിനാല്‍
പാരമലംകൃതമായ വിണ്‍പെട്ടിയില്‍
ചത്ത പകലിന്‍ ശവം വച്ചെടുപ്പതി-
നാത്തമൌനം നാലു ദിക്കുകള്‍ നില്‍ക്കവേ,
തന്‍പിതാവിന്‍ ശവപ്പെട്ടിമേല്‍ ചുംബിച്ചു
കമ്പിതഗാത്രിയായന്തി മൂര്‍ച്ഛിയ്ക്കവേ,
ജീവിതം പോലെ രണ്ടട്ടവും കാണാത്തൊ-
രാ വഴിയിങ്കല്‍ തനിച്ചു ഞാന്‍ നിന്നു പോയ്‌.
പക്ഷികള്‍ പാടിയി,ല്ലാടിയില്ലാലില,-
യിക്ഷിതിതന്നെ മരവിച്ചപോലെയായ്‌!

അന്തികത്തുള്ളൊരു പള്ളിയില്‍ നിന്നുടന്‍
പൊന്തി "ണാം-ണാം"മെന്നു ദീനം മണിസ്വനം.
രണ്ടായിരത്തോളമാണ്ടുകള്‍ക്കപ്പുറ-
ത്തുണ്ടയൊരാ മഹാത്യാഗത്തെയിപ്പൊഴും
മൂകമാണെങ്കിലുമുച്ചത്തില്‍ വര്‍ണ്ണിക്കു-
മേകമുഖമാം കുരിശിനെ മുത്തുവാന്‍
`ആരാലിറങ്ങി വരും ചില "മാലാഖ"-
മാരയ്വരാം കണ്ട തൂവെണ്മുകിലുകള്‍.
പാപം ഹരിച്ചു പാരിന്നു വിണ്ണേറുവാന്‍
പാത കാണിക്കും കുരിശേ ജയിക്കുക!
ആ വഴിക്കപ്പോളൊരു ദരിദ്രന്റെ നി-
ര്‍ജീവമാം ദേഹമടക്കിയ പെട്ടി പോയ്‌.
ഇല്ല പെരുമ്പറ, ശുദ്ധയാം വിശ്വസ്ത-
വല്ലഭതന്നുടെ നെഞ്ചിടിപ്പെന്നിയേ!
ഇല്ല പൂവര്‍ഷം, വിഷാദം കിടന്നല-
തല്ലുന്ന പൈതലിന്‍ കണ്ണുനീരെന്നിയേ!
വന്നു തറച്ചിതെന്‍ കണ്ണിലാപ്പെട്ടിമേല്‍-
നിന്നുമാറക്ഷരം, "ഇന്നു ഞാന്‍, നാളെ നീ."
ഒന്നു നടുങ്ങി ഞാ,നാ നടുക്കംതന്നെ
മിന്നുമുഡുക്കളില്‍ ദൃശ്യമാണിപ്പൊഴും!