Showing posts with label അരുണ്‍ ഗാന്ധിഗ്രാം. Show all posts
Showing posts with label അരുണ്‍ ഗാന്ധിഗ്രാം. Show all posts

Friday, November 13, 2015

അണക്കെട്ട്‌ / അരുണ്‍ ഗാന്ധിഗ്രാം


ഈ അണക്കെട്ടിനു പിന്നില്‍
ഒരു പ്രളയം
പതിയിരിക്കുന്നുണ്ട്‌
പ്രക്ഷുബ്ധമനസ്സിന്‍റെ
അപ്രവചനീയത പോലെ.

ജലം
ഈ തടയണയില്‍
കണ്ണില്‍പ്പെടാത്ത
വിള്ളലുകള്‍ വീഴ്ത്തുന്നുണ്ട്‌
അപകടകാരിയായ
ഒരു തടവുപുള്ളിയെപ്പോലെ.
പ്രളയത്തെയും വരള്‍ച്ചയേയും
വേര്‍തിരിക്കുന്ന
ഈ നേര്‍ത്ത അതിരിന്‍റെ
ഒരു വശത്ത്‌
അഗാധമായ ശാന്തിയാണ്‌
ആസന്നമായ വിസ്ഫോടനത്തിന്‌
മുന്നൊരുക്കം നടത്തുന്ന
ജ്വാലാമുഖിയെപ്പോലെ.
------------------------------------

Friday, March 6, 2015

പത്രക്കപ്പൽ / അരുണ്‍ ഗാന്ധിഗ്രാം


ഒരു തുള്ളി വെള്ളമൊഴിച്ചാൽ
അലിഞ്ഞുപോയേക്കാവുന്നത്രയും പഴകിയ
ഒരു ദിനപ്പത്രമെടുത്ത്
കുഞ്ഞിനൊരു കപ്പലുണ്ടാക്കിക്കൊടുക്കുന്നു.

ബോറടി മാറ്റാൻ
വായിക്കുന്ന പുസ്തകത്തിൽ
ബോംബെയിൽ നിന്ന് സതാംപ്ടണിലേക്ക്
ഒരാൾ ആദ്യമായി കപ്പൽ കയറുന്നു.
ചെങ്കടൽ മനോഹരമായ ഒരു തടാകം പോലെ ശാന്തമാണെന്നും
കപ്പലിൽ ചിലപ്പോഴെല്ലാം ദേശാടനപ്പക്ഷികൾ വിശ്രമിക്കാറുണ്ടെന്നും
മരുഭൂമിയിൽ നിന്ന് ഊഷ്മളമായ കാറ്റടിക്കുന്നുവെന്നും
കപ്പൽ ഡെക്കിലേക്ക് തുള്ളിച്ചാടി മീനുകൾ വീഴുന്നുവെന്നും
കടലിൽ ഡോൾഫിനുകളുടെ കളികൾ കാണാമെന്നും
വായിക്കുന്നു
രാത്രിയിൽ
പ്രണയത്തിന്റെ നക്ഷത്രവിളക്കുകൾ തെളിയിക്കുന്ന
കണ്ണെത്താത്ത ആകാശം,
സ്വപ്നങ്ങളിൽ മാത്രം തെളിഞ്ഞേക്കാവുന്ന
രസലോഹപ്പരപ്പ് പോലെ
തിളങ്ങുന്ന സമുദ്രം
സെയ്ദ് തുറമുഖത്ത്
ഈജിപ്ഷ്യൻ വേശ്യകളുടെ ചിത്രങ്ങൾ നിറഞ്ഞ
പോസ്റ്റ്‌ കാർഡുകളുമായി
രാത്രി സ്വർഗങ്ങളിലേക്ക് മാടി വിളിക്കുന്ന
എണ്ണ മിനുപ്പുള്ള പുരുഷന്മാർ.
ബോംബെയിൽ നിന്ന് സതാംപ്ടണിലേക്ക്
കപ്പൽ കയറിയ മനുഷ്യൻ
വേശ്യാലയങ്ങളിൽ കയറുന്നില്ല.
എന്തൊരു ബോറാണ്..
പുസ്തകം മടക്കി വയ്ക്കുന്നു.
ഇവിടെയിപ്പോൾ ,
കുഞ്ഞിന്റെ വഞ്ചി
ഒരു മീറ്ററപ്പുറത്ത്
പുല്ലിൽ കുരുങ്ങി നിലച്ചുപോയിരിക്കുന്നു.
അവൻ ഇതുവരെ
അവിടെ നിന്ന് മാറിയിട്ടില്ല
പത്രക്കപ്പലിന്റെ അലിഞ്ഞു തുടങ്ങിയ യന്ത്രങ്ങൾ
ഈർക്കിലെടുത്ത് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നു.
ഒരു മണിക്കൂറിൽ
പത്തു മീറ്റർ മാത്രം നീങ്ങിയ
ഈ പഴഞ്ചൻ കപ്പൽ
അവനെയൊട്ടും ബോറടിപ്പിക്കാത്തതെന്താണ്?
---------------------------------------------------

രണ്ടു ദേശീയപാതകൾ / അരുണ്‍ ഗാന്ധിഗ്രാം


രണ്ടു ദേശീയപാതകൾ, ഒന്നിന്റെ-
യപ്പുറത്താണറേബിയൻ സാഗരം
പൂഴിമണ്ണിന്റെ കാൽനടപ്പാതകൾ
മീൻ മണക്കുന്ന മൂലകൾ, വീഥികൾ

ഇങ്ക്വിലാബുകൾ, ചക്രവാളത്തിൽനി-
ന്നന്ത്യസൂര്യന്റെ ചെങ്കൊടിച്ചോപ്പുകൾ
ദൈവമേ, നിന്റെ പേരിൽ പരസ്പരം
വെട്ടി വീണോരൊഴിച്ചിട്ട വീടുകൾ
മൂന്നു കൂട്ടുകാർ, ബസ്സിന്റെ പിൻവരി,
നാട്ടുപാട്ടുകളൂറുന്ന യാത്രകൾ
പാതിയാത്രയിൽ, ആൽമരച്ചോട്ടിലെ
ഒറ്റ ബെല്ലിലുടക്കുന്ന കാതുകൾ.
സ്വപ്നസഞ്ചാരനാൾവഴിപ്പുസ്തകം
ഉപ്പുകാറ്റാൽ മറിക്കുന്ന സാഗരം
പാതിയുണ്ടതിൽ കണ്ണുനീരുപ്പുകൾ
പാതി ആകാശ നീലിമ, ശാന്തത.
____
രണ്ടു ദേശീയപാതകൾ, ഒന്നിന്റെ-
യപ്പുറത്തോ കരിമ്പനക്കാടുകൾ,
കാട്ടുപാതയിൽ കാൽനഖപ്പാടുകൾ
കല്ലുപോലും വിറയ്ക്കും തണുപ്പുകൾ
പള്ളിമേടകൾ, കുന്നിൻപുറങ്ങളിൽ
പൊൻകുരിശിന്റെ ആകാശ ചുംബനം
കാടിനോടു പൊരുതി ജയിച്ചവർ
കൊത്തിവച്ച രണാന്ത്യക്കുറിപ്പുകൾ
ഒറ്റയായി ഞാൻ, കാറിന്റെ മുൻവരി,
വേഗമേറുന്ന യാത്രകൾ, പാട്ടുകൾ
ഞാനിരിക്കും തണുപ്പിന്റെയപ്പുറം
മീന സൂര്യൻ പടുത്ത തീച്ചൂളകൾ
രണ്ടു ദേശീയപാതകൾ, രണ്ടിനും
മദ്ധ്യഭാഗത്തിലാണെന്റെ ജീവിതം
അപ്പുറത്തുണ്ട് കാടിൻ തണുപ്പുകൾ
ഇപ്പുറത്തുൾക്കടൽപോൽ നിസ്സംഗത...
-----------------------------------------

Saturday, November 22, 2014

കുഞ്ഞൻ / അരുണ്‍ ഗാന്ധിഗ്രാം


ഒന്നര വയസ്സുള്ള
ഒരു കുഞ്ഞനാണ് വീട്
കലക്കക്കണ്ണുള്ള ഒരമ്മയും
കുറുമ്പെല്ലാം കളഞ്ഞുപോയ
രണ്ടു പാവാടക്കുട്ടികളുമാണ് കൂട്ട്.
അധികമാരും മിണ്ടാനില്ലെങ്കിലും
പകലെല്ലാം വീട്
കാറ്റിനോട് തകരമേൽക്കൂര കൊണ്ടും
എലിയോട് കടലാസുചീന്തുകൾ കൊണ്ടും
പല്ലിയോട് കുമ്മായമിളക്കിയിട്ടും
പാറ്റയോട് കറിക്കലങ്ങൾ കൊണ്ടും
സംസാരിച്ചു.
കുഞ്ഞനല്ലേ,
രാത്രിയാവുമ്പോൾ
അതിന് പേടിയാവും.
കൂമനെ,
കുറുക്കനെ,
നായ്ക്കളെ
ചിവീടിനെ
എല്ലാത്തിനെയും ഓർത്ത്
കുഞ്ഞൻ വിറച്ചു നിൽക്കും.
ആണൊരുത്തൻ കൂട്ടുവരണേ
എന്ന് കണ്ണടച്ചു പ്രാർഥിക്കും.
ഉള്ളിൽ ഉറങ്ങുന്നവരോടും
പല്ലിയോടും പാറ്റയോടും
എലിയോടും കാറ്റിനോടും പറയാതെ
അവൻ ആ പേടിയെല്ലാം
ഒറ്റയ്ക്കനുഭവിക്കും.
പെട്ടെന്നൊരു രാത്രി
കൂമൻ മൂളാതായി
നായ്ക്കളും, കുറുക്കനും, ചിവീടും
നിശ്ശബ്ദരായി.
ഇരുട്ടിൽ നിന്ന്
ഹെഡ് ലൈറ്റില്ലാത്ത സ്കൂട്ടറുമായി ഒരച്ഛനും
തോർത്തുമുണ്ടും സോപ്പുപെട്ടിയുമായി ഒരു മകനും
കൂട്ടുകിടക്കാനെത്തി.
കഥകളും കളികളുമായി
അവർ കുഞ്ഞന്റെ രാപ്പേടി മാറ്റി.
അവൻ ആ രാത്രി സുഖമായുറങ്ങി.
വെളുപ്പിന്,
നാളെയും കാണാമെന്ന്
കുഞ്ഞന്റെ നെറ്റിയിൽ ചുംബിച്ച്
രണ്ടുപേരും ഉറങ്ങാൻ പോയി.
ഒരാൾ സ്കൂട്ടറുമായി
ഒന്നര വർഷമായി പകലുറങ്ങുന്ന
അപകടവളവിലെ കലുങ്കിനു താഴേക്കും,
മറ്റെയാൾ തോർത്തും സോപ്പുമായി
പച്ചക്കുളത്തിന്റെ അടിത്തട്ടിലേക്കും...
രാത്രിക്കൂട്ടായും ഓർമ്മക്കൂട്ടായും വരാൻ
എനിക്കും ആളുണ്ടല്ലോ എന്ന്
വീട് അന്നാദ്യമായി കാറ്റിനോട് ചിരിച്ചുകാണിച്ചു.
----------------------------------------------

Tuesday, November 18, 2014

പാസഞ്ചര്‍ ജനലരികിലെ പെണ്‍കുട്ടി /അരുണ്‍ ഗാന്ധിഗ്രാം


പാസഞ്ചറില്‍
എന്റെയടുത്ത് ജനലിനരികിലായി
ഒരു പെണ്‍കുട്ടിയിരിക്കുന്നു.
ഞാനവളുടെ മുഖത്തേക്ക് നോക്കുന്നില്ല.

ചാരിയിരുന്നാല്‍ മുട്ടിയെങ്കിലോ
മുട്ടിയാല്‍ ഇഷ്ടമായില്ലെങ്കിലോ
എന്നൊക്കെ കരുതി
ഞാന്‍ മുന്നോട്ടു നീങ്ങിയിരിക്കുന്നു.
ഞാനൊരു മാന്യനാണ് എന്ന്
മുഖത്തെഴുതിവയ്ക്കാന്‍ ശ്രമിക്കുന്നു.
ജനലിലൂടെ
മലമുകളിലെ കുരിശു കാണുമ്പോള്‍
എന്തൊരത്ഭുതം എന്ന മട്ടില്‍
കണ്ണില്‍ നിന്നു മറയുന്നതുവരെ നോക്കുന്നു.
നോട്ടം ജനലരികിലെ പെണ്‍കുട്ടിയുടെ
തൊട്ടടുത്തെത്തുമ്പോള്‍
അത് പിന്‍വലിച്ച്
വീണ്ടും മാന്യനാകുന്നു,
മുഖം ഇപ്പോളും കാണുന്നില്ല.
ഒന്നുമറിയാത്തതു പോലെ
വേറെയാരെയോ അത്യാവശ്യമായി തെരയുന്നതുപോലെ
ട്രെയിനിലെ മറ്റുള്ളവരെ നോക്കുമ്പോള്‍
നോട്ടം മറ്റൊരു പെണ്‍കുട്ടിയുടെ മുഖത്തുടക്കുന്നു
മാന്യനായതിനാല്‍ ഞാനതും പിന്‍വലിക്കുന്നു.
കാറ്റടിക്കുമ്പോള്‍
ജനലരികിലെ പെണ്‍കുട്ടിയുടെ മഞ്ഞ ഷാള്‍
എന്റെ കൈത്തണ്ടയില്‍ വീഴുന്നു.
അതൊന്നും അറിഞ്ഞതേയില്ല എന്ന മട്ടില്‍
ഞാന്‍ ബാഗില്‍ നിന്ന്
പ്രകാശന്‍ മുല്ലക്കാട് എന്ന യുവകവിയുടെ
പുസ്തകമെടുത്ത് നിവര്‍ത്തുന്നു.
ജനലരികിലെ പെണ്‍കുട്ടി
അത് ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍
ഞാന്‍ ജനലിനപ്പുറത്ത്
കുരിശുമല തെരയുന്നു,
കാണുന്നില്ല...
അടുത്ത സ്റ്റേഷനെത്തുമ്പോള്‍,
ചായ കുടിച്ചേ പറ്റൂ എന്ന പോലെ
പുസ്തകം ബാഗിനു മുകളില്‍ വെച്ച്
ഞാന്‍ പുറത്തിറങ്ങുന്നു.
ചായയൂതുമ്പോള്‍
ജനലരികിലെ പെണ്‍കുട്ടി
എന്റെ പുസ്തകം മറിച്ചുനോക്കുന്നതായും
ചായ കുടിച്ചു ഞാനെത്തുമ്പോള്‍
അവളതു തിരിച്ചു തരാനൊരുങ്ങുമ്പോള്‍
വേണ്ട, വായിച്ചോളൂ’എന്നു മര്യാദപ്പെടുന്നതായും
ഞാന്‍ ഭാവനയില്‍ കാണുന്നു.
‘പ്രകാശന്‍ മുല്ലക്കാട്
മനുഷ്യമനസ്സിന്റെ സങ്കീര്‍ണതകളെക്കുറിച്ച്
മനോഹരങ്ങളായ കവിതകളെഴുതിയിട്ടുണ്ട്,
ഞാനും!’
എന്നൊരു മുഖവുര
ഞാന്‍ ഹൃദിസ്ഥമാക്കുന്നു.
ചായക്ക്‌ ചൂട് കൂടുതലാവുന്നു,
ഊതിക്കുടിച്ചിട്ടും തീരുന്നതേയില്ല!

ഞാനല്ല / അരുണ്‍ ഗാന്ധിഗ്രാം


തീവണ്ടി സ്റ്റേഷനിലെ കൂട്ടക്കൊലയ്ക്കു പകരം
തെരുവിൽ ചോരപ്പൂക്കൾ ചിതറിച്ചത്
ഞാനല്ല
മോഷ്ടിച്ച പണം അട്ടിവച്ച്
ചന്ദ്രനിലേക്ക് നടന്നുകയറിയത്.
ഒരുവൾ
ചോരപുരണ്ട അടിവസ്ത്രവുമായി
തെരുവിലേക്ക് വലിച്ചെറിയപ്പെട്ടപ്പോൾ
ഞാനല്ല
അത് നമ്മുടെ ആണ്‍കുട്ടികളുടെ
വികൃതിയാണെന്നു ചിരിച്ചുതള്ളിയത്.
നേതാവിന്റെ കൊലയ്ക്കു പകരംവീട്ടാൻ
ആയിരക്കണക്കിനാളുകളെ
വോട്ടേഴ്സ് ലിസ്റ്റ് നോക്കി
കൊലപ്പെടുത്തിയത് ഞാനല്ല.
എന്റെ ദൈവവിചാരം വ്രണപ്പെടുത്തിയവരെ
തെരഞ്ഞുപിടിച്ച് ആക്രമിച്ചത് ഞാനല്ല
അങ്ങനെയൊന്നും വ്രണപ്പെടുന്ന
ദൈവങ്ങളല്ല എന്റേത്.
ഞാനല്ല
അതിർത്തിക്കപ്പുറത്തേക്കു പോയ
തീവണ്ടിക്കൂപ്പകളെ ശവപേടകങ്ങളാക്കിയത്
കൂട്ടുപിരിഞ്ഞവനെ ചതിച്ചുവീഴ്ത്താൻ
കള്ളും വണ്ടിയും കൊടുത്ത്
ക്വൊട്ടേഷനയച്ചത് ഞാനല്ല
കൂടങ്കുളത്തും
വിളപ്പിൽശാലയിലും
കാസർഗോഡും
മുത്തങ്ങയിലും
മനുഷ്യരെ അടിച്ചുവീഴ്ത്തിയ ലാത്തികൾ
ഞാൻ കൊടുത്തുവിട്ടവയല്ല.
ഇന്ധനവില കൂടുമ്പോൾ
നികുതികൂടുമ്പോൾ
യാത്രാനിരക്ക് കൂടുമ്പോൾ
കീശ കാലിയാവുന്നവരുടെ കൂട്ടത്തിൽ
ഞാനുണ്ടായിരുന്നു.
എന്നാലുമുണ്ടല്ലോ,
ചന്തക്കവലയിലെ ടെലഫോണ്‍ പോസ്റ്റിൽ
ഫ്ലെക്സ് കെട്ടിയത് ഞാനാണ്
അങ്ങാടിയിൽ വച്ച്
നേതാവിനെ പുലഭ്യം പറഞ്ഞവന്റെ
കരണക്കുറ്റി അടിച്ചു പുകച്ചിട്ടുണ്ട്
ജാഥ പോകുമ്പോൾ
മുഴങ്ങിക്കേൾക്കുന്ന സ്വരങ്ങളിലൊന്ന് എന്റേതാണ്
മുനിസിപ്പൽ റോഡിലെ പാർട്ടി ചിഹ്നങ്ങൾ
ഞാനും കൂടെയാണ് വരച്ചത്
ഇലക്ട്രിക് കാലുകളിലെ പാർട്ടി പോസ്റ്ററുകൾക്ക് പിന്നിൽ
മൈദ പുരട്ടിയത് ഞാനാണ്.
ഞാനാണ്,
ഒരിക്കലും കണ്ടിട്ടില്ലാത്ത
സുന്ദരനായ നേതാവിന്റെ നോട്ടീസുമായി
വീടുകൾ കയറിയിറങ്ങിയവരിലൊരാൾ.
അല്ല സുഹൃത്തേ
വിശ്വസിച്ചാലുമില്ലെങ്കിലും
ഞാൻ അഴിമതിക്കാരനല്ല
വർഗ്ഗീയവാദിയല്ല
കൊലപാതകിയല്ല
തട്ടിപ്പുകാരനല്ല
കാലുമാറ്റക്കാരനല്ല
പണക്കാരൻ പോലുമല്ല.
നിമിഷനേരംകൊണ്ട്
വർഗ്ഗീയവാദിയായും
നവലിബറലായും
സോഷ്യലിസ്റ്റായും
മാർക്സിസ്റ്റായും
ഗാന്ധിയനായും
മിതവാദിയായും
തീവ്രവാദിയായും
വേഷം മാറാനറിയാത്തതിനാൽ
ഞാനിപ്പോഴും അതേ പഴയ പതാക പേറുന്നു.
എങ്കിലും
എതിർപാർട്ടിക്കാരനായ സുഹൃത്തേ,
തോൽവിയുടെ എല്ലാ പഴിയും
എനിക്കു നേരെ ചൊരിയൂ
എന്റെ നേതാവിനെ
വെറുതെവിട്ടേക്കൂ
നാളെ ചിലപ്പോൾ
അയാൾക്കു വേണ്ടി നിങ്ങൾക്ക്
മുദ്രാവാക്യം വിളിക്കേണ്ടിവന്നേക്കാം.
==========================

Saturday, October 18, 2014

മടിച്ചി / അരുണ്‍ ഗാന്ധിഗ്രാം


പെണ്‍മക്കളെ
കെട്ടിച്ചുവിട്ടു കഴിഞ്ഞപ്പോളും
ഒരാളുണ്ടായിരുന്നു കൂട്ട്.
ചായ
കഞ്ഞി
ദോശ
തോര്‍ത്ത്
മുണ്ട്
ഷര്‍ട്ട്
എന്നെല്ലാം അയാളലറുമ്പോള്‍
അകത്തേക്കും പുറത്തേക്കും
ഓടിക്കൊണ്ടിരുന്നവള്‍.
പിന്നെയും ഇരുപതു വേനലുകള്‍
അവളങ്ങനെ ഓടിത്തീര്‍ത്തു.
എന്നും കാണുന്നവളായതിനാല്‍
അവളുടെ കാലിടറുന്നതും
തൊലി ചുളുങ്ങുന്നതും
കണ്ണു മങ്ങുന്നതും അയാളറിഞ്ഞതേയില്ല.
വീട്ടിലെ കണ്ണാടി വായിച്ച
അയാളുടെ മനസ്സ്
സ്വന്തം ശരീരത്തെക്കുറിച്ചും
അയാളോട് എന്നും കള്ളം പറഞ്ഞുകൊണ്ടിരുന്നു
ഇരുപത്തിയൊന്നാമത്തെ വേനലില്‍
അവള്‍ ഓട്ടം നിര്‍ത്തി
പാചകം നിര്‍ത്തി
മിണ്ടാതെയങ്ങനെ കിടന്നുറങ്ങി.
അര ലിറ്ററിന്റെ
കുപ്പിയുമായി
പാല്‍ സൊസൈറ്റിയില്‍
നിന്നന്നൊരാള്‍
കൂനിക്കൂടി മടങ്ങുന്നത് കണ്ടോ,
കാടുകയറിത്തുടങ്ങിയ ആ പഴയ വീട്
പൂട്ടിയ താക്കോലുമായി ?
അതയാളാണ്.
അവളിപ്പോളും ഉറങ്ങുകയായിരിക്കും.
മടിച്ചി !

Friday, October 17, 2014

കുട്ടികളുടെ ഗ്രഹത്തിൽ/അരുണ്‍ ഗാന്ധിഗ്രാം



കുട്ടികൾ മാത്രം അധിവസിക്കുന്ന ഒരു ഗ്രഹത്തെ
ഞാൻ സ്വപ്നത്തിൽ കാണുന്നു.

വെള്ളസ്സാരി പോലെയുള്ളതും
വെള്ളിത്തൂണ് പോലെയുള്ളതും
ആകാശനീല ദുപ്പട്ട പോലെയുള്ളതും
പുഴകളാണെന്ന്
ഒരു കുട്ടി പറഞ്ഞുതരുന്നു.

കുട്ടികളുടെ ഗ്രഹത്തിൽ
ഒരു പുഴയും മറ്റൊന്നിനെപ്പോലെയല്ല
പറഞ്ഞുതരാൻ ഒരു കുട്ടിയില്ലെങ്കിൽ
അതെല്ലാം പുഴകളാണെന്നു പോലും
മനസ്സിലാവുകയേയില്ല.

മഞ്ഞ മയിലുകൾ
കറുപ്പൻ തത്തകൾ
മഞ്ഞക്കുയിലുകൾ
ഓറഞ്ചു കൊക്കുകൾ
വയലറ്റ് ഉപ്പന്മാർ

കുട്ടികളുടെ ഗ്രഹത്തിൽ
ഒരു പക്ഷിയും മറ്റൊന്നിനെപ്പോലെ പാടുന്നില്ല.
എങ്കിലും ഓരോ പക്ഷിയും പാടുന്നതെങ്ങനെയെന്ന്
ഓരോ കുഞ്ഞും നിങ്ങളെ പഠിപ്പിച്ചുതരും.

പൂച്ചയേക്കാൾ ചെറിയ കടുവകൾ
ആനയേക്കാൾ വലിയ മുയലുകൾ
വിഷപ്പല്ലുകളും ഇരട്ടനാക്കുകളുമില്ലാത്ത സർപ്പങ്ങൾ
കിരീടംവച്ച് പുഞ്ചിരിക്കുന്ന സിംഹം
കുട്ടികളുടെ ഗ്രഹത്തിൽ
അപകടകാരിയായ ഒരു മൃഗം പോലുമില്ല

അവിടെ കാണാം,
ഏഴു നിറങ്ങളിലൊതുങ്ങാത്ത മഴവില്ലുകൾ
ഇടിയും മിന്നലുമില്ലാത്ത മഴച്ചാറ്റലുകൾ
മുള്ളൻപന്നിയെപ്പോലെ തലമുടി വളർത്തിയ മഞ്ഞസൂര്യൻ
ഒരിക്കലും വളരാത്ത അർദ്ധചന്ദ്രൻ
ഒരു മരത്തെയും കടപുഴക്കാത്ത കാറ്റ്
കയ്യെത്തിച്ചാൽ പറിക്കാവുന്ന ഫലങ്ങളുള്ള വൃക്ഷങ്ങൾ

പക്ഷേ,
ആപ്പീസുകൾ
കടമുറികൾ
വിദ്യാലയങ്ങൾ
കച്ചവടസ്ഥാപനങ്ങൾ
ഇവയൊന്നും അവിടെയില്ല.
എല്ലായിടവും കളിസ്ഥലങ്ങൾ മാത്രം.

കുട്ടികളുടെ ഗ്രഹത്തിൽ
കരയുന്ന കുട്ടികളാണ്
എല്ലാ കളിയിലും ജയിക്കുക.
ചിരിക്കുന്ന കുട്ടികൾ
അവർ ജയിക്കുന്നതുകണ്ട്
കുറുമ്പൻ കണ്ണുകളിറുക്കുകയേയുള്ളൂ.

ഐസ്ക്രീം പൊഴിയുന്ന മഞ്ഞുകാലം
ചോക്കലേറ്റുകൾ പാകിയ നിരത്തുകൾ
മിഠായിച്ചെടികൾ ബലൂണുകളും റബ്ബർ പന്തുകളും വിളയുന്ന പാടങ്ങൾ
തൊട്ടാൽ കഥപറയുന്ന മുത്തശ്ശിക്കുന്നുകൾ

കുട്ടികളുടെ ഗ്രഹത്തിൽ
ഒരൊറ്റ പോലീസുകാരൻ പോലുമില്ല.

എങ്കിലും,
ഉറക്കം
ഭക്ഷണം
വിനോദം
ഇവയല്ലാതെ എന്തിനെക്കുറിച്ച് ചിന്തിച്ചാലും
അവരെ കുട്ടികളുടെ ഗ്രഹത്തിൽ നിന്ന്
എന്നേക്കുമായി പുറത്താക്കുമത്രേ.

നമ്മളെല്ലാം കുട്ടികളുടെ
ഗ്രഹത്തിൽ നിന്ന്
പുറത്താക്കപ്പെട്ടവരാണ്.

Tuesday, October 14, 2014

വിറ്റുപോകുമ്പോള്‍ ദൈവങ്ങള്‍ / അരുണ്‍ ഗാന്ധിഗ്രാം




കല്ലിലും പുല്ലിലുമുണ്ട് ദൈവം.
കളിമണ്ണിലുമുണ്ട്.
ഉരുട്ടിയെടുക്കണം.

കണ്ണിരിക്കേണ്ടിടത്ത് കണ്ണിരിക്കണം.
കാലിരിരിക്കേണ്ടിടത്ത് കാലും.
അളവൊപ്പിക്കണം....
ചായങ്ങള്‍ പുരട്ടണം....
മതി.
ഇരുന്നൂറു രൂപയുടെ മാതാവും...
ഇരുന്നൂറു രൂപയുടെ കണ്ണനും...
അടുത്തടുത്തിരിക്കണം.
വാങ്ങി വയ്ക്കുന്നതിലാണ് കാര്യമെന്ന് നമുക്കറിയാം.
എങ്കിലും ...
തെരുവോരത്തിരുന്ന്
ദൈവത്തെ കുഴച്ചെടുക്കുന്ന കുഞ്ഞുങ്ങള്‍ പറയാറുണ്ട്...
കണ്‍വെട്ടത്തിരിക്കുമ്പോളല്ല...
വിറ്റു പോകുമ്പോഴാണ്
നമ്മുടെ ദൈവങ്ങള്‍
വിശപ്പു മാറ്റാറുള്ളതെന്ന്.

Tuesday, September 30, 2014

കുട്ടി കാട് വരയ്ക്കുന്നു/ അരുണ്‍ ഗാന്ധിഗ്രാം



കള്ളമില്ലാത്ത കണ്ണിനാൽ കണ്ട
ഉള്ളിലെ കൊടുംകാടിനെയിപ്പോൾ
കുഞ്ഞുപെൻസിലിൻ തുമ്പിൽ വരുത്തി
കുട്ടി കാടിൻ പടം വരയ്ക്കുന്നു

കാട്ടിലെത്തടി പാതിയിൽത്താഴെ
കാട്ടിനുള്ളിൽ വരച്ചുവയ്ക്കുന്നു
ബാക്കിയുള്ളതോ, തേവരയച്ച
ലോറിമേലേ കയറ്റിവയ്ക്കുന്നു
കാട്ടുതേനിനെ കുപ്പിയിലാക്കി
ലേബലോടെ വരച്ചുവയ്ക്കുന്നു
കാട്ടുപൂക്കളെ കണ്ണെത്തിടാത്ത
പാറവക്കിൽ വരച്ചുവയ്ക്കുന്നു
കാട്ടുപന്നിയെ തോക്കോടുകൂടെ
മണ്‍കലത്തിൽ പുഴുങ്ങിവയ്ക്കുന്നു
കാട്ടുതത്തയെ കൂടോടുകൂടെ
നാട്ടുപാതയിൽ കൊണ്ടുവയ്ക്കുന്നു
കാട്ടിലെപ്പുലിക്കൂട്ടത്തെയെല്ലാം
വൻകിടങ്ങിലിറക്കി നിർത്തുന്നു
തെന്നിവീണോന്റെ കണ്ണീർ പകർത്താൻ
ചുറ്റുപാടും മൊബൈൽ വരയ്ക്കുന്നു
കാട്ടുകൊമ്പനെ തോട്ടിയോടൊപ്പം
കോലമേറ്റിയൊരുക്കി നിർത്തുന്നു
കാട്ടുപൊയ്കയെ പാതിയും കോരി
സ്റ്റേഷനിൽക്കൊണ്ടിറക്കി വയ്ക്കുന്നു
കുട്ടി ചിത്രത്തിലുറ്റു നോക്കുന്നു
കാട്,കാടെന്നു പുഞ്ചിരിക്കുന്നു
ഉണ്ട്, ബാക്കിയുണ്ടിപ്പൊഴു,മെന്ന്
കുഞ്ഞു പെന്സിലും പുഞ്ചിരിക്കുന്നു.
കുട്ടി വീണ്ടും പടം വരയ്ക്കുന്നു
പെൻസിലേതാണ്ടുരഞ്ഞു തീരുന്നു
ഇപ്പൊഴോ, നോക്കൂ, കാടിന്റെ മക്കൾ
നാട്ടു വെയ്.ലിൽ വിയർത്തു നിൽക്കുന്നു
ഇപ്പൊഴോ, നോക്കൂ, കാടിന്റെ മക്കൾ
നാട്ടു വെയ്.ലിൽ വിയർത്തു നിൽക്കുന്നു