Showing posts with label വീരാന്‍കുട്ടി. Show all posts
Showing posts with label വീരാന്‍കുട്ടി. Show all posts

Wednesday, July 27, 2016

ഉപമകള്‍ / വീരാന്‍കുട്ടി


ഇസ്തിരി വിരിപ്പിലെ
പഴുപ്പിച്ച
തേപ്പുപെട്ടിക്കടിയില്‍പ്പെടാന്‍
തിരക്കിട്ടുപോകുന്ന
ഉറുമ്പിന്‍റേയോ
ഉടനെ വലിച്ചടയ്ക്കാന്‍ പോകുന്ന
വാതില്‍പോളക്കും
കട്ടിളപ്പൊഴിക്കുമിടയിലിരുന്ന്
ധ്യാനിക്കുന്ന പല്ലിയുടെയോ
വലയിലകപ്പെട്ടിട്ടും
അതറിയാതെ പറക്കാനായുന്ന
ശലഭത്തിന്‍റയോ
ഉപമ മതിയാവില്ല
നിങ്ങളെന്നെക്കുറിച്ചെഴുതും കവിതക്ക്.
എനിക്കുള്ള തീ
ഇറുങ്ങാനുള്ള പഴുതുകള്‍
എന്‍റെ വല
ഒക്കെയും ഞാന്‍ തന്നെ സമ്പാദിച്ചത്.
അറിഞ്ഞുകൊണ്ട്
മരണവായില്‍ കയറിയിരുന്ന്
കൊല്ലുന്നേ എന്ന് നിലവിളിക്കുന്ന
പ്രാണിയുടെ ഉപമ കൊണ്ട്
മനുഷ്യന്‍ എന്ന കവിത പൂര്‍ത്തിയാക്കാം,
മരണമെന്നെഴുതിയ ശേഷം
പേനയുടച്ചു കളഞ്ഞ കവിയുടെ ഉപമയില്‍
ദൈവം എന്ന കവിത തുടങ്ങിവെക്കാവുന്നതുപോലെ.
-----------------------------------------------------------

Monday, June 13, 2016

രണ്ടു പെണ്കുട്ടികൾ / വീരാന്‍കുട്ടി


ക്ലാസ്സിൽ ഒരേബെഞ്ചിൽ
അത്രയടുപ്പത്തിൽ
ഒട്ടിയിരുന്നിട്ടുകൂടി
മിണ്ടിയതിന്നു നീ കേസുപിടിപ്പിച്ച്
തല്ലു വാങ്ങിത്തന്നിരുന്നു.

നാലിലെ കൊല്ലപ്പരീക്ഷയ്ക്ക് ഉത്തരം
നോക്കിയിടാൻ കഴിയാഞ്ഞ-
ദേഷ്യം നഖത്തിൻ തിണർപ്പുകളായെന്റെ
ദേഹത്ത് പൊങ്ങിയിരുന്നു
പച്ച അരിപ്പുളി
പൊട്ടിച്ചതിൻ തരി
ഉപ്പു പുരട്ടിയൊറ്റയ്ക്ക്
എന്നെ നോക്കിക്കൊണ്ട് തിന്നു തീർക്കാൻ
നിനക്കെന്തു രസമായിരുന്നു.
ഉച്ചയ്ക്ക് എന്നെയുംകൂട്ടി രഹസ്യമായ്
പച്ച നോട്ബുക്കു തുറന്ന്
പൌഡറെടുത്തു മുഖത്തു വാരിത്തേച്ച്
എങ്ങിനെയെന്നു കുഴഞ്ഞ്
എന്റെ കറുപ്പിനെ വീണ്ടും കറുപ്പിച്ച
നിന്റെ കുറുമ്പാരറിഞ്ഞു?
റബ്ബറു വാങ്ങുവാൻ വച്ച പണംകൊണ്ട്
കോലൈസു വാങ്ങിയീമ്പുമ്പോൾ
തട്ടിപ്പറിച്ചോടി ദൂരെപ്പോയ് തിന്നെന്നെ
കണ്ണിറുക്കി കരയിച്ചു!
ക്ലാസ്സു വിട്ടെന്നെയുംകൂട്ടി നീ പിന്നിലെ
കുന്നിൻവഴിയേ നടന്ന്
കുത്തനെ നിൽക്കുന്ന പാറയിൽ അള്ളി-
പ്പിടിച്ചു വലിഞ്ഞുകയറി
നുള്ളിക്കായ് തിന്നു,കളിച്ചു പതുക്കനെ
കൂട്ടായിരുട്ടുമണഞ്ഞു.
താഴെയിറങ്ങുവാനാകാതെ ഞാൻ കര-
ഞ്ഞാകെ വിറച്ചുനിൽക്കുമ്പോൾ
കണ്ണൂ തുറിച്ചു മുടിയഴിച്ചിട്ടു നീ
എന്നെ വിഴുങ്ങുവാൻ വന്നു!
പേടിച്ചു ഞാൻ നിന്നെ ഉന്തിയിട്ടാകയാൽ
എത്ര കാലം നീ കിടന്നു
എങ്കിലും കാരണം ചോദിച്ചവരോട്
താനേ മറിഞ്ഞു വീണെന്ന്
കള്ളം പറഞ്ഞു നീ
എന്നോടു കാട്ടിയ
സ്നേഹത്തിലെന്തായിരുന്നു?
(  പഴയ കടലാസുകൾക്കിടയിൽനിന്നും ഇന്ന് കിട്ടിയത്.പണ്ടെപ്പോഴോ‍ എഴുതിയതാണ്. ആദ്യമായി എഫ് ബിയിലൂ‍ൂടെ വെളിച്ചം കാണുന്നു.)

Thursday, January 14, 2016

സ്മാരകം /വീരാന്‍കുട്ടി


അപ്പൂപ്പന്‍ താടിയുടെ പറക്കത്തെ
വിനീതമായ ഒരു ശ്രമമായി കാണണം
ചിറകുകളില്ല
ദേശാന്തരം വിധിച്ചിട്ടില്ല
ആകാശവും സ്വന്തമല്ല
എന്നിട്ടും അതു പറക്കുന്നു
കുഞ്ഞിനെ എന്നപോലെ
വിത്തിനെ മടിയില്‍ വച്ച്.
'അതു കാണും സ്വപ്നത്തിലെ
മരത്തിന്‍റെ തണലില്‍
നാളെയൊരാള്‍ വന്നിളവേല്‍ക്കും'
എന്ന കവിത അതിനറിയില്ല
അറിവില്ലായ്മയുടെ ഭാരക്കുറവില്‍
അതു പറക്കുന്നു.
അതിനെ പക്ഷി എന്നു വിളിക്കാതിരിക്കാന്‍
നാം കാണിക്കുന്ന കരുണയില്‍
അതു കുറച്ചുകൂടി ദൂരം പോയേക്കും
ധീരമെങ്കിലും എളിയ അതിന്‍റെ ശ്രമം
വീണുപോകുന്നിടത്ത്
സ്മാരകമായി
ഉയര്‍ന്നു വന്നേക്കും
ആരുമറിയാതെ
നാളെ ഒരു മരം.
----------------------------------------------

Sunday, July 26, 2015

ഓട്ടോഗ്രാഫ് / വീരാന്‍കുട്ടി


താളുകള്‍ മറിച്ചുമറിച്ച്
ചില്ലുകള്‍ക്കിടയില്‍ത്തന്നെ
ഉറങ്ങിയ കാറ്റേ
നിനക്കുള്ളത്
വെയില്‍
സ്വര്‍ണ്ണത്താല്‍
ഏതിലയില്‍
എഴുതിവച്ചിരിക്കുന്നു? 

-------------------------

Sunday, May 31, 2015

 ഇടതുകൈ / വീരാന്‍കുട്ടി

കൈകളില്‍ ഞാന്‍ ഇടത്തേത്
ഇക്കാലം ശരിക്കും ഇടത്തുനില്‍ക്കുന്ന ഒരാള്‍ക്ക്
എന്തുസംഭവിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ?
പിറക്കുമ്പോള്‍ വലതു കൈയുമായി എനിക്ക്
വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല.
ഇന്നെനിക്കു അതിന്റെ അത്രയും പേശീബലമില്ല,
എഴുന്നുനില്‍ക്കുന്ന ഞരമ്പുകളില്ല,
തഴമ്പില്ല,
കണ്ടാല്‍ പാവംതോന്നുന്ന ഒന്നായി ഞാന്‍.
ഒന്നു കൈകൊടുക്കാന്‍,
ചോറിനൊപ്പം കുഴയാന്‍,
വിരല്‍ ചൂണ്ടാന്‍,
അരുതെന്നു വിലക്കാന്‍,
കൊടിയേന്താന്‍
ഇഷ്ടമില്ലാഞ്ഞിട്ടല്ല;
ഉദ്യമിക്കാഞ്ഞിട്ടുമല്ല.
കാര്യങ്ങള്‍ കൈയേല്‍ക്കാന്‍ അവസരം വരുമ്പോഴെല്ലാം
വലതുകൈ ചാടിവീണ് അതു ചെയ്തിരിക്കും
തന്നെപ്പോലെ ഒരുകൈ കൂടെയുണ്ടെന്ന പരിഗണനയേയില്ലാതെ,
ഓര്‍മപോലുമില്ലാതെ,
ഒറ്റക്ക്.
യോഗ്യത ഇല്ലാഞ്ഞിട്ടാവും
ഓര്‍ക്കാതെ കൊടുത്തുപോയ കൈ,
വെച്ചുനീട്ടിയ കൈനീട്ടം
തിരിച്ചെടുക്കേണ്ടി വന്നിട്ടുണ്ട്
ക്ഷമ പറഞ്ഞിട്ടുണ്ട്.
കുറ്റം പറയരുതല്ലോ
പൊങ്ങാത്ത ചില ഭാരങ്ങള്‍ക്ക്,
തീരാത്ത ചില വേലകള്‍ക്ക്
എന്നെയും സഹായത്തിനു കൂട്ടാറുണ്ട്
ഇട്ടുപൊട്ടിക്കരുത്...
ആഞ്ഞുവലിച്ചോളണം...
എന്നെല്ലാമുള്ള കല്‍പനസഹിതം.
എന്നാല്‍ ഒന്നുണ്ട്,
ചില പണിക്ക് ഈ ഇടതുകൈ കൂടിയേതീരൂ
മണ്ണില്‍ വീണതു പെറുക്കാന്‍
വിസര്‍ജ്യം കഴുകാന്‍,
ചത്തപാമ്പിനെ എടുക്കാന്‍.
ശുദ്ധാശുദ്ധത്തിന്റെ കാര്യമാണേ,
അഭിമാനത്തിന്റെ പ്രശ്‌നമാണേ.

ഇടത്തായിപ്പോയി എന്നതുകൊണ്ടുമാത്രം
തരംതാഴ്ത്തപ്പെട്ട് തരംതാഴ്ത്തപ്പെട്ട്
അവഗണിക്കപ്പെട്ട് അവഗണിക്കപ്പെട്ട്
എനിക്കു മതിയായി.
എങ്കിലും ചെറിയ ശബ്ദത്തില്‍ ഞാനൊന്നു പറഞ്ഞുകൊള്ളട്ടെ;
ഇടത്തുതന്നെ തുടരുന്നതിലുള്ള എന്റെ അഭിമാനം
ആര്‍ക്കും അടിയറവെക്കാനൊന്നും ഉദ്ദേശിക്കുന്നിെല്ലന്നേ..
നിങ്ങള്‍ വിചാരിച്ചപോലെ മടിയില്‍കിടന്ന്
പാവം കുഞ്ഞിനെപ്പോലെ ഉറങ്ങുകയൊന്നുമല്ലെന്നേ ഞാന്‍
ഒരിടതുകൈയനില്‍ ചെന്നുപിറക്കാനുള്ള എന്റെ ഉറച്ചസ്വപ്‌നം
അണയാതെ സൂക്ഷിക്കാന്‍ ഞാന്‍ മറ്റെന്ത് ചെയ്യാനാണ്?
-----------------------------------------------------------------

 

Saturday, May 16, 2015

മിണ്ടാപ്രാണി / വീരാന്‍കുട്ടി


ചത്തവര്‍ എഴുന്നേറ്റുവരില്ലെന്ന ഉറപ്പ്
വലിയ സൗകര്യം തന്നെ
അവരോട് എന്ത് ഉപേക്ഷയും കാട്ടാം
കമാന്നൊരക്ഷരം ചോദിക്കില്ല.
മോര്‍ച്ചറിയില്‍ ചുറ്റിക വെച്ച് തലയോട്ടി തകര്‍ക്കുന്നയാള്‍ക്ക്
അതൊരു മനുഷ്യന്‍റേതാണെന്ന വിചാരമുണ്ടോ?
ക്വാറിയില്‍ മെറ്റലടിക്കുന്ന
പയ്യനു കാണും
അതിനേക്കാള്‍ ശ്രദ്ധ,അലിവ്.
തലച്ചോറും കരളുമെല്ലാം
വാരി വയറ്റിലിട്ട്
തുന്നിക്കെട്ടുന്നതു കാണണം
സ്കൂള്‍ കുട്ടികള്‍ അതിലും നന്നായി
കീറിയ പന്ത് തുന്നും.
നിരാലംബരെ ആര്‍ക്ക് എന്താണ് ചെയ്തുകൂടാത്തത്?
മുറ്റത്തെ പന്തല്‍ കണ്ടാലറിയാം
മരിച്ച വീടിനെ.
പഴകി നരച്ച,ചെറിയ ഒരു താര്‍പ്പായ
ആരെങ്കിലും കൊണ്ടുവരും
ഏണും കോണുമൊക്കാതെ
വലിച്ചുകെട്ടിപ്പോകും മറ്റൊരാള്‍.
ചോദിക്കേണ്ടയാള്‍ ഇപ്പോള്‍
ഇല്ലല്ലോ എന്ന ധൈര്യത്തിലാണ്
കുട്ടികളുടെ കളിപ്പന്തല്‍
ഇതിനേക്കാള്‍ എത്ര ഭേദം!
ചമഞ്ഞു കിടക്കാനുള്ള
അവസാന അവസരമായിരുന്നില്ലേ?
രണ്ടു കഷ്ണം വെള്ളയില്‍
അത് തീര്‍ത്തു കളഞ്ഞു.
കല്യാണത്തിന് എന്തുമാത്രം
ചമയങ്ങളായിരുന്നു!
വീട്ടില്‍ വരുന്നവരെ
സല്‍ക്കരിച്ചല്ലാതെ വിടുമായിരുന്നില്ല.
എന്നിട്ടെന്ത്?
അവസാനമായി ഒന്നു കാണാന്‍ വന്നവര്‍ക്ക്
തുള്ളിവെള്ളം കൊടുത്തില്ല
ഒന്നിരിക്കാന്‍ പറഞ്ഞില്ല.
കുഴി വെട്ടുമ്പോള്‍
ഒന്നു തിരിഞ്ഞു കിടക്കാനുള്ള
തുറസ്സെങ്കിലും വെച്ചാലെന്ത്?
എത്ര കാലത്തേക്കുള്ള കിടപ്പാണെന്നാര്‍ക്കറിയാം?
എന്നാല്‍
പോയ്ക്കിട്ടിയല്ലോ എന്ന ആശ്വാസം
പായസം വിളമ്പിത്തന്നെ ആഘോഷിക്കും
അടിയന്തിരത്തിന്‍റെ അന്ന്.
അരുതെന്ന് അയാള്‍ വാശിവെച്ചതൊക്കെയും
അയാളുടെ പേരില്‍ ചെയ്യുന്നതിന്‍റെ
തിരക്കിലാണേവരും.
വെറുതെയല്ല മരിച്ചവര്‍
തിരിച്ചു വരാത്തത്!
-----------------------------------------------

Wednesday, April 29, 2015

കമിതാക്കള്‍ / വീരാന്‍കുട്ടി


പാലത്തില്‍ നിന്നും
പുഴയില്‍ പ്രതിബിംബിച്ച
തീവണ്ടിയില്‍
കയറിപ്പറ്റി
രണ്ടു മീനുകള്‍.
വണ്ടി പുഴകടന്ന്
കരയിലെത്തുമ്പോള്‍
ശ്വാസം മുട്ടിത്തുടങ്ങുമെന്ന്
അവരോട്
പറഞ്ഞിരുന്നില്ല
പ്രണയം.
------------------------

Wednesday, March 18, 2015

വിപരീതം / വീരാന്‍കുട്ടി


പരുക്കൻ കല്ല്
ഉരുണ്ടുരുണ്ടൊരു
മിനുത്ത ശില്പമായ്
പരിണമിക്കുന്നു
മിനുപ്പേറും കുഞ്ഞ്
ഇഴഞ്ഞുമോടിയും
പരുപരുക്കനാം
മനുഷ്യനാകുന്നു!

------------------

Thursday, February 26, 2015

കാലടികള്‍ / വീരാന്‍കുട്ടി


കടല്‍ത്തീരത്തെ മണലില്‍ നിന്‍റെ
കാലടി തിരയുകയായിരുന്നു.
കാലടികള്‍ക്കു മേല്‍ കാലടികള്‍
കാലടികളുടെ സമുദ്രം!
എങ്കിലും,ആര്‍ക്കുമേ
കാണാനാവാത്ത വിധം
അതില്‍ വിരിഞ്ഞു നില്‍ക്കുന്ന
താമരമൊട്ടുകള്‍ നോക്കിനോക്കി
നിന്‍റെ വഴി കണ്ടെത്തി.

--------------------------

Friday, February 6, 2015

വെറുതെ / വീരാന്‍കുട്ടി


സ്വന്തം രൂപം
നീട്ടിയും
കുറുക്കിയുമുള്ള
നിഴലിന്‍റെ
കളിയെ
നിസ്സാരമെന്നു
വിചാരിക്കരുത്.
എന്നും
ഒരാളുട
കീഴില്‍
കഴിയേണ്ടി-
വരുന്നതിന്‍റെ
സങ്കടം
മറക്കാന്‍
അതു
ശ്രമിക്കുന്നതാവും.
-------------------

Tuesday, January 13, 2015

കടം / വീരാൻകുട്ടി


പൂമ്പാറ്റകൾ ഉടുപ്പു തുന്നുന്ന
ഇടങ്ങളിൽ പോയിട്ടില്ല .

ഉറുമ്പിന്റെ കണ്ണിലൂടെ
നോക്കിയിട്ടില്ല ഭൂമിയെ .

പുഴുവിൻ ഉടൽവഴക്കങ്ങളിൽ
നടന്നില്ല .

മഴയുടെ  സ്പ്ഫടികപ്പാനൽകൊണ്ടുള്ള
വീട്ടിൽ
വെയിലു ചോരുന്നത്
കൊള്ളുവാൻ കഴിഞ്ഞിട്ടില്ല .

ഒരാഗ്രഹംകൂടിയുണ്ട്
നടക്കാത്തതായിട്ട് :

ഭൂമിയെ കണ്ടു കണ്ണഞ്ചി
മടങ്ങാൻ മറന്ന്
നിന്നുപോകുന്ന മിന്നലിനെ
അഴിച്ചെടുത്ത്
ഒരുനാൾ പണിയണം
ഉമ്മയ്ക്കൊരരഞ്ഞാണം.
----------------------------

(ഉമ്മയുടെ പുന്നാര അരഞ്ഞാണംആരുമറിയാതെ വിറ്റാണ് എന്നെ പ്രീഡിഗ്രിയ്ക്കു ചേര്‍ത്തത്.മിന്നലിനെ മറ്റെന്തിനേക്കാളുഠ പേടിക്കുന്ന എൻറെ പാവം ഉമ്മ.
-------വീരാൻകുട്ടി )

Sunday, January 4, 2015

സ്റ്റിക്കർ / വീരാൻകുട്ടി


ഓർത്തിരിക്കാതെ
രണ്ടു പ്രാണൻ
തമ്മിൽ ഒട്ടുന്നതിന്റെ
ആകസ്മികതയുണ്ട്
ഏതു പ്രണയത്തിലും .

കീറിക്കൊണ്ടല്ലാതെ
വേർപെടുത്താൻ
പറ്റാത്തതിന്റെ
നിസ്സഹായതയുണ്ട്
അതിന്റെ പിരിയലിൽ .
----------------------------

Saturday, September 27, 2014

ഒടുക്കം /വീരാന്‍കുട്ടി


നദിയെ കുറ്റപ്പെടുത്തുന്ന ഒരു വാക്കും
ഞാനിഷ്ടപ്പെടുകയില്ല
മുങ്ങിത്താഴാന്‍ വരുന്ന ഒരാളെ
അതു മുഴുവനായും സ്വീകരിക്കുന്ന കാലത്തോളം
മുറിച്ചുകടക്കാന്‍ വരുന്നവരെ അതിനനുവദിക്കുവോളം

സന്ദര്‍ശകനുകൊടുക്കാന്‍
ചെറുമീനുകളുടെ ചില്ലുഭരണി
അതു കാത്തുവെക്കുന്നുണ്ട്.

മുത്തുകളില്ല
പവിഴങ്ങളില്ല
വലിയ മുരള്‍ച്ചകളോ
തിരയിളക്കമോ ഇല്ല.
ഇത്രക്കുപാവമാകാന്‍ തുടങ്ങിയാല്‍
ഈ നദി ഒരു ധ്യാന ഗുരുവായിമാറുമെന്നു തോന്നി.

എങ്കിലും എനിക്കു വിശ്വാസമില്ല
അഴിമുഖത്തെത്തുമ്പോള്‍ എന്തുസംഭവിക്കുമെന്ന്.
സമുദ്രത്തിന്‍െറ കൂട്ടുകെട്ടില്‍
അതു സ്വന്തം പേരുകളഞ്ഞേക്കും
നീണ്ട യാത്രയുടെ അറിവെല്ലാം
മടുപ്പിനു സമര്‍പ്പിക്കും
കുതിപ്പുകളെ
പാറയിലേക്കു എടുത്തുചാടിയശേഷമുള്ള പൊട്ടിച്ചിരിയെ
അത് ഇപ്പൊഴേ മറന്നിരിക്കുന്നു.

ഈ പോക്ക്
എന്നെന്നേക്കുമായുള്ള കെട്ടിക്കിടപ്പിലേക്കാണല്ലോ
എന്നോര്‍ക്കുമ്പോള്‍
ഭര്‍തൃവീട്ടിലേക്കു പോവുന്ന
പുതുപ്പെണ്ണിനെ ഓര്‍മവരുന്നു.

പക്ഷേ, നദിയോടക്കാര്യം പറഞ്ഞുനോക്കൂ
അതിനതു മനസ്സിലാവുകയില്ല
എന്തുകൊണ്ടാണെന്നു ചോദിക്കരുത്
അതങ്ങനെയാണ്.

എല്ലാം ഞാന്‍ തന്നെ പറയണമെന്നില്ല / വീരാന്‍ കുട്ടി



എല്ലാം ഞാന്‍ തന്നെ പറയണമെന്നു 
ശഠിക്കരുതേ.

ഏകാന്തതയെക്കുറിച്ചു പറയാന്‍ ,
പിറന്ന നാള്‍ മുതല്‍ 
ഒരേ നില്പു നില്‍ക്കുന്ന 
ആ പര്‍വതം തന്നെ ധാരാളം മതി .

കാടിനെ 
പൊട്ടിച്ചിരികളോടെ വര്‍ണിക്കാന്‍ 
അതിന്‍റെ അരുവിയെത്തന്നെ ചുമതലപ്പെടുത്തൂ.

സ്വപ്‌നങ്ങള്‍ നെയ്യുന്നതിനെപ്പറ്റി 
ഈ എട്ടുകാലിക്കു
പറയാനുള്ളതില്‍ കവിഞ്ഞൊന്നും 
എനിക്കറിയില്ല .

വിശപ്പിനെപ്പറ്റിയാണെങ്കില്‍ 
മെലിഞ്ഞ രൂപങ്ങള്‍ കൊണ്ട് 
ഒരു ചിത്രപരമ്പര തന്നെ എഴുതും 
ഈ തെരുവിലെ നിഴലുകള്‍ .

മരിച്ചുകിടക്കുന്ന ഒരാള്‍ക്ക്‌ 
മറ്റാരേക്കാളും 
നിശ്ശബ്ദതയെക്കുറിച്ച് നിങ്ങളോട് ചിലത്
പറയാനുള്ള അര്‍ഹതയുണ്ട് ;
ദൈവത്തെക്കുറിച്ചും.

പറയുന്നതെന്തെന്നുവെച്ചാല്‍ 
ഇത്ര കാലവും ഒച്ചവെച്ചുകൊണ്ടിരിക്കുന്നവരോട്
ഒന്നു മിണ്ടാതിരിക്കൂ എന്നു പറയാന്‍ 
ഒരു ധൈര്യശാലി മുന്നോട്ടു വരേണ്ടിയിരിക്കുന്നു.
നിങ്ങളില്‍ നിന്നു ഒരാളാവുമെങ്കില്‍ നല്ലത്.

Thursday, September 25, 2014

കുഞ്ഞുവരകള്‍ / വീരാന്‍കുട്ടി



നഴ്സറിക്കുട്ടി വരഞ്ഞ ചിത്രത്തിലെ
മരങ്ങളൊക്കെയും പെട്ടെന്ന് മുതിര്‍ന്നു .

കുന്നുകളുടെ പൊട്ടിയ പോളയില്‍നിന്നും
ഒരു ചുവന്ന വിത്ത്
മണ്ണിലേയ്ക്ക് അടരാന്‍ കാത്തുനിന്നു .

സിംഹത്തെ വരച്ചവരയില്‍ നിര്‍ത്തി
വറ്റിയ പുഴയെ ഒഴുക്കിവിട്ടു .

വിമാനത്തേക്കാള്‍ വലിയ ശലഭം
കുഞ്ഞു പൂവില്‍ വന്നിരുന്നിട്ടും
അതിന്‍റെ തണ്ട് ഒടിയാതെ നോക്കി .

കടലുള്ളത് ആകാശത്തിലെന്നു തോന്നി
നക്ഷത്രങ്ങള്‍ നിലത്തും .

ഇതിന്റെ എവിടെയാണു നീ ?
ഞാന്‍ ചോദിച്ചു .

മരങ്ങള്‍ക്കിടയിലും
തിരകള്‍ക്കു മുകളിലും
നക്ഷത്രങ്ങള്‍ക്കു നടുവിലും
പെന്‍സില്‍ പായിച്ച് അവന്‍ പറഞ്ഞു ;
ഇതാ ഇവിടെ അല്ല അവിടെ അല്ല ഇവിടെ !

തെറിവാക്കുകള്‍ / വീരാന്‍കുട്ടി


അഴകുള്ള പദങ്ങളെ
ചേലില്‍ വിളക്കി
താളത്തില്‍ കവിത കെട്ടുകയായിരുന്നു.

അപ്പോള്‍ എവിടെനിന്നോ ഒരു വാക്ക് കയറിവന്നു.
ചെമ്പന്‍ മുടി പാറിച്ച്
മൂക്കീരൊലിപ്പിച്ച്
ബട്ടണ്‍ തെറ്റിയിട്ട വലിയ ഷര്‍ട്ടിനുള്ളില്‍ വിറയ്ക്കുന്ന
ഒരു നാടോടിയെന്നു തോന്നിച്ചു.

ആരോ ഓടിച്ചുവിട്ട ചീത്തവാക്കാണെന്നു പറഞ്ഞു.
ആരും വീട്ടില്‍ കയറ്റാത്ത,
ഒരെഴുത്തിലും പ്രവേശിപ്പിക്കാത്ത.

ആരും കാണാതെ എടുത്ത് ഓമനിക്കാന്‍ തോന്നി
തെറിച്ച വാക്കേ...
എത്ര കലഹങ്ങളില്‍ നീ ഞങ്ങളില്‍ വന്നു തിളച്ചു
നീ നാവില്‍ വന്നു വിളയാടിയപ്പോള്‍
കൊല്ലാന്‍ കരുതിയ കഠാര
വെറുതെ നഖം മുറിക്കാനുള്ളതായി
ഓങ്ങിയ കൈ കെട്ടിപ്പിടിച്ചു
രഹസ്യങ്ങള്‍ക്കു മറ്റേത് മാതൃഭാഷ?
ആത്മാവിനെ നീ ഉടുപ്പഴിച്ചു കിടത്തി
കാമത്തിനു തീക്കൊടുത്തു.

ആയിരം നാവിനാല്‍ തള്ളിപ്പറയുമ്പോഴും
ഉള്ളില്‍വന്നു വിളയാടണേ എന്നു പ്രാര്‍ഥിച്ചുപോയിട്ടുണ്ട്.

‘‘മതി...മതി...’’ കുതറിയിറങ്ങിക്കൊണ്ടതു പറഞ്ഞു.
‘‘ഇങ്ങനെ പറഞ്ഞു സുഖിപ്പിക്കുന്നതല്ലാതെ
ഇത്ര കാലവും കവിതയില്‍
നിങ്ങളും എനിക്കൊരിടം തന്നില്ലല്ളോ.
അലങ്കാരങ്ങളെക്കൊണ്ട്
നിങ്ങള്‍ പലനിലകളില്‍ പടുത്ത
ഗോപുരങ്ങളെല്ലാം കടലെടുത്തുപോകും
ഒളിവിടങ്ങളില്‍ എന്‍െറ മടകള്‍
അപ്പോഴും ബാക്കിയുണ്ടാകും...’’
എന്ന് ഉച്ചത്തില്‍ മുഴങ്ങി
ഏതോ പ്രാചീനമൃഗത്തിന്‍െറ കാല്‍വെപ്പുകളില്‍
ഭാഷയുടെ കാട്ടിലേക്ക്
അത് ഇറങ്ങിപ്പോകുന്നത്
നോക്കിനിന്നു.