Sunday, May 29, 2016

കറുത്ത സിൻഡ്രല്ല / സുധീർ രാജ്


തെരുവിൽ വെച്ച്
പെട്ടെന്ന് നിങ്ങൾക്കവളെ തിരിച്ചറിയാം
തിരക്കുള്ള കടയിൽ മറന്നു വെച്ച കുടപോലെ
കറുത്ത പെണ്കുട്ടിയെ .
ഒട്ടും ചേരാത്ത കടും നിറത്തിലെ
ചുരിദാർ, ഷാൾ
ഒതുക്കമില്ലാത്ത ചുരുണ്ടമുടി
ചിത്രശലഭ പ്പിന്നുകൾ
പൂ ക്ലിപ്പുകൾ
വിയർത്തെണ്ണ മെഴുക്കുള്ള കവിളുകൾ
പുരികത്തൊരു മുറിപ്പാട് .

അഴകുള്ളവർക്കിടയിലൂടെ
അമ്പരന്നവൾ നടക്കും
ആരെങ്കിലുമൊന്നു ചിരിക്കണേ
ചിരിക്കണേയെന്നവൾ
കണ്ണ് കൊണ്ട് പറയും .
കുപ്പിയിലിട്ട മീനേപ്പോലെ
വെയിലിന്റെ സ്ഫടികത്തെരുവിലവൾ
പിടഞ്ഞു നീന്തും .
വിലകുറഞ്ഞ മൊബൈലിൽ
ആരെങ്കിലും വിളിക്കുന്നുണ്ടോയെന്ന്
തെരുതെരെ നോക്കും .
ഇല്ലാത്തൊരു നമ്പർ കുത്തി
ഇല്ലാത്തൊരാളേ വിളിക്കും
ഞാനിപ്പം വരും
ഞാനിപ്പം വരുമെന്ന് പറയും .
അവളുടെ പിടച്ചിൽ കണ്ട്
അവടമ്മ ആകാശത്തിരുണ്ടു കൂടും
മറ പോലവൾക്കു ചുറ്റും പെയ്യും .
കുടയില്ലാതവൾ മഴയത്ത് നനഞ്ഞൊലിച്ച്
പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ
മൂലയ്ക്ക് നിൽക്കും.
മഴയത്ത് കിടന്നു നനയുന്ന ബസ്സുകൾ
അതിനുള്ളിൽ നനയാതെ നനയുന്ന
വേനലുകളെന്നിങ്ങനെ
ചിന്തിച്ചു ചിന്തിച്ച് തനിയെ ചിരിക്കും .
കാപ്പിരി മുടിയിൽ നിന്നിറ്റുന്ന വെള്ളം
ചിക്കുമ്പോൾ പിന്നിൽ നിന്നവൻ വിളിക്കും .
കാണാറില്ലല്ലോ
എവിടെയാണിപ്പോൾ
മഴയിലൂടെ നീയൊഴുകുന്നതു കണ്ടു.
(ഒളിയിടം കണ്ടു പിടിക്കപ്പെട്ട
മുയൽക്കുഞ്ഞു പോലവൾ പതുങ്ങും .)
പണ്ട് നീ പാടിയ പാട്ടു പോലാണീ മഴ
നീയെന്നെ നനയിച്ചതു പോലാരുമെന്നെ
നനയിച്ചിട്ടില്ലെന്നു പറഞ്ഞവളുടെ
പേടിയെല്ലാം പൊതിഞ്ഞെടുക്കും .
അതു കണ്ടമ്മയങ്ങു തിരിച്ചു പോകും
പ്രൈവറ്റ് ബസ് സ്റ്റാന്ഡ്
മീനച്ചിലാറാകും.
ഒറ്റവള്ളത്തിലവൻ വന്നു വിളിക്കും .
മഴ കഴിഞ്ഞു പടം വരയ്ക്കുന്ന മഴവില്ലിലൂടെ
വഞ്ചി തുഴയുന്ന രാജകുമാരിയെ
നിങ്ങൾ കണ്ടിട്ടില്ല .
കറുത്ത സിൻഡ്രല്ലയെ .
--------------------------------------

Saturday, May 28, 2016

മഴയത്ത് ചെറിയ കുട്ടി /സുഗതകുമാരി



 ചെറിയ കുട്ടി, യിറയപ്പടിമേല്‍
മഴവരുന്നതും കണ്ടിരിക്കുന്നു.
മഴയും വെയിലും ചിരിച്ചുകൈകോര്‍ത്തു
കളിതുടങ്ങുന്നു കാറ്റു വരുന്നു!
വെയിലൊളിച്ചുകളയുന്നു, ചുറ്റും
കരിയിലകള്‍ പറന്നു വിഴുന്നു
മഴനനഞ്ഞു ചെടികള്‍ തുള്ളുന്നു!
മഴനനഞ്ഞു കുനിയുന്നു പൂക്കള്‍
ചെറിയ കുട്ടി വിടര്‍ന്ന കണ്ണോടെ
മതിമറന്നതു കണ്ടിരിക്കുന്നു
മഴകനക്കുന്നു, മുറ്റത്തുചാലി-
ട്ടരുവിയൊന്നുണ്ടൊലിച്ചു വരുന്നു
അതിലൂടിങ്ങോട്ടൊഴുകിയെത്തുന്നു
കുമിളകള്‍ മഴവില്ലുകൾ പൂക്കള്‍
ചെറിയ കുട്ടികൊലുസിട്ട കാലാല്‍
മഴയൊഴുക്കില്‍ കളിച്ചുതൊടുന്നു
അരുമയായിത്തന്‍ പുസ്തകം ചീന്തി-
യതിലൊഴിക്കിയൊഴുക്കി വിടുന്നു
പിറകേതന്‍ ചോന്നപെന്‍സിലും വിട്ടി-
ട്ടവള്‍ ചിരിച്ചു കരങ്ങള്‍ കൊട്ടുന്നു
ചിരിപൊടുന്നനെ നില്‍ക്കുന്നു!
നോക്കൂ,
മഴയൊഴുക്കില്‍ നെടും ചാലിലൂടെ
മുങ്ങിപ്പൊങ്ങിയൊലിച്ചു വരുന്നൂ
കുഞ്ഞുറുമ്പൊന്നു, പാവമേ പാവം!
ചെറിയകുട്ടി തന്‍ പൂവിരല്‍ത്തുമ്പാ-
ലതിനെ മെല്ലെയെടുത്തുയര്‍ത്തുന്നു
''ഇനിനീയെന്നെക്കടിച്ചു പോകൊല്ലെ''-
ന്നവനെശ്ശാസിച്ചു വിട്ടയയ്ക്കുന്നു
വരികായണതാ വീണ്ടുമുറുമ്പൊ-
ന്നതിനെയുമവള്‍ കേറ്റിവിടുന്നു
ഒഴുകിയെത്തുന്നതാവീണ്ടുമഞ്ചെ-
ട്ടതിനു പിന്‍പേ, യിനിയെന്തുവേണ്ടൂ?
ചെറിയകുട്ടി മഴയത്തിറങ്ങി
ഒരുപിലാവിലചെന്നെടുക്കുന്നു
അവയെയെല്ലാമെടുത്തുകേറ്റുന്നു
മഴകനക്കുന്നു, കാറ്റിരമ്പുന്നൂ
തെരുതെരെയതാ വീണ്ടും വരുന്നൂ
ഒരു നൂറെണ്ണം! കരച്ചില്‍ വരുന്നു
മഴനനഞ്ഞുടുപ്പാകെ നനഞ്ഞു
തലമുടിക്കൊച്ചുപിന്നല്‍ നനഞ്ഞു
കണ്ണീരും മഴനീരുമൊലിക്കും
പൊന്മുഖം കുനിച്ചെന്തുവേഗത്തില്‍
മുങ്ങിച്ചാകുമുറുമ്പുകള്‍ക്കായി
കുഞ്ഞികൈകള്‍ പണിയെടുക്കുന്നു!
''അമ്മുവെങ്ങോട്ടുപോയ്?''എന്നകായില്‍
അമ്മ തേടുവൊരൊച്ച കേട്ടാലും
കുഞ്ഞുറുമ്പുകള്‍ നുറുനൂറെണ്ണം
മുങ്ങിപ്പൊങ്ങി വരുന്നതും നോക്കി
ചെറിയ കുട്ടി മഴനനഞ്ഞും കൊ-
ണ്ടവിടെത്തന്നെ വിതുമ്പിനില്‍ക്കുന്നു
ചെറുപിലാവില കൊച്ചകൈവിട്ടാ-
മഴവെള്ളത്തിലൊലിച്ചു പോകുന്നൂ ....


എഴുപതുമേഴുമാണ്ടു കഴിഞ്ഞു
മഴയൊരായിരം പെയ്തു മറഞ്ഞു
വരിവരിയായുറുമ്പുകളെന്നും
കടലാഴത്തിലേയ്ക്കാഞ്ഞൊലിക്കുന്നു
ചെറിയകുട്ടി മഴ നനഞ്ഞുംകൊ-
ണ്ടവിടെത്തന്നെ പകച്ചു നില്‍ക്കുന്നൂ ...
---------------------------------------------

മണ്‍ചെരാത് / ജി. ശങ്കരക്കുറുപ്പ്‌



ഉടഞ്ഞാലുടഞ്ഞോട്ടെ,-
യെന്‍റെ മണ്‍ചെരാതിതു
തുടച്ചു തിരിവെയ്ക്കും
കനിവിന്‍റെ കൈതട്ടി.
കരി പറ്റിയിട്ടുണ്ട്
പാടു വീണിട്ടുണ്ടിതി-
ലെരിനിശ്വാസങ്ങളാല്‍
പുകയും ജാഢ്യങ്ങളാല്‍
നടുങ്ങിത്തെറിക്കുന്ന
സന്നിഗ്ദ്ധസന്ദര്‍ഭങ്ങള്‍
പടര്‍ന്നു കത്തിക്കെടാന്‍
പോകുന്ന നിമേഷങ്ങള്‍.
എണ്ണിയാലറുതിയി-
ല്ലെന്നാലുമപ്പോള്‍ വ-
ന്നെണ്ണ പാര്‍ന്നുമെന്‍
കരി തട്ടിയും തിരി നീട്ടി
മുന്‍പിലത്തേക്കാള്‍ വെട്ടം
മുന്‍പിലത്തേക്കാള്‍ നോട്ട-
മന്‍പില്‍ത്തന്നരുളുന്നു-
ണ്ടൊരനുഗ്രഹഹസ്തം.
ഉടഞ്ഞാലുടഞ്ഞോട്ടെ,-
യെന്‍റെ മണ്‍ചെരാതിതു
തുടച്ചു കൊളുത്തുന്ന
കനിവിന്‍റെ കൈ തട്ടി.
വരുന്നു പ്രാതസ്സായം-
സന്ധ്യകള്‍,എന്താശ്ചര്യം
ഒരു മണ്‍വിളക്കിന്‍റെ-
യഭിവാദനം തേടി!
ആരലങ്കരിക്കുന്നു
തന്‍ സൗധമൊരായിരം
താരകമണിക്കതിര്‍-
വിളക്കാല്‍,ആ സ്വൈരിണി
കരിപറ്റിയെണ്ണയ്ക്കു
ദാഹിക്കുമീ മണ്‍ചുണ്ടി-
ലെരിയും തിരികൂടി-
യെന്തിനു കൊളുത്തുന്നു!
ഒരു കൗതുകത്തിന്നു മാത്രമായേക്കാം.,
ഗര്‍വ്വിക്കരുതാത്ത ഞാന്‍
ഗര്‍വ്വിക്കുന്നിതീദ്ദയാവായ്പാല്‍.
------------------------------------------

മുദ്ര / വിജയലക്ഷ്മി


മഞ്ഞുതുള്ളിയാല്‍ മത്തടിക്കാനും
ചന്ദ്രരശ്മിയില്‍ ചാരിനില്‍ക്കാനും
അല്ലിലംബരം പെയ്ത നക്ഷത്ര-
ത്തെല്ലെടുത്തു പൂവായ് ചമയ്ക്കാനും,
വറ്റുതേടും വിശപ്പിനെപ്പോഴും
കൊറ്റിനായ് കതിര്‍ക്കറ്റയേകാനും,
കാറ്റടിക്കുമ്പൊഴാടിക്കുനിഞ്ഞുള്‍-
ത്തോറ്റമൊപ്പിച്ചുറഞ്ഞു തുള്ളാനും,
കേളികേട്ട ശലോമോന്‍ മഹത്വം
കോലുമെങ്കിലെന്തിത്ര മേലില്ലെ-
ന്നേകജാതന്നു സര്‍ഗ്ഗചൈതന്യ-
ശ്രീവിലാസം തെളിച്ചുകാട്ടാനും,
നഗ്നപാദങ്ങളേറ്റുവാങ്ങാനും
വിത്തിനുള്‍പ്പേറ്റുനോവാറ്റുവാനും,
ഒച്ചുകള്‍ക്കുള്ള സ്വര്‍ഗ്ഗസായൂജ്യം
സ്വപ്നമെന്നോര്‍ത്തു കണ്ണുപൂട്ടാനും,
നേര്‍ത്തനാവാ,ലലിഞ്ഞുപോം സ്വാദായ്-
ച്ചേര്‍ത്തു മാന്‍കിടാവൂറ്റിയെന്നാലും
ചാടിവീണ ശാര്‍ദ്ദൂലവീര്യത്തില്‍-
ച്ചാരുവായ്ച്ചേര്‍ന്നു കാടിളക്കാനും,
ചുട്ട മണ്ണിന്‍റെ ചൂടകറ്റാനും,
ഷഡ്പദത്തിന്നു വീടൊരുക്കാനും,
അംഗുലപ്പുഴുക്കള്‍ മടുത്തെന്നാ-
ലന്തിയായാലൊളിച്ചിരുത്താനും,
ശല്യകാരിയാം കാക്കയ്ക്കുനേരേ
ശല്യമായ്ച്ചെന്നു കാഴ്ചപോക്കാനും,
കുഞ്ഞുവായില്‍പ്പതിന്നാലുലോകം
കണ്ടൊരമ്മമാര്‍ക്കര്‍ഘ്യമാകാനും,
കര്‍മ്മമെല്ലാമൊടുങ്ങുമായുസ്സിന്‍
മര്‍മ്മമേരകത്താല്‍പ്പിളര്‍ക്കാനും,
അന്ത്യപൂജയില്‍ മോതിരച്ചുറ്റായ്
പുണ്യതീര്‍ത്ഥങ്ങളിലൂര്‍ന്നുവീഴാനും,
നിത്യനിര്‍മ്മലാനന്ദം പകര്‍ന്ന
നിദ്രതന്നടുക്കല്‍ക്കീഴടങ്ങി
അക്ഷയശ്രീയെഴും കൊടിക്കൂറ
കാഴ്ചവെച്ചുള്ള രാജാധിരാജര്‍
ഉച്ചിവച്ച മഹാസ്മാരകങ്ങള്‍
നിഷ്ഫലം പൊടിക്കുന്നായടങ്ങി
ശിഷ്ടകാലം കഴിക്കുന്നിടത്തില്‍-
ക്കൊച്ചുവേരില്‍ച്ചിരിച്ചു നില്‍ക്കാനും,
ഏതുവന്‍കരത്താലത്തിലാട്ടേ,
ഏതൊരാണവച്ചാരത്തിലാട്ടേ,
ഏതു നൂറ്റാണ്ടിനോടയില്‍ത്താഴും
ഭൂതമാവട്ടെ ഭാവിയാവട്ടേ,
ഭദ്രമായ്പ്പൊതിഞ്ഞേകമായ് സ്വന്തം
മുദ്രവയ്ക്കാനൊതുക്കിവയ്ക്കാനും
മന്നിലിത്രമേല്‍ത്താണുനിന്നാലും
പുല്ലിനല്ലാതെയാര്‍ക്കു സാധിക്കും?
------------------------------------------

Thursday, May 26, 2016

ഇട്ടൂലി / സുരേഷ് മുണ്ടക്കയം


കുഴിയാനകളുടെ
ഘോഷയാത്രവരുന്നിടത്താണ്
ഞാന്‍ അച്ഛനും
നീ അമ്മയും
ആയിരുന്നത്
മണ്ണപ്പം ചുട്ട്
നമുക്ക് പിറക്കാത്ത മക്കളെ
ഊട്ടിയത്
കഞ്ഞിയിലും കറിയിലും
കൈകള്‍ കിടന്ന് കുഴഞ്ഞത്
ഓലക്കാലില്‍ വാച്ചും കണ്ണടയും
പീപ്പിയും പന്തും കാറ്റാടിയും
ഉണ്ടാക്കിയത്
കുഴിയാനക്കിണറുകള്‍ക്കരികെയാണ്
രാശിക്കുഴി കുത്തി നാം ഗോലി കളിച്ചത്
ഓരോ കളിയിലും തോറ്റവന്‍െറ
ഭൂപടം വരച്ചത്
കുഴിയാനക്കാടുകള്‍ക്കരികിലാണ്
സേഫ്റ്റിപിന്‍ കൊണ്ട് നാം ഇട്ടൂലി കളിച്ചത്
സേഫ്റ്റിപിന്‍ തേടിയലഞ്ഞെന്നെ
ചൂടും തണുപ്പും മാറ്റിപ്പറഞ്ഞ്
നീ പറ്റിച്ചത്
കുഴിയാന കുത്തിമറിച്ചിട്ട മണ്‍കൂനയിലെവിടെയൊ ആണ്
ഇട്ടൂലി കാണാതായത്.
അവിടെവിടെയോ വെച്ചാണ് നാം പരസ്പരം കാണതായതും ..

................................................................
*ഇട്ടൂലി
കോട്ടയം ജില്ലയില്‍ കുട്ടികള്‍ കളിക്കുന്നൊരു കളിയാണിത്. കുറേ കുട്ടികള്‍ കണ്ണടച്ച് പുറം തിരിഞ്ഞ് നില്‍ക്കും. ഒരു കുട്ടി സേഫ്റ്റിപിന്‍ വലിച്ചെറിയും. അത് മറ്റുള്ളവര്‍ കണ്ട് പിടിക്കണം. സേഫ്റ്റിപിന്നിന്‍െറ അടുത്ത ാണ് എത്തുന്നതെങ്കില്‍ ചൂട് എന്നും അകലെയാണ് നില്‍ക്കുന്നതെങ്കില്‍ തണുപ്പെന്നും സേഫ്റ്റിപിന്‍ എറിഞ്ഞകുട്ടി പറയും. അത് അനുസരിച്ച് അന്വേഷിച്ച് കണ്ടെത്തണം സേഫ്റ്റിപിന്‍.

Sunday, May 22, 2016

ചില തോന്നലുകള്‍ / കെ .സലീന


ഒരു കാറ്റായ്
പുനര്‍ജനിക്കണമെനിക്ക്...
വെയില്‍ പെയ്യുന്ന
നട്ടുച്ചകളില്‍
നേര്‍ത്ത ശീതക്കാറ്റായ്
നിന്റെ വഴികളില്‍
ചൂളം കുത്തിയലയണം..
കാറ്റു വീശാത്ത
മൂവന്തികളില്‍
എന്നെ വരവേല്‍ക്കാനായ്
നീ മിഴി പാര്‍ത്തിരിക്കവേ
വഴി മാറി വീശി
കൊഞ്ഞനംകുത്തണം
വരണ്ട പൊടിക്കാറ്റായ്
നിന്നിലേക്ക് നൂണുകയറി
അടുക്കിയിട്ട ഓര്‍മ്മകള്‍
വീശിയെറിയണം
തണുതണുത്തൊരു
രാക്കാറ്റായ്
നിന്റെ അടഞ്ഞ
ജാലകത്തിനപ്പുറം
ഹതാശയായ് ചുറ്റിത്തിരയണം
പാരിജാതപ്പൂക്കളുടെ
മദഗന്ധത്താലുന്മത്തയായ്
നിന്റെ തൃഷ്ണകളില്‍
അലിഞ്ഞ് ചേരണം
കൊടുങ്കാറ്റിന്റെ
ആരവമുതിര്‍ത്ത്
ഊക്കോടെ പാഞ്ഞുവന്ന്
നിന്നെയും കൊണ്ടെനിക്ക്
ധാര്‍ഷ്ട്യത്തോടെ പറക്കണം...
------------------------------

Saturday, May 21, 2016

കിണറുകൾ / ആര്‍.സംഗീത


നദിയുടെ ഉന്മാദങ്ങള്‍
ആഴങ്ങളില്‍ ഒളിപ്പിച്ച
ഒരു കുഞ്ഞു ഉറവയെ
ഭൂമിയുടെ
പൊക്കിള്ക്കൊടി വിടുവിച്ചു
ആരാണ് കിണര്‍ എന്ന്
പേരിട്ടുവിളിച്ചത്..?
കല്ല്‌കെട്ടിയ വീട്ടില്‍
അടക്കി ഒതുക്കി
വളര്ത്താന്‍ തുടങ്ങിയത്..?
മുകളിലെ ചെറിയവട്ടമാണ്
ആകാശമെന്നു
തെറ്റിദ്ധരിപ്പിച്ചത്‌..?
പാറിവീഴുന്ന
നിഴലുകളാണ്
പക്ഷികളെന്നു
പറഞ്ഞുകൊടുത്തത്..?
മഴക്കാലത്ത് നിറയാനും
വേനലില്‍ വറ്റാനും
ശീലിപ്പിച്ചത്..?
കോരിയെടുക്കുന്നതിനു
അനുസരിച്ച്
താനേ നിറയേണ്ടതാണെന്ന്
അറിയിച്ചത്..?.
പായലുകളുടെ
തീണ്ടാരിപച്ചകളെ
തേവി ശുദ്ധയാവാന്‍
പഠിപ്പിച്ചത്..?
ചിലപ്പോഴെങ്കിലും...........
കപ്പിയും കയറും
തമ്മില്‍ ഉരയുന്ന
മിനുസമില്ലാത്ത
ശബ്ദങ്ങളിലെയ്ക്ക്
ചിട്ടപ്പെടുത്തിയ ജീവിതം
വെറുതെ കൊതിച്ചുപോവുന്നുണ്ട്
ഒന്ന് നിറഞ്ഞുകവിയാന്‍.... !!

----------------------------------

Thursday, May 19, 2016

പര്യായപദങ്ങൾ / അനിൽ കുറ്റിച്ചിറ


ദൈവത്തെപ്പറ്റി
പറയുമ്പോഴൊക്കെ
സിസ്റ്റർകാർമ്മലിനെ
ഓർമ്മവരും
കുരിശുവര പഠിപ്പിച്ച്
കഠിനാക്ഷരങ്ങളുടെ
കയറ്റിറക്കങ്ങളിൽ
കൈ പിടിച്ചതവരാണ്

ദൈവത്തെക്കുറിച്ച്
എഴുതുമ്പോഴൊക്കെ
സോമസുന്ദരൻ മാഷ്
തെളിഞ്ഞുവരും
നീ ചരിത്രം മെനയേണ്ട
എന്ന് കിഴുക്കി ,എട്ടിൽ
 സാമൂഹ്യപാഠത്തിനു
തോൽപ്പിച്ച്
വഴി തിരിച്ചു വിട്ടത്
അദേദഹമാണ്

ദൈവത്തെ
കാത്തിരിക്കുമ്പോഴൊക്കെ
സുനി എന്നു പേരുള്ള
ചങ്ങാതിയെ ഓർക്കും
ജീവിതം പാഴവേലയെന്ന്
മരണത്തിൻ നരച്ച കാർഡിൽ
എഴുതി നീട്ടി മാഞ്ഞു-
 പോയതവനാണ്

ദൈവം പ്രത്യക്ഷപ്പെടും
എന്നുതോന്നുമ്പോഴേക്കും
ഏട്ടനാവും  എത്തുക
ഒരു പൂള് മാമ്പഴത്തിൻ
മധുരത്തിനെന്നോ
തറവാടിൻ
ചവർപ്പിനെന്നൊ
അറിയില്ല
എന്റെ  ഒരേ ഒരു പ്രണയം
പറിച്ചു കളഞ്ഞയാളാണ്

ദൈവം മാഞ്ഞു-
പോവുമ്പോഴൊക്കെ
എന്റെ മക്കളുടെ
അമ്മയെ ഓർത്തെടുക്കും
കൂട്ടു ജീവിതത്തിൻ
ഉപ്പുഭരണിയിൽ
എനിക്കൊപ്പം അഴുകുന്നത്
അവളാണ് 

എന്നെങ്കിലുമൊരിക്കൽ
ദൈവത്തിനു പേരിടാൻ
ഉത്തരവ് കിട്ടിയാൽ
ഞാൻ
ജാനകിയെന്നുവിളിക്കും

അക്ഷരം വിശപ്പു മായ്ക്കും
എന്ന കേട്ടുകേഴ് വി 
മുലപ്പാലിനൊപ്പം ഊട്ടിയ
എന്റെ നിരക്ഷരയുടെ
പേര് 
-----------------------

Tuesday, May 17, 2016

രണ്ടു കാശിയാത്രക്കാർ ! / കണിമോള്‍ .


വാതിലി,ലൂഴം കാത്തു
നാമിരിക്കയാണിപ്പോൾ
കൂടെയുണ്ടനേകം പേർ
മുഖമില്ലവർക്കൊന്നും

കാത്തിരിപ്പിലും മടു-
പ്പില്ല കൈകളിൽ നമ്മ-
ളാറ്റുനോറ്റുണ്ടായൊരീ
യാന്ത്രികനിരിപ്പല്ലോ.
കണ്ണുകളിതിൽ കോർത്തു
കയറാൽ ബന്ധിക്കുന്നു,
ചുണ്ടുകളതിൻ പൂത-
നാമൃതം ചുരണ്ടുന്നു.
വിശപ്പും ദാഹങ്ങളു
മില്ലാതൃപ്തരായിതിൽ
നുരയ്ക്കും പുഴുക്കളെ
നാമുരുക്കഴിക്കുന്നു
വാതിലിൽ വന്നിട്ടാരോ
നിന്റെ പേർ തിരക്കുന്നു
ദൂരെ നിന്നാരാനപ്പോ-
ളെന്നെയും വിളിക്കുന്നു
ഇനിയും തമ്മിൽ, നമ്മ
ളാരെന്നു പറഞ്ഞീല
(പിരിയും മുമ്പേ വെറും
കുശലം തിരക്കീ ഞാൻ )
തമ്മി,ലൊക്കെയും പങ്കു
വെച്ചവരെങ്കിൽ ക്കൂടി
എന്തു നമ്മുടെ പേരെ-
ന്നിനിയും പറഞ്ഞീല
അടയാൻ തുടങ്ങുന്നു
വാതിലും, അതിൻമുമ്പ്‌
പറയാനാവുന്നീലേ
നിന്റെയൂ,രാളും, പേരും
പേരിനും പിന്നിൽപ്പടർ
ന്നൊഴുകും ദേശത്തിന്റെ
വേരുകളേതോ കടൽ
ക്കരയിൽ മുറിഞ്ഞതും,
പാഴിലമൂടിപ്പോയ
കണ്ടിലൂടിഴഞ്ഞെത്തി
പാമ്പുകൾ തലച്ചോറിൻ
സെൽഫിയിൽത്തെളിഞ്ഞതും,
പേരിലെന്തിരിക്കുന്നു,
പറയും പത്തായവും
പോലെ നാം അന്യാധീന-
പ്പെട്ട വാക്കുകൾ മാത്രം.
---------------------------

Thursday, May 12, 2016

ചില പ്രണയങ്ങള്‍ / സച്ചിദാനന്ദന്‍


ചില പ്രണയങ്ങള്‍
പടര്‍പ്പനി പോലെയാണ്
ആദ്യമൊരു തുമ്മല്‍
പിന്നെ ഉടലാകെ വേദന
പുറവും അകവും പൊള്ളുന്ന ചൂട്
ദുസ്വപ്നങ്ങളുടെ ഒരാഴ്ചയ്ക്കുശേഷം
അതു ശമിക്കുന്നു.
നാമിപ്പോള്‍ മറവിയുടെ സ്വാസ്ഥ്യത്തിലാണ്.


ചില പ്രണയങ്ങള്‍
വസൂരി പോലെയാണ്.
പൊട്ടുന്നത് കുളിരോ കുരുവോ
എന്നറിയാതെ നാം പരിഭ്രമിക്കുന്നു
പ്രണയതാപത്തില്‍ ശരീരം
ചുട്ടു പഴുത്തു ചുവക്കുന്നു.
നാം അതിജീവിച്ചേക്കാം
പക്ഷെ പാടുകള്‍ ബാക്കിയാവുന്നു
ആയുസ്സു മുഴുവന്‍ ആ ഓര്‍മ്മകള്‍
നാം ഉടലില്‍ പേറുന്നു.

ചില പ്രണയങ്ങള്‍
അര്‍ബ്ബുദം പോലെയാണ്
ആദ്യം നാം അതറിയുന്നേയില്ല
വേദന തുടങ്ങുമ്പോഴേയ്ക്കും
സമയം വൈകിയിരിക്കും,
അവള്‍ മറ്റൊരാളുടെതായിരിക്കും
വൃഥാ പെരുകിയ ആ പ്രണയകോശത്തിനുള്ള
മരുന്നുകള്‍ നമ്മെ കൃശമദനന്മാരാക്കും
അവഗണന ഫലിക്കാതാകുമ്പോള്‍
കത്തി വേണ്ടി വരും
പിന്നെ ഒരവയവം നഷ്ടപ്പെട്ടവരെപ്പോലെ
നാം മരിച്ചു ജീവിക്കുന്നു
പിന്നെയും അത് പടരുമ്പോള്‍
ഒരു മരക്കൊമ്പിലോ പുഴയിലോ
കിളരമേറിയ മട്ടുപ്പാവിലോ
ഒരു കൊച്ചു കുപ്പിയ്ക്കുള്ളിലോ നിന്ന്
കൃപാലുവായ മരണം നമ്മെ പ്രലോഭിപ്പിക്കുന്നു
പ്രണയം നമ്മെ അതിജീവിക്കുന്നു.

ചില പ്രണയങ്ങള്‍
ഭ്രാന്തു പോലെയാണ്.
നാം മുഴുവനായും ഭാവനയുടെ ലോകത്താണ്
മറ്റെയാള്‍ അതറിയുന്നു പോലുമില്ല
നാം പിറുപിറുക്കുന്നു, പാടുന്നു,
ഒറ്റയ്ക്കു ചിരിക്കുന്നു, കലഹിക്കുന്നു,
അലഞ്ഞു തിരിയുന്നു
ചങ്ങലകള്‍ക്കും വൈദ്യുതാഘാതങ്ങള്‍ക്കും
അതിനെ മെരുക്കാനാവില്ല
കാരണം, അതൊരു രോഗമേയല്ല,
ഒരു സ്വപ്നാവസ്ഥയാണ്
അതിനാല്‍ അത് നക്ഷത്രങ്ങള്‍ക്കിടയിലാണ്.

ഒരിക്കലും സാക്ഷാത്കരിക്കാനിടയില്ലാത്ത
പ്രണയമാണ് ഏറ്റവും മനോഹരമായ പ്രണയം,
അത് അവസാനിക്കുന്നേയില്ല,
രാധയുടേതു പോലെ.
-------------------------------------------------

Tuesday, May 10, 2016

ചിതലനക്കങ്ങൾ / രാജേഷ് ചിത്തിര


കാത്തു നിൽക്കുകയാണ്‌ ഒരാളെ
പങ്കു വെയ്ക്കുന്നുണ്ട്
അയാളെയും അവനവനെയും
കുറിച്ചല്ലാത്തതെല്ലാം
ഞങ്ങൾ കാത്തിരിപ്പിന്റെ കാവൽക്കാർ

പരസ്പരം നഷ്ടപ്പെടുത്താതിരിക്കാൻ
കോർത്തിട്ടുണ്ട് ചില വിരലുകൾ
പരസ്പരം ചേർത്ത് വിടവുകൾ
അകറ്റുന്നുണ്ട് ചില ശരീരങ്ങൾ.
കൂട്ടുമാറലിന്റെ കൂകിപ്പായലുകൾ
ഓർത്തെടുക്കുന്നുണ്ട് ചിലരിടയ്ക്ക്.
കാത്തു നിൽക്കുകയാണ്‌ ഒരാളെ
അപരിചിതത്വത്തിന്റെ ചില ചെടികൾ
ചിരിയുടെ ഒരിതൾ നിവർത്തി മടക്കുന്നുണ്ട്.
കൂട്ടം തെറ്റിയപോൽ ഉള്ളിലേക്കൂളിയിട്ട്
നീന്തിത്തളർന്ന മത്സ്യങ്ങളായി
ചെകിളകളിളക്കുന്നുണ്ട് ചിലരങ്ങനെ.
കാത്തുനിൽപ്പ് ഒരു കടലാണെന്ന്
നീന്തലറിഞ്ഞവർ തുഴഞ്ഞു തളർന്നെന്ന്,
അറിയാതെ പോയവർ ആറിത്തണുത്തെന്ന്,
അയാൾക്കു പിന്നാലെ എറുമ്പുകളായി
വരിവെച്ച് അടിവെച്ച് ഉള്ളിലേക്ക് കയറിയവർ
പന്നിക്കൂട്ടങ്ങളെ ഓർമ്മിപ്പിച്ച്
അയാളെ മറന്ന് ചിതറുന്നുണ്ട് ഉള്ളിൽ
ഉപേക്ഷിക്കപ്പെട്ട ഒരാളെന്ന പോലെ
ഉള്ളിൽ സ്വയം ബാക്കിയാവുന്നുണ്ട്
തനിച്ചാവുന്ന തിരക്കു നേരങ്ങളിൽ
കാത്ത് ഇരിക്കുകയാണ്‌ അയാളെ
വെറ്റില അടയ്ക്കകൾ പോലെ
അയാളെയും തങ്ങളെയും കുറിച്ച്
വാക്കുകൾ ചവച്ചു തുപ്പുന്നുണ്ട്
മടുപ്പ് എന്ന അഗർബത്തി മണം
കാത്തിരിപ്പിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്.
വ്യഥയുടെ കരിയില കിലുക്കങ്ങൾ
ഓരോരുത്തരായി അയാൾക്കരികിലേക്ക്
ഭാരക്കുറവിന്റെ തിരിച്ചു വരവിൽ
വരിയും നിരയും തെറ്റിയ ചിതൽപ്പുറ്റുകൾ
അടർന്നു വീഴുന്നുണ്ട് ചിലർ
എല്ലാത്തിന്റെയും അവസാനമെന്ന
ബിംബകൽപ്പന പോലെ അയാളുടെ മുറി.
മൗനത്തിന്റെ നീണ്ടയാത്ര കഴിഞ്ഞ്
തിരികെയെത്തിയ ചിതലനക്കങ്ങൾ
പുറത്തേക്കു ഞങ്ങൾ.
--------------------------------------------

മേൽപ്പോട്ടൊഴുകിയ പുഴ /കളത്തറ ഗോപന്‍


മടുത്തു ഇനി വയ്യ,
എത്രകാലമിങ്ങനെ ശുദ്ധത നടിക്കും.
പുഴ ഉറവയിലൂടെ
തിരിച്ചു പോകാൻ ആഗ്രഹിച്ചു.
പക്ഷേ എങ്ങനെ പോകും.
മീനുകളില്ലാതെ
ഭൂമിയെല്ലാം അരിച്ചരിച്ച്‌
ഏറ്റവും ശുദ്ധമായ്‌ മാത്രമേ
സ്വീകരിക്കൂ.

പുഴയിലെ വെള്ളം
ഓരോ രാത്രിയിലും
ആരുടെയും ശ്രദ്ധയിൽ പെടാതെ
അൽപ്പാൽപ്പമായ്‌
കുറഞ്ഞു വന്നു.
ഉറവയുടെ മുഖത്തുവച്ച്‌
മീനുകൾ തടയപ്പെട്ടു,
മറ്റു മാലിന്യങ്ങളും.
പണ്ടു കാണാതായ
കുട്ടിയുടേതടക്കം പലരുടെയും
അസ്ഥികൂടങ്ങളും.
ഇപ്പോൾ പുഴയൊഴുകിയിരുന്ന
സ്ഥലത്ത്‌ കുട്ടികൾ
ക്രിക്കറ്റ്‌ കളിക്കുന്നു.
അത്ഭുതമെന്തെന്നോ!
ഉറവയുള്ള ഭാഗത്ത്‌
ഭയങ്കര പച്ചപ്പ്‌, കാറ്റടിച്ചാൽ
ഷവറിൽ നിന്നെന്ന പോലെ വെള്ളം.
പുല്ലിന്റെ തണ്ടൊടിച്ചാൽ
പൈപ്പിന്റെ ടാപ്പിൽ
നിന്നെന്നപോലെ വെള്ളം.
എല്ലാ മരങ്ങളിലും
ഇളതും മുറ്റിപ്പഴുത്തതുമായ
കായ്‌ കനികൾ.
എല്ലാത്തിനും മഴത്തുള്ളിയുടെ രൂപം;
വിത്തിനു മീനുകളുടെയും.
-----------------------------------------

Monday, May 9, 2016

മറവി / ഡോ.വെണ്മതി ശ്യാമളൻ


മറവിതൻ മാറാല മറയായ്‌ നിറഞ്ഞെങ്കിൽ
അറിവില്ല,അറിയില്ല,അഴലുമില്ല
അവടെയെൻ പ്രിയയില്ല,പ്രിയരില്ല,പ്രിയമില്ല
പ്രിയരാഗമുണരും പൊൻ വീണയില്ല.

മഴവില്ലിനഴകില്ല,മധുവില്ല, മണമില്ല
മിഴിവില്ല,കദനക്കടലുമില്ല
പുഴയില്ല,പൂവില്ല,പുഞ്ചിരിക്കുളിരില്ല
പഴമ്പാട്ടിശലില്ല,പുള്ളോർക്കുടവുമില്ല.
പിടയുന്നൊരകതാരിനടിവേരു മുറിയില്ല
വിടരില്ല പുതുപൂക്കൾ, പുളകമില്ല
ഓളങ്ങളുണരില്ല,ഒളിമിന്നൽ തെളിയില്ല
കളിയില്ല, കളിയോടത്തുടിയുമില്ല.
അടരില്ല,ആശാകിരണങ്ങൾ വിടരില്ല
കിടയറ്റ കിടമത്സരങ്ങളില്ല
അന്തിമേഘങ്ങളിൽ ചെന്നിറം ചാർത്തില്ല
ചന്ദനക്കുളിരില്ല; സാന്ധ്യരാഗം!
ഇഷ്ടങ്ങളൊട്ടുമില്ല,അനിഷ്ടങ്ങളില്ലില്ല
കഷ്ടവും നഷ്ടവുമൊട്ടുമില്ല
നിർവ്വികാരത്തിൻ നിതാന്ത ഘോഷം പിന്നെ
ഉർവ്വിയിൽ ഊഷരം ശിഷ്ടജന്മം.
-------------------------------------------------

Sunday, May 8, 2016

കുറ്റസമ്മതം / നന്ദിത

മാവിന്‍ കൊമ്പിലിരുന്ന് കുയിലുകള്‍ പാടുന്നു
നിറഞ്ഞൊഴുകുന്ന സംഗീതം.
വൈകിയറിഞ്ഞു; സ്വരമിടറാതെ
അവള്‍ കരയുകയായിരുന്നു.
തുമ്പികള്‍ മുറ്റത്ത് ചിറകടിച്ചാര്‍ത്തപ്പോള്‍
സ്‌നേഹിക്കയാണെന്ന് ഞാന്‍ കരുതി
അവ മത്സരിക്കയാണെന്ന്
നിന്റെ മൌനം എന്നോട് പറഞ്ഞു.
കാറ്റ് പൂക്കളോട് പറഞ്ഞു;
വെറുതെ അതുമിതും പറഞ്ഞിരിക്കാം
നാലുമണിപ്പൂക്കളും നന്ത്യാര്‍വട്ടങ്ങളും
സ്‌നേഹം ചിരിയിലൊതുക്കുന്നു.
ആ പുഞ്ചിരിയില്‍ വേദനയാണെന്നോ?
ശൂന്യത സത്യമാണെന്നോ?
അരുത് എന്നെ വെറുതെ വിടൂ
എന്നെ ഉറങ്ങാനനുവദിക്കൂ.
സ്വപ്നങ്ങളിലെന്റെ അമ്മയുണ്ട്
കണ്ണുകള്‍ കൊണ്ടെന്നെ മുറിപ്പെടുത്താതെ,
നിഷേധത്തിനിനി അര്‍ത്ഥമില്ല;
ഞാന്‍ സമ്മതിക്കുന്നു
എനിക്ക് തെറ്റുപറ്റി.
-------------------------------------------------

Saturday, May 7, 2016

രണ്ടു പേർ ലോകമുണ്ടാക്കിക്കളിക്കുന്ന പതിനൊന്നരമണി / കുഴൂർ വിൽസണ്‍


ഒറ്റയ്ക്കായാൽ
അമ്മിണിയും
ഞാനും
മറ്റൊരു
ലോകമുണ്ടാക്കി
കളിക്കും

കടൽക്കരയിൽ
ചില
മുതിർന്ന
ആളുകൾ
കുട്ടികളുമായ്
മണ്ണ് കൊണ്ട്
താമസിക്കനല്ലാത്ത
വീടുകളുണ്ടാക്കും
പോലെ

അപ്പോൾ

വഴിക്ക്
ഒരു
കാറ്റ്
പോലും
വന്നാൽ
എനിക്ക്
ദേഷ്യം
വരും
പൂച്ചയെങ്ങാൻ
വന്നാ
അവളുടെ
നിറം
മാറും

ഒറ്റയ്ക്ക്
ഒറ്റയ്ക്കുള്ള
ഓർമ്മകളോ
നെടുവീർപ്പുകളോ
അതിന്റെ
പാടുകളോ
മുഖത്ത്
തെളിഞ്ഞാൽ
ഉമ്മകൾ
വയ്ച്ച്
മായ്ക്കും

കളിച്ച്
കളിച്ച്
ഞങ്ങൾ
വഴക്കാവും

എത്ര
ഉച്ചത്തിൽ
ചിരിച്ചുവോ
അതിനേക്കാൾ
ഉച്ചത്തിൽ
അമ്മിണി
കരയും
അതിനേക്കാൾ
ഉച്ചത്തിൽ
ഞാൻ
മിണ്ടാതിരിക്കും

അമ്മിണീ
അമ്മിണിയെന്ന്
മിടിക്കുന്ന
നെഞ്ചിൽ
ഞാനവളെ
ചേർത്ത്
കിടത്തും

ഉറക്കം
നടിക്കുന്ന
അവളെ
നീ പോടീ
പൂച്ചേയെന്ന്
ഞാൻ
വിളിക്കും
പൂച്ചേയുടെ
പുല്ലിംഗം
പൂച്ചായാണെന്ന
മട്ടിൽ
അവളെന്നെ
നീ പോടാ
പൂച്ചായെന്ന്
വിളിക്കും

നീ പോടി
പൂച്ചമ്മേയെന്ന്
ഞാൻ
നീ പോടാ
പോച്ചമ്പായെന്നമ്മിണി
നീ പോടി
കോച്ചമ്പിയെന്ന്
നീ പോടാ
കോച്ചമ്പ്രയെന്ന്
നീ പോടി
പോച്ചമ്പ്രയെന്ന്
നീ പോടാ
സോച്ചമ്പ്രയെന്ന്

നീ പോടി
സോറമ്പീ
നീ പോടാ
സോറമ്പാ
നീ പോടി
സൂറമ്പി
നീ പോടാ
കൂറമ്പാ
നീ പോടി
കൂറമ്പി
നീ പോടാ
...

വാക്കുകൾ
കിട്ടാതായാൽ
അവൾ
പ്ലേറ്റു
മാറ്റും
നീ പോടാ
സ്ലേറ്റേയെന്നാക്കും

നീ പോടി
ബാഗേ
നീ പോടാ
മരമേ
നീ പോടി
പെൻസിലേ
നീ പോടാ
പേനേ
നീ പോടി
ഉറുമ്പേ
നീ പോടാ
കൊതുകേ
നീ പോടി
തീപ്പെട്ടീ
നീ പോടാ
വയ്ക്കോലെ
നീ പോടി
ബുക്കേ
നീ പോടാ
കട്ടിലേ
നീ പോടി
കസേരേ
നീ പോടാ
ജനലേ
നീ പോടി
വാതിലേ
നീ പോടാ
മൊബൈലേ
നീ പോടി
ബട്ടൺസേ
നീ പോടാ
കമ്പ്യൂട്ടറേ
നീ പോടീ
ട്രൗസറേ
നീ പോടാ
ഷർട്ടേ
നീ പോടി
ആകാശമേ
നീ പോടാ
പട്ടിക്കുട്ടാ
നീ പോടി
നക്ഷത്രമേ
നീ പോടാ
കിണറേ
നീ പോടി
പെണ്ണേ
നീ പോടാ
ചെക്കാ
നീ പോടി
കലണ്ടറേ
നീ പോടാ
ഫാനേ
നീ പോടി
പാവക്കുട്ടി
നീ പോടാ
ചൂലേ
നീ പോടി
ടിഫിൻ ബോക്സേ
നീ പോടാ
കവിതേ
നീ പോടി
അന്നക്കുട്ടി
നീ പോടാ
അപ്പക്കുട്ടാ
നീ പോടി
അമ്മിക്കള്ളി
നീ പോടാ
അപ്പക്കള്ളാ

തോൽക്കാനൊരുങ്ങുമ്പോൾ
ഞാൻ
തുറുപ്പെടുക്കും

നീ പോടീ
ആഗ്നസ് അന്നേ

മുഖമൊന്ന്
മാറ്റി
ഇത്തിരി ശങ്കിച്ച്
അവൾ
വിളിക്കും

നീ പോടാ
കുഴൂരു വിത്സാ

സഹിക്കാൻ
പറ്റാത്ത
ഒരു
തരം
മൗനം
അപ്പോൾ
അവിടെ
പടരും

അമ്മിണി
കൊച്ചുടിവിയിലേക്ക്
മടങ്ങുമ്പോൾ
ഞാൻ
ബാത്ത് റൂമിൽ
കയറി
കതകടച്ച്
സിഗരറ്റ്
വലിക്കും

അപ്പോൾ
ജീവിക്കാൻ
പറ്റാത്ത
ഒരു
തരം
വേറെ
കളി
അവിടെയൊക്കെ
തളം
കെട്ടി
നിൽക്കും.
---------

ഗോപികാദണ്ഡകം / അയ്യപ്പപ്പണിക്കര്‍


അറിയുന്നു ഗോപികേ നിന്നെ ഞാനെന്റെയീ
വരളുന്ന ചുണ്ടിലെ നനവാര്‍ന്നൊരോര്‍മ്മതന്‍
മധുവായ് മധുരമായ് അറിയുന്നു നിന്നെ ഞാന്‍ .
ഗോപികേ നിന്റെയീ ചിരകാല വിരഹത്തില്‍
ഒരുനാളിലുറയുന്ന കനിവായ് കാവ്യമായ്
അറിയുന്നു ഗോപികേ നിന്നെ ഞാന്‍ .


നിന്നെ ഞാന്‍ തിരയുന്നു തിരകോതി നിറയുന്ന
കാളിന്ദിയുണരുന്ന പുതുമോഹ യാമങ്ങളില്‍
ഗോക്കളലയുന്ന വൃന്ദാവനത്തിന്റെ വൃക്ഷത്തണല്‍പറ്റി
യെന്തോ കളഞ്ഞത് തേടുന്ന കാറ്റായ്
കാറ്റിലെ നവപുഷ്പ രാഗാര്‍ദ്ര സുസ്മേരമായെന്റെ
ഗതകാല വിസ്മൃതി തിരമാലചാര്‍ത്തുന്നൊര-
ഴലായഴല്‍ ചേര്‍ന്നൊരാഴകായി നിന്നെ ഞാന്‍
അറിയുന്നു ഗോപികേ..


വിജനത്തിലേകാന്ത ഭവനത്തിലൊറ്റയ്ക്ക്
തഴുതിട്ട കതകിന്റെ പിറകില്‍ തളര്‍ന്നിരു
ന്നിടറുന്ന മിഴികളാല്‍ സ്വന്തം മനസ്സിനെ
മുകരുന്ന ഗോപികേ..
വിരലാല്‍ മനസ്സിന്റെ ഇതളുകള്‍ തടവുമ്പോള്‍
ഇടനെഞ്ചിലിടിവെട്ടും ഏകാന്ത ശോകത്തിന്‍
ഇടയുന്ന കണ്‍പോള നനയുന്ന ഗോപികേ .


ഇടയനെ കാണുവാന്‍ ഓടിക്കിതയ്ക്കാതെ
ഓടക്കുഴല്‍ വിളി കാതോര്‍ത്തു നില്‍ക്കാതെ
എവിടെയാണവിടെനിന്നിവനെ സ്മരിച്ചു-
കൊണ്ടഴലും പരാതിയും കൈമലര്‍ക്കുമ്പിളില്‍
തൂവാതെ നിര്‍ത്തി നുകരുന്ന ഗോപികേ .


തഴുതിട്ട വാതില്‍ തുറന്നാലുമോമല്‍
തളരാതെ കൈയ്യെത്തി നീട്ടിപിടിയ്ക്കൂ
തഴുകൂ തടം തല്ലിയാര്‍ക്കുന്ന യമുനതന്‍
തിരമാല പുല്‍കുന്ന തീരമാമിവനെ നീ തഴുകൂ
തഴുകൂ തണുപ്പിന്റെ ചൂടും ചൂടിന്‍ തണുപ്പും
പകരുന്ന ഹേമന്തമായി പടരൂ
പടരൂ തീനാളമായി പിടയൂ
പിടയുന്ന ചോരക്കുഴലൊത്തൊരോടക്കുഴലായ്
വന്നെന്റെ ചുണ്ടില്‍ തുടിയ്ക്കൂ..
തൊടുക്കൂ തുടം ചേര്‍ന്നൊരോമല്‍പ്പശുവിന്റെ
മുലപോലെ മാര്‍ദ്ദവം വിങ്ങി ചുരത്തൂ
മധുമാസ വധുവിന്റെ സമ്മാനമാകുമീ
വനമാല പങ്കിട്ടെടുക്കൂ
ചിരിയ്ക്കൂ.. ചിരിയ്ക്കൂ മൃദുവായി മിഴിനീരില്‍
ഉലയുന്ന മഴവില്ലുപോല്‍ പുഞ്ചിരിയ്ക്കൂ..


തളകെട്ടി വളയിട്ടു താളം ചവിട്ടി
തളിരൊത്ത പാവാട വട്ടം ചുഴറ്റി
പദപാദ മേളം മയക്കും നികുഞ്ജങ്ങള്‍
അവിടെത്ര ഗോപിമാര്‍ അവിടെ നീ പോകേണ്ട
അവിടെ നീ പോകേണ്ടതവരുടെ മാര്‍ഗ്ഗമെന്നറിയൂ
നിനക്കു നിന്‍ മാര്‍ഗ്ഗം വിഭിന്നമാണതു

ഞാനെന്നറിഞ്ഞെന്നറിയൂ .

ഗോപികേ വീണ്ടുമിന്നറിയുന്നു ഞാന്‍
നിന്റെ പരിദേവനം നിറയാതെ നിറയുന്ന
കാടുമമ്പാടിയും ജലമെങ്ങുതിരയുന്ന പുല്ലും ,
പുല്ലെങ്ങു തിരയുന്ന പശുവും ,
പശുവെങ്ങ് തിരയുന്നൊരിടയക്കിടാങ്ങളും
വനരാജി പതയുന്ന നറുവെണ്‍നിലാവും
രസരാസ കേളിയും , മഴവന്ന കാലത്ത്
മലയേന്തി നില്‍ക്കുന്ന നിലയും ,
മദകാളിയന്‍ വിഷം ചീറ്റുന്ന പത്തികളില്‍
അലിവോടെ കേറിയടവറുപത്തിനാലും
കൊരുക്കുന്ന കാലുകളും
ഉടയാട കിട്ടുവാന്‍ കൈകൂപ്പി നില്‍ക്കുന്ന സഖികളും
ശൂന്യമായ് ഒരു തേങ്ങലായ്
നിഴല്‍ വീശും കടമ്പിന്റെ മുരടിച്ച കൊമ്പും ,
ഇന്നവയോര്‍മ്മമാത്രമെന്നറിയുന്നു ഞാന്‍
ഇനി പിരിയേണ്ട കാലത്തു പിരിയുന്നതും-
വേണ്ടതറിയുന്നു ഗോപികേ...
അറിയുന്നു ഗോപികേ.

----------------------------------------------------

കൃഷ്ണാ നീയെന്നെ അറിയില്ല / സുഗതകുമാരി


ഇവിടെയമ്പാടിതന്‍ ഒരു കോണിലരിയ
മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ , നീയെന്നെയറിയില്ല
ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ
മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല.
ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന
കാൽത്തളകള്‍ കളശിജ്ഞിതം പെയ്കെ
അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍
അനുരാഗമഞ്ജനം ചാര്‍ത്തി
ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍
തിരുമുന്‍പില്‍ ഒരു നാളുമെത്തിയിട്ടില്ല
കൃഷ്ണാ,നീയെന്നെയറിയില്ല.

ചപലകാളിന്ദി തന്‍ കുളിരലകളില്‍
പാതി മുഴുകി നാണിച്ചു മിഴി കൂമ്പി
വിറ പൂണ്ട കൈ നീട്ടി നിന്നോട്
ഞാനെന്‍റെ ഉടയാട വാങ്ങിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല.

കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍
നീ ഓടക്കുഴല്‍ വിളിക്കുമ്പോള്‍
അണിയല്‍ മുഴുമിക്കാതെ
പൊങ്ങിത്തിളച്ചു പാല്‍
ഒഴുകി മറിയുന്നതോര്‍ക്കാതെ
വിടുവേല തീര്‍ക്കാതെ
ഉടുചേല കിഴിവതും
മുടിയഴിവതും കണ്ടിടാതെ
കരയുന്ന പൈതലേ പുരികം ചുളിക്കുന്ന
കണവനെ കണ്ണിലറിയാതെ
എല്ലാം മറന്നോടിയെത്തിയിട്ടില്ല
ഞാന്‍ വല്ലവികളൊത്തു നിന്‍ ചാരേ
കൃഷ്ണാ , നീയെന്നെയറിയില്ല.

അവരുടെ ചിലമ്പൊച്ചയകലെ
മാഞ്ഞീടവേ മിഴി താഴ്ത്തി
ഞാന്‍ തിരികെ വന്നു
എന്‍റെ ചെറു കുടിലില്‍ നൂറായിരം പണികളില്‍
എന്‍റെ ജന്മം ഞാന്‍ തളച്ചു
കൃഷ്ണാ നീയെന്നെയറിയില്ല.

നീ നീല ചന്ദ്രനായ്‌ നടുവില്‍ നില്‍ക്കെ
ചുറ്റുമാലോലമാലോലമിളകി ആടിയുലയും
ഗോപസുന്ദരികള്‍തന്‍ ലാസ്യമോടികളുലാവി
ഒഴുകുമ്പോള്‍ കുസൃതി നിറയും
നിന്‍റെ കുഴല്‍ വിളിയുടന്‍
മദദ്രുതതാളമാര്‍ന്നു മുറുകുമ്പോള്‍
കിലുകിലെ ചിരി പൊട്ടിയുണരുന്ന
കാല്‍ത്തളകള്‍ കലഹമൊടിടഞ്ഞു ചിതറുമ്പോള്‍
തുകില്‍ ഞൊറികള്‍ പൊന്‍മെയ്കള്‍
തരിവളയണിക്കൈകള്‍
മഴവില്ലു ചൂഴെ വീശുമ്പോള്‍
അവിടെ ഞാന്‍ മുടിയഴിഞ്ഞണിമലര്‍ക്കുല
പൊഴിഞ്ഞോരുനാളുമാടിയിട്ടില്ല
കൃഷ്ണാ , നീയെന്നെയറിയില്ല.

നടനമാടിത്തളര്‍ന്നംഗങ്ങള്‍
തൂവേര്‍പ്പ് പൊടിയവേ
പൂമരം ചാരിയിളകുന്ന മാറിൽ കിതപ്പോടെ
നിന്‍ മുഖം കൊതിയാര്‍ന്നു നോക്കിയിട്ടില്ല
കൃഷ്ണാ , നീയെന്നെയറിയില്ല.

നിപുണയാം തോഴിവന്നെൻ
പ്രേമദുഃഖങ്ങളവിടുത്തൊടോതിയിട്ടില്ല
തരളവിപിനത്തില്ലതാനികുഞ്ചത്തില്‍
വെണ്മലരുകള്‍ മദിച്ചു വിടരുമ്പോള്‍
അകലെ നിന്‍ കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ചകിതയായ്‌ വാണിട്ടുമില്ല
കൃഷ്ണാ , നീയെന്നെയറിയില്ല.

ഒരു നൂറുനൂറു വനകുസുമങ്ങള്‍
തന്‍ ധവള ലഹരിയൊഴുകും കുളിര്‍നിലാവില്‍
ഒരു നാളുമാ നീല വിരിമാറില്‍
ഞാനെന്‍റെ തല ചായ്ച്ചു നിന്നിട്ടുമില്ലാ
കൃഷ്ണാ ,നീയെന്നെയറിയില്ല.

പോരു വസന്തമായ്‌
പോരു വസന്തമായ്‌
നിന്‍റെ കുഴല്‍ പോരു വസന്തമായ്‌
എന്നെന്റെയന്തരംഗത്തിലല ചേര്‍ക്കേ
ഞാനെന്‍റെ പാഴ്ക്കുടിലടച്ചു
തഴുതിട്ടിരുന്നാനന്ദബാഷ്പം പൊഴിച്ചു
ആരോരുമറിയാതെ നിന്നെയെന്നുള്ളില്‍
വച്ചാത്മാവ് കൂടിയര്‍ച്ചിച്ചു
കൃഷ്ണാ , നീയെന്നെയറിയില്ല.

കരയുന്നു ഗോകുലം മുഴുവനും
കരയുന്നു ഗോകുലം മുഴുവനും
കൃഷ്ണ നീ മഥുരയ്ക്കു പോകുന്നുവത്രെ
പുല്‍ത്തേരുമായ്‌ നിന്നെയാനയിക്കാന്‍
ക്രൂരനക്രൂരനെത്തിയിങ്ങത്രേ
ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍
എന്‍റെ ഉമ്മറത്തിണ്ണയിലിരിക്കെ
രഥചക്രഘോഷം കുളമ്പൊച്ച രഥചക്രഘോഷം
കുളമ്പൊച്ച ഞാനെന്‍റെ മിഴി പൊക്കി നോക്കിടും നേരം
നൃപചിഹ്നമാര്‍ന്ന കൊടിയാടുന്ന തേരില്‍ നീ
നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു
കരയുന്നു കൈ നീട്ടി ഗോപിമാർ
കേണു നിന്‍ പിറകെ കുതിക്കുന്നു
പൈക്കള്‍ തിരുമിഴികള്‍ രണ്ടും
കലങ്ങി ചുവന്നു നീ അവരെ തിരിഞ്ഞു നോക്കുന്നു
ഒരു ശിലാബിംബമായ്‌ മാറി
ഞാന്‍ മിണ്ടാതെ കരയാതനങ്ങാതിരിക്കെ
അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണ
നിന്‍ രഥമെന്റെ കുടിലിനു മുന്നില്‍
ഒരു മാത്ര നില്‍ക്കുന്നു
കണ്ണീര്‍ നിറഞ്ഞൊരാ
മിഴികളെന്‍ നേര്‍ക്കു ചായുന്നു
കരുണയാലാകെ തളര്‍ന്നൊരാ
ദിവ്യമാം സ്മിതമെനിക്കായി നല്‍കുന്നു
കൃഷ്ണാ നീയറിയുമോ എന്നെ
കൃഷ്ണാ നീയറിയുമോ എന്നെ
നീയറിയുമോ എന്നെ!!!
----------------------------------------------------------

Friday, May 6, 2016

കൊല്ലേണ്ടതെങ്ങനെ / സുഗതകുമാരി


കൊല്ലേണ്ടതെങ്ങനെ,
ചിരിച്ച മുഖത്തു നോക്കി
അല്ലിൽ തനിച്ചിവിടെ
അമ്മ തപിച്ചിടുന്നു..
ഇല്ല, ഭയം ,വിഷമം ഒന്നുമിവൾക്ക്
തിങ്കൾത്തെല്ലിനു തുല്യമൊരു
പുഞ്ചിരിയുണ്ടു ചുണ്ടിൽ
പൊട്ടിച്ചിരിച്ചു മിഴിചുറ്റിയുഴന്ന്
കുഞ്ഞിൻ മട്ടിൽ പിളർത്തി-
യധരങ്ങൾ മൊഴിഞ്ഞിടുന്നു
മർത്ത്യന്റെ ഭാഷകളിലൊന്നിലുമല്ല
ഏതോ പക്ഷിക്കിടാവ്
മുറിവേറ്റ് വിളിച്ചിടുമ്പോൾ
അമ്മയ്ക്കു മാത്രം അറിയുന്നൊരു ഭാഷ!
കുഞ്ഞിനെന്തൂ വയസ്സ്
ശിവ! മുപ്പതുമേഴുമായി
തൻമേനി യൗവനസുപൂർണ്ണതയാൽ വിളങ്ങി
കണ്ണിരിലുണ്ട് മങ്ങിയുടഞ്ഞു കാണ്മൂ...
രോഗങ്ങൾ വന്നു
സഖിമാരോടു തുല്യം എന്റെ ദേഹം
പതുക്കെ രിപുവായൊരു ഭാരമായ്
ആകാതെയായ് കഠിനം പണിയൊന്നും
അമ്മ പോകാറുമായ് മകളെ...
തുണയാരു നാളെ..???
ആരൂട്ടും
ആരു കഴുകിച്ചു തുടച്ചുറക്കും
ആരീ മുടിച്ചുരുളുകൾ ചീകി
ഒതുക്കി വയ്ക്കും
ആരീ അഴുക്കുകൾ എടുത്തിടും
എന്നുമെന്റെ ആരോമലിന്നി-
രുളിലാരു കരം പിടിക്കും
കാര്യം വിനാ നിലവിളിച്ചു പിടഞ്ഞിടുമ്പോള്‍
ആരെന്റെ കുഞ്ഞിനെ മുറുക്കെയണച്ചു കൊള്ളും
ആരുണ്ടലിഞ്ഞു മിഴിനീരോടു കാത്തുകൊള്ളാൻ
ആരുണ്ട് ദൈവവുമൊരമ്മയും
ഇന്നീ മണ്ണിൽ
കുഞ്ഞായിരുന്നളവത്ര സുഖം തരുന്നു തന്മക്കൾ
സർവ്വ ദുരിതത്തിനു ഔഷധങ്ങൾ
കുഞ്ഞുങ്ങളെന്നു പറവൂ ബുധർ
കൂരിരുട്ടും കണ്ണീരുമായ് ചിലർ
പിറക്കുവതെന്തു പിന്നെ ....
വന്നെൻ മടിത്തടമിതിൽ
ചിരി പൂണ്ടിരുന്നെൻ
കുഞ്ഞെന്നോടൊന്നും
ഒരു വാക്ക് മൊഴിഞ്ഞതില്ല
പൊന്നുമ്മയൊന്നുമിവള്‍ തന്നതുമില്ല
അമ്മയെന്നെന്നെ എന്റെ മകളൊന്നും വിളിച്ചുമില്ല
പേടിപ്പൂ ഞാൻ ചിറകിനുള്ളിലൊളിച്ചു കാക്കും
ആടൽ കുരുന്നിതൊരുമാത്ര തനിച്ചു നിൽക്കിൽ
ചൂടുള്ള ഘോരനഖരങ്ങൾ കൊതിച്ചു റാഞ്ചും
ഓടാനുമില്ല തടയാനുമിവൾക്ക് ശേഷിയും
കുന്നോളവും വ്യഥ പൊറുത്തിത് സൌഖ്യമെന്തെ-
ന്നിന്നോളവും അമ്മയറിയില്ല
തളർന്ന ജൻമം നിന്നോടു കൂടെ മതിയാക്കും
എനിക്ക് മാപ്പു തന്നീടുമീ
കൃപ മറന്നവര്‍ ഈശ്വരന്മാർ...
കൊല്ലേണ്ടതെങ്ങനെ
ചിരിച്ച മുഖത്തു നോക്കി
അല്ലിൽ തനിച്ചിവിടെ
അമ്മ തപസ്സിരിപ്പൂ....
വല്ലാതെ നോവരുത്...
വേവരുത് ....ഒന്നുമാത്രം
എല്ലാം മറക്കുമൊരു ഉറക്കം
ഇവൾക്ക് എനിക്കും
ഒന്നോർക്കിൽ ഭയമില്ല
തീയിൽ മുഴുകി ചെല്ലുമ്പോൾ അങ്ങേപ്പുറം
നിന്നിടും തെളിവാർന്ന്
കൈയുകൾ വിടർത്തെന്നോമൽ
അന്നാദ്യമായി അമ്മേയെന്നു വിളിക്കും
ആ വിളിയിൽ ഞാൻ മുങ്ങീടവെ
കൺ നിറഞ്ഞ് കുളിരാർന്ന് നിൽക്കും നീയും...
-----------------------------------------------------

Thursday, May 5, 2016

വി/ജനത / ലതീഷ് മോഹൻ


ഒരു വളവിന് ഇരുപുറം നനഞ്ഞു
കിടക്കുന്ന റോഡ്
രാത്രി പത്തുമണിയുടെ വെട്ടത്തില്‍
ആടിയും ഓടിയും കടന്നുപോകുന്ന നിഴലുകള്‍ ഒഴിച്ചാല്‍,
ദൂരെനിന്നു നോക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം
നനഞ്ഞ് ചിറകൊതുക്കി നില്‍ക്കുന്ന
പ്രാവിന്റെ തൂവലില്‍ നിന്നും
തട്ടിത്തട്ടി താഴേക്കിറങ്ങുന്ന
ജലകണിക പോലെ
അതിസാധാരണമായ വിജനത
പെട്ടന്നൊരു കാര്‍
വളവു തിരിഞ്ഞെത്തുന്നതുവരെ
ഡിവൈഡറില്‍ തട്ടി
ഹരേ കൃഷ്ണാ ഹരേ രാമാ
എന്ന് അടിമുടിയുലഞ്ഞ്
പുകപടര്‍ത്തി
ശാന്തമാകുന്നതുവരെ
അതിസാധാരണമായ വിജനത
2
ഇലവീണ തടാകം
ഇക്കിളിപ്പെടുന്നതുപോലെ
പതറുന്ന കാലടികളില്‍
കാറില്‍ നിന്ന് നിരങ്ങിയിറങ്ങിയ
അഞ്ചുപേര്‍
പെട്ടന്നൊരു ജനതയാവും
കാത്തിരിപ്പിന്റെ മുഷിപ്പ്
അവരുടെ ഭാഷയാവും
വെള്ളംതേടിപ്പോയി
പരീക്ഷണങ്ങളില്‍
ശുദ്ധിവരുത്തി
അവര്‍ വളവിലേക്ക് തിരിച്ചുവരും
ഏതോ റോക്ക് ബാന്‍ഡിനെ ഓര്‍മിപ്പിച്ച്
അഞ്ചുകോണില്‍ കുത്തിയിരുന്ന്
രാജ്യമാവും
3
അഞ്ചുപേര്‍ക്കൊരുവള്‍ ആ കാറിനു പുറത്ത്
കിടപ്പുണ്ട് ഇപ്പോഴും
പൂര്‍ത്തിയാവാത്ത
ബലാത്സംഗം അവളിലേക്ക്
ഏതുനിമിഷവും തിരിച്ചുവരും
ദൂരെ നിന്ന് നോക്കുന്ന ഒരാള്‍ക്ക്
അവളെയെളുപ്പത്തില്‍ വിവരിക്കാം
അതിസാധാരണമായ വിജനത എന്ന് .

--------------------------------------------

ഒരു പുഴ സെൽഫി / ജോ നാഥൻ



അനാദിക്കടയിലെ,ഫ്രിഡ്ജിലെ
ഹോമോജനൈസ്ഡ് ചെയ്ത,
പാസ്റ്റൊറൈസ് ചെയ്ത വാട്ടർ
ബോട്ടിലുകൾ പോലെ അവിടവിടെ
ചിതറിക്കിടക്കുന്ന വെള്ളകണികകൾ.
ഫോട്ടോഷോപ്പിന്റെ കരവിരുതുപോൽ
ഒരു മീനിന്റെ മുള്ള് ദൈവമാകാൻ
മറന്നൊരു കരിങ്കല്ലിനുമുകളിൽ വെളുത്ത
പ്രതലത്തിലൊരു കറുത്തപൊട്ടിനൊപ്പം.
ഇരതേടി ഒറ്റക്കാലിൽ നിൽക്കുന്നൊരു
കൊക്കിന്റെ രൂപം ആഞ്ഞിലിമരച്ചില്ലയി
ലൊരു തവളയുടെ കാലിൽ രണ്ടു
പൊഴിയാത്ത തൂവലുകൾക്കൊപ്പം.
എത്രവരച്ചിട്ടും തെളിയാത്ത ചിത്രങ്ങളെ
വീണ്ടും വരച്ച് പരിശീലിക്കുന്ന
ഇത്തിക്കണ്ണികളുടെ വിരലുകളിൽ
പായലുകളുടെ അവശിഷ്ടങ്ങൾക്കൊപ്പം
നീർക്കോലികളുടെ ഫോസിലുകൾ.
കൈതപ്പൂവുകളുടെ മാസ്മരികതയ്ക്ക്
കരിന്തിരിയിട്ട നിലവിളക്കിന്റെ,
എരിയാൻ മടിച്ചചന്ദനത്തിരികളുടെ
ഓലപായയുടെ മനംമടുക്കുന്ന ഗന്ധം.
ഇവിടെയൊരു പുഴയുണ്ടായിരുന്നു
ഒന്നുകിലതൊഴുകാൻ മടിച്ച്,അല്ലെങ്കിൽ
ഒഴുകിയലിയേണ്ട കടലിനോടു പിണങ്ങി
കാണുന്ന, സ്വിമ്മിംങ്ങ് പൂളുകളും വാട്ടർ
തീം പാർക്കുകളും അക്വേറിയങ്ങളുമായി
പരിണമിച്ചെന്ന്, പ്രോജക്ട് വർക്കിൽ
മനം നിറഞ്ഞൊരു വിദ്യാർത്ഥിയെഴുതുന്നു.
ഒപ്പം വികസനത്തിനു വേണ്ടി മാത്രം
മണലൂറ്റി മാറ്റുന്ന മണൽ മാഫിയയുടേതല്ലാത്ത

ഫോട്ടോഷോപ്പ് ചെയ്യാത്തൊരു സെൽഫിയും ..
----------------------------------------------------

തൂക്കുപാലം / ജിത്തു തമ്പുരാൻ


ഇരട്ട ജനിച്ച പെങ്ങൾക്കൊപ്പം
തൂക്കുപാലത്തിൽ
നിൽക്കുമ്പോൾ
ഓർമ്മകളെ ഊഞ്ഞാലാട്ടാൻ
ഓടിത്തുള്ളി വരും കാറ്റ്....
പുളിങ്കുരു നിരക്കുമ്പോൾ
മണ്ണു വാരിയെറിഞ്ഞോളേ
വളപ്പൊട്ടു -
കൊണ്ടെന്റുള്ളം കൈ
മുറിച്ചൊരു പോക്കിരീ...
കളിവീട്ടിൽ മാമ്പൂവിൻ
കറി വിളമ്പിയൊരുച്ചയിൽ
നാട്ടുമാങ്ങാച്ചാറു പാറ്റി
കണ്ണെരിയിച്ച കുമ്പാരീ...
കാലം നിന്നെ വളർത്തീട്ടൊരു
വലിയ പെണ്ണായ് തീർത്തതും
മൂക്കൊലിപ്പിൻ പുഴ വറ്റിച്ചു
കവിളിൽ പൂക്കാലം തന്നതും
പുഴക്കരയിൽ നായ്ക്കരിമ്പിൻ
തണ്ടു തലയാട്ടി നിന്നതും
മറന്നേ പോയ്
എനിക്കപ്പോൾ
അംഗനവാടി പ്രായമായ്
നിന്നെയോരോ തവണയും
കണ്ടുമുട്ടുന്ന നേരത്ത്
ഉളളിനുള്ളിലെ
കുന്നിമണിയുടെ
ചെപ്പുടഞ്ഞേ
ചിതറുന്നു !!!
ഇരട്ട ജനിച്ച പെങ്ങൾക്കൊപ്പം
തുമ്പിയായിപ്പറക്കുമ്പോൾ
ജീവിതത്തിന്റെ തൂക്കുപാലത്തിൽ
ചോന്ന പനിനീരു പെയ്യുന്നു...

--------------------------------------

അഞ്ചു വിരലുകൾ/ ഭാനു കളരിക്കൽ

ഒരു പൂവിന്റെ അഞ്ചിതളുകൾ
അഞ്ചു മടക്കിൽ അച്ഛനൊളിപ്പിച്ച
മഞ്ചാടി കുരുവിന്റെ
വിടർന്നു വരുന്ന വാതിലുകൾ -
അഞ്ചു വിരലുകൾ അഞ്ചു മുലഞെട്ടുകളാണ്.
ജീവനിലേക്ക് നീളുന്ന പഞ്ച നദികൾ
അഞ്ചു വിരലുകൊണ്ടല്ലേ അന്നം
കൂട്
നൃത്തവും
സംഗീതവും
ഉടലിലേക്ക് പടരുന്ന വേരുകൾ,
നെറ്റിയിൽ ചുക്കരച്ചു പുരട്ടും സാന്ത്വനങ്ങൾ,
ചുണ്ടോട്‌ ചേർക്കും താമരമൊട്ട്-
പ്രിയയുടെ ഉടലിൽ പടരുമ്പോൾ
അഞ്ചു വിരലുകൾ അഞ്ചു സ്വർഗ്ഗങ്ങൾ -
മാന്ത്രികതയുടെ താക്കോലുകൾ

അതേ വിരലുകൾ
അതേ അഞ്ചിതളുള്ള പൂ
ഒരു കഠാരപ്പിടിയിൽ
ഒരു പിടച്ചിലിന്റെ കഴുത്തിൽ
ഒരു ശ്വാസത്തിന്റെ വീർപ്പു മുട്ടലിൽ

പിന്നേയും ചോരയോടെ കോരിയെടുക്കുന്നു -
മുറിവ് ഉണങ്ങും വരെ ചന്ദനം അരക്കുന്നു
ചൂടാറും വരെ തണുപ്പിക്കുന്നു
തണുക്കും വരെ ചൂട് പകരുന്നു.
-------------------------------------------------

Wednesday, May 4, 2016

ഏകാകി (നി ) യുടെ ഗീതം / ഗീത തോട്ടം

ഏകാകി (നി ) യുടെ ഗീതം
തീരെത്തനിയെയാകുന്നു ഞാൻ
മിത്രങ്ങളില്ല സരസ സംഭാഷണ വിസ്ഫോടനങ്ങൾ
ക്ഷുഭിതമാം വാക്കുകൾ
മൗനത്തിൻ  ഹ്രസ്വമാമിടവേള
കുറ്റബോധത്തിൻ ചെറു കൺ ചുവപ്പുകൾ
നമ്രശിരസ്ക്കരായ് ചെയ്യുന്ന ഹസ്തദാനങ്ങൾ
പിന്നെയൊരൂഷ്മളാലിംഗനം
ഇല്ലില്ലവയൊന്നും.
തീരെത്തനിയെയാകുന്നു ഞാൻ
വാക്കിന്റെ മുൾമുന കോർത്ത തൂവാലയിൽ
രക്തം പൊടിച്ചു നീറുന്നതൊന്നൊപ്പുവാൻ
നീളുന്നതില്ലൊരു കൈയ്യും
ചകിതയായ് ചിറകുകൾ പൂട്ടിയിരിക്കും കപോതിയെ
തെല്ലു തലോടുന്നതില്ലൊരു നോട്ടവും
തീരെത്തനിയെയാകുന്നു ഞാൻ
തെല്ലകലെ കുലയേറ്റിയ വില്ലുമായ്
നിൽക്കൊന്നൊരു നിഴൽ
വേടനോ തോഴനോ
ഞാൺതഴമ്പില്ലാത്ത തോളുകൾ
പൂന്തിങ്കൾ പോലെ പ്രസാദാത്മകം മുഖം
ചിമ്മിച്ചെറുതായ കൺകളിൽ നിന്നും
നിശ്ശബ്ദമെത്തി നോക്കുന്നോ
പകയുടെ പാമ്പുകൾ!'
എന്നും തനിച്ചായിരുന്നുവല്ലോ
നിഴൽ വീണേ കിടക്കുന്ന രഥ്യകളിൽ
യാത്ര പാടേ നിലയ്ക്കുന്ന തീരങ്ങളിൽ
കത്തിനില്പാണെനിക്കായൊരു ചുടല.
കൂട്ടു വന്നവരൊക്കെ
തിരിഞ്ഞു നടക്കായാ
ണെത്രയാശ്വാസം തിരിച്ചു പോകൽ
കൂട്ടിന്റെ നാട്യങ്ങളെല്ലാമകലവേ
പഥ്യമാകുന്നു തനിച്ചിരിപ്പും ...
----------------------------------------------------

വിലാസം / സത്താർ ആദൂർ


അയക്കണം നീ
എന്റെ പേരിൽ
ഒരു പോസ്റ്റ്‌കാർഡെങ്കിലും.
സൂക്ഷിച്ചു വെക്കാനാണ് എനിക്ക്
എന്റെ മേൽ വിലാസം.

---------------------------

നന്ദി / സുഗതകുമാരി


എന്റെ വഴിയിലെ വെയിലിനും നന്ദി..
എന്റെ ചുമലിലെ ചുമടിനും നന്ദി..
എന്റെ വഴിയിലെ തണലിനും
മരക്കൊമ്പിലെ കൊച്ചു കുയിലിനും നന്ദി..
വഴിയിലെ കൂർത്ത നോവിനും നന്ദി..
മിഴി ചുവപ്പിച്ച സൂര്യനും നന്ദി..
നീളുമീ വഴിച്ചുമട് താങ്ങി തൻ
തോളിനും വഴിക്കിണരിനും നന്ദി..
നീട്ടിയൊരു കൈ കുമ്പിളിൽ
ജലം വാർത്തു തന്ന നിൻ കനിവിനും നന്ദി..
ഇരുളിലെ ചതികക്കുണ്ടിനും പോയൊരിരവിലെ
നിലാ കുളിരിനും നന്ദി..
വഴിയിലെ കൊച്ചു കാട്ടുപൂവിനും
മുകളിലെ കിളി പാട്ടിനും നന്ദി..
മിഴിയിൽ വറ്റാത്ത കണ്ണുനീരിനും
ഉയിരുണങ്ങാത്തൊരലിവിനും നന്ദി..
ദൂരെ ആരോ കൊളുത്തി നീട്ടുമാ
ദീപവും നോക്കിയേറെ ഏകയായ്
കാത്തു വയ്ക്കുവാൻ  ഒന്നുമില്ലാതെ
തീരർത്തു ചൊല്ലുവാൻ  അറിവുമില്ലാതെ
പൂക്കളില്ലാതെ പുലരിയില്ലാതെ
ആർദ്രമേതോ വിളിക്കു  പിന്നിലായ്
പാട്ട് മൂളി ഞാന് പോകവേ
നിങ്ങൾ  കേട്ടു നിന്നുവോ തോഴരേ
നന്ദി.. നന്ദി.. നന്ദി..

-------------------------------------------------

Tuesday, April 26, 2016

കിണർ തുന്നുമ്പോൾ / ബൈജു മണിയങ്കാല


കത്രിക കൊണ്ട്
ജലം മുറിച്ചു
ഒരാൾ
ഒരു കിണർ
വെട്ടി തുന്നുന്നു

മീനിന്റെ വാലിന്റെ ആകൃതിയിൽ
മുറിച്ച
തിളങ്ങുന്നകത്രികയുടെ
പാറുന്ന പതാക
എത്ര കുറച്ചിട്ടും
പാകമാകാത്ത
തൊണ്ടയുടെ
ദാഹം
മൺവെട്ടിയിൽ ഒതുങ്ങാത്ത
ഒരുകുടംമണ്ണിന്റെ
അരക്കെട്ട്
അതിൽ പതിഞ്ഞിരിക്കുന്ന
വരണ്ട വിരലുകൾ
വിണ്ടുകീറിയ കാലുകളുടെ
പാടുകൾ
ഞെട്ടിൽ നിൽക്കുന്ന
മാങ്ങയിൽ
ഇറക്കി കൊടുക്കുന്ന
ഒരുകുല ആഴം
കുഴിക്കുന്തോറും
ഇളകിവരുന്ന
മാമ്പൂക്കൾ
മുല്ലപ്പൂമൊട്ടിന്റെ
കെട്ടിയ മാലയുടെ
മണം
കുഴിക്കുന്തോരും
അഴിക്കാനാവാത്ത വിധം
മുറുകുന്ന ഉറവയുടെ
കുരുക്ക്
ഒരു ദാഹത്തിനും പാകമാകാത്ത
കഴുത്ത്
ഉയരത്തിലേയ്ക്ക്
പിരിഞ്ഞുകയറുന്ന കയർ
ഒരുവശം കാണാതെ പോയത് കൊണ്ട്
കിണറ്റിൽ
ഉയരപ്പെടുത്താനാവാത്ത
ആകാശം
പകുതിയ്ക്ക് വെച്ച് മുറിച്ച
മൊട്ടുകൾ;
ഇതളുകൾ കൂടുതൽ വെച്ച്
താമരയാവുന്ന
നഗ്നത
വിരിഞ്ഞു പോകാതെ മൊട്ടിന്
വെയ്ക്കാൻ
വിട്ടു പോയ ബട്ടൺസ്
വെച്ച് പൂർത്തിയാകാത്ത
കിണറിന് ആരോ
കപ്പി തുന്നുന്നു...
---------------------------------------

Monday, April 25, 2016

ഫോസിലുകളുടെ വീട് / ഡോണ മയൂര


വീടുവയ്ക്കുമ്പോളുറപ്പിച്ചു
മുൻ‌വശത്തെ കട്ടിളയും
കതകുമെന്റെ വക.
ആശാരി കൃത്യമായി രണ്ടും
സമയാസമയം
പണിതു ഘടിപ്പിച്ചു,
ഒരു മനുഷ്യന്റെ വീതിയിൽ
വിജാഗിരി വയ്ക്കാൻ പറ്റുന്ന
ആർഭാടത്തിലൊരേറ്റയൊന്ന്!
പുതുമോടികളഴിഞ്ഞു
പോയതിനു ശേഷം
കതകിനും കട്ടിളയ്ക്കുമിടയിൽ
അകത്തേക്കോ പുറത്തേക്കോ
എന്നുറപ്പിക്കാനാവാതെ
ജീവിതമതിൽ ചാരിവച്ചു.
വാലില്ലാത്ത ഫോസിലുകൾ
കണ്ടെത്തിയപ്പോൾ
വാലുമുറിഞ്ഞ
പല്ലിയുടെതാണെന്ന്
പുതിയ താമസക്കാരും
തിരിച്ചറിഞ്ഞു.

-----------------------------

കണ്ടുമുട്ടൽ / സച്ചിദാനന്ദന്‍


മുപ്പതുവർഷം കഴിഞ്ഞ്
കണ്ടുമുട്ടിയാലും
പുരുഷന് തന്റെ
ആദ്യകാമുകിയെ
തിരിച്ചറിയാനാവും

ഏറെ പുതുക്കിപ്പണിതിട്ടും
താൻ പണ്ടു പാർത്തിരുന്ന
ഗ്രാമത്തിലെ വീട് തിരിച്ചറിയും
പോലെ.

കെട്ടിടങ്ങളും ആരവങ്ങളും
നിറഞ്ഞുകഴിഞ്ഞിട്ടും
ഒരിക്കൽ പൂക്കളാൽ മൂടിയിരുന്ന
കുന്നിൻപുറത്തിന്റെ
വിജനത തിരിച്ചറിയുംപോലെ.

വാലൻപുഴു തിന്നുതീർത്ത
സ്കൂൾ ഗ്രൂപ്പ്ഫോട്ടോയിൽ
താൻ നിന്നിരുന്ന സ്ഥാനം
ഓർത്തെടുക്കും പോലെ
അയാൾ ആദ്യസമാഗമം
പുന:സൃഷ്ടിക്കാൻ ശ്രമിക്കുന്നു
അയാളുടെ ഉള്ളിൽ ഒരുത്സവം
നടക്കുന്നു.

പക്ഷേ, മേളം മതിൽക്കെട്ടിനു
പുറത്തുവരുന്നതേയില്ല.
നെഞ്ചിൽ അവളുടെ
ശിരസു ചേർത്തുപിടിച്ച്
താൻ മുപ്പതാണ്ടു നടത്തിയ
യാത്രകളുടെ മുഴുവൻ
ശബ്ദങ്ങളും
അവളെ കേൾപ്പിക്കണമെന്ന്
അയാൾക്കുണ്ട്.

അവളുടെ സ്വർഗ്ഗങ്ങളും
നരകങ്ങളും
മണത്തും സ്പർശിച്ചും
അറിയണമെന്നും.

പക്ഷേ അവർക്കിടയിൽ
ഇപ്പോൾ ഒരു കടലുണ്ട്.

കാലം അവളിൽ ചെയ്ത
കൊത്തുപണികൾ ശ്രദ്ധിച്ച്
സ്വരത്തിൽ വൈരാഗ്യം വരുത്തി
അയാൾ ചോദിക്കുന്നു:
‘സുഖമല്ലേ?’
ജീവിതം അയാളെ
കീറിമുറിച്ചതു ശ്രദ്ധിച്ച്
അവൾ പ്രതിവചിക്കുന്നു:
‘അതെ.’

ശവപ്പെട്ടിക്കുള്ളിൽ കിടന്ന്
രണ്ടു ജഡങ്ങൾ അന്യോന്യം
സംവദിക്കാൻ ശ്രമിക്കും പോലെ
അവർക്കു ശ്വാസം മുട്ടുന്നു.

മീതേ മണ്ണിന്റെയും
പാറകളുടെയും
വൃക്ഷങ്ങളുടെയും ഭാരം
താങ്ങാനാകാതെ
അവർ അകന്നകന്നു പോകുന്നു

അവർക്കിടയിലെ
കടൽമാത്രം
ബാക്കിയാവുന്നു.
-----------------------------------

പ്രണയമഴ / ഗിരിജ പതേക്കര


കണ്ണിലെ വെളിച്ചത്തിൽ
മഴവില്ലുതിരവേ,
കവിളിലെ തിളക്കത്തിൽ
മുത്തുപൊഴിയവേ,
ചുണ്ടിലൊരു രാഗം
ചേക്കേറാനെത്തവേ,
മാറിൽ കുഞ്ഞോളങ്ങളിളകവേ,
അന്നൊരുനാൾ
ഞാൻ വയസ്സറിയിച്ചു.
കണ്ണിലുറങ്ങുന്നു
കറുത്ത വാവെന്നും
കവിളിൽ വീണടിയുന്നു
കാർമേഘങ്ങളെന്നും
ഉടലിൽ കൂടണയാൻ
വെമ്പുന്നു വേനലെന്നും
വറ്റുന്നു പുഴയെന്നും
എപ്പോഴുമോർമ്മിപ്പിച്ച്
ഇന്ന് നിങ്ങളെന്നെ
എന്റെ വയസ്സറിയിക്കുന്നു.
പ്രണയത്തിന്റെ പെരുമഴയിൽ
കുതിരുന്നവളുടെ ഉള്ളിൽനിന്നും
വസന്തമൊരിക്കലും
പടിയിറങ്ങില്ലെന്ന്
നിങ്ങൾക്കറിയില്ലല്ലോ,
അല്ലെ?

------------------------------

വൈകുന്നേരത്തെ വീട് / ആര്‍.സംഗീത


ഇറങ്ങി പോവുമ്പോഴുള്ള വീടല്ല
തിരികെ വരുമ്പോൾ
എന്തൊക്കെയോ പറയാൻ
വെമ്പിനില്ക്കുന്ന
മുഖഭാവമാണ് അതിന്
ഗേറ്റ് തുറക്കുമ്പോഴേ
വെയിൽ തിന്ന്‌ പാതിയാക്കിയ
മുറ്റത്തിന്റെ മുരളൽ
ഒരുലോകം ഉള്ളിലൊതുക്കിയ
താക്കോൽപഴുതിന്റെ ഗർവ്
മറുപടി കാത്ത വിളികൾ
കോണുകളിൽതട്ടി
ചിലന്തി പശയിൽ കുരുങ്ങിക്കിടന്നു
ഓർമ്മപ്പെടുത്തലുകളുടെ
ഈറകെട്ടിയ മണം
ചൂടാറിയ അസ്വസ്ഥതകൾക്കുമേൽ
പാട ചൂടിയ ചായ..
അടുക്കി വയ്ക്കുന്നതൊക്കെ
അലങ്കോലപ്പെടുത്തുന്ന
എന്തോ ഒന്ന് അവിടെയുണ്ടെന്ന്
തോന്നിപ്പിക്കന്ന പോലെ
ഒപ്പമുണ്ടായിട്ടും തീരെ അവഗണിക്കപ്പെട്ട
ജീവിതത്തിന്റെ
ചിത്രപ്രദർശനം ചുവരിൽ
കവിഞ്ഞൊഴുകലിൽ
പടരുന്ന തണുപ്പിൽ
ഒരു പുഴയുണ്ടെന്നും
തിരതല്ലലുകളുടെ കിതപ്പ്
കടലിന്റെ കരുതലാണെന്നും
വീണ്ടെടുക്കലുകൾ
ചിപ്പിയുടെ മൗനമാണെന്നും
അതിനറിയാം..
വേരുകളിലൂടെ തിരികെപോവാൻ
കൊതിക്കുന്ന തണുപ്പ്
ഓരോവീടും ബാക്കി വയ്ക്കുന്നു....

------------------------------------------

വിക്ക് / സച്ചിദാനന്ദന്‍


വിക്ക് വൈകല്യമല്ല
ഒരു സംസാര രീതിയാണ്.
വാക്കിനും അർത്ഥത്തിനുമിടയ്ക്കു വരുന്ന
ചില മൌനങ്ങളെയാണ്
നാം വിക്കെന്നു വിളിക്കുന്നത്.
വാക്കിനും പ്രവൃത്തിക്കുമിടയ്ക്കുള്ള മൌനങ്ങളെ
മുടന്തെന്നു വിലിക്കുമ്പോലെതന്നെ.
ഭാഷയ്ക്കു മുമ്പാണോ വിക്കുണ്ടായത്
അതോ ഭാഷ്യ്ക്കു ശേഷമോ?
ഭാഷയുടെ ഒരു പ്രാദേശിക വ്യതിയാനമാണോ വിക്ക്. ?
അതോ സ്വയം ഒരു ഭാഷയോ:
ഈ ചോദ്യങ്ങൾക്കു മുമ്പിൽ
ഭാഷാശാസ്ത്രജ്ഞർ വിക്കുന്നു.
ഓരോ കുറി വിക്കുമ്പോഴും നാം
അർത്ഥങ്ങളുടെ ദൈവത്തത്തിന്
ഒരു ബലി നൽകുകയാണ്
ഒരു ജനത ഒന്നിച്ചു വിക്കുമ്പോൾ
അവരുടെ മാതൃഭാഷ വിക്കാകുന്നു
ഇപ്പോ‍ാൾ നമ്മുടേതെന്ന പോലെ
മനുഷ്യനെ സൃഷ്ടിച്ചപ്പോൾ
ദൈവവും വിക്കിയിരിക്കണം
അതുക്കൊണ്ടാണ് മനുഷ്യരുടേ
എല്ലാ വാക്കുകളും ദുരൂഹമായത്
അതുകൊണ്ടാണ് മനുഷ്യരുടെ
പ്രാർത്ഥനകൾ മുതൽ കല്പനകൾവരെ
എല്ല്ലാം വിക്കുന്നത്.
കവിതയെപ്പോലെ .

---------------------------------------

Friday, April 22, 2016

മഷിത്തുള്ളി / ഡോണ മയൂര


ഞങ്ങളുടെ വീട്ടിൽ നിന്ന്
സ്കൂളിലേക്കും
കോളേജിലേക്കും പോയ
കുട്ടികളൊന്നും തിരിച്ചുവന്നില്ല.

അദൃശ്യരായി
പോയിവരാനറിയുന്ന
ചിലർമാത്രം
മടങ്ങി വന്നപ്പോഴാണ്
ഇത് സംഭവിച്ചത്.
വീട്ടുകാരറിഞ്ഞില്ല
അവർ കാത്തിരിപ്പെന്ന
ലോഹക്കൂടിനുള്ളിലായിരുന്നു,
ക്ഷമയുള്ള ലോഹത്തെ
ലോകത്തിനുരുക്കാൻ കഴിയില്ല.
നാട്ടുകാരറിഞ്ഞില്ല
അദ്ധ്യാപകരറിഞ്ഞില്ല
അദൃശ്യമാ‍ായൊരു ലോകം തീർത്ത്
അതിനുള്ളിൽ അവർ
അവരെയടച്ചിട്ടിരിക്കയായിരുന്നു.
വിവരമറിഞ്ഞ
സഹപാഠികളിലൊരാൾ
വീട്ടിലേക്ക് വന്നു.
ഉള്ളം കാലുകളിൽ നിന്നും
ചോരയുതിർന്ന് വഴിനീളെ
പൂവുകൾ ചുവന്നിരുന്നു.
ക്യാൻസർ വന്ന്
നാവു മുറിക്കേണ്ടി വന്ന
പൂച്ചയുമൊന്നിച്ച്
ഞങ്ങൾ രണ്ടു പേരും
നിറങ്ങളെ ഒന്നിച്ച്
ചവിട്ടി കുഴച്ചിരുട്ടാക്കുന്ന
ചിലരെ ഇതിനകം
തിരിച്ചറിഞ്ഞിരുന്നു.
രാത്രി കതകിൽ മുട്ട് കേട്ടു,
തണ്ടും തടിയുമുള്ള
നാലുപേർ കയറി വന്നു.
മൂന്നുനാളായി
ലഘുഭക്ഷണം പോലും
കഴിക്കാത്ത ഞങ്ങളോട്
ലഘു ലേഖകളൊന്നും
ചുണ്ടപ്പൂവിട്ട കണ്ണുകൾ ചോദിച്ചില്ല.
മാവോയിസ്റ്റാണോന്ന് ചോദിച്ചു.
നാവില്ലാത്തത്
നഖങ്ങൾ നീളാനൊരു
പോരാ‍യ്മയാവില്ലെന്ന്
പൂച്ച ചൊടിച്ചു.
അടങ്ങടങ്ങെന്നൊരൊച്ച
ഉള്ളിലടക്കിയത്
പൂച്ചയുടെ ആറാമിന്ദ്രിയത്തിലെത്തി
തിരിച്ചു വന്നു.
ചുമരിലെ പെയിന്റിങ്ങ് നോക്കി
നാലാളും പുരികങ്ങളിളക്കി.
ചുമരിലെ പെയിന്റ് നോക്കി
മുസ്ലിമാണോന്ന് ചോദിച്ചു.
പേരു കേട്ടാൽ
ക്രിസ്ത്യാനിയാണോന്ന്
ഇതിനു മുൻപ്
പലരും ചോദിച്ചിട്ടുണ്ടെന്ന്
മറുപടി കൊടുത്തു.
ഏഴുപേരും ചൊടിച്ചു.
പേരു കൊണ്ട്
ജാതിയും മതവുമറിയാൻ
കഴിയാത്ത നാളിതെന്നവർ
നാലുപേരും ചൊടിച്ചു.
ഞങ്ങളുടെ നിറം നോക്കി
ജാതി ചോദിച്ചു.
ഞങ്ങൾ മൂന്നുപേരും
വീണ്ടും ചൊടിച്ചു.
അതു പറഞ്ഞാൽ
അറയ്ക്കുമെന്ന്
ഞങ്ങൾക്കറിയുമായിരുന്നു.
അവരുടെ ഉള്ളിൽ പോയ
പൂച്ചരോമങ്ങൾ അത്രമേൽ
പ്രവർത്തിച്ചു തുടങ്ങിയിരുന്നു.
അവരുടെ ചൂണ്ടുവിരൽ
കാഞ്ചിയിൽ മടങ്ങി.
വെടിയിൽ
ചുമര് പച്ചയ്ക്ക് തുളഞ്ഞു.
അതിൽ നിന്നൊരു ചീള്
മേശപ്പുറത്തേക്ക് തെറിച്ചു.
മഷിക്കുപ്പിയിലെ വിള്ളലിൽ നിന്നും
ചുവന്ന മഷിയൊഴുകി
മേശമേൽ പടർന്ന്
രക്തബന്ധത്തേക്കാൾ
ദൃഢതയേറിയതാണ്
മഷിബന്ധമെന്നെഴുതിയ
കടലാസും കുതിർത്ത്
ഉണങ്ങാൻ വിസമ്മതിച്ച്
മനുഷ്യാകൃതിയിൽ
നിലത്തുമ്മവച്ച് കിടന്നു.
മൂന്നാം നാൾ ഞങ്ങൾ
മടങ്ങി വന്നു,
കുട്ടികൾക്കൊപ്പം.
മടങ്ങി വന്നതിന്റെ
നാലാം നാൾ
ദൈവത്തിന്റെ
ഏഴാം നാളായിരുന്നു.
വിശ്രമത്തിലായിരുന്ന ദൈവം
ഉൽ‌പ്പത്തിയെ പറ്റി
ഉപന്യാസമെഴുതിക്കൊണ്ടിരുന്ന
കുട്ടിയുടെ കടലാസിൽ ഒളിച്ചിരുന്നു,
മനുഷ്യദൈവങ്ങൾ
കാവലാളുകളുടെ വരിയായി.
ഞങ്ങളതിന്മേൽ
മഷിയായി പടർന്നു.
----------------------------

Thursday, April 21, 2016

പഴയ മാവ് / മാധവിക്കുട്ടി

ഒരു അമ്മയുടെ വയറ്റിലെ
ചമയങ്ങള്‍ എല്ലാം
കത്തികൊണ്ട്
അവര്‍ ചുരണ്ടിയെടുത്തു.
ഈ അടഞ്ഞ ഗുഹാമുഖത്ത്
ഇനി ഒരു ആലിബാബയും
മന്ത്രം ഉച്ചരിക്കുകയില്ല.
ഇതിന്റെ ഇരുണ്ട വിഷാദത്തില്‍
ഒരു പടക്കുതിരയും കുളമ്പടിക്കുകയില്ല.
എന്നാല്‍,
ഓ, എന്തിനാണവര്‍ ആ പഴയ മാവ്
മുറിച്ച് താഴെയിട്ടത്?
സ്വപ്‌നങ്ങളുടെ നനഞ്ഞ വലകള്‍
ഞാന്‍ ഉണക്കാനിട്ടത്
അവിടെയായിരുന്നുവല്ലോ.
ഇനി, എന്റെ തോണിക്ക്
മീന്‍പിടുത്തത്തിന് പോകാനാവില്ല.
എന്റെ ഭാവിയുടെ കായലുകളില്‍
മരണം വിളര്‍പ്പിച്ച മത്സ്യങ്ങള്‍
പൊന്തിക്കിടക്കുന്നു.

---------------------------------- 

ഞാന്‍ എന്റെ ഗ്ലാസിനോട് സംസാരിക്കുന്നു / സച്ചിദാനന്ദന്‍


തണുത്തുറഞ്ഞ നിലാവുപോലെ
പടരുന്ന മൂടല്‍മഞ്ഞില്‍
ചീവീടുകളുടെ താഴ്വരയില്‍
ഞാന്‍ ഒറ്റയ്ക്കിരിക്കുന്നു.
ഈ ഗൗളിക്ക് മലയാളം മനസ്സിലാകാത്തതുകൊണ്ട്
ഞാന്‍ ബഹുഭാഷാജ്ഞാനിയായ
എന്റെ ഗ്ലാസിനോടു സംസാരിക്കുന്നു.
അതെന്നെ നോക്കി കണ്ണിറുക്കി പറയുന്നു:
'നിന്റെ സമയമടുത്തു.'
'നിന്റെയും' എന്ന് തിരിച്ചു പറഞ്ഞ്
അത് താഴെയിട്ടുടയ്ക്കാനുള്ള ആവേശം
ഞാന്‍ തടഞ്ഞു നിര്‍ത്തുന്നു; പകരം
ഞാനതിനെ ചുണ്ടോടടുപ്പിക്കുന്നു,
ഒരു കാമുകിയെ എന്ന പോലെ.
ലഹരിയില്‍ ഞാന്‍ ഏകാന്തത മറക്കുന്നു.
'ആനന്ദ്രേ..' ഉല്ലാസ് കഷല്‍കര്‍
ഭൈരവിയില്‍ ഒരു അഭംഗ് പാടുന്നു
പിറകില്‍ ഞാന്‍ ഭാവിയുടെ
വാദ്യങ്ങള്‍ കേള്‍ക്കുന്നു, മരണം
വര്‍ത്തമാനത്തില്‍ മാത്രമേ ഉള്ളൂ
എന്ന് ഉറപ്പു നല്‍കിക്കൊണ്ട്.
ഞാന്‍ അകത്തു നിന്ന് പൂട്ടിയിരുന്ന വാതില്‍
തള്ളിത്തുറന്നു കാറ്റും മഴയും നീയും
അകത്തു കടന്നു വരുന്നു, നീ എന്റെ
മടിയില്‍ വന്നിരിക്കുന്നു,
ഒരു വീണയെ എന്ന പോലെ
ഞാന്‍ നിന്നെ മീട്ടുന്നു, യെമന്‍ കല്യാണിയില്‍.
ഇനി ഇടിമിന്നലിനോ മൃത്യുവിനോ
എന്നെ ഭയപ്പെടുത്താനാവില്ല, നിന്റെ
പ്രണയത്തില്‍ ഞാന്‍ വീണ്ടും വീണ്ടും
ഉയിര്‍ക്കൊള്ളും, താഴത്തെ ആ പേരില്ലാതെ
ചുകന്ന പൂവിനെ തുടുപ്പിക്കുന്ന സൂര്യനെപ്പോലെ.
സെറ്റിയില്‍ ഇരുന്ന മാര്‍ലണ്‍ ജെയിംസിന്റെ
നോവല്‍ താനേ തുറക്കുന്നു. കൊലചെയ്യപ്പെട്ട
ബോബ് മാര്‍ളി അതില്‍ നിന്നിറങ്ങി വന്നുപാടുന്നു:
'Get up, stand up, stand up for your rights!'
'പ്രണയിക്കാനുള്ള അവകാശമാണോ?'
നീ ചോദിക്കുന്നു. 'അതെ, അതും ഒരവകാശമാണ്,
പിന്നെ പാടാന്‍, സ്വപ്‌നം കാണാന്‍.
സ്വപ്‌നങ്ങള്‍ക്ക് ഭരണഘടനയില്ല.'
എനിക്കു ജീവിക്കണം, ഭൂമി വീണ്ടും
പച്ചത്തൂവല്‍ കൊണ്ടു മൂടുംവരെ,
ആ തത്ത ഇക്കുറി
പ്രണയത്തിനായി മരിക്കാന്‍ തയ്യാറായ
രാവണന്റെ കഥ പാടും വരെ.
-----------------------------------------------------

പോകൂ പ്രിയപ്പെട്ട പക്ഷീ / ബാലചന്ദ്രന്‍ ചുള്ളിക്കാട്

പോകൂ പ്രിയപ്പെട്ട പക്ഷീ, കിനാവിന്റെ
നീലിച്ച ചില്ലയില്‍ നിന്നും
നിനക്കായ്‌ വേടന്റെ കൂര-
മ്പൊരുങ്ങുന്നതിന്‍ മുന്‍പ്
ആകാശമെല്ലാം നരയ്ക്കുന്നതിന്‍ മുന്‍പ്
ജീവനില്‍ നിന്നും ഇല കൊഴിയും മുന്‍പ്‌
പോകൂ, തുള വീണ ശ്വാസ കോശത്തിന്റെ
കൂടും വെടിഞ്ഞ് ചിറകാര്‍‍‍ -
ന്നൊരോര്‍മ്മ പോല്‍ പോകൂ..
സമുദ്രം ഒരായിരം നാവിനാല്‍
ദൂരാല്‍ വിളിക്കുന്നു നിന്നെ..
പോകൂ പ്രിയപ്പെട്ട പക്ഷീ..
കിനാവിന്റെ നീലിച്ച ചില്ലയില്‍ നിന്നും...
പോകൂ; മരണം തണുത്ത ചുണ്ടാലെന്റെ
പ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുന്‍പ്‌
ഹേമന്തമെത്തി മനസ്സില്‍ ശവക്കച്ച
മൂടുന്നതിന്‍ മുന്‍പ്...
അന്ധ സഞ്ചാരി തന്‍ ഗാനം നിലയ്ക്കുന്നതിന്‍ മുന്‍പ്‌
എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍ നിന്നു നീ
പോകൂ പ്രിയപ്പെട്ട പക്ഷീ...
പോകൂ; മരണം തണുത്ത ചുണ്ടാലെന്റെ
പ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുന്‍പ്‌
ഹേമന്തമെത്തി മനസ്സില്‍ ശവക്കച്ച
മൂടുന്നതിന്‍ മുന്‍പ്,
അന്ധ സഞ്ചാരി തന്‍ ഗാനം നിലയ്ക്കുന്നതിന്‍ മുന്‍പ്‌
എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍
നിന്നു നീ പോകൂ പ്രിയപ്പെട്ട പക്ഷീ..
-------------------------------------------------------

നീയെന്റെ കണ്ണുകളിലേക്കു നോക്കരുത് / മേരി ലില്ലി


നീയെന്റെ കണ്ണുകളിലേക്കു
നോക്കരുത്
അവിടെയെന്നോ ഉറഞ്ഞു
പോയ ഒരു കടലുണ്ട്.

കൺപീലികൾക്കിടയിൽ
വിലാപങ്ങളിൽ ഒഴുകാൻ
മറന്നു പോയ
വേനലിൽ വറ്റാത്ത
ഒരു നദിയുണ്ട്.
ഇരു പോളകൾക്കുമിടയിൽ
സമുദ്രസ്നാനം ചെയ്ത
സൂര്യനും ചന്ദ്രനുമുണ്ട്.
ഇനിയൊരിക്കലും നീയെന്റെ
കൃഷ്ണമണിയിലേക്ക്
ഇതുപോലെ ഉറ്റു നോക്കരുത്.
അവിടെ പ്രണയത്തിന്റെ
ചാരുതയാർന്ന നിന്റെ മുഖമുണ്ട്.
ഒരു നോട്ടത്തിന്റെ നിഴൽ പോലും
നിന്നിൽ പതിയുന്നത്
എനിക്കിഷ്ടമല്ല.
-------------------------------------

Monday, April 18, 2016

ശലഭശിവൻ / ബൈജു മണിയങ്കാല


മഴ
ഇറ്റിറ്റു വീഴുന്ന
തുള്ളികൾ ചേർത്ത്
കല്ലുമാലകൾ കോർക്കുകയായിരുന്നു
ജലം

അടയക്കാ നിറങ്ങളിൽ
വെറ്റില ചവച്ചു ചുവന്ന് നിൽക്കുന്ന
തളിരിലകൾ
ജലപാതയിലൂടെ
ഭാരം പേറി
തോണിയായി
നീങ്ങുന്ന മനസ്സ്
പെയ്ത മഴയുടെ
ശീലം പോലെ
ഒഴുകിപ്പോകുന്ന
ജലം
കാണാതെ പോയ
നീളം തിരഞ്ഞ്
വീതിയിൽ കലങ്ങിയൊഴുകുന്ന
പുഴകൾ
നിശ്ചലത പച്ചകുത്തിയ പായൽ
ഒളിച്ചു മുഖം നോക്കുന്ന കുളങ്ങൾ
വെള്ളം കുടിച്ച പാടുകളിൽ
തെന്നി വീണു കിടക്കുന്ന
മിന്നൽ
കടലിന്റെ
അരക്കെട്ട് പോലെ
പാതിനഗ്നനത
ഉണക്കിയെടുത്തുടുക്കുന്ന
തിരമാലകൾ
അഗ്നിയുടെ
സുതാര്യത കയറിയിറങ്ങിയ
ചിറകുകൾ
വെറുതെ എടുത്തുടുത്ത് പറക്കുന്ന
തുമ്പികൾ
പൂന്തോട്ടത്തിലേയ്ക്കിറങ്ങും
മുമ്പ്
അച്ചടിച്ച പൂക്കൾ നോക്കുന്ന
ചെടികൾ
അവ പലപല നിറങ്ങളിൽ
പൂക്കുന്ന വായനശാലകൾ
ഒരേസമയം
നൂലും സൂചിയുമായി
വാക്കും പ്രവർത്തിയും കോർക്കുന്ന
തുന്നൽ
നിറയെ നിറങ്ങളിൽ
പൂത്ത് വിടർന്നു നിൽക്കുന്ന
പൂക്കളുടെ മൊട്ട് തിരിഞ്ഞ്
ചെടികളുടെ ഇന്നലെകളിൽ കൂടി
നിലാവിനെ പോലെ
തുളുമ്പുന്ന നമ്മൾ
വസന്തമെഴുതി
തെറ്റിച്ച തെറ്റിന്
വിരിയാത്ത പൂക്കളുടെ
മൊട്ടുകൾക്ക്
കേട്ടെഴുത്തിട്ടു
കൊടുക്കുന്നു
മരിച്ച മനുഷ്യരെ
ആരും കാണാതെ
സമയമാക്കി മാറ്റുന്ന
പൂക്കൾ
അത് കണ്ടെഴുതുന്ന ഘടികാരങ്ങൾ       
ഢമരുകം മറിഞ്ഞ്
നിലയില്ലാതെ കാലം
ഒഴുകുന്ന വഴി
അവിടെ വന്ന്
നിലയില്ലാതെ
നിൽക്കുന്ന
സമയം
ഒറ്റ മൊട്ടിനെ നൃത്തം പഠിപ്പിച്ച്
ലോകമായ് വിരിയിച്ച്
നോക്കിന്റെ സർപ്പമില്ലാതെ
വാക്കിന്റെ ഗംഗയാക്കി
അവൻ ....
ശലഭശിവൻ !
---------------------------------

Tuesday, April 12, 2016

ആടുകള്‍ /ഇടശ്ശേരി ഗോവിന്ദന്‍ നായര്‍


രാവിലെക്കറന്നെടു-
ത്തെങ്ങളെ വിടുന്നൂ നീ;
കാവിലോ പറമ്പിലോ
മേഞ്ഞുനില്‍ക്കുന്നൂ ഞങ്ങള്‍.
അന്തിയില്‍ ശ്രാന്തങ്ങളാ-
യാല പൂകുന്നൂ വീണ്ടും,
മോന്തുന്നൂ നിന്‍ ദാക്ഷിണ്യ
പൂരമാം കുളിര്‍നീരം.
മംഗളക്കുരുന്നുകള്‍
വര്‍ദ്ധിക്കും വത്സങ്ങളില്‍
ഞങ്ങളെക്കാളും ദൃഡ-
വത്സലം നിന്നുള്‍ത്തലം.
അറിവൂ,നിന്നെപ്പേടി-
ച്ചെങ്ങളെത്തീണ്ടുന്നീലാ
ദുരമൂത്തവയായ
ഹിംസ്രങ്ങള്‍,സാഹസ്രങ്ങള്‍...
അല്ലലി,ലുണ്ടായാലും
ക്ഷണഭംഗുര,മേവം
അല്ലിലും പകലിലും
ഞങ്ങള്‍ക്കിങ്ങലംഭാവം.
ഭദ്രമാമിപ്പറ്റത്തിന്‍
ബോധത്തില്‍ പക്ഷേ,ദൃഡ-
മുദ്രിതമൊരു കൂര്‍മു-
ള്ളിന്‍റെ കുത്സിതദുഃഖം:
ഞങ്ങളെപ്പോറ്റുന്നു നീ
പാലിനും രോമത്തിനും
തന്നെയ,ല്ലതോ പിന്നെ
ത്തോലിനും മാംസത്തിനും! 

---------------------------------

Sunday, April 10, 2016

യാത്രക്കുറിപ്പ് / കുരീപ്പുഴ ശ്രീകുമാർ



ആയിരം ശിഖയുള്ള മിന്നൽ
മാനത്തിന്റെ നാവിൽ നി-
ന്നഗ്നിമുഹൂർത്തം തൊടുക്കവേ
പായുന്ന വണ്ടിയിൽ
പാതാളയാത്രയിൽ
പേടിക്കൊടിയും പിടിച്ചുനിൽക്കുന്നു ഞാൻ
പിന്നിലെത്താവളം
തേടിപ്പറക്കുന്നു
കൊന്നയും
കാഞ്ഞിരക്കാടും
മനുഷ്യരും.
സൂചിതറച്ച മനസ്സിന്റെ വിങ്ങലിൽ
ആമുഖമില്ലാതെറിഞ്ഞു തരുന്നു ഞാൻ
ആഴിക്കൊരിന്ദ്രധനുസ്സിന്റെ പുസ്തകം
നീയിതിൻ വാക്കിലെയുപ്പു രുചിക്കുക
പേരിട്ടെടുത്തു പഠിച്ചു കത്തിക്കുക
ചാരം നദിക്കും സുഹൃത്തിനും വിത്തിനും
നേരറിയിച്ച നേരത്തിനും നൽകുക .
-----------------------------------------

Friday, April 8, 2016

ഇരുട്ടടി / എസ് . കലേഷ്‌


അതിര്‌ കേറി പനറ്റിയ പിടയുടെ വിരലുകള്‍
കൈച്ചുറ്റികയ്ക്ക് ചതച്ചുവിട്ടു.

തട്ടിന്‍പുറത്തെ പെട്ടീല്‍ കെണിഞ്ഞ എലിയെ
വെള്ളത്തില്‍ കുമിളകളാക്കി പൊട്ടിച്ച്
അതിരേലെറിഞ്ഞു.
അതിനെ, പിന്തുടര്‍ന്നിഴഞ്ഞ ചേരയെ
മണ്ണെണ്ണ കുടഞ്ഞ് പൊളളിക്കുകയും
ചെയ്തതോടെ ഇരുട്ട് വീണു.
മഴപൊട്ടി.
മണ്ണില്‍ മുളച്ചുവന്ന ഈയലുകള്‍ക്ക് മുഖംനോക്കാന്‍
ചെമ്പുചെരുവത്തില്‍ വെള്ളമൊഴിച്ച് വിളക്കുകുത്തി
കണ്ണാടിയുണ്ടാക്കി ഇറയത്തുവെച്ചു.
അവയതില്‍ മുഖംനോക്കി കിടന്നു പിടഞ്ഞു.
ഈയലുകള്‍ക്കു പിറകേവന്നു പല്ലികള്‍.
അതിന്റെ പൊളിഞ്ഞ ഉടലുകള്‍
തിണ്ണേല്‍ മുറിഞ്ഞ വാലുകള്‍ തെരഞ്ഞു
മഴ കനത്തതോടെ
അതിരുമാന്താന്‍ തോന്നി.
തൂമ്പയെടുത്ത് ഈടിക്കലേക്ക് നടന്നു.
മഴ കനത്തുകനത്തു വന്നു
തെറിയും കരുത്തും കൂട്ടി അതിരുകല്ലിളക്കി
അത് നാട്ടാനൊരു കുഴി കുത്തുമ്പോള്‍
തലയ്ക്ക് മേലെ ഒരൊച്ച കേട്ടു:
'പണിക്കേനേ, തരവഴി കാണിക്കല്ലേ, പണിക്കേനേ'
ഇരുട്ടിന്റെ നിറമുള്ള ഒരുത്തി ചില്ലേലിരുന്നാടുന്നു.
ആ ചില്ലകള്‍ മണ്ണോളം കുനിഞ്ഞുടന്‍ തലപ്പിലേക്ക് നിവരുന്നു.
അവിടന്നുവരെ അങ്ങനൊരു മരമില്ല, എന്നാലന്ന് ആ
മരമുണ്ട്.
ഇറയത്തേക്ക് തിരിച്ചുകേറുമ്പോള്‍
തൊണ്ടയില്‍ വേനലായി.
മുറ്റത്തെ കിണറ്റീന്ന് കോരിയെടുത്ത വെള്ളം
കുമിളകള്‍ പൊട്ടി വെട്ടിത്തിളച്ചു
അന്നേരം, കാലുകള്‍ക്കിടയിലൂടെ
പൊള്ളിയടര്‍ന്ന തോലുമായ്
ചേരകള്‍ ചെന്തീയായി.
ചിറകുമുറിഞ്ഞ ഈയലുകള്‍
ചെമ്പുചരുവത്തിലെ
നാളത്തിനെ വെല്ലുവിളിച്ചു പറന്നുകളിച്ചു.
കൈതൊടുന്നയിടമെല്ലാം
പല്ലിമുട്ടകള്‍ വിരിഞ്ഞു
പാമ്പിന്‍കുഞ്ഞുങ്ങള്‍ നാവുനീട്ടി.
കാര്യം തിരിഞ്ഞു.
മറ്റൊന്നും ആലോചിച്ചില്ല.
അലക്കുകല്ലിലേക്ക് കാലുകള്‍ പൊക്കിവെച്ച്
പത്തുവിരലുകളും
കൈച്ചുറ്റികയ്ക്ക് അടിച്ചുപരത്തി
പുലരുംവരേയിരുന്ന് നിലവിളിച്ചു.
-------------------------------------------

അറിയില്ല / ബക്കർ മേത്തല


ജലാശയത്തിൽ മുങ്ങിത്താഴുന്ന
ഒരു നക്ഷത്രത്തെ
രാപ്പാടി തന്റെ പാട്ടുകൾ കൊണ്ട്
ഉയിർപ്പിച്ചത്
ഏതു കാട്ടുപൂക്കളോട് ചേർക്കാനാണ്?

കരിഞ്ഞ മാംസത്തിന്റെ
മണം വഹിച്ചു വരുന്ന കാറ്റിനെ
ഒരു കാട്ടുമാക്കാൻ
മൂക്കു വിടർത്തി വലിച്ചു കേറ്റുന്നത്
ഏതു പിശാചിന് മന്ത്രം ഉരുക്കഴിക്കാനാണ് ?
രക്തത്തെക്കുറിച്ച്
ഒരു കിളിയെഴുതുന്ന കവിതയിലേക്ക്
സൂര്യൻ എത്തിനോക്കുന്നത്
എന്തിനാണ്?
സുഗന്ധം കൊണ്ട്
തന്റെ പ്രണയം പ്രഖ്യാപിക്കുന്ന
ഒരു നിറമില്ലാപ്പൂവിനോട്
ചിറകൊടിഞ്ഞ വണ്ടുകൾ
പറയുന്നതെന്താണ്?
അറിയില്ല കൂട്ടരേ
അറിയില്ല.
------------------------------------------

മുറ്റത്തെ തുളസി/ ഇടപ്പള്ളി രാഘവൻ പിള്ള


മന്ദിരാങ്കണം തന്നിൽ മഞ്ജുകൽത്തറയ്ക്കുള്ളിൽ
മന്ദമാരുതാശ്ലേഷമേറ്റുകൊണ്ടാടീടുന്ന

മംഗളേ, വ്യന്ദേ, ദേവീ, മംഗളം; ഭവതിയെൻ
മങ്ങിടും മനസ്സിനു മാറേറ്റമേറ്റീടുന്നു

ഉണ്ടു ഞങ്ങളിൽച്ചിലഭാരതീയാദർശത്തിൻ
തുണ്ടുകളിനി,യെന്നാലൊന്നതു നീ താനല്ലേ ?

കുന്ദാദിലതകളും നന്ദനോദ്യാനത്തിലെ
മന്ദാരദാരുക്കളും മന്ദരാം തവ മുമ്പിൽ;

എത്രയോ ജന്മം പാഴിൽ പോക്കി നീ, നീയായിട്ടി-
ങ്ങെത്തുവാനെന്ന കാര്യമോർക്കുന്നീലവർ തെല്ലും!

പ്രാണവായുവിങ്ങേറ്റം നിന്നിലപ്പാശ്ചാത്യർക്കു
കാണുവാൻ കഴിവാർന്ന കാലത്തിൻ മുമ്പ് തന്നെ

കീർത്തനം ചെയ്തു പോന്നു താവകമാഹാത്മ്യത്തെ-
ക്കീർത്തനീയന്മാരെന്റെ പൂർവ്വികർ പുണ്യാത്മാക്കൾ

മാനസം കുളിർപ്പിക്കും സൂനമോ സുഗന്ധമോ
തേനൊലിപ്പഴങ്ങളോ നിന്നിലി,ല്ലെന്താണതിൽ ?

താവകദലങ്ങളും കൂടവേ വരിഷ്ഠമാം
പൂവുകളായിട്ടല്ലേ ചൊൽവതെ,ന്തതിശ്രേഷ്ഠം ?

പിച്ചകവല്ലി നിത്യം നിന്നെയങ്ങിടയ്ക്കിടെ-
പ്പുച്ഛമായ് നോക്കിക്കൊണ്ടു പുഞ്ചിരിതൂകുന്നുണ്ടാം

അംഗസൗഭാഗ്യം , പക്ഷേ, തെല്ലു തേ കുറഞ്ഞാലു-
മെങ്ങിനെവയ്ക്കുണ്ടാം ദേവി തൻ മനശ്ശുദ്ധി !

നിൻ ഗളം കാഴ്ച്ചവച്ചിട്ടീശ്വരസമ്പ്രീതിയെ
ഞങ്ങളീ നിക്യഷ്ടന്മാർ നാൾക്ക് നാൾ തേടീടുന്നു;

തെല്ലുമില്ലിതിൽത്തെറ്റീബ്ഭാരതാരാമത്തിലെ-
പ്പുല്ലുകൾപോലും പോക്കീ ജീവിതം പരാർഥമായ്;

സ്വാർത്ഥതപ്പിശാചിതൻ ത്യഷ്ണയെക്കെടുത്തുവാൻ
ചോർത്തിടും നരാധമർ സോദരഹ്യദ്രക്തവും !

നന്നിതു; തവ നാമ്പുനുള്ളിയങ്ങെടുത്താലു-
മൊന്നിനു രണ്ടായിട്ടു നാളേ നീയേന്തീടുന്നു;

തങ്കരങ്ങളാൽ നിന്നിൽ തങ്കനീരാളം ചാർത്തും
പങ്കജരമണൻ പോയ് സിന്ധുവിൽപ്പതിക്കുമ്പോൾ

കായസംശംദ്ധിചെയ്തു നിർമ്മല വസ്ത്രം ചാർത്തി
കാർകുഴൽ ചീകിക്കെട്ടിക്കാഞ്ചനസുമം ചൂടി

ലോലമോഹനമായ ഫാലദേശത്തിൻ മധ്യേ
ചാലവേ വിഭൂതിയാൽ നേരിയ കുറിയിട്ടു

പിഞ്ചിളം പ്രായം തന്നിൽ മുത്തശ്ശി ചൊല്ലിക്കേട്ട
നെഞ്ചകം കുളിർത്തിടും കീർത്തനം പാടിപ്പാടി

എത്തിടും നിന്നന്തികേ കൈത്തലംതന്നിൽ കത്തും
കൈത്തിരിയേന്തിക്കൊണ്ടെന്നുത്തമവധൂടിയാൾ

മങ്കയാളതു നിൻ പാദപങ്കജേവച്ചു
കങ്കണാരവം ചിന്നും തൻ കരം രണ്ടും കൂപ്പും

അന്യനു ലഭിക്കയില്ലീദ്യശം ഭാഗ്യം; പാർത്താൽ
ധന്യ നീ, നിന്നോടെനിക്കുണ്ടു, തെല്ലഭ്യസൂയ !
------------------------------------------------------
 

Tuesday, April 5, 2016

അമ്മയ്ക്കു വയ്യായ വന്നാൽ / അനാമിക ഹസിത



         
അമ്മയ്ക്കു വയ്യായ വന്നാൽ,

      സൂര്യനു മുൻപേയെണീറ്റ്
      വായിട്ടലയ്ക്കുന്ന റേഡിയോ
      മൗനപ്രാർത്ഥനയിൽ മുഴുകും.

      അനുസരണക്കേടിനു ലൈസൻസുകിട്ടിയ
      കരിയിലപ്പെണ്ണുങ്ങളെ നോക്കി
      ചൂല് പുരികങ്ങളെ ചുളിച്ചൊടിക്കും.

      പുട്ടുകുറ്റിയും ഇഡ്ഡലിച്ചെമ്പും ചപ്പാത്തിപ്പലകയും
      താടിക്കു കൈയും കൊടുത്ത്
      ഇരുന്നേടത്തു വേരു മുളപ്പിയ്ക്കും.

അമ്മയ്ക്കു വയ്യായ വന്നാൽ,

      പതിവുപറ്റുകാരായ
      അണ്ണാറക്കുട്ടനും
      കാക്കയും കുഞ്ഞിക്കിളികളും
      മതിൽമുകളിലെ ഊട്ടുപുരയിൽ
      ഈച്ചയാട്ടിത്തോൽക്കും.

      ഒളിച്ചുകളി ശീലമാക്കിയ
      എന്റെ പേനയും അച്ഛന്റെ കണ്ണടയും
      ആജ്ഞകൾ ആത്മഹത്യ ചെയ്തതറിഞ്ഞ്
      ഉടമസ്ഥർക്കു മുൻപിൽ
      ഹാജർ കൊടുക്കും.

      എട്ടുമണിയ്ക്ക്
      ചോറും കൂട്ടാനും കുത്തി വിഴുങ്ങി
      മേശപ്പുറത്ത് പ്രത്യക്ഷപ്പെടാറുള്ള
      ഇരട്ടപ്പാത്രങ്ങൾ
      ഒരുമിച്ചുപവാസമനുഷ്ഠിയ്ക്കും.

അമ്മയ്ക്കു വയ്യായ വന്നാൽ,

      എന്റെ യൂണിഫോമിനേയും
      അച്ഛന്റെ ഷർട്ടിനേയും
      കെട്ടിപ്പിടിച്ചുമ്മ വെയ്ക്കാൻ
      ചുളിവുകൾ മത്സരിക്കും.

      കൺമുൻപിൽ പെട്ടാലും അറിയാതെ തൊട്ടാലും
      ഉടനുയരുന്ന
      നൂറ്റിയിരുപത് ഡെസിബെൽ ശബ്ദത്തിന്റെ
      മുതലാളിയെക്കാണാതെ
      പാറ്റ, എട്ടുകാലിക്കുടുംബങ്ങൾ
      കണ്ണീരു വാർക്കും.

      പൂവായി വിരിഞ്ഞും
      മരമായി വളർന്നും
      വേരായി പടർന്നും
      വിലസുന്ന
      അമ്മക്കുട്ടിയുടെ ടീച്ചർനേരങ്ങളെ വിഴുങ്ങാൻ
      ഓസിലേഷനും പിബ്ലോക്കും കോംപ്ലക്‌സ് നമ്പേഴ്‌സും
      കൈകോർത്തിറങ്ങും.

അമ്മയ്ക്കു വയ്യായ വന്നാൽ,

      ചവിട്ടുകളേറ്റു വാങ്ങി ചറപറക്കോലത്തിലായ തറയോട്,
      കുളിപ്പിച്ചു കണ്ണെഴുതി പൊട്ടു തൊടീപ്പിക്കാത്തതിനു മുഖം വീർപ്പിക്കും.

      ഇന്നലെ വരെ അംബാനിമാരായിരുന്ന ടെറസിലെ
      വെണ്ടയും തക്കാളിയും വഴുതനയും
      റേഷൻ കാർഡിൽ പേരു  ചേർക്കാനോടും.

      അടുക്കളയില കൂമ്പും.

      ഇട്ടു മാറിയ തുണികൾ ഇൻസ്റ്റലേഷനുകളായി പരിണമിക്കും.

      പിന്നെ,
      രാത്രിയിലെത്താറുള്ള കാമുകിയെക്കാണാതെ
      ഷെൽഫുകളിൽ കാത്തു മുഷിഞ്ഞ പുസ്തകച്ചെക്കന്മാർ നെടുവീർപ്പിടും.

ഇതെല്ലാം കണ്ടു നിൽക്കാനാവാത്തത്രയും
ലോലഹൃദയരായതു കൊണ്ടാണ്,
സ്വന്തം തടി പോലും നോക്കാതെ
മൊത്തമായും ചില്ലറയായും
ഉള്ള വയ്യായകളെ മുഴുവൻ ഏറ്റെടുക്കാൻ
ഞാനും അച്ഛനും മുന്നോട്ടു വരുന്നത്.
----------------------------------------------------------

Monday, April 4, 2016

ഒൻ‌പതാം സ്വർ‌ഗ്ഗം / ഡോണ മയൂര


അങ്ങിനെയിരിക്കുമ്പോൾ
(എങ്ങിനെ എന്ന് ചോദിക്കരുത്,
നിന്നെ ഓർത്തുകൊണ്ടെന്നും
സ്നേഹിച്ചുകൊണ്ടെന്നുമെല്ലാം
നമ്മൾ മാത്രം അറിഞ്ഞാൽ മതി)
ഉറുമ്പുകൾ വന്നു.

നിന്നോട് പറയാൻ
കരുതിവച്ചിരുന്ന വരിയിൽ നിന്നും
ഒരു വാക്ക്
അവരുടെ വഴിയിലലേക്ക് വീണു.

ഉറുമ്പുകൾ അത് വായിച്ചു,
തിരിച്ച് പോയി.

അങ്ങിനെയിരിക്കുമ്പോൾ
(എങ്ങിനെയെന്ന്
നീ വീണ്ടും ചോദിക്കും,
ഒന്നുമറിയാത്തപോലെ
അത്രതന്നെ നിഷ്കളങ്കമായി
ഞാനന്നേരം കേട്ടില്ലെന്ന് നടിക്കും)
ഉറുമ്പുകൾ പിന്നെയും വന്നു.

നേരത്തെ വീണ വാക്കിൽ നിന്നും
ഒരക്ഷരം കാലുകൊണ്ട് തട്ടി
അവരുടെ വഴിക്ക് മുന്നിലേക്കിട്ടു.

അക്ഷരം വായിച്ച് തല ഉയർത്തി
നമ്മളെയൊന്ന് നോക്കി
ഉറുമ്പുകൾ തിരിച്ച് പോയി.

അങ്ങിനെയിരിക്കുമ്പോൾ
(എങ്ങിനെയെന്ന്
നീ ചോദിക്കും മുന്നേ
ഞാനൊരുറുമ്പിനെ പോലെ
നിന്റെ ചുണ്ടിൽ കടിക്കും.)
ആ ഉറുമ്പ് വന്നു.

നമ്മുടെകൈയ്യിൽ
ഒരക്ഷരവും ബാക്കിയില്ല.

നമ്മളന്നേരം ഉടൽപോലുമില്ലാതെ
ഒൻപതാം സ്വർഗ്ഗത്തിലുമായിരുന്നു!  ·  
----------------------------------------

കാറ്റ് / ദ്രുപദ് ഗൗതം


1
അയ്യോ, മാവേ,
നിന്നോടൊരോന്ന്
മിണ്ടിയിരുന്ന്
നേരം പോയതറിഞ്ഞില്ല
ഒരുപാടുണ്ട് പണികൾ
പാടിച്ചെരുവിലെ
എല്ലാ വീടുകളുടെയും
മുറ്റമടിയ്ക്കണം ,
പണിക്കിറങ്ങുംമുൻപ്
അമ്മച്ചിപ്ലാവിന്
ഒരുമ്മകൊടുക്കണം
ഉബ്രിക്കുന്നിലെ
മഴയെ കൂട്ടിക്കൊണ്ടുവന്ന്
എല്ലാ മരങ്ങളേയും
കുളിപ്പിക്കണം ,
കരയും മുമ്പ് അവരുടെ
തല തോർത്തികൊടുക്കണം.
2
എല്ലാ
തെങ്ങനുജത്തിമാരുടെയും
മുടിചീകിക്കൊടുക്കണം ,
അപ്പുപ്പന്
പത്രം മറിച്ചു കൊടുക്കണം ,
കിടപ്പു മുറിയിലെ മടുപ്പെല്ലാം
കുടഞ്ഞു വിരിക്കണം.
ഇലവീടുകളുടെ
എല്ലാ വാതിലുകളും
ശരിക്കടഞ്ഞിട്ടുണ്ടോയെന്ന്
ഉന്തിനോക്കണം.
അനാഥരായ ഞാറ്റിൻകുഞ്ഞുങ്ങളുടെ
കണ്ണീർ തുടയ്ക്കണം ,
അവരെ പാടിയുറക്കാൻ
പുതിയൊരു താരാട്ട്
പഠിച്ചെടുക്കണം.
ഇടയ്ക്ക് തളരുമ്പോൾ
ഒരു ഇരിപ്പിടമനുവദിക്കാൻ
കരിയിലകളുടെ ജാഥ നയിക്കണം.
3
മുറ്റത്താറാനിട്ട
തുണിയെല്ലാം
മടക്കിവയ്ക്കണം.
വിളക്കി ൻ നാളത്തെ
തുള്ളൽ പഠിപ്പിയ്ക്കണം
അടുക്കളയിൽ
തീ
ഊതിക്കൊടുക്കണം.
പിന്നെ ,
നിന്ന്
തീപിടിക്കുമ്പോൾ
മാവേ ,
നിന്നെ കെട്ടിപ്പിടിച്ചൊരു
മഴ നനയണം.

--------------------------------

Sunday, April 3, 2016

കഥാശേഷം / ബാലചന്ദ്രന്‍ ചുള്ളിക്കാട്


പെട്ടെന്ന് രാധ
പ്രേമശക്തിയുടെ പരിധിക്കു പുറത്തായി.
യമുനാതടത്തില്‍
അവളുടെ നനഞ്ഞ നിഴല്‍ മാത്രം
ഉടഞ്ഞു കിടന്നു.

കൃഷ്ണന്‍ ഭൂസ്പര്‍ശിയല്ല.
അയാളുടെ കാല്പാടുകള്‍ കണ്ടെത്താന്‍
നിയമപാലകര്‍ക്കു കഴിഞ്ഞില്ല.

വഞ്ചിക്കപ്പെട്ട വേണുഗാനം
സ്വര്‍ഗ്ഗത്തിലേക്കു തിരിച്ചുപോയി.

വൃന്ദാവനത്തില്‍
അഴുകിയ മാംസത്തിന്റെ ഗന്ധം മാത്രം അവശേഷിച്ചു.
------------------------------------------------------------

ആകാശമേ...ഞാനും / നഫീസത്ത് ബീവി


ആകാശത്തോട്
ഒരു വല്ലാത്ത പ്രണയമാണെനിക്ക്.
ഒഴുകി നടന്നു കൂട്ടുകൂടുന്ന
വെണ്‍മേഘങ്ങള്‍ക്കൊപ്പം
ആന കളിക്കാന്‍
ആ പഞ്ഞിമെത്തയില്‍
ഉരുണ്ടൊന്നുറങ്ങാന്‍
പരന്നൊഴുകുന്ന നീലത്തടാകത്തില്‍
ആര്‍ത്തൊന്നു മദിക്കാന്‍
ആയിരം കാന്താരി പൂത്തിറങ്ങുന്ന
വസന്തകാലത്തിന്‍റെ പൂവാടിയില്‍
രാക്കുയിലായ് വീണമീട്ടാന്‍
കണ്ണു കുത്തിപ്പൊട്ടിച്ചാലും
കാഴ്ച തെളിയാത്ത
കനത്ത കറുത്ത രാവിന്‍
ഇരുട്ടിന്നൊപ്പം അലയാന്‍
കണ്ണീര്‍തടങ്ങളെ
ഗര്‍ഭത്തില്‍ ആവാഹിച്ച്
ഭൂമിയെ കെട്ടിപ്പുണരാന്‍
ആകാശമേ....
മാനം പോകാതെ
മാനം ആകണം എനിക്കും.
----------------------------------

പെണ്ണുങ്ങള്‍ കാണാത്ത പാതിരാനേരങ്ങള്‍ / വി.എം ഗിരിജ


പെണ്ണുങ്ങള്‍ കാണാത്ത പാതിരാനേരങ്ങള്‍
എങ്ങനെയാവുമാപ്പാര്‍ക്കില്‍?
എല്ലാ വിളക്കുമണഞ്ഞാലീപ്പാതിര
എങ്ങനെയാവുമീ നാട്ടില്‍?
നട്ടുച്ചനേരത്തു കണ്ട പാടങ്ങളില്‍
പുറ്റുപോല്‍ പൊന്തും ഇരുട്ടില്‍
എത്രയുണ്ടാവും തണുപ്പിന്‍റെ കൈപറ്റി-
പ്പച്ച പടര്‍ന്നതിന്നോര്‍മ്മ?
കാറു പോകാത്തീത്തവിട്ടു പാതയ്ക്കെല്ലാ-
മേതോ ചിറകു മുളയ്ക്കും.
വീണുകിടക്കും നിലാവു കുടിക്കുവാന്‍
ആടും നിഴലുകള്‍ നോക്കും.
പെണ്ണുങ്ങള്‍ കാലുവെക്കാത്തതാം പാതിരാ-
ക്കുന്നിലെന്താവും അന്നേരം?
പാലകളില്‍പ്പൂ വിരിയുമോ?
നക്ഷത്രമാലകളാടുമോ മീതേ?
കള്ളുകുടിയന്മാര്‍ വീണുകിടക്കുന്ന കല്ലുവഴികളും കൂടെ
നിന്നു മുരളുന്ന വാലാട്ടിനായയും-
എന്നൊന്നു കാണും ഒറ്റയ്ക്ക്?
------------------------------------------------------- 

പുഴയുടെ കാലം / എ.അയ്യപ്പന്‍


സ്നേഹിക്കുന്നതിനുമുമ്പ്
നീ കാറ്റും
ഞാനിലയുമായിരുന്നു.
കൊടുംവേനലില്‍
പൊള്ളിയ കാലം
നിനക്കു കരയാനും
ഒരു മഴയാകാനും കഴിഞ്ഞിരുന്നു.
തപ്തമായ എന്റെ നെഞ്ചില്‍തൊട്ടുകൊണ്ട്
നിന്റെ വിരലുകള്‍ക്ക്
ഉഷ്ണമാപിനിയാകാനും കഴിഞ്ഞിരുന്നു.
ഞാന്‍ തടാകമായിരുന്നു
എനിക്കു മുകളില്‍
നീയൊരു മഴവില്ലായിരുന്നു.
ഒരു കര്‍ക്കിടകത്തില്‍
നമ്മള്‍ മാത്രം
മഴത്തുള്ളികളായിരുന്നു.
ഒരു ഋതുവിലൂടെ
നിന്റെ ചിരിക്ക്
വസന്തമാകാന്‍ കഴിഞ്ഞിരുന്നു.
ഒരു മഞ്ഞത്ത്
നമ്മള്‍ മാത്രം
പുല്‍ക്കൊടികളായിരുന്നു.
ഒഴിവുകാലത്ത് നമ്മളും
ഒരു ഋതുവില്‍നിന്ന്
ആള്‍ക്കൂട്ടവും പിരിഞ്ഞു.
ഒരു ശൈത്യത്തില്‍
മരപ്പൊത്തിലൂടെ
വലംകൈയിലെ
ചൂണ്ടുവിരലിലൂടെ
നിനക്കു നീലയാകാന്‍ കഴിഞ്ഞു.
-------------------------------------

Saturday, April 2, 2016

ഞാനൊരു ഗൂഢാലോചനക്കാരിയാണ് / ചിത്തിര കുസുമൻ

ഞാനൊരു ഗൂഢാലോചനക്കാരിയാണ് , 
ഇരിക്കുന്ന ഇരിപ്പിലൊക്കെ
നടക്കുന്ന നടപ്പിലൊക്കെ
കിടക്കുന്ന കിടപ്പിലൊക്കെ
അതിഗൂഢവും വിചിത്രവുമായ എത്രയെത്രയോ ആലോചനകളിൽ നിന്നാണ്
ഇങ്ങോട്ട് വായെന്ന് ഞാനെന്നെ വലിച്ചുപുറത്തേക്കിടുന്നത് !

ആടുന്ന രണ്ടു ജോഡി കാലുകളെ താഴെനിന്ന് മേലേക്കാലോചിച്ച്
ഇറങ്ങേണ്ട ബസ്സ്റ്റോപ്പ് കഴിഞ്ഞുപോയതുപോലെ,

പത്രങ്ങളിൽ മുഖം മറഞ്ഞും നിയമപാലകരാൽ ചുറ്റപ്പെട്ടും പിന്നെക്കാണാതായ
വിലങ്ങുവെച്ചിരുന്ന, മെലിഞ്ഞു വെളുത്ത രണ്ടു കൈത്തണ്ടകളെവിടെയാകുമെന്നോർത്ത്
വായിച്ചിരുന്ന പുസ്തകത്തിന്റെ പേജ്നമ്പർ മറന്നുപോയതുപോലെ,

വായോളം കൊണ്ടുവന്ന ചോറുരുള
കഴിക്കും മുൻപ് ചുറ്റും നോക്കണം എന്ന് പലവട്ടം തോന്നിയ പോലെ ,

സാറ സാറയെന്ന് രണ്ടുവട്ടം പ്രസവിക്കണമെന്ന് ,
എന്നിട്ട് അവൾക്ക് നാളെയൊന്നുമാകല്ലേയെന്ന് കരഞ്ഞുപോയതു പോലെ ,

ഉരുകിത്തിളക്കുന്ന ടാർ റോഡുകൾ മുഴുവൻ
ഏതു വയൽ , ഏതു പുഴ, ഏതു കുന്നു നിരത്തിയതാകുമെന്ന്
ഉച്ചി പൊള്ളിച്ച് നടന്നു തീർക്കുന്നതു പോലെ

അങ്ങനെ കേട്ടതുകൊണ്ട്
അങ്ങേരുടെ ഓരോ ഫോട്ടോയും ഫോട്ടൊഷോപ്പ് ചെയ്തതാണോയെന്ന്
പേർത്തും പേർത്തും നോക്കിപ്പോകുന്നതു പോലെ

ആസിഡ് വീണു പൊള്ളിയതാണോയെന്ന്
ഇടയ്ക്കു മുഖമൊന്നു തൊട്ടുനോക്കിപ്പോയതു പോലെ ,

രാജ്യാതിർത്തികൾക്കപ്പുറത്ത്
ശരീരവും മുഖവുമാകെമൂടിയൊരുത്തി
ഇന്നേരമോരോന്നു കുത്തിക്കുറിക്കുന്നുണ്ടാകുമോയെന്ന് ,
സങ്കടപ്പെടണ്ടയെന്ന് അവളോട്‌ പറയണമെന്ന് തോന്നിയ പോലെ ...

നിങ്ങളറിയുന്നുണ്ടോ പക്ഷേ ?
ഈ നാട്ടിൽ അതിഗൂഢമായിങ്ങനെ പലതുമാലോചിച്ചു പോകുന്നത്
ഞാനൊരാളല്ല .
ചിന്തകളുടെയും സ്നേഹത്തിന്റെയും ഗ്ലോബൽ വലകൾ
എവിടെയൊക്കെയോ നെയ്തു കൊണ്ടിരിക്കുന്നുണ്ട് .
അവ പരസ്പരം കൂട്ടിത്തൊടുന്ന നേരത്തിന്
ആകാശവും ഭൂമിയും സാക്ഷികളാകും ,
അന്ന്
നിങ്ങൾ പലപേരിൽ വിളിക്കുന്ന ദൈവങ്ങൾ
ഞങ്ങളോടൊത്ത് മരങ്ങൾ നടാൻ വരും .
അതിന്റെ തണലിനെക്കുറിച്ച്
ഞങ്ങൾ ഒരുമിച്ചു പാട്ടുകൾ പാടും.
അതിന്റെ വേരുകൾ ശേഖരിക്കാനിരിക്കുന്ന ജലത്തെക്കുറിച്ച്
ഞങ്ങളുടെ കുഞ്ഞുങ്ങൾ സ്വപ്നം കാണും .
അതിനു മേലെക്കൂടുകളിൽ വിരിയാനിരിക്കുന്ന മുട്ടകളിലെ
കിളിയൊച്ചകളിൽ നിങ്ങൾക്ക് ചെവികളടഞ്ഞു പോകും.
കറുപ്പും വെളുപ്പും തവിട്ടും നിറമുള്ള കൈകൾ
പരസ്പരം കോർത്തുവെച്ച് ഞങ്ങളൊരു ചിത്രം വരയ്ക്കും,
അതിൽ പക്ഷേ , നിങ്ങളുണ്ടാവുകയില്ല .
നിശ്ചയം .


തെണ്ടി / ആറ്റൂര്‍ രവിവര്‍മ്മ


അവൻ ആരുടെയും സ്നേഹത്തെപ്പറ്റി പറഞ്ഞില്ല
ക്രൂരതയുടെ സ്വാർത്ഥത്തെപ്പറ്റി പറഞ്ഞു
പ്രണയത്തെപ്പറ്റി പറഞ്ഞില്ല
മരണത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു
പുലരിയിൽ കൂകിയുണർന്നില്ല
പാതിരാക്കൂമനായി മൂളി.
മധുരമുണ്ടായിരുന്നില്ല നാവിൽ
കയ്പ്പായിരുന്നു തൊണ്ടയിൽ
പാറ പിളർക്കുന്ന മഴുകൊണ്ട്
ആകാശം പണിയാനാവില്ല
പാതാളം തുരന്നു.
പൂക്കളിൽനിന്നു തേനുണ്ടില്ല
വിഷമായിരുന്നു പാനീയം.
തോടായിരുന്നു പാത്രം
തോലായിരുന്നു ഉട
തലയ്ക്കോളമായിരുന്നു
ചോടുവച്ചേടം ചുടലയായിരുന്നു
നോട്ടത്തിൽ തീയ്യായിരുന്നു
സുന്ദരനായിരുന്നു അവൻ .
------------------------------------------

ഏറെയുണ്ടെന്‍ തോട്ടത്തില്‍ / സച്ചിദാനന്ദന്‍


ഏറെയുണ്ടെന്‍ തോട്ടത്തില്‍
പൂവുകളതിലേറ്റം
മോഹനമേതെന്നു ഞാ-
നെങ്ങിനെ ചൊല്ലും തോഴി?
നല്ലതു പനീനീരെ-
ന്നോതുകില്‍ പിണങ്ങുമേ
മുല്ല,യെന്നെപ്പോല്‍ ശുഭ്ര-
യാരെന്നു കലഹിക്കും
സുന്ദരി ജമന്തിയെ-
ന്നൊന്നുരിയാടിപ്പോയാല്‍
ചെമ്പകം തന്‍ പൊന്‍മേനീ
കണിച്ചു രോഷം കൊള്ളും
മന്ദാരം മനോഹരീ-
യെന്നു ചൊല്ലുകില്‍ തുമ്പ
തന്ടെ കൊച്ചരീപ്പല്ലു
കടിച്ചു കോപം കാട്ടും
പട്ടുപോലിതളുള്ള
താമര തന്നേ നന്നെ-
ന്നൊക്കുകില്ലോ താന്‍,
ചെമ്പരത്തി തന്‍ നിറം മാറും
ശംഖുപുഷ്പത്തെ സ്തുതീ-
ച്ചീടുകില്‍ കാശിത്തുമ്പ
ശണ്ഠകൂടിടും പല
വര്‍ണത്തില്‍ കൊടി നാട്ടി
ഏറെയുണ്ടെന്‍ തോട്ടത്തില്‍
പൂവുകളതൊക്കെയും
മോഹനം,പക്ഷേ നിന്നോ-
ടൊക്കുകില്ലൊരു പൂവും...
-------------------------------

പൂക്കളായി വിവർത്തനം ചെയ്യൂ എന്ന് മുറിവുകൾ / സെറീന



യുദ്ധം തകർത്തുകളഞ്ഞ തെരുവിലൂടെ നടന്നിട്ടുണ്ടോ ,
യുദ്ധമെന്ന് പറയാനാവില്ല ,
അശരണമായ സ്വപ്നങ്ങളുടെയും
കുടിയൊഴിക്കപ്പെട്ട പ്രതീക്ഷകുളുടെയും
നഗരത്തിലേക്ക് അപ്രതീക്ഷിതമായി
വെടിയുണ്ടകൾ പായിച്ച് പാഞ്ഞു പോയ
ഒരു മഹാ വിപത്തിന് ശേഷം
ആ തെരുവിലൂടെ നടന്നിട്ടുണ്ടോ ?

ചോരയുടെ മണമുള്ള വാക്കുകൾ വേണ്ടെന്ന്
വെളുത്ത കൊടിയുയർത്തുന്നു
പ്രണയത്തിന്റെ രാജ്യം ,
മുറിവുകളിൽ നിന്നും പൂക്കളായി
വിവർത്തനം ചെയ്യാവുന്ന വാക്കുകളെ
തിരഞ്ഞു തിരഞ്ഞു ഞാനുറങ്ങിപ്പോയി
വിചിത്രമായ മേഘ  ലിപികളുടെ
കൈയ്യെഴുത്തു താളുകളുമായി ആകാശം .
അവ മറിച്ചു നോക്കി നോക്കി,
ആകെ ചിതറിപ്പോയ ഉടലിൽ നിന്നും
ഓർമ്മയുടെ അവസാന മുദ്ര കണ്ടെത്തും പോലെ
ഒരു  നക്ഷത്രത്തെയെങ്കിലും
എടുത്തു വെയ്ക്കാനെന്ന പോലെ കാറ്റ് ..

കലാപത്തിനു ശേഷം വരുന്ന ആദ്യത്തെ
രാത്രി പോലെ ,
ആര് , എവിടെയൊക്കെ എന്നറിയാതെ
തുറന്നു കിടക്കുന്നു, നിറയെ തുള വീണ
ചുവരുകളുമായി വീടുകൾ
ഇത്ര കാലവും നമ്മൾ
പരസ്പരം കാത്തിരിക്കുകയായിരുന്നോ
വഴികൾ അതിർത്തികളായി
വിഭജിക്കപ്പെട്ട ഈ തെരുവിൽ ?
------------------------------------------------------

Thursday, March 31, 2016

അടുക്കള / ആര്‍.സംഗീത


വിയര്‍ത്ത് ചടച്ച്‌
വല്ലാതെ മുഷിഞ്ഞു
ആത്മാവോളം കരിപുരണ്ട്
ഉള്‍വലിഞ്ഞൊരു നില്‍പ്പുണ്ട്... !
നോവ്‌ മഴകള്‍
നനച്ച വിറകുകള്‍
ഊതിയൂതി
കണ്ണ് കലങ്ങുമ്പോള്‍
വല്ലാതൊന്നു നെടുവീര്‍പ്പിടാറുണ്ട്.
ഓരോ രാത്രിയും
വെന്തു നീറുന്ന
പൊള്ളല്‍ പാടുകളിലേക്ക്
ചുരുങ്ങിച്ചുരുങ്ങി
ഇല്ലാതാവുമ്പോള്‍
ചത്ത്‌ കളഞ്ഞാലോന്ന്,
ആലോചിക്കാറുണ്ട്... !

ഓര്‍മ്മകളുടെ
ഉളുമ്പ് മണമുള്ള
വഴുവഴുക്കലുകളെ
തേച്ചു മെഴക്കിയെടുക്കാന്‍
പണ്ടേ ശീലിച്ച് കഴിഞ്ഞു.
നുറുക്കി വച്ചവ..
അരച്ച് ചേര്‍ത്തവ..
പാതി വെന്തവ..
കൂടിയും കുറഞ്ഞും പോയവ
മുറുമുറുക്കലുകളുടെ
തീന്‍ മേശയിലേക്ക്‌
പാകപ്പെടാന്‍
പഠിച്ചു കഴിഞ്ഞു
എങ്കിലും
ഇടയ്ക്ക് പൊന്തുന്ന
രുചി മണങ്ങളിലേക്ക്
കൊതിയോടെ
വെള്ളമൂറിക്കുന്നുണ്ട്
നാണമില്ലാത്ത
ഒരു ജീവിതം....
ചിതറിത്തെറിച്ച
ഓരോ വെളുപ്പാന്‍കാലത്തെയും
തൂത്ത് കൂട്ടുമ്പോള്‍
ഉണര്ച്ചകളിലേക്ക്
തിളപ്പിച്ചൂതിയാറ്റി
ആരോ
മൊത്തിക്കുടിക്കുന്നുണ്ട്‌
എന്നെ.!
----------------------------------

Wednesday, March 30, 2016

വൃത്തം / പി . എൻ . ഗോപികൃഷ്ണൻ



എന്‍റെ കാലുകള്‍
നിങ്ങളുടേതുപോലെത്തന്നെ.
മുന്നോട്ടു ചൂണ്ടുന്ന വിരലുകള്‍.
ഉറപ്പുള്ള ഉപ്പുറ്റി.

ശ്വസിക്കാനുള്ള വായു
എന്റെ മുന്നില്‍ത്തന്നെ.തീറ്റയും.
കണ്ണുകള്‍ വഴികാട്ടുന്നതും
മുന്നോട്ട്.
എന്നിട്ടും
നടന്നു നടന്ന്
ഞാനുണ്ടാക്കിയ പാതകള്‍
എങ്ങനെ വട്ടത്തിലായി?

തെറ്റിദ്ധരിക്കരുത്.
ഞാനല്ല
ഭൂമിയെ ഉരുട്ടിയെടുത്തത്.
സൂര്യനുചുറ്റും കറക്കിവിട്ടത്.
റിങ്ങ് റോഡ് കേന്ദ്രമാക്കി
ഈ പട്ടണത്തെ പണിതുയര്‍ത്തിയത്.
ഒരു കണ്ടുപിടിത്തവും എന്റേതല്ല.
ഒരു നിര്‍മ്മിതിയും.
ഞാന്‍ പോലും.

പാദങ്ങള്‍ക്കു മുകളിലെ
പാവാടയുടെ വട്ടം എന്റേതല്ല.
ഉപ്പുറ്റിയ്ക്കു മീതേ
പാദസരത്തിന്റെ വൃത്തവും.
വളയുടെ മാലയുടെ
ചുരിദാര്‍ കഴുത്തിന്റെ
വലയങ്ങളും എന്റേതല്ല.

കറിക്കരിഞ്ഞു തരുമ്പോള്‍
ചായയിടുമ്പോള്‍
സ്വന്തം അടിവസ്ത്രം
ഇട്യ്ക്ക് കഴുകിയിടുന്നതു കാണൂമ്പോള്‍
ഞാന്‍
അവനോട് പറയാറുണ്ട്
:എന്റെ വലയങ്ങളീലൂടെയാണ്
നീയിപ്പോള്‍ കടന്നുപോകുന്നത്.
എന്നാല്‍
അവന്‍ വലിക്കുന്നത് വലിച്ചാലും
കുടിക്കുന്നത് കുടിച്ചാലും
അവന്റെ രേഖയില്‍ ഞാന്‍ തൊട്ടു
എന്നൊരിക്കലും പറഞ്ഞുകേട്ടിട്ടില്ല.
സ്വയം തോന്നിയതുമില്ല

വിഷുപ്പടക്കത്തിന്റെ ഒച്ചയില്‍ ഞെട്ടി
എന്നെന്നേയ്ക്കുമായി വീടു വിട്ടെന്നു വിചാരിച്ച നായെ
ഒരിക്കല്‍ ഞാന്‍
വഴിയില്‍ കണ്ടെത്തി.
ടൈഗര്‍,ടൈഗര്‍ എന്നു
വിളിച്ചു.

‘മിണ്ടാതിരി’
അവന്‍ പറഞ്ഞു.
ടൈഗറാണെങ്കില്‍
ഇതിനകം തിരിച്ചു വന്നേനെ.

അവനറിയില്ല.
ഒരു വൃത്തം പൂര്‍ത്തിയാക്കാന്‍
അല്പം പുറകോട്ടു പോണം.
ഇത്തിരി പഴമ രുചിക്കണം.

നായായാലും പുരുഷനായാലും.
---------------------------------------

പച്ചയിരുട്ടും തണുപ്പും / സ്റ്റാലിന



എന്നുമെന്ന പോലെയിന്നും
ചുവന്ന ബസ്സിന്നോരത്ത്
ചുട്ടുപൊള്ളിയിരിക്കുന്നു
ഇനിയൊരു വളവ്
കഴിഞ്ഞാലൊരിളം
തണുപ്പ്
വന്നുമൂടും
വയസ്സിമരത്തിൻ
മുടിയിൽ
മുഖംതുടച്ചാകാശം
ഒന്നു നിശ്വസിയ്ക്കും

മരത്തിൻ മടിയിലും
വേരുകളിലും
ഒളിച്ചിരുപ്പാണിരുട്ടും
തണുപ്പും.

തണലിനപ്പുറം
വരണ്ട മണ്ണിൻ
വേദനകൾ
വിറ്റുവീർക്കുന്ന
വിണ്മതിലുകൾ
വെളുക്കെ ചിരിയ്ക്കുന്നുണ്ട്
വടങ്ങളും
വാരിക്കുഴികളും
വട്ടമിടുന്നുണ്ട്
മരച്ചുവട്ടിലും-

പേടിച്ചിരുപ്പാണ്
പാവങ്ങൾ.

ഇടം നെഞ്ചിലേയ്ക്ക്
വിളിച്ചിരുത്തി
വാക്കുകളിലൊളിപ്പിച്ചു
കടത്തുന്നു
ഞാനവരെ
മരിയ്ക്കും മുമ്പേ
മടിയിൽ പൊഴിച്ചിട്ട
വിത്തുകൾക്കൊപ്പം

കടും നിറങ്ങൾ
ഉരുകിയൊലിയ്ക്കുന്ന
നഗരമധ്യത്തിൽനിന്നും
ഒളിച്ചോടുന്ന
ഒറ്റമുറിയിൽ
ഉറുമ്പിൻചുവടുകൾ കൂടി
കേൾക്കാവുന്നത്ര
നിശ്ശബ്ദതയിൽ,
കറുത്തമണ്ണിൽ
കിടത്തിയുറക്കുന്നു
ഞാനവരെ

കൊടും പകലുകൾ
കാർന്ന കണ്ണുകൾ
കടഞ്ഞിരിയ്ക്കുമ്പോൾ
കുഞ്ഞിളംകാറ്റാകുവാൻ
കൈകൾ ചേർത്ത്
കൂടെയുണ്ടെന്ന്
കവിതയാകുവാൻ.
-----------------------

ചായ / കുരീപ്പുഴ ശ്രീകുമാർ


ചായയുണ്ടാക്കാൻ പഞ്ചസാരയില്ല
നല്ലത്.പ്രമേഹം വരില്ലല്ലോ

പാലുമില്ല
വളരെ നല്ലത്
കൊഴുപ്പു വർദ്ധിക്കില്ലല്ലോ
തേയിലയുമില്ല
വളരെ വളരെ നല്ലത്
ലഹരിപദാർത്ഥങ്ങൾ പാടില്ല.
വെള്ളവുമില്ല
വളരെ വളരെ വളരെ നല്ലത്
മഞ്ഞപ്പിത്തവും കോളറയും വരില്ലല്ലോ
അപ്പോൾ ചായ?
എന്തതിശയമേ സങ്കൽപച്ചായ
എത്ര മനോഹരമേ..
------------------------------------------

ചിത്രകാരീ , നിന്റെയൊരാട്ടിൻ കുട്ടി / കുഴൂർ വിൽസണ്‍



വേറെ വഴിയില്ലാത്തതുകൊണ്ടും
അത്രയ്ക്ക് അത്യാവശ്യമായതിനാലും
ചിത്രകാരീ,
നീ
പച്ചപ്ലാവിലയും
തവിട് കലക്കിയ കാടിയും
കൊടുത്ത് കൊഴുപ്പിച്ച
എട്ടാട്ടിൻകുട്ടികളിൽ ഒന്നിനെ
ഞാനെടുക്കുന്നു
കൊണ്ട് പോകുന്നു
അങ്ങാടിച്ചന്തയിൽ
ഞാനതിനെ വിൽക്കും
ഒട്ടും നേരം കളയാതെ
കാര്യം നടത്തും

നീ പച്ചയിലും തവിട്ടിലും
ചാലിച്ച് ചാലിച്ച്
ഓമനിച്ചോമനിച്ച്
കൊഞ്ചിച്ച് കൊഞ്ചിച്ച്
കൊഴുപ്പിച്ച ആ
ആട്ടിൻ കുട്ടിയെ
അറവുകാർക്ക് മാത്രം
കൈമാറില്ല
എന്ന
ഉറപ്പിൽ

ചിത്രകാരീ,
നീ സങ്കടപ്പെടരുത്
നിന്റെ ക്യാൻവ്യാസിലെ
കടലിൽ
സൂര്യൻ താഴുമ്പോൾ
സന്ധ്യയങ്ങനെ
കുങ്കുമത്തിൽ കലരുമ്പോൾ
പച്ചപ്പാടത്ത്
മേയാൻ പോയ
എന്റെ തങ്കക്കുടങ്ങളേയെന്ന്
നീട്ടിവിളിച്ച്
നീയോടിയോടി വരുന്നത്
കേൾക്കാമെനിക്ക്
കൂട്ടത്തിൽ കുറുമ്പനായവന്റെ
നെറ്റിയിൽ തൊടാൻ
കുറുക്കിയ ചായത്തിൽ
കണ്ണീരു കലരുന്നത്
കാണാമെനിക്ക്

ചിത്രകാരീ,
വേറെ വഴിയില്ലാത്തതുകൊണ്ടാണു
അത്രയ്ക്ക്
അത്യാവശ്യമുള്ളതുകൊണ്ടാണു

എനിക്ക് വേണമെങ്കിൽ
പത്തര സെന്റിൽ
നീ വരഞ്ഞ ആ
രണ്ട് നില മാളികയിൽ
കയറാമായിരുന്നു
അതിന്റെയുള്ളിലെ
രഹസ്യ അറകളിലെ
നീ പോലും കാണാത്ത
പണ്ടങ്ങൾ
മോഷ്ടിക്കാമായിരുന്നു

അതുമല്ലെങ്കിൽ
നീ വരഞ്ഞ
അതിസുന്ദരിയും
മദഭരിതയുമായ
മുക്കുത്തിയിട്ട
രാജകുമാരിയുടെ
അരഞ്ഞാണം
അടിച്ചെടുക്കാമായിരുന്നു
ഉമ്മ കൊടുത്തവളെ
മയക്കിക്കിടത്തി
അന്തപുരം
കൊള്ളയടിക്കാമായിരുന്നു

അതുമല്ലെങ്കിൽ
നീ വരഞ്ഞ
കരിനാഗങ്ങൾ
കാവൽ നിൽക്കുന്ന
കാവിനുള്ളിൽ കയറി
ആ മാണിക്യവുമെടുത്ത്
നാട് വിടാമായിരുന്നു

അല്ലെങ്കിൽ
നീ വരഞ്ഞ കിളികളെ
വെടിവച്ച് പിടിച്ച്
ചുട്ടു വിൽക്കാമായിരുന്നു
നീ വളർത്തിയ
മഹാഗണികൾ
വെട്ടി വിൽക്കാമായിരുന്നു
നിന്റെ  കണ്ണനെ
കണ്ണുകുത്തിപ്പൊട്ടിച്ച്
പിച്ചയ്ക്കിരുത്തി
പണക്കാരനാകാമായിരുന്നു
അവന്റെ ഗോപികമാരെ
അടിമകളാക്കി
ചുവന്ന തെരുവുകൾക്ക്
കൈമാറാമായിരുന്നു

ചിത്രകാരീ,
ഇതൊന്നുമല്ല
നിന്റെ  എട്ടാട്ടിൻകുട്ടികളിൽ
ഒന്നിനെ ഞാനെടുക്കുന്നു
നല്ല വിലയ്ക്ക്
വിൽക്കുന്നു
നിന്ന നിൽപ്പിൽ
കാര്യം നടത്തുന്നു

ഇപ്പോൾ
ആൾത്താമസമില്ലാത്ത
എന്റെ തലയിൽ
പുതിയ വാടകക്കാർ വന്നാൽ
അവർ
തരക്കേടില്ലാത്ത
മുൻകൂർ പണം തന്നാൽ
ചിത്രകാരീ,
തീർച്ചയായും
എന്ത് വിലകൊടുത്തും
ഞാൻ നിന്റെ
ആട്ടിൻ കുട്ടിയെ
തിരിച്ച് പിടിക്കും

നിന്റെ
ചിത്രത്തിൽ
കൊണ്ട് വന്നു കെട്ടും
അപ്പോൾ
അപ്പോൾ
നീയതിനെ
മറന്നു പോയെന്ന്
പറയരുത്

പച്ചപ്ലാവിലകൾ
തീർന്ന് പോയെന്ന്
പറയരുത് .
-------------------------

പുഞ്ചനടുവിൽ കൈത പൂത്തുമണത്ത പാട്ടുകൾ / സുധീർ രാജ്


അണ്ണൻ
ഭജനയായ ഭജനയ്ക്കെല്ലാം
കരിമ്പായലു പോലത്തെ മുടിയിൽ
ചെളികൊണ്ടു പീലി കുത്തിയ
കറുത്ത ചെറുക്കന്റെ പാട്ട് പാടും .

പിന്നണ്ണൻ
കരുത്തു തുടുത്ത്
കരിമഷിക്കണ്ണ് കൊണ്ടു തൈവാഴ കുലപ്പിക്കും
കറുത്ത പെണ്ണിന്റെ പാട്ട് പാടും .

ഗഞ്ചറ പെരുക്കിപ്പെരുക്കി
തിറയാടും കറമ്പി കലിക്കും
പെരുന്താളം തുടിയിടും .

പാതിരാവാടിയാടിയുലഞ്ഞു കളിച്ചു കുഴഞ്ഞു
നിലാപ്പായയിൽ മഞ്ഞളും ചന്ദനവും തെറ്റിപ്പൂവും
പുരണ്ടു വീഴും വരെയണ്ണന്റെ കുരല് പൂക്കും .

ഭജന കഴിഞ്ഞണ്ണന്റെയൊരു വരവുണ്ട് .
നാലു കാലിലാടിയാടി
മാടൻ തോടിന്റെ വരമ്പത്തൂടെ
തിത്തിത്തൈ ത്രിമൃതത്തൈ..
അണ്ണന്റെയൊരു പാട്ടുണ്ട് ..
"ഇരുട്ടു കുടുക്ക പൊട്ടിച്ചേ
പൊന്നുമണി മുത്തെടുത്തെറിഞ്ഞേ
താഴെ വീഴാണ്ട് മേലോട്ട് പോയേ
മാനത്തപ്പിടി മിന്നാമിനുങ്ങു തെളിഞ്ഞേ "

അപ്പഴേ
ഒരിയ്ക്കലേ
വരമ്പിന്റെ നടുക്കേ
ഈരേഴത്തോർത്തുടുത്ത്
കറുത്തനെറ്റിയിൽ നിലാവിന്റെ
വെള്ളച്ചുട്ടി കുത്തിയ ചെറുക്കൻ .

മാടനും മറുതയും കൂമനും
കൂരാപ്പു കുത്തുന്ന പാതിരായെക്കെങ്ങോട്ടു
പോണെന്റെ ചെക്കാ .
അണ്ണനുള്ളീന്നൊരു വിളിയങ്ങു പൊങ്ങി ....
മുണ്ടിന്റെ കോന്തലെക്കെട്ടിയ
ഗഞ്ചറയെടുത്തു
വലം കയ്യുലച്ചൊന്നു പെരുക്കി
പുഞ്ച വെള്ളമിങ്ങനെ മേലോട്ട് പൊങ്ങി .
ഇരുട്ടായിരുട്ടെല്ലാം കട്ടപിടിച്ച
കറുത്തവാവുപോലൊരു പാമ്പ് പത്തിനിവർത്തി
ചെറുക്കനീരേഴത്തോർത്തു തറ്റുടുത്ത്‌
പാമ്പിന്റെ നിറുകേലും കേറി .
അണ്ണനോ,
ഇടന്തല വലന്തല കൊട്ടിപ്പെരുക്കി .

കള്ള് കാഞ്ഞ തൊണ്ടയിൽ
കാറ്റു ചിന്നം വിളിച്ചേ
തോട്ടുവക്കിലെയീറ്റ മുഴുവൻ
കുഴലു വിളിച്ചേ
പാത്ത് പാത്തുനിന്ന കുളക്കോഴിയെല്ലാം
കൊമ്പു വിളിച്ചേ .
മുടിയുലച്ചുറയും കറുത്ത കിടാത്തി
മാനത്തു തിറയാട്ടം പൊലിച്ചേ
എന്റെ പെണ്ണേ എന്റെ പെണ്ണേന്നു വിളിച്ച്
ചെറുക്കനാടിത്തിമിർത്തേ.

ആടിയാടിപ്പെണ്ണ് വിയർത്തേ
ആടിയാടി ചെക്കൻ വിയർത്തേ
ഒരുതുള്ളിയിരുതുള്ളി പലതുള്ളിയിങ്ങനെ
മണ്ണിലാർപ്പു വിളിച്ചേ .

പൊന്നമ്മച്ചിയേ
ഭദ്രകാളീന്ന് വിളിച്ചണ്ണൻ
ഗഞ്ചറയിലറഞ്ഞേ..
പെരുവിരലു തൊട്ടടിമുടി പെരുത്തണ്ണൻ
ഒന്നല്ല രണ്ടല്ലിരുപതു കയ്യു കൊണ്ടു
ഗഞ്ചറയിലാദിഭൂത ,ഭൂമി. പാതാള -
മച്ഛനമ്മയപ്പൂപ്പന്മാരുടെ ചെത്തമെല്ലാം
പുഞ്ചേ വിതച്ചേ ...

പുഞ്ച നടുവിലൊറ്റത്തുരുത്തിലൊറ്റ മാടത്തിലെ
പൊട്ടക്കണ്ണി നാണി മാത്രമണ്ണന്റെ ഗഞ്ചറ കേട്ടേ..
ഒരൊറ്റ മിന്നലിൽ കണ്ണ് കാണാത്തവളൊരു നോക്ക് കണ്ടേ
നാടായ നാട് മുഴുവൻ കൈത പൂത്തു മണത്തേ ..

പൊന്നമ്മച്ചീ ..പിന്നണ്ണനെയാരും കണ്ടിട്ടില്ല
കർക്കിടക മഴയത്തണ്ണന്റെ ഗഞ്ചറ
മാടൻ തോടിന്റെ വരമ്പേ മുഴങ്ങും
പാതിരാത്രിക്ക്‌ കൈത പൂത്തു മണക്കും ..
വെള്ളത്തിലെല്ലാം വേർപ്പു മണക്കും ....
ഗഞ്ചറ പൊട്ടി മടപൊട്ടി തോടു പൊട്ടി
ആറു കുരവയിട്ടു പടിഞ്ഞാട്ടു പായും .
----------------------------------------------------

Tuesday, March 29, 2016

ഒരു നാലുവരി കവിത / റീമ അജോയ്‌


ക്ഷമിക്കണം,
ആദ്യത്തെ വരിക്ക്
മറ്റുള്ളവയെ അപേക്ഷിച്ച്
നീളമല്‍പ്പം കൂടുതലാണ്.
അതിൽ,
ഒറ്റപ്പെട്ടയൊരു കുന്നിൽമേൽ
ഒറ്റയ്ക്ക് നിന്ന്
നിന്റെ പേര്
നീട്ടി വിളിക്കയാണ് ഞാൻ,
നീയപ്പോൾ ഏതോ നാട്ടിലിരുന്നു
കാറ്റിനെ കേൾക്കുകയും
ഇലയോടൊപ്പം അനങ്ങുകയുമാണ്,
എന്റെ വിളി
നിന്റെ കാതിൽ എത്തിയാൽ ,
കാറ്റ് മൂളൽ നിർത്തുകയും
ഇല അനക്കം നിർത്തുകയും ചെയ്തേക്കാം,
നീ പക്ഷേ അനങ്ങി കൊണ്ടേയിരിക്കണം,
എന്റെ വിളിയ്ക്ക്-
കനം വെച്ചു തുടങ്ങുമ്പോൾ
നീയനക്കം നിർത്തി
ഈ വരിയിൽ നിന്നിറങ്ങി
കുന്നിൻമുകളിലേക്കെത്തണം,
രണ്ടാമത്തെ വരിയിൽ
ഞാനാ കാറ്റിന്റെ കയ്യും കോർത്ത്‌
ഇലയ്ക്കൊപ്പം പറന്നു തുടങ്ങാം.
കാറ്റുമില്ല ഇലയുമില്ല,
കടൽ കണ്ടു
തിരയെണ്ണി നീ തിന്നുന്ന
കപ്പലണ്ടി തോലുകൾ
മാത്രമുള്ള മൂന്നാമത്തെ വരി,
അവിടെയ്ക്കെന്റെ വിളി
ഒരൊറ്റ തിരയുടെ തടവലായി
കടന്നു വരട്ടെ
പിടുത്തം കൊടുക്കാതെ
കരയിലേക്ക് ഓടി കയറുന്ന
കുട്ടിയെ പോലെ നീ
നാലാമത്തെ വരിയിലേക്ക് ഓടി കേറണം ,
അവിടെ നിങ്ങൾ നോക്കി നിൽക്കേ
കാറ്റും ഇലയും കടലുമില്ലാതെ
"എന്റെയാ വിളി"
അവസാനത്തെ വരിയിലെ ഒടുക്കത്തെ ട്വിസ്റ്റിൽ
മരിച്ചു വിറങ്ങലിച്ചു കിടക്കും.
ഒരു കവിതയും സന്തോഷകരമായി
അവസാനിക്കരുതെന്ന്
ഞങ്ങളപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ടേയിരിക്കും ...
-------------------------------------------------------

Sunday, March 27, 2016

ഏകാന്തത ഉണ്ടാവുന്നത് / ഹരിത ഉണ്ണിത്താൻ


നിലാവ് പെയ്തിറങ്ങും
അജ്ഞാത രാത്രിയിലാണ്
ആകാശ മൌനങ്ങളെ തിരയെടുത്തത് ;
നിഴലുകളായ്പ്പോയ
മണൽ ശില്പങ്ങൾ ;
നുര വീണു കുഴഞ്ഞു പോയ
മറവി ;
പിൻ കാലിൽ നടക്കും
സ്വപ്നങ്ങൾ
കടൽ കാക്കകൾ കൊത്തിവലിക്കും
സായന്തനത്തിന്റെ നിലവിളി;
പകലിന്റെ ചോര വീണു
ചുവന്നു പോയ മേഘങ്ങൾ.
കവിതയെഴുതിയിട്ടു പേന-
യൊടിച്ചു കളയാനേതു കവിയ്ക്കാവും?
------------------------------------------

ഒരു ഫാസിസ്റ്റ് മൌനം / ഹരിത ഉണ്ണിത്താൻ


അത്താഴമുണ്ണാൻ
ഇരുന്നപ്പോഴാണ്
വായ അപഹരിക്കപ്പെട്ടതു പോലും
തിരിച്ചറിയുന്നത് ;
പാട്ടു തുടങ്ങിയപ്പോൾ കാതും .
എന്റെ വർണ്ണത്തിലും ഗന്ധത്തിലും
കള്ളൻ കയറി ,
ബഹുമാനപ്പെട്ടവരേ, എന്ന് പറയാനായ്
തട്ടിൽ കയറിയപ്പോഴേക്കും
നാവ് കടലെടുത്തു പോയ്‌ ;
ചിരിച്ചു തലതല്ലിച്ചത്ത
ഒരു കോമാളിയാണ് നട്ടെല്ല് .
ഞാൻ ഞാനേ അല്ലാത്തതിനാൽ
ഇതിനൊക്കെ ഞാൻ എന്തു വേണം .

-----------------------------------------

ചാവ് / പ്രകാശന്‍ മടിക്കൈ


ഉറക്കത്തിന്റെ ലഹരിയിൽനിന്നും
കുലുക്കിയുണർത്തപ്പെട്ട നേരം
ഏതൊരാളും മരിച്ചവരാണ്‌.
ഇതാ ജീവിതം
എഴുന്നേറ്റ് ഭക്ഷിക്കുവിൻ
എന്നു കേട്ടാൽ
കണ്ണടയും.
ഇതാ രാജ്യത്തിന്റെ പകുതി
ഇഷ്ടംപോലെ വാണോളൂ
എന്നു ക്ഷണിക്കപ്പെട്ടാൽ
മുഖം ചുളിയും.
യൗവനം എടുത്തോളൂ
എന്നു പുരു വിളിച്ചാലും
തല നരച്ച യയാതി
ലോകത്തെ ശപിക്കും.

---------------------------------

ഒരു പകൽ, ഒരു രാത്രി / രാമചന്ദ്രൻ വെട്ടിക്കാട്ട്


ജീവിതത്തിൽനിന്ന്
മായ്ച്ച് കളയാനൊരു പകലുണ്ട്
പെരുമഴത്തണുപ്പിൽ
ചുണ്ടോട് ചുണ്ട് ചൂട് പകർന്നൊരു പകലിനെ
മായ്ക്കുന്തോറും തെളിഞ്ഞുവരുന്നത്.

ജീവിതത്തിൽനിന്ന്
മായ്ച്ച് കളയാനൊരോർമ്മയുണ്ട്,
പ്രണയമെന്നെന്നെ
നുണകളിലൂടെ നടത്തിയൊരു
കാലത്തിന്റെയോർമ്മയെ
മറക്കുന്തോറും ഓർത്ത് പൊള്ളിക്കുന്നത്.
ജീവിതത്തിൽനിന്ന്
മായ്ച്ച് കളയാനൊരു രാത്രിയുണ്ട്,
കണ്ണടച്ചിരുട്ടാക്കിയാലും
ഇരുണ്ടുപോകാത്ത രാത്രിപോൽ
മരണംപോലെ വിശ്വസിച്ച് പോന്നത്.
ജീവിതത്തിൽനിന്ന് മായ്ച്ച്
കളയാനൊരു ജീവിതമുണ്ട്,
ജീവിതമാണെന്ന് തോന്നിപ്പിച്ച
നുണകളുടെ കാലത്തെ.
ജീവശ്വാസംപോലെ വിശ്വസിച്ച് പോന്നത്.
ജീവിതം നുണയാണെന്നറിഞ്ഞിട്ടും
മായ്ച്ചിട്ടും മായ്ച്ചിട്ടും മായല്ലേയെന്ന്
നുണഞ്ഞിറക്കിയ കുന്നോളം നുണകളിൽ
കൂടെച്ചേർത്തുപിടിക്കുന്നുണ്ട്
അന്നത്തെ പകലിനെ,
അന്നത്തെ രാത്രിയെ,
ചോർന്നൊലിക്കുന്ന നിഴലുകളെ.
----------------------------------------------

Tuesday, March 15, 2016

ജലം മുറിച്ചു പുഴ കടക്കുന്ന ഒരാൾ / ബൈജു മണിയങ്കാല


ജലം
ആകുവാനാകാതെ
അവിടെയും ഇവിടെയും
ഒഴുകിനടക്കുന്ന
ഒരാൾ

പുഴയെന്നാരും
വിളിക്കാത്തയാൾ
തുഴഞ്ഞിട്ടും
കരയെത്താത്തയാൾ
എന്നിട്ടും
തോണിയെന്നാരും
വിളിക്കാത്തയാൾ
കൃത്യമായി പറഞ്ഞാൽ
ഉള്ള പേരുപോലും
വിളിയ്ക്കുവാൻ ആരും
ഇല്ലാത്തയാൾ
പേരിന്റെ പരോൾ ലഭിക്കാത്ത ഒരാൾ
ഒളിച്ചിരിക്കുവാൻ
ഏണിവെച്ച് കയറി
വെള്ളത്തിൽ
തുള്ളികൊണ്ടയാൾ
പണിയുന്ന
സുഷിരങ്ങൾ
തിരിച്ചിറങ്ങുവാൻ
കയറുമ്പോഴേ
അഴിച്ചുകളയുന്ന
ഏണിപ്പടികൾ
പണിയുന്ന സുഷിരത്തിലൂടെ
ഇരച്ചുകയറുന്ന
സുഷിരങ്ങളുള്ള
വെള്ളം
വെള്ളം കുറവുള്ള വെള്ളം
വെള്ളമെന്ന ആചാരം
നനവ്‌ എന്ന അനാചാരം
അതിൽ
അലിഞ്ഞു പോയേക്കാവുന്ന
അയാളുടെ ഭൂതകാലം
ഭാവികാലത്തിന് കാത്തുനില്ക്കാതെ
വർത്തമാനത്തിലലിയുന്നയാൾ
കുറച്ചു വെള്ളമെടുത്തു
നിലാവുണ്ടാക്കുന്നു
ബാക്കിവെള്ളം
ചന്ദ്രനുണ്ടാക്കുവാൻ
വൃത്തത്തിൽ
മാറ്റിവെയ്ക്കുന്ന
അയാൾ
എന്നിട്ടും
നിലാവെന്നു
വിളിക്കപ്പെടാത്തയാൾ
വിളിക്കപ്പെടാത്ത
വിളികളുടെ മൂർച്ചയിൽ
തുള്ളികളാക്കപ്പെടുന്നയാൾ
മഴയെന്ന് വിളിക്കപ്പെടാത്തയാൾ
ജലം കൊണ്ടുണ്ടാക്കിയ
ഓടക്കുഴൽ
എന്ന സാധ്യതയിലേയ്ക്ക്
നീണ്ടുപോകുന്ന സന്ധ്യകൾ
അതിലേയ്ക്ക്
പാതിവെള്ളമായ
മീനിന്റെ
രൂപത്തിൽ
പടർന്ന്പിടിക്കുന്ന തീ
തീയിൽ
ചുണ്ടുകൊണ്ട്
പല നിറങ്ങളിൽ
അയാൾ
ഇടാൻ ശ്രമിക്കുന്ന
സുഷിരങ്ങൾ
അതിലൂടെ കേൾക്കുന്ന
തീപിടിക്കുന്നപാട്ടുകൾ
പാട്ട് കേട്ട് കേട്ട്
തീ അണയ്ക്കാൻ ശ്രമിക്കുന്ന
കാതുകൾ
കുമിള പോലെ
ഭാവിയിൽ
അയാൾ
പണിഞ്ഞുവെയ്ക്കുവാൻ
ശ്രമിക്കുന്ന
മരണമെന്ന
സുഷിരം
പണിയുന്തോറും
ഇന്നലെകളിലേയ്ക്ക് പോയി
മഴയായ്‌ തീരുന്ന
പണിതീരാത്ത സുഷിരങ്ങൾ
ഓരോ തവണയും
ഇന്നലെയിലെയ്ക്ക് പോയി
മഴയുടെ
തോർച്ച പണിയുന്ന
അയാൾ
പണിഞ്ഞു പണിഞ്ഞു
സുഷിരങ്ങളാവുന്ന
അയാളുടെ വിരലുകൾ
വെള്ളമാകുന്ന കാലുകൾ
പാതിപുഴയാകുന്ന അയാൾ
പാതി ജലം കടന്ന്
ഉടലാൽ ഒഴുകിത്തുടങ്ങുന്ന അയാൾ
അപ്പോഴൊക്കെ
വെറും പണിക്കുറവാകുന്ന
കടൽ
കടൽ
പണിഞ്ഞു തീരാത്ത
തിരമാലകൾ
കൊത്തികൊത്തി
വെള്ളം പണിഞ്ഞു,
പണിത പുതുവെള്ളത്തിൽ
നീന്തിപോകുന്ന മീനുകൾ
തീ പൂർണമായി
പിടിക്കുന്ന പഴയമീനുകൾ
കത്താത്തമുള്ളിന്റെ
ആകൃതിയിൽ
പിടച്ചിൽ ഒഴിച്ചിട്ട്
തെളിവെള്ളത്തിൽ
പുഴ ഒരുക്കുന്ന
വെള്ളാരംകല്ലുകൾ
കുന്നുകൂടുന്ന
മീനിന്റെ കൂണുകൾ
ചുറ്റിയൊഴുകുന്ന പുഴകൾ
ഉയരത്തിന്റെ കുറവ്
കൊണ്ട്
മേഘങ്ങളാകുവാൻ
കഴിയാതെ പോയ പാറകൾ
അവയ്ക്ക്‌ സ്ഥലം ഒഴിച്ചിട്ട്
ഒഴുകുന്നപുഴകൾ
പകുതിപുഴയായ അയാൾ
എന്നിട്ടും പൂർണമായി
ഒഴുകിതീരാത്ത അയാൾ
ഒഴുക്കിൽ പെട്ട് മരിച്ചുപോകാത്തയാൾ
മരിക്കാത്തയാൾ
എന്നിട്ടും
മരിച്ചവനായി
പലരും വിളിക്കുന്നയാൾ
ഇനി മരണം എന്നത്
ജലം ഏതുനിമിഷവും
എല്ലാ സുഷിരങ്ങളോടും കൂടി
അയാളിൽ
എഴുതിയേക്കാവുന്ന
ചതുരകുമിളയാവും…
----------------------------------

ഒരു പുക കൂടി / കൽപ്പറ്റ നാരായണൻ



പോലീസ് വരുന്നുണ്ടോ
എന്നിടം വലം നോക്കി
വലിക്കണോ കളയണോ എന്നായ എന്നോട്
ഒച്ച താഴ്ത്തി ബീഡി പറഞ്ഞു:
എനിക്ക് വയ്യ ഇങ്ങനെ നാണംകെട്ട് കഴിയാന്‍.
നിങ്ങള്‍ക്കറിയുമോ
ഒരിക്കല്‍ ചങ്കൂറ്റത്തിന്റെ പ്രതിരൂപമായിരുന്നു ഞാന്‍.
കൂസലില്ലാതെ ജീവിച്ചവരുടെ ചുണ്ടില്‍
ഞാന്‍ ജ്വലിച്ചു.
നട്ടപ്പാതിരകളും കാട്ടിടകളും
എനിക്ക് ഹൃദിസ്ഥം.
എന്റെ വെളിച്ചത്തില്‍
ഒറ്റത്തടിപ്പാലങ്ങള്‍ തെളിഞ്ഞു.
അന്നൊക്കെ ലക്ഷ്യങ്ങളിലേക്ക്
അഞ്ചും എട്ടും ബീഡിയുടെ ദൂരം.
ചുമരെഴുതാനും
പോസ്റ്ററൊട്ടിക്കാനും
പാട്ടെഴുതാനും ഞാന്‍ കൂടി.
മാറ്റത്തിന് ഞാന്‍ കൂട്ടിരുന്നു.
കയ്യൂരിലും പുല്‍പ്പള്ളിയിലും
കൈപൊള്ളുന്നത് വരെ ഞാനെരിഞ്ഞു.
നാടകവേദികള്‍ക്ക് വേണ്ടി
ഫിലിംസൊസൈറ്റികള്‍ക്ക് വേണ്ടി
ഞാനുറക്കൊഴിച്ചു.
ഞാന്‍ പ്രവര്‍ത്തിക്കാത്ത പ്രസ്ഥാനങ്ങളില്ല.
തണുപ്പില്‍, ഇരുട്ടില്‍
ചെയ്യുന്ന പ്രവൃത്തിയുടെ ഗുരുതരമായ ഏകാന്തതയില്‍
ഞാനായിരുന്നു തുണ.
അന്ന്
എന്നെ ആഞ്ഞു വലിച്ച് ആണ്‍കുട്ടികള്‍
ആണുങ്ങളായി.
എന്നെ കട്ടു വലിച്ച് പെണ്‍കുട്ടികള്‍
പുലരും വരെ മുലകളുയര്‍ത്തിച്ചുമച്ച്
സാഹസികജീവിതം എളുതല്ലെന്ന് മനസ്സിലാക്കി.
എല്ലാ കുമാര്‍ഗങ്ങളിലും
ഞങ്ങള്‍ സഞ്ചരിച്ചു.
അക്കാലത്തെ തീവണ്ടികള്‍ പോലെ
ഉള്ളില്‍ തീയുള്ളവരുടെ പുകയായി
മുന്നില്‍നിന്ന് ഞാന്‍ നയിച്ചു.
പുകഞ്ഞ കൊള്ളിയായിരുന്നു ഞാന്‍
ഭാഗം ചോദിച്ച് മുണ്ട് മാടിക്കുത്തി മുറ്റത്തു നിന്ന
ചെറുപ്പക്കാരന്റെ കൈയില്‍ ഞാനിരുന്ന് പുകഞ്ഞു.
കൂലി കൂടുതല്‍ ചോദിക്കാന്‍
മടിക്കുത്തിലിരുന്ന് ഞാനുശിരു കൂട്ടി.
തീണ്ടലും തൊടീലും ഞാന്‍ പുകച്ചുകളഞ്ഞു.
ഒരു പുകകൂടിയെടുത്ത്
നടന്മാര്‍ വേദിയിലേക്ക്
സദസ്യര്‍ ഹാളിലേക്ക്
തൊഴിലാളികള്‍ തൊഴിലിലേക്ക് കയറി.
തല പുകഞ്ഞെടുത്ത തീരുമാനങ്ങളിലെല്ലാം ഞാനും കൂടി
തീ തരുമോ എന്ന് പില്‍ക്കാലം മുന്‍കാലത്തിനോട് ചോദിച്ചു.
കഴുകന്മാര്‍ കരള്‍ കൊത്തി വലിക്കുമ്പോഴും
ഒരു പുകയ്ക്കു കൂടി ഇരന്നവരുണ്ട്
നിങ്ങളിന്നനുഭവിക്കുന്നതിലൊക്കെ
കത്തിത്തീര്‍ന്ന ഞങ്ങളുണ്ട്.
നേരാണ്
ഞാനൊരു ദുശ്ശീലമാണ്.
എങ്കിലും ആശ്വാസങ്ങളില്ലാത്ത മനുഷ്യന്
ദുശ്ശീലത്തോളം ഉതകുന്ന മിത്രമുണ്ടോ?
നരകത്തിലല്ലാതെ
സ്വര്‍ഗത്തില്‍ മിത്രങ്ങള്‍ വേണമോ?
ശവത്തിനു കാവല്‍ നില്ക്കുന്ന പാവം പോലീസുകാരന്
തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട ഏകാകിക്ക്
പങ്കിട്ടെടുക്കാനാരുമില്ലാത്ത പാപഭാരത്തിന്
ഉറപ്പിന്
ഉറപ്പില്ലായ്മയ്ക്ക്
ഞാന്‍ കൂട്ടിരുന്നു,
ആടുന്ന പാലത്തില്‍ ഞാന്‍ കൂടെ നിന്നു.
എനിക്കറിയാം,
ഞാന്‍ നന്നല്ല
ആരോഗ്യത്തിന്
കുടുംബഭദ്രതയ്ക്ക്
ഭാവിഭദ്രതയ്ക്ക്.
സ്വന്തം ചിതയ്ക്ക് തീകൊളുത്തുകയാണ്
ബീഡിക്ക് തീ കൊളുത്തുമ്പോള്‍
പക്ഷേ,
ആയുസ്സോ സുരക്ഷിതത്വമോ
ഓര്‍മ വരാത്ത ചിലരുണ്ടായിരുന്നു ഒരിക്കല്‍
അവരെന്നെ അവര്‍ പോയിടത്തൊക്കെ കൂട്ടി
എരിഞ്ഞുതീരുന്ന എന്നെ നോക്കി
അവരുന്മേഷത്തോടെ എരിഞ്ഞു.
കണ്ടില്ലേ
ഞാന്‍ മാത്രം കൂട്ടുണ്ടായിരുന്ന അരക്ഷിതരെ
വേട്ടയാടിയ നിയമം
ഇന്നെന്നെ വേട്ടയാടുന്നത്?
കണ്ടില്ലേ,
ബീഡിക്കമ്പനികള്‍ വര്‍ണക്കുടകള്‍ നിര്‍മിക്കുന്നത്?
കേള്‍ക്കുന്നില്ലേ,
'ഈ പുകച്ചു കളയുന്നതിന് ഭാഗ്യക്കുറി വാങ്ങിക്കൂടെ?'
-----------------------------------------------------------