Showing posts with label വിജില ചിറപ്പാട്‌. Show all posts
Showing posts with label വിജില ചിറപ്പാട്‌. Show all posts

Friday, June 10, 2016

പോസ്റ്റ്‌ മോർട്ടം / വിജില ചിറപ്പാട്‌


ആയിരം നാവുള്ള
ചിറകുയർത്തി
മൗനം എന്ന വാക്കിനു
തീ കൊളുത്തുന്നു.

ഞങ്ങൾ
ഉറക്കമില്ലാതെ
പൊരുതിക്കൊണ്ടിരിക്കുന്നവർ
ഒരു കൂടൊരുക്കാൻ
പാടുപെടുന്നവർ
ചായക്കപ്പിലെ ആവിപോലും
ആണൊരുത്തന്റെ
സിഗരറ്റ്‌ പുകയോ എന്ന്
ഭയപ്പെടുന്നവർ
ഒറ്റമുറിവീട്ടിൽ
നെഗ റ്റീവ്‌ പ്രസരിക്കുമ്പൊഴും
യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റുകളിൽ വിശ്വസിച്ചവർ,
ഞങ്ങളുടെ രക്തവും
മാംസവും
കൊത്തിത്തിന്നാർത്തു ചിരിക്കാൻ
പതുങ്ങിയിരിക്കുന്നവർ
വഴക്കങ്ങൾ ശീലമില്ലാത്ത ഞങ്ങളെ
തക്കം നോക്കി
ഇല്ലാതാക്കുമെന്നറിയാമായിരുന്നു.
നീതിയെന്നത്‌
നീറിക്കൊണ്ടിരിക്കുന്ന
വാക്കായി തുടരും,
മറ്റൊരു ഇരയുടെ
വാർത്തയെ കൊത്തും വരെ.
--------------------------------------------------------

Friday, October 17, 2014

പെൺക്രിയകളുടെ പ്രസാധനം / വിജില ചിറപ്പാട്‌


ചേച്ചിയെ
പകർത്തിയെഴുതിക്കൊണ്ട്‌
കൗമാരം കടന്നു പോയി.
വിവാഹം
അവളെ
അടുക്കളയെന്ന്
പരിഭാഷപ്പെടുത്തി.
പൊള്ളലുകളും
മുറിവുകളും
ചിത്രകാരിയാക്കി.
കിടപ്പുമുറിയിൽ
അവൾ
എഡിറ്റ്‌ ചെയ്യപ്പെട്ടു.
വരവുചെലവ്‌ കണക്കുകൾ
അവളെ
ഗണിതശാസ്ത്ര ഗ്രന്ഥമാക്കി.
ഗർഭകാലം,പ്രസവകാലം
ചാനലുകളിലൂടെ
കാഴ്ചകൾ മാറിമറിയുമ്പോൾ
യാത്രാവിവരണക്കാരി.
കുഞ്ഞിനെ
അമ്മയിലൂടെ, അഛനിലൂടെ
വായിച്ച്‌ തിരുത്തുമ്പോൾ
അവൾ
പരാജിതയായ
പ്രൂഫ്‌ റീഡർ.
ജരാനരകൾ ബാധിച്ച്‌
പുറംകവർ പൊളിഞ്ഞ
വായിക്കപ്പെടാത്ത
ആത്മകഥ.