Wednesday, October 15, 2014

പരാജയപ്പെട്ട ജീവിതം , നമുക്ക് മുന്നേ താമസമാരംഭിച്ച വീട് / കൃഷ്ണ ദീപക്



പരാജയപ്പെടുമെന്ന് തോന്നിപ്പോയിരുന്ന
ഓര്‍മ്മകളില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്
പുറത്താക്കപ്പെടുമെന്ന് തോന്നിയിട്ടും, വിട്ടുപോകാത്ത
കെട്ടുപിണഞ്ഞുള്ള മുറിവുകളുടെ ഘോഷയാത്രയാണ് ചുറ്റിലും

നഗരം മുഴുവനും തണുത്തുപോയ ഉച്ചകളുടെ പാട്ടില്‍ വിറയ്ക്കുകയാണ്
രാത്രികാലങ്ങളില്‍ മാത്രം ഉറവയെടുക്കുന്ന പാട്ടുകളെ
കടത്തികൊണ്ടുപോകുന്ന ചെമ്പന്‍ മുടിക്കാരനെക്കുറിച്ച്
നീ പറഞ്ഞതോര്‍ക്കുന്നു
അയാള്‍ നടന്നു മറയുമ്പോള്‍
ഓരോ കാല്‍ചുവടിലും ഒളിച്ചിരിക്കുന്ന മുയലുകളെ
അടര്‍ത്തിയെടുക്കണമെന്നും
പക്ഷികളുടെ തൂവലില്‍ കൊരുത്ത ഒപ്പിയം പൂക്കള്‍
മുയലുകളുടെ കഴുത്തില്‍ അണിയിക്കണമെന്നും
നീ പറയാറുണ്ടായിരുന്നു

ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറിയ ചെമ്പന്‍ മുടിക്കാരന്‍
രാത്രികളിലെ പാട്ടുകളെ ഒന്നൊന്നായ് കെട്ടഴിച്ച് വിടുന്നു
ആള്‍ക്കൂട്ടം അട്ടയെപ്പോലെ ചുരുണ്ടുതുടങ്ങുന്നു

കരിഞ്ഞുണങ്ങിയ ഈന്തപ്പഴങ്ങള്‍ നിറച്ച വണ്ടികള്‍
വലിയ ശബ്ദത്തില്‍ നിരത്ത് കടന്നു പോകുന്നു
വിളഞ്ഞു പാകമാകാത്ത പഴങ്ങള്‍ മാത്രം വില്കുന്ന
കടകളാണ് നമ്മുടേതെന്ന്
ഞാന്‍ നിന്നോട് പറയുന്നുണ്ടായിരുന്നു
പൂച്ചകളുടെ മ്യൂസിയം വരച്ചിരുന്ന ബ്രഷ്
ഇന്നലെമുതല്‍ കാണാനില്ലെന്ന് നീയും

ഒറ്റപ്പെട്ടുപോയ തുരുത്തുകളിലേക്ക് തുഴഞ്ഞു കയറുന്ന
ഒച്ചുകളുടെ വീട്ടില്‍ താമസമാരംഭിക്കാമെന്ന്
നീ പറഞ്ഞതുകൊണ്ട് മാത്രം പോകുകയാണ് നമ്മള്‍
അരണ്ട മഞ്ഞ വെളിച്ചമുള്ള തെരുവില്‍
ചെവികള്‍ നീണ്ടുപോയതുകൊണ്ട്
ഉപേക്ഷിക്കപ്പെട്ടിരുന്ന പൂച്ചകള്‍ ഒരുപക്ഷെ
നമുക്ക് മുന്നേ അവിടെ എത്തിയിട്ടുണ്ടാകും

ആള്‍ക്കൂട്ടത്തില്‍നിന്ന് പുറത്ത് കടക്കുമ്പോള്‍
നമുക്കിടയില്‍ പരസ്പരം പറയപ്പെടാത്ത
പരാജയപ്പെട്ടൊരു ജീവിതമുണ്ടെന്ന്
നമ്മള്‍ ഒരിക്കലും തിരിച്ചറിഞ്ഞില്ല
ഒന്നിനെക്കുറിച്ചും പറയാന്‍ ആകാതെ
ഓർമ്മകളെ താങ്ങിപ്പിടിച്ച് നമ്മള്‍ താമസമാരംഭിക്കുന്നു .

No comments:

Post a Comment