Showing posts with label നിരഞ്ജൻ T G. Show all posts
Showing posts with label നിരഞ്ജൻ T G. Show all posts

Saturday, July 29, 2017

ശുഭപ്രതീക്ഷാഭരിതമായ ഒരു ഭ്രാന്തന്‍ സ്വപ്നം / നിരഞ്ജൻ T G


കയ്പില്ലാത്തതെന്ന്
ഒരു കിളി മധുരിച്ചുപാടുന്ന
കാഞ്ഞിരമരത്തില്‍ നിന്ന്
കൊളുത്തുപൊട്ടിവന്ന
കവിതയുടെ കാല്‍ച്ചങ്ങല
മുറിവുനീറ്റങ്ങളില്‍ ഇഴയുമ്പോഴും
കിലുങ്ങുന്നതു കേള്‍ക്കും
കട്ടുറുമ്പുകളെപ്പോലെ
സ്വപ്നത്തിലെ കറുത്ത സെക്കന്‍ഡുകള്‍
ഒന്നിനു പിറകേ ഒന്നായി
വരിയില്‍ നടന്നുപോകുന്നതു കാണും
എണ്ണിക്കൊണ്ടിരിക്കും
കല്ലുരുട്ടിക്കൊണ്ട്
പതിവായി കനം തൂങ്ങി
മല കയറിക്കൊണ്ടിരിക്കുന്ന ഹൃദയം
കിതച്ചുകിതച്ചുകൊണ്ട്
ലബ്ബെന്നും ഡബ്ബെന്നും മിടിക്കുന്നത്
ഇടത്തെന്നുള്ള വേദന
വലത്തെന്നുള്ള വേദനയോ
തിരിച്ചോ ആവുന്നതിലെ ആഹ്ളാദം
ഉടുക്കുകൊട്ടുന്നതാണെന്നൊക്കെ തോന്നും
മുകളിലെത്തും
കൈവിട്ടുകളയും
കൈകൊട്ടിച്ചിരിക്കും
ഉണരും..!
------------------------------------------------------------------

Wednesday, July 12, 2017

സൂക്ഷിച്ചുവെച്ച വാക്കുകൾ / നിരഞ്ജൻ T G


വാക്കുകൾ,
മധുരമായ് ഇഴുകിപ്പിടിച്ചും
കൂടിക്കുഴഞ്ഞും
ഇടക്കിടെ
കൈക്കുമ്പിളിൽ കോരിയിട്ടൊന്നായ്
നുണഞ്ഞിരിക്കാറുള്ള വാക്കുകൾ
പഴയ ഭരണികൾക്കുള്ളിൽ
മധുരിച്ചു കൊണ്ടേയിരിക്കുന്ന വാക്കുകൾ
വാക്കുകൾ,
ക്ഷീണിച്ച സന്ധ്യയിൽ
കവിളൊട്ടി നിൽക്കും
വിയർപ്പിന്റെയുമ്മയിൽ
പൊട്ടിച്ചിരിപ്പിച്ച വാക്കുകൾ
താനേ കുറുങ്ങിയും
വെയിൽ കൊണ്ടുണങ്ങിയും
പഴയ കുപ്പികൾക്കുള്ളിൽ
ഉപ്പിട്ടു സൂക്ഷിച്ച വാക്കുകൾ
വാക്കുകൾ,
വക്കു പൊട്ടിയും
തേഞ്ഞും ഞണുങ്ങിയും
പരസ്പരം പഴികളായ് കനലിട്ട
കത്താത്ത തീയിന്റെ
കരി കൊണ്ടു മൂടിയും
വേണ്ടെന്നു വെച്ചു നാം
അട്ടത്തു കൊണ്ടിട്ടു
കളയാതെ സൂക്ഷിച്ച
വാക്കുകൾ,
പഴയ ചാക്കുകൾക്കുള്ളിൽ
പരസ്പരം
മിണ്ടാതനങ്ങാതിരിക്കുന്ന
വാക്കുകൾ ..!
( നിരഞ്ജൻ, ചെലവു കുറഞ്ഞ കവിതകൾ, 2010)

Thursday, June 30, 2016

എന്റെ പുഴയ്ക്ക്… / നിരഞ്ജൻ T G


കാട്ടരുവിയുടെ കാൽത്തളകളിൽ
കുതറിച്ചാടുന്ന കുസൃതിച്ചിരികളിൽ
നിന്റെ ശിരസ്സിൽ തലോടിയ സൂര്യന്
മഴവിൽ നിറങ്ങളായിരുന്നു

ഇരുകരകളിലും
നിന്റെ പാവാടഞൊറികളിൽ
കസസവുതുന്നിയ സൂര്യന്
ഇലപ്പച്ചയുടെ തിളക്കമായിരുന്നു
ഇപ്പോൾ ഈ സന്ധ്യക്ക്
നീയൊരു കടലിൽ ചേർന്നിരിക്കുന്നു
കുളിമുറിച്ചുവരിലൊട്ടിച്ച
ചുവന്ന പൊട്ടെന്ന പോലെ
നനഞ്ഞ സൂര്യൻ
ഒരുപാടൊഴുക്കുകൾ
ആഴങ്ങളിൽ വിങ്ങിയ
കടൽനീലയിലേക്ക്
പൊടുന്നനെ
സിന്ദൂരമായി ഒലിച്ചിറങ്ങുന്നു .
----------------------------------------------

Tuesday, October 13, 2015

മേഘസന്ദേശം (എസ്.എം.എസ്) / നിരഞ്ജൻ T G


പെയ്യാത്ത മഴയുടെ
കിനിയാത്ത നനവിൽ
മുളയ്ക്കാത്ത വിത്തിന്റെ
പടരാത്ത കൊമ്പിൽ
പൂക്കാത്ത പൂവിന്റെ
കായ്ക്കാപ്പഴത്തിൽ
കൊത്താത്ത കിളിയുടെ
നിവരാത്ത ചിറകിൽ
പറക്കാത്ത ദൂരത്തെ
ആകാശമത്രയും
വിങ്ങുന്ന മേഘമായ്
കൂടിനിൽപ്പുണ്ടെന്റെ
ഉമ്മകൾ

നിനക്കെന്നു മാത്രം
ഇടിമിന്നി നിൽക്കുന്ന
വാക്കുകളുടെ ചുണ്ടുകൾ കൊണ്ട്
കവിതയിൽ നിന്നെ ഉമ്മവെക്കുമ്പോൾ
എത്ര മഴകളാണ്
എത്ര മരങ്ങളാണ്
എത്ര പൂക്കളാണ്
എത്ര കനികളാണ്
എത്രയോ കിളിച്ചിറകുകളായി
എനിക്കും നിനക്കും മാത്രമറിയുന്ന
ഒരാകാശത്തേക്ക് പറന്നുയരുന്നത്..!
----------------------------------------

Friday, March 6, 2015

പ്രകൃതിവിരുദ്ധം/സദാചാരവിരുദ്ധം / നിരഞ്ജൻ T G


കൂർക്കം വലിച്ചുറങ്ങുന്ന
ഒരു കുന്നിൻ മുകളിലേക്ക്
കുഞ്ഞിക്കാൽ കയറ്റിവെക്കുന്നു
ഷിമ്മീസിട്ട ഒരു പുലരിവെയിൽ

തിരക്കിട്ട് ഇടവഴിയിലേക്കിറങ്ങിയ
ഇരുട്ടിനു പിന്നാലെ
മരച്ചില്ലയിൽ മുന്താണിയുടക്കിയ
കസവുപുടവയുടുത്ത നിലാവ്
കുന്നിനെ വികാരം കൊള്ളിച്ച വെയിലും
ഇരുട്ടിനോടൊപ്പം നടന്നെത്താത്ത നിലാവും
ഒരു പോലെ കുറ്റക്കാരാണ് എന്നിരിക്കെ
അല്പനേരമാണെങ്കിലും
കയ്യിലോ കഴുത്തിലോ
മതചിഹ്നങ്ങളൊന്നുമില്ലാതെ
രാത്രിയും പകലും തമ്മിൽ
അടുത്തിടപഴകി മിണ്ടിപ്പറഞ്ഞിരുന്നത്
ക്ഷമിക്കാനാവാത്ത കുറ്റം തന്നെ..!
ചോരയിൽത്തന്നെ
കീറിപ്പറിഞ്ഞുചുവക്കണം
അവരിലാരുടേതെന്നറിയാത്ത
ഈ ഉടുവസ്ത്രം..!
---------------------------------------

Saturday, February 7, 2015

സിൻഡ്രലാ / നിരഞ്ജൻ T G

മഴയും നിലാവും ചേർന്ന് ഇഴനെയ്തെടുത്ത
കണ്ണാടിയലുക്കുകൾ വകഞ്ഞു മാറ്റി
നീ കയറിവന്നത്,
ഒരു നിമിഷം ലജ്ജിച്ചു നിന്നത്
ഓർമ്മയുണ്ട്
മന്ത്രവിദ്യയാലെന്ന പോലെ
ഉടുപ്പൊന്നുമുലയാതെ, നനയാതെ
എങ്ങനെ എന്നതിശയപ്പെടുമ്പോഴേക്കും
മഴയും നിലാവും നിറഞ്ഞ കണ്ണുകളുയർത്തി
നീ നോക്കിയതും ഓർമ്മയുണ്ട്
പാതിര വരെ നൃത്തം ചെയ്ത്
എങ്ങോ മറഞ്ഞുപോയ
കവിതയുടെ രാജകുമാരീ…
സ്വപ്നമായിരുന്നോ
എന്നത്ഭുതപ്പെടുമ്പോൾ
നീ മറന്നിട്ടുപോയ
വാക്കിന്റെ ഒറ്റച്ചെരുപ്പിൽ
പ്രഭാതസൂര്യന്റെ വജ്രത്തിളക്കം…!
------------------------------

സ്ഥലജലഭ്രമം / നിരഞ്ജൻ T G


പണ്ട്
തൂതപ്പുഴ കടക്കുമ്പോൾ
പഴയ പാലത്തിനു നടുവിലൊരു
കടും കുടും ശബ്ദം
ജില്ല മാറുന്നതിന്റേതാണെന്ന്
അച്ഛൻ പറഞ്ഞുതന്നു
വലുതായി
പനാമാ കനാൽ കടക്കുമ്പോൾ
ഇരുമ്പുഗേറ്റുകളുടെ
കടും കുടും ശബ്ദം
സമുദ്രങ്ങൾ മാറുന്നതിന്റേതാണെന്ന്
ക്യാപ്റ്റൻ പറഞ്ഞുതന്നു
ഇരുകരകൾ ചേരുന്ന പാലവും
ഇരുകടലുകൾ ചേരുന്ന തോടും
രണ്ടുമോർത്തന്നുനിൻ
കൈ പിടിക്കുമ്പോൾ
ഇടനെഞ്ചിൽ വീണ്ടുമൊരു
കടുംകുടും ശബ്ദം
നമ്മൾ കടലിലോ കരയിലോ
നമുക്കിടയിലിനി
കെട്ടേണ്ട പാലമോ
വെട്ടേണ്ട തോടോ..?

-----------------------------

Wednesday, November 5, 2014

കാണാത്തത് / നിരഞ്ജൻ T G



പലപ്പോഴും
വറ്റിപ്പോയെന്നു തോന്നിക്കുന്ന
പുഴകളുടെ താഴെയുമുണ്ട്
മണലിലാഴ്ന്ന് മണ്ണിൽ പടർന്നിറങ്ങുന്ന
ആരും കാണാത്ത ഒരൊഴുക്ക്

പലപ്പോഴും
അർത്ഥമില്ലെന്നു തോന്നിക്കുന്ന
വാക്കുകൾക്കടിയിലുമുണ്ട്
ചങ്കിൽ കൊളുത്തി തൊണ്ടയിടറിക്കുന്ന
ചില തോന്നലുകളുടെ നനവ്

Friday, October 17, 2014

റേഡിയേഷൻ കഴിഞ്ഞ് ബാക്കിനിൽക്കുന്നത് (ഒരു ചെറുകഥാകവിത) /നിരഞ്ജൻ T G,


ആർ.സി.സിയിൽ നിന്ന്
നാലാമത്തെ കീമോ കഴിഞ്ഞ
രമണീദേവി.സി.കെയെ
പത്താം ക്ലാസിലെ മൈസൂർ എസ്കർഷന്
പ്രകൃതിരമണി എന്നു കമന്റടിച്ച
കാഞ്ഞിരത്തിങ്കലെ പ്രഭാകരൻ
തിരുവനന്തപുരം സെൻട്രലിലെ
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ കണ്ടുമുട്ടുന്നതിൽ
യാദൃച്ഛികതയിൽ കവിഞ്ഞ്
അസാധാരണമായി ഒന്നുമില്ല

ശ്വാസകോശങ്ങളിലൊന്ന്
മെഡിക്കൽ കോളേജിൽ മുറിച്ചിട്ടുപോന്ന
കാഞ്ഞിരത്തിങ്കൽ പ്രഭാകരനെ
പോൾവാൾട്ട് മത്സരത്തിന്റെ നേരത്ത്
വേലിചാടി പ്രഭാകരൻ എന്നു കളിയാക്കിയ
രമണീദേവി.സി.കെ
തിരുവനന്തപുരം സെൻട്രലിലെ
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ കണ്ടുമുട്ടുന്നതിലും
യാദൃച്ഛികതയിൽ കവിഞ്ഞ്
അസാധാരണമായി ഒന്നുമില്ല

അസാധാരണമായി സംഭവിച്ചത്
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ
കുളക്കാട്ടുശ്ശേരി എസ്.എം.എം.ഹൈസ്കൂളിലെ
യൂത്ത് ഫെസ്റ്റിവൽ സ്റ്റേജ്
പെട്ടെന്ന് ഉയർന്നുവന്നു എന്നുള്ളതാണ്
ഉൾക്കടൽ സിനിമയുടെ സെറ്റിട്ടപോലെ
മുളങ്കൂട്ടവും പുഴയും വരച്ചിട്ട പശ്ചാത്തലം
നിവർന്നുവന്നു എന്നുള്ളതാണ്
“നിൻ ചുടുനിശ്വാസധാരയാം വേനലും
നിർവൃതിയായൊരു പൂക്കാലവും”
എന്ന് മുടിനീട്ടിയ പ്രഭാകരൻ
പ്രകൃതിരമണിയോട് ഫ്ലാഷ്ബാക്കിൽ പാടി
എന്നുള്ളതാണ്

അപ്പോൾ
രമണീദേവി.സി.കെയുടെ
കരിഞ്ഞ മാറിടങ്ങളിലെ
ഇല്ലാത്ത ഉയർച്ചതാഴ്ചകളിൽ
ഇടിച്ചുനിരത്തിയ മയിലാടിക്കുന്നിന്റെ നെറുകയിലെന്നപോലെ
അലഞ്ഞുവയ്യാതായ ഒരു കാറ്റ് നിന്ന് കിതച്ചു
ഉറവമുറിഞ്ഞ ഒരു കാട്ടുചോലക്കരച്ചിൽ നനഞ്ഞു

അപ്പോൾ
കാഞ്ഞിരത്തിങ്കൽ പ്രഭാകരന്റെ
പാതിയിടമൊഴിച്ചിട്ട നെഞ്ചിലെ
പകുതി മുറിഞ്ഞ ശ്വാസം
ഇഴുകിയ ബീഡിക്കറയുള്ള
കരിഞ്ഞ ചുണ്ടുകളിൽ
പി.കെ.സ്റ്റീൽസിന്റെ പുകക്കുഴലിലൂടെയെന്നപോലെ
ഇരുമ്പൊച്ചയുള്ള ഒരു നെടുവീർപ്പായി പൊള്ളിനിന്നു
ഉച്ചരിക്കപ്പെടാത്ത ഒരു വാക്കായി പുകഞ്ഞു

അപ്പോൾ
ഒരു തീവണ്ടിയെക്കൊണ്ട് ആവുംവിധമൊക്കെ
തൊഴുതുമടങ്ങുന്നു പിന്നെയും പിന്നെയും എന്ന്
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ പുറപ്പെടാൻ നിൽക്കുന്ന
അമൃതാ എക്സ്പ്രസ്സും അഭിനയിച്ചുകൊണ്ടിരുന്നു

Saturday, September 27, 2014

റേഡിയേഷൻ കഴിഞ്ഞ് ബാക്കിനിൽക്കുന്നത് (ഒരു ചെറുകഥാകവിത) / നിരഞ്ജൻ T G


ആർ.സി.സിയിൽ നിന്ന്
നാലാമത്തെ കീമോ കഴിഞ്ഞ
രമണീദേവി.സി.കെയെ
പത്താം ക്ലാസിലെ മൈസൂർ എസ്കർഷന്
പ്രകൃതിരമണി എന്നു കമന്റടിച്ച
കാഞ്ഞിരത്തിങ്കലെ പ്രഭാകരൻ
തിരുവനന്തപുരം സെൻട്രലിലെ
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ കണ്ടുമുട്ടുന്നതിൽ
യാദൃച്ഛികതയിൽ കവിഞ്ഞ്
അസാധാരണമായി ഒന്നുമില്ല

ശ്വാസകോശങ്ങളിലൊന്ന്
മെഡിക്കൽ കോളേജിൽ മുറിച്ചിട്ടുപോന്ന
കാഞ്ഞിരത്തിങ്കൽ പ്രഭാകരനെ
പോൾവാൾട്ട് മത്സരത്തിന്റെ നേരത്ത്
വേലിചാടി പ്രഭാകരൻ എന്നു കളിയാക്കിയ
രമണീദേവി.സി.കെ
തിരുവനന്തപുരം സെൻട്രലിലെ
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ കണ്ടുമുട്ടുന്നതിലും
യാദൃച്ഛികതയിൽ കവിഞ്ഞ്
അസാധാരണമായി ഒന്നുമില്ല

അസാധാരണമായി സംഭവിച്ചത്
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ
കുളക്കാട്ടുശ്ശേരി എസ്.എം.എം.ഹൈസ്കൂളിലെ
യൂത്ത് ഫെസ്റ്റിവൽ സ്റ്റേജ്
പെട്ടെന്ന് ഉയർന്നുവന്നു എന്നുള്ളതാണ്
ഉൾക്കടൽ സിനിമയുടെ സെറ്റിട്ടപോലെ
മുളങ്കൂട്ടവും പുഴയും വരച്ചിട്ട പശ്ചാത്തലം
നിവർന്നുവന്നു എന്നുള്ളതാണ്
“നിൻ ചുടുനിശ്വാസധാരയാം വേനലും
നിർവൃതിയായൊരു പൂക്കാലവും”
എന്ന് മുടിനീട്ടിയ പ്രഭാകരൻ
പ്രകൃതിരമണിയോട് ഫ്ലാഷ്ബാക്കിൽ പാടി
എന്നുള്ളതാണ്

അപ്പോൾ
രമണീദേവി.സി.കെയുടെ
കരിഞ്ഞ മാറിടങ്ങളിലെ
ഇല്ലാത്ത ഉയർച്ചതാഴ്ചകളിൽ
ഇടിച്ചുനിരത്തിയ മയിലാടിക്കുന്നിന്റെ നെറുകയിലെന്നപോലെ
അലഞ്ഞുവയ്യാതായ ഒരു കാറ്റ് നിന്ന് കിതച്ചു
ഉറവമുറിഞ്ഞ ഒരു കാട്ടുചോലക്കരച്ചിൽ നനഞ്ഞു

അപ്പോൾ
കാഞ്ഞിരത്തിങ്കൽ പ്രഭാകരന്റെ
പാതിയിടമൊഴിച്ചിട്ട നെഞ്ചിലെ
പകുതി മുറിഞ്ഞ ശ്വാസം
ഇഴുകിയ ബീഡിക്കറയുള്ള
കരിഞ്ഞ ചുണ്ടുകളിൽ
പി.കെ.സ്റ്റീൽസിന്റെ പുകക്കുഴലിലൂടെയെന്നപോലെ
ഇരുമ്പൊച്ചയുള്ള ഒരു നെടുവീർപ്പായി പൊള്ളിനിന്നു
ഉച്ചരിക്കപ്പെടാത്ത ഒരു വാക്കായി പുകഞ്ഞു

അപ്പോൾ
ഒരു തീവണ്ടിയെക്കൊണ്ട് ആവുംവിധമൊക്കെ
തൊഴുതുമടങ്ങുന്നു പിന്നെയും പിന്നെയും എന്ന്
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ പുറപ്പെടാൻ നിൽക്കുന്ന
അമൃതാ എക്സ്പ്രസ്സും അഭിനയിച്ചുകൊണ്ടിരുന്നു