ഇരട്ട വരകളിൽ നിന്ന്
ഒറ്റ വരകളിലേക്കിറങ്ങി
അരേഖീയ ഭൂപടങ്ങളിൽ
അക്ഷരവേട്ട നടത്തവേയാണു
മഷി പടർന്നതും
വാക്കുകൾ തടവിലായതും.
അവൻ അവളെ
തിരുത്തിയെഴുതിക്കൊണ്ടേയിരുന്നു.
മഷിയൊഴുക്കിൽ പിടഞ്ഞു മരിച്ച അക്ഷരങ്ങൾ
സ്വാതന്ത്ര്യത്തെ തന്ത്രവും
പ്രണയത്തെ പണയവുമാക്കി.
നോട്ടങ്ങളുടെയളന്നെടുക്കലിൽ
തിരസ്കാരത്തിന്റെ പ്ലൂട്ടോ പതനങ്ങളിൽ അവൾ.
അവന്റെ വളർത്തുതത്ത
പഠിച്ചത് പാടിക്കൊണ്ടേയിരുന്നു.
അകത്തേക്കു മാത്രം തുറക്കുന്ന വാതിൽ
അടിമപ്പെടുത്തിയ രാവുകളിൽ
പാറ്റനോട്ടങ്ങളുടെ
കൂറമണങ്ങളിലുറഞ്ഞ്
എട്ടുകാലിവലകളിലെ
ഇരയുടെ അന്ത്യചലനമറിഞ്ഞ്
ഉടലറിവുകളിൽ ഉയിർ കൊടുത്ത്
ആക്രമിക്കപ്പെടാനൊരു ഭൂമിക.
ഇന്ന് ഏത് ഇസങ്ങളുടെ നടവരമ്പിലാണു
അവളുടെ സ്വപ്നങ്ങൾക്ക് വേരിറങ്ങുക?
No comments:
Post a Comment