Saturday, October 11, 2014

ആരെഴുതും കുന്നിന്‍പുറങ്ങളുടെ യാത്രാവിവരണം? / ലതീഷ് മോഹൻ


ചലിക്കുന്ന തീവണ്ടി
ഓടുന്ന നഗരങ്ങളുടെ നിഴല്‍വീണ
കണ്ണാടി

ഉള്ളിലിരുന്ന്‌ താഴേക്ക്‌ നോക്കുമ്പോള്‍
ഓടിപ്പോകുന്ന നിഴലിനൊപ്പം
സ്വയം കണ്ടു കണ്ട്‌
ഭയന്ന ജീവന്റെ പലായനം

വിദൂരതയില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന മരങ്ങളെ
കൂടുതല്‍ തണലിനായി
നിര്‍ബന്ധിക്കുന്ന ആട്ടിന്‍പറ്റങ്ങള്‍,
ചലിക്കുന്ന തീവണ്ടി

മഞ്ഞുവീണ മലകളിലേക്ക്‌
പൂത്തുലഞ്ഞ വഴികള്‍
വേച്ചുവേച്ച്‌ കയറിപ്പോകുമ്പോള്‍
തീവണ്ടിയോടൊപ്പം ഓടുന്ന നഗരങ്ങളും
അല്‍പനേരം വീണുകിടക്കുന്നു
പരസ്പരം വീണുകിടക്കുന്ന നിഴലുകള്‍
തീവണ്ടിയും നഗരവും, അപ്പോള്‍

ആരെഴുതുന്നു ആരുടെ യാത്രാവിവരണമെന്ന്‌
നിശബ്ദമായ തര്‍ക്കം.

സംഘകാലത്തിനും
റോക്ക്‌ ആന്‍ഡ്‌ റോളിനുമിടയില്‍
വഴിയറിയാതെ പകച്ചു നില്‍ക്കുന്നു
ഓടിയോടി തളര്‍ന്ന ദൂരങ്ങള്‍

മലകയറിപ്പോകുന്ന വഴികള്‍
തോളിലെ ഭാണ്ഡത്തില്‍ നിന്ന്‌
ചെമ്മരിയാടുകളെ പുറത്തെടുത്ത്‌
വിതറുന്നു, കൊന്നു പുതയ്ക്കുന്നു
അത്രയധികം മരണങ്ങളില്‍
മഞ്ഞുകാലത്തിന്റെ കുറ്റബോധം
തീവണ്ടി നോക്കിക്കിടക്കുന്നു
ദൂരെ നിന്ന്‌ നോക്കുമ്പോള്‍
അപ്പോള്‍ പൂത്ത നിലയില്‍
ചെമ്മരിയാടുകളുടെ ഉദ്യാനം,
കുന്നിന്‍പുറം

നിരോധിക്കപ്പെട്ട ചെടികള്‍
മുകളിലും താഴെയും
ഒളിച്ചും പാത്തും വളരുന്നുണ്ട്‌,
പൊട്ടിയ കണ്ണാടി ചിത്രസംയോജനം ചെയ്ത
അസംബന്ധതയുടെ കുന്നിന്‍പുറങ്ങളില്‍

എല്ലാവരും തിരിച്ചെത്തുകയോ
ഒരുപ്പോക്ക്‌ പോവുകയോ ചെയ്യുമ്പോള്‍
ഉള്ളില്‍ നിന്നിറങ്ങി
കുന്നിന്‍ മുകളിലും കടലിറക്കങ്ങളിലും
പൂത്തുലഞ്ഞ പച്ച
എന്റെയുള്ളിലെ താഴ്വരകളാണെന്ന്
എന്റെ ഉള്ളിലൂടെയാണ്‌
മഞ്ഞുകാലത്തിന്റെ
നിഴല്‍പരാതികള്‍ തിരക്കി
തീവണ്ടികള്‍ കുന്നുകയറുന്നതെന്ന്‌
പറയാന്‍ കാത്തിരിക്കുന്നു
നിരോധിക്കപ്പെട്ട ഒരു മനുഷ്യന്‍

അയാളുടെ ഉള്ളിലാണ്‌
നമ്മളെല്ലാവരും ഇപ്പോള്‍

അവധിക്കാല കാഴ്ചകള്‍ക്കായി
ആത്മഹത്യാ മുനമ്പുകളില്‍ നിന്ന്‌
നമ്മളേന്തിവലിഞ്ഞ്‌ നോക്കുന്നത്‌
അയാളില്‍ നിന്ന്‌ പുറത്തേക്കാണ്‌

അതുവരെ കാണാത്ത പൂവിനെക്കാണുമ്പോള്‍
നമ്മളില്‍ പൂക്കൂന്ന
സന്തോഷത്തിന്റെ കാടുകള്‍
അയാളെയറിയില്ല,
അയാളിലൂടെയാണ്‌ ചെടികള്‍
പൂവിടലിന്റെ ഋതുവിനെ
വരച്ചുചേര്‍ക്കുന്നതെങ്കിലും

അയാളുണ്ടാക്കിയ മാറ്റം വിവരിക്കുക എളുപ്പമല്ല,
രണ്ടു കയ്യ്‌ രണ്ടു കാല്‌
രണ്ടു കണ്ണ്‌ ഒരു മൂക്ക്‌
എന്നിങ്ങനെ മനുഷ്യനെക്കുറിച്ചുള്ള
അറിവുകള്‍വെച്ചാണ്‌
നമ്മള്‍ പരതുന്നത്‌ എന്നിരിക്കെ
ഒരിക്കലും

അകന്നകന്നു പോകുന്ന തീവണ്ടികള്‍ക്കു
പിന്നിലേക്ക്‌
ചെറുതായി ചെറുതായി
ഇല്ലാതാകുന്ന ഏതവധാനതയാണ്‌
അയാളുടെ ചിത്രകാരന്‍?

1 comment:

  1. ലതീഷ് മോഹൻ
    എഴുത്തിന്റെ അതിശയം


    "മലകയറിപ്പോകുന്ന വഴികള്‍
    തോളിലെ ഭാണ്ഡത്തില്‍ നിന്ന്‌
    ചെമ്മരിയാടുകളെ പുറത്തെടുത്ത്‌
    വിതറുന്നു"

    ReplyDelete