Showing posts with label സിന്ധു.കെ.വി. Show all posts
Showing posts with label സിന്ധു.കെ.വി. Show all posts

Wednesday, October 14, 2015

നടക്കുകയാണ്,ഒരാൾ / സിന്ധു.കെ.വി


എങ്ങനെയാണതല്ലേ,
എത്ര അനായാസമാണതല്ലേ,
ഒരാൾ സ്വന്തം വഴിയിലൂടെ മാത്രം നടക്കുന്നത്,
വരകളോ മാർക്കുകളോ ഇല്ലാതെ
തെളിച്ചെടുക്കുന്ന കാഴ്ചകളിലൂടെ, ഒരുവൻ
അവന്റെ വഴി കണ്ടെത്തുന്നത്.
.
മുന്നിലെ എല്ലാ കാടുകൾക്കുമപ്പുറ-
മൊരിടത്തേക്ക് മാത്രമാണ്
എല്ലാ യാത്രകളും ചെന്നേത്തേണ്ടത്,
ഞാനെന്നിൽ മാത്രം വിശ്വസിക്കുന്നു.

ഓരോ മുളങ്കൂട്ടവുമൊരു കുഞ്ഞിക്കണ്ണിന്റെ
മിഴിയലാവുന്ന, ചുവടുകളാവുകയെന്നത്,
മലയിറക്കങ്ങളൊരു നിശ്വാസത്തിന്റെ
ചുമലുകളാവുകയെന്നത്,
നടക്കാനെതിലെയും വഴികളെന്നത്
മറ്റെന്തിനെക്കാളും
ഞാൻ നടക്കുകയാണെന്നത്
എത്ര സുഖമാണല്ലേ..
നിറുത്തലുകളില്ലാത്തയിടങ്ങളിലൂടെ
നടന്നുകൊണ്ടേയിരിക്കുക
എന്തു രസമാണല്ലേ.
---------------------------------------------

Tuesday, March 3, 2015

നിങ്ങൾ വിശ്വസിക്കില്ല / സിന്ധു.കെ.വി


അല്ലാത്ത സമയങ്ങളിൽ തികച്ചും സാധാരണമാണ്
ചൊവ്വാഴ്ചകളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കും
ഉത്സവങ്ങളിൽ പങ്കെടുക്കും
കുപ്പിവളയും മൈലാഞ്ചിയും വാങ്ങിക്കും
വല്ലപ്പോഴുമൊക്കെ നഗരത്തിലെ ഹോട്ടലിൽ
ചിക്കനും ചപ്പാത്തിയും കഴിക്കും
വെണ്ടയ്ക്കും മത്തനും വളമിടും
കയ്പ്പവള്ളിയെ പേരയിലേക്ക് പടർത്തിവിടും
മീനും കപ്പയും വെക്കും
അയൽ വീടുകളിൽ പോകും
കുടുംബശ്രീയിൽ കുറിവെക്കും
പതിവുനാട്ടുശീലങ്ങൾ കണ്ട്
ആരും കണ്ണുവെച്ചുപോകും
വീട്ടിലെ മൂന്നാമത്തവളുടെ തലയിൽ
പേൻ നോക്കിയിരിക്കുന്ന ഉച്ചനേരത്ത്
നിങ്ങളവളുടെ കണ്ണുകാണണം
ഒരുപേനിനെക്കൊല്ലാൻ ഇത്രയും കനത്തിലൊരു
തീഗോളമയക്കുന്നതെന്തിനെന്ന്
ആർക്കും തോന്നിപ്പോകും
ചത്ത് ചതഞ്ഞ പേനിനെ
പിന്നെയും പലവട്ടം ഞെക്കി
കൊല്ലിക്കൊല്ലിയിരിക്കുമ്പോൾ
തീരാത്തൊരു നിരാശയ്ക്കുണ്ടാകുന്ന
സ്വാഭാവികമായ ആവേശത്താൽ
മുടിയിഴകളപ്പാടെ കൂട്ടിവലിച്ചടുപ്പിച്ച്
അടുത്തതിലേക്കൊരു പോക്കുണ്ട്
പേൻ കൂട്ടങ്ങൾ പേടിച്ച്
വഴിതേടിയുഴറിയോടുന്നതറിയുന്ന
തലയുടെ അവകാശിയായ ആ പെണ്ണു മാത്രം
അപ്പോൾ ചറപറാന്ന് തലചൊറിയുകയും
അവളുടെ കണ്ണുകളെ പിന്നെയും പിന്നെയും
ജ്വലിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും

ഇതേയുന്മാദത്തിന്റെ അലയാണ്
വാവുനാളുകളിൽ
ചുവന്ന പൂങ്കോഴിക്കുപിന്നിലോടുമ്പൊഴും
ഓടിച്ചിട്ട് പിടിക്കുമ്പോഴും
പപ്പും പൂടയും പറിക്കുമ്പോഴും
കുനുകുനാ ഞുറുക്കുമ്പോഴും
വെന്ത് മണക്കുമ്പോഴും

എലിയെപ്പിടിക്കുമ്പോഴും
കൂറയെക്കത്തിക്കുമ്പോഴും
നിങ്ങൾ വിശ്വസിക്കില്ല,
രാത്രിയെനിക്കൊപ്പം കിടക്കുമ്പോഴും.

അപകടകരമായൊരു ആക്രമണത്തെ
അതിവിദഗ്ദ്ധമായി നേരിട്ടാണ്
ഓരോ രാത്രിയും..
---------------------------------------

Saturday, October 18, 2014

പോസ്റ്റ്മോർട്ടം / സിന്ധു.കെ.വി


തണുക്കുന്നുണ്ടായിരുന്നു
പുതപ്പതു പോരായിരുന്നു
വെളുത്തനിറമായിരുന്നു
അലക്കിവിരിച്ചതായിരുന്നു.

മടുപ്പാമാഗന്ധ-
മലയ്ക്കുന്നില്ലായെങ്കിൽ
ഇഷ്ടമായേനെ-
യിക്കിടപ്പുമെനിക്കിന്ന്.

കണ്ണടച്ചിട്ടും കണ്ടു
ചുറ്റിലും മൂപ്പിളമയിൽ ,
അലങ്കാരപ്പണിക്കാരെ.

വട്ടമിട്ടവർനോക്കും
മണവാട്ടിപ്പെണ്ണ് ,
കണ്ണടച്ചു കിടന്നു ഞാൻ!

ഇത്രയും ചെറുപ്പമോ,
ക്ലിപ്പുപല്ലുള്ള സുന്ദരി
വലംകാലിൻ പെരുവിരൽ
ക്യൂട്ടസ്സു തൊട്ടുനോക്കുന്നു.

മൂന്നാമൻ, കൂട്ടത്തിലിളവൻ,
ഇടംകയ്യാലവനെന്റെ
ഉടുപ്പുതൊട്ടപ്പോളയ്യോ
നിറയുന്നെന്റെ കണ്ണുകൾ.

തൊടരുതെന്നായിരംവട്ട-
മോരോ ഞാനും പറഞ്ഞിട്ടും
അഴിച്ചുവെക്കയാണെന്നെ.

നീയിരിക്കുമെന്റെ നെഞ്ചകം
നിന്റെ കുഞ്ഞുറങ്ങുമടിവയർ
അഴിക്കയാണവരെന്നെ.

തോറ്റുപോയേക്കും ഞാനീ
ശപ്തമാം ശവമഞ്ചലിൽ
അറ്റുപോയേക്കും നമ്മൾ
കൊരുത്ത സിരാവള്ളികൾ

അഴിച്ചുമുടുപ്പിച്ചു-
മൊരുക്കിവെച്ചിട്ടുമെന്നെ
തണുക്കുന്നുണ്ടായിരുന്നു
പുതപ്പതുപോരായിരുന്നു.