Tuesday, October 14, 2014

പുഴക്കരയിലെ ഒരു നിഗൂഡ സംഭവം / കിംഗ്‌ ജോണ്‍സ്

പട്ടിണി കൊണ്ട്
മരിച്ചു പോകും
എന്ന ഘട്ടത്തിലാണ്
അയാളുടെ ചൂണ്ടയിൽ
ഒരു മീൻ
ആത്മഹത്യ ചെയ്തത്

പ്രായം കൊണ്ട്
ഒന്ന്
ആഞ്ഞു നീന്താൻ
പോലുമാകാതെ
ഒഴുകുമ്പോഴാണ്
മീൻ
ഒരു മണ്ണിര

താ
ഴേ
ക്ക്

താ
ഴേ
ക്ക്

താ
ഴേ
ക്ക്
വരുന്നതു കണ്ടത്..

മണ്ണിലൂടെ
നീന്തുമ്പോഴാണ്
മണ്ണിര
അപരിചിതമായ കൈകളാൽ
അപഹരിക്കപ്പെടുന്നത്

ശരീരത്തിലൂടെ
തുളച്ചു കയറുന്ന
ലോഹമൂർച്ചയിൽ
വെന്ത്
ര ക്ഷി ക്ക ണേ....!
എന്നലറിയത് കേട്ടാവണം
ഒരുമീൻ വരുന്നുണ്ട്
ഭാഗ്യം !

ആത്മഹത്യ
ചെയ്യാനായി
പുഴക്കരയിലെത്തിയ
കാമുകൻ / കവി / ഭ്രാന്തൻ
അപ്പോഴാണ്‌
പുഴയിൽ
ജീവിതവും മരണവും
ഇണചേരുന്നത് കണ്ട്
പകച്ചു നിൽക്കുന്നത്

വിശന്നുവലഞ്ഞ പുഴ
മീൻ പിടുത്തക്കാരന്
തെന്നി വീഴാൻ
ഒരു പായൽവഴുക്കലും
മുങ്ങിത്താഴാൻ
ഒരു കയവും
ഒരുക്കി
വായും തുറന്നിരിക്കും നേരത്താണ്
ഒരു യുവാവ്
വെള്ളത്തിൽ ചാടുന്നതും
മീൻകാരൻ
അയാളുടെ കൂടെ ചാടുന്നതും
രണ്ടുപേരും
രക്ഷപെടുന്നതും .

അങ്ങനെ
പുഴ ഒഴുകുന്നത്‌
ഏറ്റവും സാവധാനത്തിലുള്ള
മരണമാണ് ജീവിതം
എന്ന് മൊഴിഞ്ഞു കൊണ്ടാണ്.....

പുഴയ്ക്കു പുറത്തും
കാണാമറയത്
പലതരം
പുഴകൾ
ഒളിഞ്ഞ്‌ ഒഴുകുന്നുണ്ട്,
സത്യത്തിൽ
പുഴക്കരയിൽ
അതേ സമയം
ഇനിയും ജീവികൾ ബാക്കിയുണ്ട്

No comments:

Post a Comment