Tuesday, October 7, 2014

പ്രണയഭേദങ്ങള്‍ / ലോപ മനോജ്‌



തരുണം


കടലിന്നാഴം പോലും കണ്ണിനാലളന്നെടു-
ത്തുറയും മഞ്ഞിന്‍ ചൂടു പാതകള്‍ കടക്കുമ്പോള്‍
ചിറകുള്ളോരു വെള്ളക്കുതിര ചിനച്ചും കൊ-
ണ്ടെവിടോ നമ്മേയേറ്റിപ്പറക്കാന്‍ തുടങ്ങുമ്പോള്‍
കാമുക; നീയോ രജപുത്രനാം ധീരന്‍ ഞാനോ
നൂപുരമിട്ടോള്‍ പ്രാണന്‍ നിനക്കായ് പകുക്കുന്നോള്‍
പുഴുക്കള്‍ പുളയ്ക്കുന്ന ചെളി വെള്ളം പോല്‍ താഴെ
ഭൂമിയെത്രയോ താഴെ.ആരറിയുന്നൂ നമ്മെ ?
ഇരുളിന്‍ കരിങ്കോട്ട യൊക്കെയും മിഴിമിന്നല്‍-
പ്പിണര്‍ത്തുമ്പിനാല്‍ത്തകര്‍ത്തജയ്യം മുന്നേറുമ്പോള്‍
പിറകില്‍ നിന്നെ പ്പുണര്‍ന്നിരിക്കും കിതപ്പിന്‍റെ-
യല മാത്രമല്ലി ഞാന്‍ ? വേഗതയല്ലി കാലം

സായന്തനം

ആയിരം നീരാളിക്കൈ നീട്ടിയാഴത്തില്‍ നിന്നു
വിളിക്കും മരണത്തിന്‍ കടലിന്‍ മണപ്പുറം
അവിടുണ്ടോറ്റത്തോണി തുഴയും നീയും ഞാനും
പതുക്കെ നാമീ വഞ്ചി നീറ്റിലേ ക്കിറക്കുമ്പോള്‍
നായക; നീയോ കാലമുലയില്‍ പഴുപ്പിച്ചോന്‍
കാമിനി ഞാനോ പ്രാണന്‍ മുഴുവന്‍ ചിതല്‍ തിന്നോള്‍
ഇരുളാഴങ്ങള്‍ .മഞ്ഞു മലകള്‍ തിമിംഗല-
പ്പകകള്‍ ജലരാജ പുരി തന്നന്തപ്പുരം
ഏതില്‍ നാം പതിച്ചാലുമൊരുമിച്ചല്ലോ ശാന്ത-
ശാന്തമായ് മധുരവും ചവര്‍പ്പും നുണയും നാം
വലയില്‍ കുടുങ്ങുവതസ്ഥികൂടമെന്നാലു-
മതിന്നു മുയിര്‍ നല്‍കും സാധകരല്ലോ നമ്മള്‍
അങ്ങനെ തുഴഞ്ഞു നാമലയും കാറ്റിന്‍ സ്പന്ദം
ഹൃദയം മിടിക്കുമീ നാദമാത്രയില്‍പ്പോലും

അഭേദം

ചിരിയുടെയിര-
യതിനറ്റത്തൊറ്റക്കാലിന്‍
തപസ്സാം കൊറ്റി ച്ചൂണ്ട..
ചെകിളയിളക്കി മിനുങ്ങും മീനുടലുലയും
മോഹന നൃത്തം.
പ്രണയം കൊത്തിയൊരിരയെ
വലിച്ചു കരേറ്റും
കാമന തീവ്രം; ജാഗ്രത സൂക്ഷ്മം
കത്തി കയറ്റി വരഞ്ഞു മസാലകള്‍
ചേര്‍ത്തു വിളമ്പും പാരണ പൂര്‍ണ്ണം
ചുറ്റും മൊബൈല്‍ ക്യാമറകള്‍ ആര്‍ത്തിയൊഴിച്ചു വിളമ്പിടു-
മൂണിന്‍ വാര്‍ത്ത പരാതികള്‍, പഴികള്‍
വീണ്ടും നീറും നൂറു വിചാരണ,
പത്രം ,ചാനലിനാശകള്‍ അഭ്യൂഹങ്ങള്‍
അവിടൊരു ചൂണ്ടയിലറ്റ-ത്തിരയായ്
തൂങ്ങും മീനുടലാകും പ്രണയം..

No comments:

Post a Comment