Showing posts with label വി.ജി.തമ്പി. Show all posts
Showing posts with label വി.ജി.തമ്പി. Show all posts

Monday, October 27, 2014

ദൈവം മറന്നുവെച്ച ഒരാൾ / വി.ജി.തമ്പി.


തീയിലേക്ക്‌ എടുത്ത്‌ ചാടുന്നവനു
അവന്റെ കരച്ചിൽ തന്നെ തണൽ
തീയിൽ കുളിച്ച കരച്ചിലിൽ തീരണം
ഓർമ്മകളുടെ ചീർത്തു വീർത്ത ജീവിതം.

അമ്പേൽക്കാനായി മാത്രം
ഓർമ്മകളുടെ ശരീരമെന്തിനു?
മറവി ഒരു കന്യകയാണു
ഓർമ്മ ബലാൽസംഗിയും.

ഓർമ്മിക്കുന്നതു കൊണ്ട്‌
സ്വപ്നങ്ങളില്ല വിസ്മയങ്ങളില്ല.

ഞാൻ മുതുക്കനും മുടന്തനും
തിയതിയും വർഷവും.
ഞാൻ ഏതു കവിതയുടെ
ഏതു വാരികയുടെ
ഏതു ലക്കത്തിൽ
ഏതു പേജിൽ.

കണ്ടതു വീണ്ടും കണ്ട്‌
കുടിച്ച വീഞ്ഞ്‌ വീണ്ടും കുടിച്ച്‌
ഓർമ്മകളുടെ എച്ചിൽ തിന്ന്
ചതുപ്പുകളിലെല്ലാം
നഷ്ടനിധികൾ തുരന്ന്...

ഓർമ്മ
തലകീഴായി കെട്ടിത്തൂക്കിയ
പുഴയുടെ കുരിശേറ്റം.

ഒരേ കടലിലേക്ക്‌
ഒരേ പുഴയെ
വീണ്ടും വീണ്ടും കൊണ്ടിടരുതേ.

വിടുതൽ തരണേ,
ഇളവറ്റ ഓർമ്മകളിൽ നിന്നും
സംവത്സരങ്ങളെ ഒഴിച്ചു കളഞ്ഞ്‌
ദൈവമേ, നിനക്കൊപ്പം
എനിക്കപ്രത്യക്ഷനാകണം.

പ്രണയം / അർച്ചന പൂജാരി (ആസാമീസ്‌ )/ മൊഴിമാറ്റം--വി.ജി.തമ്പി


ആ അത്ഭുത ദർശനത്തിന്റെ അർത്ഥം
എന്താണെന്നെനിക്കറിയില്ല
മന്ത്രമുഗ്‌ ദ്ധനായി പൊറുതികെട്ട്‌
പിടഞ്ഞോടിവന്നതാണു ഞാൻ.
കൽപാന്തകാലത്തെ പ്രകാശവർഷങ്ങളെയും
പിന്തുടർന്നെത്തും ഒരു നക്ഷത്രമിന്നലിൽ
കരിമ്പാറപോലുള്ള എന്റെ ഹൃദയമപ്പോൾ
അലിഞ്ഞുപോയതോർമ്മിക്കുന്നു. തരിക നീ
ഉദാരവതിയായ മനസ്വിനീ
നിർമ്മലാകാശങ്ങളുടെ നീലിമയെ തരിക.
നീ എന്നിലേതാണെന്ന്
മന്ത്രിച്ചുണർത്തട്ടെ പ്രിയസഖീ.
ആയിരം നദികൾ ഒരൊറ്റ സാഗരത്തിൽ
സ്വയം സമർപ്പിക്കുന്നതെന്തുകൊണ്ട്‌?
ഇതായിരിക്കുമോ പ്രണയം?
നദികളുടെ ജലസമാധി.
വിരഹപീഡിതമായ ഉടലിന്റെ തടവറയിൽ
ഹർഷോന്മാദത്തിന്റെ താരുണ്യം തളിരിടുന്നുവല്ലോ.
ഇതായിരിക്കുമോ പ്രണയം?
ഹാ,മധുരമധുരമായ ഒരലപോലെ
തിരതല്ലുകയാണെന്നിൽ സുഗന്ധപൂരം
പ്രണയം,അതിതായിരിക്കുമോ?
മരുഭൂമിയുടെ വേനൽ വിസ്തൃതിയിലേക്ക്‌
ആർ ദ്രമായ നീരൊഴുക്കുകൾ
ദേവദൂതിയുടെ വെട്ടിത്തിളങ്ങുന്ന ചിറകുകളിൽ
നക്ഷത്രലിഖിതങ്ങൾ.
ആത്മവിസ്മൃതിയിൽ
എന്റെ ഉള്ളുടലിലെ വാസ്തുശിൽപം
പുതു നിർമ്മിതമാകുന്നു നിശ്ശബ്ദമായി.
ഇതോ,ഇതായിരിക്കുമോ പ്രണയം?
അഗ്നിപോലെ ജ്വലിക്കുന്ന
തൂമഞ്ഞുപോലെ ഉരുകുന്ന
ഉത്തുംഗമായതരംഗങ്ങൾ തിരിച്ചണയുന്ന
സ്നേഹം,ഗൂഢസ്നേഹം.
ഹാ, ജീവനേ,
പച്ചയെ കൂടുതൽ പച്ചയാക്കുക
ഉൾക്കളങ്ങളെ മധുമാസമാക്കുക.
നിന്റെ തിളങ്ങുന്ന പ്രാണനാൽ
ഉന്മാദലഹരിയാക്കുക.
ഞാനിതാ നിന്റെ തൂലികയാൽ
വരയ്ക്കപ്പെട്ടുകഴിഞ്ഞു.
അധരങ്ങളുടെ മൂകവേദനയാൽ
അകം നീറ്റുന്ന പ്രണയനോവിനാൽ
ഞാൻ കൃപാർദ്രനാകുന്നു.
പ്രണയം വിചിത്രമായ രഹസ്യമാണെന്ന്
ആരാണരുളിയത്‌?
നിന്റെ പ്രണയത്തിന്റെ
ശീതളസൗരഭങ്ങൾ
ഹൃദയത്തിലൂറുന്നു നക്ഷത്രലിഖിതം.
പ്രിയപ്പെട്ട ജീവനേ
നീ ഞാനാകുമായിരുന്നെങ്കിൽ.