Friday, October 31, 2014

കടലാസ് പൂക്കള്‍ / ഹൻലല്ലത്ത്

വെയില്‍ നരപ്പിച്ചൊരു
കടലാസ് പൂവ്
നിറങ്ങള്‍ക്കിടയില്‍
വേറിട്ട്‌ കാണാം

കടലാസായത് കൊണ്ട്
വേദനിക്കില്ല

ഇല നേരെ പിടിക്കെടായെന്ന്
തല താഴ്ത്തി നില്‍ക്കെടായെന്ന്
ഏതു വഴിപോക്കനും ശാസിക്കാം

കൈ തരിക്കുമ്പോള്‍
ഇലച്ചുവട് നീറ്റി നോക്കാം

ഒരാളും കടലാസു പൂവിനെ
മണത്തു നോക്കി
കൈവെച്ചു തലോടില്ല .

അച്ഛന്‍ ചെടിയും അമ്മച്ചെടിയും
കാലമാകാതെ
ഉണങ്ങുമ്പോഴാണെത്രെ
പൂച്ചെടികള്‍
കടലാസു ചെടികളാകുന്നത്

ഒരുപ്പൂ / കെ.ജി.ശങ്കരപ്പിള്ള


പൊന്നണിഞ്ഞു നീ തുടുത്ത നാൾ
കൊയ്തെടുത്ത് കെട്ടിയതല്ലേ
നിന്നെ അവൻ ?
മെതിച്ചതല്ലേ
കൊഴിച്ചതല്ലേ
ചെമ്പ് കുട്ടകത്തിൽ പുഴുങ്ങിയതല്ലേ
പൊരിവെയിലിലുറക്കിയതല്ലേ
കുത്തിക്കുത്തി ഉള്ളെടുത്തതല്ലേ
കൊന്നോർക്കും വെന്നോർക്കുമെല്ലാം
അന്നമാക്കി വിളമ്പിയതുമല്ലേ
നിന്നെ അവൻ

എന്നിട്ടുമെന്തിനാ സീതേ
അവൻ വീണ്ടും വരുമ്പോൾ
പ്രിയം നടിക്കുമ്പോൾ
നിലമൊരുക്കുമ്പോൾ
സമ്മതം തൊട്ടു നോക്കുമ്പോൾ
തൊഴിച്ചകറ്റാതെ നീയവനെ
ചിരിച്ചേൽക്കുന്നെ ?

ചിരിയല്ലാതൊരു ക്യഷിയെന്തെൻ ചേച്ചീ
എനിക്കെൻ
കണ്ണീർപ്പാടത്തിനി
വൈകീയറിയാൻ
വല്ലോരുടെയായെൻ വയലെന്ന്

തെരുവ് വിളക്കിൻ കാലുകൾ പോലെ
നെല്ലിൻ ത്ണ്ടുകൾ കിളരും
കതിരുകൾ വിളയും
വയലേലകളിപ്പോഴുമുണ്ടെൻ കനവിൽ
പാലക്കാട്ടും പായിപ്പാട്ടും ത്യശ്ശൂരും...
ഭാഗ്യം
കനവിൽ ഇരുപ്പൂ മുപ്പൂ
വിളവുണ്ടിന്നും

ചിന്നച്ചേച്ചി / ഉമാ രാജീവ്



പ്രസവത്തോടൊപ്പം വിശപ്പ് പോയി
വായിലെടുക്കുന്നതൊന്നും ഇറക്കാൻ തോന്നുന്നില്ല
ഒന്നിനോടും ഒരു കൊതി തോന്നുന്നില്ല

കുഞ്ഞുവായിലിറ്റിക്കാൻ മുലപ്പാലില്ലാതാവും-അമ്മ
ഇത്തിരി ബ്രാണ്ടികുടിപ്പിക്ക്-അപ്പുറത്തെ വീട്ടിലെ ചേടത്തി
ഓജസ്സും തേജസ്സും കെട്ടുപോവും-അമ്മായിയമ്മ
വിളക്കെല്ലാമണച്ച്
ഫാനിനോടൊപ്പം ചുറ്റുമ്പോൾ
നോക്കാൻ വന്ന ചേച്ചി പറഞ്ഞു
"ഇപ്പൊ കെടക്കണ കെടപ്പാ കൊച്ചേ കെടപ്പ്
ഇപ്പൊ തിന്നണ തീറ്റയാ കൊച്ചേ തടി
പെണ്ണിനാരോഗ്യം പേറ്റുരക്ഷയാ
ഒന്നാം പേറ് അമ്മ നോക്കും
രണ്ടാം പേറ് അതിയാന്റമ്മ
മൂന്നാമത്തേതും നാലാമത്തേതും
മൂത്തതുങ്ങൾ നോക്കും"
തലമുടി കൊടഞ്ഞു കെട്ടി
പുതപ്പിലേക്ക് കാൽ വലിച്ച്
ചിന്നച്ചേച്ചി കഥക്കെട്ടഴിച്ചു
"എന്റെ നാലാംപേറിന്നൊ-
ന്നുമുണ്ടായില്ലാ-
രുമുണ്ടായില്ല
അങ്ങോരു റോഡുപണിക്കായി
ശബരിമലയിലായിരുന്നു
അങ്ങോരുടേ അമ്മ കിടപ്പിലായിരുന്നു
എന്റെ വീട്ടിലേക്കൊന്നുപോവാനാരുമില്ലായിരുന്നു"
"പെറ്റ് നാലിന്റന്ന് അടുക്കളയൊഴിഞ്ഞു
പീയം പീയം മൂന്നെണ്ണങ്ങൾ ചുറ്റിനും കരഞ്ഞു
പുറത്ത് പറമ്പിലിറങ്ങി
ആദ്യം കണ്ടത് ചെമ്മീൻപുളിയുടെ പിഞ്ചുകായകൾ
പിന്നെക്കണ്ടത്
മൂത്തുപൊട്ടാറായ അച്ചിങ്ങപ്പയറുകൾ
പിന്നെയൊന്നും കണ്ടില്ല
മൂത്തചെക്കനെ തോളിലേന്തിച്ച്
ചെമ്മീൻപുളി പൊട്ടിച്ചു
കലത്തിൽ വെള്ളത്തിലെക്കിട്ടു
പയറും പൊളിച്ചിട്ട്
ഉപ്പും ചേർത്തു വേവിച്ചു
ഞങ്ങൾ നാലും കോരിത്തിന്നു
പിന്നേം പെറ്റും ഇരുവട്ടം"
"ഇന്നിപ്പോ
നാലാമത്തോന്റെ കൂടെയാ
ഒഴിവിനു പൊറുതി"
പറഞ്ഞു നിർത്തി
ഉറക്കത്തിലേക്ക് വഴുതി
പിറ്റേന്നു രാവിലെ
എണ്ണയും ഈർപ്പവും നിറഞ്ഞ തലമുടിയുമായി
നെയ്യുകിനിയുന്ന ഉള്ളിച്ചോറിനും
തുളുമ്പി വടിയുന്ന പാൽഗ്ലാസിനും
മുന്നിലിരിക്കുമ്പോൾ
വല്ലാത്ത വിശപ്പ്
വല്ലാത്ത ആർത്തി
"അമ്മേ എനിക്ക്
പയറും ചെമ്മീൻപുളീം വേവിച്ചു തിന്നണം"
അടുക്കളപ്പുറത്തുനിന്നു
ചിന്നുചേച്ചി ഓടി വന്നു
"അയ്യൊ പെറ്റുകിടക്കണ പെണ്ണിനു
ചെമ്മീൻപുളി കൊടുക്കാമ്മേലാ"

Thursday, October 30, 2014

ഇങ്ങനെ മാത്രം ചിരിക്കുക / ജംഷി

ആവുന്നത്ര ഉച്ചത്തില്‍
ചിരിക്കാമെന്നൊന്നും വിചാരിച്ചേക്കരുത്.

ചിലപ്പോള്‍
മൂടിക്കെട്ടിയ കുടത്തിനുള്ളില്‍
ഒരു പട്ടിക്കുട്ടിയുമായി
മരമണ്ടനായ മല്ലന്‍
എല്‍ പി സ്കൂള്‍ വരാന്തയിലൂടെ
നടന്നു വന്നേക്കും

ചിലപ്പോള്‍
മറവിയെ കൊഞ്ഞനം കുത്തി
സുഹൃത്തിന്റെ
ചൂണ്ടല്‍ കൊളുത്തില്‍
ഒരു നീര്‍ക്കോലി കുടുങ്ങിയേക്കും.

വിക്കുള്ള
കണക്ക് മാഷിനെ
ആരെങ്കിലും അനുകരിച്ചെന്നിരിക്കും.

പക്ഷെ
വാ തുറക്കരുത്
പല്ല് പുറത്ത് കാണിക്കരുത്.

ചിരിക്കുന്നവരെ കണ്ടാല്‍
ഭ്രാന്തെടുക്കുന്നവരുടെ
നടുവിലകപ്പെട്ടവരേ .
തീരെ വയ്യെന്നാകില്‍
ദേ ഇങ്ങനെ
ചുണ്ടു മാത്രമൊന്നനക്കിക്കൊള്ളൂ......

ഉറക്കം മുറിഞ്ഞവരുടെ തെരുവ് / പകൽ കിനാവൻ ( ഷിജു ബഷീർ)


വറുത്ത നിലക്കടലയുടെയും
വാടിയ മുല്ലപ്പൂവിന്‍റെയും
ഗന്ധമഴിച്ചുവെച്ച് നഗരമുറങ്ങുമ്പോഴും
ഉണ്ണാതെയുറങ്ങാതെയിരുപ്പുണ്ട്
ജനാലക്കു പിന്നിലൊരു വിരല്‍തുമ്പ്‌...

മരിച്ചവന്‍റെ ഫോട്ടോയ്ക്ക്‌ പിന്നില്‍
ഇണചേരാതെ പിണങ്ങിയിരിക്കുന്ന പല്ലികള്‍,
ഇഴഞ്ഞു കയറാന്‍ ചുവരുകളില്ലാതെ
വഴി തിരയുന്ന ഉറുമ്പുകള്‍,
അവ മാത്രം അറിയുന്നുണ്ടാവണം
ഉറക്കം മുറിഞ്ഞ-
രണ്ടു കണ്ണുകളിലെ ഏകാന്തത.

ചായപ്പെന്‍സിലുകള്‍ നിറയെ വരഞ്ഞ ഭിത്തികളില്‍
ചിത്രശലഭങ്ങള്‍ ഒരു ചിറകില്‍ കടലും
മറു ചിറകില്‍ മരുഭൂമിയും കൊണ്ട്
പറക്കുവാന്‍ കഴിയാതുറഞ്ഞു പോകുന്നു.

ഇരുട്ട് മൂടിയ അഴികള്‍ക്കിടയിലൂടെ
അകന്നു പോകുന്നു,
വിജനമായ തെരുവും
നിശ്വാസങ്ങള്‍ മൂടിയ ഒരു മേല്‍ക്കൂരയും...
ജനാലക്കു പിന്നില്‍ മൌനത്തിന്റെ വിരലുകള്‍
ഭ്രാന്തിന്റെ ഇഴകള്‍ കൊണ്ട് ചിറകില്ലാത്ത
ഒരു പക്ഷിയെ തുന്നിയെടുക്കുന്നുണ്ട്.

എന്നിട്ടും, എന്‍റെ ദൈവമേ,
നഗരമേ, നക്ഷത്രമേ,
ഉറങ്ങാതിരിക്കുന്ന ഒരു കടലിനെ കണ്ടു-
നിനക്കെങ്ങനെ ഇതുപോലെ ഉറങ്ങാന്‍ കഴിയും?

ഒടുവില്‍ / അനിത തമ്പി



ഒന്നുറങ്ങിയുണര്‍ന്നു നോക്കുമ്പോള്‍
കാറ്റനക്കുന്ന പൂക്കള്‍ മുറ്റത്ത്‌
പച്ചിലകള്‍ പുഴുക്കള്‍ കിളികള്‍
ആറുവാന്‍ വിരിച്ചിട്ട തുണികള്‍
ഒക്കെ രാവിലത്തെപ്പോലെ തന്നെ.

രാവിലെ നെഞ്ഞു പറ്റി,യമ്മിഞ്ഞ
യുണ്ട് ചേര്‍ന്നു കിടന്ന കുഞ്ഞപ്പോള്‍
ദൂരെ നിന്നു വിളിക്കുന്നു ഫോണില്‍.

വാടി,ചൂടു വെയിലതിന്നൊപ്പം
നീളമേറി നിഴലിനും വേഗം
വന്നടുക്കുന്നു രാവ്,പൈദാഹം
പൂണ്ടുരുണ്ട് കരഞ്ഞ് പൊറുക്കാ-
ഞ്ഞാദിയിലെന്ന പോലെയമ്മിഞ്ഞ
നെഞ്ഞുവിട്ടു പറന്ന് മാനത്ത്
സൂര്യനുണ്ടായിരുന്നിടത്തേക്ക്
ചെന്ന് ചേര്‍ന്നു ചുരത്തിത്തുടങ്ങി

പ്രാണി പച്ചില പൂങ്കിളി പൂക്കള്‍
ചുണ്ടു ചേര്‍ത്ത് കുടിച്ചു തുടങ്ങി.

മെല്ലെയെല്ലാമുറങ്ങിത്തുടങ്ങി.

രണ്ടുപേര്‍ക്കിടയില്‍ / പ്രകാശന്‍ മടിക്കൈ


കാറ്റായി ഒരാള്‍ പിറകിലുണ്ട്
മഴ പോലെ നീങ്ങുന്ന എന്നെ
തരം കിട്ടുമ്പോള്‍
കയറിപ്പിടിക്കാന്‍.

മുന്നില്‍
തീ പിടിച്ച പോലെ ഒരാളുണ്ട്
കിണറോ കുളമോ പുഴയോ തേടി.
പുകഞ്ഞു പോകുന്നു.
പെട്ടെന്ന് അവളുടെ അടുത്തെത്തണം.

ഇന്ന് ഞാന്‍ ഇവര്‍ക്കിടയില്‍
വന്നിരുന്നില്ലെങ്കില്‍
പിറകിലെ കാറ്റുപോലുള്ളവള്‍ ‍ ഓടിപ്പോയി
തീപിടിച്ചവളെ
വട്ടം വീശി
ആളിക്കത്തിക്കുമായിരുന്നു.

വെള്ളം./ അസ്മോ പുത്തന്‍ചിറ


എപ്പോള്‍ കാണുമ്പോഴും
പുഴ,പുതിയ കഥ
പറഞ്ഞുകൊണ്ടിരിക്കുകയായിരിക്കും
.
ഇന്നലെ പറഞ്ഞ
കഥയിലെ ശിഷ്ടവും
പറഞ്ഞുകൊണ്ടിരിക്കുന്ന
കഥയിലെ നായികയും
നാളെ പറയാന്‍ അടക്കിവെച്ച
കഥയിലെ നായകനും
വെള്ളം പോലെ
കടലിലേക്ക്
ഒഴുകിപ്പോകുന്നത്
മറ്റൊരു
കഥയായിരിക്കും.     

വഴി / പി.പി.രാമചന്ദ്രന്‍


മലയും പേറി
വരുന്നൊരു മടിയനു
വഴികാണിച്ചു നടക്കും നേരം
മുടിയിഴയേഴായ് കീറാനെന്തൊരു
വഴിയെന്നൊരുവന്‍
ചോദിക്കുന്നു!

പരാജയം / ശാന്തി ജയകുമാര്‍


എന്റെ മിഴികൾ നിറയെ ദു:ഖമാണ്, പക്ഷേ
മഴപോലെ കരയാന്‍ കഴിയുന്നില്ല.
എന്റെ പീലികള്‍ നിറയെ ഭയമാണ്, പക്ഷേ
മയില്‍ പോലെ വിറയ്ക്കാനറിയില്ല.

എന്‍റെ അണു തോറും സ്വപ്നങ്ങളാണ് , പക്ഷേ
പൂവാകപോല്‍ മതിമറന്നു വിടരാന്‍ വെമ്പുന്നില്ല.
നാവിന്‍റെ മച്ചകം നിറയെ മുറിഞ്ഞ
ഗൌളി വാലുകളിഴയുകയാണ് , പക്ഷേ
പ്രേതഭാഷയില്‍ പ്രവചനങ്ങളില്ല.

എന്‍റെ ഹൃദയം ആത്മഹത്യാമുനമ്പിലാണ് , പക്ഷേ
അതിന്‍റെ മുഴക്കത്തിലേക്ക് നഷ്ടമാകുന്നില്ല.
എന്‍റെ മഷിക്കുപ്പി നിറയെ കവിതകളാണ് , പക്ഷേ
അതു കട്ടപിടിക്കുമ്പോള്‍
അക്ഷരങ്ങള്‍ക്കു മരണവേദന മാത്രം.

അകത്തേക്ക് വരരുത് / സെറീന റാഫി


 ഒച്ചകൾ നിറച്ച്‌
അലങ്കാരങ്ങൾ  തൂക്കി
വെളിച്ചം വിളമ്പി
ഒരുക്കിയിട്ടുണ്ട്
ജീവിതത്തിനു പുറത്തൊരു
സ്വീകരണ മുറി
ഇവിടെയിരിക്കാം

അകത്തേക്ക് വരരുത്

അവിടെയാണ്
അടക്കിയിരിക്കുന്നത്
അവിഹിത ജന്മത്തിന്റെ
അനാഥ ശവത്തെ .

എന്‍റെ കാര്യം എന്‍റെ മാത്രം / പി.പത്മനാഭന്‍


എന്‍റെ വീട്ടിലെ പത്തായം
പെറ്റു കൂട്ടുന്ന നെല്ലെല്ലാം
ചക്കികുത്തിയരിയാക്കും
അമ്മ വെച്ചതു ഞാനുണ്ണും.

പത്തായം പെറ്റതെങ്ങനെ
ചക്കി പാടെത്ര പെട്ടെന്നും
അരി വെന്തു ചോറാകാന്‍
അമ്മയെന്തൊക്കെ ചെയ്തെന്നും,
അന്യകാര്യത്തില്‍ ഞാനെന്തി-
ന്നന്യഥാചിന്ത ചെയ്യണം?
വാകീറുകിലിരയുണ്ടാം
കാര്യം പ്രകൃതിനിശ്ചിതം.

ആഞ്ഞെറിഞ്ഞു കളഞ്ഞു ഞാന്‍
ചീഞ്ഞു നാറുന്ന വേയ് സ്റ്റെല്ലാം
ആരാന്‍റെ തൊടിയല്ലയോ
അവരും ചെയ് വതല്ലയോ.

നടുറോഡില്‍ ചോര ചിന്തി
പ്രാണന്‍ പോകാന്‍ കിടക്കിലും
ഞാനെന്തിനു മെനക്കെട്ട്
പുലിവാലു പിടിക്കണം.

കാറില്‍ പോകുന്ന ഞാന്‍ വെറും
കാല്‍ നടക്കാരെ രക്ഷിക്കാന്‍
ചെളിവെള്ളമൊഴിവാക്കി
നേരം കളയുവതെന്തിന് ?

ലക്ഷങ്ങള്‍ കൊണ്ടു വാങ്ങുന്ന
ഡോക്ടര്‍ ബിരുദസൌഭാഗ്യം
അന്യന് സൌജന്യമാക്കാന്‍
നമ്മളത്രക്ക് വിഡ്ഢിയോ ?

എനിക്കു വീടു തീര്‍ക്കണം
പറമ്പുതരിശാക്കിയും
അതിനു മണല്‍ വാരണം
പുഴ മൃത്യു വരിക്കിലും.

രാഷ്ട്രീയക്കാരഹോരാത്രം
പാടുപെട്ടു നമുക്കായി
നേട്ടങ്ങള്‍ കൊയ്തെടുക്കുന്നു
തല്ലു കൊണ്ടു മരിക്കുന്നു.

വാതോരാതെ വാഗ്ദാനം
വാരിക്കോരിക്കൊടുത്തിട്ട്
ശൂന്യം കോടികളായ് മാറ്റും
എന്നെ കണ്ടു പഠിക്കുവിന്‍.

ഐഡന്റിറ്റി കാര്‍ഡ് /എസ്.ജോസഫ്


പഠിച്ചുകൊണ്ടിരുന്ന കാലം
ഒരു പെണ്‍കുട്ടി ചിരിച്ചു വന്നു

ചോറിനും ചൂരമീന്‍ കറിക്കും മീതെ
ഞങ്ങളുടെ കൈകള്‍ കുഴഞ്ഞു

ഞങ്ങള്‍ ഒരു ബെഞ്ചില്‍
ഹിന്ദുകൃസ്ത്യന്‍ കുടുംബമായി

ഞാന്‍ നെരൂദയുടെ കവിതകള്‍ വായിച്ചു നടന്നു
അതിനിടെ എന്റെ ഐഡന്റിറ്റി കാര്‍ഡ് കളഞ്ഞുപോയി

ഞാന്‍ കണ്ടു.
കാര്‍ഡ് തന്നിട്ടവള്‍ പറഞ്ഞു
ചുവന്ന പേനകൊണ്ടതില്‍ കുറിച്ചിട്ടുണ്ടല്ലോ
സ്റ്റൈപ്പന്റ് വാങ്ങിച്ച കണക്ക്

ഇക്കാലത്ത് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമിരുന്ന്
മറക്കുന്നത് നോക്കാറേയില്ല
അല്‍പ്പം കഴിഞ്ഞവര്‍ പിരിഞ്ഞുപൊയ്ക്കൊള്ളും
ഇനി അവര്‍ ഒരുമിച്ചാലും അത്ഭുതമില്ല
അവരുടെ ഐഡന്റിറ്റികാര്‍ഡില്‍
ചുവന്ന കുറിക്കലുകള്‍
ഉണ്ടാവില്ല

നിശ്ശബ്ദത / വിഷ്ണു പ്രസാദ്


കൊല നടന്ന മുറിയില്‍
ശവം, വായ പിളര്‍ന്ന്
വയറു വീര്‍ത്ത്‌
കണ്ണു തുറന്നു കിടന്നിരുന്നു.
തറയില്‍
നാലുപാടും ഭയന്നോടിയ രക്തം.
ഈച്ചകളുടെ
അന്തിമപരിചരണം.
ജനാലയ്ക്കല്‍ വന്ന് എത്തിനോക്കി
മൂക്കു പൊത്തി എല്ലാവരും
മുറ്റത്തേക്ക് മാറിനിന്ന്
സ്വകാര്യം പറഞ്ഞു.
പ്രഥമവിവരറിപ്പോര്‍ട്ട്‌ തയ്യാറാക്കുന്ന
പോലീസുകാര്‍
ശവത്തിനു ചുറ്റും
ഒരു ലക്ഷ്മണരേഖ വരച്ചു.
എല്ലാ മുറികളും തുറന്നു നോക്കി.
ആരുമുണ്ടായിരുന്നില്ല, ഒന്നും.
അടുക്കളയില്‍
മൂന്നു ദിവസം മുന്‍പ്‌ ബാക്കിയായ
ചോറും കറിയും
വായ തുറന്നിരിക്കുന്ന ഒരടുപ്പും
ഉണ്ടായിരുന്നു.
കിടപ്പുമുറിയില്‍
തൂക്കിയിട്ട ഷര്‍ട്ടുകള്‍
വായിച്ചു വച്ച പുസ്തകം
കുത്തിക്കെടുത്തിയ സിഗരറ്റ്‌
എല്ലാം അതേപടി കിടന്നിരുന്നു.
കൊല ചെയ്യപ്പെട്ടവന്‍ ഉപയോഗിച്ചിരുന്ന
അലമാരയിലെ കണ്ണാടി
അപ്പോഴും പ്രവര്‍ത്തിച്ചിരുന്നു.
അതില്‍
പൊലീസുകാരന്റെ മുഖം തെളിഞ്ഞു.
പത്രം,റേഡിയോ,ടെലിവിഷന്‍ ‍,കമ്പ്യൂട്ടര്‍
അത്തരത്തിലൊന്നും അവിടെ കണ്ടില്ല.
ചുമരില്‍ ,
ഉപേക്ഷിച്ചു പോയ ബന്ധുക്കളുടെയും
അയാളുടെയും
കറുപ്പിലും വെളുപ്പിലുമുള്ള ഛായാപടങ്ങള്‍
ഒരേ പോസില്‍
നിശ്ചേഷ്ടരായി തൂങ്ങിക്കിടന്നു.
ഒഴിഞ്ഞ കസേരകള്‍
ഒഴിഞ്ഞുതന്നെ കിടന്നു.
മുറികള്‍ക്കുള്ളിലും
വീടിനുചുറ്റും
വെറുതേ പാഞ്ഞു നടന്ന
പൊലീസ്‌ നായ
നിരാശയോടെ കുരച്ചു.
അന്വേഷണത്തില്‍ നിന്ന്
ഒരു കാര്യം മനസ്സിലായി.
അയാള്‍ക്ക്‌
ചങ്ങാതിമാരാരും ഉണ്ടായിരുന്നില്ല.
അയല്‍പ്പക്കക്കാര്‍
ആ വീട്ടില്‍ വന്നിരുന്നില്ല.
ഒരു പിച്ചക്കാരനാണ് ശവം ആദ്യമായിക്കണ്ടത്.
അയാളെ ചോദ്യം ചെയ്ത് വിട്ടയച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം
ശവം അടക്കം ചെയ്ത്‌ എല്ലാവരും തിരിച്ചു പോയി.
സാക്ഷികളും
തെളിവുകളുമില്ലാത്തതിനാല്‍
അന്വേഷണം
എന്നേക്കുമായി അവസാനിപ്പിച്ചു.
.............................
എല്ലാ മുറികളിലും പതിയിരുന്ന
ആര്‍ക്കും പിടി കൊടുക്കാതിരുന്ന
വിദഗ്ദ്ധനായ കൊലപാതകി,
പിന്നീട് ആ വീട്ടില്‍ തനിച്ചായി : നിശ്ശബ്ദത.

ഭൂമി / രാംമോഹന്‍ പാലിയത്ത്


ഇപ്പോള്‍ നമ്മള്‍ വിചാരിക്കുന്നതു പോലെ
സൃഷ്ടിയുടെ നാള്‍
ദൈവവും വിചാരിച്ചിരുന്നു
ഒരു 6237-ഓ 8031-ഓ ഭൂമികള്‍ ഉണ്ടാക്കാമെന്ന്.

ബോംബും ചോരയും ഒഴിവാക്കാന്‍
സുന്നികള്‍ക്കു മാത്രമായൊരു ഭൂമി
ഷിയാക്കള്‍ക്ക് വേറൊരു ഭൂമി
നായന്മാര്‍ക്കും ഈഴവര്‍ക്കും വേറെ വേറെ ഭൂമി
കമ്മ്യൂണിസ്റ്റ്‌ കാര്‍ക്ക് ഒരെണ്ണം
മെത്രാന്‍ കക്ഷിക്ക് ഒരെണ്ണം
ബാവാകക്ഷിക്ക് മറ്റൊരെണ്ണം .
രാവിലത്തെ തെറിവിളികള്‍ ഒഴിവാക്കാന്‍
ഓട്ടോറിക്ഷകാര്‍ക്ക് മാത്രമായൊരു ഭൂമി.
ബസ്സുകള്‍ക്ക് മാത്രം മറ്റൊരു ഭൂമി
ടൂ വീലേഴ്സിന് വേറൊരെണ്ണം
കാല്‍നടക്കാര്‍ക്കും മറ്റൊരെണ്ണം.
ഭ്രാന്താശുപത്രികളും ജയിലുകളും ഇല്ലാതിരിക്കുവാനായി
ഞരമ്പുരോഗികള്‍ക്കു മാത്രമായി ഒരു ഭൂമി
പിഞ്ചുകുഞ്ഞുങ്ങള്‍ക്കും വൃദ്ധകള്‍ക്കും മറ്റൊരു ഭൂമി
പാവങ്ങള്‍ക്കും പണക്കാര്‍ക്കും വേറെ വേറെ ഭൂമി.
വൃദ്ധസദനങ്ങളും ദേവാലയങ്ങളും ഇല്ലാതിരിക്കാനായി
കാമഭ്രാന്തന്മാര്‍ക്കും ഭ്രാന്തികള്‍ക്കും മാത്രമായി ഒരു ഭൂമി
എകാകികള്‍ക്കും അസൂയക്കാര്‍ക്കും വേറെ വേറെ ഭൂമി
അത്യാഗ്രഹികള്‍ക്ക് മറ്റൊരു ഭൂമി.
ആക്രോശങ്ങളും ഉറക്കഗുളികകളും ഇല്ലാതിരിക്കുവാനായി
ഉറങ്ങുന്നവര്‍ക്ക് മാത്രമായി ഒരു ഭൂമി
ഉറക്കം നടിക്കുന്നവര്‍ക്ക് മറ്റൊരു ഭൂമി
ക്രിക്കറ്റും കഞ്ചാവും സിനിമയും കുടിക്കുന്നവര്‍ക്ക് വേറെ വേറെ ഭൂമി.
ഒടുവില്‍
ആവശ്യമായ അത്രയും ഭൂമികള്‍ ഉണ്ടാക്കാന്‍
തന്റെ കയ്യിലുള്ള വെള്ളവും മണ്ണും തികയാതെ വരുമെന്നു മനസ്സിലാക്കിയപ്പോള്‍
ദൈവം
നരഭോജികള്‍ക്കു മാത്രമായി സൃഷ്ടിച്ചു
ഏകാന്തതയുടെ ഈ ഒരൊറ്റ ഭൂമി.

Monday, October 27, 2014

മതിൽ / പവിത്രൻ തീക്കുനി


നിന്റെ വീടിന്‌
ഞാന്‍ കല്ലെറിഞ്ഞിട്ടില്ല
ഒരിയ്ക്കല്‍പ്പോലും
അവിടത്തേയ്ക്കെത്തിനോക്കിയിട്ടി
ല്ല
നിന്റെ തൊടിയിലോ മുറ്റത്തോ
വന്നെന്റെ കുട്ടികളൊന്നും നശിപ്പിച്ചിട്ടില്ല

ചൊരിഞ്ഞിട്ടില്ല
നിന്റെമേല്‍ ഞാനൊരപരാധവും
ചോദ്യംചെയ്തിട്ടില്ല
നിന്റെ വിശ്വാസത്തെ
തിരക്കിയിട്ടില്ല
നിന്റെ കൊടിയുടെ നിറം

അടുപ്പെരിയാത്ത ദിനങ്ങളില്‍
വിശപ്പിനെത്തന്നെ വാരിത്തിന്നപ്പോഴും
ചോദിച്ചിട്ടില്ല നിന്നോട്‌ കടം

എന്നിട്ടും
എന്റെ പ്രിയപ്പെട്ട അയല്‍ക്കാരാ
നമ്മുടെ വീടുകള്‍ക്കിടയില്‍
പരസ്പരം കാണാനാകാത്തവിധം
എന്തിനാണ്‌ ഇങ്ങനെയൊരെണ്ണം
നീ കെട്ടിയുയര്‍ത്തിയത്‌?

പെരുവഴിയിൽ ബുദ്ധൻ / കല്പറ്റ നാരായണൻ


ഞാനിന്നലെ
റോഡുമുറിച്ചുകടക്കുന്ന ബുദ്ധനെക്കണ്ടു
വൈകുന്നേരത്തെ കൊടുംതിരക്കില്‍
മുറിച്ചുകടക്കാനാവാതെ ഇപ്പുറത്ത്‌
വളരെനേരമായി നില്‍ക്കുകയായിരുന്നു ഞാന്‍

അമ്പതോ അറുപതോ എഴുപതോ വര്‍ഷം
ദൈര്‍ഘ്യമുള്ള ജീവിതത്തില്‍
ഒന്നൊന്നരക്കൊല്ലം നമ്മള്‍
റോഡിനിപ്പുറം മുറിച്ചുകടക്കാനാവാതെ നില്‍ക്കുന്നു
എന്നാലോചിച്ചുകൊണ്ട്‌

അയാളൊട്ടും ശങ്കിയ്ക്കാതെ
സാവകാശത്തില്‍ റോഡു മുറിച്ചുകടന്നു
അയാളെ പിന്തുടരാന്‍ തുടങ്ങിയപ്പോള്‍
ഒരു വാഹനം ക്രുദ്ധമായി എനിക്കുനേരെ വന്നു

ഒരു വാഹനവും അയാള്‍ക്കായി വേഗം കുറച്ചില്ല
സ്വാഭാവികവും വിസ്തൃതവും ഏകാന്തവുമായ
എപ്പോഴും അവിടെയുണ്ടായിരുന്ന
ഒരു വഴിയില്‍ അയാള്‍ നടന്നു
അപ്പുറം കടന്നു

വരികള്‍ക്കിടയില്‍.. / ഹബ്രൂഷ്

ഭക്ഷണത്തെ കുറിച്ചും
പട്ടിണിയെ കുറിച്ചുമെഴുതുമ്പോള്
‍വരികള്‍ക്കിടയില്‍
നല്ല പോലെ അകലമിടുക

വര്‍ഗീയത, മതേതരത്വം..
എന്നിവയെ കുറച്ച് എഴുതുമ്പോഴും

കളിയും, കാര്യവും
വേശ്യയും, പ്രണയവും
നഗരവും, ചേരിയും
വരികളില്‍,
അകലങ്ങളില്‍ തന്നെ കിടക്കട്ടെ..

സ്വാര്ത്വരും , പീഡിതരും
വേറെ വരികളില്‍..

യുദ്ധം,
സമാധാനം,
സ്വാതന്ത്ര്യം
വിപ്ലവം, സമത്വം
ഇവയെ കുറിച്ച് എഴുതുമ്പോഴും
വരികള്ടെ അകലങ്ങളെ മറക്കരുത്.

എന്തെന്നാല്‍..
ഒരു കുമ്പസാരക്കൂട്ടിലെന്ന
പോലെകറുത്ത്, ഉരുണ്ട് കൂടി,
കണ്ണുകള്‍ കലങ്ങുന്നത് വരെ
വരികള്‍ക്കിടയില്‍,
നമുക്ക് പെയ്തു തീരാനുള്ളതാണ്!

പേര് ഉരിയുമ്പോള്‍ / ഹബ്രൂഷ്,

അറിവില്ലായ്മയുടെ
വിസ്മയങ്ങളില്‍
അസ്വസ്ഥരായവരാകുമോ
സൌകര്യങ്ങള്‍ക്ക് വേണ്ടി
പേരുകള്‍ നിര്‍മിച്ചത്

ഇല്ലെങ്കില്‍ ,
ഉള്ളിലൊരു ലോകത്തെ
ഒറ്റനനവില്‍ കൂട്ടി നിര്‍ത്തി
അലയലയായി കരയിലേക്ക്
കഥകള്‍ മെനയുന്ന ഒന്നിനെ
നമ്മള്‍ ' കടല്‍ ' എന്ന വാക്കില്‍
തളച്ചിടുമോ

പേരില്ലാതെ വളര്‍ന്നവനെപ്പോലെ
ഒരു നാള്‍ ചന്ദ്രന്‍ ഉയരുമ്പോള്‍
കണ്ണില്‍ നിന്ന് രക്തധമനിയിലൂടെ
മുങ്ങിയും താണും
പെരുവിരലിലേക്ക് നീങ്ങുന്നുണ്ട്
ഒരു നിലാവെട്ടം

വിരല്‍ ചൂണ്ടിപ്പപഠിച്ച
'മഴ' യാണിതെന്നോര്‍ക്കാതെ
അതിലെക്കൊന്നിറങ്ങി നിന്നാല്‍
നെഞ്ചിനു പിന്നിലെ മുറ്റം നിറയെ
മഴപ്പൂക്കളൊരു വസന്തംതീര്‍ക്കും
അവയ്ക്ക് മീതെ മനസ്സ്
ഭാഷയില്ലാത്ത സഞ്ചാരങ്ങളുടെ
നാനാര്‍ഥങ്ങള്‍ വിതറും

ചെടികളുടെ പേരുകള്‍ മറന്നു
തോട്ടത്തിലെക്കൊന്നു നോക്കിയാല്‍ മതി
അവ ഓടി വന്നു
കൈവലിച്ചുകൊണ്ട് പോയി
ചെടിയുടെ വേരിലൂടെ,
തണ്ടിലൂടെ കടത്തി വിട്ട്
പൂവിന്റെ ഇതളുകള്‍ക്ക്‌ നടുവില്‍
കഴുത്തറ്റം വരെയാക്കി
പിടിച്ചു നിര്‍ത്തും

പക്ഷെ ,
ഏറെ അതിശയിപ്പിക്കുന്നത്,
ഈ 'ഞാന്‍ ' എന്ന പദം
ഒന്ന് മാറ്റി വെക്കുമ്പോള്‍
തലങ്ങും വിലങ്ങും
സഞ്ചരിച്ചു പെരുകുന്ന
സൌരയൂധങ്ങളില്‍
ധൂളിയായ് അമരുന്ന
ആ ഒറ്റ വാക്കില്‍
എങ്ങിനെയാണ് ഞാന്‍ തളക്കപ്പെട്ടത് !

കറുത്ത നട്ടുച്ച / കുരീപ്പുഴ ശ്രീകുമാര്‍

വാക്കെരിയുന്നൊരടുപ്പില്‍ നിന്നും
തീക്കനല്‍ കോരി ഞാന്‍ തിന്നിടുമ്പോള്‍
പൂക്കുന്നതെന്താണു കൂട്ടുകാരീ
ഓര്‍ക്കാപ്പുറത്തൊരു ചെമ്പരത്തി .

ഏതോ ഡിസംബറില്‍ നമ്മള്‍ തമ്മില്‍
പാപവും പുണ്യവും പങ്കു വെച്ചു
ഏതോ കൊടുങ്കാറ്റിലൂര്‍ജമായി
ആലിംഗനത്തില്‍ കിതച്ചുറങ്ങി
രാത്രിയോടൊപ്പമുണര്‍ന്നിരിക്കെ
യാത്രയായ് ചിന്ത തന്‍ ചങ്ങാതികള്‍
ആലപിച്ചന്നു നാം കണ്ണുനീരി ല്‍
ചാലിച്ചെടുത്തോരനുഭവങ്ങള്‍
കാലം കടല്‍ക്കാക്ക കൊണ്ടു പോയി
ജീവിതാസക്തികള്‍ ഭാരമായി
വേനല്‍ വഴിയിലലഞ്ഞു നമ്മള്‍
താഴിട്ട വാതിലില്‍ മുട്ടി നമ്മള്‍
നിഷ്കാസിതയായ് നിലവിളിച്ചീ -
മുറ്റത്തു വീണു മുഖം മുറിഞ്ഞ
സ്വപ്നത്തിനൊപ്പം നടക്കുമെന്നില്‍
യുദ്ധം കെടുത്തിയ സൂര്യനുണ്ട് .
വിങ്ങിക്കരഞ്ഞു നീ എന്റെ നെഞ്ചില്‍
പിന്നെയും പൊള്ളുന്ന ചോദ്യമിട്ടു
ചിങ്ങം വിടര്‍ത്തി നമ്മള്‍ക്കു തന്ന
ഉണ്ണിക്കിരിക്കുവാനെന്തു നല്‍കും ?

ഉണ്ണിക്കിരിക്കുവാന്‍ മുള്‍ത്തടുക്ക്
ഉണ്ണാനുടുക്കാനും പേക്കിനാവ്
ഉണ്ണിക്കുറങ്ങുവാന്‍ നെഞ്ചകത്തെ
ഉമ്മറത്തുള്ള കടുത്ത ചൂട്
ഇല്ലായ്മകള്‍ താളമിട്ടു പാടും
കുഞ്ഞിനു കൂട്ടായ് ഉറക്കുപാട്ട്
നേരിനോടൊപ്പമവന്‍ വളരും
നോവില്‍ നിന്നായുധമേന്തി നില്ക്കും
അച്ഛനെ ചോദ്യങ്ങളാല്‍ തളര്‍ത്തും
മിത്രങ്ങളോടൊത്തു വേട്ടയാടും
അന്നത്തെയുഷ്ണത്തിനെന്തുത്തരം
അന്നത്തെ അമ്മയ്ക്കുമെന്തുത്തരം.

വാക്കെരിയുന്നൊരടുപ്പില്‍ നിന്നും
തീക്കനല്‍ കോരി ഞാന്‍ തിന്നിടുമ്പോള്‍
ഓര്‍ക്കുവാനെന്തുണ്ടു കൂട്ടുകാരീ
കാക്കക്കറുപ്പുള്ള നട്ടുച്ചകള്‍ .

ദൈവം മറന്നുവെച്ച ഒരാൾ / വി.ജി.തമ്പി.


തീയിലേക്ക്‌ എടുത്ത്‌ ചാടുന്നവനു
അവന്റെ കരച്ചിൽ തന്നെ തണൽ
തീയിൽ കുളിച്ച കരച്ചിലിൽ തീരണം
ഓർമ്മകളുടെ ചീർത്തു വീർത്ത ജീവിതം.

അമ്പേൽക്കാനായി മാത്രം
ഓർമ്മകളുടെ ശരീരമെന്തിനു?
മറവി ഒരു കന്യകയാണു
ഓർമ്മ ബലാൽസംഗിയും.

ഓർമ്മിക്കുന്നതു കൊണ്ട്‌
സ്വപ്നങ്ങളില്ല വിസ്മയങ്ങളില്ല.

ഞാൻ മുതുക്കനും മുടന്തനും
തിയതിയും വർഷവും.
ഞാൻ ഏതു കവിതയുടെ
ഏതു വാരികയുടെ
ഏതു ലക്കത്തിൽ
ഏതു പേജിൽ.

കണ്ടതു വീണ്ടും കണ്ട്‌
കുടിച്ച വീഞ്ഞ്‌ വീണ്ടും കുടിച്ച്‌
ഓർമ്മകളുടെ എച്ചിൽ തിന്ന്
ചതുപ്പുകളിലെല്ലാം
നഷ്ടനിധികൾ തുരന്ന്...

ഓർമ്മ
തലകീഴായി കെട്ടിത്തൂക്കിയ
പുഴയുടെ കുരിശേറ്റം.

ഒരേ കടലിലേക്ക്‌
ഒരേ പുഴയെ
വീണ്ടും വീണ്ടും കൊണ്ടിടരുതേ.

വിടുതൽ തരണേ,
ഇളവറ്റ ഓർമ്മകളിൽ നിന്നും
സംവത്സരങ്ങളെ ഒഴിച്ചു കളഞ്ഞ്‌
ദൈവമേ, നിനക്കൊപ്പം
എനിക്കപ്രത്യക്ഷനാകണം.

ആകാശത്തിന്റെ പ്രണയികൾ / ഗിരിജ പതേക്കര


പല പറവകള്‍ക്കും
മരക്കൊമ്പുകളില്‍ കൂടുകൂട്ടാനാണിഷ്ടം
ഉയര്‍ന്ന ചില്ലകളിലേക്ക്
അവയെപ്പോഴും
കാഴ്ചയെ കൂര്‍പ്പിച്ചു വെയ്ക്കും
ആരവത്തോടെ ചിറകടിച്ചു പറന്നുയരും
പുല്‍ക്കൊടിയും പൂവും
എത്ര താഴെയെന്നു പരിതപിക്കും
എന്നാല്‍
അതിരില്ലാത്ത ആകാശത്തില്‍
ഉടല്‍ തളരുവോളം
കാറ്റ് പോലലയാനാണ്
മേഘത്തിന്റെ ഭാഷയറിയുന്ന
അപൂര്‍വം പക്ഷികള്‍ക്കിഷ്ട്ടം
അവ,
മഴവില്ലില്‍നിന്ന്
നിറങ്ങള്‍ തൊട്ട് ചിറകുകളാല്‍
ചിത്രമെഴുതുന്നു
ഹൃദയത്തിന്റെ ചുവപ്പ്
സന്ധ്യകള്‍ക്ക് പകര്‍ന്നേകുന്നു
പകലറുതിക!ളില്‍
ചേക്കേറാതെ
നിലാവില്‍ നൃത്തമാടുന്നു ....
അവര്‍ ആകാശത്തിന്റെ പ്രണയികള്‍

എഴുതിയാൽ / ബിന്ദു കൃഷ്ണൻ


പെറ്റിട്ട കുട്ടിയെ
തിരിച്ചെടുത്തു വീണ്ടും
വളച്ചു വയറ്റിലേക്കയക്കാന്‍
സാധിക്കുമോ?
പറഞ്ഞവാക്കിനെ
തിരിച്ചാവാഹിച്ച്
വീണ്ടും പഴയപോല്‍
തൊടുക്കാന്‍ സാധിക്കുമോ?
എഴുതിയ കവിതയെ
പിന്‍വലിപ്പിച്ച്
ഓരോ വാക്കും വേര്‍പെടുത്തി
പറത്തിക്കളയുമോ?
പെറ്റാല്‍ വളരണം
പറഞ്ഞാല്‍ കേള്‍ക്കണം
എഴുതിയാല്‍ എരിയണം
എരിഞ്ഞുതീരണം

ആരോടെന്നില്ലാതെ / ചിത്ര.കെ.പി


പാമ്പിഴഞ്ഞു വന്ന്
മാളമന്വേഷിച്ചു
ചവിട്ടി നില്‍ക്കാന്‍ പോലും
ഭൂമിയില്ലായിരുന്നു.
കിളി പറന്നു വന്ന്
കൂടന്വേഷിച്ചു
ചൂണ്ടിക്കാണിക്കാന്‍
ഒരു മരമില്ലായിരുന്നു.
അവസാനശ്വാസം വലിക്കുമ്പോള്‍
മീനൊരിറ്റു വെള്ളം ചോദിച്ചു
ഉമിനീരു വറ്റിപ്പോയി.
വീട്‌ നഷ്ടമായവര്‍,
തെരുവിലേക്കിറങ്ങിയവര്‍..
നിന്റെയുള്ളില്‍
ഞാനില്ലാതാവുന്ന നിമിഷം
എനിക്കും
എന്റെ വീട്‌ നഷ്ടമാവും
അവര്‍ ക്കൊപ്പം
ഞാനും തെരുവിലേക്കിറങ്ങും
ഭൂമിക്ക്‌ അവകാശികളില്ലാതാവും.

സമയ പ്രഭു / കല്പറ്റ നാരായണൻ


ഇരുട്ടില്‍ ഒരെലി
കുഞ്ഞിനെ, പൂച്ചയെ ചൂണ്ടിക്കാട്ടി
പഠിപ്പിക്കുകയാണ്‌:

വലിയ കാഴ്ചശക്തിയാണ്‌,
എപ്പൊഴും കണ്ണില്‍പ്പെടാം.
വലിയ കേള്‍വിശക്തിയാണ്‌,
ഒരു രോമം നിലത്തുവീഴുന്ന ഒച്ചകേട്ടാല്‍
ആരുടേതെന്നറിയും.
ക്ഷമാവാരിധിയാണ്‌,
മുഴുമിക്കാന്‍ നാലും അഞ്ചും മണിക്കൂറെടുക്കും.
ദയാവാരിധിയാണ്‌,
മരിക്കാന്‍മാത്രം മുറിവേല്‍പിക്കില്ല.
സൗമ്യമൂര്‍ത്തിയാണ്‌,
മറിച്ചിടുന്നത്‌ മൃദുവായ കൈപ്പത്തികൊണ്ടാണ്‌.
നിരാശപ്പെടുത്തുകയില്ല,
പലതവണ നമുക്ക്‌ ജീവിതം തിരിച്ചുകിട്ടും.
സഹൃദയനാണ്‌,
വാലിന്റെ അവസാനത്തെ
വളഞ്ഞുനിവരല്‍വരെ
ആസ്വദിക്കും.
ഒരു തിരക്കുമില്ല,
സമയത്തിന്റെ പ്രഭുവാണ്‌. -

രണ്ടു വീടുകള്‍ - മികച്ചതല്ലാത്ത രണ്ടു കവിതകള്‍./ വിഷ്ണു പ്രസാദ്


1
അതിഥി
---------------------------------
കലഹത്തിന്റെ കൂടായിരുന്നു ഞങ്ങളുടെ വീട്.
ചെറുതും വലുതുമായ കലഹങ്ങള്‍,
കാരണത്തിലും അകാരണത്തിലും പൊട്ടുന്നവ.
ആരും ആരോടും എപ്പോഴും ഒരു കലഹത്തിലേക്ക്
വഴുതിവീഴാം...
അങ്ങനെയായിരുന്നു കാര്യങ്ങളുടെ
(അതോ വീടിന്റെയോ) കിടപ്പ്.
പരസ്പരം പോരാടുന്നവരുടെ വീട്
ഓരോ മുറിയിലും ചില ആയുധങ്ങള്‍ കരുതും.
ഉലക്ക,ചൂല്,ചിരവ...അടുക്കള നല്ലൊരു ആയുധപ്പുരയാണ്...
കേടായ റേഡിയോ,കസേര,കുട തുടങ്ങിയവ
സന്ദര്‍ഭത്തിനനുസരിച്ച് ആയുധങ്ങളാവും.
ആര്‍ക്കും പരിക്കുപറ്റാതെ നോക്കേണ്ടത്
അയല്‍‌വക്കക്കാരുടെ ചുമതലയാണ്.
അവര്‍ അത് കൃത്യമായി ചെയ്തു വന്നു.
പ്രതിഫലമായി ഇഞ്ചിയോ ചേനയോ തേങ്ങയോ
അവര്‍ മോഷ്ടിക്കുന്നത് ഞങ്ങള്‍ കണ്ണടച്ചു.
ഓരോ ദിവസവും ഓരോ ദിവസമായിരുന്നു.
ചിലപ്പോഴൊക്കെ ഞങ്ങള്‍ നിശ്ശബ്ദരായിരുന്നു.
അപ്പോഴൊക്കെ നിശ്ശബ്ദത അപശബ്ദങ്ങളിലേക്കുള്ള
ഒരു വാതില്‍ച്ചതുരമായാണ് പ്രവര്‍ത്തിച്ചത്.
അങ്ങനെയുള്ള വീട്ടിലേക്കാണ്
ഒരു വൈകുന്നേരം, ഓട്ടോറിക്ഷയില്‍
ഒരു ടെലിവിഷന്‍ വന്നിറങ്ങുന്നത്.
സ്വീകരണമുറിയില്‍ ചെന്നിരുന്ന്
അത് 24 മണിക്കൂറും പ്രവര്‍ത്തിച്ചു.
പാട്ടായി,പരസ്യമായി,സിനിമയായി,സീരിയലായി...
ഞങ്ങളൊക്കെ അതിന്റെ മുന്നിലുമായി.
അവനവനെക്കുറിച്ചോ
മറ്റുള്ളവരെക്കുറിച്ചോ ആലോചിക്കാതായി.
ഒന്നിനെക്കുറിച്ചും
(എന്തിന്,റിമോട്ടിനെക്കുറിച്ചു പോലും)
കലഹിക്കുവാന്‍ സമയമില്ലാതായി.
സീരിയലില്‍ നിന്ന് സീരിയലിലേക്ക്
പൊങ്ങുതടികള്‍ പോലെ ഞങ്ങള്‍ ഒഴുകി.
എല്ലാ ദിവസവും ഒരേ ദിവസമായി.
ഒരു ഞായറാഴ്ച അതു പറഞ്ഞു:
‘ധര്‍മ സംസ്ഥാപനാര്‍ഥായാ
സംഭവാമി യുഗേ യുഗേ...’
സമാധാനത്തിന്റെ സംസ്ഥാപകനെ വണങ്ങി
ഒരു വേള പറയാതിരിക്കാനായില്ല:
‘അതിഥി ദേവോ ഭവ...’
കലഹങ്ങള്‍ കൊണ്ട് വെവ്വേറെ അടയാളപ്പെടുത്തിയ
ദിവസങ്ങള്‍ ഇനി തിരിച്ചു വരികയില്ല.
വിസ്മൃതിയുടെ ഈ ദയവ്
സമാധാനത്തെ പരിപാലിക്കുന്ന വിധം കണ്ട്
ഇടയ്ക്കിടെ ഒരു ഭയം ഇറങ്ങി വരുന്നുണ്ട്...
അടഞ്ഞുപോയ കലഹതാത്പര്യം
വേഷം മാറി വരുന്നതാവുമോ...?
------------------------------
2
സുപ്രഭാതം
-----------------------------
സുപ്രഭാതവുമായി
ഒരു സംഭാഷണത്തിനു ശ്രമിക്കുകയാണ്
സുകുമാരിയമ്മ.
സുപ്രഭാതം പഴയതുപോലല്ല.
മിണ്ടുന്നില്ല ഒന്നും.
വല്ലാത്ത ഗൌരവം പിടിച്ച
അതിന്റെ മോന്തയ്ക്ക് നോക്കി
കൊഞ്ഞനംകുത്തി സുകുമാരിയമ്മ.
അതുകണ്ട് മയിലുകള്‍ ചേക്കിരിക്കുന്ന തെങ്ങുകള്‍ ഒറ്റച്ചിരി.
അതുകേട്ട് അടുത്തതൊടിയിലെ പൂത്താങ്കീരികള്‍ പാറിവന്ന് ചിരി.
അതറിഞ്ഞ തൊടിയാകെ ആടിയാ‍ടിച്ചിരി
ഗേറ്റുകടന്ന് നട്ടുച്ചയ്ക്ക് ഒരു പശു കയറിവരും
സുകുമാരിയമ്മ അതിനെ ഓടിക്കില്ല.
കഞ്ഞിവെള്ളം ബക്കറ്റിലാക്കി കൊണ്ടുക്കൊടുക്കും
ആടിചൊറിഞ്ഞു കൊടുക്കും
വല്ലപ്പോഴും ഒരു നായ വേലി നൂണ്ട് വരും
സുകുമാരിയമ്മ അതിനെ ആട്ടില്ല.
ഒരു വീട്ടില്‍ നിന്ന് അടുത്ത വീട്ടിലേക്ക്
മനുഷ്യര്‍ ഇനി വരുകയില്ലെന്ന് അവര്‍ക്കറിയാം.
ഒറ്റയ്ക്കായിപ്പോയെങ്കിലെന്താ
ആകെയുള്ളൊരു ചെക്കന്‍ കെട്ടിയപെണ്ണുമായ്
ദുബായിലാണെങ്കിലെന്താ
വയസ്സെഴുപതായെങ്കിലെന്താ
അരീംസാധനങ്ങളും ഒറ്റയ്ക്കു വാങ്ങിക്കൊണ്ടന്നാലുമെന്താ
ഒറ്റയ്ക്കു വെച്ചുണ്ടാക്കിത്തിന്നാലുമെന്താ
എന്ന് ഉറക്കെയുറക്കെ ചോദിക്കണമെന്നുണ്ട്.
ചോദിച്ചില്ല
തൊടിയിലെ കിളികള്‍ക്കും പച്ചകള്‍ക്കും പ്രാണികള്‍ക്കും
എല്ലാമറിയാം
അതുകൊണ്ട് ഈ സുപ്രഭാതത്തിന്റെ ചിരിച്ച മുഖത്തേക്ക് നോക്കി
സുകുമാരിയമ്മ ഒരിക്കല്‍ കൂടി പറഞ്ഞു.
ഇനി എവിടക്കുമില്ല,
ഇവിടെത്തന്നെയങ്ങട്ട് കഴിഞ്ഞാ മതി
ഓര്‍മ്മയുടെ ധന്വന്തരംകുഴമ്പിട്ട് വീടപ്പോള്‍
സ്വന്തം കാലുകള്‍ നീട്ടിവെച്ച് ഉഴിഞ്ഞുകൊണ്ടിരുന്നു
തളിരിലകളില്‍ ആരോകൊണ്ടുവെച്ച വെയിലുണ്ണികള്‍ കയ്യുംകാലുമിട്ടടിച്ച്
ള്ളേ ള്ളേ എന്ന് തേനൊലിപ്പിച്ച് ചിരിച്ചുകൊണ്ടിരുന്നു.

പ്രണയം / അർച്ചന പൂജാരി (ആസാമീസ്‌ )/ മൊഴിമാറ്റം--വി.ജി.തമ്പി


ആ അത്ഭുത ദർശനത്തിന്റെ അർത്ഥം
എന്താണെന്നെനിക്കറിയില്ല
മന്ത്രമുഗ്‌ ദ്ധനായി പൊറുതികെട്ട്‌
പിടഞ്ഞോടിവന്നതാണു ഞാൻ.
കൽപാന്തകാലത്തെ പ്രകാശവർഷങ്ങളെയും
പിന്തുടർന്നെത്തും ഒരു നക്ഷത്രമിന്നലിൽ
കരിമ്പാറപോലുള്ള എന്റെ ഹൃദയമപ്പോൾ
അലിഞ്ഞുപോയതോർമ്മിക്കുന്നു. തരിക നീ
ഉദാരവതിയായ മനസ്വിനീ
നിർമ്മലാകാശങ്ങളുടെ നീലിമയെ തരിക.
നീ എന്നിലേതാണെന്ന്
മന്ത്രിച്ചുണർത്തട്ടെ പ്രിയസഖീ.
ആയിരം നദികൾ ഒരൊറ്റ സാഗരത്തിൽ
സ്വയം സമർപ്പിക്കുന്നതെന്തുകൊണ്ട്‌?
ഇതായിരിക്കുമോ പ്രണയം?
നദികളുടെ ജലസമാധി.
വിരഹപീഡിതമായ ഉടലിന്റെ തടവറയിൽ
ഹർഷോന്മാദത്തിന്റെ താരുണ്യം തളിരിടുന്നുവല്ലോ.
ഇതായിരിക്കുമോ പ്രണയം?
ഹാ,മധുരമധുരമായ ഒരലപോലെ
തിരതല്ലുകയാണെന്നിൽ സുഗന്ധപൂരം
പ്രണയം,അതിതായിരിക്കുമോ?
മരുഭൂമിയുടെ വേനൽ വിസ്തൃതിയിലേക്ക്‌
ആർ ദ്രമായ നീരൊഴുക്കുകൾ
ദേവദൂതിയുടെ വെട്ടിത്തിളങ്ങുന്ന ചിറകുകളിൽ
നക്ഷത്രലിഖിതങ്ങൾ.
ആത്മവിസ്മൃതിയിൽ
എന്റെ ഉള്ളുടലിലെ വാസ്തുശിൽപം
പുതു നിർമ്മിതമാകുന്നു നിശ്ശബ്ദമായി.
ഇതോ,ഇതായിരിക്കുമോ പ്രണയം?
അഗ്നിപോലെ ജ്വലിക്കുന്ന
തൂമഞ്ഞുപോലെ ഉരുകുന്ന
ഉത്തുംഗമായതരംഗങ്ങൾ തിരിച്ചണയുന്ന
സ്നേഹം,ഗൂഢസ്നേഹം.
ഹാ, ജീവനേ,
പച്ചയെ കൂടുതൽ പച്ചയാക്കുക
ഉൾക്കളങ്ങളെ മധുമാസമാക്കുക.
നിന്റെ തിളങ്ങുന്ന പ്രാണനാൽ
ഉന്മാദലഹരിയാക്കുക.
ഞാനിതാ നിന്റെ തൂലികയാൽ
വരയ്ക്കപ്പെട്ടുകഴിഞ്ഞു.
അധരങ്ങളുടെ മൂകവേദനയാൽ
അകം നീറ്റുന്ന പ്രണയനോവിനാൽ
ഞാൻ കൃപാർദ്രനാകുന്നു.
പ്രണയം വിചിത്രമായ രഹസ്യമാണെന്ന്
ആരാണരുളിയത്‌?
നിന്റെ പ്രണയത്തിന്റെ
ശീതളസൗരഭങ്ങൾ
ഹൃദയത്തിലൂറുന്നു നക്ഷത്രലിഖിതം.
പ്രിയപ്പെട്ട ജീവനേ
നീ ഞാനാകുമായിരുന്നെങ്കിൽ.

Sunday, October 26, 2014

ജി.ശങ്കരക്കുറുപ്പ് / നക്ഷത്രഗീതം


എരിയും സ്നേഹാര്‍ദ്രമാമെന്‍റെ ജീവിതത്തിന്‍റെ
തിരിയില്‍ ജ്വലിക്കട്ടെ ദിവ്യമാം ദുഃഖജ്വാല.

എങ്കിലും നെടുവീര്‍പ്പിന്‍ ധൂമരേഖയാല്‍ നൂനം
പങ്കിലമാക്കില്ലെന്നും ദേവമാര്‍ഗമാം വാനം.
എങ്കിലും മദീയാത്മവ്യാപിയാമൂഷ്മാവാര്‍ക്കും
പങ്കിടില്ലാജന്മാന്തം, ഞാനതിലെരിഞ്ഞാലും.
എന്‍ ചിതയിങ്കല്‍ത്തന്നെയാണുഞാ,നെന്നാലേതോ
പുഞ്ചിരിത്തിളക്കത്തെ പഥികന്‍ ദര്‍ശിക്കുന്നു.
വീണു ഞാനാകാശത്തിന്നത്യഗാധതയിങ്കല്‍
താണു പോയേക്കാം മൂര്‍ച്ഛാധീനമാ,യല്ലെന്നാകില്‍
ഭസ്മമായേക്കാം തീരെ ക്ഷുദ്രനാമെന്നെപ്പിന്നെ
വിസ്മരിച്ചേക്കാം കാലം,എന്നാലുമിതു സത്യം
ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോള്‍
ഭൂവിനാ വെളിച്ചത്താല്‍ വെണ്മ ഞാനുളവാക്കി.

Friday, October 24, 2014

അടിവരകൾ / ഗിരിജ പതേക്കര


ഇഷ്ട്ടപ്പെട്ട വരികള്‍ക്ക് താഴെ
അടിവരയിടുന്ന പതിവുണ്ടായിരുന്നു
അവള്‍ക്ക്
എന്നാല്‍
ഒരിക്കലുമവ
നേര്‍വരകളാവാറില്ല
താഴോട്ടിറങ്ങിയും
മേലോട്ട് കയറിയും
വളഞ്ഞുപുളഞ്ഞും
അത് വാക്കുകളുടെ
നെഞ്ച് പിളര്‍ക്കും
അക്ഷരങ്ങളെ മറയ്ക്കും
അതില്‍പ്പിന്നെയാണ്
പ്രിയപ്പെട്ടവയൊന്നും,
പ്രധാനപ്പെട്ടവയൊന്നും
അടിവരയിടാതെ
വിട്ടുകളയാന്‍
അവള്‍ തീരുമാനിച്ചത് -

അനന്തരം / കല്പറ്റ നാരായണൻ


ആദ്യനാളുകളിലെ തിരക്കിനുശേഷം
നാം ഏകാകികളായിത്തീരുന്നു
വിയര്‍ക്കാന്‍ നെറ്റിയില്ല
മിടിക്കാന്‍ ഹൃദയമില്ല
ഉയര്‍ത്താന്‍ കൈയ്യില്ല
നടക്കാന്‍ കാലില്ല

ആദ്യനാളുകളില്‍
ഓര്‍മ്മകള്‍ നാം വൃത്തിയായി അടുക്കിവയ്ക്കും
പുതിയവീട്ടിലെ അലമാരകളിലെപ്പോലെ
അടുത്തദിവസം ചിലതു കാണില്ല
ഓര്‍മ്മിക്കാനെത്ര ശ്രമിച്ചാലും കിട്ടില്ല
ചിലതിനെ നിലനിര്‍ത്തുന്ന അടിസ്ഥാനങ്ങള്‍
ഭൂമിയില്‍ ഇല്ലാതാവുന്നു
ചിലതോര്‍ക്കുമ്പോള്‍ മാത്രം
ഒരിക്കല്‍ ജീവിതമുണ്ടായിരുന്നവരായിത്തീരു
ന്ന നാം
അവര്‍ പറയുന്നത്‌ മുഴുവന്‍
അത്യാര്‍ത്തിയോടെ കാതോര്‍ത്തിരിക്കും
ഒരുളുപ്പുമില്ലാതെ

ഓട്ടക്കൈകള്‍ / മുല്ലനേഴി


മഴ തോരാതെ നിന്നു
പെയ്യുന്നൂ തൈതെങ്ങുകള്‍
എത്ര നീര്‍ ലഭിച്ചാലും
കത്തുന്ന ദാഹം മാത്രം
ബാക്കിയാകുന്നൂ ഓട്ട-
ക്കൈകളാണോലക്കൈകള്‍
നേടിയതെല്ലാം ചോര്‍ന്നു
പോകിലും തെങ്ങേ എന്റെ
നാടിനു നിന്നെപ്പോലെ
നന്മയാര്‍ ചെയ്തിട്ടുള്ളു?
ഇളനീരമൃതം തൊ-
ട്ടോരോന്നുമോരോന്നും നീ
കനിവാര്‍ന്നേകി, ഞങ്ങള്‍
കൈനീട്ടിയെല്ലാം വാങ്ങി.
കൈനീട്ടുവാനല്ലാതെ
കൈവിടാനറിയാത്ത
കൈതവച്ചുഴികളില്‍
കറങ്ങുന്നവര്‍ നിന്റെ
ഒറ്റയ്ക്കു നില്‍പ്പും തല-
പ്പൊക്കവുമറിയാതെ
കുറ്റങ്ങള്‍ കാണാന്‍ വേണ്ടി
കണ്‍ തുറക്കുകയല്ലോ-
താഴോട്ടുമാത്രം നോക്കി
നടക്കേണമെന്നല്ലോ-
താഴ്മ തന്‍ കാര്യത്തിനാ-
യെന്നല്ലോ ക്ഷമിച്ചാലും !

ഒരു കുമ്പിള്‍ കടല മതി നമുക്കിടയിലെ കടല്‍ നികത്താന്‍..../ സുനിൽ തിരൂർ

ഒരു കുമ്പിള്‍ കടല മതി
നമുക്കിടയിലെ കടല്‍ നികത്താന്‍....
----------------------------------

കടൽത്തിര എണ്ണിയില്ല
അസ്തമയ സംഗീതത്തിന് ചെവിയോർത്തില്ല
കടല കൊറിച്ചില്ല
ചുവപ്പിലേയ്ക്കൂളിയിടുന്ന
വള്ളങ്ങളിലേയ്ക്ക് കണ്ണെറിഞ്ഞില്ല
കരിങ്കല്ലൊതുക്കുകളിൽ തട്ടി
ജീവിതം പോലെ ചിതറുന്ന
തിരകൾ നോക്കിനിൽക്കെ
എത്ര പെട്ടെന്നാണ്
നിന്റെ കണ്ണുകളിലെ
കടൽ വറ്റിപ്പോകുന്നത്....
----------------------------
 അക്ഷരങ്ങളെല്ലാം
പലവഴി ചിതറിയോടുന്ന,
ഈ പഴയ കത്തിൽ നിന്നും
ഏതക്ഷരത്താൽ
വായിച്ചു തുടങ്ങണം ,നിന്നെ ?
-----------------------------
 വായിച്ചു തീരുന്നതിനനുസരിച്ചു
അക്ഷരങ്ങൾ മാഞ്ഞുപോകുന്ന
ഒരത്ഭുതപ്പുസ്തകമുണ്ടായിരിക്കു
മോ ?
വെളുത്ത കടലാസ്സുകൾ മാത്രമുള്ള
നിന്നെ തുറന്ന് കാണിച്ച്
നീയെന്റെ ചോദ്യത്തിന്റെ മുനയൊടിക്കുന്നു...!
 -------------------------------
 ഓരോ കൂടുമാറ്റങ്ങളിലും
കൂടെ വരാതെ
ഒളിച്ചിരിക്കുന്ന ഓർമ്മകളുണ്ട്‌..
ഒരിക്കൽ തിരിച്ചുപോകുമ്പോൾ
അവയെയെല്ലാം
കൂടെ കൊണ്ട്പോകണം.....
കണ്ണാടിയിലെന്നപോലെ
എന്നെ കാണിച്ചുതരാൻ
മറ്റൊന്നിനുമാവില്ലല്ലോ...!

 ----------------------------
രാത്രി,
പടർന്നു പന്തലിച്ച
നിറയെ പഴുത്ത കായ്കളുള്ള
ഒരു ഞാവൽ മരമാകുന്നു..
നിലാവിന്റെ തുണ്ടുകൾ
കൊതിക്കണ്ണുകളുള്ള കുഞ്ഞുങ്ങളെപ്പോലെ
അതിന്റെ ചില്ലകൾ നീളെ
ഒഴുകിക്കളിയ്ക്കുന്നു.

കാലത്തിന്റെ
ഇങ്ങേയറ്റത്ത് നിന്ന്
ഒരിക്കലും നിനക്ക് കിട്ടാനിടയില്ലാത്ത
മറുപടിക്കത്തിൽ
ഞാൻ ഈ ചിത്രമയക്കുന്നു..!
-------------------------------
 പുലരും വരെ
അണിഞ്ഞൊരുങ്ങിയിരിക്കാൻ
നിലാവിന്റെ ഉടയാടകൾ കടം വാങ്ങിയിട്ടുണ്ട്,
ഒരു നാണംകുണുങ്ങി രാവ്...!
--------------------------------
ഇലകളാൽ എഴുതിയിരുന്നു
ചില്ലകളാൽ
വരച്ചുവെച്ചിരുന്നു
പൂക്കളാൽ അലങ്കരിച്ചിരുന്നു..
എന്നിട്ടും മരമേ,
നിന്റെ ആത്മാവായ
ഈ വെളുത്ത കടലാസ്സിൽ നിന്നും
സ്വാതന്ത്ര്യത്തിലേയ്ക്ക്,
ഒരു വേരുപോലും
മുള പൊട്ടുന്നില്ലല്ലോ....!

-------------------------------
 
 സൂക്ഷിച്ചു വെച്ച ഒരിലയിൽ നിന്നും
പതിയെ മാഞ്ഞുപോകുന്നുണ്ട്,
വേനൽ വിഴുങ്ങില്ലായെന്ന്
അഹങ്കരിച്ച
ഒരു പച്ചപ്പ്‌...!
------------------------------
 വീട്ടുവളപ്പിലെ ഇളംകാറ്റുകൾ
കാടന്വേഷിച്ചിറങ്ങും മുൻപ്
ഒരു പൂമരമെങ്കിലും
നട്ടുപിടിപ്പിക്കണം..!
----------------------------
 മഴ വീഴുമ്പോൾ
മനസ്സൊലിപ്പ് തടയാൻ
നിന്റെ ഓർമ്മയുടെ വേരുകളെ
വീടിനുചുറ്റും
ആഴത്തിൽ പടർത്തിയിടണം ..!
-------------------------------
"അകാശത്തുനിന്നടര്‍ത്തിയെടുത്ത,
ഒരൊറ്റനക്ഷത്രം
ഇടവമേഘത്തില്‍ നിന്നും
ഒരുനുള്ള് കണ്മഷി
അസ്തമയ സൂര്യന്‍റെ
ഒരു കുമ്പിള്‍ ചുവപ്പ്.."

നിനക്കണിഞ്ഞൊരുങ്ങാന്‍
ഇത് തന്നെ ധാരാളം...!
----------------------------
 ഒറ്റ താക്കോലിട്ടു തുറക്കാൻ കഴിയുന്ന
കുറെ അറകളുള്ള
ഒരു പുരാതന വീടാണ് നീ..
ഞാനോ,
കുറെ താക്കോലുകളുണ്ടായിട്ടും
നിനക്കിനിയും
തുറക്കാൻ കഴിയാത്ത
ഒറ്റമുറിയുള്ള ആധുനിക വീടും..!

------------------------------
 പല നിറങ്ങളിൽ കത്തുന്ന
മെഴുകുതിരികൾ വേണം
ഓരോന്നാ,യണയുമ്പോൾ
നഷ്ട്ടമാകും നിറങ്ങളിൽ നിന്ന്
ഓരോ കാലത്തേയും
വേർതിരിച്ചൊതുയ്ക്കി വെയ്ക്കണം
എല്ലാമണഞ്ഞ്
ഇരുൾ മാത്രമാകുമ്പോൾ
നിൻമിഴിവെട്ടം
തുണയായി മാറണം..!

 -------------------------------
കൌതുകക്കാഴ്ച്ചകൾക്കൊപ്പം
കുതിച്ചുപായുന്ന നിന്‍റെ കണ്ണുകള്‍
ഏതെങ്കിലും
പാറക്കെട്ടില്‍ തട്ടി
പൊട്ടിച്ചിതറുമ്പോൾ മാത്രം
നമുക്കീ ചുരമിറങ്ങാം....

-------------------------------
വാക്കുകളും വരികളും നിറച്ച
എത്ര
രഥങ്ങളാണ്
കൊതിപ്പിച്ചു മിന്നായം പോലെ
മുന്നിലൂടെ
മാഞ്ഞുപോകുന്നത്.
കൈയ്യെത്തിക്കുമ്പോൾ
വിരൽത്തുമ്പിനറ്റത്ത്,
മൃദുവായി
തൊട്ടുതൊട്ടില്ലെന്ന മട്ടിൽ
കടന്നുപോകുന്നത്.

കുന്നിമണിയോളം
ഒരു വാക്ക്
മയിൽ‌പ്പീലികണ്ണ് പോൽ
ഒരു വരി
ഈ വഴിയരികിലൊന്ന്
തൂവിപ്പോയിരുന്നെങ്കിൽ...!
 -----------------------------
നിറയെ
ജാലകങ്ങളുള്ള
ഒറ്റമുറിയിൽ നിന്ന് ,
ഓരോന്നായ് അടയുമ്പോൾ
അപ്രത്യക്ഷമാകുന്ന വെളിച്ചം നോക്കി
നെടുവീർപ്പിടുന്ന ജീവിതമേ...

എല്ലാമടഞ്ഞ് ഇരുൾ വിഴുങ്ങും മുൻപേ,
ഓർമ്മകളിലേയ്ക്ക് തുറക്കുന്ന
ഒരേയൊരു കിളിവാതിൽ
ബാക്കി വെച്ചേക്കണേ.. !

വെറുതെ / സുനിൽ തിരൂർ


പൂവിതള്‍ പോലുള്ള വിരലുകള്‍ സ്വപ്നം കണ്ട്
കൗതുക കണ്ണുകളോടെ
കാത്തിരിപ്പുണ്ട്‌
കുളക്കടവിലെ മൈലാഞ്ചിയിലകള്‍..
ചോരപൊടിയുന്ന
മുറിവിലേക്കിറ്റി വീണ്
നീറ്റി സുഖപ്പെടുത്താന്‍
സ്കൂള്‍വേലിക്കരികില്‍
കൊതിച്ചു നില്‍പ്പുണ്ടൊരു കമ്മ്യുണിസ്റ്റ്പച്ച ..
ഇലച്ചീന്തിലോ ,
ഈറന്‍മുടിത്തുമ്പത്തോ
ഇഴുകിച്ചേരാന്‍ കാത്തിരിപ്പുണ്ട്‌,
ക്ഷേത്രവഴിയിലെ തുളസിയിതളുകള്‍..
"--ഒന്ന് ചുവപ്പിക്കുവാനോ,
നീറ്റിക്കുന്ന മുറിവായി മാറാനോ,
ഒരു തുളസിയിതളിന്റെ വിശുദ്ധിയാകാനോ
കഴിയാതെ,
വെറുതെ
കാത്തിരിപ്പുണ്ട്‌ നീയും..."

ഒഴുക്കിനെതിരെ / ഫാസില സലിം


കാണുമെന്നു പറഞ്ഞിടത്തെല്ലാം
കാത്തിരുന്നു.

പാതിദൂരം കടക്കാറുള്ള
മരച്ചുവട്ടിൽ
കുതറിയോടുന്ന
മലയിടുക്കിൽ
പതഞ്ഞൊഴുകുന്ന
കാട്ടുപാതയിൽ
കൊഴുത്തു വരുന്ന
താഴ് വരകളിൽ...
വഴി മറന്നിരിക്കാം
പിന്തിരിഞ്ഞോടിയിരിക്കാം
പരതി നടന്നിരിക്കാം
വരിഞ്ഞു കെട്ടിയിരിക്കാം
വലിച്ചു മാറ്റിയിരിക്കാം...
മൈതാനം തൊട്ടു പറന്ന പന്തോ
വാലറ്റം പിടിച്ചു പറത്തി വിട്ടവനെയോ
കൈവിരലു മുറുക്കി കഴുത്തിലിട്ടവളെയോ
തിരുത്തിത്തരാമെന്നേറ്റവരെയോ
പടിവാതിലു നോക്കിയുറങ്ങിയവളെയോ
അകലത്തിരുന്നു കൈ വീശിയവരെയോ
കണ്ടില്ല...
നിലവിളികളോ
നെടുവീർപ്പുകളോ
തിരിച്ചുവിളികളോ
കേട്ടില്ല...
കടലു തേടി നടന്നു
കിഴക്ക് നോക്കി കാത്തിരുന്നു
മാറിയൊഴുകിയതെല്ലാം
ഒന്നു ചേരാനെത്തുമ്പോൾ
ഒരു സൂര്യനെ കൂടി
മുക്കിത്താഴ് ത്താൻ....

Thursday, October 23, 2014

കുഞ്ഞുണ്ണിക്കവിതകൾ / കുഞ്ഞുണ്ണി മാഷ്‌

എഴുതാൻ വേണ്ടി വായിക്കരുത്,
വായിക്കാൻ വേണ്ടി എഴുതരുത്.
--------------------------------
കു കഴിഞ്ഞാൽ  ഞ്ഞു
ഞ്ഞു കഴിഞ്ഞാൽ  ണ്ണി
കുവും ഞ്ഞുവും ണ്ണിയും
കഴിഞ്ഞാൽ കുഞ്ഞുണ്ണി
കുഞ്ഞുണ്ണിയും കഴിഞ്ഞാലോ ..
--------------------
ഞാനെന്ന കുഞ്ഞുണ്ണിയോ
കുഞ്ഞുണ്ണി എന്ന ഞാനോ
-----------------------
ഞാനെനിക്ക് പേരിട്ടില്ല.
എന്തുകൊണ്ടെന്നാൽ ഞാൻ
എന്നെ വിളിക്കാറില്ല.
-------------------------
എന്റെ പേരെഴുതുമ്പോഴാണ്
എന്റെ കൈയ്യക്ഷരം ഏറ്റവും
അധികം ചീത്തയാവുന്നത്
-------------------------------
പൊക്കമില്ലായ്മയാണെന്റെ പൊക്കം
-----------------------------
പൂജ്യം പോലെയല്ല ഞാൻ
എന്തുകൊണ്ടെന്നാൽ
പൂജ്യത്തിൽ നിന്ന് പൂജ്യമെടുത്താൽ
പൂജ്യം ബാക്കിയാവും
എന്നിൽ  നിന്ന് എന്നെയെടുത്താൽ 
ഞാനില്ലാതാവും .
-----------------------------
എന്നിലൂടെ നടക്കാനേ
എന്റെ കാലിനറിഞ്ഞിടൂ
----------------------------
കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോൾ
ഞാനുമില്ലാതാകുന്നു .
------------------------------
കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാൻ.
------------------------------

ഓർക്കേണ്ടത് മറക്കരുത്
മറക്കേണ്ടത് ഓർക്കരുത്
-----------------------------

ചിന്തിച്ചാൽ ഒരു അന്തവുമില്ല
ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല.
-----------------------------------

'തലസ്ഥാ'നത്തുള്ളവരെല്ലാം
'തല 'സ്ഥാനത്തുള്ളവരല്ല
'തല 'സ്ഥാനതുള്ളവരെല്ലാം
'തലസ്ഥാന'ത്തുള്ളവരല്ല .
------------------------------------

എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം
-----------------------------------

ഒരുമയുണ്ടെങ്കിൽ ഉലക്കേലും കിടക്കാല്ലോ
ഒരുമയില്ല്ലെങ്കിൽ കിടക്കേയും ഉലയ്ക്കാലോ
---------------------------------------

പിന്നോട്ടു മാത്രം മടങ്ങുന്ന
കാലുകൊണ്ടല്ലയോ
മുന്നോട്ടു പായുന്നിതാളുകൾ
------------------------------

കട്ടിലുകണ്ട് പനിക്കുന്നോരെ
പട്ടിണിയിട്ടു കിടത്തീടേണം
-------------------------------

മുട്ടായിക്ക് ബുദ്ധിവച്ചാൽ ബുദ്ധിമുട്ടായി
മത്തായിക്ക് ശക്തിവച്ചാൽ ശക്തിമത്തായി.
----------------------------------

ആയി ട്ടായി മിട്ടായി
തിന്നപ്പോഴെന്തിഷ്ടായി
തിന്നുകഴിഞ്ഞ് കഷ്ടായി .
-------------------------------

പൂ വിരിയുന്നതു കണ്ടോ പുലരിവിരിയുന്നു ?
പുലരിവിരിയുന്നത് കണ്ടോ പൂ വിരിയുന്നു ?
-------------------------------------

കാക്ക പാറി വന്നു
പാറമേലിരുന്നു
കാക്ക പാറി പോയി
പാറ ബാക്കിയായി
----------------------------

മാനം നോക്കി നടക്കരുത്
മാനം നോക്കി നടക്കേണം !!
-------------------------------
അരി വെന്താൽ ചോറാകും
അതു വെന്താൽ ചേറാകും .
-------------------------------
വണ്ടി നല്ല വണ്ടി
കാള രണ്ടും ഞൊണ്ടി
വണ്ടിക്കാരൻ ചണ്ടി !
-----------------------------
ആശ കൊണ്ട് തെങ്ങുമ്മേക്കേറി
മടലടർന്നു വീണു
മൂസ മലർന്നു വീണു
മടലടുപ്പിലായി
മൂസ കെടപ്പിലായി .
---------------------------
കുട്ടീടമ്മ എങ്ങട് പോയി ?
കുട്ടീടമ്മ കൊട്ടാട്ടിലേയ്ക്ക് പോയി
കുട്ടിക്കെന്തെല്ലാം വെച്ചുകൊണ്ടു പോയി ?
അമ്മിക്കുട്ടി ചുട്ടതും കണ്ണൻ ചിരട്ടേലെ വെള്ളോം
അമ്മിക്കുട്ടി ചുട്ടത് നായ തിന്നുംകൊണ്ടു പോയി
കണ്ണൻ ചിരട്ടേലെ വെള്ളം പൂച്ച കുടിച്ചുംകൊണ്ടു പോയി
നേരാണെങ്കിൽ സന്ധ്യയായി
കുട്ടീടമ്മ വന്നതുമില്ല
കാട്ടിലെ കട്ടുറുമ്പേ , വീട്ടിലെ പിള്ളയ്ക്കുറക്കം വായോ ..
--------------------------------------------------
 അച്‌ഛനമ്മയെപ്പെറ്റു
അമ്മയെന്നെപ്പെറ്റു
ഞാനദ്ദേഷ്യംകൊണ്ടവരിരുവരെയുമൊരുമിച്ചു പെറ്റു !
-------------------------------------------
 ആനയും ഈച്ചയും
------
ആ വരുന്നതൊരാന
ഈ വരുന്നതൊരീച്ച
ആനയുമീച്ചയുമങ്ങനെയങ്ങനെ-
യടുത്തടുത്തു വരുന്നു
ആനയ്‌ക്കുണ്ടോ പേടി
ഈച്ചയ്‌ക്കുണ്ടോ പേടി
രണ്ടിനുമില്ലൊരു പേടി
ആന താഴേപോയ്‌
ഈച്ച മേലേപോയ്‌!!

-------------------------
 

Tuesday, October 21, 2014

സഫലമീ യാത്ര /എന്‍.എന്‍.കക്കാട്‌


ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍
ആതിര വരും പോകുമല്ലേ സഖീ . . .
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ
ഇപ്പഴങ്കൂടൊരു ചുമയ്ക്കടിയിടറി വീഴാം
വ്രണിതമാം കണ്‍ഠത്തിലിന്നു നോവിത്തിരി കുറവുണ്ട്
വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്റെ,
പിന്നിലെയനന്തതയില്‍ അലിയും ഇരുള്‍ നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി
നിന്നു വിറക്കുമീ ഏകാന്ത താരകളേ ,
ഇന്നൊട്ടു  കാണട്ടെ നീ തൊട്ടു നില്‍ക്കൂ.

ആതിര വരുന്നേരമൊരുമിച്ച് കൈകള്‍ കോര്‍ത്തെ -
തിരേല്‍ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം .

എന്ത് , നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ . .
ചന്തം നിറക്കുകീ ശിഷ്ടദിനങ്ങളില്‍
മിഴിനീര്‍ ചവര്‍പ്പു പെടാതീ
മധുപാത്രമടിയോളം മോന്തുക
നേര്‍ത്ത നിലാവിന്റെയടിയില്‍ തെളിയുമിരുള്‍ നോക്കു-
കിരുളിന്റെ മറകളിലെ ഓര്‍മ്മകളെടുക്കുക
ഇവിടെ എന്തോര്‍മ്മകളെന്നോ . . .

നിറുകയിലിരുട്ടേന്തി പാറാവ്‌ നില്‍ക്കുമീ
തെരുവ് വിളക്കുകള്‍ക്കപ്പുറം
പതിതമാം ബോധത്തിനപ്പുറം
ഓര്‍മ്മകള്‍ ഒന്നുമില്ലെന്നോ . . .

പല നിറം കാച്ചിയ വളകള്‍ അണിഞ്ഞുമഴിച്ചും
പല മുഖം കൊണ്ട് നാം തമ്മിലെതിരേറ്റും
എന്തും പരസ്പരം മോഹിച്ചും മൂ -
പതിറ്റാണ്ടുകള്‍ നീണ്ടോരീ
അറിയാത്ത വഴികളില്‍ എത്ര കൊഴുത്ത
ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍
ഓര്‍മ്മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോര കാഴ്ചകളായ്
പിറകിലേക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി
പാതിയിലേറെ കടന്നുവല്ലോ വഴി .

ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടി പോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തേക്ക് പാട്ടില്‍
ഏതോ വിജനമാം വഴി വക്കില്‍ നിഴലുകള്‍
നീങ്ങുമൊരു താന്തമാം അന്തിയില്‍
പടവുകളായി കിഴക്കേറെ ഉയര്‍ന്നു പോയ്
കടു നീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍

പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
വിളയുന്ന മേളങ്ങള്‍ ഉറയുന്ന രാവുകളില്‍
എങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ
സഖീ ,എങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ . .
ഒന്നുമില്ലെന്നോ . . . ഒന്നുമില്ലെന്നോ . . .

ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
പാതിരകള്‍ ഇളകാതെ അറിയാതെ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ . . .

ഏതാണ്ടൊരോര്‍മ്മ വരുന്നുവോ
ഓര്‍ത്താലും ഓര്‍ക്കാതിരുന്നാലും
ആതിരയെത്തും കടന്നുപോമീവഴി
നാമീ ജനലിലൂടെതിരേല്‍ക്കും
ഇപ്പഴയോരോര്‍മ്മകള്‍ ഒഴിഞ്ഞ താലം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ മനമിടറാതെ . .

കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം
നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായ്
സൗമ്യരായി എതിരേല്‍ക്കാം
വരിക സഖീ അരികത്തു ചേര്‍ന്നുനില്‍ക്കൂ . . .
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായി നില്‍ക്കാം
ഹാ സഫലമീ യാത്ര
ഹാ സഫലമീ യാത്ര . . . ! ! !

സൂര്യനെ കണ്ടെത്തിയ കുരുടന്‍ /സച്ചിദാനന്ദന്‍


സൂര്യനെങ്ങിനെയിരിയ്ക്കും..?
കുരുടന്‍ ഘോഷയാത്രയിലെ-
മേളക്കാരനോട് ചോദിച്ചു
ചേങ്കില പോലെയിരിയ്ക്കും!
കുരുടന്‍ ചേങ്ങില മുട്ടി നോക്കി
രാത്രിയില്‍ മരണമറിയിയ്ക്കുന്ന
ഓട്ടുമണി മുഴങ്ങിയപ്പോള്‍
അവന്‍ വിചാരിച്ചു..
അതാ സൂര്യന്‍!

സൂര്യന്‍ എങ്ങിനെയിരിയ്ക്കും..?
കുരുടന്‍ എഴുന്നെള്ളിപ്പുകാരനോട് ചോദിച്ചു
തീവെട്ടി പോലെയിരിയ്ക്കും!
കുരുടന്‍ തീവെട്ടി തൊട്ടു നോക്കി
വൈകീട്ട് ആരോ ചൂടുവെള്ളം മുഖത്തൊഴിച്ചപ്പോള്‍
അവന്‍ വിചാരിച്ചു.. ഇതാ സൂര്യന്‍1

സൂര്യന്‍ എങ്ങിനെയിരിക്കും ..?
കുരുടന്‍ പിറ്റേന്ന് മുക്കുവനോട് ചോദിച്ചു!
കടല്‍ പോലെയിരിക്കും !
കുരുടന്‍ കടലിലേയ്ക്ക് നൂന്നിന്നിറങ്ങിപ്പോയി
പവിഴപുറ്റുകള്‍ അവന്റെ കൈപൊള്ളിച്ചു
കടല്‍ കുതിരികള്‍ അവനെ വഹിച്ച് പറന്നു
സമുദ്ര യക്ഷികളുടെ കൊട്ടാരങ്ങളില്‍
അവന്‍ വിരുന്നു പാര്‍ത്തു.
കളകളം ശംഖുകളും വിരിച്ച് മൗനത്തിന്റെ
ജലശയ്യയില്‍ അവസാനമായി കിടക്കുമ്പോള്‍
അവന്‍ വിചാരിച്ചു
ഇപ്പോഴെനിക്ക്  മനസ്സിലായി
സൂര്യന്‍ എന്താണെന്ന്
പക്ഷെ; അവരവരുടെ കണ്ണ മാത്രമുള്ളവര്‍ക്ക്
അതുകാണിച്ചുകൊടുക്കാന്‍ എനിയ്ക്കാവില്ല
മനസ്സിലാകാത്തത് പറഞ്ഞു കൊടുക്കാനാകും
അനുഭവിച്ച് മനസ്സിലായത് എങ്ങിനെ പറഞ്ഞ് കൊടുക്കും?
ഇന്നും സമുദ്ര സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍
ആ കുരുടന്‍ കടലിന്നടിയില്‍ തന്നെ കിടക്കുന്നു..!

രക്ഷ / പവിത്രന്‍ തീക്കുനി




നിങ്ങള്‍ കപ്പല്‍ യാത്ര ചെയ്തിട്ടുണ്ടോ
പുറപ്പെടും മുന്‍പേ പേടിപ്പിക്കുന്നൊരു
പഠിപ്പിക്കലുണ്ടതില്‍,
രക്ഷപ്പെടുന്നതിനെക്കുറിച്ച് .
അശാന്തമായ കടൽ പോലെ
അശാന്തമായൊരു പേടിയും
നമുക്കൊപ്പം യാത്രചെയ്യും .
നമ്മള്‍
കാലിട്ടടിച്ച്‌ കരയുമ്പോള്‍ ,
താരാട്ടുപാടിയും
അമ്പിളി മാമനെ കാണിച്ചും
പണ്ടമ്മ,പഠിപ്പിചിട്ടില്ലേ ,
ദേ പട്ടി വരുന്നേ ...ദേ കുറുക്കന്‍ വരുന്നേ
അണ്ണാച്ചി വരുന്നേ ...
എന്നിട്ടുമെന്തേ ,
അപകടത്തില്‍പ്പെട്ട
ജീവിതത്തില്‍ നിന്ന്
നമ്മള്‍ രക്ഷപ്പെടാതെ പോയത് ...?

ആശ്വാസം / കല്‍പ്പറ്റ നാരായണന്‍

അമ്മ മരിച്ചപ്പോള്‍
ആശ്വാസമായി
ഇനിയെനിക്കത്താഴപ്പഷ്ണി കിടക്കാം
ആരും സ്വൈരം കെടുത്തില്ല
ഇനിയെനിക്ക് ഉണങ്ങിപ്പാറുന്നതുവരെ
തല തുവര്‍ത്തണ്ട
ആരും ഇഴ വിടര്‍ത്തി നോക്കില്ല
ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളി
എന്നെ ഞെട്ടിച്ചുണര്‍ത്തില്ല
ഇനിയെനിക്ക് സന്ധ്യാസമയത്ത് പുറത്തിറങ്ങാന്‍
ടോര്‍ച്ചെടുക്കേണ്ട
വിഷം തീണ്ടി
രോമത്തുളകളിലൂടെ ചോര വാര്‍ന്ന് ചത്ത
അയല്‍ക്കാരനെയോത്ത്
ഉറക്കത്തില്‍ എണീറ്റിരുന്ന മനസ്സ്
ഇന്നലെ ഇല്ലാതായി
ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം
ഞാന്‍ എത്തിയാല്‍ മാത്രം
കെടുന്ന വിളക്കുള്ള വീട്
ഇന്നലെ കെട്ടു
തന്റെ കുറ്റമാണു
ഞാനനുഭവിക്കുന്നതത്രയും
എന്ന ഗര്‍ഭകാലത്തോന്നലില്‍ നിന്ന്
അമ്മ ഇന്നലെ മുക്തയായി
ഒടുവില്‍ അമ്മയെന്നെ
പെറ്റു തീര്‍ന്നു
ഭൂമിയില്‍ ശരീരവേദനകൊണ്ടല്ലാതെ
ദു:ഖം കൊണ്ട്
ഇനിയാരും കരയുകയില്ല

( ഒരു മുടന്തന്റെ സുവിശേഷം )

മദ്ധ്യാഹ്നമെരിയുമ്പോള്‍ /എ.അയ്യപ്പന്‍

കുറച്ചുംകൂടി വെയിലാറട്ടെ വേനല്‍ നാള
വര്‍ഷമൊന്നൊടുങ്ങട്ടെ പോകുവാനെന്തേ ധൃതി.
ഉണക്കച്ചുള്ളികളാണീ വൃക്ഷക്കൊമ്പിന്‍
നിഴല്‍ വിരിക്കും തണലില്‍
ഞാനൊട്ടു നിന്നോട്ടെ
ദാഹം വളരും ചുണ്ടാല്‍ജലം നുകരാനില്ലെങ്കിലും
തരുമോ തണ്ണീര്‍പ്പന്തല്‍ കിനാവിലാണെങ്കിലും
ഇതുപോലെത്ര വൃക്ഷച്ചോട്ടിലെ തണല്‍കൊണ്ടാ-
ലെത്തുവാനൊക്കുമെന്റെ അഭയസ്ഥാനത്തിങ്കല്‍!
അകലെ ജ്വലിക്കുമാ മൃഗതൃഷ്ണയെക്കണ്ടേന്‍
ഇളകിത്രസിച്ചീല അന്നത്തെപ്പോലെന്മനം
മരുപ്പച്ചയായി മാടിവിളിപ്പൂ വെറുംമണല്‍-
പ്പരപ്പില്‍ തിളയ്ക്കുമാ കനല്‍ക്കട്ടതന്‍ ഭൂമി.
എത്രനാളെന്നെ വൃഥാ തളര്‍ത്തിവിഡ്ഢിയാക്കി
ഇന്നും നിന്‍ വഞ്ചനയില്‍ കുടുങ്ങാനറയ്ക്കവേ,
സത്യമെന്നിപ്പോള്‍ തോന്നിപ്പോകുന്നു വഞ്ചനയെ
ഒറ്റ നോട്ടത്തില്‍ക്കണ്ടാല്‍ മിഥ്യയെന്നറിയാതെ.

പ്രണയാർദ്രം / അസ്‌മോ പുത്തൻചിറ


ഒരു ചുംബനം കൊണ്ടെപ്പൊഴോ മറന്നിട്ട
നോവിൽ ചാലിച്ച്‌ കാലമേതുമില്ലാതെ
സമ്മതം വാങ്ങാതെ
കയ്പ്പും മധുരവും കണ്ണീരുപ്പും
കൂട്ടിക്കുഴച്ചമൃതാം ജൈവവർണ്ണ
മൃതസജ്ഞീവനി
മായ്ച്ചു വരയ്ക്കുന്നൂ പ്രണയചിത്രം.

പാരം പ്രഭവിടരുമധരങ്ങൾ
പറയാതടക്കിപ്പറയും
തൻ പരിഭവങ്ങളനവധി
സ്വഛമൊഴുക്കീടിനാൽ നിറം മങ്ങിയ
ചായക്കൂട്ടുകൾ
ആലസ്യം മറന്നൊരുമയോടൊ-
ത്തുചേർന്നൊരുടലായ്‌
പുനർജ്ജനിക്കുന്നു മറ്റൊരു
പ്രണയ ചിത്രം.

തേനായും പാലായും
തേവിനിറച്ച ഹൃത്തടം തന്നിൽ
ചോരാതെ കാത്തുവെച്ച
ഓർമ്മകൾ കെട്ടിപ്പുണർന്ന്
പാരാകെ പരിഭ്രമം ഭയം
വിദ്വേഷം പക പുകയും
യുദ്ധക്കൊതി കണ്ടറിയും
കവിതേ നീ നിറയ്ക്കുക
ചായം പുലരാനൊരു
പ്രണയകാലം.

പഠിത്തം / വി.എം ഗിരിജ


എങ്ങനെ പഠിച്ചു ഞാന്‍ നടക്കാന്‍?വീഴാന്‍? വീണ്ടും
പൊങ്ങി വന്നതുപോലെ കൊച്ചു കാലടി വെക്കാന്‍?
എങ്ങനെ പഠിച്ചു ഞാനുണ്ണുവാന്‍, വിരലിലൂ-
ടൊന്നുമേ കൊഴിയാതെ, വീഴാതെ വായില്‍ ക്കൊള്ളാന്‍?

എങ്ങനെ പഠിച്ചു ഞാന്‍ വായിക്കാന്‍, പൂക്കള്‍ തോറു-
മെന്നപോല്‍ വാക്കില്‍ ചേരുമക്ഷരങ്ങളില്‍, താളില്‍,
കണ്ണു പാറിക്കാന്‍, അകത്തേന്‍ ഒന്നു നുകരുവാന്‍?

എങ്ങനെ പഠിച്ചു ഞാന്‍ കുഞ്ഞുടുപ്പൂരാന്‍? ഇടാന്‍?
എങ്ങനെ കുളിക്കുവാന്‍ പഠിച്ചു? മുടി കോതാന്‍ ?
എങ്ങനെ മനുഷ്യര്‍ തന്‍ വാഴ്വിന്‍റെ ചരിത്രത്തില്‍
വന്നു ഞാന്‍ വിനീതമെന്‍ ചേതന പകയ്ക്കുമ്പോള്‍?

ഒന്നുതാനറിയാം നീ ചിരിമിന്നലാല്‍
എന്നെ ഒന്നു തൊട്ടത്...
നിന്നെ സ്നേഹിക്കാന്‍ പഠിച്ചത്.
നിന്‍റെ കാലുകള്‍ നോവാതിരിക്കാന്‍ പുല്ലായത്
നിന്‍റെ ചുണ്ടിനു മധു തേടി ഞാന്‍ അലഞ്ഞത്!
എന്‍റെ വിത്തുകള്‍ വീണു മുളയ്ക്കുന്നത്
നിന്‍റെ പൂവുകള്‍ നീളേ വിരിയുന്നത്
നിന്‍റെ കണ്ണുകളെ ഞാന്‍ കടലായ്
കരയായി നിന്നു സാന്ത്വനിപ്പിച്ചത്...
സ്നേഹിക്കാന്‍ പഠിച്ചത്!

കുമാരനാശാൻ / പ്രഭാതനക്ഷത്രം


ഉണരുവിൻ വേഗമുണരുവിൻ സ്വര-
ഗുണമേലും ചെറു കിളിക്കിടാങ്ങളേ

ഉണർന്നു നോക്കുവിനുലകിതുൾക്കാമ്പിൽ
മണമേലുമോമൽ മലർ മൊട്ടുകളേ.

അണയ്ക്കുമമ്മമാരുടെ ചിറകു വി -
ട്ടുണർന്നു വണ്ണാത്തിക്കിളികൾ,പാടുവിൻ.

തണുത്ത നീർശയ്യാഞ്ചലം വിട്ടു തല -
ക്ഷണം പൊക്കി തണ്ടാർ നിരകളാടുവിൻ.

അകലുന്നൂ തമ,സ്സടിവാനിൽ വർണ്ണ -
ത്തികവേലും പട്ടുകൊടികൾ പൊങ്ങുന്നു.

സകലലോകബാന്ധവൻ കൃപാകരൻ
പകലിൻ നായകനെഴുന്നെള്ളീടുന്നു.

ഒരു രാജ്യം നിങ്ങൾക്കൊരു ഭാഷ നിങ്ങൾ -
ക്കൊരു ദേവൻ നിങ്ങൾക്കൊരു സമുദായം.

ഒരുമ തേടുവിനെഴുന്നെള്ളത്തിതു
വിരഞ്ഞെതിതിരേൽപ്പിൻ വരിൻ കിടാങ്ങളേ.

ഉരയ്ക്കയല്ലിയിങ്ങനെയുദാരമായ്‌
സ്ഫുരിച്ചു പൊങ്ങുമീ പ്രഭാതനക്ഷത്രം?

കരത്തിൽ വെള്ളിനൂൽക്കതിരിളം ചൂരൽ
ധരിച്ചണഞ്ഞിതു വിളിച്ചോതുകല്ലീ?

വൈലോപ്പിള്ളി ശ്രീധരമേനോന്‍ / തീപ്പെട്ടി


കോരിച്ചൊരിയുന്ന മാരിയാണെങ്കിലും
നേരത്തേ കാലത്തെണീറ്റുപോയി.
കുത്തിയിരിപ്പാണടുപ്പിന്‍മുഖത്തു ഞാന്‍
ഇത്തിരിച്ചായ ചമച്ചെടുപ്പാന്‍

തീരെത്തണുക്കാതെ കീറത്തുണിയില്‍ ഞാന്‍
തീപ്പെട്ടി ഭദ്രമായ്‌ വെച്ചിരുന്നു.
കൊള്ളികളെങ്കിലും കത്തുന്നതി,ല്ലവ
തെല്ലുരയ്ക്കുമ്പോള്‍ മരുന്നു തീരും.
ഒട്ടൊന്നു വല്ലതും നീറിപ്പിടിക്കുകില്‍
തെറ്റെന്നതിന്‍റെ തല തെറിക്കും.
പെട്ടിതന്‍ പള്ളയില്‍പോലും മരുന്നില്ല
തൊട്ടു തേച്ചുള്ളോരു പാട മാത്രം
കുറ്റികള്‍ ചുറ്റുമേ കൂടിക്കിടക്കുന്നു
കെറ്റിലില്‍ വെള്ളം കിനാവു കാണ്മൂ.
കുന്തമായ് ചായ, യടുപ്പു പോലെന്‍ മനം
അന്തരാ ചൂടു കൊതിച്ചു മാഴ്കി.

അപ്പോള്‍ സ്മരിച്ചു ഞാ, നെന്‍ജന്മഭൂ,വണു-
വിസ്ഫോടനത്തില്‍ ജയിച്ച ഘോഷം
പാഴ്പിട്ടിനാലെ മരുന്നു പുരട്ടിയ
തീപ്പെട്ടി കത്തായ്കിലെന്തു ദോഷം?
ആറാമതാമണു ശക്തിയായ്‌ തീര്‍ന്നെന്‍റെ
വീറാര്‍ന്ന നാടുജ്ജ്വലിക്കയല്ലീ!

ഒത്തീല ചായ കുടിക്കുവാനെങ്കിലെന്‍
ഹൃത്തിലെന്തൂഷ്മള ചാരിതാര്‍ത്ഥ്യം.

Monday, October 20, 2014

മകൾ പഠിപ്പിക്കുന്നത്‌ / പകൽകിനാവൻ ( ഷിജു ബഷീർ )



ഏതോ ദേശത്ത് നിന്ന്
ആരൊക്കെയോ ചേര്‍ന്ന്
തുന്നിവെച്ച
കുറെ ചുവന്ന ഹൃദയങ്ങളുണ്ട്
എന്റെ കിടക്കവിരിപ്പില്‍.

വളരെ കൃത്യമായി
അതിലേക്ക് ചൂണ്ടി
മകള്‍ പറയും
ഇതാണ് "ഹൃദയം".

നെഞ്ചിനകത്താണ്,
സ്നേഹം കൊണ്ട്,
പ്രണയം കൊണ്ട്
പിടയുന്നുണ്ട്
എന്നൊക്കെ പലതവണ
പറഞ്ഞു നോക്കി.
കൈ പിടിച്ചു
ചേര്‍ത്ത് വെച്ചു.

കുസൃതിചിരിയാല്‍
പിന്നെയും അവള്‍
വിരിപ്പിലെ ചിത്രത്തില്‍
തന്നെ തൊടും.
വാപ്പി കളവു പറയുകയാണെന്ന്
പിണങ്ങി പിരിയും.

ഹൃദയശൂന്യനായി
പുതപ്പിനുള്ളിലേക്ക്
ചുരുണ്ടുകൂടുമ്പോ
എനിക്കും തോന്നും
അവള്‍ തന്നെയാകും ശരി!

മൈലാഞ്ചിപച്ച / ഹബ്രൂഷ്

അങ്ങിനെ ചില രാത്രികളില്‍

ഉമ്മ വരും
അത്തര് മണക്കുന്ന ഇരുമ്പ് പെട്ടി തുറന്നു
വിശേഷ ദിവസങ്ങളില്‍
ഉടുത്തിരുന്ന മൈലാഞ്ചിപച്ച
സാരിയുടുത്ത് !

‘ നാടോടി നടന്നു മെലിഞ്ഞു പോയല്ലോ ‘
എണ്ണ തേക്കാതെ മുടി ചെമ്പിച്ഛല്ലോ ‘
മൊല്ലാക്ക തന്ന ഏലസ്സ്
അരയില്‍ ഉണ്ടെന്നു ഉറപ്പിക്കും
തലയില്‍ നാവു തൊടുവിച്
തല വിശര്‍ത്തെന്നു അറിയും..

ഉണ്ടാക്കും,
ഒരു ആഴമില്ലാത്ത കുഞ്ഞുകുളം
കുളക്കരയില്‍ ചുറ്റിലും നീണ്ടു പരക്കുന്നത്
കേട്ടുറങ്ങിയ കഥയിലെ
പൂക്കള്‍ നിറഞ്ഞ കുഞ്ഞുനാടുകളായിരിക്കും

കാലിട്ടടിച്ച്ചു
നീന്തിതുടിക്കുമ്പോള്‍
തൊട്ടില്‍ പോലെ, ഉമ്മ-
കുളത്തെ ആട്ടി കൊണ്ടിരിക്കും

പിന്നെ,
അടുപ്പില്ലാതെ തന്നെ , തീ പൂട്ടാതെ തന്നെ
പത്തിരി ചുടാന്‍ തുടങ്ങും ഉമ്മ ,

ചോറ് വെക്കും…
അയല പൊരിക്കും
‘ ദാ ഈ ഉരുള കൂടി ‘
എന്ന് ബിസ്മി ചൊല്ലി തീറ്റിക്കും

മൂക്കിന്‍ തുമ്പത്ത്
ഒരു വിയര്‍പ്പിന്‍ തുള്ളി കാണവേ
കാറ്റില്‍ നിന്നൊരു കൂട്ടങ്ങളെ
മുഖത്തേക്ക് വഴിതിരിച്ചു വിടും
കാറ്റിന്റെ കുഞ്ഞുങ്ങള്‍ക്കൊക്കെയും അന്നേരം
'ആരോറൂട്ട് ' ബിസ്കറ്റ് മണമായിരിക്കും

നിലാവില്‍
കാറ്റൊഴുകുന്ന വിരലുകളാല്‍ തലോടിയുറക്കവേ
കുഞ്ഞുങ്ങളെ മുലയൂട്ടുന്ന നക്ഷത്രക്കൂട്ടുകാരികളോട്
ഒച്ചവേക്കല്ലേ എന്ന് കണ്ണിറുക്കി കാണിക്കും

പൊടുന്നനെ ഉറഞ്ഞ തണുപ്പിലൂടെ
ഒരു മിന്നല്‍ പിണര്‍ !
മൌനത്തോളം എത്താതെപോയ
ഒരു നിലവിളി

വിയര്‍ത്തൊരു ശ്വാസഗതിയില്‍
കണ്ണുകള്‍ അഴിയവേ
അനങ്ങിയനങ്ങി ചെറുതായി
ദൂരേക്ക് മറയുന്ന
അവ്യക്തമായ
ഒരു മൈലാഞ്ചി പച്ച !

അക്ഷരങ്ങള്‍ പോകുന്നിടം /കെ.വി.സക്കീർ ഹുസൈൻ


നാം തൂവിയെറിഞ്ഞ അക്ഷരങ്ങള്‍ 
ശൂന്യതയില്‍ 
നിറഞ്ഞുനിന്ന് 
പരസ്പരം സ്പന്ദിച്ചു 
എന്നെയും ,നിന്നെയും 
മുത്തം വെക്കുന്നു 
നാമറിയാതെ .

ആരോ ചരടയച്ചു 
പറത്തിയ പട്ടം പോലെ 
കയറിയും ഇറങ്ങിയും 
ഒഴുകി നടക്കുന്നു 
മോഹങ്ങള്‍ .

ഉള്‍ദ്രവ്യങ്ങളില്‍ 
നമ്മെ കാത്തിരുന്നു 
നിദ്ര വെടിഞ്ഞതിന്റെ 
കനം തൂങ്ങും 
മുഖവുമായ് കാലം .

ആദ്യാക്ഷരം 
കുത്തിവെക്കുമ്പോള്‍ 
തല മറച്ചിരുന്ന 
നാവില്ലാത്ത ഭാഷ 
പേറുന്നുണ്ടാകും 
നോവ്‌ .

ഒരു നാള്‍ വെളിച്ചത്തിന്‍ 
പുറപ്പാട് കാണാനായി 
ഇടനാഴിയില്‍ 
നോമ്പേറ്റിരിക്കുമ്പോഴുണ്ട് 
മൗനത്തില്‍ പൊതിഞ്ഞ 
ഒരു ഭാഷ 
മണ്ണിലൂടെ 
കടന്നു പോകുന്നു .
-------------------------

ബോണ്‍സായ് / ജംഷി




പന്തലിക്കാനുള്ള ആകാശം
നിങ്ങളുടെ
കയ്യെത്തുന്നിടത്തേക്ക്
പരിമിതപ്പെടുത്തി

വേരുകള്‍ക്ക്
ആഴ്ന്നിറങ്ങാനുള്ള ഭൂമിക
കിടപ്പുമുറിയില്‍
അളന്നു വെച്ച്

അച്ചടക്ക രാഹിത്യത്തിനും
പ്രസരിപ്പിനും
മുറിവുകള്‍ നല്‍കി

ഒരിലയോ
ഒരിതളോ അനക്കാതെ
ഗര്‍ഭം ധരിപ്പിച്ച്

പേറ്റുനോവ്‌ പോലും തരാതെ
വൈകൃതങ്ങള്‍
പൊറ്റ കെട്ടിയ
നിങ്ങളുടെ കണ്ണുകളില്‍
ഒതുക്കി,ഒരുക്കി നിര്‍ത്തുമ്പോള്‍

മുത്തശ്ശിക്കഥയിലെ
നാട്ടുവരമ്പില്‍ നിന്ന്
ഇടവഴിയിലേക്ക് ചായാന്‍ കൊതിച്ച
ചില്ലകള്‍
ഇന്ന് ഒരു കിളിക്കൂട്‌ ചോദിക്കുന്നുണ്ട്,

ഇലകള്‍
ഒരു
ഋതുവും


ആത്മഗതങ്ങൾ / ദേവസേന


നിന്നിലേക്കു നടന്നെത്താന്
എടുത്തതിന്റെ
ഇരട്ടി നേരം വേണ്ടി വരുന്നു
എനിക്കെന്നിലേക്ക് ഓടിയെത്തുവാന്
എന്നിട്ടുമെങ്ങും എത്തുന്നുമില്ല
കണക്കിലെയോരോ വിരോധാഭാസങ്ങള്

വെറുംയാത്രയുടെ സാരമില്ലായ്മയല്ല
മടക്കത്തിന്റെ ഭയാനകതയാണ്
ആരവപ്പെടുന്ന സ്വപ്നങ്ങളെക്കുറിച്ചല്ല
മൌനവൃതത്തിലിരിക്കുന്ന ജീവിതത്തെക്കുറിച്ചാണ്

അനസ്തേഷ്യയില്ലാതെ
പച്ചമുറിവിലേക്ക് കത്തി അമര്ത്തുന്നു സൌഹൃദങ്ങള്
മന്ത്രവാദിയുടെ കയ്യില് പിരിഞ്ഞ് വേര്പെടുന്ന
കോഴിത്തലയാണു പ്രാണന്
കൂടു വിട്ടോടുവാന് കുതിച്ചിട്ടും വിജയിക്കുന്നില്ല

പ്രാണനും പ്രാണനില്ലായ്മയുടെയും ഇടയില്
ശരീരം തൂങ്ങിയാടുന്നു.

സമപാതകളിലല്ല
വൃത്തത്തിനുള്ളിലാണു നമ്മള്
എവിടെ വെച്ചും
പരസ്പരം പിടികൂടാം
മര്ദ്ദിക്കപ്പെടാം,
വേണമെങ്കില് സ്നേഹിക്കപ്പെടാം
എന്നിട്ടും
കണ്ടിട്ടും കാണാത്ത മാതിരി
കേട്ടിട്ടും കേള്ക്കാത്ത മാതിരി

ഉപേക്ഷിക്കപ്പെടുമ്പോള്
ശൂന്യമെങ്കിലും
ഭാരക്കുറവിന്റെ സുഖം.

ഹൃദയ ഞരമ്പുകളെയാണ്
ആസിഡ് ഇറ്റിച്ച് കരിയിക്കുന്നതെങ്കിലും
ഇരിക്കുന്ന കൊമ്പു തന്നെയാണു
മുറിക്കുന്നതെങ്കിലും
അവസാന ഇഴയുമറ്റ് അകലുന്നതിലെ സുഖം

ആരുടെ ആരാണു ഞാനിപ്പോള് ?
ആരുടെയുമാരുമല്ലാതിരിക്കുന്നതിന്റെ സുഖം

ഏതൊക്കെ ഋതുക്കളാണ് ജീവിതത്തിനെന്ന്
തിരിച്ചറിയാന്
പിരിയേണ്ടി വരുന്നുവെന്നത്
പിന്നേയും സുഖം.

സുഖം സുഖമെന്ന് അടിക്കടി ചിരിക്കുന്നെങ്കിലും
‘സ‘ യ്ക്കും ‘ഖ’ യ്ക്കും ‘മ’ യ്ക്കുമിടയിലെ
കരച്ചിലിന്റെ സമാഹാരങ്ങളെ വായിച്ചെടുക്കാന്
ആരു മിനക്കെടുന്നു.

ഓരോ വര്‍ഷവും ഓരോ മരമാണ് / സെറീന


പോയ വര്‍ഷങ്ങള്‍ എണ്ണി നോക്കുമ്പോള്‍
കുറവുണ്ടോ ചില മരങ്ങള്‍?
എവിടെയൊക്കെയോ നിന്ന്
അവ വിളിച്ചു പറയുന്നില്ലേ,
കാറ്റിലൂടെ ഗന്ധമായും,
മണ്ണിലൂടെ തൈ നോട്ടങ്ങളായും
മറവിയില്‍ നിന്ന് പുറത്തെടുക്കാന്‍
ചില അടയാള വാക്യങ്ങള്‍?

ഒന്നില്‍ നിന്ന് അടുത്തതിലേക്ക്
നടന്നു പോയ സ്വന്തം മനുഷ്യരിലേക്ക് മടങ്ങി വരാന്‍
എല്ലാ മരവും ആഗ്രഹിക്കുന്നുണ്ടാകണം.
അതാവണം, നെഞ്ചില്‍
കാറ്റ് കുടുങ്ങിയ മാതിരി
ഓരോ മരവും ഇളകിക്കൊണ്ടേയിരിക്കുന്നത്.

ഓര്‍ത്തു നോക്കൂ,
കാണാതായ മരങ്ങളുടെ മുഖങ്ങള്‍.
ആരെയോ ദഹിപ്പിക്കുവാന്‍ മുറിച്ച ചിലത്,
ഡിസംബറിന്‍റെ പുലര്‍ മഞ്ഞിലെന്ന പോലെ
മറവിയില്‍ മറഞ്ഞു നില്‍പ്പുണ്ടാകും മറ്റൊന്ന്,
കൊടും മിന്നലില്‍ തല വെന്തും
പുഴകള്‍ കര കവിയുമ്പോള്‍ ചുവടറ്റും
മരിച്ചു പോയിട്ടുണ്ടാവാം ചില മരങ്ങള്‍.

കണക്കെടുപ്പിനൊടുവില്‍,
ഏകാന്തതയുടെ വന്‍ ശിഖരത്തില്‍
കയറി നിന്ന് ദൂരേക്ക്‌ കണ്ണയക്കുക
കാണാം,വന്നടുക്കുന്ന കാട്ടുതീപ്പെരുക്കം,
പച്ചയെല്ലാം വെന്തു തീരുന്നതിന്‍ ഗന്ധം.
അറിയാനാകുന്നില്ലേ,
പിറക്കാനിരിക്കുന്ന മരങ്ങള്‍
ദൈവ ഗര്‍ഭത്തിലിരുന്നു
കൊമ്പുകളുരച്ചു തീ കൂട്ടുന്നതിന്‍റെ ചൂട്?

എങ്കില്‍,
എങ്കില്‍ ചെയ്യേണ്ടതിത്രമാത്രം
നഖപ്പാടുകള്‍ കൊണ്ട് ജീവിതം
സ്വന്തം പേരെഴുതിയിട്ട
പ്രീയപ്പെട്ട ആ മരത്തില്‍ നിന്നും
ഒരു പച്ചിലക്കൊമ്പ് മുറിച്ചു വെയ്ക്കുക,
കാണാതായ മരങ്ങള്‍ ഹൃദയത്തില്‍
തടുത്തു നിര്‍ത്തിയ ഒരു മഴ മേഘത്തോട്
പതിയെ പെയ്യാന്‍ പറയുക,
മഴയാവുക.


മാമ്പഴം / വൈലോപ്പിള്ളി


അങ്കണതൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൻ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്
മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
തന്മകന്നമൃതേകാൻ താഴോട്ടു നിപതിച്ച പൊൻപഴം
മുറ്റത്താർക്കും  വേണ്ടാതെ കിടക്കവേ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നുൾ
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നു
മുതിരും കോലാഹല മംഗലധ്വാനത്തോടും
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷാകാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളാപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായേവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
നീരസം ഭാവിച്ചു നീ പോയിതെങ്കിലും
കുഞ്ഞേ നീയിതു നുകർന്നാലേ അമ്മയ്ക്ക് സുഖമാവൂ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ളേഷിച്ചു .


Sunday, October 19, 2014

ഓമനത്തിങ്കള്‍ക്കിടാവോ / ഇരയിമ്മന്‍ തമ്പി


ഓമനത്തിങ്കള്‍ക്കിടാവോ - നല്ല
കോമളത്താമരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ - പരി-
പൂര്‍‍ണ്ണേന്ദു തന്റെ നിലാവോ
പുത്തന്‍ പവിഴക്കൊടിയോ - ചെറു-
തത്തകള്‍ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ - മൃദു-
പഞ്ചമം പാടും കുയിലോ
തുള്ളുമിളമാന്‍ കിടാവോ - ശോഭ
കൊള്ളുന്നൊരന്നക്കൊടിയോ
ഈശ്വരന്‍ തന്ന നിധിയോ - പര-
മേശ്വരിയേന്തും കിളിയോ
പാരിജാതത്തിന്‍ തളിരോ - എന്റെ
ഭാഗ്യദ്രുമത്തിന്‍ ഫലമോ
വാത്സല്യരത്നത്തെ വയ്പാന്‍ - മമ
വാച്ചൊരു കാഞ്ചനച്ചെപ്പോ
ദൃഷ്ടിയ്ക്കു വച്ചോരമൃതോ - കൂരി-
രുട്ടത്തു വച്ച വിളക്കോ
കീര്‍ത്തിലതയ്ക്കുള്ള വിത്തോ - എന്നും
കേടുവരാതുള്ള മുത്തോ
ആര്‍ത്തിതിമിരം കളവാന്‍ - ഉള്ള
മാര്‍ത്താണ്ഡദേവപ്രഭയോ
സൂക്തിയില്‍ കണ്ട പൊരുളോ - അതി-
സൂക്ഷ്മമാം വീണാരവമോ
വമ്പിച്ച സന്തോഷവല്ലി - തന്റെ
കൊമ്പത്തു പൂത്ത പൂവല്ലി
പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ - നാവി-
ന്നിച്ഛ നല്‍കുന്ന നല്‍ക്കല്‍ക്കണ്ടോ
കസ്തൂരി തന്റെ മണമോ -പേർത്തും
സത്തുക്കള്‍ക്കുള്ള ഗുണമോ
പൂമണമേറ്റൊരു കാറ്റോ - ഏറ്റം
പൊന്നില്‍ക്കലര്‍ന്നോരു മാറ്റോ
കാച്ചിക്കുറുക്കിയ പാലോ - നല്ല
ഗന്ധമെഴും പനിനീരോ
നന്മ വിളയും നിലമോ - ബഹു-
ധര്‍മ്മങ്ങള്‍ വാഴും ഗൃഹമോ
ദാഹം കളയും ജലമോ - മാര്‍ഗ്ഗ-
ഖേദം കളയും തണലോ
വാടാത്ത മല്ലികപ്പൂവോ - ഞാനും
തേടിവെച്ചുള്ള ധനമോ
കണ്ണിന്നു നല്ല കണിയോ - മമ
കൈവന്ന ചിന്താമണിയോ
ലാവണ്യപുണ്യനദിയോ - ഉണ്ണി-
ക്കാര്‍വര്‍ണ്ണന്‍ തന്റെ കണിയോ
ലക്ഷ്മീഭഗവതി തന്റെ - തിരു-
നെറ്റിമേലിട്ട കുറിയോ
എന്നുണ്ണിക്കൃഷ്ണന്‍ ജനിച്ചോ - പാരി-
ലിങ്ങനെ വേഷം ധരിച്ചോ
ഈശ്വരൻ തന്റെ കൃപയോ- മുറ്റും
ഭാഗ്യം വരുന്ന വഴിയോ ..

മറിയം കവിതയെഴുതുന്നു / രശ് മി കിട്ടപ്പ



ഇരുട്ടു മുടിയഴിച്ചിട്ട വടക്കേമുറിയില്‍
വഴിതെറ്റിയെത്തിയ വെളിച്ചത്തെ കൂട്ടുപിടിച്ച്
മറിയം കവിതയെഴുതാന്‍ തുടങ്ങുന്നു

“മറിയേ” എന്നാര്‍ക്കുന്ന അമ്മച്ചിയുടെ വിളിയില്‍
കലത്തിലെ കഞ്ഞിവെള്ളം
ഒരു പുഴയാക്കി അവള്‍ കവിതയിലേക്കൊഴുക്കുന്നു

വാഴക്കൂട്ടത്തില്‍ നിന്നും
അപ്പന്റെ ദാഹമുയര്‍ന്ന നിമിഷം
കവിതയില്‍ നിന്നും ചാലുകളാക്കി പുഴയെ ഇറക്കിവിടുന്നു

ഇനിയും പരുന്തു റാഞ്ചിയിട്ടില്ലാത്ത
കോഴിക്കുഞ്ഞുങ്ങളെ ഓടിച്ചു പിടിക്കുന്നു
കവിതയിലെ പൊളിഞ്ഞ കൂട്ടിലടക്കുന്നു

പൊട്ടാത്ത മുട്ടകളെടുത്ത് കവിതയില്‍ അടയിരുത്തുന്നു
പൊട്ടിയതിനെയെല്ലാം
ഉച്ചയൂണിനു പൊരിക്കാന്‍ വെക്കുന്നു

കവിതയിലങ്ങോളമിങ്ങോളം
ഒരു ചൂലുമായി ഓടി നടക്കുന്നു
വിയര്‍ക്കുന്നു, വിശപ്പടക്കുന്നു

ദേഹമനങ്ങാത്ത വെല്ല്യമ്മച്ചിയുടെ ഉടുപ്പുകളെ
നിലാവാക്കി ഉണക്കിയെടുക്കുന്നു
കവിതയിലേക്ക് ശോശന്നപ്പൂക്കള്‍ കുടഞ്ഞിടുന്നു.

അന്തിക്ക്, മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്ന
അപ്പന്റെയും അമ്മച്ചിയുടെയും ഇടയിലേക്ക്
കാറ്റുപറത്തിവിട്ട ഒരു കടലാസുകഷ്ണം പോലെ
മറിയം വന്നുവീഴുന്നു കവിതയായിത്തന്നെ..
ഇരുട്ടു മുടിയഴിച്ചിട്ട വടക്കേമുറിയില്‍
വഴിതെറ്റിയെത്തിയ വെളിച്ചത്തെ കൂട്ടുപിടിച്ച്
മറിയം കവിതയെഴുതാന്‍ തുടങ്ങുന്നു

“മറിയേ” എന്നാര്‍ക്കുന്ന അമ്മച്ചിയുടെ വിളിയില്‍
കലത്തിലെ കഞ്ഞിവെള്ളം
ഒരു പുഴയാക്കി അവള്‍ കവിതയിലേക്കൊഴുക്കുന്നു

വാഴക്കൂട്ടത്തില്‍ നിന്നും
അപ്പന്റെ ദാഹമുയര്‍ന്ന നിമിഷം
കവിതയില്‍ നിന്നും ചാലുകളാക്കി പുഴയെ ഇറക്കിവിടുന്നു

ഇനിയും പരുന്തു റാഞ്ചിയിട്ടില്ലാത്ത
കോഴിക്കുഞ്ഞുങ്ങളെ ഓടിച്ചു പിടിക്കുന്നു
കവിതയിലെ പൊളിഞ്ഞ കൂട്ടിലടക്കുന്നു

പൊട്ടാത്ത മുട്ടകളെടുത്ത് കവിതയില്‍ അടയിരുത്തുന്നു
പൊട്ടിയതിനെയെല്ലാം
ഉച്ചയൂണിനു പൊരിക്കാന്‍ വെക്കുന്നു

കവിതയിലങ്ങോളമിങ്ങോളം
ഒരു ചൂലുമായി ഓടി നടക്കുന്നു
വിയര്‍ക്കുന്നു, വിശപ്പടക്കുന്നു

ദേഹമനങ്ങാത്ത വെല്ല്യമ്മച്ചിയുടെ ഉടുപ്പുകളെ
നിലാവാക്കി ഉണക്കിയെടുക്കുന്നു
കവിതയിലേക്ക് ശോശന്നപ്പൂക്കള്‍ കുടഞ്ഞിടുന്നു.

അന്തിക്ക്, മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്ന
അപ്പന്റെയും അമ്മച്ചിയുടെയും ഇടയിലേക്ക്
കാറ്റുപറത്തിവിട്ട ഒരു കടലാസുകഷ്ണം പോലെ
മറിയം വന്നുവീഴുന്നു കവിതയായിത്തന്നെ..

മഴ /രശ് മി കിട്ടപ്പ


നബീസുവാണ് കണ്ടത്
ഒരുമഴ പാത്തുപതുങ്ങി
സ്കൂൾമുറ്റത്തേക്ക് കയറിവരുന്നത്.
അവളിരിക്കുന്നിടത്തെത്തി നോക്കി
കണക്കുപുസ്തകത്തിലേക്ക് ഒരുതുള്ളി
കളിയായി കുടഞ്ഞിടുന്നത്.

അവൾ മാത്രമാണ് കണ്ടത്
ഹലാക്കുപിടിച്ച ചോദ്യത്തിന്റെ
കണ്ടുപിടിച്ച വഴികളെ മുഴുവൻ
ഒരുതുള്ളി കൊണ്ടു മഴ മായ്ച്ചുകളയുന്നത്
ഉത്തരത്തിന് വഴിയില്ലാതാക്കുന്നത്.

അവൾ മാത്രമാണ് കണ്ടത്
കണക്കുമാസ്റ്ററുടെ ഇരിപ്പുറക്കാത്ത ചൂരൽ
നബീസുവിന്റെ ഉത്തരത്തിലേക്ക്
വഴിതേടിയെത്തും മുൻപ്
തിരിഞ്ഞുനോക്കാതെ തിടുക്കത്തിൽ
മഴ സ്കൂൾമുറ്റം കടന്നുപോകുന്നത്,

മഷിപടർന്ന പുസ്തകത്തിലെ
തെളിയാത്തവഴികൾ തിരഞ്ഞുതിരഞ്ഞ്
പെയ്യാറായ നബീസുവിന്റെ കണ്ണുകളെ
അന്നേരം മതിലിനു പിന്നിൽ മറഞ്ഞുനിന്ന്
ഒച്ചയുണ്ടാക്കാതെ ചിരിച്ച്
മഴമാത്രമാണ് കണ്ടത്
മഴ മാത്രം
 

പ്രവാസം / വിജയലക്ഷ് മി




ഇലകളില്‍ വീണിളകിയാടുന്ന വെയിലിന്റെ
നിറമെനിയ്ക്കിന്നേറേയിഷ്ടം
ഇലകളില്‍ വീണിളകിയാടുന്ന വെയിലിന്റെ
നിറമെനിയ്ക്കിന്നേറേയിഷ്ടം
പ്രിയതമം നിന്‍ മന്ദഹാസം കണക്കയെന്‍
ഹൃദയമെന്‍ തരളമാക്കുന്നു
അതിവിദൂരത്തില്‍ നീ പോയിട്ടും ഇവിടെ
നിന്‍ നിഴലുണ്ടൊളിച്ചു നില്‍ക്കുന്നു
അതിവിദൂരത്തില്‍ നീ പോയിട്ടും ഇവിടെ
നിന്‍ നിഴലുണ്ടൊളിച്ചു നില്‍ക്കുന്നു
തുടവമേല്‍ തൂങ്ങുന്ന പൈതലെ പോലെന്റെ
പുറകെയത് പിച്ച വെയ്ക്കുന്നു
അതുവേണമിതുകൊണ്ട് വരണമെന്നൊക്കെയെന്‍
വഴിമുടക്കിക്കൊണ്ടു നിത്യം
അരുളുന്നതൊക്കെയും ഓര്‍മ്മകള്‍ ശൂന്യമാം
കരവുമായി തിരികെയെത്തുമ്പോള്‍
കരടെന്ന പോല്‍ കൃഷ്ണമണിയിലാമുടക്കിടെ
അരുതാത്തതെന്തോ കുടുങ്ങി
കരടെന്ന പോല്‍ കൃഷ്ണമണിയിലാമുടക്കിടെ
അരുതാത്തതെന്തോ കുടുങ്ങി
വിവശരായ് കഹലിച്ചിരിപ്പതേ
കാല്‍ശാന്തി നിറയുമേ വിരഹമേ സ്വച്ഛം
ശരിയാണതെങ്കിലും മുറിവേറ്റപോല്‍
ചില്ലു തറയുന്നപോല്‍ വിങ്ങിടുമ്പോള്‍
പിടയുന്നതുള്‍ക്കാമ്പില്‍ എന്തുവതാറ്റുവാന്‍
ഉയിരുമീയെത്തണം ചാരെ
ദിശയിരുളും അലയാഴി നടുവിലൊറ്റയ്ക്കാഴ്ന്നു
മറയുന്ന യാനപാത്രം ഞാന്‍
ഭ്രമണപഥമറിയാത്ത ഗ്രഹമന്ദ വിഹഗമേ
നിളയറ്റ നീലവാനത്തില്‍
കരമറ്റു ചരണങ്ങളറ്റു നാവറ്റു ഞാന്‍
കഴിയുമീ ചുടലക്കളത്തില്‍
പ്രിയവചന ഭാവഹാവാഹികള്‍ക്കൊപ്പമെ
ന്നരികില്‍ നീ വരുവതെന്നാവാം
പ്രിയവചന ഭാവഹാവാഹികള്‍ക്കൊപ്പമെ
ന്നരികില്‍ നീ വരുവതെന്നാവാം
അരികില്‍ നീ വരുവതെന്നാവാം...

ചിലത് / സച്ചിദാനന്ദന്‍



ചിലതുണ്ട് സ്നേഹങ്ങള്‍
എത്രതലോടിലും
കുറുകെ വാല്‍ പൊക്കി
പരിഭവിക്കുന്നവ

ചിലതുണ്ട് ഖേദങ്ങള്‍
എത്രകൈമാറിലും
കയറില്‍ തിരിഞ്ഞ് നോക്കിയിട്ട്
അമറുന്നവ

ചിലതുണ്ട് മോഹങ്ങള്‍
ചിറകറുത്തീടിലും
ഉയരം കിനാക്കണ്ട്
തൂവല്‍ കോതുന്നവ

ചിലതുണ്ട് കൂറുകള്‍
പുഴകടത്തീടലും
തിരികെ തുഴഞ്ഞു
വാലാട്ടി വരുന്നവ

ചില പകകള്‍
തുടലിലും കൊമ്പ് കുത്തിയിട്ട്
ഉടല്‍ പൊടിയില്‍
കുളിപ്പിച്ച് ചിന്നം വിളിയ്ക്കുന്നു

ചില പേടികള്‍
പത്തി തല്ലി ചതയ്ക്കിലും
പിളര്‍ന്നാവ് തുള്ളിച്ചിഴഞ്ഞ്
ഒപ്പമെത്തുന്നു

ചിലമൃഗങ്ങള്‍ കറുത്ത്
ഓരിയിട്ടാര്‍ക്കുന്നു
കൊടുക്കാട്ടില്‍
അശമമാം കാമം കണക്കിന്

ചിലവ പുല്‍കാര്‍ന്ന്
വാല്‍ തുള്ളിച്ച് ചാടുന്നു
വെളുവെളുമിനുപ്പാര്‍ന്ന്
വാത്സല്ല്യമെന്നപോല്‍

ചിലവയോ
സീതകാമിച്ചോരുടലുമായ്
ശരമേറ്റപോല്‍ പാഞ്ഞ്
ലജ്ജകണക്കിന്

ഇരകള്‍ക്കുമേല്‍
ചാടിവീഴും വിശപ്പുകള്‍
ഉയരത്തില്‍ വട്ടമിട്ടാര്‍ക്കും
ഉത്കണ്ഠകള്‍

കടലില്‍ വാല്‍ വെട്ടിച്ച്
വാ പിളര്‍ന്ന് ആര്‍ത്തികള്‍
പനീരലചുറ്റി മുരളുന്ന
വിരഹങ്ങള്‍

പലനീറപ്പീലി
നീര്‍ത്താടും മദങ്ങള്‍
പുതുമഴയിലൊന്നായി
പാറി വരുന്ന മമതകള്‍

ചിലതുണ്ട് രൂപങ്ങള്‍
ഞൊടിയില്‍ മാറ്റുന്നവ
ചിലതുണ്ട് ചിലതുണ്ട്
രൂപമില്ലാത്തവ
ചിലതുണ്ട് ചിലതുണ്ട്
രൂപമില്ലാത്തവ

എന്റെ സരസ്വതി / വി.ടി.കുമാരന്‍



ഇടത്തല്ല, വലത്തല്ല
നടുക്കല്ലെന്‍ സരസ്വതി
വെളുത്ത താമരപ്പൂവിലുറക്കമല്ല.

തുടിയ്ക്കുന്ന ജനതതന്‍
കരളിന്റെ കരളിലെ
തുടുത്ത താമരപ്പൂവിലവള്‍ വാഴുന്നു!

പടകുറിച്ചൊരുങ്ങിയ
പതിതര്‍തന്‍ പത്മവ്യൂഹ-
നടുവിലെ കൊടിത്തണ്ടിലവള്‍ പാറുന്നു.

അഴകിന്റെ വീണമീട്ടി
തൊഴിലിന്റെ ഗാനം പാടും
തൊഴിലിന്റെ കൊടിയേന്തിയഴകു പാടും.

വിരിയുന്ന താരുകളില്‍
വിടരുന്ന താരങ്ങളില്‍
വിരഞ്ഞെത്തുമവളുടെ കടാക്ഷഭൃംഗം.

കനകപ്പൂനിറതിങ്കള്‍
നിലാവലയൊഴുക്കുമ്പോള്‍
കടലുപോലവളുടെ കരള്‍ തുടിയ്ക്കും.

നേരിനെ താരാക്കിമാറ്റും
താരിനെ താരകമാക്കും
താരകത്തെയവള്‍ നിത്യ ചാരുതയാക്കും.

ചാരുതയില്‍ വാക്കുചാലി-
ച്ചവള്‍ തീര്‍ത്തൊരുക്കിവെച്ച
ചായമിറ്റു കിട്ടുവാന്‍ ഞാന്‍ തപസ്സുചെയ്‌വൂ...

കടത്തുതോണി / ഇടശ്ശേരി ഗോവിന്ദന്‍ നായര്‍





തിരിച്ചുകെട്ടുക വേലികയറുവോളം
കരിയൊഴുക്കിലിത്തോണി കടത്തുകാരാ!
വരാം, അല്‍പം വെളിച്ചമുണ്ടവശേഷിപ്പൂ
ഭുവനത്തിന്‍വക്കില്‍, അതും തുടച്ചുനക്കി;
ഒരു ജന്മമറിയാത്ത രസത്തോടിപ്പോള്‍
നുണഞ്ഞിരിയ്ക്കയാണന്ത്യനിമിഷാര്
‍ദ്ധം ഞാന്‍.
ഒരുക്കത്തിന്‍ സുദീര്‍ഘമാം തുടരിന്‍ കണ്ണി
വിളക്കട്ടെ പൊടിയിട്ടു കുറച്ചുകൂടി.
സമയമായില്ല മേച്ചില്‍പ്പുറത്തുനിന്നും
തിരിച്ചിടുന്നതേയുള്ളൂ തെളിക്കമൂലം
തിരക്കിട്ടപോക്കില്‍ വേലിത്തളിരും മുള്ളും
വലിച്ചൊന്നായ്‌ ചവയ്ക്കുന്ന ചടച്ചപൈക്കള്‍.
സമയമായില്ലാ നോക്കൂ മണിമുഴങ്ങാ-
വടക്കന്‍വണ്ടിയും കാത്തിട്ടിരിപ്പാണാള്‍ക്കാര്‍.
ചുകന്നകല്ലണിക്കമ്മല്‍ക്കവിളായ്‌ നില്‍ക്കും
കൊടിമരങ്ങളെപ്പറ്റിപ്ഫലിതംചൊല്ലി
സമയമായില്ല നോക്കൂ ചന്തയില്‍പ്പച്ച-
ക്കറിക്കാരന്‍ നിരത്തിയ വിഭവജാലം
എടുത്തുകെട്ടവേ തിക്കിയവസാനിക്കാ-
വിലപേശല്‍ നടത്തുന്ന ഗൃഹേശിമാരെ.

കരിഞ്ചിറകിന്മേല്‍ക്കാലന്‍ കോഴികള്‍കൂകി-
പ്പറന്നെത്തും കടവത്തെ മരത്തില്‍ക്കെട്ടി
ഒരുത്താനശായിക്കെഴും നിശ്വാസംപോലെ
വലിയുന്ന തോണിക്കയര്‍ ഞരങ്ങുന്നില്ല.
വിചിത്രം വ്യക്തിബന്ധത്തിന്‍ തുടുത്തചായം
കഴുകിപ്പോയ്‌ കലുഷമായ്‌ സമൂഹചിത്രം
മനസ്സതു നിരീക്ഷിപ്പൂ വികാരശൂന്യം
മഴപെയ്തൊലിച്ചുനില്‍ക്കും മതിലുപോലെ.
കനലായിരുന്നതൊക്കെക്കരിഞ്ഞുപോയി
പരിചിതമുഖങ്ങള്‍ ഹാ, ഭസിതലിപ്തം
തുടുവെയിലുദിക്കുമ്പോള്‍ കുഴഞ്ഞുതൂങ്ങും
പനിനീര്‍പ്പൂവുകളത്രേ പുതുമുഖങ്ങള്‍.
തനിയ്ക്കിനി രസം തന്നിലൊതുങ്ങലെങ്കില്‍
തനിമതന്‍ പേരാണല്ലോ കറുത്തതോണി.
കടവുമരത്തിന്‍കെട്ടുകയറിലായാള്‍
പിറുപിറുക്കുന്നു, നില്‍ക്കൂ, വരികയായ്‌ ഞാന്‍.
വെറുതെയായിട്ടില്ലെന്റെ ചലനമൊന്നും
വെറുങ്ങലിപ്പെന്തെന്നുഞ്ഞാനറിഞ്ഞിട്ടില്ല.
കുനിഞ്ഞെങ്കിലൊരു പുലാവില പെറുക്കാന്‍
കുടിച്ചിട്ടുണ്ടൊരുകിണ്ണം കൊഴുത്ത കഞ്ഞി.
മുതുകില്‍നിന്നഴിച്ചിടൂ കനത്തഭാണ്ഡം
മുറിവിലാറാതെനില്‍പ്പൂ മുടിഞ്ഞനീറ്റം
മുഴുവനും നീറ്റുന്നവന്‍ കടവില്‍ നില്‍പൂ
കുളംകുഴിക്കുമ്പോഴെന്തു കുറിയകുറ്റി!
എനിയ്ക്കിനിയൊന്നുമില്ല പിരിഞ്ഞുകിട്ടാന്‍
കൊടുക്കാനോ കൊടുത്താലും മുടിയാമൂല്യം
ഒരുതിരി കൊളുത്തിക്കൈമലര്‍ത്തി വാതില്‍
മലര്‍ക്കവേ തുറന്നിട്ടു വരികേ വേണ്ടൂ!.

കവിയെവിടെ / പി കുഞ്ഞിരാമന്‍ നായര്‍





വിണ്ണണിപ്പന്തലില്‍പ്പൂങ്കുലക-
ളെണ്ണമറ്റങ്ങിങ്ങു തൂക്കുമോമല്‍-

ക്കൊച്ചു പറവതന്‍ കൊക്കുതോറും
മത്തിന്റെ പാട്ടു തുളിച്ചു വെച്ചു,

ചുണ്ടു വിടര്‍ത്തുന്ന പൂവിലെല്ലാം
വണ്ടിനു വേണ്ടും മധു നിറച്ചു,

ദന്തങ്ങള്‍ പോയ്ക്കവിളൊട്ടിപ്പോയ
ക്കുന്നിനു യൌവനകാന്തി നല്‍കി,

ഓടിനടന്നു കളിച്ചു മന്നിന്‍
വാടിപുതുക്കും വെയില്‍നാളങ്ങള്‍

പൊന്നിന്‍ കസവുകള്‍ നെയ്തുതള്ളും
മഞ്ഞമുകിലിലോളിഞ്ഞു നിന്നു.

അന്തിവെട്ടത്തൊടൊത്തെത്തി ഞാനു -
മന്നത്തെയോണം നുകര്‍ന്ന നാട്ടില്‍ ,

പോരിന്‍ പഴം കഥ പാട്ടു പാടി
പേരാറലകള്‍ കളിക്കും നാട്ടില്‍ ,

കൈതമലര്‍മണം തേവിനില്‍ക്കും
തൈത്തെന്നല്‍ തോഴനായ്‌വാണനാട്ടില്‍ ,

അന്‍പിന്‍ പൂപ്പുഞ്ചിരിപോറ്റിപ്പോരും
തുമ്പകള്‍ മാടിവിളിക്കും നാട്ടില്‍ ,

പച്ചിലക്കാടിന്‍ കടവു താണ്ടി-
പ്പൈങ്കിളിപ്പാട്ടു വിതയ്ക്കും നാട്ടില്‍ ,

കാവിന്‍നടകളിലാണ്ടുതോറും
വേലപൂരങ്ങള്‍ നടക്കും നാട്ടില്‍

സത്യസംസ്കാരത്തിടമ്പിന്‍ മുമ്പില്‍
വെച്ച കെടാവിളക്കെങ്ങു പോയി?

നാടിന്‍ മുഖത്തെപ്പരിവേഷങ്ങള്‍
ചൂഴുമഴകൊളിയെങ്ങു പോയി?

അംബര നീലിമയല്ല ,കണ്ണില്‍
ബിംബിപ്പൂ ഘോരമാം രക്തദാഹം!
കൈ മെയ്‌ പുണര്‍ന്നു മലരുതിരു-
മാമരത്തോപ്പുകളെങ്ങുപോയി?

പൊന്‍കതിരുണ്ടു പുലര്‍ന്നോരോമല്‍-
പ്പൈങ്കിളിക്കൂടുകളെങ്ങുപോയി?

സല്ലീലമോമനക്കാറ്റുനൂഴും
വല്ലീനികുഞ്ജങ്ങളെങ്ങുപോയി?

കന്നാലിമേയും ഹരിതചിത്ര-
സുന്ദരമൈതാനമെങ്ങുപോയി?

കുന്നിന്‍ചെരുവില്‍ കുഴല്‍വിളിക്കും
കന്നാലിപ്പിള്ളരിന്നെങ്ങുപോയി?

പച്ചപുതച്ചതാമാറ്റുവക്കിന്‍
കൊച്ചുവൃന്ദാവനമെങ്ങുപോയി?

ഏതൊരസുരന്‍റെ നിശ്വാസത്തിന്‍
തീയില്‍ ദഹിച്ചതീ മാമരങ്ങള്‍;

മര്‍ത്ത്യന്റെ ഭാരം ചുമന്നു നിന്നൊ-
രത്താണി മണ്ണില്‍ക്കമിഴ്ന്നു വീണു!

വൈദ്യുതക്കമ്പികളേറ്റി, തന്ത്ര-
വാഹനം മര്‍ദ്ദിച്ച പാതപറ്റി,

ഒന്നിനു പിമ്പൊന്നായ്‌ക്കാളവണ്ടി
ചന്ത കഴിഞ്ഞു തിരിക്കയായി.

മങ്ങീ പകലോളി പോയോരാണ്ടില്‍
ചിങ്ങം കതിരിടും നാളുകളില്‍.

ആലിന്‍ചുവട്ടില്‍, വിളക്കെരിയും-
ചാളയില്‍ പൊന്നോണം പൂത്തുനിന്നു

ചിക്കെന്നെഴുന്നള്ളി തമ്പുരാന-
ന്നിക്കുടില്‍ മുറ്റത്തെപ്പൂക്കളത്തില്‍

മത്ത പയറിന്‍പ്പൂപ്പന്തല്‍ചോട്ടില്‍-
പ്പറ്റിയ ചാളയിന്നെങ്ങുപോയി?

ചോളക്കുലപോല്‍ മുടി നരച്ച
ചെലുററ പാണനിന്നെങ്ങു പോയി ?

മാവേലി മന്നനകമ്പടികള്‍
സേവിച്ചചെവകനെങ്ങുപോയി?

പാണ-നൊരെഴയാം പാണ -നെന്നാ-
ലോണത്തിന്‍ പ്രാണഞരമ്പാണവന്‍!

കോടിനിലാവും കരിനിഴലും
മൂടി വിരിച്ച വഴിയില്‍ കൂടി,

പിന്തുടര്‍ന്നെത്തുമിണപ്പാവ-
യൊത്തു , തുടികൊട്ടി പാതിരാവില്‍

കണ്ണു നിറയെ, ത്തുയിലുണര്‍ത്തി
പൊന്നും കതിരണിപ്പാട്ടു നിര്‍ത്തി

പൂക്കളത്തിന്റെ മണമിളക്കി
പൂത്ത നിലാവില്‍ മധു കലക്കി

പാതിരാമൗനപ്പടി കടന്നു
കേറി പൊന്‍ചിങ്ങപ്പൂങ്കാറ്റുപോലെ,

മര്‍ത്ത്യഹൃദയത്തിന്‍ പാലാഴിയില്‍
നിത്യമനന്തഫണിതല്പത്തില്‍

പള്ളികൊള്ളുന്ന പരം, പൂമാനെ-
പ്പള്ളിയുണര്‍ത്തി വിളക്കുകാട്ടി.

ആനന്ദവൈകുണ്ഠം കാട്ടിത്തന്ന
പാണന്‍റെ ചാളയിന്നെങ്ങുപോയി?

പ്രാണനു ചെറ്റിട മിന്നലൊളി
കാണിക്കും പാണനിന്നെങ്ങുപോയി?

ആലിന്‍റെ കൊമ്പിന്‍ തലപ്പു കാത്ത
രാക്കുയില്‍ കൊച്ചുകൂടെങ്ങു പോയി?

കുഗ്രാമവീഥിതന്നുള്‍പ്പൂവിലെ -
യുള്‍ത്തുടിപ്പിന്‍ കവിയെങ്ങുപോയി?

പട്ടിണിത്തീയിലെരിഞ്ഞെരിഞ്ഞാ
നാട്ടിന്‍പുറത്തിന്‍ കവി മരിച്ചു!

നേരിയോരന്ധകാരത്തില്‍ മൂടി
ദൂരെ, വിളര്‍ത്ത പടിക്കല്‍പ്പാടം

തോടിന്‍കരയിലേക്കൊന്നൊതുങ്ങി,
ആറ്റിന്‍റെ വെണ്മണല്‍ത്തട്ടു മങ്ങി.

തണ്ടലര്‍ വേരറ്റു പായല്‍ മൂടും
കുണ്ടുകുളമായ് ഇരുണ്ടു വാനം.

ഉഷ്ണനീരാവികള്‍ പൂവിടുന്ന
വിഷ്ണുപദത്തില്‍ ശിരസ്സമര്‍ത്തി

മാലേറ്റു, കണ്ണുനീര്‍ വാര്‍ത്തു നിന്നു
നീലമലകള്‍തന്നസ്ഥികൂടം!

ബന്ധനച്ചങ്ങല ചുറ്റുമാറിന്‍
നൊന്ത ഞരക്കങ്ങള്‍ കേള്‍ക്കയായി.

ഓര്‍മയെ വീണ്ടുമുണര്‍ത്തി ദുരാ-
ലോണവില്ലിന്‍റെ തകര്‍ന്ന നാദം !

മുന്നില്‍ കരിപൂശി നില്പുരാവി-
ലഗ്നിയില്‍ വെന്ത ഗൃഹാവശിഷ്ടം

ചാമയും മത്തയും ചോളക്കമ്പും
രാഗിയുമില്ലിപ്പറമ്പിലിപ്പോള്‍,

പാട്ടുവിതച്ചുകതിരുകൊയ്യും
പാണന്‍റെ കൊച്ചുകുടുംബമില്ല!

എന്തിനോ തെല്ലു ഞാന്‍ നിന്നു ഗാന-
ഗന്ധമുടഞ്ഞു തകര്‍ന്ന മണ്ണില്‍,

ആറ്റില്‍ നിന്നീറനാം കാറ്റു വന്നു
കൈതമലരിന്‍ മണം ചുമന്നു,

ബിംബം പുഴക്കിയ കാവിനുള്ളില്‍
പൊന്‍മലനാടിന്‍ നിനവു പേറി

ദാഹവും ക്ഷുത്തും വലയ്ക്ക മൂലം
മോഹിച്ചു വീണു കിടക്കുമെന്നെ

അമ്പില്‍ വിളിച്ചു തുയിലുണര്‍ത്തീ
കമ്പനിയൂതും കുഴല്‍വിളികള്‍.

ഓണത്തിന്‍ നാരായവേരു പോറ്റും
പാണനാര്‍ വാണൊരീപ്പുല്ലുമാടം

ഉള്‍പ്പൂവിന്‍പൂജകളേല്ക്കും തൃക്കാ -
രപ്പന്‍ കുടികൊള്ളും പൊന്നമ്പലം !

മാധവമാസം വെടിഞ്ഞു പോയ
മാകന്ദമശ്രുകണങ്ങള്‍ തൂകി;

"എന്നു തിരിച്ചുവരും നീ , ജീവ-
സ്പന്ദമാമേകാന്തകോകിലമേ!

പ്രേമത്തിന്നദ്വൈതദീപ്തി ചൂടും
മാമല നാടിന്‍റെ പൊന്‍കിനാവേ "

നർമ്മകേളി / അയ്യപ്പപ്പണിക്കർ



തങ്കമെന്നാരേ വിളിക്കുന്നു ഞാനെന്റെ
തങ്കക്കുടത്തിനെയല്ലാതെ?

എല്ലാമെനിക്കെന്നു ചൊല്ലിക്കഴിഞ്ഞ നീ
വല്ലായമയെന്തിനിക്കാട്ടാൻ?
ആരുടെ പേരിന്റെ മന്ത്രമുരുക്കഴി-
ച്ചോരോ നിമിഷവും നീളുന്നു.
ആരുടെ ചുണ്ടിൻ വിതുമ്പലിൽ ജീവിത
ചാരുതയൊക്കെയും കാണുന്നു.
ആരുടെ ശബ്ദം ശ്രവിക്കുവാൻ മാത്രമായ്‌
കാതുകൾ രണ്ടും തുറക്കുന്നു.
ആരുടെ നിർ വ്യാജ വ്യാജോക്തി കൂടിയും
കോരിത്തരിപ്പായി മാറുന്നു.
ആരുടെ നേർത്ത പിണക്കവും വാശിയും
മാരിവിൽപ്പൂവായ്‌ തുടിക്കുന്നു.
ആ മന്ദഹാസവും ആ നർമ്മകേളിയും
ആപാദചൂഡം ഉൾക്കൊള്ളുമ്പോൾ
ചേതനയറ്റു കിടന്നാലുമെന്തെന്റെ
വേദനകൂടി മധുരമല്ലേ.

നഗ്നകവിതകള്‍ / കുരീപ്പുഴ ശ്രീകുമാർ



പദ്യപാരായണം
*
ചെസ്‌റ്റ് നമ്പര്‍
വണ്‍ സീറോവണ്‍
ഓണ്‍ ദ് സ്‌റ്റേജ്‌.
ഫസ്‌റ്റ് സ്റ്റാന്‍ഡേര്‍ഡിലെ
രാഹുല്‍ വര്‍മ
മൈക്കിന്‍റെ മുന്നില്‍ വന്ന്
കരഞ്ഞുപറഞ്ഞു-
കാളീ കാളിമയാര്‍ന്നോളേയെന്‍
കാമം തീര്‍ക്കാനുണരൂ.
*
നാടകമത്സരം
*
ജഡ്‌ജസിന്‍റെ ശ്രദ്ധയ്‌ക്ക്...
ചെസ്റ്റ് നമ്പര്‍
ടൂ സീറോ ടൂ
ഓണ്‍ ദ്‌ സ്റ്റേജ്
സംവിധായകന്‍
ഗോപി മാഷ്‌
ശിഷ്യരോടു പറഞ്ഞു-
ഇടയ്‌ക്കിടയ്‌ക്ക്
സംഭാഷണം
അത്യുച്ചത്തില്‍ പറയണേ
എങ്കിലേ
ജഡ്‌ജസ്‌ ഉണരൂ.
*
ഭരതനാട്യം
*
ചെസ്‌റ്റ് നമ്പര്‍
ത്രീ സീറോ ത്രീ
ഓണ്‍ ദ്‌ സ്‌റ്റേജ്‌
വേഷം കമനീയം
ആകര്‍ഷകം ആഭരണം
തരികിടതോം
കിടതോം കിടതോം
തിത്തരികിടതോം
തരികിടതോം
എ ഗ്രേഡ്‌
നൃത്തക്കാരിക്ക്
പ്രൈസ്‌മണി
പലിശക്കാരന്‌.
*
കവിത രചന
*
വിഷയം ഗംഭീരം
മയിലമ്മ മനസ്സില്‍ വരുമ്പോള്‍.
പത്തുപേര്‍
മയിലിനെക്കുറിച്ചും
നാലുപേര്‍
മയിലിരുന്ന മരത്തിലെ
കുയിലിനെക്കുറിച്ചും എഴുതി.
വിഷയം നല്‍കിയ മാഷ്‌
ഒരു പാവത്തിനെ നോക്കി ചിരിച്ചു
പ്ലാച്ചിമടയിലെ മയിലമ്മ.
*
കഥാപ്രസംഗം
*
അതാ
അങ്ങോട്ടു നോക്കൂ
പാല്‍ക്കുടമേന്തിയ
ഒരു പെണ്‍കുട്ടി.
ഇതാ
ഇങ്ങോട്ടു നോക്കൂ
കാഞ്ഞാവിന്‍ കമ്പുമായി
ഒരു ആട്ടിടയന്‍.
വിധികര്‍ത്താക്കള്‍
തിരിഞ്ഞും പിരിഞ്ഞുേം നോക്കി
ആരെയും കണ്ടില്ല.
അങ്ങനെയാണ്‌
കഥാപ്രസംഗമത്സരത്തില്‍ നിന്ന്
എ ഗ്രേഡ്‌ ഔട്ടായത്‌.
*
മാര്‍ഗംകളി
*
മാര്‍ഗംകളി മത്സരം
ആരംഭിക്കുകയാണ്‌.
സ്റ്റേജിനു മുന്നില്‍
നിലംപറ്റിക്കിടക്കുന്ന
ഫോട്ടോഗ്രാഫര്‍മാര്‍
അവിടെനിന്നും എഴുന്നേറ്റ്
വശങ്ങളിലേക്ക്
മാറി നില്‍ക്കേണ്ടതാണ്‌.

ദി കമ്പനി / ഉമാ രാജീവ്


എൺപതുകൾക്കു മുൻപെപ്പഴോ ആണ് കമ്പനി വന്നത്
കുറുക്കൻ കൂവുമായിരുന്ന
കിഴക്കൻ കുന്നുകളെ
ഇടിച്ചു നിരത്തി ,
പാടവരമ്പിനെ പതിച്ചുനീട്ടി
റോഡും പാലവും വന്നു
മത്തങ്ങ കോലിൽ നാട്ടിയപോലെ
നാലു ടാങ്കുകൾവന്നു
ചുവന്ന നിലാവു വീഴ്ത്തുന്ന
കൂറ്റൻ ടവറുകൾവന്നു
വെളുപ്പിനു ടാങ്കർലോറിക്കടിയിൽ കിടന്നുറങ്ങുന്ന
വൈകുന്നേരം കോഴിയുടേ പപ്പും പൂടയും പറിക്കുന്ന
ഉള്ളിത്തൊലിപൊളിക്കുന്ന
തലേക്കെട്ടുള്ള സർദാർജിമാർ വന്നു
ഞങ്ങൾക്ക് കമ്പനി
ഇരമ്പിയിരമ്പി കേറ്റംകേറുന്ന
എണ്ണവണ്ടികളായിരുന്നു
മഴവെള്ളം കെട്ടിനിന്ന റോഡിൽ
മഞ്ഞയുപ്പുപരൽ പോലെ തൂവിയ
സൾഫർക്കട്ടകളായിരുന്നു
രണ്ടുവാർ ചെരിപ്പൂരി
വളംകടിക്കാതിരിക്കാൻ
വിരലിടകളോരോന്നുമമർത്തിപറ്റിക്കുന്ന
എണ്ണപ്പാടകളായിരുന്നു
കൂരച്ചുപോയ തെങ്ങിൻ കൂമ്പുകളായിരുന്നു
ഏങ്ങിവലിച്ചു ശ്വാസം വലിക്കുന്ന ചെറിയമ്മയായിരുന്നു
കമ്പനിക്കൊപ്പം
കള്ളിമുണ്ടും പുള്ളിബ്ലൗസുമായി
പണിക്കുപോവുന്ന പെണ്ണുങ്ങളുണ്ടായി
"കാന്റിങ്ങി"ൽ നിന്ന് ചോറുണ്ണുന്ന
ആണുങ്ങളുണ്ടായി
പുഴമുറിച്ചുകടന്ന് ഇരുമ്പ്കമ്പി കടത്തുന്ന
കള്ളൻ ബേബിയുണ്ടായി
പണിക്കുകേറ്റാൻ വെള്ളയുടുപ്പും
കക്ഷത്തിൽ ഡയറിയുമായി നടക്കുന്ന ചേട്ടന്മാരുണ്ടായി
കമ്പനിപ്പേരുള്ള കോളനികളുണ്ടായി
കമ്പനിയുസ്കൂളിൽ പഠിക്കുന്ന കുട്ടികളുണ്ടായി
അവർക്കുമാത്രം കയറാവുന്ന ബസ്സുണ്ടായി
തെക്കുമല്ല , വടക്കുമല്ലാത്തൊരു ഭാഷയുണ്ടായി
അങ്ങനെയിരിക്കെയാണ്
ഞങ്ങളെ "കമ്പനിയെടുക്കാൻ തുടങ്ങിയത്"
ചതുപ്പെന്നൊ , കുരുപ്പെന്നോ,
പറമ്പെന്നോ വയലെന്നോ നോക്കാതെ
നീട്ടിയെറിഞ്ഞൊരൊറ്റവിലയിട്ടു
വടക്കോർത്തുകാർ കമ്പനിയെടുത്തപ്പോൾ
പെണ്ണിനെ കെട്ടിച്ചും , ചെക്കനു ഓട്ടോ വാങ്ങിക്കൊടുത്തും
ബാക്കിയുണ്ടായത് കൊണ്ട്
കിഴക്കോട്ട് കിഴക്കോട്ട് പോയി ടെറസ് വീട് വച്ചു
തെക്കോർത്തുകാർ അമ്മയുമച്ഛനും മാത്രമായവർ
പടിഞ്ഞാട്ട് കായൽക്കരയിലെ ഫ്ലാറ്റിലായി
വട്ടത്തിലും നീളത്തിലും അളക്കാൻകഴിയാത്തോരിടം
മുൻസിപ്പാലിറ്റി ശ്മശാനമാക്കി
മൂന്നുകൊല്ലം കൊണ്ടു കമ്പനിയെടുപ്പ് പൂർത്തിയായി
ചിഹ്നം‌മാഞ്ഞുപോയ ചുവരെഴുത്തുകളും
മണിമുട്ടിയാലും കേൾക്കാനാളില്ല്ലാത്ത പള്ളിമേടയും
നിത്യപൂജമുടങ്ങാത്ത ദേശക്കാവും മാത്രം ബാക്കിയായി
മീനച്ചൂടിൽ പൂരം തൊഴാൻ
പലേനിറങ്ങളിൽ വന്നിറങ്ങും പലരും
അരികുകീറലിന്റെ ആകൃതി ചേർത്ത്
ജിഗ്സോപസിൾ പൂർത്തിയാക്കാൻ
ഒറ്റപ്പന്തിയിൽ ചേർന്നിരുന്നു
പ്രസാദയൂട്ടുണ്ണും അവർ
എന്നിട്ടും ചിലരുണ്ട്
എന്റെ നാടേ എന്റെ നാടേ
എന്നുപറഞ്ഞ്
കിഴക്കേപാലത്തിൽ നിന്നു
ചെരിഞ്ഞ് വടക്കോട്ടു നോക്കുന്നവർ
ആഫ്രിക്കൻപായലിന്റെ വയലറ്റ് പൂക്കളെ
മണക്കാനായുന്നവർ
കിഴക്കേപ്പുഴയിലൂടെ
വടക്കേക്കടവിൽ എത്തി
ദേശദേവതയ്ക്കും
വിശുദ്ധമറിയത്തിനുമിടയ്ക്ക്
ശ്മശാനത്തിന്റെ പുകക്കുഴലിലൂടെ
പരന്ന് കമ്പനിയാകുന്നവർ



ഉള്ളി / പ്രിയ രാജേഷ്



കനമില്ലാത്ത
തോടിനുള്ളിലെ
കരയിക്കുന്ന
എരിവായ് ഉള്ളി.
എളുപ്പമെടുക്കാനായ്
അടുക്കളയിലെ
ചുമര്‍റാക്കിലെ
കയ്യെത്താക്കോണില്‍ നിന്നും
താഴേക്കിറക്കിയ
ഉള്ളിപ്പാത്രമിപ്പോള്‍
ഉപ്പിനും , പഞ്ചസാരയ്ക്കുമിടയില്‍ !
കനമില്ലാതെ ,
ചെറുതായി
ഉള്ളി അരിഞ്ഞ്
കരഞ്ഞ്‌, കരഞ്ഞ്‌
കലങ്ങി തീരുന്ന
പകലുകള്‍ .
ഉത്തരം വേണ്ടാത്ത
കണ്ണീരിനു
ഉള്ളിയെന്നോമന-
പ്പേരിട്ടതാരാണ്?
ഊണ്‍മേശമേല്‍
പതിവായ്‌
ചൂടുള്ള ഉള്ളിവട ,
ഉള്ളിത്തീയല്‍ ,
ഉള്ളിസാമ്പാര്‍
ഉള്ളിത്തോരന്‍!
.
അരിഞ്ഞ് കൂട്ടിയ
സങ്കടങ്ങളെ
പുതിയ പേരിട്ട്
വിളമ്പുമ്പോള്‍
അനുസരണയില്ലാത്ത
മനസ്
വെറുതെ പിറുപിറുത്തു
"ഇതെന്‍റെ രക്തമാ -
ണിതെന്‍റെ മാംസമാ -
ണെടുത്തു കൊള്ളുക .".



മുറിവുകൾ /സ് മിത പി കുമാർ

എവിടെയൊക്കെയോ വെച്ചു
ഞാന്‍ അനാഥയാവുനുണ്ട് ...
നിന്റെ വാക്കുകളുടെ
തുടക്കത്തിലോ ഒടുക്കത്തിലോ
നിറയുന്ന ശുന്യതയുടെ തുരുത്തുകളില്‍
ചിതറി പരക്കുന്ന നിന്റെ നോട്ടങ്ങളുടെ
ഘനീഭവിച്ച കോണുകളില്‍
നിന്റെ നിരാസങ്ങളുടെ
അഗാധമായ അരികുകളില്‍
നിന്റെ മൌനങ്ങളുടെ
കൂര്‍ത്ത ശിലാ മുനമ്പുകളില്‍
എവിടെ വെച്ചോക്കെയോ
ഞാന്‍ തീര്‍ത്തും അനാഥയാവുന്നു .
വീണ്ടും വീണ്ടും ...
നിന്നിലേക്കിത്രമേല്‍ ഞാന്‍
ചേര്‍ന്ന് നില്‍ക്കുന്നത്
നീയെന്റെ മുറിവിലേക്കിറ്റിച്ച
പച്ചില ചാറിന്റെ നീറ്റല്‍
ഉള്ളിലുണങ്ങാതെ ഇപോഴും
വിങ്ങുന്നതുകൊണ്ടാണ് .


എഫ് ഐ ആര്‍ /സ് മിത പി കുമാർ



പ്രധാന പാതയില്‍ നിന്നു മാറി
അമ്പലത്തിലേക്കുള്ള വെട്ടിട-
വഴിക്കരികിലെ കുറ്റിക്കാട്ടില്‍
കമിഴ്ന്നാണ് കിടന്നിരുന്നത് ..
യൌവനയുക്തയായൊരു കവിത .

കവര്‍ച്ചാ ശ്രമമോ ,ബാലാല്‍ക്കാരമോ
നടന്നിട്ടിലെന്നു വ്യക്തം .

ആരോ തിരിച്ചു കിടത്തി.....
മാറില്‍ ഉതിര്‍ന്നു വീണ
മുടിച്ചുരുളുകള്‍ക്കിടയില്‍
കുരുങ്ങി കിടപ്പുണ്ട്
വെട്ടിയും ,തിരുത്തിയും
പൂര്‍ത്തിയാക്കാത്ത കുറേ വരികള്‍ .
പാതി തുറന്ന മിഴിത്തടങ്ങളില്‍ -
കണ്ടു കൊതി തീരാത്ത
കാഴ്ച്ചകളുടെ വസന്ത വലയം .
ചുണ്ടില്‍ നിന്നും
അവസാനമുച്ചരിച്ച ഏതോ-
വാക്കിന്റെ മണ്‍ത്തരികളുമായി
അരിച്ചു നീങ്ങുന്ന ഉറുമ്പുകള്‍.


പിന്നീടാണ് കണ്ടെത്തിയത്,
ഹൃദയ ഭാഗത്ത്‌
ആഴ്ന്നിറങ്ങിയ പല്ലിന്റെ പാട് .
രക്തമുറഞ്ഞു നീലിച്ചു തിണര്‍ത്ത് ..

സൂക്ഷ്മ പരിശോധനയില്‍ കിട്ടി.
വലതു കൈയിലെ നഖത്തിനടിയില്‍
നിന്നു പ്രണയത്തിന്റെ-
ഒരു മുടിനാരിഴ .
അതിലപ്പോഴും,
വിറങ്ങലിച്ചു നിന്നിരുന്നു
ഒരു തലോടലിന്റെ
അതിലോലമായ ആനന്ദ നിര്‍വൃതി .

ഏക്‌ താര /സ് മിത പി കുമാർ

  
നീ
കവിതയുടെ കാലിഡോസ്കോപ്പിലൂടെ
കാലത്തെ കാട്ടി തന്നവന്‍
കരളലിവുള്ള കാല്പനികാ.... .
വാക്കിന്റെ വിശുദ്ധവനസ്ഥലികള്‍
താണ്ടി നീ ഇതുവഴിയെത്തുമ്പോള്‍
എനിക്കായി കരുതുമോ ..
മറ്റാരും സ്പര്‍ശിച്ചിട്ടില്ലാത്ത
ഒറ്റവരി മാത്രമുള്ള ഒരു വസന്തകാവ്യം .

നീ
ഭൂമിതന്‍ അടരുകളിലടിഞ്ഞ
ഋതുസന്ത്രാസ്സങ്ങളെ പാടിയലിയിച്ചു
പ്രണയമുണര്‍ത്തുന്നവന്‍ .
രാവിന്‍റെ കൈതട്ടി മറിഞ്ഞു വീണ
നിലാവിന്റെ സ്ഫടിക ചഷകം
കുടിച്ചുവറ്റിച്ചുന്മാദിയായി
പാടുമ്പോള്‍ നെഞ്ചോടു ചേര്‍ക്കുമോ
ആ ഒറ്റതന്ത്രിവീണ പോല്‍ എന്‍ മുഖം ?

വിസ്മൃതിയിലെക്കും ,വിജനതയിലേക്കും
രണ്ടായി പിരിയുന്ന ഈ വഴിയോരത്തു
കാത്തുനില്‍പ്പുണ്ട് വസന്തം പുണരാന്‍
കൊതിക്കുന്ന മൌനങ്ങള്‍ .

വിതച്ചതും ,കൊയ്തതും / സ് മിത പി കുമാർ


ജീവൻ വറ്റിച്ചു കൊണ്ട് വീശുന്ന
ഓരോ മണൽ കാറ്റിലും
പൊതിഞ്ഞു പിടിച്ചു കാക്കുന്ന
പച്ചപ്പുകളുണ്ടുള്ളിൽ ,
കണ്ണിൽ വറ്റാത്ത തണ്ണീർ തടങ്ങളും.

ഉള്ളിലെ പച്ചയെ തൊട്ടു ,
കണ്ണിലെ നനവിനെ തൊട്ടു
പറയട്ടെ .
മരുപ്പച്ച കാട്ടി മോഹിപ്പിക്കരുത്
ജീവിതമേ ..
പ്രണയമേ ....
തീരമേ ...
കടലേ ...
കവിതേ ...

അറം പറ്റാതിരിക്കട്ടെ വാക്കുകൾ

വഴി തെറ്റി പോയവൾ
നാളെ വെയിൽ മൂക്കും മുൻപ്
കരയ്ക്കടിയാതിരിക്കില്ലെന്നു
അടക്കം പറഞ്ഞു കൊണ്ട്
രണ്ടുപേർ എന്റെ വഴിമുറിച്ച്‌
കടന്നു പോവുന്നു .

ചാവുനിലങ്ങൾ /സ് മിത പി കുമാർ


നിന്റെ കണ്ണിലുണ്ടായിരുന്നു
നീ
നീന്തി കയറി വന്ന
ആഴങ്ങളത്രയും .

ഞാനത് കണ്ടു നിൽക്കെ
കടൽ ചുരുങ്ങി ചുരുങ്ങി
ഒരു കണ്ണുനീർ ചാലായി
തൊണ്ടയ്ക്കുള്ളിൽ കുരുങ്ങി മുറുകുന്നു .

നീ പ്രണയമല്ല
പ്രാണവായുവാണെന്ന്
എനിക്കന്നേരം നിന്നോട് പറയണമെന്ന് തോന്നി .

പറയാൻ തുടങ്ങുമ്പോഴേക്കും
അവസാന പകൽ നാളവും
പൊലിഞ്ഞടങ്ങുന്നു .

ഇരുട്ടിൻ തിരകൾ ചത്തടിയുന്ന
കടൽത്തീരം .
എന്നോ അഴുകി തുടങ്ങിയ ഉടലുകളിൽ
നാം
വീണ്ടും ,
ഭൂമിയുടെ ഉറവകൾ തിരഞ്ഞു നടക്കുന്നു .
ചുണ്ടുകളിൽ ,
തൊലിയിൽ ,
ഒട്ടിപ്പിടിക്കുന്ന
ലവണം പുരണ്ടൊരു
കാറ്റിന്റെ രുചി മാത്രം
ബാക്കിയാവുന്നു .

Saturday, October 18, 2014

നേതൃവടിവുകള്‍ /കവിത ബാലകൃഷ്ണൻ


പന്തീരായിരം കുലം
പിന്നിട്ടു കെട്ടോരു മുള
മൂപ്പോട്:
പൂവോടും പൂമരുതോടും തൊഴുതിട്ടും
അന്നോം മാനോം മുട്ടീലോ
കാടോടും പടലോടും താണിട്ടും
മന്ത്രോം മരുന്നും മുട്ടീലോ
തമ്പ്യോടും തമ്പ്രാനോടും കേണിട്ടും
വിത്തും മാളോം മുട്ടീലോ

മുട്ട്യാ മുട്ട്യാ?
നമ്മള്‍ ആഘോഷം മുട്ടിക്കും
സീക്കേ ജാനു
നേതൃവടിവില്‍ സംസാരിക്കും
‘മണ്ണു’ ‘മണ്ണെന്ന ആ പണ്ടാരവിഷയം

നീളം വീതി കൂട്ടിക്കിഴിച്ചാല്‍
മെരുങ്ങാത്തതാണ് കൂട്ടരേ
മണ്ണിന്റേം മന്ത്രത്തിന്റെം ആദ്യന്തം.

അതുകൊണ്ടാവും
ആദിവാസത്തിന്റെ അന്ത്യനീതിയോര്ത്ത്
വിറകൊണ്ട നഗരത്തില്‍
ഒടുവിലൊരു തമ്പ്രാന്
വെഷമെറക്കം.
ഹോ, വെഷമെറക്കം.
എന്നിട്റെന്തരാവാന്‍ മക്കളേ
തമ്പ്രാന്റെ നേതൃവടിവില്‍ത്തന്നെ
ഇന്നലെയൊരു ചോണനുറുമ്പ് കടിച്ചെടെ
അന്തപ്പുരം പച്ചമരുന്ന് തെടുന്നെടെ
നിത്യം മൂന്നു നേരം സോഫാക്കവരു കഴുകാന്‍ മറന്ന
നാല് ഭ്രുത്യരെ
മണ്ണിലേയ്ക്ക് തിരികെപ്പറഞ്ഞയച്ചെടെ...

ദില്ലി തുടുത്തിരിക്കുന്നു. / പ്രസന്ന ആര്യന്‍


വര്ത്തമാനത്തെക്കാള്‍
ഭൂതത്തെ കൊണ്ടാടുന്ന
ജീവിച്ചിരിക്കുന്നവരെക്കാള്‍
മരിച്ചവര്‍ ഓര്‍മ്മിക്കപ്പെടുന്ന
വീഥിയുടെ ഓരോയിരമ്പിലും
ആരുടെയൊക്കെയോ
ശവകുടീരങ്ങളുള്ള
ദില്ലി തുടുത്തിരിക്കുന്നു.
ചോര നിറമുള്ള
പലാശപ്പൂക്കളാല്‍
സുന്ദരിയുടെ
കൊതിപ്പിക്കുന്ന
ചുണ്ടുകള്‍ പോലെ
ചൂഴ്ന്നെടുത്തു വെച്ച
ഹൃദയം പോലെ
അത് ചുട്ടുകരിച്ച
കനാല്‍ പോലെ
പലാശപ്പൂക്കള്‍.
വഴിയോരങ്ങളിലും
ആകാശക്കാഴ്ച്ചകളിലും
ഇവിടെ ചിതറി
മരിച്ചവരുടെ
രക്തം പോലെ
അവരെ കുറിച്ചുള്ള
ഓര്‍മ്മകള്‍ പോലെ
ഇങ്ങനെ ചുകപ്പണിഞ്ഞു
നമ്മളും കിടന്നേക്കാമെന്ന
തിരിച്ചറിവ് പോലെ
ദില്ലി തുടുത്തിരിക്കുന്നു
ചോര നിറമുള്ള
പലാശപ്പൂക്കളാല്‍

മായാതെ../ സച്ചിദാനന്ദൻ


പെൻസിൽ എഴുതുന്നു
റബ്ബർ മായ്ക്കുന്നു

ഞാൻ കടൽതീരത്തിരിക്കുന്നു
സൂര്യൻ മായുന്നു
കാലടികൾ മായുന്നു
പക്ഷികൾ മായുന്നു
പൂവുകൾ മായുന്നു
വിത്തുകൾ അതിജീവിക്കുന്നു

ഞാൻ ഇല്ലെങ്കിലും
നാളെ ഉണ്ടാകും

ഞാൻ നിന്നെ ചുംബിക്കട്ടെ..,
ഒന്നും മായുന്നില്ലെന്ന
ഈ ഉറപ്പിനെ സാക്ഷി നിർത്തി...

ഭൂപടം ഒരു നുണയാണ് .. / ലൂയിസ് പീറ്റർ


ഭൂപടം ഒരു നുണയാണ്
എന്‍റെ കണ്ണുനീര്‍പ്പുഴകളോ
കരളെരിഞ്ഞുതീര്‍ന്ന
കനല്‍വഴികളോ അതിലില്ല
ഉച്ചസൂര്യന്‍ തിന്നുപോയ
എന്‍റെ നിഴലോ
വ്യഥ കടലായിരമ്പിയ
പ്രിയസഖിയോ ഇല്ല
ഭൂമി ഒരു സത്യമായിരിക്കെ
ഭൂപടം മാത്രമെന്താണിങ്ങനെ
നുണയായിപ്പോകുന്നത്?
--------------------------------

ആല്‍ബം / വിഷ്ണു പ്രസാദ്


ഈ ചിത്രം കണ്ടിട്ട്
ചിരി വരുന്നുണ്ടാവാം.
ഒന്‍പതുമാസം ഗര്‍ഭമുള്ള
സക്കീനയുടെ വയറാണിത്.
അന്‍‌വറിന്റെ കാല്
പുറത്തേക്ക് മുഴച്ചു നില്‍ക്കുന്നത് കണ്ടോ?
അവിടെ സൂര്യന്‍ ഉമ്മവെക്കുന്നു.

തിടുക്കമായിരുന്നു അവന്
ഈ ലോകത്തേക്കു വരുവാന്‍.
വയറ്റില്‍ നിന്ന് പുറത്തുവന്നിട്ടും
വികൃതിക്ക് കുറവില്ലായിരുന്നു.

ഇതാണ് അവന്റെ പിറന്ന പടിയുള്ള ചിത്രം
ചുക്കുമണി കാണാതിരിക്കാന്‍
കൈ രണ്ടുകൊണ്ടും മറച്ചുവെച്ച്  നാണിച്ച് ചിരിക്കുന്നു

ഇത് ഞാനും സക്കീനയും അവനും
ഒരുമിച്ചിരിക്കുന്ന ചിത്രം
ഇത് എന്റെ അനുജന്‍ എടുത്തതാണ്.
ഉമ്മയുടെ കൈകളിലിരുന്ന് അവന്‍
ക്യാമറ പിടിച്ചുവാങ്ങാന്‍ നോക്കുകയാണ്.

ഇത് അവന്‍ വാശിപിടിച്ചു കരയുന്ന ചിത്രം
 ഹോ! ചില രാത്രികള്‍
അവന്‍ ഉറങ്ങാന്‍ സമ്മതിക്കില്ല.
വിവാഹവും സന്താനോല്പാദവുമൊന്നും
വേണ്ടായിരുന്നുവെന്ന് തോന്നിപ്പോയിട്ടുണ്ട്.

ഈ ചിത്രത്തില്‍
അവന്‍ കുറുക്ക് കഴിക്കുകയാണ്.
മുഖമാകെ കുറുക്ക് പടര്‍ന്ന
 ഈ ചിത്രം കണ്ടാല്‍
ആരും ചിരിച്ചു പോകും
കുഞ്ഞുങ്ങളുടെ മുഖം
അസുന്ദരമാക്കാന്‍
അഴുക്കിനു പോലും കഴിയില്ല.

ഇത് അവന് നാലു വയസ്സുള്ളപ്പോള്‍
എടുത്ത ചിത്രമാണ്.
കണ്ണടയും തൊപ്പിയുമൊക്കെ വെച്ച്
സക്കീന അവനെ നല്ല പോസാക്കിയിട്ടുണ്ട്.

ഇത് അവന്റെ പിറന്നാളിന്
ഞാനും സക്കീനയും അവന്റെ
രണ്ടു കവിളിലും ഉമ്മവെക്കുന്നതാണ്.
രണ്ടിലകള്‍ക്കിടയില്‍ നിന്ന്
പുലരിയെ ഉറ്റുനോക്കുന്ന  
ഒരു പൂവാണിപ്പോള്‍ അവന്‍.
അവന്റെ സന്തോഷം നോക്കൂ.

ഇത് അവന്റെ സ്കൂളിലെ
കുട്ടികളോടൊപ്പം എടുത്ത ചിത്രം.
മുകളിലത്തെ നിരയില്‍ വലത്തു നിന്ന്
മൂന്നാമത്തേതാണ് അവന്‍.

ഇത് അവനും അവന്റെ അടുത്ത കൂട്ടുകാരും.
ഒഴിവുദിവസം അവന്റെ കൂട്ടുകാര്‍
വീട്ടില്‍ വന്നപ്പോള്‍
എടുത്തതാണ് ഈ ചിത്രം

ഞങ്ങള്‍ ടൂറ് പോയപ്പോള്‍
എടുത്തതാണ് അടുത്ത ചിത്രം
വാഗ്ദാനം പാലിച്ചതിന്
സന്തോഷത്താല്‍ അവനെനിക്ക്
ഉമ്മ നല്‍കുന്നു.

ഈ ക്ലോസപ്പ് ചിത്രം
ആറു വയസ്സുള്ള എന്റെ മകന്‍
വെടിയേറ്റു കിടക്കുന്നത്.
ആ ചുണ്ടുകള്‍ കണ്ടോ?
എന്തോ പറയാന്‍
വെമ്പിയതു പോലെ...

ഇത് പിഞ്ചുകുഞ്ഞുങ്ങളുടെ മൃതശരീരങ്ങള്‍
ചിതറിക്കിടക്കുന്നതിനിടയില്‍
ഇടത്തു നിന്ന് നാലാമത്തേത്
അവന്റെ....

ഇത് അവന്റെ ശരീരത്തില്‍ വീണുകിടന്ന്
അവന്റെ ഉമ്മ കരയുന്നത്.


ഇത് കരഞ്ഞുകൊണ്ട്
അവനെ കൈകളിലേന്തി
ഖബര്‍സ്ഥാനിലേക്ക് പോകുന്ന എന്റെ ചിത്രം.

അടച്ചുവെച്ചേക്കൂ ആല്‍ബം
.
എനിക്കും സക്കീനയ്ക്കുമിടയില്‍
ഒരു പുഞ്ചിരിയുണ്ടായിരുന്നു.
കൊഴിഞ്ഞുപോയ പൂവിനെയോര്‍ത്ത്
പരസ്പരമണയുന്ന രണ്ടിലകള്‍ മാത്രമായി ഞങ്ങള്‍


രണ്ടു രാജ്യങ്ങളുടെയോ 
രണ്ടു വംശങ്ങളുടെയോ
യുദ്ധത്തിന്റേതല്ല
 മനുഷ്യന്‍ മനുഷ്യനോട്
ചെയ്യുന്ന ക്രൂരതയുടെ
ആല്‍ബമാണിത്.

ഇവിടെ
എല്ലാ വീടുകളിലുമുണ്ട്
മരിച്ചുപോയ ഒരു കുഞ്ഞിന്റെ ആല്‍ബം;
നിസ്സഹായമായ ഒരു പുഞ്ചിരിയുടെ പൂന്തോട്ടം.