Friday, March 11, 2016

കല്യാണസൗഗന്ധികം / വയലാര്‍


മാനസ സരസ്സിന്‍‌റെ തീരത്തു നിന്നോ
ഗന്ധമാദന ഗിരിയുടെ താഴ്വര കാട്ടില്‍ നിന്നോ
കാലത്തിന്‍ തനൂജകള്‍, ഋതുകന്യകള്‍
വന്നു ലാളിച്ചു വളര്‍ത്തുന്ന പുഷ്പവാടിയില്‍ നിന്നോ
മാലമാലയായ് മലര്‍മലരായ് വിരിയുന്ന
മാനത്തെ ഗഹതാരാ സജ്ജയങ്ങളില്‍ നിന്നോ
തെന്നലിന്‍ ഹിമഗംഗാ തരംഗങ്ങളില്‍
ഒരു ധന്യ സൌരഭം ചുറ്റുമൊഴുകി പരക്കുന്നു.
ഞാന്‍ അതിലറിയാതെ എന്‍ മോഹത്തിന്‍
കടലാസ്സു തോണിയുമിറക്കികൊണ്ടിന്നലെ തുഴയുമ്പോള്‍
നാണിച്ച്, മുഖം കുനിച്ചരികത്തിരിക്കുമെന്‍ നായികയുടെ
മോഹമുഗ്ദമാം ശബ്ദ കേട്ടൂ
“പ്രപഞ്ചം നിറയുമീ ദിവ്യസരഭത്തിന്‍‌റെ
പ്രഭവനികുഞ്ജത്തില്‍ ചെന്നിറങ്ങണം നാഥന്‍
എവിടുന്നായാലും ആ പൂവിറുത്തെനിക്കിന്ന് തരണം
ശ്ലഥനീലവേണിയില്‍ വാരിചൂടാന്‍“
പഞ്ചഭൂതാത്മാവാകും ഈ ജീവപ്രപഞ്ചത്തെ
പുഞ്ചിരിച്ചെതിരേല്‍ക്കും പാര്‍വ്വണേന്ദുവെപോലെ
പഞ്ചപാണ്ഢവര്‍ ഞങ്ങളഞ്ചു പേരിലും
പ്രേമപഞ്ജരം തീര്‍ക്കും രാഗലോലയെ, പാഞ്ചാലിയെ
എടുത്തുവാരിപുണര്‍ന്നറിയിച്ചു ഞാന്‍
“തങ്കം, എനിക്ക് കയ്യെത്താത്ത പൂവില്ലീ പ്രപഞ്ചത്തില്‍”
ഉന്മത്തയുവത്വത്തിന്‍ ജൃഭിതാഹങ്കാരത്താല്‍
എന്‍ മനസ്സിന് പുത്തന്‍ കഞ്ചുകമണിഞ്ഞു ഞാന്‍
എതിര്‍പ്പിന്‍ വജ്രം വച്ചുകെട്ടിയ ഗദ കയ്യിലെടുത്തു നടന്നുഞാന്‍
എതിര്‍പ്പിന്‍ വജ്രം വച്ചുകെട്ടിയ ഗദ കയ്യിലെടുത്തു
നടന്നൂ ഞാന്‍ അജ്ഞാത പുഷ്പം തേടി
എതിര്‍പ്പിന്‍ വജ്രം വച്ചുകെട്ടിയ ഗദ കയ്യിലെടുത്തു
നടന്നൂ ഞാന്‍ അജ്ഞാത പുഷ്പം തേടി.
സിന്ധുഗംഗകള്‍ വാരി പൊത്തിയ പുളിനങ്ങള്‍
മന്ത്രമണ്ഡപ കുംഭഗോപുര കമാനങ്ങള്‍
സംഗ്രാമകുടീരങ്ങള്‍ ഗോകുലമുരളികാ-
സംഗീതലയ ലീലയമുനാ തരംഗംങ്ങള്‍
ഗോപികളുടെ വ്സ്ത്രമലക്കിവിരിക്കുന്ന
ഗോവര്‍ദ്ധനോബാന്ധങ്ങള്‍, വെണ്‍‌കുളികടവുകള്‍
ഋഷിമാര്‍, മന്ന്വന്തര രൂപശില്പങ്ങള്‍ തീര്‍ക്കാന്‍
പശമണ്ണെടുക്കുന്ന ഹിമവല്‍‌പ്രദേശങ്ങള്‍
ഇന്ന് ഭാരത പൌരന്‍ കൈവിലങ്ങെറിഞ്ഞ്
ഓടി വന്ന് പൊന്നണിയിക്കും ഗ്രാമങ്ങള്‍-
നഗരങ്ങള്‍ കണ്ടു ഞാന്‍
മുന്‍‌പില്‍ കണ്ടതത്രയും തകര്‍ത്തു ഞാന്‍
കല്യാണസൌഗന്ധികപൂവനത്തിനു പോകാന്‍.
ക്ഷണഭംഗുരമായ മോഹത്തിന്‍ പ്രതീകമായ്
മനസ്സില്‍, കൈയ്യും നീട്ടി ദ്രൌപതിയിരിക്കുന്നു.
ഞാന്‍ തകര്‍ത്തെറിയാത്ത മൂല്യങ്ങളില്ല, ചെന്നു
ഞാന്‍ തപസ്സിളക്കാത്ത പര്‍ണ്ണശാലകളില്ല
ഞാന്‍ തട്ടിയുടക്കാത്ത മണ്‍പ്രതിമകളില്ലാ
ഞാന്‍ തല്ലികൊഴിക്കാത്ത വാടാമല്ലികളില്ല
ഞാനടിവക്കും നേരം നടുങ്ങീ വിശ്വം, ഭീമസേനന്‍
എന്നെന്നെ ചൂണ്ടി മന്ത്രിച്ചൂ പുരുഷാരം
ഇത്തിരിയില്ലാത്തവര്‍ മനുഷ്യര്‍, എന്നെകണ്ട്
ഞെട്ടിപോയ് വായ്‌കൈപൊത്തിയെനിക്ക് വഴിതന്നു.
വായുവേഗത്തില്‍ കാലത്തിന്‍‌റെ വീഥിയിലൂടെ
പായുമെന്‍ എന്‍‌റെ മുന്നില്‍ വന്നു ശകുനം മുടക്കുവാന്‍
വായുവേഗത്തില്‍ കാലത്തിന്‍‌റെ വീഥിയിലൂടെ
പായുമെന്‍ എന്‍‌റെ മുന്നില്‍ വന്നു ശകുനം മുടക്കുവാന്‍
എന്‍‌റെ കാല്‍‌ചവിട്ടേറ്റു മരിക്കാന്‍ കിടക്കുന്ന തെണ്ടിയാര്
ഇവനൊരു മൃഗമോ മനുഷ്യനോ, എവറസ്റ്റാരോഹണക്കാരനോ
രാജ്യത്തിന്‍‌റെ അതിരാക്രമിക്കുന്ന ചീനനോ ചെകുത്താനോ
അല്ല ഒരു മുതുക്കനാം കുരങ്ങന്‍,
അല്ലൊരു മുതുക്കനാം കുരങ്ങന്‍
വഴിമാറുകില്ലെങ്കില്‍ ചവിട്ടിഞാനരക്കും ശവത്തിനെ
കുരങ്ങന്‍ പരിഹാസചിരിയും പൊഴിച്ചുകൊണ്ടിരുന്നു
മേലെമ്പാടും ചൊറിഞ്ഞ് പേനും‌കുത്തി
രണ്ടുനാലടി മാറി പോവുക,
എന്നെന്നോടാഗ്യം കൊണ്ടവനറിയിച്ചു
ഞാന്‍ കത്തിജ്ജ്വലിച്ചുപോയ്
വാക്കുകളസ്ത്രങ്ങളായേറ്റുമുട്ടുന്നു
കളിയാക്കുവാന്‍ കുരങ്ങന്മാര്‍ക്കെങ്ങനെ നാവുണ്ടായി
എന്‍‌റെ കയ്യിലെ ഗദകൊണ്ടു ഞാന്‍
ഒടുക്കമാ തെണ്ടിതന്‍ വാലിത്തിരി
തോണ്ടിമാറ്റുവാന്‍ നോക്കി
എല്ലുമൂപ്പുണ്ടാവണം, വാലനങ്ങുന്നില്ല
എന്‍‌റെ ഉള്ളിലെ അഭിമാനം
അല്പമൊന്നുലഞ്ഞുവോ
കളിയാക്കുന്നൂ കാട്ടില്‍ പച്ചിലകിളികളോ
കരളില്‍ കൊട്ടാരത്തിലിരിക്കും സൈരന്ധ്രിയോ
ശക്തികള്‍ സമസ്തവും സംഭരിച്ച്
ഒടുവിലാമര്‍ക്കട പുച്ഛാഗ്രത്തില്‍
ഗദ ഞാന്‍ കടത്തവേ
ശക്തികള്‍ സമസ്തവും സംഭരിച്ച്
ഒടുവിലാമര്‍ക്കട പുച്ഛാഗ്രത്തില്‍
ഗദ ഞാന്‍ കടത്തവേ
കുരങ്ങന്‍ ചിരിച്ചുകൊണ്ടെന്നോട് ചോദിക്കുന്നൂ
ഞെരിയുന്നത് വാലോ ഭീമന്‍‌റെ ഗദാഗ്രമോ
ശക്തമെന്‍ ഗദ ഞെരിഞ്ഞൊടിഞ്ഞൂ
കാട്ടില്‍ കണ്ട മര്‍ക്കടത്തിനു മുമ്പില്‍
തോറ്റു പിന്‍‌വാങ്ങീ ഭീമന്‍
കുരങ്ങന്‍ കൈകാല്‍ കുടഞ്ഞൊന്നെഴുന്നേറ്റു
കള്ളചിരിയും ചിരിച്ചെന്‍‌റെ തോളത്തു കൈയ്യിട്ടോതി
കാട്ടിലെ മരംചാടി കുരങ്ങല്ല ഞാന്‍
കാട്ടിലെ മരംചാടി കുരങ്ങല്ല ഞാന്‍
നിന്‍‌റെ ജ്യേഷ്ഠനാണ്
എന്നെ കണ്ടിട്ടറിഞ്ഞില്ലനുജന്‍ നീ
പൊയ്‌പോയ കാലത്തിന്‍‌റെ
നിത്യശാദ്ധ്വലഭാവശില്പത്തിന്‍ പ്രതീകം ഞാന്‍
സംസ്വാരത്വരൂപം ഞാന്‍
ആദിയില്‍ അമീഭതൊട്ടായിരം യുഗങ്ങളില്‍
ആയിരം പരിണാമഭിന്ന രൂപികളായ്
ഈപ്രപഞ്ചത്തിന്‍ വ്യാസത്തോളം
എന്‍ ആത്മാവിന്‍‌റെ ശില്പശാലയെ
വലുതാക്കിയ മനുഷ്യന്‍ ഞാന്‍
നിന്നിലെ വിചാരങ്ങള്‍, നിന്നിലെ വികാരങ്ങള്‍
നിന്നിലെ കിനാവുകള്‍ നിന്നിലെ സങ്കല്പങ്ങള്‍
ആത്മാവിന്‍ കൈകള്‍ കൊണ്ടൊന്നു ചികഞ്ഞാല്‍
അവയുടെ ആദ്യത്തെ വേരും വിത്തും
കാണുമെന്‍ ഹൃദയത്തില്‍
എന്നിലെ അനശ്വര ശക്തിയും ചൈതന്യവും
നിന്‍ അന്തര്‍നാളങ്ങളില്‍ ഒഴുകിചേര്‍ന്നില്ലെങ്കില്‍
ഈ യുഗത്തിന് നിന്നേകൊണ്ടൊന്നുമാവില്ലല്ലോ
നീ ഒരുവെറും തൊണ്ടായ് വീണടിഞ്ഞേക്കും മണ്ണില്‍
ബ്രഹ്മാണ്ഢ ബഹിരന്തര്‍ചലങ്ങളില്‍ നിന്നും
കര്‍മ്മചൈതന്യം നേടാന്‍ അല്ലെങ്കിലാവില്ലല്ല്ലോ
ഉള്ളിലെ മോഹത്തിനെ ലഹരിപിടിപ്പിച്ച
കല്യാണസൌഗന്ധികം എന്നിലേ കണ്ടെത്തൂ നീ
ഉള്ളിലെ മോഹത്തിനെ ലഹരിപിടിപ്പിച്ച
കല്യാണസൌഗന്ധികം എന്നിലേ കണ്ടെത്തൂ നീ
എന്‍ അന്തഃപുരവാതില്‍ തുറക്കൂ
എന്‍ അന്തഃപുരവാതില്‍ തുറക്കൂ നീയാ-
നിത്യസുന്ദര സുരഭില മല്ലികയെടുത്തോളൂ!
--------------------------------------------------------

Thursday, March 10, 2016

അവർണ്ണ / ആദില കബീർ



കരിക്കട്ടയ്ക്കതേ വർണം
കറ കോരിത്തരും ദന്തം
നിറഞ്ഞുതിർന്നടർന്നീടാ
ചിരട്ട പോൽ നിതംബവും,
മുലക്കച്ചക്കിരിക്കാനും
മുഴുപ്പില്ലാ മുലക്കൂമ്പും,
പതിനേഴിൻ നടപ്പിലും
കോതി വെക്കാകൂന്തൽവാലും,
മടക്കില്ലാത്തരക്കെട്ടും
അകത്തൊട്ടിക്കുഴി-
ഞ്ഞുള്ളോരഗാധത്തിൽ ,
ചുഴിപ്പൊത്തും,
മഞ്ഞയിറ്റും അമ്ലബൾബിൻ
പൊളളലൂറും പൊയ്കയാറും..
'മനോഹരി', 'മദാലസ'
'മാദകത്തേൻ തുളുമ്പുന്നോൾ';
ചണച്ചൂടിൽ പൊതിഞ്ഞിട്ടാണവൾ
നിത്യം മയങ്ങുന്നോൾ..
ഇന്നു കാലത്തുണർന്നീ ഞാൻ
ഇച്ചിരിക്കാതം നടക്കേ,
കിടക്കുന്നുണ്ടവൾ റോഡിൽ;
ഇളിച്ചും കൊ,ണ്ടില്ല നാണം!
കവച്ചേ കാൽ വെച്ചിരിക്കു,
ന്നിടുക്കിൽ നിന്നൊരു കുഞ്ഞിൻ
തലമാത്രം തെറിച്ചിട്ടീ
പുറംലോകം മണക്കുന്നു...
"പുലയാടി പെറാൻ കണ്ടോരിടം കണ്ടോ "
- കടക്കാരൻ
"പട്ടി ചത്താലെന്തിനിത്ര-
യ്ക്കാളു കൂടാൻ "
- പോലീസേമാൻ
അടുക്കുന്നോർ..
അകലുന്നോർ..
ഇടക്കീ ഞാൻ തരിയ്ക്കുന്നൂ.
പതിനേഴിൽ പകവീട്ടി-
ച്ചിരിക്കുന്നോൾ കിടക്കുന്നു
വിരുന്നുണ്ണാൻ വരുന്നീച്ച..
വിജനം ..പിന്നവൾ മാത്രം !
------------------------------------------------------

Wednesday, March 9, 2016

മെഴുകുതിരിയുടെ നാളം / മേതില്‍ രാധാകൃഷ്ണൻ



മെഴുകുതിരിയുടെ നാളം ഉലയുമ്പോള്‍
ഞാന്‍ നിന്‍റെ നിശ്വാസമോര്‍ക്കുന്നു
എന്തെന്നാല്‍, നിന്‍റെ നിശ്വാസത്തില്‍
മെഴുകുതിരിയുടെ നാളം ഉലയാറില്ല.
ഞാന്‍ രഹസ്യമായി വിളര്‍ത്തുരുകുന്നു,
വെളിച്ചം മെഴുകുതിരിയുടെതെന്നു
ആരോപിക്കപ്പെടുന്നു .
നിന്‍റെ നിശ്വാസത്തില്‍ ഉലയുന്നത് ഞാനാണ്‌.
എന്നെ ഉലയ്ക്കാനാവുന്നത്രയും,
എന്നാല്‍ ഒരു മെഴുകുതിരിയുടെ നാളത്തെ
ഉലയ്ക്കാനാവാത്തത്രയും,
നേര്‍ത്തതാണ് നിന്‍റെ നിശ്വാസം
അതോര്‍ക്കുമ്പോള്‍ എന്‍റെ ഘനം
ഒരു തീനാളത്തിന്‍റെ ഘനമാണ്
അതിന്‍റെ തുടിപ്പ് ഒരാപ്പിളിന്‍റെതാണ്,
അത് മുകളിലേക്ക് വീഴുന്നു.
കാറ്റില്‍ നിന്‍റെ വസ്ത്രങ്ങള്‍ ആളിക്കത്തുമ്പോള്‍
അതിന്‍റെ നാളം പോലെ ഞാന്‍
മുകളിലേക്ക് വീഴുന്നു.
----------------------------------------------------

Monday, February 29, 2016

അന്വേഷണം / ജി. ശങ്കരക്കുറുപ്പ്‌


പാഴിരുൾ മൂടട്ടെ,കുന്നും കുഴിയുമാം
പാതയിൽ ഞാൻ തനിച്ചായിടട്ടെ

പ്രേമമേ, നീയെൻ തുടിക്കും കരളിലും
നാമമെൻ ചുണ്ടിലും കത്തി നിൽക്കെ
കൂരിരുൾ പോലും തളിർക്കും വെളിച്ചത്തിൽ
പാരിലില്ലൊന്നുമസുന്ദരമായ്‌.
പേടിയില്ലങ്ങു, ഹാ ദൂരത്തോ ചാരത്തോ
തേടിയലയും കണ്ടെത്തുവോളം
ലക്ഷം കുരു ചേർത്തു കെട്ടിച്ചൊരാ ജപ-
നക്ഷത്രമാലയനങ്ങീടവേ
പ്രേമമേ നിന്റെ അമൃതമധുരമാം
നാമമുരുവിട്ടു നിശ്ശബ്ദയായ്‌
പോരുന്നു രാവുമെൻ കൂടെ, തനിച്ചായി-
പ്പോവുകയില്ല ഞാനീ യാത്രയിൽ.
തേടും ഞാനങ്ങയെ, നേടിയില്ലെങ്കിലും
തേടുവതെന്നുമെനിക്കാനന്ദം.
-----------------------------------------

ഊഞ്ഞാലില്‍ / വൈലോപ്പിള്ളി



ഒരു വെറ്റില നൂറു
തേച്ചു നീ തന്നാലുമീ -
ത്തിരുവാതിരരാവു
താംബൂലപ്രിയയല്ലോ.

മഞ്ഞിനാല്‍ ചൂളീടിലും
മധുരം ചിരിക്കുന്നൂ
മന്നിടം,നരചൂഴും
നമ്മുക്കും ചിരിക്കുക !
മാന്വൂവിന്‍ നിശ്വാസമേ -
റ്റോര്‍മ്മകള്‍ മുരളുന്വോള്‍
നാം പൂകുകല്ലീ വീണ്ടും
ജീവിതമധുമാസം !
മുപ്പതുകൊല്ലം മുന്വ്
നീയുമീ മന്ദസ്മിത -
മുഗ്ദധയാം പൊന്നാതിര -
മാതിരിയിരുന്നപ്പോള്‍
ഇതുപോലൊരു രാവില്‍ -
ത്തൂമഞ്ഞും വെളിച്ചവും
മധുവുമിറ്റിറ്റുമീ
മുറ്റത്തെ മാവിന്‍ചോട്ടില്‍
ആരുമേ കാണാതിരു -
ന്നുഴിഞ്ഞാലാടീലേ നാം
നൂറു വെറ്റില തിന്ന
പുലരി വരുവോളം ?
ഇന്നുമാ മുതുമാവി -
ന്നോര്‍മ്മയുണ്ടായീ പൂക്കാ,-
നുണ്ണിതന്‍ കളിന്വമൊ -
രൂഞ്ഞാലുമതില്‍ക്കെട്ടീ.
ഉറക്കമായോ നേര്‍ത്തേ -
യുണ്ണിയി ?--ന്നുറങ്ങട്ടേ,
ചിരിച്ചു തുള്ളും ബാല്യം
ചിന്തവിട്ടുറങ്ങട്ടെ.
പൂങ്കിളി കൗമാരത്തി -
ന്നിത്തിരി കാലം വേണം
മാങ്കനികളില്‍നിന്നു
മാന്വൂവിലെത്തിച്ചേരാന്‍.
വീശുമീ നിലാവിന്‍റെ
വശ്യശക്തിയാലാകാം
ആശയൊന്നെനിക്കിപ്പോള്‍
തോന്നുന്നൂ,മുന്നേപ്പോലെ
വന്നിരുന്നാലും നീയീ --
യുഴിഞ്ഞാല്‍പ്പടിയില്‍,ഞാന്‍
മന്ദമായ്ക്കല്ലോലത്തെ --
ത്തെന്നല്‍പോലാട്ടാം നിന്നെ.
ചിരിക്കുന്നുവോ ? കൊള്ളാം,
യൗവനത്തിന്‍റേതായ്,ക --
യ്യിരിപ്പുണ്ടിന്നും നിന --
ക്കാ മനോഹരസ്മിതം !
അങ്ങനെയിരുന്നാലും,
ഈയൂഞ്ഞാല്പടിയിന്മേല്‍ --
ത്തങ്ങിന ചെറുവെളളി --
ത്താലിപോലിരുന്നാലും !
കൃശമെന്‍ കൈകള്‍ക്കു നി --
ന്നുദരം മുന്നേപ്പോലെ,
കൃതസന്തതിയായി
സ്ഥൂലമായ് നീയെങ്കിലും.
നമ്മുടെ മകളിപ്പോള്‍
നല്‍ക്കുടുംബിനിയായി
വന്‍പെഴും നഗരത്തില്‍
വാഴ്കിലും സ്വപ്നം കാണാം
ആതിരപ്പെണ്ണിന്നാടാ ---
നന്വിളിവിളക്കേന്തു --
മായിരംകാല്‍മണ്ഡപ --
മാകുമീ നാട്ടിന്‍പുറം !
ഏറിയ ദുഃഖത്തിലും,
ജീവിതോല്ലാസത്തിന്‍റെ
വേരുറപ്പിവിടേപ്പോല്‍ --
ക്കാണുമോ വേറെങ്ങാനും ?
പാഴ്മഞ്ഞാല്‍ച്ചുളീടിലും,
പഞ്ഞത്താല്‍ വിറയ്ക്കിലും,
പാടുന്നു,കേള്‍പ്പീലേ നീ ?
പാവങ്ങളയല്‍സ്ത്രീകല്‍ ?
പച്ചയും ചുവപ്പുമാം
കണ്ണുമായ്,പോരിന്‍വേട്ട --
പ്പക്ഷിപോലതാ പാറി --
പ്പോകുമാ വിമാനവും
ഒരു ദുഃസ്വപ്നംപോലെ
പാഞ്ഞുമാഞ്ഞുപോ,മെന്നാല്‍
ത്തിരുവാതിരത്താര ---
ത്തീക്കട്ടയെന്നും മിന്നും,
മാവുകള്‍ പൂക്കും,മാന --
ത്തന്വിളി വികസിക്കും,
മാനുഷര്‍ പരസ്പരം
സ്നേഹിക്കും,വിഹരിക്കും.
ഉയിരിന്‍ കൊലക്കുടു --
ക്കാക്കാവും കയറിനെ --
യുഴിഞ്ഞാലാക്കിത്തീര്‍ക്കാന്‍
കഴിഞ്ഞതല്ലേ ജയം ?
ആലപിക്കുക നീയു --
മതിനാല്‍ മനം നൃത്യ --
ലോലമാക്കുമാഗ്ഗാനം,
'' കല്യാണി കളവാണീ ----''
പണ്ടുനാളെപ്പോലെന്നെ
പ്പുളകംകൊള്ളിച്ചു നിന്‍
കണ്ഠനാളത്തില്‍ സ്വര്‍ണ്ണ --
ക്കന്വികള്‍ തുടിക്കവേ.
മെല്ലവേ നീളും പാട്ടി --
ന്നീരടികള്‍തന്നൂഞ്ഞാല്‍ --
വള്ളിയിലങ്ങോട്ടിങ്ങോ --
ട്ടെന്‍ കരളാടീടവേ,
വെണ്‍നര കലര്‍ന്നവ --
ളല്ല നീയെന്‍ കണ്ണിന്നു
'കണ്വമാമുനിയുടെ
കന്യ 'യാമാരോമലാള്‍,
പൂനിലാവണിമുറ്റ --
മല്ലിതു, ഹിമാചല --
സാനുവിന്‍ മനോഹര---
മാലിനീനദീതീരം,
വ്യോമമല്ലിതു സോമ --
താരകാകീര്‍ണ്ണം,നിന്‍റെ --
യോമനവനജ്യൗത്സ്ന
പൂത്തുനില്‍ക്കുവതല്ലൊ.
നിഴലല്ലിതു നീളെ --
പ്പുള്ളിയായ് മാഞ്ചോട്ടില്‍,നി --
ന്നിളമാന്‍ ദീര്‍ഘാപാംഗന്‍
വിശ്രമിക്കുകയത്രേ !
പാടുക,സര്‍വ്വാത്മനാ
ജീവിതത്തിനെ സ്നേഹി --
ച്ചീടുവാന്‍ പഠിച്ചോരീ
നമ്മുടെ ചിത്താമോദം
ശുഭ്രമാം തുകില്‍ത്തുന്വില്‍ --
പ്പൊതിഞ്ഞു സൂക്ഷിക്കുമീ --
യപ്സരോവധു,തീരു --
വാതിര,തിരിക്കവേ
നാളെ നാം നാനാതരം
വേലയെക്കാട്ടും പകല്‍ --
വേളയില്‍ ക്ഷീണി,ച്ചോര്‍മ്മി,--
ച്ചന്തരാ ലജ്ജിക്കുമോ ?
എന്തിന് ? മര്‍ത്ത്യായുസ്സില്‍
സാരമായതു ചില
മുന്തിയ സന്ദര്‍ഭങ്ങള്‍ --
അല്ല മാത്രകള്‍ --മാത്രം.
ആയതില്‍ ചിലതിപ്പോ --
ളാടുമീയൂഞ്ഞാലെണ്ണീ
നീയൊരു പാട്ടുംകൂടി --
പ്പാടിനിര്‍ത്തുക,പോകാം.
-------------------------------------

Wednesday, February 24, 2016

ഭ്രാന്തമായി ഒരു യാത്ര വായിക്കുന്നു / ബൈജു മണിയങ്കാല



പോകുന്നിടം
അടയാളപ്പെടുത്താത്ത
ബോർഡ് വെച്ച്
ഒരു ബസ്സ്,
സ്റ്റാൻഡിൽ പിടിക്കുന്നു
അത് ചെസ്സ് ബോർഡിലെ
അപ്രതീക്ഷിതമായ
ഒരു കരുനീക്കത്തേ ഓർമ്മിപ്പിക്കുന്നില്ലേ?

ഇനി അടുത്ത നീക്കം
നിങ്ങളുടെതാണ്

നിങ്ങൾ
അതിലും അപ്രതീക്ഷിതമായി
നിങ്ങളുടെ നീക്കം
മാറ്റിവെയ്ക്കുകയാണ്
നിങ്ങൾ കയറുന്നില്ല
എന്നിരിക്കട്ടെ

അതെ ഇരിക്കാൻ
ഇരിപ്പിടം കിട്ടാത്ത
യാത്രക്കാരനിൽ നിന്ന്
'കളി' നിന്ന് കാണുന്ന
കളിക്കാരനിലേയ്ക്ക്
നിങ്ങൾ മാറുകയാണ്

നിങ്ങൾ ഇറങ്ങുമ്പോൾ
നിങ്ങളുടെ സ്ഥലത്തേയ്ക്ക്
കയറുവാൻ നില്ക്കുന്ന
മറ്റൊരാളാണ് ഞാൻ…

അതവിടെ നിൽക്കട്ടെ!

അടുത്ത നീക്കം
നടത്തേണ്ടത് ബസ്സാണ്
നിങ്ങളെ ഒട്ടും
അതിശയിപ്പിക്കാതെ
ബസ്‌
ഒരു കറുത്തനീക്കം
നടത്തുന്നു…

പുകകൊണ്ട്!

കൂടാതെ
അതിനേക്കാൾ കറുത്ത ഒരു
അന്നൗൻസ്മെന്റ്

ബസ്സിന് വേണ്ടി
ബസ്സിന്റെ പേരിൽ

ശരിക്കും അത്
കളങ്ങളെ പോലെ
അതിൽ കയറി
പലയിടങ്ങളിൽ ഇറങ്ങിപോകേണ്ട
സ്ഥലങ്ങളാണ്

സമയത്തിന് ഒരു വിലയുമില്ല
അടുത്ത നീക്കം
നടക്കുന്നുമില്ല

കളി നിങ്ങൾ മതിയാക്കുന്നു

അതറിയാതെ
ബസ്സ്‌
തുടർന്നുകൊണ്ടിരിക്കുന്ന
കളി.

നാളെയാണ്
നാളെ…

അതൊരു അറിയിപ്പ് മാത്രമല്ല
പേടിപ്പെടുത്തുന്ന മുന്നറിയിപ്പ്
കൂടിയാണ്

ഭാഗ്യം നിങ്ങൾക്ക് ഇന്നുണ്ട്
ഭാഗ്യക്കുറി എടുക്കാത്ത
എടുത്ത ഭാഗ്യക്കുറികൾ അടിക്കാത്ത
ധാരാളം ഇന്നലെകളും
ഉണ്ടായിരുന്നു

ഇനി ബസ്സിലെ ജാലകങ്ങൾ
നിങ്ങൾക്ക് കീറിയെടുക്കാവുന്ന തരത്തിൽ
പറന്നുകൊണ്ടിരിക്കുന്ന ഭാഗ്യക്കുറികൾ
ആണെന്നിരിക്കട്ടെ

ഒരെണ്ണം കീറി നാലായി മടക്കി
കീശയിൽ വെച്ച് കഴിഞ്ഞു

കാണുന്ന സ്ഥലപ്പേരു വെച്ച്
എത്തേണ്ട ഇടം ഒത്തുനോക്കേണ്ടതാണ്

അറിയാത്ത സ്ഥലത്തേയ്ക്കുള്ള
യാത്ര അടിക്കും എന്നു
ഉറപ്പുള്ളതു കൊണ്ട് എടുക്കുന്ന
ലോട്ടറിയാണ്
ടിക്കറ്റ്

മുട്ടാതെ കടന്നു പോകുന്ന
ലോറിയ്ക്ക് സ്തുതി

ഇപ്പോൾ
ബസ്സ്‌ പുറപ്പെടുമ്പോൾ
ബസ്സിൽ നിന്നും കേൾക്കേണ്ട
ഇരമ്പൽ
പ്രത്യേകം അന്നൌൻസ് ചെയ്യപ്പെടുകയാണ്
ബസ്സിന്റെ പേരിൽ
കാർ വിൽക്കുന്ന
ഭാഗ്യക്കുറികൾ

ആദ്യം
ഓടിവന്നു കയറുന്നത്
നാല്‌ ടയറുകൾ

ഈശ്വര പ്രാർത്ഥന എന്ന് കൂട്ടിക്കോളൂ

പിന്നീട് ഉരുണ്ടുവന്ന് കയറുന്ന
രണ്ട് പ്രായമായ ടയറുകൾ

അവയ്ക്ക് ഇരിക്കാൻ
നീങ്ങിക്കൊടുക്കുന്ന പിൻടയറുകൾ

ഗീയർ വല്ലാതെ വിറയ്ക്കുന്നുണ്ട്
തണുപ്പുകൊണ്ടല്ല
അതിന്റെ കമ്പിയിലാണ്‌
കുതറുന്ന വണ്ടിയെ കെട്ടിയിട്ടിരിക്കുന്നത്

ചതുരത്തിലേയ്ക്ക് ടിക്കറ്റ് എടുത്തുകഴിഞ്ഞു
ജാലകങ്ങൾ
മണിയിലെയ്ക്ക് കാക്കി നിറത്തിൽ
കടന്നു വരുന്ന
ഒരു ചലനം

ആ ബസ്സിൽ കയറിയിട്ടേയില്ലാത്ത
ഒരാൾ
ആദ്യം ഇറങ്ങാൻ ആവശ്യപ്പെടുന്ന
അയാൾ
ഇത്രയും നേരം
നിങ്ങളിലെയ്ക്ക് യാത്ര ചെയ്ത പോലെ
നിങ്ങളായി
പുറപ്പെടാത്ത ബസ്സ്‌
നിർത്തുമ്പോൾ തന്നെ
അടപ്പില്ലാത്ത വാതിലുമായി
ഇറങ്ങി പോകുന്നു

ആകെയുണ്ടായിരുന്ന ഒരേയൊരു
വാതിൽ നഷ്ടപ്പെട്ട ബസ്‌

എന്താ യാത്രയ്ക്ക് ഭ്രാന്ത്‌ പിടിച്ചോ?

ചില യാത്രകൾ വന്യമായ വായനയാണ്
എഴുത്ത് ഭ്രാന്താകുമ്പോൾ
ചില വായനകൾ യാതനയും

എന്നാലും വായന ഒഴിവാക്കുവാനാവില്ല
പേരുകൾ ഒഴിവാക്കാം
സ്ഥലങ്ങൾ യാത്ര ചെയ്യുന്ന
കാലമാണ്

അത്രയും തണുപ്പിൽ
ജാലകങ്ങൾ ബസ്സിന് പുറത്തേയ്ക്ക്
തിളച്ചുതൂവുന്നത്
ഒരു കാഴ്ച്ചയാണ്
കാണുന്നില്ലേ

എന്നാൽ ഇനി
ഒരു കുട്ടിയ്ക്ക്
കാണാതെ പഠിച്ചോളൂ

ആവർത്തന പട്ടികയിലെ
ഇനിയും കണ്ടുപിടിക്കാത്ത
മൂലകമാണ്
നിറയെ ജാലകങ്ങൾ ഉള്ള ബസ്… ‌
------------------------------------

Wednesday, February 17, 2016

പൊതുമ്പ് / അക്കിത്തം



ഞാനൊരു പൊതു-
മ്പെന്‍റെ മുതുകത്തിരിക്കുന്ന
മാനവര്‍ ദു:ഖത്തിന്‍റെ
തീരമന്വേഷിക്കുന്നു.
അവിടെത്തളിര്‍ക്കുമു-
ന്മേഷത്തിന്‍ പച്ചപ്പുക-
ളതില്‍ മൊട്ടിടുമാവേ-
ശത്തിന്‍റെ തുടുപ്പുകള്‍
അവര്‍ തന്‍ പ്രതീക്ഷയില്‍
ബിംബിപ്പൂ,നയ്മ്പില്‍പെട്ടെ-
ന്നഹങ്കാരത്തിന്‍ കൈകള്‍
മുറുകിപ്പിടിക്കുന്നു.
അവര്‍ തന്നിച്ഛാശക്തി
നക്ഷത്രചന്ദ്രാര്‍ക്കരാ-
യകലത്തുദിക്കയു-
മസ്തമിക്കയും ചെയ് വൂ.
അറിയുന്നു ഞാന്‍ മാത്രം
(നാവുണ്ടായിരുന്നെങ്കില്‍
പറഞ്ഞും കൊടുത്തേനേ)
കൂട്ടരേ കണ്ടിട്ടില്ല
പരവക്കന്ത്യം,പാരം-
ഗതനേയും ഞാന്‍
ഭരതപ്രായം ഞാനീ-
ത്തിരമാലതന്‍ മീതേ
വര്‍ത്തിപ്പൂ വരണ്ടൊരാ
ജ്ഞാനത്താല്‍.,എനിക്കിതു
വയ്യായിരുന്നു പച്ച-
മരമായിരുന്നപ്പോള്‍.
----------------------------

Tuesday, February 16, 2016

അമ്മ / ഒ.എന്‍.വി കുറുപ്പ്‌


ഒന്‍പതു പേരവര്‍ കല്‍പ്പണിക്കാര്‍
ഒരമ്മ പെറ്റവരായിരുന്നു
ഒന്‍പതു പേരും അവരുടെ നാരിമാ-
രൊന്‍പതും ഒന്നിച്ചു വാണിരുന്നു..
കല്ലുകള്‍ ചെത്തി പടുക്കുമ-
ക്കൈകള്‍ക്ക് കല്ലിനെക്കാള്‍ ഉറപ്പായിരുന്നു
നല്ല പകുതികള്‍ നാരിമാരോ
കല്ലിലെ നീരുറവായിരുന്നു ..
ഒരു കല്ലടപ്പിലെ തീയിലല്ലോ
അവരുടെ കഞ്ഞി തിളച്ചിരുന്നു
ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ
അവരുടെ തീനും തിമിതിമിര്‍പ്പും..
ഒരു കിണര്‍ കിനിയുന്ന നീരാണല്ലോ
കോരി കുടിക്കാന്‍, കുളിക്കുവാനും
ഒന്‍പതറകള്‍ വെവ്വേറെ, അവര്‍ക്ക്
അന്തി ഉറങ്ങുവാന്‍ മാത്രമല്ലോ..
ചെത്തിയ കല്ലിന്റെ ചേല് കണ്ടാല്‍
കെട്ടി പടുക്കും പടുത കണ്ടാല്‍
അക്കൈ വിരുതു പുകഴ്തുമാരും
ആ പുകള്‍ ഏതിനും മീതെയല്ലോ..
കോട്ട മതിലും മതിലകത്തെ
കൊട്ടാരം കോവില്‍ കൂത്തമ്പലവും
അവരുടെ കൈകള്‍ പടുത്തതത്രേ
അഴകും കരുത്തും കൈ കോര്‍ത്തതത്രേ..
ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരു
ശില്പ ഭംഗി തളിര്‍ത്ത പോലെ
ഒന്‍പതു കല്പ്പണിക്കാരവര്‍, നാരിമാ-
രൊന്‍പതും ഒന്നിച്ചു വാണിരുന്നു..
അത് കാലം കോട്ട തന്‍ മുന്നിലായി
പുതിയൊരു ഗോപുരം കെട്ടുവാനായ്
ഒത്തു പതിനെട്ടു കൈകള്‍ വീണ്ടും
ഉത്സവമായി ശബ്ദ ഘോഷമായി..
കല്ലിനും മീതെയായി നൃത്തമാടി
കല്ലുളി, കൂടങ്ങള്‍ താളമിട്ടു..
ചെത്തിയ കല്ലുകള്‍ ചാന്തു തേച്ചു
ചേര്‍ത്ത് പടുക്കും പടുതയെന്തേ
ഇക്കുറി വല്ലായ്മ ആര്‍ന്നു പോയി
ഭിത്തിയുറയ്ക്കുന്നീലൊന്നു കൊണ്ടും..
കല്ലുകള്‍ മാറ്റി പടുത്തു നോക്കി
കയ്യുകള്‍ മാറി പണിഞ്ഞു നോക്കി
ചാന്തുകള്‍ മാറ്റി കുഴച്ചു നോക്കി
ചാര്‍ത്തുകള്‍ ഒക്കെയും മാറ്റി നോക്കി
തെറ്റിയതെന്താണ് എവിടെയവോ
ഭിത്തി ഉറയ്ക്കുന്നീലൊന്നു കൊണ്ടും..
എന്താണ് പോംവഴിയെന്നൊരൊറ്റ-
ച്ചിന്ത അവരില്‍ പുകഞ്ഞു നില്‍കെ
വെളിപാട് കൊണ്ടാരോ ചൊല്ലിയത്രെ,
അധികാരമുള്ളോരതേറ്റ് ചൊല്ലി..
ഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍
ഒന്നിനെ ചേര്‍ത്തീ മതില്‍ പടുത്താല്‍
ആ മതില്‍ മണ്ണില്‍ ഉറച്ചു നില്കും
ആചന്ദ്രതാരമുയര്‍ന്നു നില്‍ക്കും..
ഒന്‍പതുണ്ടത്രേ പ്രിയ വധുക്കള്‍
അന്‍‍പിയെന്നോരവരൊന്ന് പോലെ
ക്രൂരമാമീ ബലിക്കായതില്‍ നിന്ന്
ആരെ, ഒരുവളെ മാറ്റി നിര്‍ത്തും..
കൂട്ടത്തില്‍ ഏറ്റവും മൂപ്പെഴുന്നോന്‍
തെല്ലോരൂറ്റത്തോടപ്പോള്‍ പറഞ്ഞു പോയി
ഇന്നുച്ച നേരത്ത് കഞ്ഞിയുമായി
വന്നെത്തിടുന്നവള്‍ ആരുമാട്ടെ,
അവളെയും ചേര്‍ത്തീ മതില്‍ പടുക്കും
അവളീ പണിക്കാര്‍ തന്‍ മാനം കാക്കും..
ഒന്‍പതു പേരവര്‍ കല്പണിക്കാര്‍
ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലും ഒന്‍പതു പേരുമപ്പോള്‍
സ്വന്തം വധൂ മുഖം മാത്രമോര്‍ത്തു..
അശുഭങ്ങള്‍ ശങ്കിച്ച് പോകയാലോ
അറിയാതെ നെടുവീര്‍പ്പുതിര്‍ന്നു പോയി
ഒത്തു പതിനെട്ടു കൈകള്‍ വീണ്ടും
ഭിത്തി പടുക്കും പണി തുടര്‍ന്ന്..
തങ്ങളില്‍ നോക്കാനുമായിടാതെ
എങ്ങോ മിഴി നാട്ടു നിന്നവരും
ഉച്ച വെയിലിന്‍ തിളച്ച കഞ്ഞി
പച്ചില തോറും പകര്‍ന്നതാരോ
അക്കഞ്ഞി വാര്ന്നതിന്‍ ചൂട് തട്ടി
പച്ച തലപ്പുകള്‍ ഒക്കെ വാടി..
കഞ്ഞിക്കലവും തലയിലേറ്റി
കയ്യാലെ തങ്ങി പിടിച്ചു കൊണ്ടേ
മുണ്ടകപ്പാട വരമ്പിലൂടെ
മുന്നിലെ ചെന്തെങ്ങിന്‍ തോപ്പിലൂടെ
ചുണ്ടത്ത് തുമ്പ ചിരിയുമായി
മണ്ടി കിതച്ചു വരുന്നതാരോ..
മൂക്കിന്റെ തുമ്പത്ത് തൂങ്ങി നിന്നു
മുത്തുപോല്‍ ഞാത്തുപോല്‍ വേര്‍പ്പ് തുള്ളി
മുന്നില്‍ വന്നങ്ങനെ നിന്നവാലോ
മൂത്തയാള്‍ വേട്ട പെണ്ണായിരുന്നു..
ഉച്ചയ്ക്കും കഞ്ഞിയും കൊണ്ട് പോരാന്‍
ഊഴം അവളുടെതയിരുന്നു..
ഒന്‍പതു പേരവര്‍ കല്‍പ്പണിക്കാര്‍
ഒന്‍പതു മെയ്യും ഒരു മനസ്സും..
എങ്കിലും ഏറ്റവും മൂത്തയാളിന്‍
ചങ്കിലൊരു വെള്ളിടി മുഴങ്ങി..
കോട്ടിയ പ്ലാവില മുന്നില്‍ വെച്ച്
ചട്ടിയില്‍ കഞ്ഞിയും വാര്‍ന്നു വെച്ചു
ഒറ്റത്തൊട് കറി കൂടെ വെച്ച്
ഒന്‍പതു പേര്‍ക്കും വിളമ്പി വെച്ചു
കുഞ്ഞിനെ തോളില്‍ കിടത്തി, തന്റെ
കുഞ്ഞിന്റെ അച്ഛന്‍ അടുത്തിരിക്കേ,
ഈ കഞ്ഞി ഊട്ടൊടുക്കത്തെയാമെന്ന്
ഓര്‍ക്കുവാന്‍ ആ സതിക്കായതില്ല..
ഓര്‍ക്കാപുറത്തശനിപാതം
ആര്‍ക്കറിയാമിന്നതിന്‍ മുഹൂര്‍ത്തം
കാര്യങ്ങള്‍ എല്ലാം അറിഞ്ഞവാറേ
ഈറനാം കണ്ണ് തുടച്ചു കൊണ്ടേ
വൈവശ്യം ഒക്കെ അകത്തൊതുക്കി
കൈവന്ന കയ്പും മധുരമാക്കി
കൂടെ പൊറുത്ത പുരുഷനോടും
കൂടെപ്പിറപ്പുകളോടുമായി
ഗദ്ഗടത്തോട് പൊറുത്തിടുമ്പോള്‍
അക്ഷരമോരോന്നു ഊന്നിയൂന്നി
അന്ത്യമാം തന്‍ അഭിലാഷമപ്പോള്‍
അഞ്ജലി പൂര്‍വ്വം അവള്‍ പറഞ്ഞൂ..
ഭിത്തിയുറക്കാനി പെണ്ണിനേയും
ചെത്തിയ കല്ലിന്നിടയ്ക്ക് നിര്‍ത്തി
കെട്ടി പടുക്കുവിന്‍, ഒന്നെനിക്കുണ്ട്‌
ഒറ്റ ഒരാഗ്രഹം കേട്ട് കൊള്‍വിന്‍
കെട്ടി മറയ്കല്ലെന്‍ പാതി നെഞ്ചം
കെട്ടി മറയ്ക്കല്ലേ എന്റെ കയ്യും..
എന്റെ പൊന്നോമന കേണിടുമ്പോള്‍
എന്റെ അടുത്തേക്ക് കൊണ്ട് പോരൂ
ഈ കയ്യാല്‍ കുഞ്ഞിനെ ഏറ്റു വാങ്ങി
ഈ മുലയൂട്ടാന്‍ അനുവദിക്കൂ
ഏത് കാറ്റുമെന്‍ പാട്ട് പാടുന്നു
ഏത് മണ്ണിലും ഞാന്‍ മടയ്ക്കുന്നു..
മണ്ണളന്നു, തിരിച്ചു കോല്‍ നാട്ടി
മന്നരായി മദിച്ചവര്‍ക്കായി
ഒന്‍പതു കല്‍പ്പണിക്കാര്‍ പടുത്ത
വന്പിയെന്നോര കോട്ട തന്‍ മുന്നില്‍
ഇന്ന് കണ്ടെനാ പെണ്ണിന്‍ അപൂര്‍ണ
സുന്ദരമായ പെണ്‍ശിലാ ശില്പം..
എന്തിനോ വേണ്ടി നീട്ടി നില്‍ക്കുന്ന
ചന്തമോലുന്ന വലം കയ്യും
ഞെട്ടില്‍ നിന്ന് പാല്‍ തുള്ളികള്‍
ഊറും മട്ടിലുള്ളൊരു നഗ്നമാം മാറും
കണ്ടുണര്‍ന്നെന്റെ ഉള്ളിലെ പൈതല്‍
അമ്മ അമ്മ എന്നാര്‍ത്തു നില്‍ക്കുന്നു..
----------------------------------------------

കോതമ്പുമണികള്‍ / ഒ.എന്‍.വി കുറുപ്പ്‌


 പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു.
കോതമ്പുക്കതിരിന്റെ നിറമാണ്;
പേടിച്ച പേടമാന്‍ മിഴിയാണ്.
കയ്യില്‍ വളയില്ല, കാലില്‍ കൊലുസ്സില്ല,
മേയ്യിലലങ്കാരമൊന്നുമില്ല;
ഏറുന്ന യൌവനം മാടി മറയ്ക്കുവാന്‍
കീറിത്തുടങ്ങിയ ചേലയാണ്!
ഗൗരിയോ ലക്ഷ്മിയോ സീതയോ രാധയോ
പേരെന്ത് തന്നെ വിളിച്ചാലും,
നീയെന്നും നീയാണ്; കോതമ്പു പാടത്ത്
നീര്‍ പെയ്തു പോകും മുകിലാണ്!
കത്തും വറളി പോല്‍ ചുട്ടുപഴുത്തൊരാ
കുഗ്രാമ ഭൂവിന്‍ കുളിരാണ്! (2)
ആരെയോ പ്രാകി മടയ്ക്കുമോരമ്മയ്ക്ക്
കൂരയില്‍ നീയൊരു കൂട്ടാണ്.
ആരാന്റെ കല്ലിന്മേല്‍ രാകിയഴിയുന്നോ-
രച്ഛന്റെ ആശ തന്‍ കൂടാണ്.
താഴെയുള്ളിത്തിരിപ്പോന്ന കിടാങ്ങള്‍ക്ക്
താങ്ങാണ്, താരാട്ട് പാട്ടാണ്!
പേരറിയാത്തൊരു പെണ്‍കിടാവേ
എനിക്കേറെപ്പരിചയം നിന്നെ!
കുഞ്ഞായിരുന്ന നാള്‍ കണ്ടു കിനാവുകള്‍ ,
കുഞ്ഞു വയര്‍ നിറച്ചാഹാരം;
കല്ലുമണിമാല, കൈവളയുത്സവ-
ച്ചന്തയിലെത്തും പലഹാരം. (2)
തോട്ടയലത്തെത്തൊടിയില്‍ക്കയറിയോ-
രത്തിപ്പഴം നീയെടുത്തു തിന്നു.
ചൂരല്‍പ്പഴത്തിന്റെ കയ്പ്പുനീരും കണ്ണു-
നീരുമതിന്നെത്ര മോന്തീല?
പിന്നെ മനസ്സില്‍ കൊതിയുണര്‍ന്നാലത്
പിഞ്ചിലേ നുള്ളിയെറിയുന്നു.
കൊയ്തു കഴിഞ്ഞൊരു കോതമ്പു പാടത്ത്
കുറ്റികള്‍ കത്തിക്കരിയുമ്പോള്‍ ,
ഒറ്റയ്ക്കിരുന്നു നിന്‍ തുച്ഛമാം സ്വപ്‌നങ്ങള്‍
ഒക്കെക്കരിഞ്ഞതും കാണുന്നു.
ഞെട്ടുന്നില്ലുള്ള് നടുങ്ങുന്നില്ല നീ
ഞെട്ടുറപ്പുള്ളൊരു പൂവല്ലേ?
പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു.
ഞാറാണെങ്കില്‍ പറിച്ചു നട്ടീടണം
ഞാറ്റുവേലക്കാലമെത്തുമ്പോള്‍ ;
പെറ്റുവളര്‍ത്തും കുടി വിട്ടു പെണ്ണിന്
മറ്റൊരിടത്ത് കുടിവയ്പ്പ്! (2)
വയലിനുമപ്പുറത്തേതോ സ്വയംവര-
പ്പുകിലിനു മേലാളര്‍ പോകുമ്പോള്‍ ,
വെറുതെയീ നിനവുകള്‍ വന്നു പോയി
വെയിലത്തൊരു മഴ ചാറ്റല്‍ പോലെ..
കുറുകുഴല്‍പ്പാട്ടുണ്ട്, താളമുണ്ട്,
കുതിരപ്പുറത്തു മണാളനുണ്ട്;
പൊന്നിന്‍തലപ്പാവ്, പാപ്പാസ് പയ്യന്
മിന്നുന്ന കുപ്പായം പത്രാസ്!
മുല്ലപ്പൂ കോര്‍ത്തോരിഴകളല്ലോ
മുഖമാകെ മൂടിക്കിടപ്പുണ്ട്!
കുറെയേറെയാളുകള്‍ കൂടെയുണ്ടെത്രയോ-
കുറിയിതേ കാഴ്ച നീ കണ്ടൂലോ..
കുതിരപ്പുരത്തിരുന്നാടിയാടി
പുതുമണവാളനാ പോക്ക് പോകെ
തിക്കിത്തിരക്കി വഴിയരികില്‍ പണ്ട്
നില്‍ക്കുവാനുത്സാഹമായിരുന്നു.
കണ്‍കളിലത്ഭുതമായിരുന്നു വിടര്‍ -
ക്കണ്ണാലെ പിന്നാലെ പോയിരുന്നു.
ഇന്നാക്കുറുകുഴല്‍പ്പാട്ട് കേള്‍ക്കേ,
ഇന്നാ നിറന്ന വരവ് കാണ്‍കേ.
പാതവക്കത്തേക്ക് പായുന്നതില്ല നീ
പാടാന്‍ മറന്ന കിളിയല്ലേ! (2)
പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു. (2)
നിന്നെ വധുവായലങ്കരിക്കാനിങ്ങു
പൊന്നില്ല, പൂവില്ല, ഒന്നുമില്ല.
മയ്യെഴുതിച്ചു മൈലാഞ്ചി ചാര്‍ത്തി ചുറ്റും
കൈകൊട്ടി പാടാനുമാരുമില്ല. (2)
വെള്ളക്കുതിരപ്പുറത്ത് വന്നെത്തുവാന്‍
ഇല്ലോരാള്‍ , കൊട്ടും കുഴലുമില്ല.
കൊക്കിലോതുങ്ങാത്ത ഭാഗ്യങ്ങളൊന്നുമേ.
കൊത്തി വിഴുങ്ങാന്‍ കൊതിയുമില്ല!
തന്‍ പഴങ്കണ്ണുകൊണ്ടേറെക്കണ്ടോ-
രമ്മുമ്മ തന്‍ ചൊല്ലോര്‍ക്കുന്നു,
നമ്മള് നോക്കി വളര്‍ത്തുമീക്കോതമ്പും
നമ്മളും മക്കളെ ഒന്ന് പോലെ! (2)
ആറ്റുനോറ്റാരോ വളര്‍ത്തുന്നു,
കതിരാരോ കൊയ്തു മെതിക്കുന്നു
പൊന്നിന്‍ മണികളാക്കമ്പോളങ്ങളി-
ലെങ്ങോ പോയിത്തുലയുന്നു! (2)
ഇന്നുമീ രാവിലുറങ്ങാതെയെന്തേ നിന്‍
കണ്‍കളിരുട്ടില്‍ പരതുന്നു?
കാതോര്‍ത്ത് തന്നെയിരിക്കുന്നു, വെറും
കാറ്റിന്‍ മൊഴിയിലും ചൂളുന്നു?
അച്ഛന്റെയുച്ഛ്വാസ താളം മുറുകുമ്പോള്‍
അമ്മയിടയ്ക്കു ഞരങ്ങുമ്പോള്‍ ,
കെട്ടിപ്പിടിച്ചു കിടക്കും കിടാങ്ങള-
വ്യക്തമുറക്കത്തില്‍ പേശുമ്പോള്‍ ,
കൂരകള്‍ തോറും കയറിയിറങ്ങുന്ന
ക്രൂരനാം മൃത്യുവേയോര്‍ത്തിട്ടോ,
പത്തി വടര്‍ത്തുമാ മൃത്യുവിന്‍ ദൂതനാം
പട്ടിണി നീറ്റുന്നതോര്‍ത്തിട്ടോ,
കൂരതന്‍ വാതിലില്‍ കാറ്റൊന്നു തട്ടിയാല്‍-
ക്കൂടി മറ്റെന്തൊക്കെയോര്‍ത്തിട്ടോ
നീയിന്നു നിന്നിലൊളിക്കുന്നു,
നീയിന്നു നിന്നെ ഭയക്കുന്നു!
നീയിന്നു നിന്നിലൊളിക്കുന്നു,
നീയിന്നു നിന്നെ ഭയക്കുന്നു!
പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു!
പേടിച്ചരണ്ട നിന്‍ കണ്ണുകള്‍ രാപ്പകല്‍
തേടുന്നതാരെയെന്നറിവൂ ഞാന്‍.
മാരനെയല്ല, മണാളനെയല്ല, നിന്‍-
മാനം കാക്കുമൊരാങ്ങളയെ! (2)
കുതിരപ്പുറത്തു തന്നുടവാളുമായവന്‍
കുതികുതിച്ചെത്തുന്നതെന്നാവോ..?
കുതികുതിച്ചെത്തുന്നതെന്നാവോ..?
-------------------------------------------

പ്രകൃതിപാഠം / ഒ.എന്‍.വി കുറുപ്പ്‌


തൊട്ടാലുടന്‍ തന്നെ നാണിച്ചു പോവുന്ന
തൊട്ടാവാടിക്കൊരു പൂവ് വന്നു.
എന്തൊരു ചന്തം!ആ പൂവിറുത്തീടുവാന്‍
എന്നുണ്ണി മോഹിച്ചടുത്തു ചെന്നു.

പൊട്ടിട്ടുനില്‍ക്കുമാ പുല്‍ച്ചെടിച്ചന്തത്തെ
ഒട്ടു കുനിഞ്ഞൊന്നു തൊട്ടെയുള്ളൂ,
പൂവിന്‍റെ ചോട്ടിലെ മുള്ളിന്‍മുന കൊണ്ടു
പാവമെന്നുണ്ണി കൈ പിന്‍വലിച്ചു.
പിന്നെയാ പിഞ്ചുവിരല്‍ത്തുമ്പിലായൊരു
ചെന്നിണത്തുള്ളി പൊടിഞ്ഞു വന്നു.
"പാവമാമിത്തിരിപ്പൂവിനുമുണ്ടൊരു
കാവലാള്‍!കൈയേറാന്‍ നോക്കിടേണ്ടാ!"
അമ്മതന്‍ ചൊല്ലുപോ,ലേതോ മരക്കൊമ്പില്‍
അന്നേരമേതോ കിളി ചിലച്ചു.
-----------------------------------------------

മരണത്തിനപ്പുറം / ഒ.എന്‍.വി കുറുപ്പ്‌


മര്‍ത്ത്യനെപ്പറ്റിയാണല്ലോ
നിന്റെ പാട്ടുകളെങ്കിലും
അമര്‍ത്ത്യത കടക്കണ്ണാല്‍
നിന്നെയെന്നേ വരിച്ചുപോയ്!

എങ്കിലും നീ മരിച്ചെന്ന
സങ്കടം ബാക്കിനില്‍ക്കവേ
ഉയിര്‍ത്തെഴുന്നേറ്റിടാവൂ
നീയീ നാടിന്റെയോര്‍മ്മയില്‍!
ആരാധകര്‍ നിനക്കായി
സ്മാരകങ്ങളുയര്‍ത്തുവാന്‍
പരസ്പരം മത്സരിക്കാം,
പണം വാരിയെറിഞ്ഞിടാം.
പാര്‍ക്കിലോ പാതയോരത്തോ
കല്ലിലോ നല്ലുരുക്കിലോ
പഞ്ചലോഹത്തിലോ, നിന്റെ
സാരൂപ്യം വാര്‍ത്തുവെച്ചിടാം.
ശിരസ്സില്‍ കാക്ക കാഷ്ഠിക്കാം;
പരസ്യങ്ങള്‍ തെളിഞ്ഞിടാം
പുറത്തും മാറിലും, പിന്നെ-
യൊരുകൈ തച്ചുടച്ചിടാം.
പശിയാം തോഴനോടൊപ്പം
നിശയെത്ര കഴിച്ചു നീ!
എങ്കിലും, നിന്‍ പേരിലുണ്ടാം
സുഖഭോജനശാലകള്‍!
തല ചായ്ക്കാനിടം തേടി
തളര്‍ന്നേറെയലഞ്ഞ നിന്‍
സ്മരണയ്ക്കായ് സവിലാസ
മന്ദിരങ്ങളുയര്‍ന്നിടാം!
വിദ്യുദ്ദീപങ്ങളാല്‍ തീര്‍ത്തോ-
രക്ഷരങ്ങളില്‍ നിന്റെ പേര്‍
തുംഗമന്ദിരമൊന്നിന്റെ
തൂനെറ്റിക്കുറിയായിടാം.
ഉദാസീനമതും നോക്കി-
പ്പഥികര്‍ നടകൊണ്ടിടാം;
നഗരത്തിന്‍ മുഖത്തെത്ര
നഖപ്പാടുകളാവിധം!
കവി നിന്‍ പേരിലുണ്ടാവാം
അവാര്‍ഡുകളുമങ്ങനെ;
കവിതയ്ക്കൊഴികേ മറ്റു-
ള്ളവയ്ക്കായവ പങ്കിടാം!
ഒരുനാളിനി വീണ്ടും നീ
വരുമീവഴിയെങ്കിലോ
നിന്‍പേരില്‍ കാണ്മതെന്തെല്ലാ-
മെന്നുകണ്ടമ്പരന്നിടാം.
എന്നാല്‍ പൊയ്പോയ പൂക്കാല-
ത്തിന്റെയോര്‍മ്മക്കുറിപ്പുകള്‍
ഇത്തിരിത്തുടുവര്‍ണ്ണത്തില്‍
മുറ്റത്തു വിരിയുന്നപോല്‍
വഴിവക്കിലിരുന്നാരോ
പാടും പാട്ടൊന്നു കേട്ടിടാം!
പണ്ടു നിന്‍ ചോരയില്‍ പൂത്ത
രണ്ടീരടികളായിടാം!
അതുകേള്‍ക്കെ,യൊരസ്വാസ്ഥ്യ-
മേതോ ഹൃത്തില്‍ തുടിച്ചിടാം;
ഏതോ കവിള്‍ തുടുത്തിടാം
നെടുവീര്‍പ്പൊന്നുയര്‍ന്നിടാം!
കണ്ണീരായ്, ചോരയായ്, വേര്‍പ്പായ്
മണ്ണിലേക്കു മടങ്ങിയോര്‍,
ഇടിനാദം മുഴക്കിക്കൊ-
ണ്ടിവിടെപ്പെയ്തൊഴിഞ്ഞവര്‍
വീണടിഞ്ഞ നിലത്തെപ്പാഴ്-
ത്തൃണപാളികള്‍പോലുമേ
കാതോര്‍ത്തിടാം, മിഴിത്തുമ്പില്‍
ഏതോ ദുഃഖം തുളുമ്പിടാം!
അനശ്വരത, തന്‍മാറോ-
ടണച്ചു നിന്നെയെന്നതും
നിനക്കറിയുമാറാകും
നിമിഷങ്ങളതായിടാം!
നിന്റെ വാക്കുകളില്‍ക്കൂടി
നീയുയിര്‍ത്തെഴുന്നേല്‍ക്കുക!
മൃത്യുവെ വെന്നു നീയെന്നും
മര്‍ത്ത്യദുഃഖങ്ങളാറ്റുക!
----------------------------------

വെറുതെ / ഒ.എന്‍.വി കുറുപ്പ്‌


ഒടുവിലീ വാഴ്‍വിന്‍റെ ബാക്കിപത്രം
ഒരു വാക്കില്‍ ഞാന്‍ കുറിക്കാം :'വെറുതെ ' ...
ഒരു തിരിക്കുള്ളില്‍ കുറുമണികള്‍
തുരുതുരെത്തിങ്ങി നിറഞ്ഞപോലെ,
പെരുമാരിയായ് മാറും ജലകണങ്ങള്‍
ഒരു മേഘപാളിയിലെന്നപോലെ,
നിരവധിയൂര്‍ജ്ജകണങ്ങളൊന്നി-
ച്ചൊരുവിദ്യുല്ലേഖയിലെന്നപോലെ,
'വെറുതെ'യെന്നൊരു വാക്കില്‍ ജീവിതത്തിന്‍
പൊരുളുകളാകെയുള്‍ച്ചേര്‍ന്നുവല്ലേ?
ഒടുവിലീത്താളിലെന്‍ ശേഷപത്രം
ഒരു വാക്കില്‍ ഞാനെഴുതാം : 'വെറുതെ ' ...
ഗതകാല സ്മൃതികള്‍ ചുരന്നിടുന്ന
മധുരവും കയ്പും കവര്‍പ്പുമെല്ലാം
ഒരുപോലെയൊടുവില്‍ സ്വാദിഷ്ഠമായി
വെറുതെ നുണഞ്ഞു നുണഞ്ഞിരിക്കെ,
മിഴിമുനയൊന്നു നനഞ്ഞുവെങ്കില്‍ ,
മൊഴികള്‍ മൌനത്തില്‍ കുടുങ്ങിയെങ്കില്‍ ,
നിമിഷത്തിന്‍ ചിറകൊച്ച കേട്ടുവെങ്കില്‍ ,
ഹൃദയത്തിന്‍ താളമിടഞ്ഞുവെങ്കില്‍ ,
വ്യഥകള്‍ നിദാനമറിഞ്ഞിടാത്ത
കദനങ്ങള്‍ ചേക്കേറാന്‍ വന്നുവെങ്കില്‍ ,
എവിടെയോ ചൂള മരങ്ങള്‍ കാറ്റിന്‍
ചെകിടിലെന്തോ ചൊല്ലിത്തേങ്ങും പോലെ,
ബധിരനാം കാലത്തിന്‍ കാതിലെന്‍റെ
ഹൃദയം നിമന്ത്രിപ്പതും 'വെറുതെ'!
ഒടുവിലീത്താളിലെന്‍ ശേഷപത്രം
ഒരു വാക്കിലെഴുതിവയ്ക്കാം:
'വെറുതെ' ..
ഗഗനകൂടാരത്തിന്‍ കീഴിലെത്ര
നഗരങ്ങള്‍,നാട്ടിന്‍പുറങ്ങള്‍ കണ്ടു!
അവിടത്തെ ഗാനോത്സവങ്ങളിലെ
കുഴലുകള്‍, ചെണ്ടകളൊക്കെ വേറെ.
ശ്രുതി വേറെ,താളങ്ങള്‍ , വേറെ,യെന്നാല്‍
ഹൃദയത്തിന്‍ സത്യങ്ങളൊന്നുപോലെ!
അവയിലെന്‍റേതെന്തോ
ഞാന്‍ തിരഞ്ഞൂ!
അവയുമെന്‍റേതെന്നു
ഞാനറിഞ്ഞൂ!
വിവിധമാം സ്വാദും സുഗന്ധവും കൊ-
ണ്ടവിടെയെന്‍ പാഥേയമാര്‍ നിറച്ചൂ?
അതുമേന്തിയലസമലക്ഷ്യമായ് ഞാന്‍
അലയവേ,യേതൊരു കാന്തശക്തി
ഒരു നൗകയെ കടല്‍ക്കാറ്റുപോലെ
വെറുതെയിത്തീരത്തണച്ചിതെന്നെ!
ഒടുവിലീ വാഴ്വിന്‍റെ ബാക്കിപത്രം
ഒരു വാക്കില്‍ ഞാന്‍ കുറിക്കാം-'വെറുതെ!'
പതറാത്തൊരോര്‍മ്മ തന്‍ വടിയുമൂന്നി
പഴയ വഴികള്‍ നടന്നു കാണ്‍കെ,
ഒരു കുറിമാത്രമരങ്ങിലാടാന്‍
വരുതി ലഭിച്ചൊരു നാടകത്തില്‍
മൊഴിയും ചമയവുമഭിനയവു-
മൊരുപോലെ തെറ്റിയെന്നോര്‍ത്തുപോകെ,
പഴയ വിളക്ക് വിലയ്ക്ക് വാങ്ങി
പുതിയതു നല്‍കും വണിക്കിനെപ്പോല്‍
നടകൊള്‍വു കാലമെന്നൊപ്പമേതോ
നവമാം പ്രലോഭനമന്ത്രവുമായ്.
വിലയിടിയാത്ത കിനാക്കളുണ്ടോ?
വിലപേറുമെന്തുണ്ട് വാഴ്വില്‍ ബാക്കി?
എവിടെയൊരമ്പിളിച്ഛായയുള്ളി-
ലെഴുമെന്‍റെ കണ്ണാടി?-യതുമുടഞ്ഞു....
ഒടുവിലീ വാഴ്വിന്‍റെ ബാക്കിപത്രം
ഒരു വാക്കിലിങ്ങനെയായ്:'വെറുതെ'...
-----------------------------------------

Friday, February 12, 2016

അറിഞ്ഞിട്ടും / ഗോപകുമാർ തെങ്ങമം തെങ്ങമം


ഇഷ്ടമാണെന്നറിയിക്കാ-
നൊറ്റ മന്ദസ്മിതം മതി..;
ക്രുദ്ധയാണന്നറിയുവാന്‍
കണ്ണിലെ രുദ്രഭാവക്കനല്‍ മതി

കാത്തിരിക്കുവാന്‍ ചങ്കുറപ്പുള്ള
വാക്കൊന്നു മാത്രം മതി ;
എന്നുമോര്‍ത്തു വയ്ക്കുവാന്‍
പ്രഥമ ചുംബനച്ചാറിന്‍ മണം മതി.
കടല്‍ നിറയ്ക്കുവാനോരോ കണം മതി
കൃഷ്ണഗോളങ്ങളില്‍ .
സങ്കടക്കടല്‍ നീന്തിക്കടക്കുവാ-
നിഷ്ട പങ്കായക്കരം മതി.
ഒത്തുചേരുവാനെത്ര മാത്രം കൊതിച്ചിട്ടു-
മൊറ്റയാകുന്ന വേദന
നീ തന്ന പൂര്‍വ്വസാന്നിധ്യമോ ..
ഇന്ന് ഞാന്‍ തിന്നും അസാന്നിധ്യമോ..?
--------------------------------------------

Thursday, February 11, 2016

ടച്ച് മി നോട്ട് / ഗിരിജ പതേക്കര



തൊട്ടാല്‍വാടിയെന്നെന്നെ
വിവര്‍ത്തനം ചെയ്തതാരാണ്?
ലജ്ജാവതി*യെന്ന
എന്‍റെയാ പഴയ പേരിനെ
തൊട്ടാല്‍വാടിയെന്ന്
വിവര്‍ത്തനം ചെയ്തതെന്തിനാണ്?
ഒന്നു തൊടുമ്പോഴേക്കും
ലജ്ജയാല്‍ കൂമ്പുന്നവളെന്ന്
തെറ്റിദ്ധരിച്ചിട്ടാവുമോ?
'ലജ്ജ'യെന്ന വാക്കിന്
ആ ഒരര്‍ത്ഥം മാത്രം
കല്പിച്ചിട്ടാവുമോ?
പൂജയ്ക്കെടുക്കാനോ
മുടിയില്‍ ചൂടാനോ
മുറ്റത്തു പടര്‍ത്താനോ
ആര്‍ക്കും വേണ്ടാത്ത
എന്‍റെയീ പൂക്കളെ
വെറുതെയിറുക്കാന്‍ നീളുന്ന
കൈകളെയോര്‍ത്ത്
ഞാന്‍ ലജ്ജിക്കുന്നു
എന്നാണെന്‍റെ പേരിനര്‍ത്ഥം.
'ടച്ച് മി നോട്ട്' എന്നത്
തൊട്ടാല്‍വാടിയായതെങ്ങനെയെന്നും
ഒരെത്തും പിടിയും കിട്ടുന്നില്ല.
'എന്നെ തൊടരുതേ'യെന്ന
ഒരപേക്ഷയാണതെന്ന്
ആരെങ്കിലും കരുതിക്കാണുമോ?
എങ്കിലതും തെറ്റാണ്.
അതൊരാജ്ഞയാണ്!
'തൊടരുതെന്നെ'യെന്ന
ആയിരം മുള്ളുകളുള്ള
ഒരാജ്ഞ!
തൊടുന്നവനെ
മുറിപ്പെടുത്തുമെന്ന
ഒരു മുന്നറിയിപ്പ്!
ഒരു പേരിലെന്തിരിക്കുന്നു എന്നാണോ?
ആയിരം വട്ടം പറഞ്ഞാല്‍
ആനയും പടിയുമെന്നല്ലേ ചൊല്ല്?
പഴഞ്ചൊല്ലില്‍
പതിരില്ലെന്നുമല്ലേ?
--------------------------------------------
*തൊട്ടാല്‍വാടിക്ക് സംസ്കൃതത്തിലുള്ള പേരാണ് ലജ്ജാവതി.

ഇവിടെ അരക്കു മണക്കുന്നുണ്ട്‌ / സുധീർ രാജ്


ഊരിലെല്ലാം
അരക്കു മണക്കുന്നതുകൊണ്ടാണു
മൂക്ക്‌ വിടർന്നു പോയത്‌.
മുഖം കുത്തി വീണുവീണാണു
ചുണ്ട്‌ തടിച്ചു പോയത്‌.
ഉള്ളു ചുട്ടുചുട്ടാണു
ഉടലിങ്ങനെ കറുത്തുപോയത്‌.

നിങ്ങളിലെ ഇരുട്ടകറ്റാൻ
ഞങ്ങളുടെ കുഞ്ഞുങ്ങളെ കത്തിക്കരുത്‌
നീതിയില്ലാത്ത ഭൂമിയിലെ പോരാട്ടത്തിനു
ഞങ്ങളെ പ്രകോപിപ്പിക്കരുത്‌.
എന്നിരുന്നാലും
ഞങ്ങൾ കുഞ്ഞുങ്ങളെ കൊല്ലില്ല.
-------------------------------------------

Sunday, February 7, 2016

ലോഡ്ജ്‌ / ശ്രീജിത്ത്‌ അരിയല്ലൂര്‍


മുറിയെടുക്കുമ്പോള്‍
വെള്ളമുണ്ടോ
വെളിച്ചമുണ്ടോ
മൂട്ടയുണ്ടോ
വാടക കൂടുമോ
എന്നൊക്കെ നോക്കുംമുമ്പ്‌
മുറിയിലെ
ചുവരിലോ
വാതില്‍പ്പൊളിയിലോ
കണ്ണാടിയിലോ
ഒരു ചുവന്നപൊട്ടിരിക്കുന്നുണ്ടോ
എന്നുമാത്രം നോക്കുക...

മറ്റാരും 'തൊടാതിരിക്കാന്‍' വേണ്ടി
ആത്മഹത്യ ചെയ്യുന്നതിന്‌ തൊട്ടുമുമ്പ്‌
ജീവനില്‍നിന്നും
അവള്‍
പറിച്ചുവെച്ചതാവും അത്‌...!
-------------------------------------

തെരുവുകളിൽ ഇണ ചേരുന്നവർ / ആര്‍.സംഗീത


നാല് കൈയും
നാല് കാലും
ഒറ്റ ഉടലിന് മേൽ
തുന്നിപ്പിടിപ്പിച്ച
വികാരങ്ങളുടെ
പതിനായിരം ചിറകുമായി
തെരുവിൽ പെയ്തപ്പോൾ
വീടില്ലാത്തവരുടെ
വരണ്ട ഭൂമിക്ക് മേൽ
ആകാശത്തെ
അഴിച്ച് വിട്ടെന്ന്
പറഞ്ഞത് നിങ്ങളാണ്.

നൂറ്റാണ്ടുകളായി
പഴുത്ത് ചീഞ്ഞ
വൃണം
പൊട്ടിയൊഴുകിയ
ചലത്തിന്റെ ദുർഗന്ധത്തെ
മൂക്ക് പൊത്തി
കവിതയെന്നു വിളിച്ചതും
നിങ്ങളാണ്.
മരിച്ചവരുടെ
നഖവും മുടിയും
മാത്രം വളരുന്ന
ദേശത്തിന്
അഴിച്ചെടുക്കാനാവാത്ത
അദൃശ്യ കുരുക്കുകളിൽ
ചോര കട്ടപിടിക്കാത്ത
തെരുവുകളുള്ള നാടിന്
വിപ്ളവമെന്നു പേരിട്ടത്
ഞങ്ങളല്ല, നിങ്ങളാണ്.
വിളഞ്ഞ
ഗോതമ്പ് പാടങ്ങൾക്കു
കുറുകെ
സൈക്കിളോടിക്കുന്ന
സൂര്യന്റെ ചിത്രം
കണ്ണാടിമണ്ണിൽ
പതിപ്പിക്കാൻ തുനിഞ്ഞപ്പോൾ
മണ്ണൊക്കെ
നിങ്ങളുടെത്
മാത്രമാണെന്ന് പറഞ്ഞു,
ഒന്നറിഞ്ഞോളു
വേദനിക്കുന്നവരുടെ ഭൂപടത്തിൽ
മുറിവുകളായി വരഞ്ഞിട്ട
കപ്പൽ ചാലുകളേയുള്ളൂ
ഓർമ്മകളെ
ഉപ്പിലിട്ട് വച്ച
കടൽപ്പച്ചയിൽ
നീറി നീറി വിണ്ടടർന്ന
തുരുത്തുകളേയുള്ളൂ
വിശക്കുന്നിടങ്ങൾ
വേദനിക്കുമെന്നും
വേദനിക്കുന്ന ഇടങ്ങൾക്കും
വിശക്കുമെന്നും
ഉറക്കെ പറഞ്ഞ ഇരുണ്ടകുട്ടിയുടെ
സ്വപ്നത്തിൽ വന്ന
വിയർപ്പു മണമുള്ള
കറുത്ത ക്രിസ്തു
നിങ്ങളുടെയല്ല
ഞങ്ങളുടെയാണ്.
ഒറ്റികൊടുക്കരുത്.
--------------------------------

കുഞ്ഞനുണ്ണി / ഡി.വിനയചന്ദ്രന്‍



കുഞ്ഞനുണ്ണി വീട്ടിലില്ല
കുഞ്ഞടുപ്പിന്‍ മൂട്ടിലില്ല
അമ്മ കോരും കിണറിലില്ല
അച്ഛനെണ്ണും കതിരിലില്ല
പെങ്ങള്‍ പാവും തറിയിലില്ല
പല്ലിമുട്ടപ്പഴുതിലില്ല
ചിക്കുപായുടെ ചുരുളിലില്ല
തെക്കിനിയുടെ തൂണിലില്ല
തേവരുണ്ണും മുറിയിലില്ല
തേതിപ്പശുവിന്‍റെ അകിടിലില്ല
ഇട്ടിക്കുറുമ്പത്തെങ്ങിലില്ല
ചക്കക്കുരുവിന്‍റെdയുള്ളിലില്ല
വാരിയിറമ്പിന്‍ നിഴലിറങ്ങിയ
പൂഴിമണലിന്‍ ചുഴിയിലില്ല
കാവല്‍ നില്‍ക്കും കാഞ്ഞിരത്തിന്‍
വാവലുറങ്ങിയ കൊമ്പിലില്ല
വാവല്‍ പോകും വഴിവിലങ്ങും
കാര്‍മുടിയുടെ ചിടയിലില്ല.
കുഞ്ഞനുണ്ണി നാട്ടിലില്ല.
കുന്നിലമ്പലമുടി കൊഴിഞ്ഞു
കോതയാറിന്‍റെ കണ്ണടഞ്ഞു
വെള്ളെരുക്കിന്‍റെ മൂക്കുടഞ്ഞു
വെട്ടുവഴിയുടെ കാതടര്‍ന്നു
ചന്തനാക്കിന്‍റെ തുമ്പരിഞ്ഞു
ആല്‍ത്തറയുടെ നെഞ്ചെരിഞ്ഞു
പുഞ്ചവയലിന്‍റെ കുടല്‍ മറിഞ്ഞു
കമ്പിത്തൂണിന്‍റെ കൈ കരിഞ്ഞു
കുംഭത്തേരിന്‍റെ കാലൊടിഞ്ഞു.
കുഞ്ഞനുണ്ണി നാട്ടിലില്ല വീട്ടിലില്ല.
കൂട്ടുകാരുടെ കൂട്ടിലില്ല
ചീട്ടുകളിയുടെ ചീട്ടിലില്ല
കൂട്ടുകാരിപ്പെണ്ണ് പാടിയ
പാട്ടുറങ്ങിയ കടവിലില്ല
മാക്രി പാടിയ മഴയിലില്ല
പോക്രി മൂത്തൊരു വെയിലില്ല
കാട്ടുമാക്കാന്‍ കുളിരിലില്ല
പൂച്ചെടിയുടെ ചിറിയിലില്ല
കാക്കവന്നു വിരുന്നൊരുക്കിയ
കാട്ടുപോത്തിന്‍റെ കൊമ്പിലില്ല
പോക്കു വെയ് ലു മുകര്‍ന്നു പുല്‍കി-
പ്പൂത്ത മാനത്തു പൂത്തതില്ല.
പകലറിഞ്ഞൊരു കളത്തിലില്ല
രാവറിഞ്ഞൊരു തുറയിലില്ല
കുഞ്ഞനുണ്ണി നാട്ടിലില്ല വീട്ടിലില്ല.
എട്ടുകെട്ടിന്‍ കിഴക്കേക്കോടി-
ക്കെട്ടിലുള്ളോരു പന്നഗത്തില്‍
ഏത്തമിടുന്നൊരു പകലിലൂടെ
എത്തിനോക്കുന്നു കുഞ്ഞനുണ്ണി.
കാവിലെണ്ണ വിളക്കെരിഞ്ഞൊരു
കാടു വളരെ,രാവു തേങ്ങി-
ത്തേങ്ങി വന്നൊരു തേര്‍ വഴിയേ
തേര്‍ തെളിക്കുന്നു കുഞ്ഞനുണ്ണി.
------------------------------------

Friday, February 5, 2016

തേവിയുണ്ട്‌ ചിരിതൂകിയെപ്പൊഴും / കെ.പി.കൃഷ്ണൻ കുട്ടി


തേവിയമ്മ പിറന്നതീ ചേറിൽ
തേവിയമ്മ വളർന്നതീയൂരിൽ
ചേറിലാടുന്ന നെല്ലിന്റെ മൂട്ടിൽ
വേരുറച്ചതവളുടെ ജീവിതം.
താൾ മറിയുന്ന ചരിത്രത്തിരിവിൽ
തേവിയുണ്ട്‌ ചിരിതൂകിയെപ്പൊഴും.

ആളുതാഴുന്ന ചേറ്റുപാടങ്ങളിൽ
നീർ നിറയുന്ന പുഞ്ചനിലങ്ങളിൽ
കാലുറയ്ക്കാത്ത കന്നിന്നിണയായ്‌
വാടിവീഴുന്ന തോഴിക്കു താങ്ങായ്‌
നീരുതേടുന്ന വേരിന്നു സേകമായ്‌
തേവിയുണ്ട്‌ ചിരിതൂകിയെപ്പൊഴും.

ഞാറ്റുപാടങ്ങൾ നട്ടു നനച്ചും
കാറ്റിലാടും കതിർക്കുല കൊയ്തും
കൂനിപ്പോയ തേവിതൻ നട്ടെല്ലിൽ
നേരുറച്ച മനസ്സുണ്ട്‌ നേരെയായ്‌.
നീതികേടുകൾ നീറ്റുന്നിടങ്ങളിൽ
തേവിയുണ്ട്‌ ചിരിതൂകിയെപ്പൊഴും.

മേൽ വരമ്പത്തുലാത്തിയ തമ്പുരാൻ
ഭൂമി നൽകിയ പൊന്മണിയെല്ലാം
നാലുകെട്ടിലൊളിപ്പിച്ച വേളയിൽ
കൂമ്പിപ്പോയ മനസ്സിന്നിതളുമായ്‌
കൂട്ടുകാരെല്ലാമിരുട്ടിൽ തളരവേ
തേവിയുണ്ട്‌ ചിരി തൂകിയെപ്പൊഴും.

നോവുനൽകുമനീതിക്കെതിരായ്‌
പോരുറയ്ക്കുന്ന വാക്കും വപുസ്സുമായ്‌
ഏറെ മാറുന്ന കാലത്തികവിലും
മാറി മായാത്ത പോരാട്ട വീറുമായ്‌
സംഘബോധ വെളിപാടു തറകളിൽ
തേവിയുണ്ട്‌ ചിരിതൂകിയെപ്പൊഴും.

ചോറു കായ്ക്കുന്ന വല്യപാടങ്ങൾ
തീറുവാങ്ങിയുയർത്തും പുരങ്ങളിൽ
ഏറെ വഞ്ചിതയാകുന്നുവെങ്കിലും
നാളെയെത്തുന്ന സൂര്യനെ കാണുവാൻ
നീണ്ടനോട്ടമെരിയുന്ന കണ്ണുമായ്‌
തേവിയുണ്ട്‌ ചിരിതൂകിയെപ്പൊഴും.

തേവി കാക്കുന്നു ചരിത്രത്തെളിവുകൾ
സംഘനേട്ടത്തിൻ പോരാട്ടരേഖകൾ
ചോരയും കണ്ണീരും വീഴുമിടങ്ങളിൽ
വർഗ്ഗബോധ നിറദീപം കൊളുത്തി
മർത്ത്യമോചന മാർഗ്ഗം ചമയ്ക്കുവാൻ
തേവിയുണ്ട്‌ ചിരിതൂകിയെപ്പൊഴും.
-------------------------------------

തീവണ്ടിപ്പാത .......ഒരു പെണ്ണാണ്! / വിനീത മഹേഷ്


അരുതെഴുത്തുകളും
അഴുക്കുചാലുകളും
അവളിലേക്ക്
ഒരുപോലെ വിരലുചൂണ്ടുന്നുവല്ലോ?

മണിയൊച്ചകൾക്കും
മൈക്ക് അനൗൺസ്മെന്റുകൾക്കും
ഇടയില്‍ ഏതുനിമിഷവും
തന്നിലൂടെ പാഞ്ഞുപോയേക്കാവുന്ന
ഒരൊറ്റക്കുതിപ്പിന്റെ
തണലുകാത്ത്
തീയേക്കാൾ അവൾ
വെയിലു തിന്നുന്നുവല്ലോ ?

തീവണ്ടിപ്പാത
പെണ്ണു തന്നെ ....തീർച്ച!
-------------------------------------

Wednesday, February 3, 2016

മരിച്ചവരെ എന്തിനാണു ഭയപ്പെടുന്നത്‌ / ജമാൽ മൂക്കുതല


നിലാവിനോടൊപ്പം
നടക്കാനിറങ്ങിയ ഒരു
വെള്ളിയാഴ്ച
ഖബർ സ്ഥാന്റെ
അരികിലെത്തിയപ്പോൾ
ഹൃദയം പടപടായിടിച്ചു.

അയലയുണ്ടോയെന്നു ചോദിച്ചാൽ
മത്തി കിലോ പത്തുറുപ്പ്യാ
എന്ന് പറയുന്ന, ചെവി
പതുക്കെയായിരുന്ന മായിനാണു
മതിലിനോടു ചേർന്നു കിടക്കുന്നത്‌.

ഏതു വേനലിലും പൊഴിയാതെ
പടർന്നു പിടിച്ചിരിക്കുന്ന
മൈ ലാഞ്ചിയിലയുള്ള ഖബർ,
കല്യാണപ്പെണ്ണായിരിക്കെ
വസൂരി വന്നു മരിച്ച
സുലേഖയുടേതാണു.

കാണുമ്പോഴൊക്കെ
ഓരോ തമാശയുണ്ടാക്കി
നമ്മളെ മക്കാറാക്കിയിരുന്ന
സഖാവ്‌ സൈനുവാണു
പള്ളിയുടെ ഇടതുവശത്തായി
വിശ്രമിക്കുന്നത്‌.

മരിക്കും വരെ ഒരു വട്ടം പോലും
മുഖം കറുപ്പിച്ച്‌ ഒരു വാക്കും പറയാത്ത
വല്ല്യുപ്പയുണ്ടവിടെ.
അങ്ങനെ കൂട്ടുകാരും കുടുംബക്കാരും
നാട്ടുകാരുമല്ലേ ഈ നിരന്നു കിടക്കുന്നത്‌.

അപ്പോൾ പിന്നെ
ജീവിച്ചിരിക്കുന്നവരെക്കാൾ
മരിച്ചവരെ
എന്തിനാണു ഭയപ്പെടുന്നത്‌ !
-------------------------------------

ഉറുമ്പ് ഓടിനടക്കുന്ന ഒരില / എസ്. ജോസഫ്


ഉറുമ്പ് ഓടിനടക്കുന്ന ഒരില പൊട്ടിച്ച് ഒഴുകുന്ന വെള്ളത്തിലിട്ടു
എന്നത് പൈസയില്ലാത്ത കൂട്ടുകാരനെ
എട്ടും പൊട്ടുംതിരിയാത്ത പട്ടണത്തില്‍വച്ച്
കൈവിട്ടു എന്ന്‍ മാറ്റിയെഴുതാം.

കൂടെ പൊറുക്കാന്‍ തേടിവന്നവളെ കള്ളംപറഞ്ഞ്
അവളുടെ വീടില്ലാത്ത വീട്ടിലേക്ക് ബസുകയറ്റിവിട്ടു എന്നത്
പൂച്ചക്കുഞ്ഞിനെ തോട്ടിനക്കരെ
വിട്ടിട്ടുപോന്നു എന്ന്‍ മാറ്റിവായിക്കാം.

എന്നാല്‍ പുറന്തള്ളപ്പെട്ട നഗരവാസികളും
ഗ്രാമവാസികളുമായ മനുഷ്യര്‍ എങ്ങോട്ടു പോകുന്നു
എന്നത് അങ്ങനെതന്നെയേ എഴുതാനും വായിക്കാനുമാകൂ.
--------------------------------------------------------------

Saturday, January 30, 2016

റീ ഷൂട്ട് / ബൈജു മണിയങ്കാല


നീങ്ങിയിട്ടില്ലിവിടുന്നു
നീ കയറിപോയ വണ്ടിയുടെ
ജാലകങ്ങൾ

ചലിച്ചിട്ടില്ലിവിടുന്നു
നീ കാൽ വെച്ച് കയറി പോയ
കൊലുസ്സിട്ട വാതിൽപടിയും
തിരിച്ചു നടക്കുന്നുമില്ല ഞാൻ
ഏകനായി തിരികെ
വീടെത്തിയിട്ടും
കണ്ടുമുട്ടുന്നുണ്ടാവും
നിന്റെ തിരിഞ്ഞു നോട്ടവും
എന്റെ വിടപറയലും
തമ്മിൽ
ആ വൈകുന്നേരങ്ങളിൽ
വൈകുന്നേരത്തിന്റെ സെറ്റ്
പോക്കുവെയിലിലിട്ട്
നമ്മുടെ വിരഹം
അതേ പോലെ
പുനർനിർമ്മിക്കുന്നുണ്ടാവും
ഓരോ ദിവസവും
എടുത്ത ടേക്ക്
ശരിയാവാത്തത് പോലെ
ആ സീൻ
റീ ഷൂട്ട്‌ ചെയ്യപ്പെടുന്നുണ്ട്
നമ്മുടെ മനസ്സിൽ
ഓരോ നിമിഷവും .…
-------------------------------

മടിച്ചി / ജയദേവ് നയനാർ


വാക്കുകൾ കൊണ്ടുള്ള
വാർക്കപ്പണിക്ക് വന്നവൾ
ഓർമകൾ അഴിച്ചുടുക്കുന്നത്
എന്തിനാണെന്നാണ്.
ഉപയോഗിച്ചു പഴകിയ
ഉടൽ തന്നെയാണ്.
അയയിൽ കിടന്നുണങ്ങി
നിറം പിണങ്ങിപ്പോയ
ഏതോ തിടുക്കമാണ്
വാരിവലിച്ചുചുറ്റിയത്.
പിഞ്ഞിപ്പോയ ഓർമ
അവളോട് പണിക്കിടെ
പറയുന്നുണ്ടാവും.
അവളത് പതുക്കെ
മൂളിക്കേൾക്കുന്നുണ്ട്.
എപ്പോഴൊക്കെയോ നമ്മൾ
ജീവിച്ചിരുന്നെന്ന നുണ
വിശ്വസിച്ചിരുന്ന കാലത്ത്
ശ്വസിച്ചിരുന്ന ഒരു കവിൾ
ജീവിതത്തെക്കുറിച്ച്
പറയുന്നുണ്ട്. അതിന്റെ
ഞെട്ടലിൽ അവൾ
മൂളിക്കേട്ടു പോകാൻ
മറക്കുന്നുണ്ട്.
എപ്പൊഴൊക്കെയോ നമ്മൾ
മരിച്ചു പോയിരുന്ന കാലത്ത്
തിരിച്ചറിയാതെ പോയ
ഒരു അടയാളത്തെക്കുറിച്ചോർത്ത്
വാർക്കയ്ക്കിടയിൽ
ഇറങ്ങി വരുമ്പോൾ
കാലിടറുന്നുണ്ട്.
വാർക്കപ്പണിക്കിടയിൽ
ഓർമകളിച്ചടുക്കുന്നവൾ
ഒരു വാക്ക് കൊണ്ടു പോലും
ഇക്കാലമത്രയും ഒരു
കൂര പോലും വച്ചില്ലെന്ന് .
ഒരു വാക്കിനകത്തുമിന്നേവരെ
കിടന്നിട്ടില്ലെന്ന് .
ആകാശത്തിന്റെ
വാർക്കപ്പണിക്കാരി.

--------------------------

Friday, January 29, 2016

തൊണ്ടയിലെ ഈ മുള്ള് / ജയദേവ് നയനാർ


വാതില്‍ക്കല്‍
മുഖമൊളിപ്പിക്കുന്നത്
ആരുമാവാം, പക്ഷെ
കാറ്റെന്നെപറയാവൂ.
മനസിലേക്കൊരു
വിരല്‍ നീട്ടുന്നത് മരണമാവാം, പക്ഷെ
ഓര്‍മയെന്നെ പറയാവൂ.
കരളിലേക്കൊരു
മൂര്‍ച്ചയിറക്കുണ്ട്
കാലമാവാം, പക്ഷെ
കാമമെന്നേ പറയാവൂ.

കൊറ്റിയുടെ മുഖമെന്നു
മനസിലുണ്ടിപ്പോള്‍.
വരിഞ്ഞുമുറുകിയ
ഒരു മീന്‍കുഞ്ഞ്
തൊണ്ടയില്‍ പരതുന്നു.

കഴുത്തില്‍ കയര്‍ മുറുകിയ
ഒരുപുഴയുടെ ശബ്ദവിലാപം
തൊണ്ടയിലിഴയുന്നു, പക്ഷെ,
മുള്ളെന്നെ പറയാവൂ.

ആകാശത്ത് ആര്‍ക്കോ
വേണ്ടിയൊരു വെടിയൊച്ച.
'അരുത് കാട്ടാളാ'
എന്നേ പറയാവൂ.

അകത്തെന്നുമെന്തോ
മുറിയുന്നു, പക്ഷെ
ആത്മഗതമെന്നെ പറയാവൂ.

വരും വരുമൊരു നാളൊരു
കുറുനരി എന്നെ
സമാധാനിക്കാവൂ..
----------------------------

വീട് / സുബിൻ അമ്പിത്തറയിൽ


ജോലിക്ക് പോകാൻ
തിരക്കിട്ട് നിരത്തിലിറങ്ങുമ്പോൾ
പിന്നിൽ എന്നേം നോക്കി
ഇളിച്ചുകൊണ്ടിരിക്കുന്നുണ്ടാവും വീട് .

ഒരു തൊഴിലിനും പോകാതെ
സദാ സമയം മുറ്റത്തിങ്ങനെ
കുത്തിയിരിക്കുന്ന വീടിനെ
നാലെണ്ണം പറയാനോങ്ങും .

വൈകുന്നേരം ഇങ്ങോട്ട് തന്നെ
വരണമെന്നത് ഓർക്കുമ്പോൾ
ഒന്നും പറയാതെ
തിരിച്ചൊരു ഇളി കൊടുത്തിട്ട്
ഞാനെൻറെ വേലയ്ക്ക് പോകും .

പളളിപ്പറമ്പിൽ പൊറുതിക്ക്
പോയതിൽ പിന്നെ
അപ്പനും അമ്മേം തിരിച്ച് വന്നിട്ടില്ല .
അവിടെയാകുമ്പോ
പണിക്കൊന്നും പോകാതെ
സുഖാമായ് കിടന്നുറങ്ങിയാ മതിയല്ലോ .

വീടിനെ പൂട്ടിയിട്ടേച്ചാ ഞാനിപ്പോ
എവിടെങ്കിലുമൊക്കെ പോകുന്നത് .
തീനും കുടിയും ഹോട്ടലീന്നാക്കിയേ പിന്നെ
വീടിനും ആകെയൊരു ക്ഷീണം വന്നിട്ടുണ്ട് .

വല്ലപ്പോഴും അടുക്കള വഴി വരാറുളള
കളളി പൂച്ചയും ഇപ്പോ വരാറില്ല
ഒന്ന് പ്രണയിക്കാനോ ,
മിണ്ടാനോ പറയാനോ
തൊട്ടടുത്തെങ്ങും മറ്റൊരു
വീടുപോലുമില്ലാത്ത
വീടിൻറെ പകലുകളെ ചിന്തിക്കുമ്പോൾ
എൻറെ അവസ്ഥ എത്ര ഭേദമെന്നോർക്കും.

രാത്രി വന്ന് ഏകാന്തതയുടെ
വലിയ കറുത്ത പുതപ്പിട്ട്
എന്നേം വീടിനേം പുതപ്പിക്കും .
എനിക്കപ്പോ വീടിനെ
കെട്ടിപ്പിടിച്ച് കരയാൻ തോന്നും .

നേരം വെളുക്കുമ്പോൾ കാണാം
മുറ്റമാകെ നനഞ്ഞ് കിടക്കുന്നത് .
എനിക്കറിയാം
മഴയൊന്നും പെയ്തിട്ടില്ലെന്നും
രാത്രിയിൽ വീടെന്നെ
കെട്ടിപ്പിടിച്ച് കരഞ്ഞിട്ടുണ്ടാകുമെന്നും.
---------------------------------------------

പ്രതിദ്ധ്വനി /കവിയൂർ ബാലൻ


ചരിത്രത്തിൽ
വഴി തെറ്റി നടക്കുന്നവർക്കൊരു ചരിത്രമുണ്ട്‌
തുടരെത്തുടരെ പ്രസവിക്കുന്ന പെണ്ണാണവൾ.

കാന്താരി കടിച്ചും
കണ്ണീരു കുടിച്ചും
മരിച്ചു തീർക്കുന്നു.
താഴ്‌വാരങ്ങളിൽ നിന്ന്
മലയുടെ ഉച്ചിയിലേക്ക്‌
ജലം കയറിപ്പോകുന്ന
ചില സന്ദർഭങ്ങൾ.
മത്സ്യം തോണി തുഴഞ്ഞു വന്ന്
മുക്കുവനെ പരതുന്ന
ചില വിശേഷങ്ങൾ.

അക്ഷരം രക്തം വറ്റിച്ച ചിതലുകൾ
പുസ്തകങ്ങളിൽ നിന്നിറങ്ങി വന്ന്
പറ്റം തിരിഞ്ഞ്‌
ലോകം നോക്കുമ്പോൾ
മഞ്ചാടി കളിക്കാൻ കുട്ടികളെത്തുന്ന
രോമാഞ്ചമുണ്ട്‌ കാത്തു നിൽക്കാൻ.

ഒരിക്കലും ഉദിക്കാത്ത പകൽ ഇല്ലെന്നപോലെ
ഒരിക്കലുമസ്തമിക്കാത്ത രാത്രിയുമില്ല.
പൂക്കൾ പൊറുതി മുട്ടാത്ത പ്രഭാതങ്ങൾ
പക്ഷികളെ കാത്തിരിക്കുന്ന
സായന്തനത്തിന്റെ കൂടുകൾ.

കിതയ്ക്കുന്ന നെഞ്ച്‌
വിറയ്ക്കുന്ന വിരൽ.
ഉണ്മകളിലൊളിയിരിക്കുന്നു
തുറന്ന കണ്ണുകൾ.
-------------------------------------------------

മടിച്ചി / ആര്‍.സംഗീത


ഈ അമ്മച്ചിക്ക്‌ ഈയെടെ
തീരെ മടിയാണെന്നേ...!
.
പണ്ടാരുന്നേല്‍
നേരം മുട്ടേലിഴയാന്‍
തുടങ്ങുന്നതിനു മുന്നേ
പാത്രങ്ങളോട് പരദൂഷണം
പറയാന്‍ തുടങ്ങും..
ഒരു കടുപ്പന്‍
ചക്കര കാപ്പിയില്‍
അപ്പന്‍റെ കൂര്‍ക്കംവലി
ആറ്റി അലിയിച്ചു കളയും..
എരിച്ച് തുള്ളുന്ന
എട്ടു മണി നേരത്തെ
ശകലംഉപ്പും പുളീം
ചേര്‍ത്തരച്ചു
ചോറും പൊതീല്
വച്ച് തരും...!
വാശി പിടിച്ചു
മുഖം വീര്‍പ്പിച്ച
ഒരു കുഞ്ഞു കാറ്റിനെ
ഒക്കത്ത് എടുത്ത്
വെട്ടം തോട്ട് വക്കിലൂടെ
കേറി വരുമ്പോ
മുറ്റത്തെ കരിയിലകള്‍
അടിച്ചു കളയും..!
നാല് മണി വെയില്‍
തുളച്ച പാടത്തൂടെ
പകലൊച്ചകളെ ബാഗിലാക്കി
ഇല്ലിമുള്‍ വേലി
ചാടിക്കേറി കിതച്ചെത്തുമ്പോ
" ഈ ചെറുക്കനിത്
എന്തിന്‍റെ സൂക്കേടാന്ന്" പറഞ്ഞു
കോന്തല കൊണ്ട്
ഉച്ചി തോര്‍ത്തി
ഉമ്മ വച്ച് പൊള്ളിക്കും..!
എന്ന് മുതലാണ്‌ അമ്മച്ചി
തൊഴുത്തിന്‍റെ വടക്ക്
ചാമ്പച്ചോട്ടില്
ഒരു പുതപ്പും പുതച്ച്
ഒരേ ഒറക്കം തൊടങ്ങിയത്... ?
അപ്പറത്തെ റോസിച്ചേച്ചി
ചെലപ്പോ
ചുട്ടരച്ച ചമ്മന്തിയുണ്ടാക്കി
വേലിക്ക് മോളിലൂടെ നീട്ടും.
" അമ്മച്ചി കാണാതെ
കൊണ്ടക്കോ" ന്ന് പറേം
അപ്പൊ
ചേച്ചീടെ കണ്ണ് വല്ലാണ്ട് നിറയും
എന്‍റേം... !

Thursday, January 28, 2016

വയസ്സ് / മാധവിക്കുട്ടി


ഒരു രാത്രിയില്‍
ഞാനുണര്‍ന്നപ്പോള്‍
വയസ്സ് അതിന്റെ മൊരിപിടിച്ച വിരല്‍കൊണ്ട്
എന്റെ കഴുത്തില്‍ കുത്തുന്നതു കാണാനിടയായി.
തെരുവ് വിജനമായിരുന്നു.
രാത്രി
മരക്കൊമ്പില്‍ എല്ലായ്‌പ്പോഴും തൂങ്ങിക്കിടക്കുന്ന
മൂപ്പെത്താത്ത പഴമായിരുന്നു.
പ്രണയം
യൗവ്വനകാലത്തിന്റെ ഇന്ദ്രജാലം.
പ്രണയത്തിന്റെ മായാവിഭ്രമത്തിന്
ഞാനിപ്പോഴും അര്‍ഹയാണോ?
കണ്ണുകളിറുക്കിക്കൊണ്ട്
എന്നെ വിളിക്കരുത്.
ഇന്ന് വാക്കുകളുടെ സത്യം തണുത്തുറഞ്ഞതാണ്.
ഒരു തണുപ്പേറിയ നവജാതശിശു.
പ്രിയപ്പെട്ടവനേ,
നീയാണതിന് പിതൃത്വം നല്‍കിയത്.
നിനക്ക് ഇപ്പോള്‍ ആ കുഞ്ഞിനെ
തിരസ്‌കരിക്കാനാവില്ല.
----------------------------------------------------

നീലിമയോട് / പവിത്രന്‍ തീക്കുനി


നീലിമേ.. നീയോര്‍ക്കുന്നുവോ
നമ്മള്‍ പണ്ട് ഞാറ്റുവേലയ്ക്കൊന്നായ് തളിര്‍ക്കുവാന്‍
കാറ്റാടി മരങ്ങള്‍ക്കിടയിലിരുന്ന്
കൂട്ടികിഴിച്ചിട്ട വര്‍ണ്ണങ്ങളിലൊക്കയും
ഉണ്ടായിരുന്നു നീ

ചോറ്റ് പാത്രം തുറന്ന്
വറ്റുകൈകളാല്‍ തന്ന ഉപ്പുമാങ്ങയില്‍
പച്ചമുളകല്ലി കുത്തിചതച്ചതില് ‍ പോലുമീ
നമ്മുടെ ജീവന്റെ കല്പാന്ത രുചികള്‍
പാട്ടുപാടി നീ എന്റെ സിരകള്‍ തോറും
കാട്ടു തീ നിറച്ചിട്ട നാളുകള്‍
പച്ചയില്‍ കത്തുന്ന സ്വപ്നങ്ങള്‍ കൊണ്ടെന്റെ
നെഞ്ചിലുന്മാദം വരച്ചിട്ട വേളകള്‍
മായുന്ന സന്ധ്യകള്‍ നെഞ്ചേറ്റി
മയ്യഴികുന്നിന്റ ചെരുവിലൊന്നിച്ച നേരങ്ങള്‍
സങ്കടചീന്തുകള്‍ ചങ്കില്‍ തറച്ചെന്റെ സങ്കല്‍പ്പം
നീയായ് മാറിയ മാത്രകള്‍
വാക്കുകള്‍ക്കിടയില്‍ ചതഞ്ഞ ചങ്ങാതി
വന്നു നമുക്കൂര്‍ജ്ജം പകര്‍ന്ന നൊടികള്‍
കൊലമൊമ്പനലറി വന്നാലും
അന്ന് തെല്ലും കുലുങ്ങാതെ നിന്ന മനസ്സുകള്‍
സ്നേഹിച്ചിരിയ്ക്കാം നീയെന്നെയും ഞാന്‍ നിന്നെയും
സ്നേഹിച്ചിരിയ്ക്കാം നീയെന്നെയും ഞാന്‍ നിന്നെയും
സ്നേഹമല്ലാതെയെനതുണ്ട് കൂട്ടുകാരി
നമ്മെ വെയിലും മഴയും തീറ്റിച്ചീടുവാന ്‍
നമ്മെ മുള്‍ക്കിരീടം ചാര്‍ത്തി നടത്തിച്ചീടുവാൻ
ഒക്കെയും ഓര്‍മ്മയില്‍ ചെന്നുമുട്ടും മുമ്പേ
പൊട്ടി പിളരുന്നുവോ
രക്തവാതിലുകള്‍ മിന്നലുറഞ്ഞാടി
മനസ്സിന്റെ കണ്ണീലഗ്നി വര്‍ഷിച്ചുവോ
അമൂര്‍ത്ത ബിംബങ്ങള്‍
രക്തം കുടഞ്ഞിട്ട് പലരും ഇറങ്ങി
കണ്ണീര്‍ കഥകള്‍ കുറിച്ചിട്ട പടികളില്‍
സ്നേഹസ ങ്കല്‍പ്പങ്ങള്‍ ചിക്കിചികഞ്ഞു നാം
സംഗമോല്ലാസം തീര്‍ത്ത സായന്തനങ്ങൾ
കൂട്ടിമുട്ടുന്ന നേരങ്ങളില്‍
പരസ്പരം വിട്ടുപോകല്ലെയെന്ന് മിഴികള്‍
നിശബ്ദം അലറിപറഞ്ഞ നട്ടുച്ചകള്‍
എത്രമേല്‍ എത്രമേല്‍ സ്പര്‍ശവസന്തങ്ങള്‍
എന്നിട്ടുമെന്തേ നീലീമേ..
നമ്മളിന്ന് രണ്ടിടങ്ങളില്‍
നാം രണ്ടായിട്ടിങ്ങന
എന്നിട്ടുമെന്തേ നീലിമേ..
നമ്മളിന്ന് ഒറ്റയ്ക്ക് പൊള്ളുന്ന ജീവനെ
ഒറ്റയ്ക്ക് തന്നെ രക്തമിറ്റിച്ച് നനക്കുന്നതിങ്ങന
നീലിമേ.. നീയോര്‍ക്കുന്നുവോ
നമ്മള്‍ പണ്ട് ഞാറ്റുവേലയ്ക്കൊന്നായ് തളിര്‍ക്കുവാന്‍
കാറ്റാടി മരങ്ങള്‍ക്കിടയിലിരുന്ന്
ചുംബിച്ചുണര്‍ത്തിയ വാക്കുകള്‍ .
-------------------------------------------------------

ഭൂമിയാഴം പി ഓ / ജയദേവ് നയനാർ


ഒരു പൂവിതളിൽ
ഒളിച്ചുതാമസിക്കുന്നതിനിടെ.
തൊട്ടടുത്ത പച്ചിലക്കൊപ്പം
പൂവ് ഒളിച്ചോടിയതാണ്.
ഒരു പൂവിന്റെ ഇലയുടെ
അനിവാര്യ വിധിയെന്നും മറ്റും
മരങ്ങൾ കരഞ്ഞു നിൽക്കെ
എന്നെ ഞാനല്ലാതെ മറ്റാര്
തിരഞ്ഞു കണ്ടുപിടിക്കുമെന്ന്
ഓർത്തതല്ലാതെ.
.
ഒരു പെണ്ണുടലിൽ
അവൾ പോലുമറിയാതെ
ഒരർബുദ കോശമായി
വളർന്നുതിമിർക്കുന്നതിനിടെ .
കൈത്തണ്ടഞരമ്പിൽ കുത്തിയ
കുഴൽക്കിണറിൽ നിന്ന്
ചോര വാർന്നുവാർന്നാണ്.
ഇടതു മുലയ്ക്കടിയിൽ നിന്ന്
മരണക്കുറിപ്പ് കണ്ടെടുത്ത്
വായിക്കപ്പെടുന്നതിനിടെ .
എന്നെ ഞാനല്ലാതെ മറ്റാര്
ഒളിച്ചു കടത്തുമെന്ന്,
വായിക്കപ്പെടാതെ പോകണമെന്ന് ,
ഓർത്തതല്ലാതെ.
.
ഓരോ കാലത്തും
ഞാനെന്ന തോന്നലായിരുന്നു
എന്റെ മേൽവിലാസം .

---------------------------------------

നിവേദിത / ജയദേവ് നയനാർ


ഒരുവൾ തനിച്ചുവരും.
വളഞ്ഞതെല്ലാം
നിവർത്താമെന്ന് പറഞ്ഞ്.
തട്ടിൻപുറത്തെ ആ
മഴവില്ലെടുത്തു കൊടുത്തേക്ക്.
അതിന്റെ നിറങ്ങളെല്ലാം
അഴിച്ചുവച്ചേക്കണം.
നിറങ്ങളുടെ വളവും
നിവർത്തിക്കളയും.
ചുവപ്പിനെ നിവർത്തി
ചോര കക്കിക്കളയും.
പച്ച, നീല ,വയലറ്റ് .
നിറത്തെ പിന്നെയൊരിക്കലും
നിറമല്ലാതാക്കിക്കളയും.
പിന്നെ നിനക്ക്
നീല നിറത്തിൽ
കരയാനായില്ലെന്നു വരും.
പിന്നെ നിനക്ക്
ചുവന്ന നിറത്തിൽ
വിയർക്കാനായില്ലെന്നു വരും.
നീ വെറും വെള്ള വിയർക്കും.
നീ വെറും കറുപ്പ് ഓർക്കും.
മുറ്റത്തിരുന്നു പണിയാമെന്ന്
ആ ഒരുവൾ പറയും.
മുറ്റം മടക്കിയെടുത്ത്
അകത്തു വച്ചേക്ക്
മുറ്റം കാണാനില്ലെന്നോ
മറ്റോ പറഞ്ഞേക്ക്.
വിശ്വസിച്ചേക്കും.
ഇടയ്ക്കിടയ്ക്ക് ദാഹിക്കുന്നു
എന്നു പറഞ്ഞു വരും.
കിണർ അതിന്റെ
വീട്ടിൽ പോയെന്നോ
മറ്റോ അഭിനയിച്ചേക്ക്.
പണിതു പണിത്
നടുനിവർത്തണമെന്നാവും.
കിടപ്പുമുറി ഉറക്കത്തിനൊപ്പം
ഒളിച്ചോടിയെന്നോ മറ്റോ
കരഞ്ഞു കാണിക്ക്.
.
കാറ്റേ, പലവട്ടം
പറഞ്ഞിട്ടുണ്ട്.
ഹുക്ക് പൊട്ടുന്ന
ബ്ലൗസ് പാടില്ലെന്ന് .
ഒരു തോർത്തെങ്കിലും
കുറുകെയിടണമെന്ന് .
--------------------------

Wednesday, January 27, 2016

ഷെയിം / സനൽകുമാർ ശശിധരൻ


സത്യമായിട്ടും
മുപ്പതു വയസ്സു കഴിഞ്ഞു
എന്ന് പറയാൻ
എനിക്ക്‌ ലജ്ജയുണ്ട്‌.

ഞാനിതുവരെ
ഒരു കഠാര
കൈ കൊണ്ട്‌ തൊട്ടിട്ടില്ല.
ഒരു കൈത്തോക്ക്‌
നേരിട്ട്‌ കണ്ടിട്ടില്ല.
ഒരു കൊലപാതകത്തിനു
സാക്ഷ്യം വഹിച്ചിട്ടില്ല.
ആരെയെങ്കിലും ബലാസംഗം
ചെയ്യുന്നതിനെപ്പറ്റി
ഗൗരവമായി ചിന്തിച്ചിട്ടില്ല.
രണ്ടാമതൊരു സ്ത്രീയെ ഭോഗിക്കാൻ
അവസരം കിട്ടിയിട്ടുമില്ല.
എന്തിനേറെ പറയുന്നു
മറിഞ്ഞു പോയ ഒരു ബസ്സിലോ
തീവയ്ക്കപ്പെട്ട ഒരു കെട്ടിടത്തിലോ
സ്ഫോടനം നടന്ന ഒരു
മാർക്കറ്റിലോ
സന്നിഹിതനായിരിക്കാൻ പോലും
എനിക്കിതുവരെ കഴിഞ്ഞിട്ടില്ല.
എന്തൊരു ജീവിതമാണെന്റേത്‌ !
അനുഭവശൂന്യം..
------------------------------------

ഒടുവിൽ പൂത്ത മരങ്ങളേ / സെറീന


സര്‍ജിക്കല്‍ ബ്ലേഡിന്റെ
മൂര്‍ച്ചയുള്ള നിശബ്ദതയിൽ
ഓര്‍മ്മ, പച്ച ഞരമ്പുകള്‍ തെളിയുന്ന
കൈത്തണ്ടയായി
കവിളില്‍ ചേര്‍ന്നിരിക്കുന്നു .

ഒരാൾക്കും വന്നെത്താനാവാത്ത
ചരിവുകളുള്ള ഹൃദയ സ്തൂപികയുടെ
ഉച്ചിയിൽ , ഒരൊറ്റ ബിന്ദുവിൽ
കുടുങ്ങി പറക്കുന്നു
എന്റെ ശ്വാസമെന്ന പതാക !
അദൃശ്യമായ കാറ്റുകളെ പോലെ
ഉള്ളിൽ കനത്ത ഉന്മാദവുമായി
ഇരുൾ മുറിച്ച് പാഞ്ഞു വരുന്നുണ്ട്
ഒരേകാന്തതയുടെ പെരുക്കം
വേരടക്കം പറിഞ്ഞു പോയേക്കുമെന്ന്
എനിക്കുറപ്പുള്ള മരങ്ങളേ
മരണത്തിനു തൊട്ടു മുൻപിങ്ങനെ
പൂത്തു ചൊരിയുന്നതെന്തിന് ! ( 2013 )
------------------------------------------

Tuesday, January 26, 2016

അത്രയും /റഫീക്ക് അഹമ്മദ്



നിന്നോളം നീറിയിട്ടില്ലൊരു വേദന
നിന്നിലും ഉന്മത്തമല്ലൊരാനന്ദവും
നിന്നോളമിത്രയ്ക്കനാഥമാക്കുന്നില്ല
മറ്റൊരസാന്നിധ്യമായുസ്ഥലികളെ...

നിന്നോളമെന്നാല്‍ നിറഞ്ഞിരിക്കുന്നില്ല
മറ്റൊരു ജീവദ്രവം കോശതന്തുവില്‍..
നിന്നോളമത്രയ്ക്കടുത്തല്ല നാഡികള്‍..
നിന്നിലും ദൂരെയല്ലൊറ്റ നക്ഷത്രവും..
നിന്നോളമത്ര പരിചിതമല്ലെനി
ക്കെന്നും കുടിക്കുന്ന തണ്ണീര് കൂടിയും.
നിന്നോളമുള്ളൊരു ദാഹമെരിഞ്ഞതി-
ല്ലന്നനാളത്തിന്റെ ആഗ്നേയ വീഥിയില്‍..
നിന്നിലും വേഗത്തില്‍ നീരാവിയാക്കുന്ന-
തില്ലൊരു സൂര്യനുമെന്റെ ശൃംഗങ്ങളെ
നിന്നിലും മീതെ ഉണര്‍ത്തുന്നതില്ലൊരു
പൌര്‍ണമി ചന്ദ്രനുമെന്‍ സമുദ്രങ്ങളെ..
നിന്നിലുമാഴത്തിലെത്തുന്നതില്ലെന്റെ
മണ്ണില്‍ മഴത്തുള്ളിയൊന്നുമെന്നാകിലും
നിന്നോളമുള്ളം കരിയിക്കുമാറെങ്ങു-
മിന്നോളമെത്തിയിട്ടില്ലൊരു വേനലും.
------------------------------------------

Friday, January 15, 2016

ഏകാന്തത ഒരു പെർഫോമിംഗ് ആർട്ട് / സെറീന


ഈ കളി കാണാൻ ചുറ്റും നിരന്നിരിയ്ക്കുന്നത്
ഒരുകൂട്ടം പെണ്‍കുട്ടികളാണ്
അവർക്കെല്ലാം ഒരേ മുഖച്ഛായ
ഒരുവളുടെ തന്നെ ഉള്ളിൽ നിന്ന്
ഇറങ്ങി വന്നവരാകയാൽ
ഒരേ ഇരുപ്പ് .
വരുംകാലത്തെ പേറാനെന്ന പോലെ
കുനിഞ്ഞ ചുമലുകൾ
പരിഹാസം കൂടുതൽ ഇരുണ്ടാതാക്കിയ തൊലി
കൗതുകങ്ങൾ വിടരാത്തത് കൊണ്ട്
ഇടുങ്ങിപ്പോയ കണ്ണുകൾ
ഒരു ഭംഗിയുമില്ലാത്ത മൂക്ക്
ഇവരാണ് കാണികൾ .

ബട്ടനുകൾക്കിടയിലായി മുഷിഞ്ഞ
അടിയുടുപ്പ് കാണുംവിധം വാ പിളർത്തിയ
മുറുകിയ സ്കൂളുടുപ്പിൽ
തെരുപ്പിടിച്ചു ഇരിക്കുന്നു ഒരുവൾ
സ്കൂളിലേയ്ക്കുള്ള വഴിയിൽ
കുന്നിറങ്ങിയോടി തോട് കടക്കുമ്പോൾ
തൊടാൻ മറന്ന ഇലവു മരത്തെയോർത്തു
തിരികെ ഓടുന്ന പ്രാന്തിൽ
പാതിരാവിലും കെടാത്ത
മണ്ണെണ്ണ വിളക്കിന്റെ
തീയ്ക്കു കുറുകെ പായിച്ച
ചൂണ്ടു വിരൽ പൊള്ളലിൽ
കുട്ടിക്കാലം എത്ര വലിയ കുറ്റമാണെന്ന്
കൈകെട്ടി തല കുനിച്ചേല്ക്കുന്നു ,
ആ ഇരുപ്പിലും മറ്റൊരുവൾ
വിറകു പുരയിൽ
രഹസ്യമായി ഉണക്കാനിട്ട തീണ്ടാരി തുണി പോലെ
സ്വയം കഴുകിയുണക്കിയും
ആരും കാണാതെയെടുത്തു വെച്ചും
വീണ്ടും ചോര നനച്ചു ജീവിതമെന്ന് ഉറപ്പിച്ചും
പലതായ ഒരുവൾ.
ഒരേ മുഖമുള്ള
ഒരേ പേടിയുള്ള
ഒരേ കരച്ചിലുള്ള
ഒരുവളായ അവർ
അവരാണ് കാണികൾ
അവരെയിങ്ങനെ നോക്കിനിന്നാൽ
ഓർമ്മയുടെ ഇരുട്ടറയിൽ കളി പിഴയ്ക്കും ,
മതി ,
ഇനി ചിലങ്ക കെട്ടൂ
ഏറ്റവും മോഹനമായി വിടർത്താവുന്ന
പാവാട ഞൊറികളിൽ മൂന്നാല് മണികൾ കൂടി
കോർത്തിടൂ ,
വിരലറ്റങ്ങളിലെ ചോപ്പ്
ചത്ത ചോര പോലെ കടുത്ത് ,
തൊടാൻ കാത്തിരുന്നു മരിച്ചതിന്റെ
അടയാളമാവണം.
നോവ്‌ പോലെ കടുപ്പിച്ച്
കണ്ണുകളിൽ കരി പടർത്തൂ
ഏറിയേറി വരുന്ന തുടിയ്ക്കൊപ്പം
ചടുലമായി ഹൃദയം പറയുന്നത് മാത്രം കേൾക്കൂ
ഒച്ച കേൾപ്പിക്കാതെ പതിഞ്ഞു നടന്നവളുടെ
ചിലമ്പൊച്ച കേട്ട്
മുഖം കുനിഞ്ഞും ഒഴിഞ്ഞു നിന്നും ശീലിച്ചവളെ,
രഹസ്യങ്ങളിൽ മാത്രം തളിർത്തവളെ
ഭൂതാവിഷ്ടയായി കണ്ട് ,
അമ്പരന്നിരിയ്ക്കുന്ന പെണ്‍കിടാങ്ങളുടെ
നടുവിലേയ്ക്കാ മേശ വന്നു വീഴണം
മുറുകുന്ന താളത്തിനൊപ്പം
അപ്പോഴും തുടരണം
വായുവിൽ രണ്ടു കാലുകളുടെ നൃത്തം.
-------------------------------------------------

Thursday, January 14, 2016

സ്മാരകം /വീരാന്‍കുട്ടി


അപ്പൂപ്പന്‍ താടിയുടെ പറക്കത്തെ
വിനീതമായ ഒരു ശ്രമമായി കാണണം
ചിറകുകളില്ല
ദേശാന്തരം വിധിച്ചിട്ടില്ല
ആകാശവും സ്വന്തമല്ല
എന്നിട്ടും അതു പറക്കുന്നു
കുഞ്ഞിനെ എന്നപോലെ
വിത്തിനെ മടിയില്‍ വച്ച്.
'അതു കാണും സ്വപ്നത്തിലെ
മരത്തിന്‍റെ തണലില്‍
നാളെയൊരാള്‍ വന്നിളവേല്‍ക്കും'
എന്ന കവിത അതിനറിയില്ല
അറിവില്ലായ്മയുടെ ഭാരക്കുറവില്‍
അതു പറക്കുന്നു.
അതിനെ പക്ഷി എന്നു വിളിക്കാതിരിക്കാന്‍
നാം കാണിക്കുന്ന കരുണയില്‍
അതു കുറച്ചുകൂടി ദൂരം പോയേക്കും
ധീരമെങ്കിലും എളിയ അതിന്‍റെ ശ്രമം
വീണുപോകുന്നിടത്ത്
സ്മാരകമായി
ഉയര്‍ന്നു വന്നേക്കും
ആരുമറിയാതെ
നാളെ ഒരു മരം.
----------------------------------------------

Thursday, January 7, 2016

മിന്നാമിനുങ്ങ്‌ / പി നാരായണക്കുറുപ്പ്‌


ഞെക്കുവിളക്കും കാണിച്ചിങ്ങനെ
ദിക്കും ചുറ്റി നടക്കുവതാരോ?

കാച്ചിലുവള്ളിത്തളിരില തിന്നാന്‍
രാത്രിയിലെത്തിയ കള്ളന്മാരോ?
നക്ഷത്രങ്ങടെയടുപ്പില്‍നിന്നും
തീക്കനല്‍ വാരിനടക്കുന്നോരോ?
വരു വരു മിന്നാമിനുങ്ങുകാരേ
വന്ദനമുണ്ടേ,സുഖമാണല്ലോ.
നിരന്ന നിങ്ങടെ ചന്തം കാണാന്‍
വരുന്നു ഞാനൊരു വിളക്കുമായി.
റാന്തല്‍വിളക്കു തെളിഞ്ഞപ്പോളാ
പന്തം മുഴുവന്‍ കാണാതായേ!
അയ്യോ സൂര്യനുദിച്ചാലിതുപോല്‍
അണഞ്ഞുപോമേ നക്ഷത്രങ്ങള്‍!
-------------------------------------

Tuesday, January 5, 2016

'ആകാശ മിഠായി' / കൽപ്പറ്റ നാരായണൻ


കൂട്ടുകാരന്റെ മകളുടെ പേര്
മഴയാണെന്നറിഞ്ഞപ്പോൾ
മനസ്സ് തെളിഞ്ഞു
സാറാമ്മായുടെയും കേശവൻനായരുടെയും
സങ്കടം
വൈകിയാണെങ്കിലും പരിഹരിക്കപ്പെട്ടല്ലോ

വംശ മുദ്രയില്ലാത്ത
ജാതി മുദ്രയില്ലാത്ത
ജീവജാതികൾക്കെല്ലാം മീതെ
തുല്യമായ ഉത്സാഹത്തോടെ
പെയ്തിറങ്ങുന്ന മഴ
ആദ്യമായൊരുവളുടെ പേരായിരിക്കുന്നു
മഴ പോലെ നല്ലൊരു പേര്
എത്രകാലം കൂടിയിട്ടാണ്‌
ഒരു പെണ്‍കുട്ടിക്ക് കിട്ടിയത്?
കുഞ്ഞായിരിക്കുമ്പോഴേ
അവൾക്കു പേരായി
മഴയ്ക്കുമുണ്ടാകില്ലേ കൊതി
വീടായി കുടുംബമായി കഴിയാൻ
നാട്ടിലെത്താനും വീട്ടിലെത്താനും
ഓർമ്മിപ്പിക്കുന്ന ചുമതല
കാലങ്ങളായി വഹിക്കുന്നതല്ലേ,
അടച്ചിട്ട വാതിലിനു പിന്നിൽ
ജന്മത്തിനു പിന്നിൽ എന്ന പോലെ
ഏറെ കാലം ക്ഷമയറ്റ് നിന്നതല്ലേ,
പഴുത് കിട്ടിയപ്പോഴൊക്കെ
അകത്ത് കയറി നോക്കിയതല്ലേ.
ഇനി മഴ
കുട ചൂടി
കൈയ്യിൽ പുസ്തകങ്ങളുമായി
മുറ്റത്ത്‌നിന്നേ അമ്മേ എന്ന് വിളിച്ച്
വീട്ടിൽ കയറിച്ചെല്ലും
പൂച്ചയും അമ്മയും
വാതിൽ തുറന്ന്
അവളെ അകത്തേക്ക് കൂട്ടും.
മഴ
മഴയായപ്പോൾ
എവിടെയെല്ലാം എത്തി?
തോട് ചാടിക്കടന്ന് മഴ വരുന്നു
മഴ ചമ്രം പടിഞ്ഞിരിക്കുന്നു
മഴ ചോറുതിന്നുന്നു
മഴ കൈ കഴുകുന്നു
മഴ മഴയത്ത് തുള്ളിച്ചാടുന്നു
ഓട്ടോയിൽ കയറുന്ന,
ഓടിത്തുടങ്ങിയ ബസ്‌ പിടിക്കാനാകാതെ
മുഖം വീർപ്പിച്ച് മടങ്ങി വരുന്ന
വെച്ച് കുത്തിയതിന്റെ വേദന മാറും വരെ
കുമ്പിട്ടിരിക്കുന്ന
ക്ലാസ്സിലടങ്ങിയിരിക്കാത്ത
ചിരിച്ച് കുഴയുന്ന
പ്രേമിക്കുന്ന
കൊട്ടുവായിടുന്ന
ഉച്ചയായിട്ടും മൂടിപ്പുതച്ചുറങ്ങുന്ന മഴ.
മഴയ്ക്ക്
മാറാത്ത ജലദോഷമുണ്ടെങ്കിൽ
പേരിന്റെ ദോഷമാണെന്നു പറയുമോ വൈദ്യർ?
ചോർച്ചയടച്ചിട്ടെന്താ
മഴ വീടിനകത്തല്ലേ
എന്ന് കളിയാക്കുമോ പ്ലംബർ?
എണ്‍പതെഴുപത് വർഷം നീളുന്ന മഴ
എന്നാരെങ്കിലും മൂക്കത്ത് വിരൽവെക്കില്ലേ?
ഓ, മഴയെത്തി
എന്ന് ചിരിച്ചാർക്കില്ലേ മഴയുടെ സഹപാഠികൾ
(മണ്ണ ട്ടയും തവളയും കാറ്റും ഇലയുമായിരുന്നു
മുൻപ്അവളുടെ സഹപാഠികൾ)
ഒരു വീട്ടിൽ മാത്രം മഴ
എന്ന് പിറുപിറുക്കുമോ അയൽപക്കം?
നശിച്ച മഴ എന്ന് ശപിക്കുമോ
കുശുമ്പും കുന്നായ്മയും?
മഴ എന്ന് കേട്ട പാതി കേൾക്കാത്ത പാതി
ആരെങ്കിലും കുട നിവർത്തില്ലേ?
അവളാക്കുട
ചിരിച്ചു തള്ളുമോ?
മഴേ,
നീ വെയിലിന്റെ കൂടെയോ
കാറ്റിന്റെ കൂടെയോ
മിന്നലിന്റെ കൂടെയോ
ഉലയുന്ന മരങ്ങളുടെ കൂടെയോ
പ്രായമാകുമ്പോൾ പോകുക?
പ്രായമേറുന്തോറും
മഴയ്ക്ക് മഴയെ ഇഷ്ടമല്ലാതാകുമോ?
പെണ്ണിന് മാത്രം പറ്റുന്ന പേര്
പുറത്തിറങ്ങാൻ വിടാത്ത പേര്
താണിടം പറ്റിക്കിടക്കുന്ന പേര്
അല്പം കൊണ്ടും മടുക്കുന്ന പേര്
എത്ര നല്ല പേരുകളാണ്
ആ പേരുകാർ മാത്രമായി
അവരുണ്ടാക്കുന്ന നീരസം മാത്രമായി മാറുന്നത്
മഴേ,
നീയങ്ങനെയാവരുതേ.
--------------------------------------------------

ജാനകീ, പോരൂ / സച്ചിദാനന്ദന്‍


സന്ധ്യ ചായുകയാവും
ലങ്കയിലിപ്പോള്‍, ഭൂവിന്‍
സംഗീതമെല്ലാമൊറ്റ
രാക്കിളിയുടെ ചുണ്ടില്‍
വന്നലിയികയാവും
മല്ലികാ സുഗന്ധത്തില്‍.
മന്തകാന്തിയാം ശരത്-
ചന്ദ്രനു കീഴേ കടല്‍
പൊന്നുരുക്കുകയാവും,
പോര്‍നിലങ്ങളില്‍ മഴ
പെയ്യുകയാവും നിണം
മായ്,ച്ചെന്‍റെ പ്രിയ ജനം
പിന്നെയും തുമ്പപ്പൂക്കള്‍
സ്വപ്നം കാണുകയാവും.
ഇങ്ങു ഞാനേകാന്തത്തില്‍
വന്നിരിക്കുകയാണ്
ഖിന്നനായ്, ഇത് സ്വര്‍ഗ-
മെന്നു വിശ്വസിക്കുവാന്‍
വയ്യാതെ, നീയില്ലാതെ,
ലങ്ക തന്‍ കാറ്റില്ലാതെ .
ജാനകി, നീറിദ്ദഹി-
ക്കുന്നു ഞാന്‍ താഴത്തു നിന്‍
പാതിരാ കണക്കുള്ള
സാന്ദ്ര കുന്തള ഭാരം
മോഹന ഹിമാചല
സാനു പോലുള്ളാച്ചുമല്‍-
മേലഴിച്ചിട്ടാ മുഖം
ലങ്കയെത്തിളക്കുവാന്‍
മേഘങ്ങള്‍ക്കിടയ്ക്കെത്തും
പൂര്‍ണചന്ദ്രനെപ്പോലെ
നീയുയര്‍ത്തുമ്പോള്‍, നെറ്റി-
ത്തട്ടിനു കീഴില്‍ നീല-
നീലയാം മിഴികള്‍ തന്‍
സാഗരമിരമ്പുമ്പോള്‍
രാഗത്താല്‍ വിടര്‍ന്ന നി-
ന്നരുണാധരങ്ങളെ-
യീറനാക്കുവാനെന്‍റെ
ചുണ്ടുകള്‍ തരിക്കുന്നു
പ്രേമ പൂജതന്‍ തീഷ്ണ
കര്‍പ്പൂരഗന്ധം പേറു-
മാ മലകളില്‍ മല-
യാനിലനെപ്പോല്‍ വീശി
ഏലത്തിന്‍ രുചി പേറും
നാവിനാലുണര്‍ത്തുവാന്‍
ക്ഷീരവും നക്ഷത്രവും
ശൈശവ സ്മൃതികളും
എന്‍ കരാംഗുലീ ലീല
കൊണ്ടുനിന്നുദരത്തിന്‍
പൊന്‍ വയലിന്മേല്‍ തൃഷ്ണാ
പുളകം വിതയ്ക്കുവാന്‍
പൂക്കിലയുടെ മദം
പൂണ്ട നിന്‍ തുടകളെ
വാക്കിനാല്‍ സ്പര്‍ശത്തിനാല്‍
നിര്‍വാണപഥമാക്കാന്‍
ഹാ, വിറയ്ക്കുകയാണെന്‍
മേനിയിതസഹ്യമാം
പ്രേമത്തിന്‍ ഗ്രീഷ്മോഗ്രമാം
നിര്‍ന്നിദ്ര ജ്വരത്തിനാല്‍.
പോരിക ഹേ,വൈദേഹി,
പുലരിയിളംതെന്നല്‍
പോല്‍ നീണ്ട വിരലിനാല്‍
നീ തുറക്കുകീ വാതില്‍
കേവലം പാഴ്പ്പേച്ചിന്ന്‍
കാതോര്‍ത്ത് ക്രൂരം നിന്നെ-
ത്തീയിന്ന് വിധിച്ചവ-
നല്ലിന്ന്‍ വിളിക്കുന്നു
ഹേ, പവിത്രേ, നീയിനി-
ത്തേടേണ്ട, വരില്ലൊറ്റ-
യ്ക്കാ വിജനമാം വന-
മമ്മയാകുവാന്‍, നിന്‍റെ
കാടുകള്‍ പിളരില്ല
താരതന്‍ ആക്രന്ദനം.
ഊര്‍മ്മിളയുടെ ദീര്‍ഘ-
ശ്വാസവും ശംബൂകന്‍റെ
ദ്വീപില്‍ നിന്‍ പുമാന്‍ കൊന്ന
വീരരാം നിശാചരര്‍
തന്‍ യുവ വിധവകള്‍
വാനരികളുമൊത്തു
വ്യോമഭേദിയായ് കേഴു-
മാരവങ്ങളും, ഒരു
വാലില്‍ നിന്നുയരുന്ന
തീയില്‍ വീണടിയുമ്പോള്‍
കിളിയും പൂവും കാവും
ഭൂമിയെ വിളിച്ചാര്‍ത്തു
കേണിടുമൊലികളും,
കേവലമിവിടത്ത്തില്‍
ഇലമേല്‍ മഞ്ഞിന്‍തുള്ളി
പോലെ ലോലമായ്‌ വീഴു-
മെന്‍ രാഗ മൃദുമന്ത്രം ,
കേവലം വിദൂരമാം
വിപിന ജലപാതം
പോല്‍ നിരന്തരമെന്‍റെ
സ്വര്‍ണവീണതന്‍ നാദം.
കേവലം രതോന്മാദ
മൂര്‍ച്ഛയാലാവിഷ്ടര്‍ നാം
കാമികള്‍ പറക്കുമ്പോ-
ഴുതിര്‍ക്കും കളകളം.
ആര്‍ ജിതന്‍? പരാജിതന്‍?
ആര്‍ രാഗി, ആര്‍ വൈരാഗി?
ആര്‍, പ്രണയികളല്ലാ-
താരാണു പ്രണയത്തിന്‍
നീതിയും നിയമവും
നിര്‍മിച്ചു നടത്തേണ്ടോര്‍?
ഹാ, ജയിച്ചുവോ രാമന്‍
ഭൂമിപുത്രി നീ താണു-
പോയ ശൂന്യത്തെപ്പുണര്‍-
ന്നീടുവാന്‍ കൈ നീട്ടുമ്പോള്‍?
രാമബാണത്താല്‍ പിള-
രാത്തൊരെന്‍ ദൃഢ സ്വപ്ന
വീര്യത്താലണുവണു-
വായി ഞാന്‍ സ്വര്‍ലോകത്തി-
ലീവിധമെന്നപ്പുന:
സൃഷ്ടിച്ചു ജയിക്കുമ്പോള്‍?
പോരിക സീതേ, വേണ്ട
ഇനിയപ്പതിവൃതാ
ഭീകര ജന്മം ! ഞാനു-
ണ്ടിവിടെയനശ്വര-
പ്രേമമൂര്‍ത്തിയായ്,പറ-
കമ്മയോടെനിക്കായ് നീ
പേറിടും രാഗം, പോരു-
കീ വിശാലമാം ഹൃത്തി-
ലേറെയാണിടം, ഇതു
നിറഞ്ഞില്ലൊരു സ്ത്രീയാല്‍.
വീഴട്ടെന്‍ ചെവികളി-
ലൊക്കെയും നടരാജ-
നാടിടും ചിലങ്ക പോല്‍
നിന്‍ ചിരിയുടെ ശബ്ദം.
ഞാനലിയട്ടേ നിന്‍റെ-
യമ്ലത്തില്‍! വിഷം കുടി-
ച്ചോളെ! നിന്‍ കിനാവിന്‍റെ
കനല്‍ നൃത്തത്തില്‍, രൂക്ഷേ!

---------------------------------

Tuesday, November 24, 2015

രാത്രിവണ്ടിയില്‍ യാത്ര ചെയ്യുന്നവള്‍ / ശാലിനി വിശ്വനാഥൻ


രാത്രിവണ്ടിയ്ക്കു
ഞാന്‍ ഒറ്റയ്ക്ക് പോവുമ്പോള്‍
എന്റമ്മയ്ക്ക്
നെഞ്ഞു വേവുന്നു.
പെണ്ണാണ്‌ !
ഇരുട്ടാണ്‌!
ദൂരമാണ്!
അമ്മയ്ക്കുമറിയാം,
പെണ്ണല്ല,
ഇരുട്ടല്ല,
ദൂരമല്ല
കുറ്റവാളി എന്ന്.
നോട്ടങ്ങള്‍ .
ഭയത്തിന്റെ,
അസ്വസ്ഥതയുടെ
തണുത്ത സൂചികള്‍
ഒമരന്‍ പുഴുപോലെ
അരിയ്ക്കുന്ന ചില പാട്ടുകള്‍ .
അസുഖകരമായ
അന്വേഷണങ്ങള്‍
വീണു വീണാണ്
ഞാന്‍ നടക്കാന്‍ പഠിച്ചത്.
എന്നെ സ്നേഹിയ്ക്കാന്‍ പഠിച്ചത്.
അശുദ്ധ രക്തമൊഴുകുന്ന
രക്തക്കുഴലുകളെ
വലിച്ചു പൊട്ടിയ്ക്കാന്‍ വെമ്പുന്ന
ഒരു ദുര്‍ദേവത
എനിയ്ക്കുള്ളില്‍
കുനിഞ്ഞിരിയ്ക്കുന്നു.
എന്റെ ഇടങ്ങള്‍,
പകലുകള്‍,
രാത്രികള്‍
നിഷേധിയ്ക്കപ്പെടുമ്പോള്‍
അവളിറങ്ങി നടക്കുന്നു.
ഒരു നാവിന് ആയിരം നാവ്
ഒരു കണ്ണിന് ആയിരം കണ്ണ്
അവള്‍,
ഒരാള്‍ക്കൂട്ടം!
---------------------------

ലക്ഷ്മണ പത്നി / പ്രശോഭന്‍ ചെറുന്നിയൂര്‍


വിസ്മരിച്ചില്ല ഞാ-
നൊരുനാളുമെൻ പ്രാണ
പാതിയായ് മേവുന്ന
മിഥിലാത്മ പുത്രിയെ.
വേട്ടനാൾ തൊട്ടെൻറെ
അകതാരിലാളുന്ന
പ്രണയാർദ്ര ചിത്രമാം
ജനകജയാണു നീ...!!
സാകേത ഹർമ്മ്യപ്പുര
യിലെൻ ദേഹത്തിൽ
ഉരഗകാമ പത്തി -
വിരിച്ച മുത്താണു നീ.
പകപൂണ്ട മന്ഥര
കുസൃതി നീക്കങ്ങളാൽ
കാനനേ തള്ളിപ്പിരിച്ച
സ്വപ്നങ്ങളെ
ശാന്തേന താപസചിത്ത-
സ്വരൂപയായ്
എണ്ണിക്കിഴിച്ച
കരയാഴമാണു നീ....!!
പഞ്ചവടീ വന്യഭൂവിൽ
ദുശാഠ്യയായ്
രാക്ഷസി പേശും
വിലയ്ക്കറാതെന്നെ നീ
കാത്തുവച്ചല്ലോ പ്രാണ
പ്രാർത്ഥനയായ് ചിരം..!
അശിച്ചതില്ലൊട്ടു
നിന്നോർമകളല്ലാതെ
രുചിച്ചതില്ലൊന്നു-
മെന്നോമനേയല്പവും.
മേഘനാദ ശരമേറ്റു
പിടഞ്ഞു ഞാൻ
രാവണഭൂമിയിലൂർദ്ധ-
ജീവസ്ഥനായ്
വീണിടും വേളയിൽ
നിൻ ജപസാധന
സഞ്ജീവനീ ദല-
ക്കൂട്ടായതോർത്തിടും.
പിന്നെ ഞാൻ വെന്നതും
കൊന്നതുമൊക്കെയും
നിൻ പ്രാർത്ഥനാ പുണ്യ
സഞ്ജയാനുഗ്രഹം.
സാകേത മണ്ണിൽ
പുനരാഗമിച്ച നാൾ
സാകൂതമെന്നിൽ
ലയിച്ചവളാണു നീ..
കുതിരമാടത്തിലെ
സുരതദ്രുതങ്ങളിൽ
ഇമപെട്ടു പോകാത്ത
കല്ലാണിരുമ്പു നീ...!!
വേട്ടില്ല ഭോഗ-
രാജ സുഖങ്ങളെ
കാട്ടാള സന്തതിയല്ല
നീ, ''ഊർമ്മിള''...!!!
--------------------------

രാമനാഥന്‍ പാടുമ്പോള്‍ / സച്ചിദാനന്ദന്‍


രാമനാഥന്‍ പാടുന്നു..
മൌനത്തിന്റെ തടാകത്തില്‍ പളുങ്കിന്റെ വസന്തം
വനഹൃദയത്തിലെ മഹാവൃക്ഷത്തിനകത്തെ
ഹരിത രസത്തിന്റെ വിളമ്പിതസഞ്ചാരം
ഗുഹാന്തരത്തിലെ കുളിര്‍നീരുറവയുടെ
മന്ത്രസ്ഥായിയിലുള്ള വിശുദ്ധ വിസ്താരം
മൌനത്തിന്റെ രജതയാമങ്ങള്‍ക്കു കുറുകെ
നാദത്തിന്റെ പൊണ്മാന്‍ ചാടുന്നു
സ്ഥലചരങ്ങളോടും ജലചരങ്ങളോടും രാമന്‍
അവന്റെ വ്യാകുലമായ ചോദ്യമാവര്‍ത്തിയ്ക്കുന്നും
സേതുവില്‍ പ്രതിധ്വനിയ്ക്കുന്ന പെരുമ്പറകള്‍
അസ്തവര്‍ഷങ്ങളുടെ അനസ്യൂതഹങ്കാരങ്ങള്‍
ഓരോ രാവണശിരസ്സിലും നിര്‍വ്വാണ വാഗ്ദാനങ്ങള്‍
അഗ്നിയുടെ നെറ്റിപിളരുന്ന അഭിമാന പ്രാര്‍ത്ഥനങ്ങള്‍
പിളരുന്ന ഭൂമിയുടെ മുഴങ്ങുന്ന തേങ്ങലോടെ
രാഗ വിസ്താരം അവസാനിയ്ക്കുന്നു
വീണ്ടും മുറികൂടിയ ഭൂമിയുടെ വിമൂഖമായ-
കിതപ്പില്‍ നിന്ന് കീര്‍ത്തനമാരംഭിയ്ക്കുന്നു
ത്യാഗരാജന്റെ മറഞ്ഞു പോയ സീതമ്മ
വാടാത്ത അശോകവനിയായി പൂത്തുയരുന്നു..
രാമനാഥന്‍ പാടുന്നു..
ലുബ്ദന്‍ സ്വര്‍ണ്ണനാണയങ്ങളെന്ന പോലെ
ഗായകന്‍ സ്വരങ്ങള്‍ തുടച്ച് തിരഞ്ഞെടുക്കുന്നു
അര്‍ത്ഥങ്ങളുടെ വെറും ശരീരമുരിഞ്ഞിട്ട ശബ്ദം
ജന്തുക്കളിലും വസ്തുക്കളിലും കൂടി കടന്നു പോകുന്നു
കാളയുടെ കുരലില്‍ അവനൊരു തുടി
കുയിലിന്റെ തൊണ്ടയില്‍ പുള്ളുവന്റെകുടം
ആനയുടെ കുരലില്‍ അമറുന്ന തംബുരു
ഇപ്പോള്‍ അവനൊരു മുരളി
അവന്റെ തുളകളിലൂടെ വേനലില്‍ മെലിഞ്ഞ പുഴകള്‍
ഇപ്പോള്‍ ഒരു വീണ
അവന്റെ കമ്പികളിലൂടെ ശരത്കാലത്തെ മഴകള്‍
ഇപ്പോള്‍ മൃദംഗങ്ങളുടെ ഗിരിനിര
അവിടെ വന്നു പോയ വസന്തങ്ങളുടെ ഊഷ്മളമായ മുഴക്കം
ഇപ്പോള്‍ വയലിനുകളുടെ താഴ്വര
അവിടെ വരാനിരിയ്ക്കുന്ന ഹേമന്തത്തിന്റെ മരവിപ്പിയ്ക്കുന്ന പെരുക്കം
പല്ലവികളുടെ സുവര്‍ണ്ണ ഗോവണികള്‍ കയറി
പ്രകാശത്തിന്റെ ആരോഹണം
നാദഗോപുരത്തിന്റെ നട്ടുച്ചയിലേയ്ക്ക്
അനുപല്ലവികളുടെ വെണ്ണക്കല്‍ പടവുകളിലൂടെ
ക്രീഡാക്ഷീണവുമായി അവരോഹണം
നടുമുറ്റത്തെ സൌമ്യ സായന്തനത്തിലേയ്ക്ക്
രാമനാഥന്‍ പാടുമ്പോള്‍
ലയം ഭക്തിയുടെ ഉടല്‍ വിട്ട് പറന്നുയരുന്നു
രാഗം അതിന്റെ സുതാര്യമായ ആത്മാവ് വീണ്ടെടുക്കുന്നു
ഗതകാല പുഷ്ക്കരത്തില്‍ വിടരുന്ന താമരകള്‍ക്കിടയില്‍
സാമജവരന്‍ ഇളകിയാടുന്ന ഹിന്ദോളം
വിജനമായ രജതഗിരിയുടെ സ്ഫടിക തുഷാരം
സുന്ദരേശനായി നടനമാടുന്ന ശങ്കരാഭരണം
വിന്ധ്യസാനുവിലെ ഹിമമുഖപടമണിഞ്ഞ
വനസരോവരത്തിന്റെ മായാമാളവഗൌളം
ദമയന്തീസന്ദേശവുമായി പറന്നുയരുമ്പോള്‍
വസന്തമേഘങ്ങള്‍ക്കിടയില്‍നിന്നുതിരുന്ന ഹംസധ്വനി
ജഗതംബയുടെ ഘനലാസ്യത്തിലെന്നുപോലെ
വസുന്ധര മലരണിയുന്ന ആനന്ദഭൈരവി
കേള്‍വിക്കാരാ, നിലയ്ക്കാത്ത പ്രതിധ്വനികളുടെ
ആയിരം കാല്‍ മണ്ഢപത്തില്‍
കാവേരിയുടെ മരിയ്ക്കാത്ത കാറ്റേറ്റ് വിശ്രമിയ്ക്കുക
പാടിക്കഴച്ച തൊണ്ടയില്‍
തോല്‍ പൊളിച്ച മൌനം പിഴിഞ്ഞൊഴിയ്ക്കുക
ആടിത്തളര്‍ന്ന കാലുകള്‍
നിര്‍ജ്ജനതയുടെ തിരകളിലാര്‍ത്തി തണുപ്പിയ്ക്കുക
രാമനാഥന്‍ പാടുമ്പോള്‍
ഏതോ ഹിമാവൃത ഭൂഖണ്ടത്തിലാണ്ടുപോയ
പ്രാര്‍ത്ഥന നഗരത്തിന്റെ തെരുവുകളിലലയുന്ന പഥികന്‍
ഇപ്പോഴും വറ്റാതൊഴുകുന്ന മനുഷ്യ ശബ്ദത്തിന്റെ
തെളിനീരുറവ കണ്ടെത്തുന്നു
രാമനാഥന്‍ പാടുമ്പോള്‍
മരിയ്ക്കുന്ന ഭൂമിയില്‍നിന്ന് പറന്നുയരുന്ന
അവസാനത്തെ ശൂന്യാകാശ നാവികന്‍
മറ്റൊരു നക്ഷത്രത്തില്‍ ഇലവിരിഞ്ഞുയരുന്ന
ജീവന്റെ നാമ്പ് കണ്ടെത്തുന്നു..!

-----------------------------------------------------------

Monday, November 23, 2015

കണ്ണുകള്‍ / ഇസബെൽ ഫ്ലോറ


മരിച്ചു പോകുമെന്നുറപ്പില്ലാത്ത
രണ്ടു കണ്ണുകള്‍
കാഴ്ചകളോടൊപ്പം
ഞാനുപേക്ഷിച്ചു പോകും

തിളക്കത്തിലായിരം
കഥകള്‍ ഒളിപ്പിച്ചവ
നിങ്ങളോടു പുഞ്ചിരിക്കും
ഒരു പൂവിനുള്ളിലൂടെ
തേനിലെത്തുന്ന വഴി പോലെ
അതിന്‍റെ രശ്മികളിലൂടെ
ആര്‍ക്കുമൊരു പുതിയ ലോകത്തെത്താം
എങ്കിലുമവ ഇടവഴിയില്‍
കാഴ്ച നഷ്‌ടമായ
ഒരു പെണ്‍കുട്ടിക്കേ നല്‍കാവൂ
അവള്‍ക്കു മാത്രമേ
എന്‍റെ കണ്ണുകളെ
കരയാതെ സൂക്ഷിക്കാനാവൂ ,
എന്തിനെയും ചിരിച്ചു തോല്പിക്കാന്‍ കഴിയൂ.
----------------------------------------------

Sunday, November 22, 2015

പ്രണയബുദ്ധന്‍ / സച്ചിദാനന്ദന്‍


'ഭൂമിയിലേക്കും വെച്ച് മധുരമേറിയ ചുംബനമേതാണ്?
ഒരിക്കല്‍ നീയെന്നെ ഉത്തരം മുട്ടിച്ചു :
ഉറക്കി കിടത്തിയ കുഞ്ഞിന്റെ നെറുകയില്‍
അതിനെ ഉണര്‍ത്താതെ അമ്മ അര്‍പ്പിക്കുന്ന
തൂവല്‍ പോലുള്ള ചുംബനമാണോ?
സ്വര്‍ണമുരുകുന്ന സൂര്യകാന്തിപ്പൂവിന്നപ്പുറവുമിപ്പുറവും നിന്ന്
കാമുകന്‍ കാമുകിക്ക് നല്‍കുന്ന തിളയ്ക്കുന്ന
ആദ്യ ചുംബനമാണോ?
ഭര്‍തൃജഡത്തിന്റെ
ചുണ്ടില്‍ വിധവ അര്‍പ്പിക്കുന്ന
വിരഹ സ്‌നിഗ്ദ്ധമായ അന്ത്യ ചുംബനമാണോ?
അതോ, കാറ്റ് മരത്തിനും ഇല കിളിക്കുഞ്ഞിനും
വെയില്‍ വനത്തിനും നിലാവ് നദിക്കും മഴ മലയ്ക്കും
നിരന്തരം നല്‍കുന്ന ഹരിത ചുംബനങ്ങളോ?
ഇപ്പോള്‍ ഞാന്‍ അതിനുത്തരം പറയാം;
ദേവികുളത്തിനു മുകളില്‍ മൂടല്‍ മഞ്ഞിന്നൊരു വീടുണ്ട്.
അപ്പുറത്ത് മലഞ്ചെരിവുകളില്‍
കുത്തിയൊലിക്കുന്ന മരതകം.
ഇപ്പുറത്ത് ഭൂമിയോളം പഴക്കമേറിയ പാറകളുടെ
ആദിമഗാംഭീര്യം.
പാറക്കെട്ടുകള്‍ക്കിടയില്‍ മരണം പോലെ
ഇരുട്ടും നിഗൂഢതയും നിറഞ്ഞ ഒരു ഗുഹ.
അതില്‍ വെച്ച് പേരറിയാത്ത മുപ്പത്തിയേഴുതരം
കാട്ടുപൂക്കളുടെ സമ്മിശ്ര സുഗന്ധം സാക്ഷി നിര്‍ത്തി
ഞാന്‍ നിന്നെ ചുംബിച്ചു.
അതില്‍ ആദ്യ ചുംബനമുണ്ടായിരുന്നു;
അന്ത്യചുംബനവും.
നീ കുഞ്ഞും കാമുകിയും വിധവയുമായിരുന്നു.
ഞാന്‍ കാറ്റും ഇലയും വെയിലും നിലാവും മഴയുമായി,
കാലം മുഴുവന്‍ ഒറ്റ നിമിഷത്തിലേയ്ക്ക് ചുരുങ്ങി.
ഇരുളില്‍ നമ്മുടെ ചുംബനം ഇടിമിന്നല്‍പോലെ തിളങ്ങി,
ആ ഗുഹ ബോധിയായി,
എനിക്ക് പ്രണയത്തിന്റെ വെളിപാടുണ്ടായി.
ഇപ്പോള്‍ ഞാന്‍ ജന്മങ്ങളിലൂടെ സഞ്ചരിക്കുന്നു.
അവസാനത്തെ മനുഷ്യജോഡിക്കും
പ്രണയ നിര്‍വ്വാണം ലഭിച്ചുകഴിഞ്ഞേ
ഞാന്‍ പരമപദം പ്രാപിക്കുകയുള്ളു.
----------------------------------------------------------

സ്ത്രീ / പവിത്രന്‍ തീക്കുനി


എല്ലാ നദികളും നിന്നിൽ നിന്ന് മുളക്കും.
എല്ലാ കൊടുങ്കാറ്റുകളും നിന്നിൽ അസ്തമിക്കും.
എല്ലാ വഴികളും നീ ഉപേക്ഷിച്ച കിനാവുകൾക്കു മീതെ ഒഴുകുന്നു.
എല്ലാ പ്രാർത്ഥനകളും നിന്‍റെ ശിരസ്സിൽ ചുംബിച്ച്
ഭൂമിയുടെ ആഴങ്ങളിൽ ഗർജിക്കുന്നു.
എല്ലാ മൗനങ്ങളിലും വെടിമരുന്നായി നീ നിറയുന്നു.
നിന്നെ അമ്മയെന്ന് വിളിക്കുമ്പോഴാണ്
ലോകം അതിന്‍റെ അർത്ഥത്തിലേക്ക് നീങ്ങുന്നത്...
--------------------------------------------------------

മുഗ്ദ്ധം / ജി.കുമാരപ്പിള്ള


മഞ്ഞുതുള്ളിപോല്‍
നറുംമഞ്ഞുവീണലിയുന്ന-
കുഞ്ഞു പൂവുപോല്‍‍
പൂവിന്‍ പിഞ്ചിതള്‍തരിപോലെ
ദൂരെദൂരെ നിന്നെത്തും‍
സൌമ്യമാം സുഗന്ധത്തില്‍
ഗൂഢമായ്‌ മയങ്ങുന്നോ-
രോര്‍മ്മപോല്‍ വിഷാദം പോല്‍
ഗീതിക നിലയ്ക്കവേ
നേരിയ വീണാനാദം
കേണു കേണലിഞ്ഞൂറും‍
വായുവിന്‍ സ്പര്‍ശം പോലെ
നീരവ വിശാലമാം
കായലിന്‍ തോണിക്കുള്ളില്‍
പാതിരാമയക്കത്തില്‍
ഞെട്ടിയ പാന്ഥന്‍ കാണ്‍കെ
ശ്യാമള പ്രപഞ്ചത്തിന്‍
സീമയില്‍ ഘനശ്യാമ-
രേഖയാം തീരത്തെങ്ങോ
മിന്നിടും ദീപം പോലെ.....
ഓതുവാനാവില്ലല്ലോ
ഭാഷതന്‍ മുനയെങ്ങാന്‍
ഏശിയാല്‍ പിഞ്ചിപ്പോകും
സ്നിഗ്ദ്ധതേ നിന്നെപ്പറ്റി.
ഭദ്രമെന്‍ വാൽസല്യത്തിന്‍
പൂഞ്ചിറകൊതുങ്ങുന്നു
നിത്യവും പാറുന്നൂ ഞാന്‍
മുഗ്ദ്ധതേ നിന്നെച്ചുറ്റി.
-------------------------------

മാറ്റം / പവിത്രന്‍ തീക്കുനി


ദൈവമേ,
അവിടുത്തെ വിലാസം
മാറിയിട്ടുണ്ടോ?
എത്ര കത്തുകളെഴുതി
എത്ര കവിതകളയച്ചു
ഒന്നിനും മറുപടി കണ്ടില്ലല്ലോ....
ഒന്നും അച്ചടിമഷി പുരണ്ടില്ലല്ലോ....
അല്ല -
'കലാപം' വാരികയുടെയും
'ഫാസിസം' കുടുംബമാസികയുടെയും
പത്രാധിപരും മാനേജരും
ഇപ്പോഴും താങ്കള്‍തന്നെയല്ലെ?
-------------------------------------

Wednesday, November 18, 2015

അകലങ്ങളില്‍ / അവ്യക്തതകളിൽ / അപാരസാധ്യതകള്‍ / കൃഷ്ണ ദീപക്


ആറ്റിലേക്ക് കനത്തു കനത്ത് അറ്റമില്ലാ അലകളില്‍                     
                       വീണുപോകുമോ                     
                       വീണുപോകുമോ
എന്ന് ഭയന്ന്, വീണുപോകുന്ന മാത്രയില്‍
അകലങ്ങളില്‍
അവ്യക്തതകളിൽ
അപാരസാധ്യതകളെന്ന് പാടി പാടി
ഉഗാണ്ടയിലും പെറുവിലുമുള്ള രണ്ടു പരല്‍മീനുകളെ
ഞാനെന്നും നീയെന്നും പേരുനല്‍കി കണ്ടെടുക്കുന്നു

ഏറെ തണുത്തതെന്ന് തോന്നിപ്പിക്കുന്ന പ്രദേശങ്ങളുടെ അടിത്തട്ടില്‍
പിയാനോ കട്ടകളെ ഒന്നിനുമുകളില്‍ ഒന്നായി അടുക്കി
ആകാശത്തേക്ക് ഓടിക്കയറാന്‍ തുടങ്ങുന്ന നിന്റെ വാലില്‍ പിടിച്ച്
ഞാന്‍ ഞാന്നു കിടക്കുന്നു
നടു വളഞ്ഞൊരു തുമ്പിയെ എത്തിപ്പിടിക്കാനാഞ്ഞാഞ്ഞ്
തലേംകുത്തി നമ്മള്‍

വിചിത്രമായൊരു മൂളിപ്പാട്ട്
നമുക്കിടയില്‍ നിന്നുമപ്പോള്‍ ഇറങ്ങി വരുന്നു
അതിഗൂഢഗാഢം വിസ്മയമെന്ന്
ഒഴുകി നടക്കുന്ന എണ്ണപ്പാടങ്ങള്‍ പോലെ വിരലുകള്‍
ചെതുമ്പലുകള്‍ക്കിടയില്‍
കുരുവികള്‍ പറന്നു ചിതറുംപോലെ ചിറകടിയൊച്ചകള്‍
വായിലൂടെ നുരഞ്ഞ്,
പൂവുകള്‍ക്കിടയിലൂടെ തിരകളിൽ, ചുഴികളിൽ
                       കുമിളകള്‍
                      കുമിളകള്‍
നിന്റെ ചെകിളകള്‍ പൊക്കി ഊതി ഊതി
നീണ്ട് മലർന്ന് ആഴത്തിലേക്ക് ഞാനങ്ങ്

വിരല്‍ത്തുമ്പില്‍ പറ്റിപ്പിടിച്ച്
കാറ്റുമ്മവെയ്ക്കുന്നപോല്‍ നിന്റെയുന്‍മാദം
നമ്മുടെ വാലറ്റങ്ങള്‍ കൂട്ടി കെട്ടിയിരിക്കുന്നു
തുപ്പലുകള്‍ വിഴുങ്ങി മാനത്തു മുട്ടിയ വയറുകള്‍ തടവി
കുന്നിന്‍മുകളിലെ വീട്ടിലേക്ക്
എല്ലാ രാത്രികളിലുംനമ്മള്‍ സൈക്കിള്‍ സവാരി നടത്തുന്നു

അടിതട്ടുന്ന പാറകളില്‍ പട്ടംപറപ്പിക്കുന്നു പരല്‍കുഞ്ഞുങ്ങള്‍
ആറ്റിലേക്ക് കനത്തു കനത്ത് അറ്റമില്ലാ അലകളില്‍                     
                       വീണുപോകുമോ                     
                       വീണുപോകുമോ
എന്ന് ഭയന്ന്, വീണുപോകുന്ന മാത്രയില്‍
അകലങ്ങളില്‍
അവ്യക്തതകളിൽ
അപാരസാധ്യതകളെന്ന് പാടി പാടി
ഉഗാണ്ടയിലും പെറുവിലുമുള്ള രണ്ടു പരല്‍മീനുകളെ
ഞാനെന്നും നീയെന്നും പേരുനല്‍കി കണ്ടെടുക്കുന്നു

ഏറെ തണുത്തതെന്ന് തോന്നിപ്പിക്കുന്ന പ്രദേശങ്ങളുടെ അടിത്തട്ടില്‍
പിയാനോ കട്ടകളെ ഒന്നിനുമുകളില്‍ ഒന്നായി അടുക്കി
ആകാശത്തേക്ക് ഓടിക്കയറാന്‍ തുടങ്ങുന്ന നിന്റെ വാലില്‍ പിടിച്ച്
ഞാന്‍ ഞാന്നു കിടക്കുന്നു
നടു വളഞ്ഞൊരു തുമ്പിയെ എത്തിപ്പിടിക്കാനാഞ്ഞാഞ്ഞ്
തലേംകുത്തി നമ്മള്‍

വിചിത്രമായൊരു മൂളിപ്പാട്ട്
നമുക്കിടയില്‍ നിന്നുമപ്പോള്‍ ഇറങ്ങി വരുന്നു
അതിഗൂഢഗാഢം വിസ്മയമെന്ന്
ഒഴുകി നടക്കുന്ന എണ്ണപ്പാടങ്ങള്‍ പോലെ വിരലുകള്‍
ചെതുമ്പലുകള്‍ക്കിടയില്‍
കുരുവികള്‍ പറന്നു ചിതറുംപോലെ ചിറകടിയൊച്ചകള്‍
വായിലൂടെ നുരഞ്ഞ്,
പൂവുകള്‍ക്കിടയിലൂടെ തിരകളിൽ, ചുഴികളിൽ
                       കുമിളകള്‍
                      കുമിളകള്‍
നിന്റെ ചെകിളകള്‍ പൊക്കി ഊതി ഊതി
നീണ്ട് മലർന്ന് ആഴത്തിലേക്ക് ഞാനങ്ങ്

വിരല്‍ത്തുമ്പില്‍ പറ്റിപ്പിടിച്ച്
കാറ്റുമ്മവെയ്ക്കുന്നപോല്‍ നിന്റെയുന്‍മാദം
നമ്മുടെ വാലറ്റങ്ങള്‍ കൂട്ടി കെട്ടിയിരിക്കുന്നു
തുപ്പലുകള്‍ വിഴുങ്ങി മാനത്തു മുട്ടിയ വയറുകള്‍ തടവി
കുന്നിന്‍മുകളിലെ വീട്ടിലേക്ക്
എല്ലാ രാത്രികളിലുംനമ്മള്‍ സൈക്കിള്‍ സവാരി നടത്തുന്നു

അടിതട്ടുന്ന പാറകളില്‍ പട്ടംപറപ്പിക്കുന്നു പരല്‍കുഞ്ഞുങ്ങള്‍.
---------------------------------------------------------------------

Sunday, November 15, 2015

പക്ഷി നിരീക്ഷണം / സുലോജ് മഴുവന്നിക്കാവ്


പക്ഷികളെ കുറിച്ച് കവിതയെഴുതിയ
കടലാസ്സിൽ അരിമണി വിതറി
കിളികൾക്ക് വെയ്ക്കുന്നു
തൊടിയിലെ കിളികളായ കിളികളെല്ലാം
പറന്ന് വന്ന്
കടലാസ്സിൽ മത്സരിച്ചു കൊത്തുന്നു
ശേഷം
കിളിയൊച്ചകളെല്ലാം
പറന്നു പോയിട്ടും
അരിമണികളെല്ലാം
ബാക്കിയായിട്ടും
കവിത മാത്രം കാണാതാകുന്നു...
---------------------------------------

Friday, November 13, 2015

'പൂ.. പൂത്തു നില്‍ക്കും പൂവാകതന്‍ ചോപ്പിറങ്ങുമന്തിയില്‍...' / കൃഷ്ണ ദീപക്


തൊട്ടടുത്ത മുറിയില്‍ നിന്നും മാരിന്‍ ഗാല്‍വനോസ്ക പാടും
പാട്ടിന്‍ വരികളെ,
ചുണ്ടിലേക്കെടുത്തു വെയ്ക്കുമ്പോൾ
പൂമൊട്ടുപൂക്കും പൂക്കളിന്‍ മണമായ് , വസന്തമായ്‌
എവിടേക്കെല്ലാമോ സന്തോഷപ്പെട്ട് പറന്നുപോകുംപോല്‍
അവളങ്ങനെ..

ചിരിയലകളുടെ വലിയൊരു കൂട്ടം  
പല വലിപ്പത്തിൽ
പല പല നിറങ്ങളിൽ
അവളുടെ കണ്ണില്‍ നിന്നും
ഉച്ചത്തില്‍
ഉച്ചത്തില്‍ വീണു കൊണ്ടിരിക്കുന്നു

നോക്കി നില്‍ക്കുന്ന നമ്മള്‍, നമ്മള്‍ രണ്ടുപേരുടെ കണ്ണുകള്‍
നുരഞ്ഞ് നുരപതഞ്ഞൊഴുകുമ്പോലെ

കുടുക്കുകളഴിച്ചു പൊയ്‌ പോയ രാത്രിയെ
സാക്സോഫോണില്‍ നിറയ്ക്കുന്ന അവളുടെ കാമുകന്‍
ഒച്ചതാഴ്ത്തി അവളപ്പോള്‍, അവളില്‍ നിന്നുമിറങ്ങി
വെളുവെളുത്ത കുമിളകള്‍ നിറഞ്ഞ പത
കണ്ണുകള്‍ ഇറുകെ അടച്ച് അവന്റെ മുഖത്തേക്ക്  ഊതിവിടുന്നു
ബാല്‍ക്കണിയിലെ പ്രാവുകളുടെ കുറുകലിനെ
പാതിതുറന്ന ജനലിലൂടെ  മുറിക്കുള്ളിലേക്ക് നിറയ്ക്കുന്നു
നേര്‍ത്ത തൂവലാല്‍ കാറ്റനക്കത്തെ കിടക്കയിലേക്കലിയിക്കുന്നു

'പൂ.. പൂത്തു നില്‍ക്കും പൂവാകതന്‍ ചോപ്പിറങ്ങുമന്തിയില്‍
പറന്ന്, പറ പറന്നെത്തി പറത്തിക്കൊണ്ടു പോകതെങ്ങു നീ '
നീയെന്ന് അവളോടങ്ങനെ നമ്മള്‍ പറഞ്ഞു പറഞ്ഞ്

ഒരു പറ്റം കിളികൾ,
അവയുടെ നീലനിറം കലര്‍ന്ന തവിട്ടു തൂവലുകള്‍
ആകാശത്തേക്ക് എറിയുന്നു
പാട്ടുകൾ  നെയ്യും കിളിയൊച്ചകൾ മാനത്തൂടങ്ങുമിങ്ങും

ചായങ്ങള്‍ വില്കുന്ന കടയിലെ നീണ്ട തലമുടിയുള്ള പെണ്‍കുട്ടി
അനേകായിരം നിറങ്ങളുമായ് നമ്മളില്‍ പറന്നു പോകുന്നു
അവളുടെ അഴിച്ചിട്ട മുടി നമ്മെ പാട്ടുകളായ് പൊതിഞ്ഞെടുക്കുന്നു
തിടിലിന്റെ മുകളിലെ തൂക്കണാം കുരുവികളായി രൂപാന്തരപ്പെടുത്തുന്നു
കാഴ്ചകളുടെ പട്ടങ്ങളെ കാലില്‍ കുരുക്കി
മുക്കുറ്റിപ്പൂക്കളെ പെറ്റുവളര്‍ത്തുന്ന ശലഭങ്ങളാക്കുന്നു

മാരിന്‍ ഗാല്‍വനോസ്ക തിരികെയെത്തി പത്തു നിമിഷത്തിനു ശേഷം
ചാരപ്രാവിന്റെ ചിറകടിയെ കാറ്റൊച്ച രണ്ടായി മുറിച്ച്
ഇരുവശങ്ങളിലുമുള്ള ഫിലിപ്പിനികളുടെ
ബാല്‍കണിയിലേക്കൊഴുക്കുന്നു
നമ്മള്‍.. അപ്പോഴും,
മേഘങ്ങളില്‍ പൂണ്ടുപോയ ചെറുമീന്‍ തടാകങ്ങളെ
അല്പാല്പമായ് നിലത്തേക്കിറ്റിച്ചുകൊണ്ടിരുന്ന

വെയില്
അതിന്റെ മറ്റൊരു പേരായ തുമ്പി എന്ന നാമത്തിൽ
തൊട്ടപ്പുറത്തേക്ക് പറന്നു മാറിയിരിക്കുന്നു .

----------------------------------------------------------------------

എന്റെ ദൈവമേ !! എനിക്കൊന്നുമറിയില്ല / കൃഷ്ണ ദീപക്


മരവിച്ചു പോകുമെന്ന് തോന്നിപ്പിച്ച
കാഴ്ചകളുടെ കരച്ചിലുകളെ
ഒച്ചയില്ലാതെ ഒഴുകിപ്പോകുന്ന നദികളില്‍ കുടഞ്ഞിട്ട്
മുങ്ങാംകുഴിയിട്ടുപോകുന്ന
പറവകളുടെ പുറത്താണ് ഞാനിപ്പോള്‍ ദൈവമേ

കുരുക്കിട്ട്
കുരുക്കിട്ട്
കുടുക്കുകള്‍ മുറുക്കിയെടുക്കുന്ന
ചരടുവലികളാണ് ദൈവമേ
ഞങ്ങള്‍ക്കിടയില്‍ നടന്നുപോകുന്നത്
അകന്നുപോകുന്ന പറവകളുടെ പാട്ടുകള്‍
എന്നന്നേക്കുമായി ഇല്ലാതാക്കുന്നതും
ഞങ്ങള്‍ തന്നെയാണ് ദൈവമേ
അയയില്‍ തൂക്കിയിട്ടിരിക്കുന്ന
മീനുകളുടെ കുളമ്പടിയൊച്ചകള്‍
വെള്ളമൊഴിഞ്ഞ ചില്ലുപാത്രത്തിലെ ഒറ്റമീന്‍
കുരുക്കിയെടുത്ത് വലിച്ചു പൊട്ടിക്കുന്നത് കാണാന്‍
കാത്തു നിന്നതാണ് ഞാന്‍
പറഞ്ഞു കേട്ട സാധ്യതകളുടെ,
പെരുമ്പറ മുഴക്കുന്ന നൂലാമാലകളാണ്
ആ കുളമ്പടിയൊച്ചകളെന്ന്
എനിക്കറിയാമായിരുന്നു ദൈവമേ
നീളമേറിയ രാത്രികളെ,
ഞങ്ങള്‍ക്കുവേണ്ടി കൊണ്ടുവന്നിരുന്ന പകലുകള്‍
ആകാശത്തു നിന്നും താഴെ വീണു പോയതും
അനങ്ങാനാകാത്ത വിധം മണ്ണില്‍ പുതഞ്ഞുപോയതും
മുന്‍പ് പലവട്ടം ഞാന്‍ കണ്ടിട്ടുണ്ട് ദൈവമേ
അതൊക്കെ എനിക്കറിയാം, പക്ഷെ
അവനെക്കുറിച്ച്
അവനെക്കുറിച്ചു മാത്രം
എനിക്കൊന്നുമറിയില്ല
എനിക്കൊന്നുമറിയില്ല
അവന്റെ മുഖം ഓര്‍ത്തു നോക്കുമ്പോള്‍
എന്റെ ദൈവമേ
ഇപ്പോഴും
ഇപ്പോഴും
പല നിറങ്ങളിൽ, ഒന്നിച്ചു പൂവിട്ട്
മണം നിറക്കുന്ന കാട്ടു ചേമന്തി ചെടികളാണ് ചുറ്റും
അവനുള്ളിൽ
അവന്റേതെന്ന തോന്നലുകളിൽ,
പറവകളുടെ പാട്ടുകളായ് ചേക്കേറി
മീനുകളായ് വിരിഞ്ഞ്, പൂക്കളായ് പുളഞ്ഞ്
അങ്ങനെയൊക്കെയങ്ങ് പാറിക്കളിക്കാമെന്ന്
പല പല ആലോചനകളെ
ആലോചിച്ചിരിക്കുകയായിരുന്നു ദൈവമേ ഞാന്‍
അപ്പോഴാണ്‌
കാട്ടുചേമന്തികള്‍ നിറച്ച് വീര്‍പ്പിച്ചു നിര്‍ത്തിയിരുന്ന
മുട്ടന്‍ ബലൂണുകള്‍
മഞ്ഞുകാലത്തിന്റെ തീചൂടില്‍ പൊട്ടിച്ചിതറിയതും
ഞാന്‍ പറവകളുടെ പുറത്തേക്ക് തെറിച്ചുവീണതും
പരന്നൊഴുകിയ ചേമന്തി മണം എന്നെ കീറി കടന്നു പോയതും
എന്റെ ദൈവമേ !!
എനിക്കൊന്നുമറിയില്ല
എനിക്കൊന്നുമറിയില്ല
അലകളിൽ
അഴലൊളികളിൽ
അലമുറയിടുന്ന
അവിചാരിതമായൊരീ നിമിഷങ്ങളെ
ആസക്തികളുടെ കായ്കനികളാക്കി
ഞങ്ങള്‍ക്കുമേല്‍ വീണ്ടുമിറ്റിക്കേണമേ
പരന്നൊഴുകിയ ചേമന്തി മണം വടിച്ചെടുത്തപ്പാടെ
ഞങ്ങളില്‍ നിറയ്ക്കേണമേ.
------------------------------------------------------------

അണക്കെട്ട്‌ / അരുണ്‍ ഗാന്ധിഗ്രാം


ഈ അണക്കെട്ടിനു പിന്നില്‍
ഒരു പ്രളയം
പതിയിരിക്കുന്നുണ്ട്‌
പ്രക്ഷുബ്ധമനസ്സിന്‍റെ
അപ്രവചനീയത പോലെ.

ജലം
ഈ തടയണയില്‍
കണ്ണില്‍പ്പെടാത്ത
വിള്ളലുകള്‍ വീഴ്ത്തുന്നുണ്ട്‌
അപകടകാരിയായ
ഒരു തടവുപുള്ളിയെപ്പോലെ.
പ്രളയത്തെയും വരള്‍ച്ചയേയും
വേര്‍തിരിക്കുന്ന
ഈ നേര്‍ത്ത അതിരിന്‍റെ
ഒരു വശത്ത്‌
അഗാധമായ ശാന്തിയാണ്‌
ആസന്നമായ വിസ്ഫോടനത്തിന്‌
മുന്നൊരുക്കം നടത്തുന്ന
ജ്വാലാമുഖിയെപ്പോലെ.
------------------------------------

കാക്കയുടെ ഇറച്ചി / വിഷ്ണു പ്രസാദ്


വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന്
ചെറുപ്പം മുതലേ വിചാരമുള്ള അഞ്ചുപേര്‍
അതിനായി ഒരു കാക്കയെ പിടിക്കുന്നു.
കത്തിയണയ്ക്കുമ്പോഴും കാക്കയ്ക്കറിയില്ല
അതിനെ കൊല്ലുമെന്ന്
ഇക്കാര്യത്തില്‍ ഒരു കോഴിയുടെ
വിവരം പോലുമില്ല ബുദ്ധിജീവിക്ക്
ഒറ്റച്ചെത്തിന് കഴുത്തുമുറിഞ്ഞുവീഴുമ്പോള്‍
ചോര ചീറ്റും
തലപോയീ തലപോയീ എന്ന്
ഉടല്‍ കിടന്നു പിടയ്ക്കും
പിന്നെ
പപ്പ് പൂട പറി മല്‍‌സരമാണ്.
ചത്തതിനെന്തിനാ കാലെന്ന്
ഒരു തമാശ പറഞ്ഞ് ആ കറുത്ത കാലുകള്‍
മുറിച്ചെറിയുന്നു
കുടലും പിത്താശയവും വലിച്ചുമാറ്റുന്നു
കഷ്ണം കഷ്ണമാക്കുന്നു
ചോര കഴുകിക്കളയുന്നു
പിന്നെയും കഴുകുന്നു
മസാലപുരട്ടുന്നു
വറുത്തോ വേവിച്ചോ എടുക്കുന്നു
ഒന്നിച്ച് ഒരിലയില്‍ വിളമ്പി
വട്ടമിട്ടിരുന്ന് ചര്‍ച്ച തുടങ്ങുന്നു
കേരളത്തില്‍ ഇത്രയും സുലഭമായ ഒരു പക്ഷിയെ
എന്തുകൊണ്ട് തിന്നുന്നില്ലെന്ന്
മോഡറേറ്ററായി ഒരുത്തന്‍ ഒരു കഷ്ണം കടിച്ചു വലിക്കുന്നു.
എച്ചില്‍ തിന്നുന്നതുകൊണ്ടാണെന്ന്
വേറൊരുത്തന്‍ കടിച്ചുപറിക്കുന്നു
തീട്ടം തിന്നുന്ന കോഴിയെ തിന്നുന്നതോ എന്ന
ഒരുത്തന്റെ സംശയം എല്ലാവരും തൊട്ടുനക്കുന്നു.
മുഴുത്ത കഷ്ണം നോക്കിക്കടിച്ച് ഒരുത്തന്‍
ഏതൊക്കെ തിന്നാമെന്നും
ഏതൊക്കെ തിന്നേണ്ടെന്നും
ആരാണ് തീരുമാനിച്ച് ഒരു സമൂഹത്തിന്റേതാക്കിയതെന്ന്
എല്ലാത്തിനേയും ദഹിപ്പിച്ചുകളയുന്നു
കാക്കയെ തിന്നാത്തത് കാക്ക
ഞമ്മടാളായതുകൊണ്ടാണെന്ന് ഒരാള്‍
കാക്കയിറച്ചി ചവച്ചുചവച്ച് വീരവാദം മുഴക്കുന്നു
കാക്ക ദളിതനാണെന്നും സംവരണാനുകൂല്യങ്ങള്‍
നല്‍കേണ്ടതായിരുന്നുവെന്നും പറയുമ്പോള്‍
ഒരാള്‍ കാ കാ എന്ന് വയറുതടവുന്നു
എച്ചില്‍ പെറുക്കാന്‍ ഇപ്പോള്‍ കാക്കകള്‍ വരാറില്ല
ഒക്കത്തിനും അഹങ്കാരമാണ്.
ആസാമില്‍ നിന്നും ബംഗാളില്‍ നിന്നും
വേറെ എച്ചില്പെറുക്കികളെ ഇറക്കുമതി
ചെയ്യേണ്ട സ്ഥിതിയാണ് ഒരാള്‍ ഉറയുന്നു...
ചര്‍ച്ചമുറുകുമ്പോള്‍
കാക്കയുടെ ഇറച്ചി നല്ല ഊക്കില്‍
കടിച്ചുകടിച്ച്
പറിച്ച് പറിച്ച്
വിഴുങ്ങി വിഴുങ്ങി..
ഇനിയൊന്നും വിഴുങ്ങാനില്ലാതെ വരുമ്പോള്‍
എല്ലാവരും അവരവരുടെ ബൈക്കുകളില്‍
കയറി കാ കാ എന്ന് ചിരിച്ച് വശംകെട്ട്
പറന്നുപോകുന്നു
അപ്പോള്‍ ആ തീറ്റിസ്ഥലത്തുകിടന്ന്
ഒരു കാക്ക പറന്നുപോകാനാവാതെ
കരയുന്നു
അതുകേട്ട് വായനക്കാരായ നമ്മളെല്ലാവരും
ചിരിച്ചുചിരിച്ച് മണ്ണുകപ്പുന്നു...

---------------------------------------------------

ഉറവ് /മുനീർ അഗ്രഗാമി


വീണു കിടക്കുന്ന കുഴിയിൽ
വീണ്ടും വീണുപോയവൻ്റെ
ആഴത്തിൽ
കണ്ണിൽ നിന്നെന്ന പോലെ
കാഴ്ചകൾ മറച്ച്
ഒരുറവ പൊട്ടുന്നു

ദാഹിച്ചുവലഞ്ഞവളേ
നിന്നിലേക്കുള്ള ഒഴുക്കിൻ വഴി
അതു കണ്ടു പിടിക്കുന്നു
നീയകപ്പെട്ട പൊട്ടക്കിണറിന്നാഴത്തിൽ
തടസ്സം നിന്ന
കല്ലുകളലിയിച്ചതു
കടന്നു വരുന്നു
ഒരു തുള്ളിയിൽ
ഒരു ലോകമൊളിപ്പിച്ച് .
--------------------------------------

പ്രണയ ദീപാവലി / മുനീർ അഗ്രഗാമി


വെളിച്ചമേ
എൻ്റെ വെളിച്ചമേ
ആഗ്രഹങ്ങളുടെ നെയ്ത്തിരി കത്തിച്ച്
നീയെനിക്ക് തരിക
ഇവിടമെല്ലാം
ആ വെളിച്ചം കുടിച്ച്
സന്തോഷിക്കട്ടെ

കുഞ്ഞുങ്ങളുടെ മനസ്സുപോലുള്ള
മൺചെരാതും നീയെനിക്കു തരിക
എൻ്റെ വഴികളിൽ അവ
മിന്നാമിനുങ്ങുകളാവട്ടെ
നിൻ്റെ കണ്ണിൽ നിന്ന്
നീയറിയാതെ
ഞാനെടുത്ത തേജസ്സ്
എൻ്റെ സൂര്യനും ചന്ദ്രനുമാകുന്നു
നിൻ്റെ ഇതളുകളിൽ
പ്രകാശത്തിൻ്റെ ദേവതയായി
ദീപാവലി ചിറകടിക്കുന്നു
അതിൻ്റെ ചിറകിലെ ചിത്രങ്ങളിൽ
ഞാൻ സ്വർഗ്ഗം ദർശിക്കുന്നു
എൻ്റെ സ്വപ്നങ്ങൾ
പതുങ്ങിയിരിക്കുന്ന
രാത്രിയുടെ ഗുഹകളിൽ
നീ നിലാവായി ചിറകടിക്കുന്നു
വെളിച്ചമേ
എൻ്റെ വെളിച്ചമേ
എൻ്റെ ഇരുളു തേടി വന്നവർ
ഇതാ മടങ്ങുന്നു
അവരി നി എൻ്റെ ഇരുളിനെ കുറിച്ച്
സംസാരിക്കില്ല
നീ എൻ്റെ വെളിച്ചമായതിൽ
അവർ പ്രകാശിക്കാതിരിക്കില്ല
അവരുടെ ഇരുട്ടിൽ നിന്ന്
അങ്ങനെ കപടലോകം പുറത്തു കടക്കട്ടെ !
നന്മയുടെ ഒരു താരകം
അവരിൽ മിന്നട്ടെ
ആയിരം ദീപങ്ങളാൽ വലയം ചെയ്ത
ദേവനെ പോലെ
എൻ്റെ വിഗ്രഹത്തിനിതാ
ജീവൻ വെക്കുന്നു
ചൈതന്യത്തിൻ്റെ
ചൈതന്യമായ്
ഞാൻ നിന്നെയറിയുന്നു
ഇതു നമുക്ക്
പ്രണയ ദീപാവലി;
താലോലിക്കാൻ
ആകാശത്തിൻ്റെ തൊട്ടിലിൽ
നിൻ്റെ ചുംബനങ്ങൾ
തെളിയുന്ന സന്ധ്യ പിറക്കുന്നു
ആനന്ദം ഒരു കപ്പലായ്
നമ്മുടെ ഉടലിലൂടെ
ചക്രവാളത്തിലേക്കെന്ന പോലെ
അറ്റമില്ലാതെ
ഉയർന്നും താഴ്ന്നും
മെല്ലെ ഒഴുകന്നു .
-----------------------------------

കാവല്‍ക്കാരന്‍ / ആലങ്കോട് ലീലാകൃഷ്ണന്‍


ചവിട്ടിക്കൊല്ലും പാദത്തെ
പൂജിക്കും ബലിതത്വമേ
മണ്ണോളം താണുനിന്നാലും
ചവിട്ടിത്താഴ്ത്തും വാമനന്‍
ഒരുനേരത്തെയന്നത്തി-
ന്നൊരു കുടുംബം പോറ്റുവാന്‍
പ്രഭുവിന്‍ കോട്ടവാതില്‍ക്കല്‍
കാവലാവേണ്ടി വന്നവന്‍
അവന്‍റെ നിസ്സഹായത്വം
കുറ്റമല്ല ചരിത്രമേ,
ചവിട്ടി നീയരച്ചാലും
ഉയിര്‍ക്കും നിസ്വനാമിവന്‍
മരിച്ചുപോയ പാവങ്ങള്‍
ജാഥയായി വരുന്നിതാ
അവര്‍ക്കൊപ്പമുണ്ടു ഞങ്ങള്‍
മരിക്കാത്തൊരു മര്‍ത്ത്യത
വാതില്‍ തുറന്നു തന്നാലും
മരിക്കാത്ത സഹോദരാ
ദുഷ്പ്രഭുപ്പുലയാടിത്തം
തകര്‍ക്കും ബലിയാണു നീ.
-------------------------------

Wednesday, November 11, 2015

ഊരാച്ചുണ്ട് / ജയദേവ് നയനാർ


ഇങ്ങനെയെന്നാൽ കൂടെ
നടക്കാൻ കൊണ്ടു പോവില്ല
നിന്നെ, ഉടലേ.
കരയിൽ പുഴയഴിച്ചിട്ട
തുണിയപ്പാടെയും കൊണ്ട്
നീയോരോ മരം വച്ച്
വച്ചുപിടിപ്പിക്കുന്നുണ്ട്.
പാട്ടുസാധകം ചെയ്യുന്ന
കിളികളെ ചുറ്റിലും
മിണ്ടാതിരുത്തുന്നുണ്ട്.
മീനുകൾ നീന്താൻ പഠിക്കുന്ന
സ്കൂളിനെ കടലെന്ന്
പരിഹസിക്കുന്നുണ്ട്.
ഇലകൾക്കുടുപ്പ് തയ്ക്കുന്ന
തുന്നൽക്കാരിയോട്
ഒരുടുപ്പൊരുടുപ്പെന്ന്
പ്രലോഭിപ്പിക്കുന്നുണ്ട്.
ഓരോ ഉറക്കത്തിലും
വന്നു പെയ്യുവാൻ മേഘമേ
നിനക്കെത്ര വെള്ളമെന്ന്
അസൂയപ്പെടുന്നുണ്ട്.
മാലപ്പടക്കത്തിൽ
പൊട്ടാതെ കിടന്ന ഒന്നിനെ
കാട്ടുതീയിട്ട്
മോഹിപ്പിക്കുന്നുണ്ട്.
.
ഇങ്ങനെയെന്നാൽ
കൂടെക്കിടത്തുകയുമില്ല.

--------------------------------------

വെയിൽ‌പ്പൂക്കളാൽ വറ്റിപ്പോയ പെൺകുട്ടി / ഡോണ മയൂര


സങ്കടങ്ങളുടെ
ഇൻസ്റ്റലേഷനുകൾ നിർമ്മിച്ച്
ലോകം തന്‍റേ‍തുമാത്രമാക്കിയ
പെൺകുട്ടി.
ഇൻസ്റ്റലേഷനുകളുടെ ഗൃഹത്തിൽ
സങ്കടത്തിലിറങ്ങി നനഞ്ഞ നായ
കണ്ണീരുകുടയുന്ന ഇൻസ്റ്റലേഷന്‍റെ
വാലുമുറിഞ്ഞുവീണതൊരു
വെള്ളമയിലാകുന്ന ഇൻസ്റ്റലേഷനിലേക്ക്
മഴവില്ലുപോലടർന്നു വീണു.
വാലുപോയ നായ.
ഒഴിഞ്ഞ ആകാശം.
വെയിൽ.
പൊരിഞ്ഞ വെയിലിൽ
വെള്ളമയിലിനെ
സ്നേഹിച്ചു മഴവില്ല്.
വെയിൽ‌പ്പൂക്കളുടെ
ഇൻസ്റ്റലേഷനിൽ
വറ്റിപ്പോയ പെൺകുട്ടി
മറ്റൊരു ദേശത്ത്
കണ്ണീരായി പൊഴിഞ്ഞു.
ഏതു ദേശത്തുമുണ്ട്
പലഭാഷകളിൽ
ഒരേ സങ്കടം.
അന്നന്നുണ്ണും സങ്കടങ്ങൾ
അന്നമുണ്ണും സങ്കടങ്ങൾ
എന്നുമുള്ള സങ്കടങ്ങൾ.
സങ്കടങ്ങളുടെ ഇൻസ്റ്റലേഷൻ
നിറഞ്ഞ ഗൃഹം കാണാൻ
അന്യഗ്രഹങ്ങളിൽ നിന്നും
സന്ദർശകരെത്തി.
പക്ഷെ അവർക്കുമുണ്ട് സങ്കടം,
അവിടെയുമുണ്ട്
ഇതേ ഇൻസ്റ്റലേഷനുകൾ.
-------------------------------------

Friday, November 6, 2015

ചില നോവുകളുണ്ട്‌... / ദേവി മനോജ്



കൈ പിടിച്ചു നടത്തുന്ന
ചില നോവുകളുണ്ട്‌
മുറിവായിൽ നിന്നും
ഇപ്പോഴും നിണമൊഴുകുന്ന
ചില ഓർമ്മപ്പാടുകൾ
ചില ഓർമ്മകൾക്ക്
ഭസ്മത്തിന്റെ മണമാണ്
അടുത്ത് വന്ന്
വെറ്റിലക്കറയുള്ള ഉമ്മകൾ തരും
അപ്പോൾ
രാക്ഷസൻ പിടിച്ചു കൊണ്ട് പോയ
സുന്ദരിയായ രാജകുമാരിയുടെ കഥ
കാറ്റിൽ അങ്ങിനെ പറന്നു പറന്നു വരും
അതിന്റെ ചിറകുകളിലേറി
ആകാശദൂരങ്ങൾ താണ്ടി
സ്വപ്നക്കൊട്ടാരത്തിൽ
രാജകുമാരിയോടൊപ്പം വാഴും
പക്ഷെ
പെട്ടെന്നൊരു കൊഴിച്ചിലാണ്
ചിറകറ്റു വീണ്ടും ഭൂമിയിൽ
ചില നോവുകൾക്ക്‌ പാൽമണമാണ്
ദുഖത്തിന്റെ ചില്ലകളിൽ
ചേക്കേറുമ്പോൾ
പാൽമണമുള്ള ഉമ്മകൾ
കവിളത്ത് തുരുതുരെ തരും
നെഞ്ചോടു ചേർത്ത് ലാളിക്കും
'ഓമനത്തിങ്കൾക്കിടാവോ ' പാടും
പക്ഷെ
മയക്കത്തിലേക്കു വഴുതി വീഴുന്നതും
തൂവൽ പോലെ പറന്ന്
മറഞ്ഞു പോകും
ചില ഓർമ്മകൾക്ക്
അമ്പലപ്രാവിന്‍റെ ചിറകടിയൊച്ചയുണ്ട്
കുറുകിയും കുണുങ്ങിയും
മനസ്സിനുള്ളിൽ കൂട് വച്ച കുറുമ്പിപ്രാവ്
ഇടയ്ക്കിടയ്ക്ക് ചിറകടിച്ചു പൊങ്ങും
അമ്പലവഴിയിലൂടെ
കുളക്കടവിലൂടെ
പാറി പാറി നടക്കും
കൊക്കുരുമ്മി കൊഞ്ചും
പിന്നെ പിണങ്ങി പറന്നു പോകും
ചില ഓർമകൾക്ക്
സ്നേഹം പുരണ്ട
കരുതലുകളുടെ രൂപമാണ്
ഇരുളിന്‍റെ ചായം പുരളുന്നതിന് മുൻപ്
കൂടണയാത്ത കിളിക്കുഞ്ഞുങ്ങളെയോർത്ത്
അസ്വസ്ഥമാകുന്ന സ്നേഹം
ആ ചിറകിനുള്ളിൽ കിനിയുന്ന
വാത്സല്യം
ആൾക്കൂട്ടത്തിന്‍റെ ഏകാന്തതകളിൽ
കൈ പിടിച്ചു നടത്തുന്ന നോവുകൾ .
-------------------------------------------

മറവി / ബാലചന്ദ്രന്‍ ചുള്ളിക്കാട്


ഓമനേ,മൗനം ശിരസ്സറ്റ പക്ഷിതന്‍
ഗാനമാണെന്നതറിഞ്ഞു വേവുമ്പൊഴും,
ഇത്തിരി നേരം നിലാവിന്‍ കൊലച്ചിരി
കൊത്തിപ്പറിച്ച മനം തലോടുമ്പൊഴും,
പാറകള്‍ പൊട്ടിച്ചു പായുന്നൊരെന്‍ കാട്ടു-
ചോരയില്‍ക്കാലം കുളമ്പടിക്കുമ്പൊഴും
ഏറേറ്റു കണ്ണുതകര്‍ന്ന നായ്ക്കുട്ടിയെ
മാറോടടുക്കിപ്പിടിച്ചു കേഴുമ്പൊഴും
പെറ്റവാറേ തള്ള ചത്ത പൈക്കുട്ടിതന്‍
നെറ്റിയില്‍പ്പൊള്ളുന്ന നെഞ്ചുചേര്‍ക്കുമ്പൊഴും,
മാറാപ്പുമായ്പ്പിച്ച തെണ്ടുന്ന പെങ്ങള്‍തന്‍
മാറാവ്രണങ്ങളിലുമ്മ വെയ്ക്കുമ്പൊഴും
ഇറ്റു സ്നേഹത്തിനായെന്‍ നേര്‍ക്കു നീളുന്ന
കുഷ്ഠം പിടിച്ച വിരലില്‍ തൊടുമ്പൊഴും
കണ്ണുനീരീന്‍റെ കരിങ്കടലില്‍ നിന്നു
മുങ്ങിയെടുത്തൊരീ ശംഖമൂതുമ്പൊഴും
നിന്നെയോര്‍മ്മിക്കുവാന്‍പോലും മറന്നു ഞാന്‍ .
---------------------------------------------------

ഭയം./ ദ്രുപദ് ഗൗതം


മരം എന്ന ക്ലാസിലെ
ഒരില പോലും
അനങ്ങുന്നില്ല.
നിശ്ശബ്ദത
എന്ന പട്ടിക്കൂട് വ്യവസ്ഥിതി
ആരുടെയോ
പേരെഴുതി വെക്കുന്നു.
വിയർത്ത്
ഓടി വന്ന
കാറ്റിനെ
ചുണ്ടിൽ ഒരു വിരലൊട്ടിച്ചു
നിർത്തിയിട്ടുണ്ട് വരാന്തയിൽ…!
ഒരു മിണ്ടൽ
ചുണ്ടോളം വന്ന്
വറ്റിപ്പോകുന്നു…!
വാതിൽവരെയെത്തിയ
ഒരു ചിരി തിരിഞ്ഞോടുന്നു…!
ചുമരും ചാരിയിരുന്ന്
ഉറങ്ങിപ്പോയി
അനാഥമായൊരക്ഷരം….!
ഭയം
ഒരു രാജ്യമാണ്.
അവിടെ നിശ്ശബ്ദത
ഒരു (ആ)ഭരണമാണ്.

-------------------------------

(പത്താം തരം ജി എച്ച് എച്ച് എസ് കൂപ്പാടി.
സുൽത്താൻബത്തേരി.)

കടപ്പാട് ----മാതൃഭൂമി ബാലപംക്തി

Thursday, November 5, 2015

ആലപ്പുഴവെള്ളം / അനിത തമ്പി


ആലപ്പുഴ നാട്ടുകാരി
കരിമണ്ണുനിറക്കാരി
കവിതയിൽ എഴുതുമ്പോൾ
'ജലം' എന്നാണെഴുതുന്നു! 


കവി ആറ്റൂർ ചോദിച്ചു,
"വെള്ളം അല്ലേ നല്ലത്?"

ആലപ്പുഴ നാട്ടുകാരി
മെടഞ്ഞോല മുടിക്കാരി
തൊണ്ടുചീഞ്ഞ മണമുള്ള
ഉപ്പുചേർന്ന രുചിയുള്ള
കടുംചായ നിറമുള്ള
കലശ് വെള്ളത്തിന്റെ മകൾ.

ജലം എന്നാലവൾക്കത്
വയനാട്ടിൽ നിളനാട്ടിൽ
മലനാട്ടിൽ തെക്കൻനാട്ടിൽ
വാഴുന്ന തെളിനീര്
വാനിൽനിന്നുമടർന്നത്‌,
നിലംതൊടും മുൻപുള്ളത്
മണമില്ലാത്തത്‌, മണ്ണി
ന്നാഴങ്ങൾ തരുന്നത്
നിറമില്ലാത്തത്‌, ദൂരം,
ഉയരങ്ങങ്ങൾ, കാണ്മത്
സമതലങ്ങൾ വാടി
ക്കിടന്നുപോകാത്തത്

അതിന്നുണ്ട് ദേവതകൾ
അഴകുള്ള കോവിലുകൾ
നിത്യപൂജ, നൈവേദ്യം
ആണ്ടുതോറും കൊടിയേറ്റം
തുമ്പിയാട്ടും കൊമ്പന്മാർ,
തുളുമ്പുന്ന പുരുഷാരം.
ആലപ്പുഴപ്പൂഴിമണ്ണ്
തിരളുന്നതാണ് വെള്ളം
അത് കറപിടിക്കുന്നു
നനയ്ക്കുന്നു കുളിക്കുന്നു
അത് നൊന്തുകിടക്കുന്നു
എഴുന്നേറ്റു നടക്കുന്നു
ഇണവെള്ളം തീണ്ടാതെ
ഉറങ്ങാതെ കിടക്കുന്നു
അരമുള്ള നാവുള്ള
മെരുക്കമില്ലാത്ത വെള്ളം
തെളിയാൻ കൂട്ടാക്കാത്ത
കലക്കമാണതിന്നുള്ളം

അവനവൻ ദേവത
അകംപുറം ബലിത്തറ
തുഴ, ചക്രം, റാട്ടുകൾ
ചങ്ക് പൊട്ടിപ്പാട്ടുകൾ
മണ്ടപോയ കൊടിമരം
മഞ്ഞോലച്ചെവിയാട്ടം
ചാകരയ്ക്ക് തുറപോലെ
തുള്ളുന്ന മഴക്കാലം
ചൊരിമണൽ പഴുത്തു തീ
തുപ്പുന്ന മരുക്കാലം
കവിഞ്ഞിട്ടും കുറുകിയും
കഴിച്ചിലാകുന്ന വെള്ളം.
പിഞ്ഞാണം, ചരുവങ്ങൾ,
കോരിവെയ്ക്കും കുടങ്ങൾ
തേച്ചാലുമുരച്ചാലും
പോകാത്ത ചെതുമ്പലായ്
പറ്റിച്ചേർന്നിരിക്കുന്നു
വെള്ളത്തിന്റെ വേദന.

കനാലുകൾ, ബോട്ട്ജെട്ടി
കല്ലി,രുമ്പു പാലങ്ങൾ,
കുളം, കായൽ, വിരിപ്പായൽ,
കുളവാഴപ്പൂച്ചിരി,
ചകിരിപ്പൊന്നൊളിയുള്ള
ഇരുമ്പിന്റെ ചുവയുള്ള
വിയർപ്പിന്റെ വെക്കയുള്ള
ആലപ്പുഴ വെള്ളം.
ഇളകിയും മങ്ങിയും
അതിദൂരത്തകലുന്നു
പറവകൾ കാണുന്ന
പടങ്ങളായി മാറുന്നു.

പതിറ്റാണ്ടുകൾ കഴിഞ്ഞു,
തെക്കൻ നീരിലൂരുറച്ചു
എന്നിട്ടുമെഴുതുമ്പോൾ,
ഓർമ്മയിൽപരതുമ്പോൾ
ആലപ്പുഴനിറക്കാരി
ആലപ്പുഴമുടിക്കാരി
ജലമെന്നോ വെള്ളമെന്നോ
തിരിയാതെ തിരിയുന്നൂ
തൊണ്ട ദാഹിക്കുന്നു.
-----------------------------

പറക്കാതിരിക്കല്‍ / അനിത തമ്പി


മരക്കൊമ്പില്‍
ഒരു കിളി വന്നിരുന്നു.
കാറ്റനക്കുന്ന പച്ചിലകള്‍
ഇലകള്‍ക്കിടയില്‍ നിന്നും
പെട്ടെന്ന് ഞെട്ടി വരുന്ന പൂക്കള്‍
പൂക്കള്‍ക്കിടയില്‍
കിളി പൂങ്കുല പോലെ ചാഞ്ഞിരുന്നു
പൂ പറിക്കാന്‍ കുട്ടികള്‍
മരക്കൊമ്പ് വളച്ചു താഴ്ത്തി
തണല്‍ കായാന്‍ വന്നവര്‍ കൈകള്‍
നീട്ടി ഇല നുള്ളി
കിളി ചിറകൊതുക്കി അനങ്ങാതിരുന്നു
പകല്‍ മുഴുവന്‍ ശേഖരിച്ച വെയില്‍
ഇലകളില്‍ ആറിക്കിടക്കുന്ന
വൈകുന്നേരത്ത്
കറമ്പിയും കുഞ്ഞുങ്ങളും
തീറ്റ തിരഞ്ഞിറങ്ങുമ്പോള്‍
കിളി പേടിക്കാതെ പതുങ്ങിയിരുന്നു
അങ്ങനെയിരിക്കെ മാനത്ത്
അടഞ്ഞ ഇമ പോലെ ചന്ദ്രക്കല വന്നു
അഴക്‌ ചേര്‍ക്കാന്‍ ഒരു നക്ഷത്രവും വന്നു
ജന്മങ്ങളോളം കാണാന്‍ പാകത്തില്‍
കിളി തുഞ്ഞത്തോളം ചെന്നിരുന്നു
വെറും ഒരു മരക്കൊമ്പില്‍ .
--------------------------------------------

Tuesday, November 3, 2015

കണ്ണെഴുത്ത് / ജയദേവ് നയനാർ



ഒരുവേള ഇത്രയധികം വാഴ്ത്തപ്പെടാനെന്തിരിക്കുന്നു
എന്നാവാം. അല്ലെങ്കില്‍ പേര്‍ത്തും പേര്‍ത്തും
തള്ളിപ്പറയപ്പെടുന്നതിലെന്തിരിക്കുന്നു എന്നോ.
നീ കുന്തിരിക്കം പുകയുന്ന ഒറ്റുമുറികളിലെ
ഒച്ചയടച്ചുപോയ നിലവിളികളിലൊന്ന്.
നീ പിറന്നുവീഴുന്നതിനു മുന്നേ
മായ്ച്ചുകളയപ്പെട്ട ഒരോര്‍മ.
.
ആകാശത്തെ അടുത്തേക്കു വാ എന്നുവിളിക്കും.
അപ്പപ്പോള്‍ വിരിയുന്ന ഓരോ കാറ്റിനും കണ്ണെഴുതും.
ഇടയ്ക്കു തെന്നിവീഴുന്ന തേങ്ങലിനെ
പിന്നേയും പിന്നേയും കാലി‍ല്‍ നടത്തും.
നിലാവു കാട്ടി ഇരുട്ടിന്‍റെ വായിലേക്ക്
ഒരുരുള നിറച്ചുവയ്ക്കും.
കാറ്റില്‍ വിറയ്ക്കുന്ന നാളത്തെ
കൈവെള്ളയില്‍ കിടത്തിയുറക്കും.
എന്നിട്ട്, ഉറക്കം വരാതിരിക്കുന്ന
അത്താഴത്തിന്‍റെ നേരെ നോക്കിയിരിക്കും.
വാതില്‍ക്കല്‍ ഓരോ അനക്കത്തെയും
മകനേ മകനേ എന്നോര്‍ക്കും.
.
മുറ്റത്തുനിന്നൊരു പച്ചില പറിച്ച്
ഓര്‍മയില്‍ കൊണ്ടുനടക്കും.
പേരറിയാത്ത ഓരോ പൂമ്പൊടിയെ
ഓരോ പേരിട്ടു മണക്കും.
കാട്ടിലേക്കുള്ള വഴിയില്‍ നിന്ന്
തേനീച്ചക്കൂട്ടങ്ങള്‍ വരുന്നത് കാണിക്കും.
കാണാത്ത ദൂരത്തിനപ്പുറത്ത്
ആരോ വരുന്നുണ്ടെന്ന് ഉറപ്പിക്കും.
എന്നിട്ട്, കറുത്തുതുടങ്ങുന്ന പകലിനെ
എന്തായിന്നിത്ര തിടുക്കമെന്ന് ശാസിക്കും.
സന്ധ്യയുടെ ഓരോ നിറത്തെയും കൊണ്ട്
മകനേ മകനേ എന്നു കണ്ണെഴുതും.
.
നീ മരിച്ച ശേഷം
അമ്മയായവള്‍.

----------------------------------------------

Friday, October 30, 2015

ദളിതന്‍ കവിതയെഴുതുമ്പോള്‍ / സുധീർ രാജ്


ദളിതന്‍ കവിതയെഴുതുമ്പോള്‍
ജടപിടിച്ചൊരപ്പൂപ്പന്‍ ഉടുക്കുകൊട്ടിയുറയും
കണ്ണുപൊട്ടിയ കരിങ്കാളിയമ്മൂമ്മ
മണ്ണിന്റെ ചങ്കു പൊട്ടിയ്ക്കുമൊരു പാട്ട് പാടും .

വസൂരി വിത്ത്‌ പോലെ വാക്കെല്ലാം വന്നു
കൂരാപ്പു പോലെ കുരിപ്പ് കുത്തും .
മുതുകത്തു മുള്ളുള്ള ഒറ്റമുലച്ചി പോലെ
വരിയെല്ലാം കിടന്നലറും
നട്ടുച്ചയ്ക്കിറങ്ങും നട്ടപ്രാന്തെല്ലാം
പൊരിവെയിലു പോലെ തിളയ്ക്കും
ഞങ്ങളെയങ്ങോട്ടെടുക്കോ
എടുക്കോയെന്നു കരയും
പ്രാക്കായ പ്രാക്കെല്ലാം
നോവിന്റെ കുടുക്കേലിട്ടു കുലുക്കി
കവിതേലെറിഞ്ഞുടയ്ക്കും
ദളിതൻ കവിതയായുറയുമ്പോൾ
ദൈവം പകയ്ക്കും
മണ്ണിലൊരു കുഴികുത്തി വിത്തായി
തലപ്പുലയന്റെ കൈ കാത്തു കിടക്കും
വാരിവാരിക്കൊടുത്തു മുടിഞ്ഞ
കയ്യിലേക്കൊരു കുഞ്ഞായ് കിളിർക്കും.
ദളിതൻ കവിതയെഴുതുമ്പോൾ
കാലമവിടെ നില്ക്കും
ഏനും കൂടൊരു വാക്ക് തായോന്ന് കെഞ്ചും
വാക്കും മണ്ണും വിണ്ണും പാതാളവും
പഴമയും പെരുമയും ഉലകുമുയിരും
കാറ്റത്തൊറ്റ മുളപോലെ നിൽക്കും
ഒരമ്മ പെറ്റ മുളപോലെ നിൽക്കും .
------------------------------------------------------