Saturday, October 4, 2014

ചിതലുകൾ / സന്ദീപ്‌ ഉണ്ണികൃഷ്ണൻ



 മരങ്ങൾ മണ്ണിനടിയിൽ
വേരുകൾ കൂട്ടിപ്പിണച്ച്‌
ഉടയാട നെയ്യുന്നത്
നഗ്നയാക്കപ്പെട്ട
ഭൂമിക്കുവേണ്ടിയാണ്.

വരണ്ട് കീറുമ്പോഴും
ആഴങ്ങളിൽ
വേര്
നനവിന്റെ ഒരു തുള്ളി തിരയുന്നത്
മരിക്കും മുമ്പ്
വസുധയുടെ
നാവിലിറ്റിക്കാനാണ്.

അതുകൊണ്ട്
അടിവേരുകളെക്കാൾ ഞങ്ങൾക്കിഷ്ടം
അടിത്തറകളാണ്
അവ
കെട്ടിപ്പിടിക്കുകയോ , കാത്തുവയ്ക്കുകയോ
ചെയ്യുന്നില്ല .
മണ്ണറകൾ തീർത്ത
ഞങ്ങളുടെ വീടുകൾക്ക്
മൂലശിലകൾ ഇളകി
അവ സ്ഥലമൊരുക്കി .
വിള്ളലുകൾ വീണ് ഇഷ്ടികകളും
പഴകിദ്രവിച്ച്‌ കമ്പികളും
ഞങ്ങളുടെ
നഗരനിർമിതിയിൽ
പങ്കാളികളായി
പുസ്തകങ്ങൾ ഭക്ഷണമാക്കിയും
അലമാരകളിൽ പെറ്റുപെരുകിയും
ഓർമ്മകളുടെയും , കരുതിവയ്പിന്റെയും
പുതിയ പാഠങ്ങൾ ഞങ്ങൾ പഠിച്ചു .

നാളെ
നിലം പൊത്തിയ മേൽക്കൂരകളിൽ
പശമണ്ണ് പൊതിഞ്ഞ്
ഒരു സ്മാരകം
നിർമ്മിക്കുന്നുണ്ട് ...

മനുഷ്യ മസ്തിഷ്കങ്ങളിൽ
താമസിക്കാമെന്ന് പഠിപ്പിച്ച
മുതുമുത്തച്ഛനു വേണ്ടി .

No comments:

Post a Comment