Thursday, May 9, 2019

പ്രണയിനിയുടെ നാട്ടിലൂടെ ബസ്സില്‍ പോകുമ്പോള്‍ /ജിനേഷ് മടപ്പള്ളി

പ്രണയിനിയുടെ നാട്ടിലൂടെ
ബസ്സില്‍ പോകുമ്പോള്‍
പിറന്ന മണ്ണിനോടെന്ന പോലെ
ഒരടുപ്പം ഉള്ളില്‍ നിറയും

അവള്‍ പഠിച്ചിറങ്ങിയ
സ്‌കൂള്‍മുറ്റത്തെ കുട്ടികള്‍ക്കെല്ലാം
അവളുടെ ഛായയായിരിക്കും

അവര്‍ക്ക് മിഠായി നല്‍കാന്‍
മനസ്സ് തുടിക്കും

നിരത്തുവക്കിലെ
മരണവീട്ടില്‍
തിരക്കു കാരണം
കയറാന്‍ കഴിഞ്ഞില്ലെന്ന്
തൊട്ടടുത്തിരിക്കുന്ന
യാത്രക്കാരനോട്
പരിഭവം പറയും

വാര്‍ഡ് മെമ്പര്‍ക്കു നേരെ
പുതുതായി
വോട്ടവകാശം കിട്ടിയവനെപ്പോലെ
നിഗൂഢമായ് ചിരിക്കും

ചിലനേരത്ത്
കല്യാണം കഴിഞ്ഞെന്ന് വരെ
തോന്നലുണ്ടാവും

അന്നാട്ടിലെ
പെണ്ണുങ്ങളെല്ലാം
പ്രതിശ്രുതവരനെയെന്ന പോലെ
തന്നെ വീക്ഷിക്കുന്നുണ്ടെന്ന ബോധത്താല്‍
ശരീരം കിടുങ്ങും

തിരിച്ച് വീട്ടിലെത്തുമ്പോള്‍
അവളുടെ പ്രദേശം
സ്വന്തമായ ഭരണഘടനയും
ഭൂപടവുമുള്ള
ഒരു രാഷ്ട്രമാണെന്ന് തിരിച്ചറിവുണ്ടാവും

അത്
അവളെപ്പോലെ
ആര്‍ക്കും കീഴടക്കാന്‍ കഴിയാതെ
ഇരുളിലേക്ക്
പരക്കുകയായിരിക്കും.
__________________________________

പയ്യ് /കെ.പി.റഷീദ്

പയ്യ് ന്നായിരുന്നു
അന്നൊക്കെ പേര്
പറമ്പത്തെപ്പോഴും കാണും
ഉമ്മാന്റെ കൂടെ.

ആലച്ചോട്ടിലെ കുറ്റിയില്‍
ചിലപ്പോഴൊക്കെ
ആലോചിക്കുന്നുണ്ടാവും
കാടിയോ പിണ്ണാക്കോ കൊണ്ട്
ഉമ്മ
ആലോചന നിര്‍ത്തിക്കും.

ചിലപ്പോ
ഇണയ്ക്ക് കരയും
വലിയൊരു ലോഹപ്പാത്രത്തീന്ന്
എന്തോ ചിലതെടുത്ത്
കയ്യിലൊരു പ്ലാസ്റ്റിക് കവറിട്ട്
ഏതോ ആഴം തൊട്ട്
കിട്ടേട്ടന്‍
കരച്ചില്‍ മായ്ക്കും.

ഇടയ്ക്ക്
പനിച്ചു വിറയ്ക്കും
മൂന്നാല് പച്ചമരുന്ന് കലക്കി
മൂക്ക് കയറ് പിടിച്ച്
ഉമ്മ അണ്ണാക്കിലേക്ക്
ഒഴിച്ചു കൊടുക്കും
ഒന്നുറങ്ങി എണീറ്റാല്‍
പനിയുണ്ടാവില്ല മേത്ത്.

ഉമ്മയും പശുവും
കട്ടക്കമ്പനിയാണ്,
ആലേന്ന്
ഒരനക്കം കേട്ടാല്‍ മതി
പിന്നുറങ്ങില്ല ഉമ്മ,
മക്കളെ കാണാന്‍
ഉമ്മ പോയാല്‍
മടങ്ങിവരുംവരെ
വഴങ്ങില്ല പയ്യ്.

പയ്യ് മാറീട്ടും
ആല മാറീട്ടും
കറക്കാന്‍ ആളു മാറീട്ടും
ഒരിക്കലും കുത്തീല്ല,
ആരേം ചവിട്ടീല്ല,
ഉമ്മാനെ കണ്ടാല്‍
മാറും
പയ്യിന്റെ കടച്ചല്‍.

ആ പയ്യാണിന്നലെ
പേക്കിനാവിൽ
വന്ന് അമറിയത്.
ആളെക്കൂട്ടി
താടിയും
കോലവും നോക്കി
കൊന്നിടുന്നത്,
തൊലിയുരിഞ്ഞ്
പച്ചമണ്ണിലൂടെ
വലിച്ചിഴക്കുന്നത്,
പോയ്‌ക്കോ
പാക്കിസ്താനിലെന്ന്
കണ്ണുരുട്ടുന്നത്

ഉറപ്പാ
ഉമ്മ ഉണ്ടെങ്കില്‍
ചോദിച്ചേനെ,
'അല്ല പയ്യേ
ഇക്കത്തിയെല്ലാം
നിയ്യെവിടെയാ
ഒളിപ്പിച്ചുവെച്ചിരുന്നത്?'
_______________________

Tuesday, April 9, 2019

കടലു കാണുമ്പോൾ/ശ്രീനിവാസൻ തൂണേരി

പ്രണയാതുരമായിരിക്കുമ്പോൾ
ഒറ്റയ്ക്ക്
കടൽ നോക്കരുത്
തിരമാലകൾക്ക്
നടുവിൽ
ഓരോ വരവിലും
മുങ്ങിപ്പൊങ്ങി
അവൾക്കവനെയും
അവന്
അവളെയും
കൈയെത്തും ദൂരത്ത്
മരിച്ച പോലെ
കാണാനാവും..
ഒന്നു നീട്ടിയാൽ
തൊടാമെന്ന്
കൈവിരലുകൾ
വിറ കൊള്ളും
കണ്ണിലേതോ
സന്ധ്യ പൊള്ളി
വിണ്ണു നീളെയിരുട്ടാവും..
തിരിച്ചു പോവാൻ
വഴി കാണാതെ
മരിച്ചു ചേരാൻ
പഴുതില്ലാതെ
മഴ പുരണ്ട മണൽത്തട്ടിൽ
ഒലിച്ചൊലിച്ച് വരണ്ടു തീരും..

അതേ കടൽ
നിറഞ്ഞു കവിഞ്ഞ്
അവർ തമ്മിലാണ്
ഉമ്മ വച്ചതെന്ന്,
അതേയുടൽ
തിരഞ്ഞു തിരഞ്ഞാണ്
മണൽത്തിട്ടയിൽ
കപ്പലോട്ടിയതെന്ന്,
മരിച്ച വാക്കിന്റെ
മണം കിട്ടിയപ്പോഴാണ്
തണുത്തു വിറച്ച്
പുറത്തെടുത്തതെന്ന്
മൗനത്തിന് ബലിയിട്ട ശേഷം
കടൽ കാണാതെ
തിരിച്ചു നടന്നതെന്ന്,
പ്രണയാതുരമായ
ഓർമ്മ തീരാതെ
ഒറ്റയ്ക്കൊരിക്കലും
കടലു കാണരുത്...

-----------------------------------

Tuesday, March 26, 2019

തളിക്ക് വേനലേ.../ഉമാ രാജീവ്

വരിക വേനലെ
വന്നിരുന്നീ
ചെറിയകൊമ്പിലെ
തളിരിലയിലും
നിറയെ വിളമ്പുക
കഴിഞ്ഞുപോയൊരു
പ്രളയം
കൊതിച്ച
ഇളവെയിലിന്നു
പകരമായ്
പതയും
പാലുപോൽ
നുരയും
വേവിന്റെ
അടിയിളക്കി
തടയുന്ന
പങ്കിലെ
നടുമുറിക്കഷ്ണം.

ഉടലിൽനിന്നൂർന്നു
പോകുമവസാന
കച്ച
കണ്ണു ചോപ്പിച്ച്
കൂർപ്പിച്ച്
ഊരിവാങ്ങുക,
ഊർത്തിനോക്കുക
അതിന്നടിയിലെ
നാണവും
പൊള്ളലും
അവളൊളിപ്പിക്കും
വറുതികൾ
വെന്തു വിണ്ട
വിടവുകൾ
പൊത്തുകൾ

അടിയിളകി
വിരലുകൾ പൊള്ളച്ച്
തൊലിപൊളിഞ്ഞ്
തെളിഞ്ഞ കാൽപ്പത്തിയിൽ
നിറയെ ഇറ്റിക്ക
വേനലിന്റെ  തിളവെളിച്ചം,
കാണട്ടെ കൂട്ടുകാർ
അവൾ നടക്കാതെ
അതിരുകൾ താണ്ടാതെ
അടയിരിക്കുന്ന
കിളികളെയാട്ടാതെ
ചെറിയ ചുള്ളിക്കമ്പായി
അടിയിൽ
നറുങ്ങി വീണു കിടക്കുന്ന
വിരലുകൾ
നാലുപാടും നീട്ടിയിട്ട്
ഒച്ചയില്ലാതെ
താളം പിടിക്കാതെ
പാട്ടുമല്ല കവിതയുമല്ലാതെ
വാക്കുമില്ല വരികളുമില്ലാതെ
മൂളിമൂളി മുറിഞ്ഞുപോയൊരീണത്തിൽ
ദൂരെദൂരെയ്ക്കു
പുറപ്പെട്ട യാത്രകൾ

തളിക്ക് വേനലെ
നിന്റെ കുടത്തിലെ
തിളച്ച വെള്ളം
തികയില്ലയെങ്കിലും
മുഖമടച്ച്
മൂർച്ഛിച്ചു വീണുകിടക്കുന്ന
പഴയൊരു നാട്ടിൻ
ഇടത്താവളത്തിന്റെ
ഇടതു തോളിൽ
കുലുക്കി വിളിക്കുന്നതിന്നൊപ്പം
തളിക്കുക
നിന്റെ കുടത്തിന്റെ
അടിവയറ്റിൽ നിന്നവസാന
പെരും തുള്ളി
തികയില്ലയെങ്കിലും
തളിയ്ക്കുക

മഴ സംഭരിച്ചിരുന്നവർ/സജി കല്യാണി

അടര്‍ന്നുവീഴുമ്പോള്‍
ഒറ്റത്തുള്ളി മാത്രം.
അത്
പെരുകിപ്പെരുകി നിറഞ്ഞ്
ചാണകം മെഴുകിയ,
മുറ്റത്തെ
കെട്ടിച്ചുറ്റിയ വരമ്പിനുള്ളില്‍ പരന്ന്
കീറിയ ചാലിലൂടൊഴുകി
തെങ്ങിന്‍ തടം മൂടി
മണ്ണിലേക്ക് ചുരന്നിറങ്ങി
ഭൂമി കുതിര്‍ന്നലിഞ്ഞ്
പുറത്തേക്കൊഴുകി
ഉയര്‍ന്ന മണ്‍തിട്ടകളെ തഴുകി
കരിയിലകളെ വാരിക്കെട്ടി
'തോടെ'ന്ന ജലപാത തൊടുന്നു.

ഓരോ പറമ്പും
ഊറ്റിക്കുടിച്ച്
വീര്‍ത്തുവീര്‍ത്ത് പുറത്തേക്കിറങ്ങി
തോട്ടിലേക്ക്
ഉതിര്‍ന്നുവീണ്
തുടക്കമില്ലാതെ, ഒടുക്കമില്ലാതെ
ഒഴുകിയൊഴുകി
ഇടയ്ക്ക് നിറഞ്ഞു തുളുമ്പി
പാടത്തേക്കിറങ്ങി
പരന്നു പൊങ്ങി,
ചാഴിനെല്ലുകളുയര്‍ത്തി
വരമ്പുതുരന്ന്, മറുകണ്ടം ചാടി
അവിടെയും നിറഞ്ഞ്
അടുത്ത തോട്ടിലിറങ്ങുന്നു.

തോടാകെ കലങ്ങിമറിഞ്ഞ്
കുപ്പിയും പതയുമേന്തി കുതിച്ചുപാഞ്ഞ്
കുളത്തിലേക്ക് മറിയുന്നു.
വയറു നിറഞ്ഞ്, വാലുംനിറഞ്ഞ്
പറ്റിപ്പിടിച്ച പായലും ചുരണ്ടി
കുളം കരകവിഞ്ഞ്
വീതികൂടിയ തോട്ടിലേക്ക് പരക്കുന്നു.

ഒഴുകിയൊഴുകി
പുഴതൊടും മുമ്പേ
പാടവും പറമ്പും
കുളവും തോടും
ഒരമ്മപെറ്റ മക്കളായി
ഒരേ വീതിയില്‍ പുഴയാവുന്നു.
വന്നവഴിയിലെ
കുണ്ടുംകുഴിയുമെണ്ണി,
കുണ്ടിനേക്കാള്‍ ആഴത്തിലാഴ്ന്നിറങ്ങി
നാലുകുളം ജലം ഒരുകുളത്തില്‍ നിറച്ച്
ഭൂമിതുരന്നിറങ്ങിയതിന്‍റെ ബാക്കിയാണ്
മടിച്ചുമടിച്ച്
പുഴയിലിറങ്ങി നിന്നത്.

അത്
ആദ്യം പെയ്ത ഒറ്റത്തുള്ളിയല്ലായിരുന്നു..!

Friday, March 22, 2019

കരകൗശലക്കാരി/കല സജീവൻ


അമ്മയ്ക്ക് മുറം കൊണ്ട്
വൃത്തിയായി ചേറാനറിയാമായിരുന്നു.
അരി, പയർ, പരിപ്പ്, പിന്നെ ധാന്യരൂപത്തിലെന്തും.
ചേറൽ കാണാൻ നല്ല രസം
അരിമണിയെല്ലാം ഒറ്റയാച്ചലിൽ മുകളിലേക്ക്,
നൊടിയിട അനിശ്ചിതത്വത്തിൽ ----
പിന്നെ ചിക്കെന്നു മുറത്തിലേക്ക് -
ചേറൽ മാത്രല്ല കൊഴിക്കലുമുണ്ട്.
നല്ലതെല്ലാം ചേറിയെടുക്കാനും
ചീത്തയെല്ലാം കൊഴിച്ചു കളയാനും
അമ്മയ്ക്കറിയാമായിരുന്നു -
എത്ര വട്ടം ചേറിയിട്ടും
ഒന്നും കൊഴിക്കാനറിയാത്തൊരു ഞാൻ -
കരത്തിലൊരു കൗശലവുമില്ലാതെ ----
കല്ലും നെല്ലുമവിലും കൂടിക്കുഴഞ്ഞൊരു മുറവുമായി നാളെത്രയായി ഇരിക്കുന്നു.
______________________________________

Tuesday, March 12, 2019

ഇലയും മറ്റുപമകളും/ഡോണ മയൂര

ജീവിതത്തെ തൊടാനാഞ്ഞ
ഇലകളെയെല്ലാം കട്ടെടുക്കുന്ന കാറ്റിനെ
ആട്ടിയോടിക്കുന്നു അകറ്റി നിർത്തുന്നു
മുറിച്ച് മാറ്റുന്നു

ആട്ടിയോടിച്ച് അകറ്റി നിർത്തിയ
അകലത്തിൽ
മുറിച്ച് മാറ്റിയ മുറിവിൽ
ചങ്ങലയ്ക്കിടുന്നു

കാറ്റിന്റെ ഓരോ പിടച്ചിലിലും
ചങ്ങലയുടെ കണ്ണികളെല്ലാം
കണ്ണുകളാവുന്നു,
കൃഷ്ണമണികളിലൂടെകോർത്തുകോർത്ത്
സ്വയം നീളം വയ്ക്കുന്ന ചങ്ങലയിൽ
കുതറുന്ന കാറ്റ്

കുതറുമ്പോഴെല്ലാം ഇമയടയ്ക്കും പോലെ
പഴുതില്ലാതെ തളച്ചിടുന്നു
ജീവിതത്തെ തൊടാനാഞ്ഞ
ഇലകളെയെല്ലാം കട്ടെടുത്ത കാറ്റിനെ.

_______________________________________

Friday, March 8, 2019

ആ വാക്കിന്റെ തൂക്കുവിളക്ക് വെട്ടത്തിൽ/സെറീന

ഈറ്റ് വേദനയാറും മുൻപ്
പെറ്റകുഞ്ഞിന്റെ ശ്വാസമെടുത്തവളെ
കണ്ടിട്ടുണ്ടോ നീ? 
അതീവ രഹസ്യമായി കൊന്നുകളഞ്ഞ
ഒരു ജീവിതത്തിന്റെ നീലിച്ച ദേഹത്തെ? 

അതുപോലൊന്നിനെ
വാക്കുകളുടെ പഴന്തുണിക്കെട്ടിൽ
പൊതിഞ്ഞെടുക്കുകയാണ്

തോറ്റു പിൻവാങ്ങിയ
എല്ലാ അവളുമാരെയും
ഒറ്റു കൊടുക്കുന്ന
കഥകളുടെ ബലിപീഠത്തിൽ
എനിക്കൊരു സാക്ഷി മൊഴി വേണം

എന്റെ അക്ഷരങ്ങളുടെ ചുണ്ടിലേക്ക്
ചെവി ചേർക്കുന്നവളേ
പ്രപഞ്ചം മുഴുവൻ ഉറങ്ങുന്ന
ഈ നേരത്ത് എന്നെ കേൾക്കുന്നവളേ
എനിക്കൊരു വാക്ക്  വേണം.

പുറകിൽ നീയുയർത്തി പിടിക്കുമെന്ന്
ഞാനുറപ്പിക്കുന്ന ആ വാക്കിന്റെ
തൂക്കുവിളക്കു വെട്ടത്തിൽ
എനിക്കിറങ്ങണം

അതിജീവനമെന്നാൽ
ചിലപ്പോഴെങ്കിലും എഴുതിയവസാനിപ്പിച്ച
വരികൾക്കൊടുവിലെ ആ കൈയൊപ്പാണ്,
ഇവിടെ വരെ മാത്രം എന്നുറപ്പിക്കലാണ്. 
ഇനി വയ്യെന്നൊരു
വാതിലടക്കലാണ്.

ജീവിതത്തിന് ശേഷം
വരുന്ന കെട്ടുകഥകളുടെ കൊടുങ്കാറ്റിൽ
ഒരു പാഴ്മരം പോലെ
വീണു പോകാതെ
നീയെന്നെ കാക്കണം
ഓർമ്മയുടെ
ഒരൊറ്റ പുൽക്കൊടിയായി
പിടിച്ചു  നിർത്തണം

അപമാനങ്ങളുടെ,
വേദനയുടെ,
നിസ്സഹായതയുടെ
പരകോടിയിൽ അമർത്തിപ്പിടിച്ചു
കൊല്ലും  മുൻപ്
അവസാനം കൊടുത്ത,
ആരും കണക്കിലെടുക്കാത്ത
ആ ഒരൊറ്റ ഉമ്മയുടെ മിന്നൽ
നീ കണ്ടുവെന്നൊരു വാക്ക്,
അത്ര മാത്രം.
മരിച്ചാലും ജീവിപ്പിക്കുന്ന  ഒരുറപ്പ്.
_________________________________

Tuesday, March 5, 2019

വനശലഭങ്ങൾ/സിന്ധു.കെ.വി

കാടു കാട്ടിത്തരാമെന്ന്
കൂട്ടി വന്നവനേ
കാടു പൂത്തോ ആരുമറിയാ-
തുടലു പൂത്തെന്നോ

പല മരങ്ങളിൽ പല നിറങ്ങളിൽ
പല മണങ്ങളിലായ്
പൂത്ത പൂക്കളെയുടലിലൊരുവൾ
കോർത്തു നിൽക്കുന്നു

അരികിലെങ്ങോ നിന്റെ പാട്ടിൻ
ഈണമറിയുന്നു
പാട്ടു നിൽക്കെ നിന്റെ ശ്വാസമേറ്റു പൊള്ളുന്നു
ഉള്ളിലൊരു മയിൽ ഒന്നുമറിയാ-
താടി നിൽക്കുന്നു
സിരകളിൽ ചുടുരക്തമെങ്ങും
കുതറിയോടുന്നു

തുള്ളുമിളമാൻ, പൂത്ത വാക,
കുയിൽ പാടുന്നു
തുമ്പി കോർക്കും കൊമ്പനും
പിടിയാനയും നിഴലും

നേർത്ത രോമാവലികൾ പോൽ
തെളിവാർന്ന ചോലകളും
കാട്ടുതേൻ,കനി,യന്ത്രമില്ലാ
കാട്ടുപാതകളും

കാടുകാട്ടിത്തരാമെന്ന്
കൂട്ടി വന്നവനേ
കാടു പൂക്കുന്നോ ഉട-
ലറിയാതെ പൂക്കുന്നോ?

_________________________

Wednesday, February 27, 2019

സീതാംഗോളി*/പി.എൻ .ഗോപീകൃഷ്ണൻ


ഞാനെത്തുമ്പോൾ
സീതാംഗോളിയും അവിടെയെത്തിയിരുന്നു .
അതെ അക്ഷാംശ ,രേഖാംശങ്ങളിൽ .

ഞാൻ
ഒരു ഓരിയ്ക്ക് പിന്നാലെ പുറപ്പെട്ടതാണ് .
അതിന്റെ അറ്റത്ത് ഒരു നായ് ഉണ്ട് .
നായുടെ യജമാനൻ രാമഭട്ട് ഉണ്ട് .

സീതാംഗോളി
എന്തിനാണ് ഇവിടെയെത്തിയത് ?

വഴിയോരക്കച്ചവടക്കാരൻ
ഒരു സോഡ പൊട്ടിച്ചു.
സീതാംഗോളി അവിടെ ഉറച്ചുവീണു .
അവസാന ഓവർ നേരിടുന്ന ,
ഒരു പന്തിൽ ആറ് റൺസെങ്കിലും എടുക്കേണ്ട
അവസാന കളിക്കാരനെപ്പോലെ .

എനിയ്ക്കത് നോക്കിനിൽക്കാൻ
താൽപര്യമില്ല.
എനിയ്ക്ക് രാമഭട്ടിനെ കാണണം .
അയാളും അനുജന്മാരും
ആത്മഹത്യ ചെയ്യുന്ന ചടങ്ങിൽ
നാളെ പങ്കെടുക്കണം .

വാടകയ്‌ക്കെടുത്ത ഓട്ടോറിക്ഷയിൽ
എനിയ്‌ക്കൊപ്പം
ഓരിയുടെ ഒരറ്റവും കയറി .

കമഴ്ന്ന് കിടന്നു കിടന്ന്
പുറം വേദനിച്ച റോഡ്
പെട്ടെന്ന് മലർന്നു കിടക്കാൻ തുടങ്ങി .
അത് പൂർത്തിയാകുന്നത് നോക്കി
ഓട്ടോ കിടന്നു.

ഒരു കുതിര ഞങ്ങളെ കടന്നുപോയി .
അതിന്റെ പുറത്ത് രാമഭട്ട് ആയിരിക്കുമോ ?
എങ്കിൽ ആത്മഹത്യ ചെയ്യാനിരിയ്ക്കുന്ന
രാമഭട്ടിൽ നിന്ന്
ഇറങ്ങിപ്പുറപ്പെട്ടതാകുമോ ഈ രാമഭട്ട് ?

ഓട്ടോക്കാരൻ പറഞ്ഞു
: " പേടിയ്‌ക്കേണ്ട .
കലണ്ടർ മറച്ചിടാത്ത കാരണം
സീതാംഗോളി ഇന്നലെയിൽ ആണ് ."

സീതാംഗോളി
ഇന്നലെയിൽ ആയ കാരണം
അതിന് കനം കൂടിക്കൂടി വരുന്നു .

രാമഭട്ടിന്റെ അനുജൻ
ചാരായ ഷാപ്പിൽ തന്നെയുണ്ടായിരുന്നു .
ചിരട്ടയിൽ തോരെത്തോരെ കുടിയ്ക്കുന്നുണ്ടായിരുന്നു .
"എൻ്റെ ഉള്ളിൽ ആരോ കരഞ്ഞുകൊണ്ടിരിക്കുന്നു "
അയാൾ പറഞ്ഞു .
"അത് ഞാനല്ല ,ഞാനല്ല ".
ഞാൻ അയാളുടെ നെഞ്ചിൽ
ചെവിയമർത്തി .
ഒരു പെണ്ണ് കരയുന്നത് കേട്ടു.

നായ്ക്കാപ്പിലേക്കുള്ള നീല ബസ്സ്
ഞങ്ങളെ കടന്നുപോയി .
അതിൽ പതിവുപോലെ
എട്ടു മനുഷ്യരും ഒരു ആടും
ഒരു പ്രേതവും ഉണ്ടായിരുന്നു .

വേനൽ ചാറാൻ തുടങ്ങി .
നായ്ക്കാപ്പിൽ നിന്നും ഒഴുകി വരുന്ന ചൂട്
കുഴികളെ നിറയ്ക്കാൻ തുടങ്ങി .
ആഞ്ഞടിക്കാൻ തുനിഞ്ഞ കാറ്റ്
പെട്ടെന്ന് മടുപ്പ് ബാധിച്ച്
കശുമാവിൻ കൊമ്പിൽ
പരുന്തിനെപ്പോലെ ഇരുന്നു .

ഗ്വാളിമുഖയിൽ നിന്നും
രാമഭട്ടിന്റെ മറ്റൊരനുജൻ
ആത്മഹത്യയ്ക്ക് പുറപ്പെട്ടത്
റേഡിയോ അറിയിച്ചു .

ഉച്ച ഇടത്തോട്ട് തിരിഞ്ഞപ്പോൾ
സൂര്യൻ നിഴലുകൊണ്ട്
ഒരു സമചതുരം വരച്ചു .

രാമഭട്ടിന്റെ കുതിര
ഒറ്റയ്ക്ക് തിരിച്ചു വരുന്നു .
കുമ്പളയിൽ വെച്ച്
ആരോ അയാളെ
പൊരിച്ചു തിന്നിട്ടുണ്ടാകണം .
അപ്പോൾ ,
മധുവാഹിനിയിൽ
നാളെ ആര് മുങ്ങി മരിയ്ക്കും ?
എൻ്റെ  സാക്ഷ്യം
സീതാംഗോളിയിൽ
മുളിപ്പുല്ലുകളിൽ വീശുന്ന
കാറ്റ് മാത്രമാകുമോ ?

ഓരിയുടെ നീളത്തിൽ
ഒരു സൈക്കിൾക്കാരൻ തടഞ്ഞുവീണു .
അയാളുടെ റേഷനരി
റോഡിൽ ചിതറുന്നത്
അനന്തപുരയിലെ രാക്ഷസനുറുമ്പുകൾ കേട്ടു .
കാലുകൾ പാറയിലുരച്ച്
അവ
പെരുമ്പറ മുഴക്കി .

അരിമണികളുടെ ഭാരം താങ്ങാനാകാതെ
സീതാംഗോളിയുടെ നിലം വിണ്ടു .
മണ്ണിനടിയിൽ നിന്ന്
തിളയ്ക്കുന്ന ഒരു കരച്ചിൽ
പുറത്തുചാടി .

ഭൂമിയ്ക്കുള്ളിൽ
ഏതോ ഒരു സ്ത്രീ
ജീവപര്യന്തം തടവിൽ കഴിയുന്നുണ്ട് .
അവർ തടവു ചാടാതിരിയ്ക്കാനാണ്
സീതാംഗോളി കല്ലുപോലെ
അമർന്നിരിയ്ക്കുന്നത് .
സീതാംഗോളിയുടെ വാരിയെല്ലുകൾ
കമ്പിയഴികൾ പോലെ ബലപ്പെട്ടിരിയ്ക്കുന്നത് .
ആകാശം കുംഭഗോപുരം പോലെ
സീതാംഗോളിയിൽ പറ്റിയിരിയ്ക്കുന്നത് .

"നാളെ
നാളെ
അപ്പോൾ എന്തു സംഭവിയ്ക്കും ?"
ഞാൻ ചോദിച്ചു .

ആടിയാടി വന്ന്
ഒരു കുടിയൻ കാറ്റു പറഞ്ഞു .
" എന്ത് സംഭവിയ്ക്കാൻ ?
ഏത് കഥ ഞെക്കിപ്പിഴിഞ്ഞാലും
ഒരു ചിരഞ്ജീവിയെ കിട്ടും എന്നല്ലാതെ "

അത് കേട്ട്
മനുഷ്യർക്കും വളരെ മുമ്പ്
സീതാംഗോളിയിലെത്തിയ ഒരു കുരങ്ങൻ
ചില്ലയിൽ നിന്ന് ചില്ലയിലേയ്ക്ക്
ഇല്ലാത്ത ഒരു സമുദ്രത്തെ
ശരീരം കൊണ്ട്
താണ്ടി .

.....................................................

സീതാംഗോളി, ഒരു കാസർകോടൻ ഉൾപ്രദേശം . നായ്ക്കാപ്പും കുമ്പളയും അനന്തപുരയും ഒക്കെ അതിന്റെ സമീപ പ്രദേശങ്ങൾ . ഗ്വാളിമുഖ ,കേരളത്തിന്റെ അതിർത്തിയോട് ചേർന്നുകിടക്കുന്ന കർണ്ണാടക ഗ്രാമം .മധുവാഹിനി , കാസർകോട്ടെ ഒരു പുഴ . കാസർകോടൻ കുന്നിൻ പുറങ്ങളിൽ സമൃദ്ധമായി വളരുന്ന ഒന്നാണ് മുളിപ്പുല്ല്
( ഇന്ന് 26/2/2019 ൽ ഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നത് )

Thursday, February 21, 2019

നിരുത്തരവാദപരമായ ഒരു ദിവസം / കൂഴൂർ വിത്സൺ

അത്രയും നിരുത്തരവാദപരമായ ദിവസമായിരുന്നു അത്

കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തതും , ചിലപ്പോൾ ജനിച്ചിട്ടില്ലാത്തതുമായ
ഒരു ചെടിക്ക് പേരും അതിന്റെ പൂവിനു നിറവും
കായ്കൾക്ക് ആകൃതിയും കൊടുത്താൽ
അതെത്ര നന്നായിരിക്കും എന്ന് വിചാരിച്ചിരിക്കേ

കണ്ടോ , ദേ നിങ്ങളാ ചെടിയിൽ തൊട്ടു
ദേ മറ്റയാൾ പൂവിൽ തൊടുന്നു കായ്ക്കൾ മണക്കുന്നു
ഇനിയും ജനിച്ചിട്ടില്ലാത്ത ഈ ചെടിയുടെ
വിരിഞ്ഞിട്ടില്ലാത്ത പൂവ് ഹായ് അതവള്‍ക്ക് കൊടുക്കണം
എന്ന് വരെ ഒരാൾ തീരുമാനിച്ചു കഴിഞ്ഞു

ഇല്ലേ, ഇക്കാര്യത്തിലെങ്കിലും നുണ പറയരുത്
കൂടുതൽ കളിച്ചാൽ ഈ ലോകത്തിൽ
എനിക്ക് മാത്രം സൃഷ്ടിക്കാനാവുന്ന ആ ചെടിയെ ഞാനങ്ങ് വേണ്ടെന്ന് വയ്ക്കും

സാംങ്ഷനായ ലോൺ വേണ്ടെന്ന്
ബാങ്ക് മാനേജരോട് മുഖത്തടിച്ച് പറയുന്നപോലെ

ഇത് ഒരു നിരുത്തരവാദപരമായ ദിവസമാണല്ലോ

ഇപ്പോഴത്തെ നിങ്ങളെപ്പോലെ
ഇപ്പോളെനിക്കും ഈ ചെടിയെക്കുറിച്ച് ,അതിന്റെ പൂവിനെക്കുറിച്ച്
നിറത്തെക്കുറിച്ച് മണത്തെക്കുറിച്ച് കായ്കളെക്കുറിച്ച്
വിത്താകേണ്ട കുരുക്കളെക്കുറിച്ച്
കൌതുകവും, അത്ഭുതവും ആശ്ചര്യവും അതിലേറെ സങ്കടവുമുണ്ട്

ശ്ശ്... തൊടല്ലെ പൂവിനെ ചെടിയെ കായിനെ
ഇക്കണക്കിനാണെങ്കിൽ ഞാനെന്റെ വഴിക്ക് പോകും

തീര്‍ത്തും നിരുത്തരവാദപരമായ ഒരു ദിവസമാണിന്ന്

നിങ്ങളെക്കൊണ്ട് ഞാൻ തോറ്റു

ഇല്ലേ നിങ്ങളാ ചെടിക്ക് വെള്ളം കോരാൻ പോയി
വളം വാങ്ങിക്കാൻ പോയി വേലി കെട്ടാൻ പോയി
എന്തിന് കളകളെ നശിപ്പിക്കുന്ന സ്പ്രേ വരെ വാങ്ങിവച്ചു
ഇല്ലേ ?

സത്യമായിട്ടും ഇനി ഞാൻ പറയില്ല
ഇത് അവസാനത്തേതാണ്

ഇന്ന് തീര്‍ത്തും നിരുത്തരവാദപരമായ ഒരു ദിവസമാണ്

ആ ഇതെവിടെ നിന്നും വന്നൂ ഈ പൂമ്പാറ്റകൾ
വരുന്ന വരവ് കണ്ടോ
ഇനിയും ജനിച്ചിട്ടില്ലാത്ത ഒരു ചെടിയുടെ കാറ്റടിച്ചാൽ മതി
വന്നോളും
പൂമ്പാറ്റകളാണത്രെ പൂമ്പാറ്റകൾ

ആ , നിങ്ങളെ പറഞ്ഞാൽ മതിയല്ലോ
കണ്ണില്‍ക്കണ്ട കാറ്റിനോടും, കാണാത്ത കാറ്റിനോടുമൊക്കെ
പറഞ്ഞപ്പോൾ സമാധാനമായല്ലോ ?
എനിക്ക് മതിയായി ഞാൻ പോവുകയാണ്

ഇത് തീര്‍ത്തും നിരുത്തരവാദപരമായ ഒരു ദിവസമാണ്

ഇനിയും ഇവിടെ നിന്നാൽ
ഇനിയും ജനിച്ചിട്ടില്ലാത്ത ആ ചെടിയെക്കുറിച്ച് പറഞ്ഞാൽ,
ആ പൂവ് വിരിയിച്ചാൽ കായ്കൾക്ക് തുടം വച്ചാൽ

നിങ്ങൾ വേണമെങ്കിൽ ഓട്ടോ പിടിച്ച് വരും
എന്റെ സ്വപ്നത്തിന്റെ നിറം എന്ന് കവിതയെഴുതും

പല പോസിൽ പടങ്ങളെടുത്ത് ഫേയ്സ്ബുക്കിലിടും
ഈ പൂവ് കൊടുക്കാൻ വേണ്ടി മാത്രം ഒരാളെ പ്രേമിക്കും

(ശ്ശൊ അത് കഴിയുമ്പോൾ അയാൾ ഒറ്റയ്ക്കാവും )
വീണപൂവ് എന്ന കവിത തപ്പിയെടുത്ത് പോസ്റ്റും

ഞാൻ പോകുന്നു എനിക്ക് വെറേ പണിയുണ്ട്
തീര്‍ച്ചയായും ഇത് നിരുത്തരവാദപരമായ ഒരു ദിവസമാണെങ്കിലും

__________________________________________

കരച്ചിൽ എന്ന വൻകര /ജയദേവ് നയനാർ

മണ്ണുകുഴച്ചെുത്ത്
ചുട്ടെടുക്കേണ്ടിയിരുന്ന
ഈ ഭൂമിയെ, 
പച്ചിലച്ചായം തേച്ച്
കണ്ണെഴുതേണ്ടിയിരുന്ന
ഈ കവിൾച്ചുവപ്പിനെ.
നിലാവുടുപ്പിച്ചുടുപ്പിച്ച്
നാണം മറക്കേണ്ടിയിരുന്ന
ഈ ഇരുൾമുഴുപ്പുകളെ
നോക്ക് ,
നീയെങ്ങനെയാണ്
നോട്ടങ്ങളെ
കണ്ണിൽ കോർക്കുന്നതെന്ന്.

മണ്ണുരുട്ടിയെടുത്ത് ഭൂമിയെ
ഉരുളയാക്കുമ്പോഴായിരുന്നു
നീ ഭൂമിയെ ഇടതു നെഞ്ചിൽ
മുലയൂട്ടിത്തുടങ്ങുന്നത്.
അണച്ചുപിടിച്ച നിന്‍റെ
കൈക്കുമ്പിളിൽ നിന്നതടർന്നുവീഴുമെന്ന്
വെറുതേ കൊതിപ്പിച്ച്.
ഭൂമിയുടെ വയറ്റിൽ നിന്ന്
ഒരു വിശപ്പത്രയും
ഉണർന്നെഴുന്നേൽക്കുന്നത്
അതിനു കൈയും കാലും
വളരുന്നത്
അത് ഉരുണ്ടുപോകാനാവാത്തവണ്ണം
മടിയിൽത്തന്നെ കിടന്നുപോവുന്നത്.
നിന്‍റെയിടതുമുലക്കണ്ണീമ്പി
അതിന്‍റെ കണ്ണുകൾ താനെ
അടഞ്ഞുപോവുന്നത്.
പിന്നീടൊരിക്കലും തുറക്കാനാവാതെ
ഭൂമിയെന്നും ചുറ്റുവട്ടത്തിൽ
കറങ്ങുന്നുവെന്ന
നുണയായിത്തീരുന്നത്.
നീയെത്ര നുണകളെയാണ്
അടവച്ചു വിരിയിച്ചതെന്ന്
അറിഞ്ഞതിൽപ്പിന്നെ.
.

അത്രമേൽ വിഷനീരിൽ നീലിപ്പിച്ച്
വരക്കേണ്ടിയിരുന്ന കടലിനെ
നിനക്കു വെറും വെള്ളക്കെട്ട്.
നീ കുളിക്കാനിറങ്ങുമ്പോൾ
കവിയുന്ന വേലിയേറ്റ്.
നീ നിന്നെത്തന്നെ കുടിക്കുമ്പോൾ
മെലിയുന്ന വേലിയിറമ്പ്.
നിന്‍റെ കടലാസ് തോണികളുടെ
രതിമൂർച്ഛ കഴിഞ്ഞ ശവപ്പറമ്പ്.
നീ വിരലുകളിൽ കോരിയെടുക്കുന്ന
പുഴകളുടെ നനവ്.
ഒരു വെറും വെള്ളക്കെട്ടിനെ
കടലെന്നു വിളിപ്പിച്ച്
ഇതയും കാലം.
കടലാസ് തോണികളുടെ
സ്ഖലനങ്ങളെ
കപ്പൽച്ചേദമെന്ന്
കൊതിപ്പിച്ച്.
നീയൊളിപ്പിച്ചുവച്ചിരുന്ന
ഉഷ്ണജലപ്രവാഹങ്ങളെന്നൊക്കെ
കള്ളസാക്ഷി പറയിപ്പിച്ച്.
നീ ഒളിച്ചുകടത്തിയ
കടലുകളിലെ
തോണിക്കാരനാണ് ഞാൻ.
ഞാൻ തുഴയേണ്ടുന്ന തോണിക്കുള്ള
മരമാകുന്നു ഞാൻ.
.
ആർക്കും വേണ്ടാത്ത
ഒരു നീന്തലുമായി, 
കടലാകുമെന്നു വിചാരിക്കുന്ന
ഒരു വിയർപ്പുതുള്ളി
കൂറുമാറി നിന്നെ
ഒറ്റുമെന്നു പറയുംവരെ.

Monday, February 18, 2019

ഞാൻ, നീ നീ, ഞാനെന്ന്....വീണ്ടും/ചിത്തിര കുസുമൻ

പുലർച്ചെ ,
അവന്റെ സുരക്ഷിതവലയങ്ങളിൽ നിന്ന്
ഒരു മാളത്തിൽ നിന്നെന്നവണ്ണം ഞാൻ പുറത്തുകടക്കുന്നു.
കണ്ണു തിരുമ്മിത്തിരുമ്മി
കണ്ടു മടുത്തു പോയ കാഴ്ചകളെല്ലാം
അവിടുണ്ടെന്ന് ഉറപ്പു വരുത്തുന്നു.
തിരക്കിന്റെ തിരയിലേക്ക്
'ഞാനും' എന്ന് ഒറ്റക്കുതിപ്പിനു ചേരുന്നു.
അവന്റെ യാത്രാവഴികൾ
എന്നെ ഭ്രമിപ്പിക്കുന്നേയില്ല,
അവയ്ക്ക്  അവസാനിക്കാനുള്ള ഒരേയൊരിടമായി
ഞാനെന്നെ സദാ ഒരുക്കിവെച്ചിരിക്കുന്നു.

പകലിന്റെ നിവർത്തിയിട്ട നീളൻ ക്യാൻവാസിൽ
ചലനങ്ങളൊക്കെ വരകളും നിറങ്ങളുമാക്കി
എന്റെ സ്വാതന്ത്ര്യമേ എന്ന് ഞാനൊരു  പട്ടമാകുന്നു
അവൻ സ്വയം എന്റെ ചരടു കൊരുത്തിരിക്കുന്ന വിരലെന്നു കരുതുന്നു
ഞാനോ, നീയെന്റെ ആകാശമാണെന്ന് അവനോടു പറയില്ലെന്നുറപ്പിക്കുന്നു.
അവനെ വിസ്മയിപ്പിക്കാനെന്ന് 
കാണുന്നതൊക്കെയും  കണ്ണിൽ  കുരുക്കിയിടുന്നു.
രണ്ടു പേർ മാത്രം ചായകുടിക്കുന്ന മേശയിൽ
മൂന്നാമത്തെ, ഒഴിഞ്ഞു കിടക്കുന്ന കസേരയിൽ എന്റെ കണ്ണുടക്കിക്കിടക്കുന്നു.
എന്റെ ശലഭമേയെന്ന്,
തിരികെ അവനിലേക്കെത്തും വരെ
എന്റെ നെഞ്ചിൽ  ശംഖൊലി കേൾക്കുന്നു.

മടങ്ങും വഴി നീളെ ഞാനൊരു പാട്ടു കേൾക്കുന്നു
തീരക്കാറ്റിൽ മുടിയിഴകൾ പറക്കുമ്പോൾ
പ്രണയം കൊണ്ട് ഉടൽ വിറക്കുന്നു .
താഴേക്കു ചാടല്ലേയെന്ന് നക്ഷത്രങ്ങളെ
നെഞ്ചോടടുക്കിപ്പിടിച്ചിരിക്കുന്ന ആകാശത്തിലേക്ക്
ഒരു പ്രാർത്ഥനയിൽ മുഖമുയർത്തുന്നു .

പ്രാണനേയെന്ന് തണ്ടൊടിഞ്ഞ്  ചായുമ്പോൾ
അവനെനിക്കു മുൻപിൽ താഴിട്ടൊരോടാമ്പലാകുന്നു
അവന്റെയുമ്മകൾ കൊണ്ട് വിശുദ്ധീകരിക്കപ്പെട്ടഎന്റെ കവിളിൽ
ഒരിക്കലുമുണ്ടാവില്ലെന്നറിയുന്നഏതോ പൂവിന്റെ ഗന്ധം തേടുന്നു.
എന്റെ കണ്ണിലെയാടുന്നയൂഞ്ഞാൽ നോക്കി
ഇത്തരം കാഴ്ചകൾ മറ്റാർക്കുമില്ലെന്ന് ,
ഞാൻ കേട്ട പാട്ട് ലോകത്താരും ഇതേ വരെ പാടിയിട്ടില്ലെന്ന്,
എനിക്ക് ചുറ്റും സന്ദേഹിയായി ഇഴഞ്ഞു നടക്കുന്നു,
അവനെയിന്നു  വെറുപ്പ്‌ പുതപ്പിച്ചുറക്കുമെന്ന്
ഞാനെന്നോടു ശപഥം ചെയ്യുന്നു.

പരസ്പരം വിദ്വേഷികളായി ഞങ്ങൾ
കാണികളില്ലാത്തൊരു നാടകത്തിൽ അഭിനയിക്കുന്നു
അപ്പോൾ മാത്രം ഓർത്തെടുക്കാൻ കഴിയുന്ന വാക്കുകൾ കൊണ്ട്
ആർക്ക് ആരെ അധികം വേദനിപ്പിക്കാമെന്ന കളി കളിക്കുന്നു
മുനയുള്ള നോട്ടങ്ങൾ കൊണ്ട് പരസ്പരം മുറിപ്പെടുത്തുന്നു.
അതിനിടയിലെപ്പോഴോ നോവിക്കാനെന്നവണ്ണം അവനെന്നെത്തൊടുന്നു,
എന്റെ എന്റെയെന്ന് ഞാൻ ശപഥം മറക്കുന്നു,
അവനൊരു കന്മതിലും ഞാനൊരു മുക്കുറ്റിച്ചെടിയുമാകുന്നു.

പൊടുന്നനെ അവനൊരു പൊത്തോ മാളമോ ആയി രൂപാന്തരപ്പെടുന്നു
ഞാൻ അതിനുള്ളിലേക്ക് എന്റെയുടലിനെ ഒതുക്കിവെക്കുന്നു.

ദൂരെയെങ്ങോ  ഒരു രാത്രിവണ്ടി ഗസൽ മൂളിക്കടന്നുപോകുന്നു.

_______________________________________