Tuesday, October 14, 2014

നിലാവു മറഞ്ഞുകഴിഞ്ഞാല്‍പ്പിന്നെ എവിടെപ്പോകുന്നുവെന്നാണ് / ജയദേവ് നയനാർ

അന്നൊന്നും അതിനൊന്നും പ്രത്യേകിച്ച്
ഒരു വാക്കൊന്നുമുണ്ടായിരുന്നില്ല.
അതങ്ങനെയിടയ്ക്കിടയ്ക്കൊന്നും
ഉപയോഗിക്കേണ്ടിവരുന്നില്ലായിരുന്നത്
കൊണ്ടായിരുന്നിരിക്കും.
ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കുന്നില്ലെന്ന്
വച്ച് ഒരു വാക്കു വേണ്ടേയെന്ന്
പിന്നീട് ആലോചിച്ചിട്ടുണ്ടായിരിക്കും.
ഓരോന്നിനും ഓരോ വാക്ക് എന്നൊരു
നിര്‍ബന്ധം പിടിച്ചായിരിക്കും
ആരെങ്കിലും.
.
ചുരമിറങ്ങിവരികയായിരുന്നു.
ഒരിക്കലും കൃഷി ചെയ്തിട്ടില്ലാത്ത
തോട്ടത്തില്‍ നിന്ന് എന്നെങ്കിലും
കൊയ്തിറക്കിയേക്കാവുന്ന കരിമ്പിന്‍റെ
ലോഡിറക്കിക്കൊണ്ടുവരാന്‍
മറ്റാരുമില്ലായിരുന്നു.
അഞ്ചാമത്തെ കൊടുംവളവില്‍ വച്ച്
( അന്നതിന് ഹെയര്‍പിന്‍ എന്ന വാക്ക്
ആരുമുപയോഗിച്ചിരുന്നില്ല.
ഞാനിടയ്ക്കിടയ്ക്കെന്നാലും
എന്നോടു തന്നെ പറയുമായിരുന്നു).
കരിമ്പിന്‍റെ ലോഡിലേക്ക് ആനയിറങ്ങും
എന്ന ബോര്‍ഡ് വഴിയില്‍ കണ്ടിരുന്നു.
വഴിയില്‍ കാണുന്നതൊന്നും കണ്ണടച്ച്
വിശ്വസിക്കുന്ന കാലമായിരുന്നില്ല.
ആനയിറങ്ങിയാലും വണ്ടിയില്‍ത്തന്നെയാണല്ലോ
എന്നൊരു ധൈര്യവുമുണ്ടായിരുന്നുയ
പതിനെട്ടാം ഷാപ്പില്‍ വച്ച് നാലു കുടത്തിന്‍റെ
പുറത്ത് വണ്ടിയെടുക്കുമ്പോള്‍
വല്ലാത്തൊരു ധൈര്യമല്ല, മറ്റെന്തോ
തോന്നും. ( അതിനുമന്ന് വാക്കില്ലായിരുന്നു).
അഞ്ചാമത്തെയും ആറാമത്തെയും വളവു കഴിഞ്ഞിട്ടും
ആനകളുടെ പൊടിപോലുമില്ലായിരുന്നു.
( അതിനുമന്ന് പ്രത്യേകിച്ചൊരു വാക്കില്ലായിരുന്നു).
എന്നാലും പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍
പതിനെട്ടാം നമ്പര്‍ ഷാപ്പ് മുന്നിലെങ്ങനെ വന്നു
എന്ന് വിചാരിക്കുകയായിരുന്നു.
ഒരു കോടമഞ്ഞു മൊത്തം ലോഡിറക്കിക്കൊണ്ടുവന്നവന്
അന്ന് പ്രത്യേകമായി ഒരു വാക്കിട്ടു വിളിക്കാനില്ലായിരുന്നു.
.
വീണ്ടും ചുരമിറങ്ങിവരികയായിരുന്നു.
ഇതുവരെ കൃഷിയിറക്കാത്ത തോട്ടത്തില്‍
നടാന്‍ കൊണ്ടുപോകുകയായിരുന്നു.
അത്തവണ ഒരു ലോഡ് ഇഞ്ചി.
അതിനടുത്ത തവണ ഒരു ലോഡ് കൂടത്തൈ.
അതിനടുത്ത തവണ ഒരു ലോഡ് തിരുവാതിര.
പിന്നെയുമടുത്ത തവണ ഒരു ലോഡ് ആകാശം.
( എന്നുമെന്നും ലോഡ് കൊണ്ടുപോകുന്നവനെ
വിളിക്കാന്‍ വാക്കൊന്നുമില്ലായിരുന്നു.
ലോര്‍ഡ് എന്നു ആരും കേള്‍ക്കാതെ
വിളിച്ചുനോക്കുമായിരുന്നു).
പതിനെട്ടാമത്തെ കൊടുംവളവില്‍ വച്ച്
വണ്ടി താനെ കൊല്ലിയിലേക്കു പാളുമെന്ന്
ആളുകള്‍ പറയുന്നുണ്ടായിരുന്നു.
വഴിവക്കില്‍ ആളുകള്‍ പറയുന്നതൊന്നും
കണ്ണടച്ചുവിശ്വസിക്കുന്ന പ്രായമായിരുന്നില്ല.
അഞ്ചാമത്തെ വളവില്‍ അവള്‍ക്കൊരു മെഴുകുതിരി
കത്തിച്ചേച്ച് വളയം പിടിക്കുമ്പോള്‍
വല്ലാത്തൊരിതായിരുന്നു.
( അന്നതിനൊന്നും വാക്കില്ലായിരുന്നു).
പതിനെട്ടും പത്തൊമ്പതും വളവുകഴിഞ്ഞിട്ടും
വണ്ടിയൊന്നു പാളുകയാട്ടെ, ഒന്ന് കിതക്കുക കൂടി
ചെയ്തിരുന്നില്ല. നല്ല ഒരിതായിരുന്നു.
( ക്ഷമിക്കണം, അന്നു വാക്കില്ല ).
ഇരുപതാമത്തെ വളവിലാണ് പെട്ടെന്ന്
നിലാവു കൈ കാണിക്കുന്നത്.
ആദ്യത്തെ കവിത നടുന്നത് അന്നാണ്.
.
വാക്കുകളുണ്ടാക്കപ്പെടുകയല്ല
കണ്ടെത്തപ്പെടുകയാണ് എന്ന്
കൃത്യമായി ഒറ്റ ശ്വാസത്തില്‍പ്പറയാന്‍
അന്നു ഒറ്റവാക്കില്ലായിരുന്നു.
വാക്കുകള്‍ മുളച്ചുവരുന്നതിനു മുമ്പത്തെ
കാലത്ത് മരിച്ചുപോയവര്‍ പറഞ്ഞിരുന്ന
ഭാഷയിലാണ് നിലാവിനോട്
കേറിപ്പോര് എന്നു പറഞ്ഞിരുന്നത്.

No comments:

Post a Comment