Showing posts with label കുമാരനാശാന്‍. Show all posts
Showing posts with label കുമാരനാശാന്‍. Show all posts

Tuesday, October 21, 2014

കുമാരനാശാൻ / പ്രഭാതനക്ഷത്രം


ഉണരുവിൻ വേഗമുണരുവിൻ സ്വര-
ഗുണമേലും ചെറു കിളിക്കിടാങ്ങളേ

ഉണർന്നു നോക്കുവിനുലകിതുൾക്കാമ്പിൽ
മണമേലുമോമൽ മലർ മൊട്ടുകളേ.

അണയ്ക്കുമമ്മമാരുടെ ചിറകു വി -
ട്ടുണർന്നു വണ്ണാത്തിക്കിളികൾ,പാടുവിൻ.

തണുത്ത നീർശയ്യാഞ്ചലം വിട്ടു തല -
ക്ഷണം പൊക്കി തണ്ടാർ നിരകളാടുവിൻ.

അകലുന്നൂ തമ,സ്സടിവാനിൽ വർണ്ണ -
ത്തികവേലും പട്ടുകൊടികൾ പൊങ്ങുന്നു.

സകലലോകബാന്ധവൻ കൃപാകരൻ
പകലിൻ നായകനെഴുന്നെള്ളീടുന്നു.

ഒരു രാജ്യം നിങ്ങൾക്കൊരു ഭാഷ നിങ്ങൾ -
ക്കൊരു ദേവൻ നിങ്ങൾക്കൊരു സമുദായം.

ഒരുമ തേടുവിനെഴുന്നെള്ളത്തിതു
വിരഞ്ഞെതിതിരേൽപ്പിൻ വരിൻ കിടാങ്ങളേ.

ഉരയ്ക്കയല്ലിയിങ്ങനെയുദാരമായ്‌
സ്ഫുരിച്ചു പൊങ്ങുമീ പ്രഭാതനക്ഷത്രം?

കരത്തിൽ വെള്ളിനൂൽക്കതിരിളം ചൂരൽ
ധരിച്ചണഞ്ഞിതു വിളിച്ചോതുകല്ലീ?

Thursday, September 18, 2014

കുട്ടിയും തള്ളയും / കുമാരനാശാന്‍



ഈ വല്ലിയില്‍നിന്നു ചെമ്മേ - പൂക്കള്‍
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണി ചൊല്ലാം - നല്‍പൂ -
മ്പാറ്റകളല്ലേയിതെല്ലാം.
മേല്ക്കുമേലിങ്ങി
വ പൊങ്ങീ - വിണ്ണില്‍
നോക്കമ്മേ, യെന്തൊരു ഭംഗി!
അയ്യോ! പോയ്ക്കൂടിക്കളിപ്പാന്‍ - അമ്മേ,
വയ്യേയെനിക്കു പറപ്പാന്‍!
ആകാത്തതിങ്ങനെ എണ്ണീ - ചുമ്മാ
മാഴ്‌കൊല്ലായെന്നോമലുണ്ണീ!
പിച്ചനടന്നു കളിപ്പൂ - നീയി -
പ്പിച്ചകമുണ്ടോ നടപ്പൂ?
അമ്മട്ടിലായതെന്തെന്നാല്‍ - ഞാനൊ -
രുമ്മതരാമമ്മ ചൊന്നാല്‍.
നാമിങ്ങറിയുവതല്പം - എല്ലാ-
മോമനേ, ദേവസങ്കല്പം. 
*