മറന്നു വച്ച കുട
ആകുലപ്പെട്ടു
അവന്‍ നനഞ്ഞുവോ
കാണാതെ കരഞ്ഞുവോ
അമ്മ തല്ലിയിരിക്കുമോ
ബെഞ്ചുകളും ഡെസ്ക്കുകളും
സൊറ പറഞ്ഞിരിപ്പാണ്
തറ പറ പന
ബോറ്ഡിപ്പോഴും പകലില്‍
രാത്രി വന്നു
കുടക്കു കരച്ചില്‍ വന്നു
മഴ മഴ
കുട കുടയെന്ന്
പുറത്ത് മഴ
“എന്റെ പുന്നാരക്കുട”
അവന്റെ ശബ്ദം
മഴക്കു മേലെ പെയ്യുന്നത്
കുട മാത്രം കേട്ടു
കരഞ്ഞുറങ്ങിയ നേരം
ഹെഡ്മാസ്റ്ററുടെ മുറി
സ്വപ്നത്തില്‍ വന്നു
ചോദ്യപേപ്പറുകള്‍ ചൂരലുകള്‍
ഭൂപടങ്ങള്‍ ഗ്ലോബ് അസ്ഥികൂടം
ചോക്കുപൊടി
തടിച്ചിമാരായ ടീച്ചര്‍മാര്‍
വളികളും വളിപ്പുകളും
ഞെട്ടിയുണര്‍ന്നു
വെളുത്തിട്ടില്ല
ഇരുട്ടില്‍ തുന്നലാലെഴുതിയ
അവന്റെ പേരു മാത്രം
എന്നാലും മറന്നല്ലോ
മറ്റ് കുടകള്‍ വന്നു
അപ്പുറത്തും
ഇപ്പുറത്തുമായിരുന്നു
മഴ കൊണ്ടില്ലേയിന്നലെ
വീട്ടില്‍ പോയില്ലേ
അവന്‍ തന്നെ
മറന്നുവെന്ന്
പറയുന്നതെങ്ങനെ
അതാ അവന്‍
കുട കണ്ണടച്ചു
ഓടി വരട്ടെ നൂറുമ്മ തരട്ടെ
ബെല്ലടിച്ചിട്ടും വന്നില്ല
കണ്ണു തുറന്നപ്പോള്‍ കണ്ടു
അവന്റെ പുതിയ പുന്നാരക്കുടയെ
നിലത്ത് വെച്ചിട്ടില്ല
No comments:
Post a Comment