Saturday, October 11, 2014

അനാര്‍ക്കലി / പ്രദീപ്‌ അഷ്ടമിച്ചിറ

പണ്ടൊരു കല്ലറയ്ക്കുള്ളിലഞ്ചാറിറ്റു
കണ്ണുനീര്‍ത്തുള്ളിയായ് മാഞ്ഞില്ലനാര്‍ക്കലി
ഇന്നുമുണ്ടേകാന്തതയില്‍ അരമന-
വൃന്ദാവനത്തില്‍ അവളിളംതെന്നലായ്.

എല്ലാമുറങ്ങുമ്പോഴായിരിക്കും മൌന-
സംഗീതമേ നീ ഉണരുക ജീവനില്‍.
ഓടം കളിക്കാന്‍ യമുന തന്‍ വെണ്മണല്‍-
ത്തീരത്തു കാത്തു നില്‍ക്കാറുണ്ടിടയ്ക്കിടെ.
അന്തപ്പുരത്തില്‍ നിന്നെത്തും അറിയാതെ
ചെമ്പകച്ചോട്ടില്‍ സലീമിനെ കാണുവാന്‍
അന്നേ വിതുമ്പും മിഴികളില്‍ നോക്കി ഞാന്‍
ചുമ്മാ ചോദിക്കു,"മിതെന്താണനാര്‍ക്കലീ !"
ഉത്തരം മൌനമാണെങ്കിലും ആ മന-
സ്സെപ്പഴേ വായിച്ചറിഞ്ഞു കഴിഞ്ഞു ഞാന്‍.
മുന്തിരിത്തോപ്പില്‍ നിലാവും ആത്മാവിന്‍റെ
സുന്ദരകാവ്യമാം നീയുമൊന്നിക്കുകില്‍
ചെങ്കോലു പോലും നിസ്സാരം,സലീമിന്‍റെ
നെഞ്ചിടിപ്പെന്നും നിനക്കു തന്നെ സഖീ.

No comments:

Post a Comment